തിരികെ
(രചന: Sony Abhilash)
എന്നും ഇരിക്കാറുള്ള പതിവ് ബെഞ്ചിൽ വാകമരത്തിന്റെ തണലേറ്റിരുന്നു ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു
സാമുവേൽ കുറച്ചകലെയായി കുറെ കുട്ടികൾ കളിക്കുന്നുണ്ട്
അതിൽ പലരും അവിടെയുള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുമാണ് സ്ഥിരം കാഴ്ചയായത് കൊണ്ട് ഇപ്പോ എന്തോ സാമുവലിന്റെ കണ്ണുകൾ അത് അത്ര ശ്രെദ്ധിക്കാറില്ല..
ഇത് സാമുവൽ ഈ നഗരത്തിലെ വാട്ടർ അതോറിറ്റി ഓഫീസിൽ ക്ലാർക്ക് ആണ് മുപ്പത്തിയഞ്ചു വയസായി ഇതുവരെ കല്ല്യണം കഴിഞ്ഞട്ടില്ല
വീട്ടിൽ അമ്മ മേരി മാത്രമേ ഉള്ളു അവർ ഒരുപാട് നിര്ബന്ധിക്കുന്നുണ്ട് മകനെ ഒരു വിവാഹത്തിനായി പക്ഷേ സാമുവൽ ഇതുവരെ സമ്മതിച്ചിട്ടില്ല.
സാമുവലിന്റെ ശ്രെദ്ധ ബുക്കിൽ മാത്രമായി പെട്ടന്നാണ് ” അന്നമോളെ ” എന്നൊരു വിളി അവന്റെ കാതിൽ പതിച്ചത്..
അവൻ വേഗം തലയുയർത്തി ഒരു സ്ത്രീ ഒരു കുഞ്ഞു പെൺകുട്ടിയുടെ നേരെ ഓടി വരുന്നു അവനാ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
എവിടെയോ കണ്ടു മറന്നത് പോലെ അവൻ ഒന്നുകൂടി ആ സ്ത്രീയെ നോക്കി ” മരിയ ” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.. പഴകി നിറമങ്ങിയ ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം
പെട്ടന്ന് സ്ഥലകാലബോധം വന്ന് സാമുവൽ നോക്കുമ്പോൾ ആ സ്ത്രീയും പെൺകുട്ടിയും അവിടെയുണ്ടായിരുന്നില്ല അവൻ വേഗം ബുക്ക് ബാഗിൽ വച്ചിട്ട് ആ കുട്ടികളുടെ അടുത്തേക്ക് ചെന്നു അവനെ കണ്ട് അവർ കളിനിർത്തി ആ മുഖം അവർക്ക് പരിചിതമാണ്..
” മക്കളേ ഇപ്പോ ഇവിടൊരു പെൺകുട്ടി വന്നില്ലേ ആ കുട്ടിയെ നിങ്ങൾക്ക് അറിയാവുന്നതാണോ..? ”
” അറിയില്ല ചേട്ടാ ഞങ്ങളും ആദ്യമായ് കാണുകയാണ്..പക്ഷേ ഒരു ചേച്ചി വന്ന് അതിനെ വിളിച്ചുകൊണ്ടുപോയി എങ്ങോട്ടാണെന്നറിയില്ല ”
” ആണോ..എന്നാ നിങ്ങൾ കളിച്ചോളു ആ കുട്ടിയെപ്പറ്റി എന്തെങ്കിലും അറിഞ്ഞാൽ എന്നോട് പറയണേ..”
അവർ തലയാട്ടി
അവൻ ഉടനെ തന്നെ കാറുമെടുത്ത് വീട്ടിലേക്ക് പോയി ആകെ മനസ് അസ്വസ്‌ഥമായി..
” അത് അവൾ മരിയ തന്നെയാണോ.. അതോ തന്റെ തോന്നലാണോ.. ആണെങ്കിൽ അവളെങ്ങിനെ ഈ നഗരത്തിൽ..”
പലവിധ ചിന്തകളാൽ അവന്റെ മനസ് പുകഞ്ഞു..
വണ്ടി വീടിന്റെ മുറ്റത്തേക്ക് ഇട്ടിട്ട് അവനിറങ്ങി അകത്തേക്ക് ചെന്നു സാമുവലിന്റെ മുഖം കണ്ടപ്പോഴേ എന്തോ പന്തികേടുണ്ടെന്ന് മേരിക്ക് തോന്നി സോഫ യിലിരിക്കുന്ന സാമുവലിന്റെ അടുത്തേക്ക് അവർ ചെന്നു..
” എന്ത്പറ്റിയെടാ മോനെ..നിന്റെ മുഖമെ
ന്താ വല്ലതിരിക്കുന്നത്..? ”
” ഒന്നുമില്ലമ്മിച്ചി..ഞാനിന്നൊരാളെ കണ്ടു പക്ഷേ അത് അയാൾ തന്നെയാണോന്ന് എനിക്കറിയില്ല..”
” പറയ് ആരെയാ നീ കണ്ടത്..”
” അത് മരിയയെ…”
” മരിയയോ..ഏത് നമ്മുടെ ചാക്കോയുടെ പെങ്ങളേയോ..? ”
” അതേ അമ്മച്ചി അവള് തന്നെയാണോ എന്ന് ഉറപ്പില്ല..കൂടെ ഒരു പത്തു വയസ് ഒക്കെ തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു…”
” അവളെന്താ ഈ നഗരത്തിൽ.. എന്തെങ്കിലും ആവട്ടെ എന്റെ മോൻ അതൊന്നും തിരക്കി പോകണ്ട..”
” അമ്മച്ചി എനിക്കൊരു ചൂട് കട്ടൻചായ വേണം കടുപ്പത്തിൽ വല്ലാത്ത തലവേദന ”
അത് പറഞ്ഞിട്ട് മുറിയിലേക്ക് പോകുന്ന സാമുവലിനെ മേരി വിഷമത്തോടെ നോക്കി നിന്നു.. കട്ടിലിൽ തലയിണ ചാരി വച്ചിട്ട് സാമുവൽ അതിലേക്ക് കിടന്നു..
” അത് മരിയ തന്നെയാണോ..അവളുടെ വേഷമെല്ലാം വളരെ മോശമായിട്ടാണ് തോന്നിയത്…അവളും ഭർത്താവും കുഞ്ഞും അവിടെ യാണോ താമസിക്കുന്നത്..” അവൻ ചിന്തിച്ചു..
അപ്പോഴേക്കും മേരി ചായയുമായി വന്നു അവനത് വാങ്ങി എന്നിട്ട് മേരിയോട് പറഞ്ഞു
” അമ്മച്ചി കഴിച്ചിട്ട് കിടന്നോ..എനിക്ക് അത്താഴം വേണ്ട വിശപ്പില്ല…”
അത് കേട്ട മേരി വേഗം മുറിക്ക് പുറത്തിറങ്ങി വാതിൽ ചാരി..സാമുവൽ ആ ചായയുമായി അവിടെ കിടന്ന മേശക്കരികിലെത്തി അതിന്റെ വലിപ്പിൽ നിന്നും ഒരു ഡയറി എടുത്തു
അതിനൊരു പത്തുവർഷത്തെ പഴക്കമുണ്ടായിരുന്നു അവനത് തുറന്നു അതിൽനിന്നും ഒരു ഫോട്ടോ പുറത്തെടുത്തു
അതൊരു പാവാടയും ബ്ലൗസും ധരിച്ച ഒരു സുന്ദരി പെൺകുട്ടിയുടെയായിരുന്നു അവനാ ഫോട്ടോയിലേക്ക് നോക്കി ആ കട്ടിലിലേക്ക് കിടന്നു അവന്റെ ഓർമ്മകൾ പത്തുവർഷം പുറകിലേക്ക് നടന്നു..
അപ്പച്ചൻ മരിച്ചപ്പോൾ ആശ്രിത നിയമനത്തിലാണ് ജോലി കിട്ടിയത് അതും തിരുവനന്തപുരത്ത് അമ്മച്ചിയെ തനിച്ചാക്കി തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ മടിയായിരുന്നു
പക്ഷേ അപ്പച്ചന്റെ ഒരു സഹോദരി അസുഖം മൂലം കല്ല്യണം കഴിക്കാതെ വീട്ടിലുണ്ടായിരുന്നു അവർ ഒന്നിച്ചു താമസിച്ചോളാം എന്ന് പറഞ്ഞത് കൊണ്ട് ജോലിക്ക് ജോയിൻ ചെയ്യാമെന്ന് തീരുമാനിച്ചു
അങ്ങിനെ ഇരുപത്തഞ്ചാം വയസിൽ സർക്കാരുദ്യോഗസ്ഥനായി അവിടുത്തെ വാട്ടർ അതോറിറ്റിയിൽ ജോയിൻ ചെയ്‌തു.
പുതിയ സ്ഥലം പരിചയക്കാർ ആരുമില്ല അടുത്തുള്ള ലോഡ്ജിൽ റൂമെടുത്തു പിറ്റേ ദിവസം ജോലിക്ക് ജോയിൻ ചെയ്തു എല്ലാവരും വന്ന് പരിചയപെട്ടു.
” അല്ല സാമുവൽ എവിടെയാണ് താമസം..? ” കൂടെയുള്ള ദാസൻ സാർ
ചോദിച്ചു
” അത് ഇപ്പോ ഇവിടെ അടുത്തൊരു ലോഡ്ജിലാണ് ഇവിടെ പരിചയക്കാരില്ലല്ലോ വൈകാതെ എവിടേലും ശരിയാക്കണം ”
“നമ്മുടെ പ്യുൺ ചാക്കോയോട് ഒന്ന് ചോദിച്ചു നോക്ക് അവന്റെ കസ്റ്റഡിയിൽ കാണും ”
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ മുന്നിൽ വന്ന് നിന്നു സാമുവൽ ചോദ്യ ഭാവത്തിൽ അവനെ നോക്കി..
” സാർ എന്റെ പേര് ചാക്കോ ഇവിടുത്തെ പ്യുണാണ് അപ്പുറത്തുനിന്നും ദാസൻ സാറാണ് ഇങ്ങോട്ട് വിട്ടത്..”
” സാറ് പറഞ്ഞു ചാക്കോയോട് പറഞ്ഞാൽ താമസിക്കാൻ ഒരു വീട് ശരിയാക്കി തരുമെന്ന്..”
” ഇങ്ങിനെയുള്ള വീടാണ് വേണ്ടത് ഫാമിലിക്ക് താമസിക്കാനുള്ളതാണോ..”
” ചാക്കോ ഞാൻ വിവാഹിതനല്ല.. തൽക്കാലം എനിക്ക് ഒറ്റക്ക് താമസിക്കാൻ ഒരു വീട് മതി…”
” സാറേ ഇവിടന്ന് ഒരു പത്തുമിനിറ്റ് നടക്കാനുള്ള ദൂരത്തിൽ ഒരു വീടുണ്ട് പ്രായമായ ദമ്പതികൾ മാത്രമുള്ളു മക്കളൊക്കെ വിദേശത്താണ് അപ്പോ അവർക്കൊരു കൂട്ട് എന്ന രീതിയിൽ വീടിന്റെ മുകൾ നില വാടകക്ക് കൊടുക്കുന്നുണ്ട് അത് നോക്കിയാലോ ”
” ഓക്കേ ഇന്ന് പോയാലോ..”
” ശരി പോകാം..”
വൈകിട്ട് ഓഫീസിൽ നിന്നും ചാക്കോയുടെ വണ്ടിയിൽ അങ്ങോട്ട് പോയി വീട് കണ്ടു രണ്ട് റൂം ബാത്ത് റൂം പിന്നേ കുറച്ചു സ്ഥലം നെറ്റ് അടിച്ചു മറച്ചിട്ടുണ്ട്..
അടുക്കള സൗകര്യം ഇല്ലായിരുന്നത് ഒരു ബുദ്ധിമുട്ടായി തോന്നി.. അത് അവരോട് പറഞ്ഞ പ്പോൾ അവരുടെ ഗ്യാസ് സിലിണ്ടറിൽ ഒന്ന് തരാം അവിടെ ഒഴിഞ്ഞു കിടക്കുന്നിടത്ത്
പാചകം ചെയ്യാൻ അനുവാദം കിട്ടി മാസം രണ്ടായിരം രൂപ വാടക എല്ലാം പറഞ്ഞുറ പ്പിച്ചു പിറ്റേദിവസം തന്നെ അങ്ങോട്ട് മാറാൻ തീരുമാനമായി…
ഓരോ ദിവസം കഴിയുന്തോറും ചാക്കോയു മായി കൂടുതൽ അടുത്തു ഒരേ പ്രായക്കാർ ചാക്കോക്ക് അപ്പനും അമ്മയും രണ്ട് സഹോദരികൾ അതിൽ ചേച്ചി വിവാഹിതയാണ്
ഒരാൾ അനിയത്തി പേര് മരിയ അവിടെ അടുത്തൊരു ടെലിഫോൺ ബൂത്തും ഫോട്ടോസ്റ്റാറ്റ് ഒക്കെ ചെയ്തു കൊടുക്കുന്ന ഒരു കടയിൽ ജോലിക്ക് പോകുന്നു..
ഒരു ഞായറാഴ്ച്ച ചാക്കോയു ടെ നിര്ബന്ധപ്രകാരം അവരുടെ വീട്ടിൽ ചെന്നു അന്നവന്റെ ചേച്ചിയും ഭർത്താവും വന്നിട്ടുണ്ടായിരുന്നു അന്നാണ് സാമുവൽ മരിയയെ ആദ്യമായ് കാണുന്നത്..
സുന്ദരിയായിരുന്നു മരിയ അതുപോലെ വായാടിയും സാമുവലിനോടും അവൾ ഒരുപാട് സംസാരിച്ചു അന്നവിടെന്നിറങ്ങു മ്പോൾ ഇനിയും വരണേ മോനെയെന്ന് ചാക്കോയുടെ അമ്മ പറഞ്ഞു..
ഇടക്കെല്ലാം അവനവിടെ പോകുമായിരുന്നു എപ്പോഴോ സാമുവലിന്റെ മനസിൽ മരിയ
കടന്നുകൂടി ഇടക്കെല്ലാം മേരിയും ആന്റി യും അവന്റെ കൂടെ വന്ന് താമസിച്ചു
അവരും മരിയയെ കണ്ടു അവർക്കും ഇഷ്ടമായി അവരുടെ താൽപര്യത്തെ ചാക്കോയുടെ വീട്ടുകാരും അനുകൂലിച്ചു..
ഇതിനിടയിൽ പെട്ടന്നായിരുന്നു സാമുവലിന്റെ ആന്റി മരിച്ചത് ഒറ്റക്കായ മേരിയെ അവൻ തന്റെയടുത്തേക്ക് കൊണ്ടുവന്നു
ഒരു ദിവസം ജോലിക്കായി വീട്ടിൽ നിന്നും പോയ മരിയ തിരിച്ചു വന്നില്ല എല്ലാവരും പരിഭ്രാന്തരായി ഓടിനടന്നു അങ്ങിനെ രാത്രിയായപ്പോൾ ചാക്കോയുടെ വീട്ടിലേക്ക് ഒരു ഫോൺ വന്നു അവൾക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ പോവാണെ ന്നും ഇനിയാരും അവളെ തിരക്കണ്ട എന്നുമായിരുന്നു ആ ഫോൺ..
ആകെ നാണം കെട്ട ചാക്കോയും കുടുംബവും അവിടുന്ന് എങ്ങോട്ടുപോയിയെന്ന് ആർക്കുമറിയില്ലായിരുന്നു നാല് വർഷം അവിടെ ജോലി ചെയ്‌തിട്ട് സാമുവൽ കൊച്ചിയിലേക്ക് മാറി
ആ ഫോട്ടോ തിരിച്ചതിൽ വച്ചിട്ട് അവൻ കണ്ണുകൾ അടച്ചുകിടന്നു കുറച്ചു കഴിഞ്ഞ പ്പോൾ ആരോ തലയിൽ തലോടുന്നത് പോലെ അവനു തോന്നി കണ്ണുകൾ തുറന്ന പ്പോൾ അരുകിൽ മേരിയിരിപ്പുണ്ടായി രുന്നു..
” മോനെ കഴിഞ്ഞതൊക്കെ മറന്നേക്ക് നീ ഒരിക്കൽ ആഗ്രഹിച്ചതാണ് അവളെ അവളുടെ വീട്ടുകാർക്കും സമ്മതമായിരുന്നു നേരിട്ട് സംസാരിച്ചിരുന്നില്ല എന്നത് സത്യമാണ്
പക്ഷേ അവൾ സ്വന്തം തീരുമാനത്തിൽ ഇറങ്ങിപോയവളാണ് അന്ന് അമ്മ പറഞ്ഞില്ലേ അടക്കിപിടിക്കേണ്ട സ്വാതന്ത്രമായി വിടുക അത് നിനക്ക് വിധിച്ചതല്ലെന്ന് അല്ലങ്കിൽ അന്നവൾ നിന്നിൽ എത്തി ചേർന്നേനെ..ഇനി എന്റെ മോൻ വിഷമിക്കരുത്…”
ദിവസങ്ങൾ പതിവുപോലെ കടന്നുപോയി സാമുവൽ എന്നും ആ ബെഞ്ചിൽ തന്നെയിരുന്നു പക്ഷേ അവന്റെ കണ്ണുകൾ ബുക്കിലയിരുന്നില്ല അവിടെ കളിക്കുന്ന കുട്ടികളിൽ ആയിരുന്നു ഒരു ദിവസം അവനങ്ങിനെ ഇരിക്കുമ്പോൾ ഒരു കുട്ടി ഓടി അവന്റെയടുത്തെത്തി
” ചേട്ടൻ അന്ന് ചോദിച്ചില്ലേ അവർ ആ കോളനി കണ്ടോ അവിടയാണ് താമസം ”
” ഏത്..ആ കാണുന്ന കോളനിയിലോ..”
അതേ ചേട്ടാന്നും പറഞ്ഞിട്ട് അവനോടി പോയി വർദ്ധിച്ച നെഞ്ചിടിപ്പോടെ സാമുവൽ അങ്ങോട്ട് നടന്നു ഒരു ചെറിയ വീട് അവൻ വാതിലിൽ തട്ടിയിട്ട് കാത്തു നിന്നു വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ നോക്കി അന്ന് കണ്ട ആ പത്തു വയസുകാരി..
” ആരാ..? ”
” അമ്മയില്ലേ മോളെ…ഒന്ന് വിളിക്കു..”
” അമ്മേ…ഒന്ന് വന്നേ…”
അന്നമോളുടെ വിളികേട്ട് മരിയ അവിടെ യെത്തി മുന്നിൽ നിൽക്കുന്ന ആളെ അവൾ സംശയത്തോടെ നോക്കി..
” മരിയക്ക് എന്നെ മനസ്സിലായോ..ഞാൻ സാമുവലാണ് ചാക്കോയുടെ കൂട്ടുകാരൻ ”
പെട്ടന്ന് തന്നെ അവൾക്ക് ആളെ മനസിലാ യി വേഗം കസേര വലിച്ചിട്ടിട്ട് അവൾ അവനെ ക്ഷണിച്ചു.. അവിടെയിരുന്ന് അവനാ വീട് മൊത്തം നോക്കി..
” സാമുവലേട്ടനു എങ്ങിനെ മനസിലായി ഞങ്ങൾ ഇവിടുണ്ടെന്ന്…” മരിയ അത്ഭുത ത്തോടെ ചോദിച്ചു
അന്ന് കണ്ട കാഴ്ച്ച സാമുവൽ മരിയയോട് പറഞ്ഞു എന്നിട്ട് ചോദിച്ചു
” നീയും കുഞ്ഞും മാത്രമേ ഉള്ളോ ഇവിടെ വേറെയാരുമില്ലേ..”
” ഞാനും കുഞ്ഞും മാത്രമുള്ളു ഇവിടെ..”
” അപ്പോ നിന്റെ ഭർത്താവ്..? ”
” അങ്ങനെയൊരാൾ ഇപ്പോളില്ല..മരിച്ചു പോയി..”
അതൊരു ഞെട്ടിക്കുന്ന വാർത്തയായിരു ന്നു സാമുവലിനു
” എന്ത് പറ്റി എങ്ങിനെയാ മരിച്ചത്..? ”
” ജയിലിൽ കിടന്ന് മരിച്ചു..”
” ജയിലിലോ..നീ എന്താന്ന് വച്ചാൽ തെളിച്ചു പറയ് മരിയ..”
” പറയാം..” അത് പറഞ്ഞിട്ട് അടുത്തുനിന്ന കുഞ്ഞിനോട് പോയി കളിച്ചോളാൻ പറഞ്ഞു..എന്നിട്ട് സാമുവലിനു നേരെ തിരിഞ്ഞു..
“സാമുവലേട്ടനു ഞാൻ ജോലി ചെയ്തിരു ന്നത് അറിയാലോ..
ഞങ്ങളുടെ കടയിൽ സ്ഥിരം ഫോൺ ചെയ്യാനായി വരുന്ന ആളായിരുന്നു ബാബു കാണാൻ വലിയ മോശമല്ലയിരുന്നു
അവിടെ അടുത്തുള്ള ഇരുമ്പ് ഗോഡൗണിൽ ആയിരുന്നു ജോലി എന്നും വരുന്നത് കൊണ്ട് ചിരിക്കും പിന്നേ ഇടക്ക് എന്തെങ്കിലും ചോദിക്കലായി പിന്നേ സൗഹൃദവും പ്രണയവുമായി..
എങ്ങിനെയെങ്കിലും ഈ കാര്യം വീട്ടിൽ പറയാനിരുന്നപ്പോളാണ് ഒരു ദിവസം അപ്പച്ചനും അമ്മച്ചിയും ചേട്ടനും സംസാരിക്കുന്നത് ഞാൻ കേൾക്കുന്നത്
” സാമുവൽ നല്ല പയ്യനാ കാണാനും സ്വഭാവം കൊണ്ടും നല്ല തറവാട്ടുകാരും എന്താടാ ചാക്കോ നിന്റെ അഭിപ്രായം ”
” അത് പിന്നേ അപ്പച്ചാ സാറിന്റെ നല്ല സ്വഭാവമാണ്..ആ അമ്മച്ചിയും നല്ലതാണ് അവർക്ക് മരിയ മോളെ ഇഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് നടന്നാൽ അവളുടെ ഭാഗ്യം..”
” മ്മ്…നിനക്കോടി..”
” എനിക്കും ഇഷ്ടമാണ് ആ കൊച്ചനെ..”
” ചാക്കോയെ ഒരു ദിവസം അവരുടെ വീട്ടിൽ പോയി നമുക്ക് ഈ കാര്യം സംസാരിക്കാം..”
അതുകേട്ട് എന്റെ ഉള്ളു കത്തി.. ദൈവമേ നീ എന്നെ ചതിക്കല്ലേ ഞാനുള്ളുരുകി പ്രാർത്ഥിച്ചു വിവരം ഞാൻ ബാബു ചേട്ടനോട് പറഞ്ഞു..
അങ്ങിനെയാണ് വീട് വിട്ട് അയാളുടെ കൂടെ പോരാൻ തീരുമാനിച്ചത് കൈയിലുള്ള സ്വർണവും പണവുമായി അയാൾക്കൊപ്പം ഞാൻ നാടുവിട്ടു.. അയാളുടെ വീട്ടിലെത്തി..
ഒരു ചേരിയിലായിരുന്നു അയാളുടെ വീട് അതിൽ ഒരു മുറിയിൽ അയാളുടെ ഭാര്യ പ്രസവിച്ചു കിടക്കുന്നത് കണ്ട് ഞാൻ ഞെട്ടി പോയി അപ്പോഴാണ് ഞാൻ ചതിക്കപ്പെട്ടു എന്ന് എനിക്ക് മനസിലായത്
ആ പെണ്ണിനേയും അയാൾ ഇതുപോലേ വിളിച്ചിറക്കി കൊണ്ടുവന്നതാണ് അത് ഒരു രോഗി കൂടിയായിരുന്നു..
ഭാര്യയേ കൊണ്ട് ഇനി അയാളുടെ ആഗ്രഹങ്ങൾ ഒന്നും നടത്തി കൊടുക്കാൻ പറ്റില്ലാന്ന് അയാൾക്ക് മനസിലായി അതിനുവേണ്ടിയാണ് അയാൾ എന്നെ അവിടെയെത്തിച്ചത്..
ഭാഗ്യത്തിന് ഞങ്ങൾ വിവാഹിതരായിരുന്നില്ല ഒരു ദിവസം അയാളുടെ ഭാര്യ എന്നോട് എങ്ങിനെയെങ്കിലും രക്ഷപെടാൻ പറഞ്ഞു ഒരു വൈകുന്നേരം മ ദ്യപിച്ചു വന്നയാൾ എന്നെ കയറി പിടിച്ചു
ഞാൻ കുതറി മാറി ബഹളം കേട്ട് വന്ന അവർ അയാളിൽ നിന്നും എന്നെ രക്ഷിക്കാൻ ശ്രെമിച്ചു മ ദ്യത്തിന്റെ ലഹരിയും കോപവും അന്ധനാക്കിയ ആ മനുഷ്യൻ അവരെ അവിടെയിരുന്ന വാക്കത്തി കൊണ്ട് വെ ട്ടി കൊ ന്നു
വിവരമറിഞ്ഞു പോലീസുകാരെത്തി അയാളെ കൊണ്ടുപോയി ജീവപരന്ത്യം ശിക്ഷയും കിട്ടി.. അവിടെ വച്ചുണ്ടായ അടിപിടിക്കിടയിൽ അയാൾ മരിച്ചുവെന്ന് പിന്നീട് അറിഞ്ഞു
അനാഥയായ ആ പെൺകുഞ്ഞിനെ ഉപേക്ഷിക്കാൻ എനിക്ക് മനസ് തോന്നിയില്ല ആ കുഞ്ഞുമായി ഞാൻ ഇറങ്ങി നടന്നു ചെന്ന് നിന്നത് ഒരു കന്യാസ്ത്രി മഠത്തിന്റെ മുന്നിലാണ് പിന്നേയുള്ള ജീവിതം അവിടെ ആയിരുന്നു
അവിടന്ന് തയ്യൽ പഠിച്ചു ഞാൻ ചെയ്ത ചില വർക്കുകൾ കണ്ടിഷ്ട പെട്ട ഒരു കടക്കാർ മഠത്തിന്റെ അനുവാദത്തോടെ എന്നെ ഇവിടെ താമസിപ്പിച്ചിരിക്കുകയാണ്.. അങ്ങിനെയാണ് ഞാൻ ഇവിടെ എത്തിയത്…”
എല്ലാം കേട്ട ശേഷം സാമുവലവിടെ നിന്നിറങ്ങി വീട്ടിലെത്തിയ അവൻ അമ്മയോട് എല്ലാം വിശദമായി പറഞ്ഞു കേട്ടപ്പോൾ മേരിക്കും സങ്കടമായി..
” ഇനി എന്താ തീരുമാനം…അവൾ വിവാഹി തയല്ലെങ്കിൽ നമുക്കവളെ ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ മോനെ..”
” ഞാനുമത് ആലോചിച്ചു അമ്മേ.. എന്താ യാലും ഒരു ദിവസം പോയി അമ്മ സംസാരിക്ക് എന്നിട്ട് മഠത്തിൽ പോയി അവരോട് സംസാരിക്കാം…”
” ആ കുഞ്ഞിനെ എന്ത് ചെയ്യും…? ”
” എന്ത് ചെയ്യാനാ അമ്മേ അത് ഇവിടെ വളരട്ടെ…”
മേരിയെയും കൂട്ടി അവൻ മരിയയുടെ അടുത്തെത്തി അവർ സംസാരിച്ചിരുന്നു
” മോളെ ഒരിക്കൽ എന്റെ മോൻ നിന്നെ ഒരുപാട് മോഹിച്ചതാണ്..ഇന്ന് നിന്റെയെല്ലാ കഥയറിഞ്ഞിട്ടും നിന്നെ സ്വീകരിക്കാൻ അവൻ തയ്യാറാണ്..”
” വേണ്ടമ്മച്ചി കാര്യം ഒരു പെണ്ണിന് നഷ്ടപ്പെടേണ്ടതായ ഒന്നും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നാലും വീട്ടുകാരെ നാണംകെടുത്തി ഒരുത്തന്റെ കൂടെ ഇറങ്ങിപോയവളാണ് ഞാൻ എന്റെ വീട്ടുകാർ എവിടെയാണെന്ന് പോലും എനിക്കറിയില്ല..
ഇനി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഞാൻ വരുന്നത് ശരിയല്ല..”
” അതവനല്ലേ തോന്നേണ്ടത് നീയാ മഠത്തിന്റെ അഡ്രെസ്സ് തന്നെ ഞങ്ങൾ പോയി സംസാരിക്കാം…”
കുറെ നിർബന്ധിച്ചപ്പോൾ അവൾ അഡ്രെസ്സ് കൊടുത്തു..
പിറ്റേ ഞായറാഴ്ച്ച അവർ മഠത്തിലെത്തി അവിടുത്തെ മദറിനോട് പണ്ട് മുതലുള്ള
കാര്യങ്ങൾ എല്ലാം സംസാരിച്ചു എല്ലാം ശ്രെദ്ധയോടെ കേട്ടിരുന്ന ശേഷം അവർ സമ്മതം മൂളി
” അന്നമോളെ ഞങ്ങൾ ഇവിടെ നിർത്തി നോക്കിക്കൊള്ളാം..ശരിക്കും പറഞ്ഞാൽ മരിയക്ക് ആ കുട്ടിയുമായി ഒരു ബന്ധവുമില്ലല്ലോ…
ആ നീചന്റെ കുട്ടിയെ മനുഷ്യത്വം കൊണ്ട് അവൾ രക്ഷിച്ചതല്ലേ ഇനി നിങ്ങളുടെ പുതിയ ജീവിതത്തിൽ ആ കുഞ്ഞൊരു ബാധ്യത ആവേണ്ട..”
” വേണ്ടാ മദർ ആ കുഞ്ഞ് ഒരിക്കലും എനിക്കൊരു ബാധ്യതയല്ല അവൾ എന്റെ മോളായി ഞങ്ങളുടെ വീട്ടിൽ വളരും ഇനി വേറെ മക്കളുണ്ടായാലും ഞങ്ങളുടെ മൂത്ത മോളായി അവൾ കാണും പെൺകുഞ്ഞാണ് നല്ല വിദ്യാഭ്യാസം കൊടുത്തു വളർത്തണം” സാമുവൽ പറഞ്ഞു
” സാമുവൽ ഇതുപോലെ മനസ്ഥിതിയുള്ള ആളുകൾ വളരെ കുറവാണ്..
ഈ വാക്കുകളിൽ നിന്നും നിങ്ങൾ നല്ലൊരു മനസ്സിനുടമയാണെന്ന് എനിക്ക് മനസിലായി നിങ്ങളുടെ കരങ്ങളിൽ മരിയയും അന്നമോളും സുരക്ഷിതരായിരിക്കും കർത്താവിന്റെ അനുഗ്രഹം എന്നും നിങ്ങളുടെമേൽ ഉണ്ടാവട്ടെ..” സിസ്റ്റർ പറഞ്ഞു
കുറച്ചു ദിവസങ്ങൾക്ക് ശേഷം രജിസ്റ്റർ ഓഫീസിൽവച്ച് സാമുവലും മരിയയും വിവാഹിതരായി പുതിയ ജീവിതത്തിലേക്ക് കടന്നു സ്വാതന്ത്രമായി അവൻ പറത്തിവിട്ട അവന്റെ സ്നേഹം അവനെത്തേടി അവന്റെ അരികിലെത്തി അവനു മാത്രം സ്വന്തമായി…