ചില കാര്യങ്ങൾ
(രചന: Muhammad Ali Mankadavu)
“സുകുമാരനെ ഒറ്റക്ക് വീട്ടിലാക്കിയിട്ട് നീയും മക്കളുമെല്ലാം എവിടെക്കാ പോയത്? ഓനൊന്നു മൂത്രമൊഴിക്കാൻ പോകാൻ വേണ്ടി, അവിടെ, ഓനെ കാണാൻ വന്നവരുടെ സഹായം വേണ്ടി വന്നൂലോ…
രശ്മിയുടെ ഭർത്താവാണ് പോലും ടോയ്ലറ്റിലേക്ക് പോകാൻ കൈപിടിച്ചു സഹായിച്ചത് “..
അമ്മിണിയമ്മയുടെ ദേഷ്യം നിറഞ്ഞ വാക്കുകൾ ശാരദയുടെ ഇരു ചെവികളിലേക്കും തുളച്ചു കയറി..
ഇതിന് മുൻപും പല പ്രാവശ്യം പല രീതിയിലുള്ള കുത്തുവാക്കുകൾ കേട്ടിട്ടുണ്ടെങ്കിലും ശാരദ ഒരക്ഷരം മറുവാക്ക് പറയാറില്ല..
അമ്മായിയമ്മയുമായി കൊമ്പുകോർക്കാൻ നിൽക്കാറില്ല.. അത് ശാരദയ്ക്ക് ശീലമില്ല..
പിന്നെ ഭർത്താവിന്റെ അമ്മയും, വയോധികയായ അമ്മിണിയമ്മയോട് അതീവ ബഹുമാനത്തോടെ മാത്രമേ പെരുമാറാറുമുള്ളൂ..
“ഞാനും മകളും, ഉച്ചക്ക് മുൻപ് മരണപ്പെട്ട തെക്കിയാട്ടെ സുബൈദ ഉമ്മയുടെ വീട്ടിൽ പോയതാ.. എന്റെ ചെറുപ്പ കാലം മുതൽ, എന്റെ അമ്മയെ പോലെ തന്നെ എന്നോട് സ്നേഹവും കരുതലും കാണിച്ചിരുന്നവരാ അവർ..
എന്റെ മക്കളെയും അവർക്ക് വല്യ കാര്യമാ.. അറിയാലോ.. അവരുടെ ശവമെടുക്കും മുൻപ് അവസാനമായി ഒന്ന് കാണാൻ ഓടിപ്പോയതാ..
വരുന്ന വഴി അമ്മയെയും ഒന്ന് കണ്ടേക്കാം എന്ന് കരുതിയാ ഇവിടെ കൂടി കയറിയത്”,”പിന്നെ സുകുവേട്ടൻ സ്വന്തമായി തന്നെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കട്ടെ.. അത്യാവശ്യമെങ്കിൽ മാത്രം ചെറിയ സപ്പോർട്ട് കൊടുത്താ മതി എന്ന് ഡോക്ടറും പറഞ്ഞു തന്നിരുന്നു..
അതും കൂടി ഓർമ്മിച്ചിട്ടാ.. പിന്നെ അത്യാവശ്യ സഹായത്തിന് സുമതി വീട്ടിൽ തന്നെയുണ്ടല്ലോ.. ”
ഭർത്താവിന്റെ അമ്മയോട് സംസാരിക്കുമ്പോൾ സാധാരണ ഉണ്ടാകാറുള്ള അത്ര മയത്തിലുള്ള ശബ്ദത്തിലല്ല താൻ സംസാരിക്കുന്നതെന്ന് ശാരദ തിരിച്ചറിയുന്നുണ്ടായിരുന്നു.
ശാരദയുടെ വാക്കുകൾ അമ്മിണിയമ്മയുടെ തികട്ടി വന്ന കോപത്തെ നിയന്ത്രിച്ചു നിർത്താൻ തക്കതായിരുന്നില്ല എന്ന് അവരുടെ അടുത്ത പ്രതികരണത്തിൽ നിന്നും ശാരദയ്ക്ക് മനസ്സിലായി..
“ഏത് ഡോക്ടറാ അങ്ങനെ പറഞ്ഞെ?”
വീട്ടു ജോലിക്കാരിയെക്കൊണ്ട് സുകൂനെ നോക്കാനാക്കീട്ടാ നീ പോകല്?..
അതെങ്ങനെ ശരിയാകും?, രശ്മിയും നാത്തൂനും ഭർത്താവും അപ്പോ അവിടെ എത്തീലെങ്കിൽ എന്താകുമായിരുന്നു കഥ..
അരവിന്ദനല്ലേ സുകൂന്റെ കൈപിടിച്ചു ടോയ്ലെറ്റിലാക്കിയെ..അമ്മിണിയമ്മ, വാക്കുകൾ നീട്ടി വലിച്ച്, കണ്ണുരുട്ടിക്കൊണ്ട് ശാരദയുടെ നേരെ ചീറി..
ഒരു തവണ കൂടി സംയമനം വിടാതെ ശാരദ മറുപടി നൽകി..”അമ്മേ.. അതിന് മാത്രം കിടക്കയിലായിപ്പോയ ആളൊന്നുമല്ല സുകുവേട്ടൻ..
അകന്ന ബന്ധത്തിൽ നിന്നു പോലും ഇത്രേം അധികം ആൾക്കാർ സന്ദർശിക്കാൻ വരാൻ മാത്രം ഒരു കുഴപ്പവുമില്ല, അങ്ങനെ ഒരു ഗുരുതരരോഗിയുമല്ല സുകുവേട്ടൻ”..
സന്ദർശക ബാഹുല്യം ഒരു ശല്യമാകുന്നുവെന്നത് പരിമിതമായ വാക്കുകളിലൂടെ ശാരദ പറഞ്ഞൊപ്പിച്ചു, ശേഷം അമ്മിണിയമ്മയോട് യാത്ര പറഞ്ഞിറങ്ങി..
അറുപത്തഞ്ച് വയസ്സുള്ള റിട്ടയേർഡ് എൻജിനീയർ സുകുമാരൻ നമ്പ്യാർ, ഒരു മാസം മുൻപ് ടോയ്ലെറ്റിൽ നിന്നും വീണു അരക്കെട്ടിന് ചെറിയൊരു പൊട്ടൽ, മൈനർ സർജറി വേണ്ടി വന്നു..
ഒന്നരമാസത്തെ വിശ്രമമാണ് ഡോക്ടർ നിർദ്ദേശച്ചത്.കേട്ടറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും ദിനേന സുകുമാരൻ നമ്പ്യാരെ സന്ദർശിച്ചു കൊണ്ടിരിക്കുന്നു…
ഭാര്യ ശാരദയും, ഭോപ്പാലിൽ നിന്നും അച്ഛനെ പരിചരിക്കാനെത്തിയ മകൾ ആരതിയും, എല്ലാ സന്ദർശകരെയും മാന്യമായി സ്വീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു..
വിശ്രമ സമയത്തും സുകുമാരൻ നമ്പ്യാരെ കാണാൻ ഒന്നൊന്നായി വീട്ടിലെത്തുന്ന സന്ദർശകർ, വീട്ടുകാർക്ക് ചിലപ്പോളെല്ലാം ശല്യമായി മാറുകയും ചെയ്യുന്നുണ്ട്.
ഭർത്താവിന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ശാരദയുടെ, കടന്നൽ കുത്തേറ്റത് പോലെയുള്ള മുഖം കണ്ടു, ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന സുകുമാരൻ നമ്പ്യാർ ചോദിച്ചു,
“എന്ത് പറ്റി? മരണവീട്ടിൽ പോയി വന്നവൾ മുഖം വീർപ്പിച്ചു കാണുന്നു!! “..ഉമ്മറപ്പടിക്കടുത്ത് തന്നെ നിലത്തോട് ചേർത്ത് തയ്യാറാക്കിയ ഇരിപ്പിടത്തിലൊന്നിൽ ഇരുന്നു, മറുതലക്കൽ ഇരിപ്പുറപ്പിച്ച മകൾ ആരതിയോടായി, ഭർത്താവിന്റെ ചോദ്യത്തിന് നിറകണ്ണുകളോടെ ശാരദ മറുപടി നൽകി..
” ഇത്രേം കാലം നിന്റച്ഛന് ഒരു കുറവും ഞാൻ വരുത്തീട്ടില്ല.. സാധാരണ ഞാൻ ഒറ്റക്ക് എവിടെയെങ്കിലും പോകേണ്ടി വന്നാൽ കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് ഒരുക്കി വെച്ചിട്ടേ പോകാറുള്ളൂ..
ഈ കഴിഞ്ഞ ഒരു മാസക്കാലം സുകുവേട്ടന്റെ അടുത്തൂന്ന് ഞാൻ മാറീട്ടില്ല.. ,
ഇപ്പൊ കുറച്ച് സമയം, അതും അത്യാവശ്യത്തിന് മാറി നിൽക്കുമ്പോളേക്കും കാര്യമറിയാതെ ഇങ്ങനെ ഓരോന്ന് കേൾക്കുമ്പം,
ഞങ്ങളവിടെയെത്തുമ്പോൾ ശവമെടുക്കാനുള്ള സമയമായതിനാൽ അത് കഴിയാതെ ഇറങ്ങി വരുന്നത് ശരിയല്ലല്ലോ ..
ഇത്രയും പറഞ്ഞു തീരുമ്പോളേക്കും ശാരദ വിതുമ്പിപ്പോയിരുന്നു.അച്ഛമ്മയുടെ ശകാരത്തിന് സാക്ഷിയായിരുന്ന ആരതിക്ക്, അമ്മയെ ആശ്വസിപ്പിക്കാൻ തക്ക വാക്കുകളൊന്നും പറയാൻ കിട്ടിയില്ല..
സുകുമാരൻ നമ്പ്യാർ ഭാര്യയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..”എന്റെ അമ്മ, രശ്മിയുടെ വാക്കുകൾ കേട്ട് എന്തെങ്കിലും നിന്നെ കുറ്റപ്പെടുത്തി പറഞ്ഞെന്നു വെച്ച് നീ ഇങ്ങനെ വിഷമിക്കാതെ. ഞാൻ അനുവദിച്ചത് കൊണ്ടല്ലേ നിങ്ങൾ രണ്ടു പേരും പോയത്.. ”
“നീ എന്താണെന്ന് എനിക്കറിയുന്നത് പോലെ വേറെ ആർക്കാ അറിയുക? ഈശ്വരനറിയാലോ നമ്മുടെ മനസ്സുകൾ , എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല..
കിടക്കയിൽ നിന്നും എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ബാലൻസ് ശരിയാകാൻ കൈകുത്തി എഴുന്നേൽക്കുമ്പോ അരവിന്ദൻ എന്റെ കയ്യിലൊന്നു പിടിച്ചു.. അല്ലാതെ മറ്റൊന്നുമുണ്ടായില്ല.. ”
“എന്നാലും അത് കുറെ വിശദീകരിച്ച്, രശ്മി, ഇത്ര വേഗത്തിൽ അമ്മയുടെ ചെവിയിലെത്തിക്കുമെന്ന് വിചാരിച്ചില്ല.. ടോയ്ലറ്റ്, വീടിന്റെ പുറത്ത് അങ്ങേയറ്റതൊന്നുമല്ലല്ലോ..
സുകുവേട്ടൻ കിടക്കുന്ന നമ്മുടെ മുറിയിൽ തന്നെയല്ലേ.. അമ്മയുടെ വാക്കുകൾ ഇപ്പോളും എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാ”
ശാരദയുടെ സങ്കടം മാറുന്നില്ല..”എന്റെ ശാരദേ, നീ ഒന്നെഴുന്നേറ്റു വന്നേ.. എന്റെ കൈപിടിക്ക്.. ടോയ്ലെറ്റിൽ പോകണം, എന്റെ തൂണും ക്രച്ചസുമെല്ലാം നീയാണ്, അതിന് ബലം കുറഞ്ഞാ ഞാൻ വീണുപോകും “..
സുകുമാരൻ നമ്പ്യാർ തുടർന്നു..” പിന്നെ, ഞാൻ ആ അമ്മേടെ മോനല്ലേ..ഏതമ്മക്കും മക്കൾ വിഷമിക്കുന്നുണ്ടെന്ന് കേൾക്കുമ്പോ സങ്കടമുണ്ടാവില്ലേ, ഇല്ലാത്തതും കൂട്ടി,
അപ്പോ തന്നെ പോയി അമ്മയോട് എല്ലാം റിപ്പോർട്ട് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ..അത് രശ്മിയുടെ പക്വതക്കുറവായി കണ്ടാ മതി.. കാര്യമറിയുമ്പോൾ അമ്മ തന്നെ നിന്നോട് ക്ഷമ ചോദിക്കും, അമ്മേടെ സ്വഭാവം നിനക്കറിയില്ലേ?”
അതും പറഞ്ഞു സുകുമാരൻ നമ്പ്യാർ ശാരദയുടെ കൈ പിടിച്ചു വീടിനടകത്തേക്ക് കയറി..ടോയ്ലെറ്റിൽ പോകാനെന്ന് കള്ളം പറഞ്ഞു ഭാര്യയെ സമാധാനിപ്പിക്കാൻ തങ്ങളുടെ മുറിയിലേക്ക്..
“ഇത്രേം കാലത്തിനിടയിൽ സുകുവേട്ടന്റെ അമ്മയോട് മറുവാക്ക് പറഞ്ഞു പോയതിലാ എനിക്ക് സങ്കടം”..
നിറകണ്ണുകൾ സാരിത്തലപ്പു കൊണ്ട് തുടച്ചു, ഭർത്താവിന്റെ കൂടെ മുറിയിലേക്ക് നടക്കുമ്പോൾ, ശാരദയുടെ കുറ്റബോധം നിറഞ്ഞ വാക്കുകൾ..
“അത് സാരമില്ലെടോ.. നീ ഉള്ള കാര്യം അമ്മയോട് പറഞ്ഞെന്നല്ലേയുള്ളൂ.. അതിനെന്താ”.. സുകുമാരൻ നമ്പ്യാർ ഭാര്യയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..
തിരിഞ്ഞു, മകൾ ആരതിയെ നോക്കി സുകുമാരൻ നമ്പ്യാർ ഒന്നു കണ്ണിറുക്കുകയും ചെയ്തു…