✍️ ശ്രേയ
” മോളെ.. നീ ഇവിടെ ഇല്ലേ..?”
തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന അമ്മായിയമ്മ അന്വേഷിച്ചു വന്നപ്പോൾ അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
” എന്താ അമ്മേ..? എനിക്ക് കുറച്ച് തുണികൾ മടക്കി വയ്ക്കാൻ ഉണ്ടായിരുന്നു. ഞാൻ അതൊക്കെ ചെയ്യുമ്പോഴാണ് അമ്മ വന്നത്. ”
അവൾ മറുപടി പറഞ്ഞു.
“ഷൈല ഇപ്പോൾ എന്നെ വിളിച്ചിരുന്നു.മോളെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു. ഫോണിൽ എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടോ..?”
അമ്മ ചോദിച്ചപ്പോൾ അവൾ അത്ഭുതപ്പെട്ടു. രേവതിയുടെ അമ്മയാണ് ഷൈല.
ഫോണിൽ തകരാർ ഒന്നും തന്നെ ഇല്ല. കാരണം കുറച്ചു നിമിഷങ്ങൾക്കു മുന്നേയാണ് ഭർത്താവ് അജിത്ത് അവളെ ഫോൺ ചെയ്തത്.
അപ്പോൾ പിന്നെ അമ്മ വിളിച്ചിട്ട് കിട്ടാത്തത് എന്താണാവോ..?
ചിന്തിച്ചു കൊണ്ട് രേവതി ഫോണെടുത്ത് പരിശോധിച്ചു.ഫോണ് സൈലന്റ് ഒന്നുമല്ല.ബെല്ലടിച്ചത് കേട്ടതും ഇല്ലല്ലോ..
എന്തു പറ്റിയാവോ..?
“എന്താ മോളെ.. എന്തെങ്കിലും പ്രശ്നമുണ്ടോ..? ”
അമ്മ വീണ്ടും അന്വേഷിച്ചപ്പോൾ അവൾ തലകുലുക്കി.
“അറിയില്ല.. ഫോൺ സൈലന്റ് ഒന്നുമല്ല. നോക്കിയിട്ട് പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നുന്നതുമില്ല.ഇനി കടയിൽ കൊണ്ടുപോകേണ്ടി വരുമോ ആവോ..”
നെടുവീർപ്പോടെ അവൾ പറഞ്ഞപ്പോൾ അമ്മായിയമ്മ തലകുലുക്കി.
“എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടെങ്കിൽ ശരിയാക്കാൻ നോക്കൂ.നീ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ തിരിച്ചു ഇവിടെ എത്തുന്നത് വരെ മനുഷ്യന് ഒരു നെഞ്ചിടിപ്പാണ്. എപ്പോഴെങ്കിലും ഒരു ആവശ്യത്തിന് വിളിക്കണം എങ്കിൽ ഫോണില്ലാതെ പറ്റില്ലല്ലോ..”
അമ്മ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
സ്വന്തം അമ്മയെ പോലെ കരുതലും സ്നേഹവും മാത്രം തരുന്ന ആളാണ്. ഇന്നുവരെ ഇത് മറ്റൊരു വീട് ആണെന്ന് തോന്നിയിട്ടില്ല.
വന്നു കയറിയപ്പോൾ മുതൽ ഇതു തന്റെ സ്വന്തം വീടാണ് എന്ന് തോന്നലുണ്ടാക്കാൻ അമ്മായി അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.പക്ഷേ എല്ലാ ഭാഗ്യവും ഒരു മനുഷ്യന് ഒരുപോലെ കിട്ടില്ലല്ലോ..
അതിന് തന്നെ സംബന്ധിച്ചുള്ള ഉത്തമ ഉദാഹരണമാണ് തന്റെ ഭർത്താവ്.. അതോർത്ത് അവൾക്ക് കണ്ണ് നിറഞ്ഞു.
” മോള് അമ്മയെ ഒന്ന് വിളിച്ചു നോക്ക്..”
അമ്മായിയമ്മ അത് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ അവരുടെ ഫോണിലേക്ക് രേവതിയുടെ അമ്മയുടെ കോൾ വന്നു.
“ഷൈല തന്നെയാണല്ലോ..”
അതും പറഞ്ഞു കൊണ്ട് അവർ കാൾ അറ്റൻഡ് ചെയ്തു.
“ചേച്ചി മോൾക്ക് ഓഫ് അല്ലേ.. അവൾ വീട്ടിൽ ഇല്ലേ..?”
ഫോണിൽ വീണ്ടും വീണ്ടും അവർ ആവർത്തിക്കുന്നത് ഒരേ ചോദ്യമാണ് എന്ന് കണ്ടപ്പോൾ അമ്മായിയമ്മ രേവതിയെ ഒന്ന് നോക്കി.
” അവൾ ഇവിടെ എന്റെ അടുത്തു തന്നെയുണ്ട്. ഫോണിൽ എന്തോ തകരാറുണ്ടെന്ന് തോന്നുന്നു.. ഞാനെന്തായാലും അവളുടെ കയ്യിൽ ഫോൺ കൊടുക്കാം.. ”
അവർ അത് പറഞ്ഞപ്പോൾ രേവതിയുടെ അമ്മയ്ക്ക് അത് ഒരു ആശ്വാസമായിരുന്നു. ആവേശത്തോടെ രേവതി അമ്മായിയമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.
” എന്താ അമ്മേ..? അമ്മ എന്തിനാ വിളിച്ചേ..? ”
അവൾ ചോദിച്ചപ്പോൾ അമ്മയുടെ ശബ്ദം ഇടറി.
“മോളെ… അച്ഛന് വീണ്ടും… ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു..”
ആ വാക്കുകൾ കേട്ടപ്പോൾ അവൾക്കുള്ള ഒരു മിന്നൽ പിണർ കടന്നുപോയി.
കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു.അവൾ നിസ്സഹായതയോടെ അമ്മായിയമ്മയുടെ മുഖത്തേക്ക് നോക്കി.
അവളെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്ന അവർക്കും അവളുടെ പെട്ടെന്നുള്ള ഭാവം മാറ്റത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നി.
“ഇവിടെ.. ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യാനാ മോളെ.. മോൾക്ക് ഒന്ന് വരാൻ പറ്റുമോ..? ഇന്നെന്തായാലും നിനക്ക് ജോലി ഇല്ലാത്ത ദിവസമല്ലേ..?”
അമ്മ ചോദിച്ചപ്പോൾ അവൾ എന്തു മറുപടി പറയണം എന്നറിയാതെ കുഴങ്ങി.
“ഞാൻ നോക്കട്ടെ അമ്മേ…”
അത്രയും പറഞ്ഞുകൊണ്ട് മറ്റൊന്നും പറയാതെ അവൾ ഫോൺ കട്ടാക്കി.
“എന്താ മോളെ.. അമ്മ എന്താ പറഞ്ഞത്..?”
അവളുടെ ഭാവമാറ്റം കണ്ടപ്പോൾ ആകുലതയോടെ അവർ അന്വേഷിച്ചു.
“അച്ഛനെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.. ഇന്ന് ഒന്ന് അവിടേക്ക് ചെല്ലുമോ എന്നറിയാൻ വേണ്ടി വിളിച്ചതാണ്..”
അവൾ പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിലെ നിരാശ അവർക്ക് വേഗം മനസ്സിലാക്കാൻ കഴിഞ്ഞു.
അവളുടെ അച്ഛൻ ഒരു ക്യാൻസർ പേഷ്യന്റ് ആണ്. സ്ഥിരമായി പുകവലിക്കുന്ന ശീലമുള്ള ഒരാൾ ആയിരുന്നു അവളുടെ അച്ഛൻ. വളരെ വൈകിയ ഘട്ടത്തിലാണ് ശ്വാസകോശത്തിലെ ക്യാൻസർ തിരിച്ചറിഞ്ഞത്.
പക്ഷേ തിരിച്ചറിഞ്ഞ സമയം മുതൽ തന്നെ കൃത്യമായി ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. പക്ഷേ ബുദ്ധിമുട്ട് അപ്പോഴും അതുതന്നെയാണല്ലോ..
“നീ ഇനി എന്താണ് ആലോചിച്ചു നിൽക്കുന്നത്.. നിനക്ക് പൊയ്ക്കൂടേ..? ”
ഒരല്പം ദേഷ്യത്തോടെ അമ്മായിയമ്മ ചോദിച്ചപ്പോൾ അവൾ സങ്കടത്തോടെ അവരെ നോക്കി.
“ഞാനെങ്ങനെ പോകാനാണ്..? അജിത്തേട്ടൻ വരുമ്പോൾ എന്തു പറയും..? ഏട്ടനെ ഇപ്പോൾ ഫോൺ വിളിച്ചാൽ എടുക്കുക പോലുമില്ല..”
അവൾ പറഞ്ഞപ്പോൾ അവർ അവളെ കടുപ്പിച്ചു നോക്കി.
“അവിടെ സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്നതു നിന്റെ അച്ഛനാണ്. അദ്ദേഹത്തെ ഒരു നോക്ക് കാണുക എന്നതിനേക്കാൾ ഉപരി നീ എന്തിനാണ് പ്രാധാന്യം നൽകുന്നത്..? അവൻ വന്നാൽ ചിലപ്പോൾ നീ അവനോട് പറയാതെ പോയി എന്ന് പറഞ്ഞു ഇവിടെ രണ്ട് റൗണ്ട് ബഹളം വയ്ക്കും. അതിനപ്പുറത്തേക്ക് അവൻ ഒന്നും ചെയ്യാൻ പോകുന്നില്ല. പലപ്പോഴും നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് അവൻ നിന്റെ ഭർത്താവാണ് എന്ന് കരുതി അവന്റെ അടിമയായി നിൽക്കേണ്ട ആവശ്യം നിനക്ക് ഇല്ല എന്ന്. പറഞ്ഞാൽ നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്..?”
അവർ ദേഷ്യപ്പെട്ടപ്പോൾ ഇത്തവണ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുക തന്നെ ചെയ്തു.
” അതുമാത്രമല്ല അമ്മേ.. ആശുപത്രിയിൽ.. എത്രയാ ചെലവ് വരിക എന്നൊന്നും എനിക്കറിയില്ല. അത് എത്രയാണെങ്കിലും എന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കാൻ ഇല്ല. ഓരോ മാസത്തെയും വണ്ടിക്കൂലിക്ക് വേണ്ട പണമല്ലാതെ ഒരു രൂപ പോലും എന്റെ കയ്യിൽ അധികം ഉണ്ടാകാറില്ല. ”
അവൾ നിസ്സഹായതയോടെ പറഞ്ഞപ്പോൾ അവർ ഒരു ഞെട്ടലോടെ അവളെ നോക്കി.
” ഒരുമാസം 40000 രൂപ ശമ്പളം വാങ്ങുന്നത് നിന്റെ കയ്യിൽ പണമില്ല എന്ന് പറഞ്ഞാൽ..? ബാക്കിയുള്ളത് നീ എന്ത് ചെയ്തു..? ”
അമ്മ ഞെട്ടലോടെ ചോദിച്ചത് കേട്ട് അവൾ തലകുനിച്ചു.
” എന്റെ എടിഎം കാർഡ് ഉൾപ്പെടെ അജിത്തേട്ടന്റെ കൈയിൽ ആണ്. സാലറി വന്നാൽ ഏട്ടൻ തന്നെയാണ് അത് കൈകാര്യം ചെയ്യാറ്. എനിക്ക് ആവശ്യമുള്ളത് എന്റെ കയ്യിൽ തരും എന്നല്ലാതെ.. ”
അവൾ പറഞ്ഞു നിർത്തിയപ്പോൾ അവർ അതിയായ കോപത്തോടെ അവളെ നോക്കി.
“നിന്നോട് ആരാ നിന്റെ എടിഎം കാർഡ് അവന്റെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞത്..? നീ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണമാണ്. ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം.. ഇതിപ്പോൾ നിന്റെ അച്ഛൻ സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോൾ അവർക്ക് ഒരു രൂപ കൊടുക്കണം എങ്കിൽ പോലും അവന്റെ അനുവാദം ചോദിക്കണം.. അങ്ങനെ ഒരു അവസ്ഥ വരുത്തിവെച്ചത് നീ തന്നെയല്ലേ..? ഭർത്താവിനോട് സ്നേഹവും വിശ്വാസവും ഒക്കെ ആകാം. എന്ന് കരുതി ഇങ്ങനെ ഓരോന്ന് ചെയ്തു വയ്ക്കരുത്. കാര്യം എന്റെ മോനൊക്കെയാണ്. പക്ഷേ മനുഷ്യനാണ്.. അവന്റെ സ്വഭാവത്തിൽ എന്തെങ്കിലും ഒരു മാറ്റം വന്നാൽ പോലും നമ്മൾ അറിഞ്ഞെന്ന് വരില്ല. നാളെ ഒരു ദിവസം അവൻ നിന്നെ വേണ്ടെന്ന് പറഞ്ഞാൽ നീ എന്ത് ചെയ്യും..? മുന്നോട്ടു ജീവിക്കാൻ ഒരു രൂപയുടെ പോലും സമ്പാദ്യം നിന്റെ കയ്യിൽ ഉണ്ടാവില്ല.”
അമ്മ ദേഷ്യത്തോടെയാണ് പറയുന്നതെങ്കിലും അതൊക്കെയും ശരിയാണെന്ന് രേവതിക്ക് അറിയാമായിരുന്നു.
“നീ എന്തായാലും ഇപ്പോൾ അവനെയൊന്നു വിളിക്ക്.. എന്നിട്ട് നിന്റെ ആവശ്യം എന്താണെന്ന് പറയൂ. അവന്റെ മറുപടി എന്താണെന്ന് നോക്കാമല്ലോ..”
അമ്മ പറഞ്ഞത് അനുസരിച്ച് അവൾ അപ്പോൾ തന്നെ അജിത്തിനെ വിളിച്ചു. ആദ്യം ഒന്ന് രണ്ട് വട്ടം അവൻ ഫോൺ എടുത്തില്ലെങ്കിലും പിന്നീട് അവൻ കോൾ അറ്റൻഡ് ചെയ്തു.
” മനുഷ്യന് ജോലിസ്ഥലത്തും സമാധാനം തരില്ലേ..? ”
ഫോണെടുത്ത് ഉടനെ അവൻ ചോദിച്ചത് അതായിരുന്നു. അവൾക്ക് സങ്കടം തോന്നിയെങ്കിലും അത് മറച്ചുവച്ചുകൊണ്ട് അവൾ തന്നെ ആവശ്യം അവനോടു പറഞ്ഞു.
” നിന്റെ വീട്ടിൽ വല്ലവരും വയ്യാതെ കിടക്കുന്നതിന് ഞാൻ എന്താ വേണ്ടത്…? എന്റെ കയ്യിൽ നീ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു തരാൻ പണം ഒന്നുമില്ല.. അവർക്ക് വല്ലതും വേണമെങ്കിൽ നിന്റെ കയ്യിൽ ഉണ്ടെങ്കിൽ കൊണ്ട് കൊടുക്ക്.. അല്ലാതെ എന്നോട് പറയേണ്ട കാര്യമില്ല.. ”
അവൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് അവൾ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഒരിഞ്ചുപോലും അവൻ പിന്നോട് മാറിയില്ല.സങ്കടത്തോടെ അവൾ ഫോൺ കട്ട് ചെയ്തു കൊണ്ട് അമ്മായിയമ്മയെ നോക്കിയപ്പോൾ ഇതൊക്കെയും താൻ പ്രതീക്ഷിച്ചതാണ് എന്നൊരു ഭാവമായിരുന്നു അവർക്ക്..
” ഇപ്പൊ എന്തായി? അവന്റെ കയ്യിൽ പണമല്ല എന്ന് തന്നെയല്ലേ അവൻ പറഞ്ഞത്… ഇതാണ് പറയുന്നത് അവനവനെ സമ്പാദ്യമായി എന്തെങ്കിലും ഒക്കെ കയ്യിൽ വേണമെന്ന്. നീ എന്തായാലും ആശുപത്രിയിൽ പോകാൻ റെഡിയായിക്കോ. പൈസയുടെ കാര്യം നമുക്ക് എന്തെങ്കിലും ചെയ്യാം.. ”
അവർ പറഞ്ഞ വാക്കിന്റെ ബലത്തിൽ അവൾ റെഡിയായി വരുമ്പോഴേക്കും അവൾക്ക് ആവശ്യമുള്ള പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നു.
“നീ ആശ്ചര്യപ്പെട്ടു നോക്കുകയൊന്നും വേണ്ട.. എന്റെ കയ്യിൽ അത്യാവിശം പൈസ ഒക്കെ ഉണ്ട്. എന്റെ ആവശ്യത്തിന് ആരുടെയും മുന്നിൽ കൈ നീട്ടുന്നത് എനിക്കിഷ്ടമല്ല..”
ആ പണം കൈനീട്ടി വാങ്ങിക്കൊണ്ട് ആശുപത്രിയിലേക്ക് യാത്ര തിരിക്കുമ്പോൾ, അവൾ ചിന്തിച്ചത് തനിക്കും ഇങ്ങനെ സ്വന്തമായ ഒരു ജീവിതം വേണമെന്നായിരുന്നു.
അച്ഛനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചതിനു ശേഷം ആയിരുന്നു അവൾ തിരികെ തന്റെ വീട്ടിലേക്ക് വന്നത്. അവൾ പോയതിനും ആശുപത്രിയിൽ ചെലവഴിച്ചതിനും ഒക്കെ അജിത് ഒരുപാട് പ്രശ്നമുണ്ടാക്കിയെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല.പകരം അവൾ അവനോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു.
” ഏട്ടൻ കയ്യിൽ വച്ചിരിക്കുന്ന എന്റെ എടിഎം കാർഡ് എനിക്ക് തിരിച്ചു തരണം.”
അവൾ ആവശ്യപ്പെട്ടപ്പോൾ അവൻ ഒന്നു പതറി.
“നിനക്കിപ്പോൾ ആവശ്യമെന്താ..? നിനക്ക് എത്രയാ വേണ്ടതെന്ന് വെച്ചാൽ ഞാൻ പുറത്തു പോകുമ്പോൾ കൊണ്ടുവരാം..”
അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
” എനിക്ക് ആവശ്യമുള്ളത് എന്താണെങ്കിലും ഞാൻ ജോലിക്ക് പോകുമ്പോൾ ഞാൻ ചെയ്തോളാം.. ഇപ്പൊ തൽക്കാലം എന്റെ എടിഎം എനിക്ക് വേണം. തരാൻ ഉദ്ദേശമില്ലെങ്കിൽ ഞാൻ ബാങ്കിൽ പോയി എടിഎം ബ്ലോക്ക് ചെയ്യും.. പിന്നെ നിങ്ങൾ അതെങ്ങനെ ഉപയോഗിക്കും എന്ന് എനിക്കൊന്നു കാണണമല്ലോ.. ”
അവളുടെ വാക്കുകളിലെ ഉറപ്പ് കണ്ടതു കൊണ്ടാകണം അവന്റെ പത്തി താഴ്ന്നത്. എടിഎം കാർഡ് അവളുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ അവൻ അവളുടെ മുഖത്ത് നോക്കിയില്ല.
അതിലെ ബാലൻസ് ഒരുപക്ഷേ താൻ പ്രതീക്ഷിക്കുന്നതിനേക്കാൾ ഒരുപാട് താഴെ ആയിരിക്കാം… പക്ഷേ ഇനിമുതൽ അതിനകത്ത് എന്ത് വേണം എന്തു വേണ്ട എന്ന് തനിക്ക് തീരുമാനിക്കാമല്ലോ…
ആ കാർഡ് കയ്യിലേക്ക് വാങ്ങുമ്പോൾ അവൾ ഓർത്തു…