(രചന: Sivapriya)
രാത്രി ചാരിയിട്ടിരുന്ന വാതിൽ തള്ളി തുറന്ന് മുറിയിലേക്ക് ആരോ ഓടികയറുകയും കതക് അടച്ചു കുറ്റിയിടുകയും ചെയ്യുന്ന ശബ്ദം കേട്ടാണ് പാതി മയക്കത്തിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നത്.
മുറിയിൽ മുഴുവൻ ഇരുട്ടായിരുന്നതിനാൽ ആരാ വന്നതെന്ന് മനസിലായില്ല. ചേച്ചിയാണോ മുറിയിലേക്ക് വന്നതെന്ന് അറിയാതെ ഇരുട്ടിൽ ഞാൻ കണ്ണ് തുറന്ന് അങ്ങനെ തന്നെ കിടന്നു. ഇടയ്ക്ക് അവൾ എന്റെ മുറിയിലെ അലമാരയിൽ നിന്ന് ഡ്രസ്സ് എടുക്കാനായി വരാറുണ്ട്. അവൾ വന്ന് ലൈറ്റ് ഇട്ടാൽ ഉറക്കം പോകുമല്ലോന്ന് കരുതി ഞാൻ പുതപ്പ് തലവഴി മൂടി.
“രേവതി…” എന്ന് വിളിച്ചു കൊണ്ട് ആരോ ഒരാൾ പെട്ടെന്ന് എന്റെ അടുത്ത് വന്ന് ചേർന്ന് കിടന്നു. ഒരു പുരുഷന്റെ കൈകൾ എന്റെ ശരീരത്തിൽ അമർന്നു. ഇരുട്ടിൽ അയാളെന്നെ കെട്ടിപിടിച്ചു കഴുത്തിൽ ചുണ്ടമർത്തി.
രാത്രി ഈ സമയത്ത് എന്റെ മുറിയിൽ എന്റെ തൊട്ടരികിൽ പരിചിതമായ പുരുഷ സ്വരം കേട്ട് ഞാൻ ഞെട്ടിപ്പിടഞ്ഞെണീറ്റു. ഇരുളിന്റെ മറവിൽ അയാളെന്നെ വലിച്ചടുപ്പിച്ചു ബലമായി കഴുത്തിടിക്കിലും മുഖത്തുമൊക്കെ ചുമ്പിക്കാൻ തുടങ്ങിയതും ഞാൻ അലറി വിളിച്ചുകൊണ്ട് എഴുന്നേറ്റു.
ഒരു നിമിഷം പേടിച്ചു വിറച്ച് ഞാൻ ചുമരിനോട് ചേർന്ന് നിന്നു. എന്റെ അലർച്ച കേട്ട് വീടുണർന്നു. ആരൊക്കെയോ വന്ന് വാതിലിൽ ശക്തിയായി മുട്ടി. ഞാൻ ഓടിച്ചെന്ന് വാതിൽ തുറന്നു. കുടുംബാംഗങ്ങളെല്ലാം എന്റെ മുറിക്ക് പുറത്ത് വന്ന് നിൽപ്പുണ്ടായിരുന്നു.
“എന്താ മോളെ? എന്ത് പറ്റി നിനക്ക്?” എന്നെ നോക്കി അച്ഛൻ ചോദിച്ചതും ഞാൻ ഓടിച്ചെന്ന് അച്ഛന്റെ നെഞ്ചിലേക്ക് വീണു.
“അവിടെ… മുറിയിൽ ആരോ.. ആരോ ഉണ്ട് അച്ഛാ..” ഭയന്ന് വിറച്ചുകൊണ്ട് അച്ഛനോട് ഞാൻ വിളിച്ചു പറയുമ്പോൾ എല്ലാവരുടെയും നോട്ടം മുറിയിലേക്ക് പാളി വീണു.
“കേറി ചെന്ന് ലൈറ്റ് ഇട്ട് നോക്കെടാ.” അച്ഛൻ ചെറിയച്ഛനോട് പറയുന്നത് കേട്ടു.
ചെറിയച്ഛൻ മുറിയിലേക്ക് കേറി ലൈറ്റ് ഇട്ടു നോക്കി.
“പ്ഫാ നായിന്റെ മോനെ… കുടുംബത്ത് കേറി കളിക്കാൻ തുടങ്ങിയോ നീ.? അകത്തു നിന്ന് ചെറിയച്ഛന്റെ അലർച്ച കേട്ടു. ഒപ്പം അടി പൊട്ടിക്കുന്ന ശബ്ദവും.
“അവൾ വിളിച്ചിട്ട ഞാൻ വന്നത്. അവള് വാതിൽ തുറന്ന് തരാതെ ഞാൻ എങ്ങനെ ഇതിനുള്ളിൽ കടക്കും. ചെന്ന് ചോദിക്ക് അവളോട് എന്നെ വിളിച്ചു വരുത്തിയതല്ലേന്ന്. അവള് അര മണിക്കൂർ മുൻപ് എന്നെ ഫോൺ ചെയ്തതിന്റെ തെളിവുണ്ട് കാണിച്ചു തരാം.” അകത്ത് നിന്നും അരുണിന്റെ ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി.
പോക്കറ്റിൽ കിടന്ന ഫോണെടുത്ത് കാൾ ലിസ്റ്റിൽ എന്റെ നമ്പർ കിടക്കുന്നത് അവൻ ചെറിയച്ഛന് കാണിച്ചു കൊടുത്തു. ആ മൊബൈലും കൈയ്യിൽ പിടിച്ചു തലയും താഴ്ത്തി ചെറിയച്ഛൻ അച്ഛന് മുന്നിൽ വന്നു നിന്നു.
“നമ്മുടെ കൊച്ച് വിളിച്ചിട്ട അവൻ വന്നത്. ഇവളാ അവന് വാതിൽ തുറന്ന് കൊടുത്തത്. കണ്ടില്ലേ ചേട്ടാ അവളുടെ മൊബൈൽ നമ്പർ അവന്റെ ഫോണിൽ.” ചെറിയച്ഛന്റെ വാക്കുകൾ കേട്ട് അച്ഛൻ ഞെട്ടി.
“എനിക്കൊന്നും അറിയില്ലച്ഛ… ഞാൻ ആരെയും വിളിച്ചിട്ടില്ല.” ചുറ്റിലും നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ പകച്ചു നിന്നു. അടികൊണ്ട് വീർത്ത കവിൾ പൊത്തിപിടിച്ചു കൊണ്ട് മുറിയിൽ നിന്നും അരുൺ പുറത്തേക്ക് വന്നു.
പാറി പറന്ന മുടിയുമായി പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുന്ന എന്നെ അവൻ പകച്ചു നോക്കുന്നത് ഞാൻ കണ്ടു.
അമ്മ ഓടിവന്ന് ചെറിയച്ഛന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി നോക്കി. പിന്നെ പാഞ്ഞു വന്ന് അച്ഛനിൽ നിന്ന് എന്നെ അടർത്തി മാറ്റി കവിളിൽ ആഞ്ഞടിച്ചു.
“നീ വിളിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാടി അവന്റെ ഫോണിൽ നിന്റെ നമ്പർ വന്നത്. കുടുംബത്തിന്റെ മാനം കെടുത്താനായി ജനിച്ച അസത്തെ. ചത്ത് പോടീ നീ.” അമ്മയുടെ വാക്കുകൾ എന്നെ പൊള്ളിച്ചു.
“ഞാൻ ആരെയും വിളിച്ചിട്ടില്ല അമ്മേ. അച്ഛാ എനിക്കറിയില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.” അലമുറയിട്ട് കരഞ്ഞു കൊണ്ട് ഞാൻ അച്ഛന്റെ കാൽക്കൽ വീണു.
അമ്മയെന്നെ വലിച്ചെഴുന്നേൽപ്പിച്ചു വീണ്ടും വീണ്ടും തല്ലി. ചെറിയമ്മയുടെ പിന്നിലേക്ക് മാറി നിക്കുന്ന രേവതിയെ ചേച്ചിയെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ചേച്ചിയുടെ മുഖത്ത് നിറയെ പരിഭ്രമം.
പെട്ടെന്നാണ് അയാൾ രേവതി എന്ന് എന്നെ വിളിച്ചത് ഞാനോർത്തത്. ചേച്ചിയുടെ കാമുകനാണ് അരുൺ. പലപ്പോഴും ചേച്ചിക്കുള്ള കത്തുകൾ എന്റെ കൈവശമാണ് തന്ന് വിടാറുള്ളത്.
“ഒരിക്കൽ കോളേജ് വിട്ട് വരുന്ന വഴിക്ക് ബൈക്കിൽ ചാരി നിന്ന് ആരതി മോളും ഇവനും സംസാരിക്കുന്നത് ഞാൻ കണ്ടതാ ചേട്ടാ. പലപ്പോഴും ഞാനാ കാഴ്ച കണ്ടിട്ടുണ്ട്. ഇനി അവളുടെ കൂടെ കണ്ട് പോകരുതെന്ന് ഒരിക്കൽ ഞാൻ താക്കീത് ചെയ്തതുമാണ്.
പിന്നീട് ഇവനെ ഈ പരിസരത്തൊന്നും അധികം കാണാറില്ലായിരുന്നു. അവനും അവളും ഇങ്ങനെയൊരു പണി ഒപ്പിക്കുമെന്ന് വിചാരിച്ചില്ല ഞാൻ.” കോപത്തോടെ എന്നെയൊന്ന് നോക്കി അച്ഛനോട് ചെറിയച്ഛൻ പറയുന്നത് കേട്ട് ഞാൻ മരവിച്ചു പോയി.
സർവ്വവും തകർന്ന ഭാവത്തിലുള്ള അച്ഛന്റെ നിൽപ്പ് എന്റെ ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു.
“ഈ ചതി അച്ഛനോട് വേണായിരുന്നോ മോളെ?” നിറകണ്ണുകളോടെ അച്ഛനെന്നെ നോക്കി. ഉള്ളുലച്ചു കൊണ്ടുള്ള അച്ഛന്റെ ചോദ്യം എന്നെ അപ്പാടെ വിഴുങ്ങാൻ പോന്നതായിരുന്നു.
കുറേ നാൾ മുൻപ് വരെ കോളേജ് വിട്ട് വരുന്ന എന്നെയും കാത്തു അരുൺ വഴിയോരത്തു നിൽക്കുമായിരുന്നു. അന്നൊക്കെ അരുണിന്റെ കൈയ്യിൽ നിന്ന് ചേച്ചിക്ക് കത്തുകൾ വാങ്ങി കൊടുത്തിരുന്നു ഞാൻ. പിന്നെയൊരു ദിവസം അരുൺ കത്തുകൾ തരുന്നത് നിർത്തി. വഴിയിലും കാണാറില്ലായിരുന്നു.
ചെറിയച്ഛൻ കണ്ട് വഴക്ക് പറഞ്ഞതിന് ശേഷം എപ്പോഴോ രേവതി ചേച്ചിക്ക് അമ്പലത്തിൽ വച്ച് കണ്ടപ്പോൾ അയാൾ ഒരു മൊബൈൽ ഫോൺ കൈമാറിയിരുന്നു. പിന്നെ രഹസ്യമായി വിളിയും സംസാരവും അതിലായിരുന്നു. കോളേജിൽ എന്റെ സീനിയർ ആയിരുന്നു അരുൺ.
രേവതി ചേച്ചിയും അയാൾക്കൊപ്പമുള്ള ബാച്ച് ആയിരുന്നു. ഡിഗ്രി കഴിഞ്ഞ ശേഷം ചേച്ചി വീട്ടിലിരിപ്പായിരുന്നു. അപ്പൊ ഇരുവർക്കും തമ്മിൽ കാണാൻ പറ്റാത്തതിനാൽ അരുൺ എന്റെ കയ്യിലായിരുന്നു കത്തുകൾ തന്നിരുന്നത്. വല്ലപ്പോഴും അവർ തമ്മിൽ അമ്പലത്തിൽ വച്ച് കാണുമായിരുന്നു. ഇതൊക്കെ രേവതി ചേച്ചി തന്നെ പറഞ്ഞിട്ടുള്ളതാണ്.
അമ്മയെന്നെ തല്ലുന്നത് കണ്ട് അരുൺ എന്തോ പറയാനായി വായ തുറന്നതും ചെറിയച്ഛൻ അവനെ അവിടെ നിന്ന് പിടിച്ചു കൊണ്ട് പോയി.
അമ്മയെന്നെ മുറിയിലാക്കി വാതിൽ പുറത്ത് നിന്ന് അടച്ചുപൂട്ടി.
പുറത്ത് ആരുടെയൊക്കെയോ ഒച്ചപ്പാടും ബഹളവും കേൾക്കാം. കുറേ സമയം കഴിഞ്ഞു എല്ലാം നിശബ്ദമായി.
അച്ഛന്റെ രണ്ടാം ഭാര്യയാണ് എന്റെ അമ്മ. അച്ഛൻ എന്റെ അമ്മയെ കല്യാണം കഴിച്ചതോ ഞാൻ ഉണ്ടായതോ ഒന്നും ഇവിടെ ആർക്കും ഇഷ്ടമില്ലായിരുന്നു. അച്ഛന്റ് ആദ്യ ഭാര്യയിലെ മോളാണ് രേവതി ചേച്ചി. രേവതി ചേച്ചിയെ പ്രസവിച്ച ഉടനെ ചേച്ചിടെ അമ്മ മരിച്ചതാണ്. എനിക്കെന്റെ സ്വന്തം ചേച്ചിയെ പോലെയാണ്.
ചേച്ചിക്കും ഞാൻ സ്വന്തം അനിയത്തിയെ പോലെയായിരുന്നു. എന്നിട്ടും എന്തിനാണ് എന്നോടീ ചതി ചെയ്തതെന്ന് ചിന്തിക്കുകയിരുന്നു ഞാൻ. രേവതി ചേച്ചി വിളിച്ചിട്ടാണ് അരുൺ വന്നതെന്ന് എനിക്ക് മനസിലായിരുന്നു. പക്ഷേ അതൊന്നും ആരോടും പറയാൻ പറ്റാത്ത അവസ്ഥയാണ്.
അച്ഛനും ചെറിയച്ഛനും കുടുംബമായി അച്ഛമ്മയോടും അച്ചാച്ഛനോടൊപ്പം ഇവിടെ തന്നെയാണ് താമസം. ചെറിയച്ഛന്റെ രണ്ട് ആൺമക്കൾ ഒരാൾ ബാംഗ്ലൂർ ഒരാൾ ഡൽഹിയിലുമാണ് പഠിക്കുന്നത്.
എന്നെ ഇവിടെ ആർക്കും അത്ര ഇഷ്ടമല്ല. അമ്മയോട് വല്യ കുഴപ്പമില്ല. രേവതി ചേച്ചിക്ക് കിട്ടാനുള്ള സ്നേഹം കൂടെ അച്ഛനിൽ നിന്ന് എനിക്ക് പങ്കിട്ട് പോകുന്നതായിരുന്നു എല്ലാവരുടെയും പരാതി.
പക്ഷേ അതൊന്നും വക വയ്ക്കാതെ അച്ഛനെന്നെ ചേർത്ത് പിടിച്ചിട്ടേയുള്ളു. അമ്മ എന്നേക്കാൾ സ്നേഹിച്ചത് രേവതി ചേച്ചിയെയാണ്. ആരും ഒരു തരത്തിലും ചേച്ചിയെ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഓരോന്ന് ഓർത്ത് കരഞ്ഞു തളർന്ന് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
ഇന്ന് എന്നെ പെണ്ണ് കാണാൻ വരാനിരിക്കുകയായിരുന്നു ഒരു കൂട്ടർ. പയ്യന് ബാങ്കിലാണ് ജോലി. പയ്യന്റെ അമ്മയ്ക്ക് അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടു വന്ന ആലോചനയാണ്. ആളിന്റെ പേര് മാധവ്. ഫോട്ടോ കണ്ടപ്പോൾ എനിക്കും ഇഷ്ടപ്പെട്ടു. ആൾ എന്നെ ഫോട്ടോയിൽ കാണണ്ട നേരിട്ട് കാണാമെന്ന് പറഞ്ഞാണ് ഇന്ന് വരുന്നത്. ചേച്ചിക്കും എനിക്കും വീട്ടിൽ കല്യാണം നോക്കുമ്പോഴാണ് എനിക്ക് ഈ ആലോചന ഒത്തുവന്നത്.
രാവിലെ പയ്യനും കൂട്ടരും വന്നപ്പോൾ ഒരുങ്ങി ഇറങ്ങി നിന്നത് ചേച്ചിയാണ്. എനിക്ക് വേറൊരാളുമായി അടുപ്പമുണ്ടെന്ന് അവരോട് ഇവിടുള്ളവർ പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ മാധവിന്റെ അമ്മ പറഞ്ഞത് രേവതിയെ മകന് ഇഷ്ടപ്പെട്ടാൽ അത് നോക്കാമെന്നാണ്. മാധവിന് രേവതി ചേച്ചിയെ ഇഷ്ടമായി. മാധവിന്റെ അമ്മയ്ക്കും ഇഷ്ടമായി. എന്നെ ഏറെ ഞെട്ടിച്ചത് ചേച്ചിക്കും മാധവിനെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞതാണ്.
ഞാനെന്നൊരു ജീവി അവിടെയുണ്ടെന്ന് ആരും ഓർത്തില്ല. എല്ലാവരും പോയിക്കഴിഞ്ഞു രേവതി ചേച്ചി വന്ന് മുറിയുടെ വാതിൽ തുറന്നു. പ്രഭാത ഭക്ഷണം മേശമേൽ വച്ചിട്ട് ചേച്ചി എന്റെ അടുത്ത് വന്നിരുന്നു.
“നിന്നോട് ഞാനൊരു തെറ്റ് ചെയ്തു പോയി. ഇന്നലെ അരുണിനെ വിളിച്ചു വരുത്തിയത് ഞാനാ. അരുണിന് ആണെങ്കിൽ നല്ലൊരു ജോലിയില്ല. ഗൾഫിൽ പോവാൻ പറഞ്ഞിട്ട് അവൻ കേട്ടതുമില്ല.
നാട്ടിൽ തന്നെ ജോലി കിട്ടുമെന്ന് പറഞ്ഞു ഇവിടെ കടിച്ചു തൂങ്ങി നിന്ന്. പിന്നെ അവനെ എങ്ങനെ ഒഴിവാക്കാമെന്ന് ആലോചിച്ചു ഇരുന്നപ്പോഴാ എനിക്ക് മുന്നിൽ ഇങ്ങനെയൊരു വഴി തുറന്ന് കിട്ടിയത്. എനിക്ക് മുൻപേ നിനക്കൊരു സർക്കാർ ഉദ്യോഗസ്ഥന്റെ ആലോചന വന്നപ്പോൾ എനിക്കത് സഹിച്ചില്ല.
കുറച്ചു നാളായി നീ അറിയാതെ നിന്റെ ഫോണിൽ നിന്ന് അവനെ ഞാൻ വിളിച്ചു. ഇന്നലെ രാത്രി ഇങ്ങോട്ട് വരാനും പറഞ്ഞു. അവനോട് പിൻവശത്തെ വാതിൽ തുറന്നിട്ടിട്ടുണ്ടെന്നും ആരും കാണാതെ മുറിയിലേക്ക് വരണമെന്നും ഞാൻ പറഞ്ഞു. പക്ഷേ പറഞ്ഞു കൊടുത്തത് നിന്റെ മുറിയാ.
എന്നോട് ക്ഷമിക്ക് നീ. ഇന്ന് വന്ന് കണ്ട പയ്യനെ എനിക്കിഷ്ടായി. നിന്റെം അരുണിന്റേം വിവാഹവും എന്റേം മാധവിന്റേം വിവാഹവും ഈ വീട്ടുമുറ്റത്ത് ഒരേ ദിവസം നടക്കും. എനിക്ക് കിട്ടേണ്ട അച്ഛന്റെ സ്നേഹം കൂടി പങ്കിട്ട് എടുക്കാൻ വന്നതല്ലേ നീ.
അതെനിക്ക് സഹിക്കുമോ. അച്ഛൻ എന്റെയാ എന്റെ മാത്രം. അച്ഛൻ എന്നെ മാത്രം സ്നേഹിച്ചാൽ മതി. അച്ഛൻ നിന്നെ വെറുക്കാൻ വേണ്ടിയാ ഞാൻ ഇങ്ങനെ ചെയ്തത്.” ഗൂഢമായ ചിരിയോടെ ചേച്ചിയത് പറയുമ്പോൾ പേടിയോടെ ഞാനവളെ നോക്കി.
“അച്ഛനോട് ഞാൻ പറഞ്ഞു കൊടുക്കും ചേച്ചി ഇതൊക്കെ ചെയ്തതെന്ന്.”
“അങ്ങനെ നീ പറഞ്ഞാ പിന്നെ എന്റെ ശവമാകും നീ കാണുന്നത്. ഞാൻ മനസ്സറിയാത്ത കാര്യം എന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച നീയാണ് എന്റെ മരണത്തിന് ഉത്തരവാദി എന്ന് ഞാൻ എഴുതി വയ്ക്കും. അതോടെ നിന്നെ ആരും വിശ്വസിക്കില്ല. പിന്നെ അച്ഛന്റെ അവസ്ഥ എന്തായി തീരുമെന്ന് ഞാൻ പറയണ്ടല്ലോ.”
ചേച്ചിയുടെ വാക്കുകൾക്ക് മുന്നിൽ തോറ്റുപോയവളെ പോലെ ഉത്തരം മുട്ടി ഞാനിരുന്നു.
അധികം വൈകാതെ തന്നെ ഞങ്ങളുടെ കല്യാണം നടന്നു. യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ അത്രയും ദിവസം മിണ്ടാതെ നിന്ന അച്ഛനും അമ്മയും എന്നോട് വന്ന് മിണ്ടി. പൊട്ടിക്കരഞ്ഞു കൊണ്ട് ഞാനവരെ കെട്ടിപിടിച്ചു.
അന്ന് രേവതി ചേച്ചി എന്നോട് പറഞ്ഞതൊക്കെ അച്ഛൻ വാതിലിനു പുറത്ത് നിന്ന് കേട്ടിരുന്നു. അരുണും അച്ഛനെ കണ്ട് സത്യാവസ്ഥ ബോധിപ്പിച്ചു. അച്ഛൻ തന്നെ അമ്മയോടും കാര്യം പറഞ്ഞു. വേറെയായെരെയും ഒന്നും അറിയിച്ചില്ല. ജയിക്കാൻ വേണ്ടി ചേച്ചി ചിലപ്പോൾ എന്തെങ്കിലും അവിവേകം കാട്ടിയാലോ എന്ന് കരുതി അച്ഛനും അമ്മയും അത് മനസ്സിൽ തന്നെ അടക്കി നിർത്തി.
കുടുംബത്തിനു നാണക്കേട് ആവുമെന്ന് കരുതി അന്ന് രാത്രി അരുൺ വീട്ടിൽ വന്നത് അധികം ആരും അറിഞ്ഞില്ലെങ്കിലും അയല്പക്കത്തുഉള്ളവർക്ക് സംശയം തോന്നിയിരുന്നു. ആ രാത്രി വീട്ടിൽ നടന്ന ബഹളവും അരുണിനെ അവന്റെ വീട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം അവനെ ചെറിയച്ഛൻ അടിച്ചിറക്കി വിടുന്നതും അവരൊക്കെ കണ്ടിരുന്നു.
അവരൊക്കെ ചോദിച്ചപ്പോൾ എന്റെ ഇഷ്ടക്കാരൻ ആണെന്നും നല്ലൊരു ജോലിയും കൂലിയും ഇല്ലാതെ പെണ്ണിനെ വിളിച്ചിറക്കാൻ വന്നതാണെന്നും ചെറിയച്ഛന് അവരോട് പറയേണ്ടി വന്നു. പിന്നീട് അരുണിനെ തന്നെ എനിക്ക് വേണ്ടി ഉറപ്പിച്ചു.
ഇതൊക്കെ അച്ഛനും അമ്മയും എന്നോട് പറയുമ്പോ ഞാൻ കരച്ചിലടക്കാൻ പാടുപെട്ടു. അവരെങ്കിലും സത്യം മനസ്സിലാക്കിയല്ലോ എന്ന ആശ്വാസമായിരുന്നു.
രേവതി ചേച്ചിയുടെ ചതിയിൽ പെട്ടുപോയവരായിരുന്നു ഞാനും അരുണും. ആദ്യമൊക്കെ ഒരു മുറിയിൽ അപരിചിതരെ പോലെ കഴിഞ്ഞെങ്കിലും പിന്നെ ഞങ്ങൾ പരസ്പരം സ്നേഹിക്കാൻ തുടങ്ങി.
ഒരുമിച്ച് സ്വപ്‌നങ്ങൾ കണ്ട് സന്തോഷത്തോടെ ജീവിച്ചു. ഇത്തിരി വൈകിയാണെങ്കിലും അവന് കേന്ദ്ര സർക്കാരിന്റെ കീഴിൽ നല്ലൊരു ജോലിയും കിട്ടി. അതേസമയം സംശയ രോഗിയായ മാധവിനൊപ്പം കഷ്ടപ്പെട്ട് ജീവിതം തള്ളി നീക്കേണ്ട ഗതികേടായിരുന്നു രേവതി ചേച്ചിക്ക്. അവളുടെ പ്രവൃത്തിക്ക് ദൈവം നൽകിയ ശിക്ഷ…!