(രചന: Prajith Surendrababu)
“താനെന്താ ഇങ്ങനെ മാറി നിൽക്കുന്നെ ഇങ്ങ് വാ വന്ന് എന്റെ അടുത്തിരിക്ക്”ആദ്യ രാത്രിയിൽ മുറിയിലേക്ക് വന്നു കേറവേ ഓരത്തായി
മാറി നിൽക്കുന്ന താരയെ കണ്ട് ആനന്ദ് അമ്പരന്നു. അവൾ മൗനമായിരുന്നു. അതോടെ പതിയെ അവൽക്കരികിലേക്ക് ചെന്ന് ആനന്ദ്.
” എടോ….പരിചയക്കുറവ് ഉണ്ടാകും എനിക്ക് അറിയാം.. പക്ഷെ അതൊക്കെ ഇനി മാറേണ്ടേ.. ഇനി മുതൽ നമ്മൾ ഒന്നല്ലേ.. ”
ആനന്ദ് ചുമലിലേക്ക് കൈ വയ്ക്കവേ വേഗത്തിൽ ആ കൈ തട്ടി മാറ്റി താര.”ക്ഷമിക്കണം. എനിക്ക് നിങ്ങളെ എന്റെ ഭർത്താവിന്റെ സ്ഥാനത്ത് കാണുവാൻ കഴിയില്ല.. ആ സ്ഥാനം വർഷങ്ങൾക്ക് മുന്നേ തന്നെ ഞാൻ രാജീവേട്ടന് നൽകിയതാണ്.”
പെട്ടെന്നുള്ള അവിടെ വാക്കുകൾ കേട്ട ആനന്ദിനു പ്രത്യേകിച്ച് നടുക്കമൊന്നുമുണ്ടായില്ല. അല്പസമയം അവളെ നോക്കി നിന്ന ശേഷം അവൻ പതിയെ മൗനമായി ബെഡിലേക്കിരുന്നു.
” ഞാൻ ഇത് പ്രതീക്ഷിച്ചു. പക്ഷെ മുന്നേ ഒരു വാക്ക് പറയാമായിരുന്നു എന്നോട്. ആദ്യം മുതലേ തന്റെ പെരുമാറ്റം കണ്ടപ്പോ എനിക്ക് സംശയം തോന്നിയതാണ്.
എത്ര വട്ടം ഈ കാര്യം ഞാൻ അങ്ങട് ചോദിച്ചതാണ്. താനൊന്ന് പറഞ്ഞിരുന്നേൽ ഇപ്പോൾ ഇങ്ങനൊരു സിറ്റുവേഷൻ ഉണ്ടാവില്ലായിരുന്നു ”
അവന്റെ മറുപടിക്ക് മുന്നിൽ താര മൗനമായി. അല്പസമയം പിന്നെയും നിശബ്ദത പരന്നു. ഒടുവിൽ താര തന്നെ സംസാരിച്ചു തുടങ്ങി.
” പത്തു വർഷങ്ങളായുള്ള പ്രണയമാണ് ഞാനും രാജീവേട്ടനും തമ്മിൽ. എന്റെ വീട്ടിൽ അറിയാവുന്നതാണ് ഇത്.എന്നാൽ ഏട്ടൻ താഴ്ന്ന ജാതി എന്ന് പറഞ്ഞിട്ട്
അവർ വിവാഹത്തിന് സമ്മതിച്ചില്ല. ഞാൻ ഇറങ്ങി പോയാൽ അച്ഛൻ ചത്തു കളയുമെന്ന് പറഞ്ഞപ്പോ എനിക്ക് വേറെ വഴി ഇല്ലാതെയായി.
അപ്പോഴാണ് രാജീവേട്ടൻ പറഞ്ഞത് വിവാഹം കഴിഞ്ഞ ശേഷം നിങ്ങളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നിങ്ങളുടെ സമ്മതത്തോടെ ഒന്നിക്കാം എന്ന്. അതുകൊണ്ടാണ് ഈ വിവാഹം കഴിയുന്നത് വരെ ഞാൻ കാത്തു നിന്നതും. ”
” ആ കൊള്ളാം ഇതേ സീൻ പണ്ട് ഏതോ ദിലീപ് ചിത്രത്തിൽ ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ആണോ.. ആദ്യ രാത്രിയിൽ തന്നെ കൊണ്ട് പോകാൻ ഈ പറഞ്ഞ രാജീവ് ഓട്ടോയുമായി പുറത്ത് വന്നു നിൽക്കുവാണോ. ”
അല്പം പുച്ഛം നിറഞ്ഞിരുന്നു ആനന്ദിന്റെ സ്വരത്തിൽ പക്ഷെ തെറ്റ് തന്റെ ഭാഗത്തു ആയതിനാൽ ശാന്തയായി തന്നെ മറുപടി പറഞ്ഞു താര
” രാജീവേട്ടൻ ഏട്ടന്റെ വീട്ടിൽ തന്നെ ഉണ്ട്. പെട്ടെന്ന് ഒരു ഒളിച്ചോട്ടം ഒന്നും ഞങ്ങൾ പ്ലാൻ ചെയ്തിട്ടില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞു നിങ്ങൾ ഈ ബന്ധം ഒഴിവാക്കാൻ
തയ്യാറായാൽ ഒരു രണ്ടാം കെട്ട് കാരി എന്ന നിലയിൽ രാജീവേട്ടന് എന്നെ സ്വന്തമാക്കാം. പക്ഷെ അതിനു നിങ്ങളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ പറ്റുള്ളൂ. ”
“അതുകൊള്ളാം അപ്പോ എന്റെ ലൈഫ് അതിനെ പറ്റി നിങ്ങൾ ചിന്തിച്ചുവോ.. സമൂഹത്തിൽ അത്യാവശ്യം നല്ല നിലയും വിലയുമുള്ള ഞാൻ സ്വയം ഒരു രണ്ടാം കെട്ട് കാരനായി എന്റെ ജീവിതം തുലയ്ക്കണോ.. ”
ആനന്ദിന്റെ ആ ചോദ്യത്തിനു താരയുടെ പക്കൽ മറുപടി ഇല്ലായിരുന്നു.വല്ലാത്ത അസ്വസ്ഥതയോടെ തന്റെ തലയിൽ തലോടി ആനന്ദ്…” ശ്ശേ.. ഇനി എന്താകും എന്റെ അവസ്ഥ.. ”
അല്പസമയം അവനെ തന്നെ നോക്കി നിന്ന ശേഷം താര ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു
” നിങ്ങൾ ഞങ്ങളെ ഒന്നാകുവാൻ സമ്മതിച്ചില്ല എങ്കിൽ പിന്നെ ഞാൻ ജീവനോടുണ്ടാകില്ല. കാരണം എന്റെ അവസാനത്തെ പ്രതീക്ഷയാണ് നിങ്ങൾ.
മാത്രമല്ല ഞാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും എത്രയോ നാൾ മുന്നേ തന്നെ രാജീവേട്ടന് കീഴടങ്ങിയതാണ്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ രാജീവേട്ടനീ എച്ചിൽ ആണ്. അത് മറക്കേണ്ട. ”
ഇത്തവണ ആനന്ദ് മൗനമായി ആ കേട്ട വാക്കുകൾ അവനു വലിയ നടുക്കമായിരുന്നു.
‘ ശെരിയാണ് മനസ്സ് കൊണ്ടും ശരീരം കൊണ്ടും മറ്റൊരാൾക്ക് സ്വന്തമായ ഒരുവളെ പിന്നെ കൂടെ നിർത്തിയിട്ട് എന്ത് കാര്യം ‘
ആ ചിന്ത അവന്റെ ഉള്ളം ആസ്വസ്തമാക്കി. പക്ഷെ ആദ്യരാത്രിയിൽ തന്നോട് കാണിച്ച ഈ ചതി വേഗത്തിൽ മറക്കുവാനും കഴിഞ്ഞില്ല അവന് ഒടുവിൽ അല്പസമയത്തെ ചിന്തകൾക്ക് ശേഷം ആനന്ദ് ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.
” താര… നീ പറഞ്ഞത് ശെരിയാണ്. മറ്റൊരാളുടേതായ നിന്നെ എനിക്കൊപ്പം നിർബന്ധിച്ചു പിടിച്ചു നിർത്തുന്നതിൽ അർത്ഥമില്ല. നീ പോയാൽ എനിക്ക് വലിയ നാണക്കേട് ആകുമായിരിക്കും പക്ഷെ സാരമില്ല.
താൻ രാജീവിനെ വിളിക്കു.. എനിക്കൊന്ന് കാണണം അയാളെ നമുക്ക് ഒരു നൈറ്റ് ഡ്രൈവിന് പോകാം. അയാളോടും വരാൻ പറയ്. ഒരുമിച്ചു സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തിച്ചേരാം… എല്ലാം വേഗത്തിൽ തന്നെ നടക്കട്ടെ.. ”
അപ്രതീക്ഷിതമായ ആ വാക്കുകൾ താരയുടെ മുഖത്ത് പുഞ്ചിരി വിടർത്തി. മിഴികൾ തുളുമ്പി. വല്ലാത്ത ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു അവൾ.
” വളരെ നന്ദി. നിങ്ങൾ വലിയവനാണ്. ഞാൻ കരുതിയില്ല ഇത്ര വേഗം ഞങ്ങടെ വിഷമം മനസിലാക്കും എന്ന്. ഒരുപാട് നന്ദിയുണ്ട്. തീർത്താൽ തീരാത്ത കടപ്പാടും. ”
തൊഴുകയ്യോടെ താര നിൽക്കുമ്പോൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു ആനന്ദ്.” എനിക്കിപ്പോ സന്തോഷം ആണോ എന്ന് ചോദിച്ചാൽ മറുപടി ഒന്നും പറയാൻ ഇല്ല. ഇപ്പോൾ എന്റെ വശം ചിന്തിക്കുന്നില്ല ഞാൻ. നിങ്ങടെ കാര്യം നടക്കട്ടെ.. ”
പുഞ്ചിരിയോടെ അവൻ കാറിന്റെ കീ കയ്യിലേക്കെടുത്തു.” ഞാൻ പുറത്ത് വണ്ടിക്കരികിൽ വെയിറ്റ് ചെയ്യാം താൻ രാജീവിനെ വിളിച്ചിട്ട് റെഡി ആയി വന്നോളൂ ”
ആ വാക്കുകൾ താരയുടെ ആവേശം കൂട്ടി. അതിയായ സന്തോഷത്തിൽ അവൾ ഫോൺ എടുത്ത് രാജീവിനെ വിളിച്ചു. അത് കേൾക്കാൻ നിൽക്കാതെ ആനന്ദ് പതിയെ പുറത്തേക്കിറങ്ങി.
ഇളം കാറ്റ് അവന്റെ മുടിയിഴകളെ തഴുകി. പതിയെ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടിലേക്ക് വച്ചു ഒരു പുക എടുക്കവേ അവന്റെ മിഴികൾ കുറുകി. മുഖത്തേക്ക് വല്ലാത്ത രോക്ഷം ഇരച്ചു കയറി.
അല്പ സമയം അങ്ങിനെ നിന്ന ശേഷം ആനന്ദ്നേരെ പോയത് വീടിനോട് ചേർന്നുള്ള ചെറിയ വിറക് പുരയിലേക്ക് ആണ്. അവിടെ വിറകുകൾക്കിടയിൽ അവന്റെ മിഴികൾ എന്തിനോ വേണ്ടി
പരതി. ഒടുവിൽ വേഗത്തിൽ തന്നെ ഒരു ചാക്ക് അവന്റെ മിഴികളിൽ തടഞ്ഞു. അതോടെ ആ മിഴികൾ ജ്വലിച്ചു..
” ചേട്ടാ ഞാൻ റെഡിയാണ് കേട്ടോ.. രാജീവ് ഏട്ടൻ എവിടെ വരണം എന്ന് ചോദിച്ചു ”
ആ സമയം പുറത്തു പോകാൻ റെഡിയായി ഏറെ സന്തോഷവതിയായി താരയും കാറിനരികിൽ എത്തി.
” അവനോട് ആ മേൽപ്പാലത്തിനു അടിവശം വരാൻ പറയ് നമുക്ക് അങ്ങട് പോകാം…. ഇന്നത്തെ സംസാരം അവിടെ ആകട്ടെ.. ”
ആ മറുപടി കേട്ട് സന്തോഷത്തിൽ ഫോണുമായി വീണ്ടും തിരിഞ്ഞു താര.ആ സമയം ആനന്ദിന്റെ മിഴികൾ ജ്വലിച്ചു. വല്ലാത്തൊരു തിളക്കം ആ മിഴികളിൽ കാണാമായിരുന്നു.
“അറിഞ്ഞോ.. മേൽപ്പാലത്തിന്റെ കീഴിൽ ആരുടെയോ രണ്ട് പേരുടെ ഡെഡ് ബോഡി കണ്ടെത്തിയെന്ന്. ഒരാണിന്റെയും പെണ്ണിന്റെയുമാണ്. തല വീട്ടിയെടുത്തേക്കുവാ രണ്ടിൽ നിന്നും ”
അതി രാവിലെ തന്നെ ആ വാർത്ത വേഗത്തിൽ നാടൊട്ടുക്കു പരന്നു. ചാനലുകാരും നാട്ടുകാരും പോലീസും എല്ലാവരും ചേർന്ന് വലിയൊരു കൂട്ടം തന്നെയുണ്ടായിരുന്നു മേൽപ്പാലത്തിനു കീഴിൽ.
” ഹേ… ഇത് നമ്മുടെ സഹദേവൻ കോൺടാക്ടരുടെ മോളല്ലേ.. ഇന്നലെ കല്യാണം കഴിഞ്ഞ കൊച്ച് “കൂട്ടത്തിൽ ആരോ താരയെ തിരിച്ചറിഞ്ഞു.
‘ഒടുവിൽ താര.. രാജീവ് എന്നിവരുടെയാണ് ബോഡികൾ എന്ന് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നു. ബിൽഡിങ് കോൺട്രാക്ടർ ആയ സഹദേവന്റെ
മകളായ താരയുടെ വിവാഹം ഇന്നലെയായിരുന്നു. ഒപ്പം ഉള്ളത് കാമുകനായിരുന്ന രാജീവ് ആണെന്നും വാർത്തകൾ വരുന്നുണ്ട്.
താരയുടെ ഹസ്ബൻഡ് ആനന്ദിനെയാണ് ഇപ്പോൾ പോലീസ് സംശയിക്കുന്നത്. നിലവിൽ അയാൾ ഒളിവിലാണ് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ‘ചാനലുകളിൽ നിരന്തരം വാർത്തകൾ വന്നു കൊണ്ടേയിരുന്നു.
” ഈ കൊച്ചിനെ കെട്ടിയത് ആ മേലേടത്തെ ആനന്ദ് അല്ലെ.. അവൻ ഒരു സൈക്കോ ആണ് സാറേ.. പണ്ട് ഭ്രാന്ത് കേറി ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടിട്ടു ചികിൽസിച്ചിട്ടുള്ളതാ.
അവൻ ഇത് ചെയ്തില്ലേലേ അതിശയം ഉള്ളു.. ഇപ്പോ നല്ല ജോലിയൊക്കെ ആയി വലിയ സെറ്റപ്പിൽ ആണ്. ഒന്നും തിരക്കാതെ പെണ്ണിനെ പിടിച്ചു കെട്ടിച്ചു കൊടുത്ത സഹദേവൻ കോൺട്രാക്ടറിനെ പറഞ്ഞാൽ മതിയല്ലോ .. ”
നാട്ടുകാരിൽ ചിലർ പോലീസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ആനന്ദ് തന്നെയാകും എന്നത് പോലീസ് ഉറപ്പിച്ചു. ഒളിവിൽ പോയ ആനന്ദിനായി അതോടെ പോലീസ് തിരച്ചിലും ആരംഭിച്ചു.
അതെ സമയം തന്നെ താമരശ്ശേരി ചുരത്തിലൂടെ ആനന്ദിന്റെ വെള്ള സ്വിഫ്റ്റ് കാർ മുകളിലേക്ക് പാഞ്ഞു. ഡ്രൈവിംഗ് സീറ്റിൽ വല്ലാത്ത ഒരു ഉന്മാദാവസ്ഥയിൽ അനന്ദും.
” നായ്ക്കൾ…എന്നെ ചതിക്കാം ന്ന് കരുതിയോ… ആനന്ദിനെ പറ്റിച്ചു ഒരുത്തരും ജീവിക്കാം ന്ന് കരുതേണ്ട.. ”
വല്ലാത്തൊരു ആവേശത്തോടെ അവൻ പതിയെ പിൻ സീറ്റിലേക്ക് ഒന്ന് പാളി നോക്കി. അവിടെ ഒരു ചാക്കിനു മുകളിൽ വച്ചിരുന്ന ചോര പറ്റിയ വാൾ കൂടി കാൺകെ ഉറക്കെ പൊട്ടിച്ചിരിച്ചു ആനന്ദ്.
പക്ഷെ അവൻ അറിഞ്ഞിരുന്നില്ല അവന്റെ കാത്ത് ചുരത്തിനു മുകളിൽ വയനാടിന്റെ കവാടത്തിൽ പോലീസ് നിൽക്കുകയാണ് എന്നത്.