എനിക്കൊപ്പം വളർന്നു വന്നത്
(രചന: Sarya Vijayan)
കിടന്നിട്ട് ഉറക്കം വരുന്നതേ ഇല്ല. അമ്മയുമച്ഛനും കാണാതെ എഴുന്നേറ്റ് അപ്പുറത്തെ മുത്തശ്ശി കിടക്കുന്ന മുറിയിൽ കത്തിച്ചു വച്ച ചിമ്മിനിയുടെ വെട്ടത്തിൽ കണ്ണാടിയിൽ ഒന്നുകൂടി നോക്കി.
അവർ എല്ലാവരും പറയുന്നത് സത്യം തന്നെ .. “ഞാൻ കാക്കയാണ്.”
ക റുത്തിരുണ്ട കവിൾ ത്തടങ്ങളിലൂടെയും നെറ്റിയിലൂടെയും ഒന്ന് തലോടി.
“ഞാൻ കുറച്ചു കൂടി വെളുത്തിരുന്നു എങ്കിൽ എന്ത് ഭംഗിയായിരുന്നേനെ. ഇപ്പോ എന്നെ കാക്കഎന്ന് വിളിക്കുന്നവരാരും പിന്നെ അങ്ങനെ വിളിക്കില്ല.”
എന്നാലും അവർക്ക് അങ്ങനെ വിളിക്കാൻ പാടുണ്ടോ? ഒന്നുമല്ലെങ്കിലും ഞാനവരുടെ ഫ്രണ്ട് അല്ലേ.
“എങ്ങനെയെങ്കിലും വെളുത്തേ പറ്റൂ. ഇനിയിപ്പോ ലച്ചു പറഞ്ഞ വഴി തന്നെ നോക്കാം.
നാളെ അച്ഛനുമമ്മയും പോയി കഴിഞ്ഞു തന്നെ പരീക്ഷണം നടത്തി കളയാം. കണ്ണാടി യഥാസ്ഥാനത്തു വച്ച ശേഷം വീണ്ടും പോയി കിടന്നു.
“മോളൂട്ടി നീ എഴുന്നേൽകുന്നില്ലേ, നിന്നെ വന്ന് ഉണ്ണി വിളിക്കുന്നു.”കണ്ണൊക്കെ തിരുമ്മി എഴുന്നേറ്റ് ഉമ്മറത്തേയ്ക്ക് ചെന്നപ്പോൾ ദേ കുളിച്ചു കുറിയും തൊട്ടു നിൽക്കുന്നു നല്ലവനായ ഉണ്ണി. എന്നെ കണ്ട മാത്രയിൽ ചോദ്യമെത്തി.
“കാക്ക ഇന്ന് എഴുന്നൽക്കാൻ താമസിച്ചോ? കാക്കകൾ നേരത്തെ എഴുന്നേൽക്കേണ്ടത് ആണല്ലോ.. എന്തുപറ്റി കാക്കേ.”
ദേഷ്യം കൊണ്ടാണെങ്കിൽ എന്റെ കണ്ണൊക്കെ ചുവന്നു. തിരികെ എന്തെങ്കിലും പറയും മുൻപേ അമ്മ വന്നു.”എന്താ മോളൂട്ടി നീ പോകുന്നില്ല.”
“ഇല്ല”എന്റെ മറുപടി കിട്ടിയയുടൻ ഉണ്ണി ഓടി പോയി.അവന് പിറകെ അമ്മ പിന്നെ അച്ഛൻ എല്ലാവരും പോയി കഴിഞ്ഞപ്പോൾ വീട്ടിൽ ഞാനും മുത്തശ്ശിയും മാത്രമായി.
പല്ലൊക്കെ മിനുക്കി. നേരെ അടുക്കളയിൽ ചെന്ന് ലച്ചു പറഞ്ഞ എന്റെ മരുന്ന് തപ്പി. ഇന്ന് ഒറ്റ ദിവസം കൊണ്ട് ഞാൻ ലോക സുന്ദരിയാകും.
അടുക്കളയിൽ കാണാഞ്ഞിട്ട് നേരെ പറമ്പിലേയ്ക്ക് ഇറങ്ങി. ഒരുവിധം സാധനം കണ്ടെത്തി. വീട്ടിന്റെ പുറത്തെ അരക്കല്ലിൽ കൊണ്ട് വന്നു അരച്ചു. അകത്തു വച്ചെന്തു ചെയ്താലും മുത്തശ്ശി കാണും.
എന്നെ കൊണ്ടാവും വിധം അരച്ച് മുറിയിൽ കൊണ്ട് വന്നു കണ്ണാടിയിൽ നോക്കി മുഖത്തേയ്ക്ക് വാരിപൊത്തിയത് മാത്രം ഓർമ്മയുണ്ട്.
പിന്നെ അവിടെ വലിയ ഒരു കരച്ചിൽ ആയിരുന്നു. കണ്ണും മുഖവും നീറി. കരച്ചിൽ കേട്ട് ഓടി വന്ന മുത്തശ്ശി വാരി എടുത്ത് കൊണ്ട് പോയി മുഖം കഴുകി. മുഖം നിറയെ വെളിച്ചെണ്ണ ഇട്ടു തന്നു.
മുഖത്തു നിന്നൊക്കെ ചൂടു കാറ്റ് വരുന്നത് പോലെ തോന്നി പോയി. മുത്തശ്ശി എടുത്തു മടിയിൽ വച്ച് കൊണ്ട് ചോദിച്ചു.”മോളേന്തിനാ മുളക് മുഖത്ത് വാരി തേച്ചത്.”
മടിച്ചാണെങ്കിലും ഒടുവിൽ ഞാൻ സത്യം പറഞ്ഞു.”വെളുക്കാൻ””മോളോട് ആര് പറഞ്ഞു മുളക് അരച്ചു തേച്ചാൽ വെളുക്കുമെന്ന് “”ലച്ചു”
“അങ്ങനെയൊന്നും വെളുക്കില്ല, ലച്ചു പച്ചമഞ്ഞൾ എന്നാകും പറഞ്ഞിട്ടുണ്ടാകുക. മോള് കേട്ടത്തിന്റെ കുഴപ്പമാകും. മാത്രമല്ല നമുക്ക് ജന്മനാ കിട്ടിയ നിറം നമുക്ക് അങ്ങനെ അങ്ങ് മാറ്റാൻ കഴിയുമോ?”
എന്റെ മുഖത്തെ സങ്കടം കണ്ടിട്ട് മുത്തശ്ശി വീണ്ടും പറഞ്ഞു.”നിറം മാറ്റണമെങ്കിൽ ഒപ്പം അച്ഛനെയും അമ്മയെയും മാറ്റണം നമ്മുടെ വീടും ഈ എന്നെയും മാറ്റണം.”
“അയ്യോ,അങ്ങനെയാണെങ്കിൽ എനിക്ക് വെളുക്കേണ്ട മുത്തശ്ശി..”കാലം കടന്നു പോയി. മുത്തശ്ശി എനിക്കൊരു ഓർമ്മ മാത്രമായി. ഒപ്പം ഞാനും വളർന്നു.. എനിക്കൊപ്പം…..
സ്കൂളിൽ എല്ലാവരേയും ചുവടുകൾക്കൊപ്പം എന്റെ ചുവടുകൾ ചേർന്നിട്ടും അവരോട് നിറം ചേരാതെ പോയതിൽ പുറത്താക്കപ്പെട്ട മത്സരവേദികൾ..
ഉറങ്ങാതെ കരഞ്ഞു തീർത്ത എന്റെ രാത്രികൾ..എട്ടാം ക്ലാസ്സിൽ ബിയോളജി പഠിച്ചപ്പോൾ അറിഞ്ഞു മെലാനിൻ ആണത്രേ കറുപ്പ് നിറം നൽകുന്നത്. പിന്നെ ദേഷ്യം മെലാനിനോടായി..
കൗമാരത്തിൽ ടി. വി യിൽ കണ്ട വെ ളുക്കുന്ന ക്രീ മിന്റെ പരസ്യം കണ്ട് അത് വാങ്ങി തരണം എന്ന് പറഞ്ഞു അച്ഛനോട് ശാഠ്യം പിടിച്ചു. കണ്ട ഒന്നും വാങ്ങി തേക്കണ്ട എന്ന് പറഞ്ഞു അച്ഛൻ വാങ്ങി തന്നില്ല.
പിന്നെ ഏതോ മാഗസിനിൽ വായിച്ചു വെള്ളം കുടിച്ചാൽ മതിയെന്ന്.പിന്നെ കുടിച്ചു തീർത്ത വെള്ളത്തിന് കൈയ്യും കണക്കുമില്ല. ഒടുവിൽ ഞാനൊരു കുടിയത്തിയായി പോയെക്കുമോ എന്ന് തോന്നിപ്പോയി.
നാളുകൾ വീണ്ടും അണപൊട്ടിയ ഡാം പോലെ വേഗത്തിൽ ഒഴുകി പോയി.യൗവ്വനത്തിൽ ആകട്ടെ ഈ കറുത്ത കാ ക്കയെ തേടി ആരും വന്നില്ല.
കടകണ്ണെറിഞ്ഞു നോക്കാമെന്ന് വെച്ചാൽ അരുണിമ എന്ന പേരിന് പകരം വേറെന്തെങ്കിലും പേര് വീണാലോ എന്ന് കരുതി അതിനും പോയില്ല.
പഠനവും കഴിഞ്ഞു ഒടുവിൽ വിവാഹവും കഴിഞ്ഞു.വിവാഹത്തിന്റെ ആദ്യ നാളുകളിൽ നിറം കുറഞ്ഞു പോയതിന്റെ പേരിൽ അവഗണനകൾ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടേണ്ടി വന്നു.
എന്നാൽ ഇരുളിൽ എനിക്കും ഇരുളിനും ഒരേ നിറമായതിനാൽ അദ്ദേഹത്തിന് നിറം ഒരു പ്രശ്നമല്ലാതായി. ക്രമേണ എല്ലാം മാറി, നിറമല്ല സൗന്ദര്യം എന്ന് മനസിലാക്കിയത് കൊണ്ടാകാം.
പിന്നെ എന്റെ മക്കൾ ജനിച്ചപ്പോൾ അവരും എന്നെപോലെ ആകാതിരിക്കാൻ ഞാൻ കഴിവതും ശ്രമിച്ചു.
“നിറവും ജാതിയും മതവും നോക്കി ആരേയും സ്നേഹിക്കരുത് അവരോട് ഇടപഴകരുത്. അങ്ങനെ നോക്കി ജീവിച്ചാൽ മനുഷ്യൻ അല്ലാതെ ആകും നമ്മൾ”…
എന്ന് ഞാനവരെ പറഞ്ഞു പഠിപ്പിച്ചു.ചിലരെങ്കിലും മാറ്റി നിർത്തിയത് കൊണ്ട് ഞാൻ എന്നെ മറന്നു. ഞാൻ എന്തെന്നോ? എന്റെ കഴിവ് എന്തൊക്കെ ആണെന്നോ? സ്വയം മനസിലാക്കി എടുക്കുന്നതിൽ എനിക്ക് പരാജയം സംഭവിച്ചു.
ഒരാൾ നഷ്ടമാക്കിയ എന്നിലെ ആത്മവിശ്വാസം എനിക്ക് തിരികെ പിടിക്കാൻ വർഷങ്ങൾ വേണ്ടി വന്നു. ഒരു അമ്മയാകേണ്ടി വന്നു.
എന്റെ മക്കൾക്ക് ആത്മവിശ്വാസം പകർന്നു നല്കുന്നതിനിടയിൽ എനിക്ക് എന്റെ അപകർഷതാബോധത്തോട് യുദ്ധംചെയ്യേണ്ടി വന്നുവെന്ന് തന്നെപറയേണ്ടി വരും.
എന്നിലെ ബാല്യവുംകൗമാരവും യൗവനവുംഞാൻ പേറി നടന്ന എന്റെ അപകർഷതാബോധം എന്നെ ആരുമാക്കി മാറ്റിയില്ല.
പകരം എല്ലാത്തിൽ നിന്നുമെന്നെ പുറത്താക്കി. എന്നിലെ പലകഴിവുകളും എന്നിൽ തന്നെ കുഴിച്ചു മൂടപ്പെട്ടു.
എന്നെ ഇല്ലാതാക്കിയത് മറ്റാരും ആയിരുന്നില്ല ഞാൻ തന്നെയായിരുന്നു.. എനിക്കൊപ്പം വളർന്നു വന്ന എന്റെ അപകർഷതാബോധം…