നീല ടാർപ്പക്കടിയിൽ വെള്ളയിൽ പൊതിഞ്ഞ തന്റെ ശരീരം കണ്ടവൾ നേർമയായി ഒന്ന് പുഞ്ചിരിച്ചു.
കട്ടിലിൽ കിടത്തിയ തന്റെ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്ന അമ്മയേയും സഹോദരിയേയും ഒന്ന്നോക്കിക്കൊണ്ടവൾ ദീർഘമായൊന്ന് ശ്വാസം എടുത്തുവിട്ടുകൊണ്ട് ചുറ്റിലും നോക്കി ….
ചുറ്റിലും ഒരുപാട് പേരുണ്ട് കണ്ടാൽപോലും തന്നെ ഒന്ന് നോക്കുകയോ ചിരിക്കുകയോ ചെയ്യാത്ത പലരും ഇന്ന് തന്നെ നോക്കി കണ്ണ് തുടക്കുന്നത് കണ്ട് പുച്ഛത്തോടെ ചുറ്റും നോക്കി.
അതിലൊന്നും താൻ ഉദ്ദേശിച്ച ആൾ ഇല്ലെന്ന് കണ്ടവൾപതിയെ മുന്നോട്ട് നടന്നു. അല്ല ഒഴുകിനീങ്ങി എന്ന് പറയുന്നതാവും ശരി.
എല്ലാവരിൽ നിന്നും മാറി ഒരു ഫൈബർ കസേരയിൽ എല്ലാം തകർന്നത് പോലെ മരവിച്ചിരിക്കുന്ന അച്ഛനെ കണ്ടവളുടെ കണ്ണുകൾ ഒന്നു നിറഞ്ഞു.
എങ്കിലും പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചുമലിൽ പതിയേ കൈവച്ചു.
കുഞ്ഞിലേമുതൽ കടകളിലും ഉത്സവപറമ്പുകളിലും കൊണ്ടുപോകുമ്പോൾ സുരക്ഷിതമായി ചേർത്തുനിർത്തിയ ആ തഴമ്പിച്ച കൈകളിൽ എന്നും താൻ സുരക്ഷിതയായിരുന്നു.
പക്ഷേ ആ സുരക്ഷിതത്വം അനുഭവിച്ചു അതികകാലം ജീവിക്കാൻ തനിക്ക് ഭാഗ്യം ഇല്ലാതെ പോയി.
“ഡീ… അനഘേ…… ”
പെട്ടന്നുള്ള അലർച്ച കേട്ടവൾ ഞെട്ടലോടെ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു.
താനിപ്പഴും തന്റെ റൂമിൽ തന്നെ ആണെന്നും തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും കണ്ടവൾ ആശ്വാസത്തോടെവിയർപ്പ് പൊടിഞ്ഞ മുഖം അമർത്തി തുടച്ചു.
“അമ്മാ……”
“അവിടെ കെടന്ന് അലറിവിളിക്കാതെ പോയി പല്ല് തേച് വല്ലോം കഴിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക് കൊച്ചേ….”
“ഞാനിന്ന് പോണില്ല….അമ്മാ…ഭയങ്കര വയറ് വേദന…”
“ഹാ… കാണും ഇന്ന് നിനക്ക് ക്ലാസ്ടെസ്റ്റ് ഉണ്ടെന്ന് ടീച്ചർ ഇന്നലെയെ എന്നെ വിളിച്ച്പറഞ്ഞായിരുന്നു….
അത്കൊണ്ടിനി മോള് ഇല്ലാത്ത വയറുവേദന ഉണ്ടാക്കാൻ നിൽക്കണ്ട.”
ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ടവൾ അമ്മയേനോക്കി ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ഡ്രെസ്സുമായി പുറത്തേ കുളിമുറിയിലേക്ക് നടന്നു.
തണുത്ത വെള്ളം ദേഹത്തു വീണതും എരിവ് വലിച്ചുകൊണ്ട് ദേഹത്ത് ആകമാനം ഒന്ന് നോക്കി തുടയിലും ഇടുപ്പിലും മാറിലും ഉള്ള ചുവന്ന പാടുകളും നഖത്തിന്റെ പാടുകളും കണ്ടവൾ നിറഞ്ഞ കണ്ണുകൾ അമർത്തിതുടച്ചു.
സ്കൂൾ യൂണിഫോം ധരിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്ന അവളേ കണ്ട അമ്മ ഒന്നും പറയാതെ പെട്ടന്ന് തന്നെ ചായയും ദോശയും സാമ്പാറും ടേബിളിൽ എടുത്തുവച്ചു.
“പറയാൻ പറ്റില്ല ചിലപ്പോ ചായ കിട്ടിയില്ലെന്നു പറഞ്ഞുകൊണ്ട് ലീവെടുക്കുന്ന മുതലാണ്.”
എന്ന് പിറു പിറുപിറുത്തുകൊണ്ടവർ അവളേ രൂക്ഷമായൊന്നു നോക്കി.
“അമ്മാ ഞാനിന്ന് പോണില്ല അമ്മാ…”
“ദേ… അനു നിന്ന് താളം ചവിട്ടാതെ കഴിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക്.
ഇല്ലെങ്കിൽ നീയെന്റെ കയ്യിന്ന് വാങ്ങിക്കുവേ….
ഹോ… കഴിഞ്ഞഒരു മൂന്നുമാസം വരേ എന്തൊരു ഉത്സാഹമായിരുന്നുനിനക്ക് സ്കൂളിൽ പോകാൻ.
നന്നായി പഠിക്കുകയും ചെയ്യുമായിരുന്നു പക്ഷേ ഇപ്പോ നിന്നെപ്പോലെ സ്കൂളിൽ പോകാൻ മടിയുള്ള ഒരെണ്ണത്തിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
ഇനിയിപ്പോ സൈക്കിൾ വാങ്ങി തരാത്തതിന്റെ ദേഷ്യം ആണ് നീ കാണിക്കുന്നതെങ്കിൽ നീയത് കാണിച്ചുകൊണ്ട് ഇരിക്കുകയെ ഉള്ളു അല്ലാതെ ആരും വാങ്ങിച്ചുതരാൻ പോകുന്നില്ല.”
അടുക്കളയിലെ പാത്രങ്ങളോട് പദം പറഞ്ഞുകൊണ്ട് ജോലി ചെയ്യുന്ന അമ്മയെ കണ്ടവൾ തല കുനിച്ചിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുമ്പോഴും അതിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്ന കണ്ണുനീരോട് കൂടെ തന്നെ അവൾ കഴിച്ചെഴുന്നേറ്റു.
അകലെ നിന്ന് വരുന്ന ബസ്സ് കണ്ടതും അവൾ രണ്ട്കൈകൾ കൊണ്ടും യൂണിഫോമിൽ മുറുകെ പിടിച്ചു.
ബസ് അരികിൽ നിർത്തിയതും തിരക്കാണെന്നു പറഞ്ഞുകൊണ്ട് കണ്ടക്ടർ അവളേ പിന്നിലേക്ക് പറഞ്ഞു വിട്ടു.
മടിച്ചുനിന്നവളെ കണ്ട് അയാൾ അവൾക്കൊപ്പം അവിടെ ഉണ്ടായിരുന്ന മൂന്നുകുട്ടികളോട്കൂടെ അവൾക്കൊപ്പം പിറകിൽ കയറാൻ പറഞ്ഞുവിട്ടു.
യാതൊരുമടിയും കൂടാതെ പരസ്പരം തമാശകൾ പറഞ് ഉത്സാഹത്തോടെ നടന്നുപോകുന്നവരെ കണ്ടവൾ മടിച്ചുമടിച് അവർക്ക് പിറകെ നടന്നു.
അപ്പോഴും കണ്ണുകൾ വല്ലാത്തൊരു ഭയത്തോടെ നിറയുന്നുണ്ടായിരുന്നു.
സ്കൂളിന് മുന്നിൽ അവൾ ഇറങ്ങിയതും കണ്ടക്ടർ ഒരു വഷളചിരിയോടെ അവളേ നോക്കി ചുണ്ട് കടിച്ചു.
അത് കണ്ടവൾ നിസ്സഹായതയോടെ ചുറ്റും നോക്കി.
എന്നാൽ ആരും അവളേ ശ്രദ്ധിക്കുക പോലും ചെയ്യാതെ എല്ലാവരും അവരവരുടെ മാത്രം ലോകത്തിലായിരുന്നു.
ഡ്രെസ്സിൽ തെരുപ്പിടിച്ചു നിന്നുകൊണ്ടിരുന്ന അവളേ ഒരു കൈ ചേർത്തു പിടിച്ചതും ഞെട്ടലോടെയും ഭയത്തോടെയും അവൾ ആ കൈകൾ തട്ടിയെറിഞ്ഞു
“എന്ത് പറ്റി….എന്താ മോളേ അനു……”
വേവലാതിയോടെ യുള്ള ചോദ്യം കേട്ടതും അവൾ ആ നെഞ്ചിലേക്ക് ചേർന്നു.
തന്നെ കെട്ടിപിടിച്ച് ഏങ്ങികരയുന്ന അനഘയെ ചേർത്തു പിടിച്ചുകൊണ്ട് ഗായത്രി ടീച്ചർ അവളുടെ തലയിൽ പതിയേ തലോടി.
കരച്ചിൽ ഒന്നടങ്ങിയതും അവർ അവളുമായി അല്പം അകലെയുള്ള വാകമരച്ചുവട്ടിലേക്ക് നടന്നു.
കയ്യിലുള്ള ബാഗ് മരച്ചുവട്ടിൽ വച്ച ശേഷമാവർ അവളുടെ ബാഗും അവരുടെ ബാഗിനടുത്തായി വാങ്ങിവച്ചു.
“ഇനി പറ എന്ത് പറ്റി മോളെ….
കുറച്ചുദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.
എന്ത് പറ്റി നീയെന്താ എപ്പഴും ക്ലാസ്സിൽ തന്നെ അടച്ചിരിക്കുന്നത് ….
മോള് ക്ലാസ്സിലെ ടോപ്പർ അല്ലായിരുന്നോ….. ഇപ്പോ എന്ത് പറ്റി ഇയാളാണല്ലോ ക്ലാസ്സിലെ ലാസ്റ്റ്….
എന്ത് പറ്റി ഇപ്പോ ഒന്നും പഠിക്കാതെ എപ്പഴും ഇങ്ങനെ ഏതോ ലോകത്തിൽ എന്നത് പോലെ….”
“അത്… അത്പിന്നേ ടീച്ചർ ഞാൻ…. എനിക്ക് ഒട്ടും പഠിക്കാൻ പറ്റുന്നില്ല….”
“എന്ത് പറ്റി വീട്ടിൽ വല്ല പ്രശ്നങ്ങളും ഉണ്ടോ….”
“ഉം.. ഹും…”
അവളുടെ തലയിളക്കലിൽ നിന്നും കാര്യങ്ങൾ ഏതാണ്ട് മനസ്സിലായപോലെ ടീച്ചർ അവളേ ആകമാനം ഒന്ന് നോക്കി.
അവളുടെ മാറിടത്തിനു മുകളിലെ ഷർട്ട് ചുളുങ്ങി ഇരിക്കുന്നതും ആരുടേയോ കയ്യിൽ നിന്നെന്നത് പോലെ നേർത്ത രീതിയിലുള്ള അഴുക്ക് അവിടെയാകെ പറ്റിയിരിക്കുന്നതും….ഇൻസൈഡ് ചെയ്ത ഷർട് സ്കെർട്ടിൽ നിന്ന് മാറിയിരിക്കുന്നതും കണ്ടവർ കാര്യം മനസ്സിലാക്കിക്കൊണ്ടവളെ ചേർത്തുപിടിച്ചു.
ഈ കാര്യം എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നവർ ആ കുറഞ്ഞസമയംകൊണ്ട് മനസ്സിൽ കണക്ക് കൂട്ടിയിരുന്നു. മറ്റാരോടും പറയില്ല എന്നുള്ള ഉറപ്പിൽ അവർ
പ്രിൻസ്സിപ്പാളിനോട് മാത്രം കാര്യം പറഞ്ഞ ശേഷം അന്ന് ലീവ് എഴുതി കൊടുത്തശേഷം അനുവിനേയും കൂട്ടി സ്കൂളിന് വെളിയിലേക്ക് നടന്നു.
അവളുമായി അവർ എത്തിയത് നഗരത്തിലെ ഏറ്റവും നല്ല ഗൈനകോളജിസ്റ്റിൽ ഒരാളും തന്റെ സുഹൃത്തുമായ ഡോക്ടർ ഫാസിലിന്റെ മുന്നിലേക്കായിരുന്നു.
അവളേ ചെക്ക് ചെയ്തഅദ്ദേഹം അവളേയും ഗായത്രിയേയും കൂട്ടി നേരെ ചെന്നത് സൈക്യാർട്ടിസ്റ്റായ ഡോക്ടർ ജോയലിനരികിലേക്കായിരുന്നു……
“അനഘ….. കേൾക്കുന്നുണ്ടോ….
അനഘാ…”
“ഉം….”
പാതി ഉറക്കത്തിൽ എന്നത് പോലെ അവൾ പതിയേ മൂളി.
“മോൾക്ക് ഓർമയുണ്ടോ…. മൂന്ന് മാസങ്ങൾക്കു മുന്നേ സ്കൂളിൽ നടന്ന നാടകമത്സരം…”
“ഉം….”
“അതിൽ ആരായിരുന്നു ബെസ്റ്റ് ആക്ട്രസ് ”
“ഞാൻ….”
നേർത്ത പുഞ്ചിരിയോടെ പറയുന്നവളെ കണ്ടവർപരസ്പരം നോക്കി.
“വീട്ടിൽ ഈ.. കാര്യം അറിഞ്ഞപ്പോൾ അവരെന്താ പറഞ്ഞത് ”
“അവർക്ക്…. നല്ല…. സന്തോഷം തോന്നി
അച്ഛൻ എനിക്ക് ബിരിയാണി കൊണ്ട് തന്നു.”
ശബ്ദം ഉയർന്നും പൊങ്ങിയും തളർച്ചയോടെ അവൾ പറഞ്ഞു.
“വീട്ടിൽ എല്ലാർക്കും മോളേ ഒത്തിരി ഇഷ്ടാണോ….?”
“ഉം….. അച്ഛനും അമ്മയ്ക്കും ഞാൻ ജീവനാ….”
“മോളുടെ ഫ്രണ്ട്സ് മോളേ ഉപദ്രവിക്കാറുണ്ടോ….”
“ഇല്ലാ… ”
“മോള് ആരെയെങ്കിലും പേടിക്കുന്നുണ്ടോ?”
“ഉം…..”
“മോളേ ആരെങ്കിലും ഉപദ്രവിക്കാറുണ്ടോ………”
“ഉം….”
അസ്വസ്ഥതയോടെ തല ഇരുവശത്തേക്കും ഉരുട്ടുന്നവളെ കണ്ട് മൂന്നുപേരും പരസ്പരം നോക്കി.
പെട്ടന്ന് തന്നെ ഡോക്ടർ അവളുടെ മുടിയിൽ പതിയേ തലോടി….
അവൾ ഒന്ന് ശാന്തമായെന്ന് കണ്ടതും ഡോക്ടർ പതിയേ അവളേ തട്ടി എഴുന്നേൽപ്പിച്ചു.
കണ്ണുതുറന്നവൾ മുന്നിൽ നിൽക്കുന്ന ടീച്ചറെ കണ്ടതും ബെഡ്‌ഡിൽ നിന്നെഴുന്നേറ്റ് അവർക്കരികിലേക്ക് ഓടി ചെന്നു.
നേർത്ത രീതിയിൽ വിറയ്ക്കുന്ന അവളേ ചേർത്തു പിടിച്ചു കൊണ്ടവർ അവിടെ ഇട്ടിരുന്ന ബെഡിലേക്ക് കയറി ഇരുന്നു.
“അനഘാ…..”
“ഉം….”
“മോള് ആരെയാ… പേടിക്കുന്നത്…?”
സ്നേഹത്തോടെയുള്ള ഗായത്രിയുടെ ചോദ്യം കേട്ടതും അവൾ ഭയത്തോടെ ചുറ്റും നോക്കി.
“മോള് പേടിക്കണ്ട.
ഞങ്ങള് രണ്ട്പേരും മോളുടെ ഏട്ടൻമാരാണെന്ന് കരുതിയാൽമതി…..
എന്താണെങ്കിലും പേടിക്കാതെ മോള് പറഞ്ഞോ….”
അല്പസമയത്തെ പരിശ്രമത്തിനോടുവിൽ ഡോക്ടർ ജോയലിനേയും ഡോക്ടർ ഫാസിലിനെയും അവൾ വിശ്വസിച്ചു തുടങ്ങി
” സ്കൂളിലെ പ്രോഗ്രാം കഴിഞ് ഒരാഴ്ച കഴിഞ്ഞ ഒരുദിവസം….
അന്ന് സ്പെഷ്യൽക്ലാസ് ഉണ്ടായിരുന്നത് കൊണ്ട് ഒത്തിരി വൈകിയാണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത്.
ഞങ്ങളുടെ ക്ലാസ്സ് കാർക്ക് മാത്രമേ അന്ന് വൈകുന്നേരം ക്ലാസ് ഉണ്ടായിരുന്നുള്ളു.
അത് കൊണ്ട് തന്നെ വീട്ടിലേക്കുള്ള ബസ്സിൽ ഞങ്ങളുടെ സ്കൂളിൽ നിന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
നല്ല തിരക്ക് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ നിന്നിടത്ത്നിന്ന് ഒത്തിരി പിന്നിലേക്ക് നീങ്ങിപോയി.
അവസാനം ഒരുപാട് ആൺ പിള്ളേർക്ക് നടുവിൽ ഞാൻ പെട്ടുപോയി.
ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടർ വീണ്ടും വീണ്ടും എന്നെ….. അവർക്ക് നടുവിലേക്ക് വീണ്ടും മാറ്റി നിർത്തി. അവസാനം മുന്നിൽ നിൽക്കുന്നവർക്ക് എന്നെ കാണാൻ പോലും കഴിയാത്ത അവസ്ഥയായി.
പേടി ഉണ്ടായിരുന്നെങ്കിലും ഞാൻ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു എന്നാൽ ആ കണ്ടക്ടർ അവിടെ നിന്ന് ഒന്നനങ്ങാൻപോലും എന്നെ സമ്മതിച്ചില്ല.
പെട്ടന്ന് പിന്നിൽ നിന്ന ഒരുചേട്ടൻ എന്നെ…… ”
ബാക്കി പറയാൻ കഴിയാതെ ശ്വാസം കിട്ടാതെ പിടയുന്ന അനുവിന് ഇഞ്ചക്ഷൻ നൽകിയതും അവൾ പതിയേ ഉറക്കത്തിലേക്ക് വഴുതി വീണു.
അവളേ അവിടെ ബെഡ്‌ഡിൽ കിടത്തിയ ശേഷം ബാക്കി രണ്ട് പേരെയും നോക്കിയ ശേഷം ഫോൺ എടുത്തുകൊണ്ട് പുറത്തേക്ക് നടന്നു.
അല്പസമയം കഴിഞ്ഞതും ഏതാണ്ട് ജോയലിനെ പോലെ തന്നെയുള്ള ഒരാൾ അവിടേക്ക് വന്നു.
“എന്താടാ… ജോ… നീയെന്താ പെട്ടന്ന് വരാൻ പറഞ്ഞത്…
ഹാ… ഗായത്രി നീയും ഇവിടുണ്ടോ….”
“ഡാ… ജോജോ…. ഒരു പ്രശ്നം ഉണ്ട്…..”
“അറിയാലോ….നീ…വിളിച്ചാലേ പ്രശ്നം ആയിരിക്കും എന്ന് ”
“ഡാ…. നീ വിചാരിക്കുന്നത് പോലെയല്ല…. നീ വന്നേ…..
ഇത് അനഘ ഗായൂന്റെ സ്റ്റുഡന്റ് ആണ്….
കുറച്ചു ദിവസമായി ഇവൾ ഈ… കുട്ടിയേ നിരീക്ഷിക്കുകയായിരുന്നു.”
“അതിന് മാത്രം ഈ കുട്ടിക്ക് എന്താ പ്രശ്നം ”
“കുറച്ചുപേര് ചേർന്ന് കുറച്ചുമാസങ്ങളായി ഈ കുട്ടിയേ ഫിസിക്കലി …..”
പറയാൻ വന്നത് പകുതിക്ക് നിർത്തിക്കൊണ്ടവൻ ജോജോയെ നോക്കി.
കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അവൻ ശ്രദ്ധയോടെ അവർ പറയുന്നത് കേട്ടിരുന്നു.
“അവൾ എഴുന്നേൽക്കുമ്പോൾ ചിലപ്പോ നിന്നെ കാണുമ്പോൾ പേടിക്കും അതുകൊണ്ടാ യൂണിഫോമിൽ വരേണ്ട എന്ന് പറഞ്ഞത്. ”
“ഉം… എനിക്ക് മനസ്സിലായി….”
“ഫസി…. ബാക്കി നീ പറ ”
“കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ നഖംകൊറിയ പാടുകളും അതുമൂലംഉണ്ടായ ഇൻഫെക്ഷനും ഉണ്ട്
അത് പോലെ ഉൾവശത്തും നഖംകൊണ്ട് മുറിഞ്ഞിട്ടുണ്ട്.
നെഞ്ചിലും തുടയിലും ഒക്കെയായി രക്തം കല്ലിച്ച് കയ്യിന്റെ പാട് അങ്ങനെ കിടപ്പുണ്ട്.
ഉറപ്പായും ആ കുട്ടിക്ക് ഈ സമയം ബാത്റൂമിൽ പോലും പോകാൻ പറ്റുന്നുണ്ടാവില്ല അത്ര മാത്രം ഇൻഫെക്ഷൻ ഉണ്ട്.”
“ഡാ… അപ്പോ… പിരീഡ്സ്…”
“തൽക്കാലം മെഡിസിൻ കൊടുക്കാം കാരണം പിരീഡ്സ് ആയാൽ ഇൻഫെക്ഷൻ കൂടും….”
ഗായത്രിയുടെ പെട്ടന്നുള്ള ചോദ്യം കേട്ടവൻ പറഞ്ഞു
“ജോജോ…. നീ ഈ.. കുട്ടിയുടെ വീട്ടിൽ ഇതൊന്ന് അറിയിക്കണം… ”
അനഘയുടെ ഞെരങ്ങൽ കേട്ട ജോ.. പെട്ടന്ന് അവൾക്കരികിലേക്ക് നീങ്ങി നിന്നു.
കണ്ണ് തുറന്നവൾ അരികിൽ നിൽക്കുന്ന ജോജോയെ കണ്ട് സംശയത്തോടെ ജോയെ നോക്കി.
“നോക്കണ്ട എന്റെ ബ്രദർആണ്…
ജോജോ ”
“ഏട്ടനും ഡോക്ടർ ആണോ….? ”
“അതേല്ലോ…. മോൾക്കിപ്പോ എങ്ങനുണ്ട്…”
“കൊഴപ്പില്ല…”
“മോള് എത്രയിലാ പഠിക്കുന്നത് ”
“ഒൻപതിൽ…”
“ആഹാ…… ചേട്ടൻ ഒരു കാര്യം ചോദിച്ചോട്ടെ…”
“ഉം… ”
“മോളേ ഉപദ്രവിക്കുന്നവർരേ കണ്ടാൽ മോൾക്ക് തിരിച്ചറിയാമോ….”
അവളുടെ സമ്മതം കിട്ടിയതും അവൻ പറ്റിയെ ചോദിച്ചു.
“ഉം…..”
“ഏട്ടന് അവരെ ഒന്ന് കാണിച്ചുതരാമോ….”
“ഉം….”
“ഇനി മേലിൽ മോളേ അവര് ഉപദ്രവിക്കില്ല കേട്ടോ…ഇന്ന് വൈകിട്ട് നമുക്ക് പോയി അവർക്ക് വേണ്ടത് കൊടുത്തിട്ട് വരാം …. ”
അത് കേട്ടതും അവളുടെ കണ്ണുകൾ പ്രതീക്ഷയോടെ ഒന്ന് വിടർന്നു.
“സ്കൂൾകുട്ടിയെ ബസ്സിൽ വച്ച് ഉപദ്രവിച്ച അഞ്ച് അംഗസംഘത്തേയും കൂട്ട് നിന്ന ബസ്സ് ജീവനക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു”
പത്രത്തിന്റെ ഫ്രണ്ട് പേജിലെ വാർത്ത കണ്ടവൾ ഹോസ്പിറ്റലിലെ ബെഡ്‌ഡിൽ ഇരുന്നുകൊണ്ട് തനിക്ക് ആപ്പിൾ മുറിച്ചുകൊണ്ടിയ്ക്കുന്ന ജോജോയേ നോക്കി.
അത് കണ്ടവൻ അവളേ കണ്ണടച്ചു കാണിച്ചു.
(ബസ്സ് ജീവനക്കാരെല്ലാം ഇങ്ങനാണെന്ന്പറഞ്ഞതല്ല കേട്ടോ…. ഇതിനെ കഥയായി മാത്രം കാണുക )
ആദി വിച്ചു