കുഞ്ഞില്ലാത്തത് അമ്മയ്ക്ക് വലിയ വിഷമം ആയിരുന്നു. അമ്മയുടെ ഏറ്റവും വലിയ പ്രാർത്ഥനയും ആഗ്രഹവും ആയിരുന്നു രാജേഷിന്റെ കുഞ്ഞ്..

ശൂന്യതയുടെ ശേഷിപ്പുകൾ

…………………………………………

 

പടി കടന്നു മുറ്റത്തേയ്ക്ക് കടന്നപ്പോൾ രജനി ഒന്ന് നിന്നു. അകത്തു നിന്ന് മോളേ എന്ന് വിളിച്ചു കൊണ്ട് ഓടി വരാറുള്ള അമ്മയുടെ ചിത്രം ഒരു നിമിഷം മുന്നിൽ തെളിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നീറി. അമ്മ തങ്ങളെ വിട്ടുപിരിഞ്ഞതിനു ശേഷം ആദ്യമായാണ് വീട്ടിലേയ്ക്ക് വരുന്നത്.. അതും മാസങ്ങൾക്കു ശേഷം.. എന്തോ.. പിന്നെ അപ്പോളാണ് വരാൻ തോന്നിയത്..

 

” ആഹാ.. രജനിയേച്ചി.. എന്താ വന്നിട്ട് അവിടെ തന്നെ നിന്നത്..? ”

 

നാത്തൂന്റെ ശബ്ദം കേട്ടപ്പോൾ രജനി പെട്ടെന്ന് നേർത്തൊരു പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞു.

 

” ഒന്നുമില്ല സുമേ.. ഞാൻ വെറുതെ.. ”

 

” ചേച്ചി അമ്മയെ ഓർത്തു കാണും അല്ലെ.. അമ്മ പോയാലും ഞങ്ങളൊക്കെ ഇല്ലേ ചേച്ചി. എപ്പോ വേണേലും ചേച്ചിയ്ക്ക് വരാലോ ഇങ്ങോട്ട്.. ”

 

സുമ പറഞ്ഞപ്പോൾ രജനി ചിരിച്ചെന്നു വരുത്തി..

 

” ചേച്ചി ഇരിക്ക്.. ഞാൻ കുടിക്കാൻ എടുക്കാം ”

 

ഉമ്മറത്തെ സോഫയിൽ തന്നെ ഇരുത്തി സുമ അടുക്കളയിലേയ്ക്ക് പോയപ്പോൾ സ്വന്തം വീട്ടിൽ താനൊരു വിരുന്നുകാരിയായ പോലെ രജനിയ്ക്ക് തോന്നി. അവൾ ചുറ്റിലും കണ്ണോടിച്ചു. സ്വീകരണ മുറി ആകെ മാറിയിരിക്കുന്നു. ചുവരിൽ തങ്ങളുടെ വിവാഹഫോട്ടോയ്ക്ക് പകരം ഏതോ പുതിയ പെയിന്റിംഗ് സ്ഥാനം പിടിച്ചിരുന്നു. ഷോക്കേസിൽ ഉണ്ടായിരുന്ന ചിന്നുവിന്റെയും മാളുവിന്റെയും പല പ്രായത്തിലുള്ള ഫോട്ടോസ് അവിടെ നിന്ന് അപ്രത്യക്ഷമായിരുന്നു. അല്ലെങ്കിലും അതെല്ലാം സ്ഥിരമായി കണ്ടിരുന്ന ആള് തന്നെ പോയ സ്ഥിതിയ്ക്ക് ഇനി അതിനെന്താ സ്ഥാനം.. അന്നോളം തോന്നാത്ത ഒരു അന്യതബോധം താൻ ഇരുപത് വർഷം വളർന്ന വീട്ടിൽ രജനിയ്ക്ക് തോന്നി. സുമയോടൊപ്പം അടുക്കളയിലേയ്ക്ക് ചെല്ലാൻ പോലും അവൾക്ക് മടി തോന്നി.

 

” ചേച്ചി എന്താ മക്കളേ കൂട്ടാഞ്ഞത്? നാളെ സ്കൂൾ ഇല്ലല്ലോ.. ”

 

സുമ ചായയും പലഹാരവും വെച്ച ട്രെ മുന്നിലേക്ക് വെച്ചുകൊണ്ട് ചോദിച്ചു. വിരുന്നുകാർക്ക് കൊടുക്കാറുള്ള ചിത്രപ്പണികളുള്ള കപ്പിൽ ഒഴിച്ച ചായ രജനിയുടെ തൊണ്ട പൊള്ളിച്ചു കൊണ്ട് ഉള്ളിലേയ്ക്കിറങ്ങി.

 

” ഒന്നുമില്ല സുമേ.. അവർ വന്നില്ല. ”

 

” ഓ.. അപ്പൊ ചേച്ചിയ്ക്ക് ഇന്ന് തന്നെ പോകണം അല്ലെ? ”

 

സുമ അതു ചോദിച്ചു കൊണ്ട് ആഞ്ഞിരുന്നപ്പോൾ അവളുടെ സ്വരത്തിൽ അവൾ പോലും അറിയാതെ നിഴലിച്ച ആശ്വാസം രജനി പെട്ടെന്ന് തിരിച്ചറിഞ്ഞു..

 

” മ്മ്.. പോണം.. ഉടനെ ഇറങ്ങണം ”

 

” അത് പറ്റില്ല.. ചേച്ചി ഊണു കഴിച്ചിട്ട് പോയാൽ മതി.. ഞാൻ ഇപ്പൊ വരാം.. ചേച്ചി ഒന്ന് കിടക്കൂ.. വെയിലത്തു വന്നതല്ലേ.. ”

 

സുമ ഉത്സാഹത്തോടെ എണീറ്റപ്പോൾ താനിന്നു തന്നെ മടങ്ങുമെന്ന വാർത്തയാണ് ആ ഉത്സാഹത്തിന് പിന്നിലെന്ന് രജനിയ്ക്ക് മനസ്സിലായി.

 

” അല്ല.. ചേച്ചി സാരി മാറുന്നുണ്ടോ? ”

 

സുമയുടെ ചോദ്യത്തിന് രജനി ഇല്ലെന്നു തലയാട്ടി.. ഇന്ന് ബാബുവേട്ടൻ വീട്ടിൽ ഉണ്ടാവില്ലെന്നും മക്കൾ രണ്ടുപേരും അച്ഛമ്മയും കൂടെ അവരുടെ അപ്പച്ചിയുടെ വീട്ടിലേയ്ക്ക് പോയതാണെന്നും അതുകൊണ്ടാണ് അനിയനോടൊപ്പം നിൽക്കാൻ വന്നതെന്നുമുള്ള കാര്യം രജനി ഒരു മണി കടലയോടൊപ്പം കടിച്ചിറക്കി..

 

കുറച്ചു സമയം അവിടെ തന്നെ ഇരുന്ന ശേഷം കുടിച്ച ചായ ഗ്ലാസ്സുമായി രജനി എണീറ്റു.

 

” ഇല്ലാ.. ചേച്ചി ഇന്ന് തന്നെ മടങ്ങുമെന്ന പറഞ്ഞേ.. ”

 

” …”

 

” നിങ്ങളെന്തായാലും നേരത്തെ ഇറങ്ങും എന്ന് പറഞ്ഞതല്ലേ.. അപ്പൊ ഒന്നൂടി നേരത്തെ ആക്കി വായോ.. അപ്പൊ ചേച്ചിയേം ഒന്ന് കാണാം.. ചേച്ചി പോയ ശേഷം നമുക്ക് പോകുകയും ചെയ്യാം ”

 

സുമ ഫോണിലാണെന്നു കണ്ട് രജനി ഒന്ന് ശങ്കിച്ചു. തന്റെ വീട്ടിൽ താനൊരു വിരുന്നുകാരിയാണെന്നും, നാത്തൂന്റെ സ്വകാര്യതകളിൽ കടന്നു ചെല്ലരുതെന്നും രജനി പിന്നെയും ഓർമിച്ചു..

 

” സുമേ.. ”

 

ഒച്ചയിടറാതിരിക്കാൻ ശ്രദ്ദിച്ചു കൊണ്ട് രജനി നീട്ടി വിളിച്ചുകൊണ്ടു അടുക്കളയിലേയ്ക്ക് ചെന്നു.. സുമ ദൃതിയിൽ ഫോൺ കട്ട്‌ ചെയ്തു..

 

” എന്തേ ചേച്ചി.. ”

 

” നീ പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കേണ്ട കുട്ടീ.. എനിക്കാകെ ഒരു പിടി ചോറു മാത്രമേ വേണ്ടു.. ഭക്ഷണം ഒക്കെ നന്നേ കുറവാണിപ്പോൾ ”

 

അതിനു മറുപടിയായി സുമ ചിരിച്ചതേ ഉള്ളൂ..

 

” വെയിലത്ത്‌ വന്നതാണെന്ന് തോന്നുന്നു.. എനിക്ക് വല്ലാത്ത തലവേദന.. ഞാൻ കുറച്ചു സമയം അമ്മയുടെ മുറിയിൽ ഒന്ന് കിടക്കട്ടെ.. നിന്റെ ജോലി ഒതുങ്ങുമ്പോൾ വരൂ ”

 

സുമയോട് പറഞ്ഞു കൊണ്ട് രജനി അമ്മയുടെ മുറിയിലേയ്ക്ക് നടന്നു.. അമ്മയുടെ മുറിയിലും മാറ്റങ്ങളുണ്ട്.. മുറിയിൽ പണ്ടത്തെ പോലെ രാമച്ചതിന്റെയും കർപ്പൂരത്തിന്റെയും മണമല്ല.. മറ്റേതോ ഊഷ്മളമായ ഗന്ധം. അമ്മയുടെ കട്ടിലിൽ അമ്മയ്ക്ക് പ്രിയപ്പെട്ട വെള്ള വിരിപ്പ് മാറ്റി കടുംനീല നിറത്തിൽ ഒന്ന് വിരിച്ചിരുന്നു. അമ്മ മുണ്ടും വേഷ്ടിയും ഒക്കെ വിരിച്ചിട്ടിരുന്ന മരത്തിന്റെ തട്ടിക അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അമ്മയുടെ പുത്തൻ മുണ്ടുകളും മറ്റും വെച്ചിരുന്ന പഴയ അലമാര പോളിഷ് ചെയ്തു വെച്ചിരുന്നു.അമ്മയുടേതായി ഉണ്ടായിരുന്നതിൽ അതു മാത്രമേ അവിടെ ശേഷിച്ചുള്ളൂ. രജനി വെറുതെ അതൊന്നു തുറന്നു നോക്കി. അമ്മയുടെ മുണ്ടുകൾ, വേഷ്ടികൾ, അമ്മയുടെ രാമായണം, ഭാഗവതം.. എല്ലാം അടുക്കി തന്നെ അതിൽ വെച്ചിരിക്കുന്നു.. രജനി അവയിലൂടെ വിരലോടിച്ചു.അമ്മയ്‌ക്കേറെ പ്രിയപ്പെട്ട, അമ്മ എപ്പോളും ഉടുത്തിരുന്ന വീതി കുറഞ്ഞ കസവിന്റെ മുണ്ട് അവളെടുത്തു നെഞ്ചോടു ചേർത്തു. അമ്മയെന്ന ഓർമ്മ അവളെ ശ്വാസം മുട്ടിച്ചപ്പോൾ രജനി അതുമായി കട്ടിലിലേക്ക് ചാഞ്ഞു..

 

അമ്മയുടെ അടുത്തൊന്നിരിക്കാൻ.. അമ്മയുടെ മടിയിലേയ്ക്ക് ഒന്ന് ചാഞ്ഞു കിടക്കാൻ.. ആ നേർത്ത വിരലുകൾ കൊണ്ട് തന്റെ മുടിയിഴകൾ ഒന്ന് തലോടാൻ.. രജനി വല്ലാതെ കൊതിച്ചു. തടി കുറഞ്ഞതും മുടി കൊഴിഞ്ഞതും ഇരുവാളിച്ചതും ഒക്കെ പറഞ്ഞുള്ള അമ്മയുടെ ആകുലതയിൽ പൊതിഞ്ഞ ശകാരങ്ങൾ ഒരിക്കൽ കൂടി കെട്ടിരുന്നെങ്കിൽ എന്നവളുടെ ഉള്ളം ദാഹിച്ചു. അമ്മയോട് മാത്രം പറഞ്ഞിരുന്ന.. പറയാനുള്ള ഒരു നൂറു സ്വകാര്യങ്ങളും തമാശകളും സങ്കടങ്ങളും വേവലാതികളും അവളുടെ ഉള്ളിൽ തന്നെ ഇരുന്നു വെന്തുരുകി കണ്ണീരായി പുറത്തെത്തി.. അമ്മയില്ലായ്മ എന്ന ശൂന്യത തീർക്കുന്ന ഒറ്റപ്പെടൽ എത്ര ഭീകരമാണെന്ന് അറിയുകയായിരുന്നു രജനി.. ഭർത്താവും മക്കളും കൂടപ്പിറപ്പും ഒക്കെ ഉണ്ടായിട്ടും ആരുമില്ലാതായെന്ന തോന്നൽ അവളിൽ വല്ലാതെ വേരോടി.. മനസ്സിന്റെ താപത്തിൽ തളർന്നിട്ടോ എന്തോ.. മയങ്ങി പോയതൊന്നും രജനി അറിഞ്ഞില്ല..

 

തലയിൽ ആരോ സ്പർശിച്ചത് അറിഞ്ഞാണ് രജനി ഞെട്ടിയുണർന്നത്. അടുത്തിരിക്കുന്ന സഹോദരൻ രാജേഷിനെ കണ്ടപ്പോൾ രജനി അന്തിച്ചു നോക്കി..

 

” എന്ത് ഉറക്കാടി ചേച്ചി ഇത്.. എണീക്ക് ”

 

പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോൾ രജനി ചെടിയെണീറ്റു..

 

” നീയെപ്പോ വന്നു? ഞാൻ ഓരോന്നോർത്തു കിടന്നപ്പോൾ മയങ്ങിപ്പോയി ”

 

” ഹാ.. ഞാനിപ്പോ വന്നതേ ഉള്ളൂ.. നീ മുഖം കഴുകി വാ.. ചോറുണ്ണാം..”

 

രാജേഷ് പുറത്തേക്ക് നടന്നപ്പോൾ രജനി ദീർഘമായി ശ്വാസം വിട്ടു. ഒന്നുറങ്ങി എണീറ്റപ്പോൾ മനസ്സിന്റെ പിടപ്പ് കുറച്ചു മാറിയത് പോലെ അവൾക്ക് തോന്നി..

 

*****

 

” ചേച്ചീ.. ഞാൻ വൈകീട്ട് ഒന്ന് വിളിക്കാൻ ഇരിക്കുവാരുന്നു നിന്നെ.. ”

 

രാജേഷ് പറഞ്ഞപ്പോൾ രജനി ചോദ്യഭാവത്തിൽ അവനെ നോക്കി..

 

” ഇല്ലാ.. കുറച്ചു ദിവസമായി സുമയ്ക്ക് ആകെ ക്ഷീണവും ഒക്കെയാണ്.. അവൾക്ക് ഡേറ്റ് ഒന്നും കറക്റ്റ് അല്ലല്ലോ.. എന്നാലും സംശയം തോന്നി കാലത്ത് ഒന്ന് യൂറിൻ ടെസ്റ്റ്‌ ചെയ്തു.. പോസിറ്റീവ് ആണ് കണ്ടത്.. ”

 

രാജേഷ് പറഞ്ഞത് കേട്ട് രജനി അമ്പരപ്പോടെ സുമയെ നോക്കി. അവൾ ആകെപ്പാടെ ചുവന്നിരുന്നു..

 

” സുമ ഒന്നും പറഞ്ഞില്ലല്ലോ.. ”

 

” ഡോക്ടറെ കണ്ട് ഉറപ്പിച്ച ശേഷം പറഞ്ഞാൽ മതി എന്നോർത്തിട്ടാണ്. ഇന്നു വൈകീട്ട് ഡോക്ടറെ കണ്ട ശേഷം നിന്നെ വിളിക്കാം എന്നാ കരുതിയത്. ”

 

രജനിയ്ക്ക് സന്തോഷം കൊണ്ട് വാക്കുകൾ മുട്ടിപ്പോയി.. രാജേഷിന്റെയും സുമയുടെയും വിവാഹം കഴിഞ്ഞ് മൂന്നര വർഷം കഴിഞ്ഞിരുന്നു. അവർക്കൊരു കുഞ്ഞില്ലാത്തത് അമ്മയ്ക്ക് വലിയ വിഷമം ആയിരുന്നു. അമ്മയുടെ ഏറ്റവും വലിയ പ്രാർത്ഥനയും ആഗ്രഹവും ആയിരുന്നു രാജേഷിന്റെ കുഞ്ഞ്.. ഓരോന്നോർത്ത് രജനിയുടെ കണ്ണ് നിറഞ്ഞു.

 

” അമ്മ അവിടെച്ചെന്നു പറഞ്ഞു കാണും.. അല്ലെ ചേച്ചി.. ”

 

രാജേഷ് കണ്ണ് നിറച്ചു ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ രജനി തലയാട്ടി.

 

” ഡോക്ടറെ കാണാൻ പോകാൻ വേറെ ആരാടാ ഉള്ളത്? സുമയുടെ അമ്മ വരുമോ?”

 

” ഇല്ല.. അവിടെ ഒന്നും പറഞ്ഞിട്ടില്ല.. ഇതുപോലെ ഉറപ്പായ ശേഷം മതി എന്നോർത്തു.. പിന്നെ അവിടെ ഇവളുടെ അനിയത്തിക്ക് പരീക്ഷ ഒക്കെയാണ് ”

 

” എങ്കിൽ ഞാൻ കൂടെ വരാം.. ”

 

രജനി പെട്ടന്ന് പറഞ്ഞു..

 

” വേണ്ടെടി.. നിനക്കിന്നു തന്നെ പോണ്ടേ? അവിടെ പിള്ളേരില്ലേ ”

 

” അതൊന്നും കുഴപ്പമില്ല.. ഞാൻ വിളിച്ചു പറയാം.. അവർ അഡ്ജസ്റ്റ് ചെയ്തോളും.. ആദ്യമായി പോകുമ്പോൾ നീ തനിച്ചു പോണ്ട ”

 

രജനി സുമയെ ചിരിയോടെ നോക്കി.. സുമയുടെ മുഖത്ത് അനിഷ്ടത്തിന്റെ അലയൊലികൾ ഉണ്ടോയെന്നു രജനി തിരഞ്ഞു.. അവളുടെ മുഖത്തു നിറഞ്ഞ സന്തോഷമാണ്.. നന്ദിയാണ്.. തന്റെ മനസ്സിലും ഒരു കുളിരു പടരുന്നത് രജനി അറിഞ്ഞു

 

*********

 

” സുമേ.. എന്നും വിളിക്കണം.. എന്താവശ്യം ഉണ്ടെങ്കിലും പറയാൻ മടിക്കരുത്.. ഞാൻ പറ്റുന്നത് പോലെയൊക്കെ ഓടി വരാം.. നല്ലവണ്ണം ശ്രദ്ധിക്കണം.. ”

 

സുമയുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് രജനി പറഞ്ഞു.

 

” എടാ.. തോന്നിയത് പോലെ കറങ്ങി നടക്കരുത്.. ഓഫീസ് വിട്ടാൽ ഉടനെ വീട്ടിൽ വന്നോണം.. പിന്നെ നമ്മുടെ ഞാറയ്ക്കലെ ജാനകിയമ്മയോട് പകൽ ഒന്ന് വരാൻ പറയാം ”

 

” എന്തിനാ അവരെയൊക്കെ വിളിക്കുന്നത്? ഇപ്പൊ ഇവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ.. പിന്നെന്താ ”

 

രാജേഷ് ചിരിയോടെ ചോദിച്ചു..

 

” നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല.. സുമയ്ക്ക് ഇത് ആദ്യത്തെ വിശേഷം അല്ലെ.. എന്തെങ്കിലും ക്ഷീണം തോന്നിയാൽ.. ഒരു ഗ്ലാസ്‌ വെള്ളം എടുത്തു തരാൻ പറയണമെങ്കിൽ ആരെങ്കിലും വേണ്ടേ? ”

 

രജനിയുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയ അമ്മയുടെ ചിത്രത്തിലേയ്ക്ക് നീണ്ടു..

 

” ജാനകിയമ്മ വന്നോട്ടെ.. മുറ്റമടിക്കുകയോ. അകം തൂത്തു തുടയ്ക്കുകയോ.. ഒക്കെ അവര് ചെയ്തോളും.. പിന്നെ സുമയ്ക്ക് മിണ്ടീം പറഞ്ഞും ഇരിക്കാലോ

.. അതിനു എന്തെങ്കിലും കൊടുത്താൽ മതി.. അവർക്ക് പറ്റാത്ത ദിവസം ഞാൻ വരണ്ട്.. അത്ര ദൂരമൊന്നും ഇല്ലാലോ ”

 

സുമയും രാജേഷും ഒന്നും പറഞ്ഞില്ല.. ഒരു നിമിഷം രജനിയുടെ സ്ഥാനത്തു അമ്മയാണെന്ന് അവർക്ക് തോന്നി..

 

യാത്ര പറഞ്ഞിറങ്ങുമ്പോൾ പടിക്കലെത്തി രജനി ഒന്നുകൂടി തിരിഞ്ഞു നോക്കി.. രാജേഷിനും സുമയ്ക്കും നേരെ കൈവീശുമ്പോൾ മുറ്റത്തെ ചെമ്പകമരത്തിനു ചുവട്ടിൽ മുണ്ടിന്റെ കൊന്തല കൊണ്ട് കണ്ണ് തുടയ്ക്കുന്ന അമ്മയെ അവൾ വെറുതെ സങ്കൽപ്പിച്ചു.. ഒരു ഗദ്ഗദം അവളുടെ തൊണ്ടയിൽ തടഞ്ഞു നിന്ന്.. ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയുടെ ശേഷിപ്പെന്ന പോലെ..

 

 

VandanA

Leave a Reply

Your email address will not be published. Required fields are marked *