എഴുത്ത്: ദേവൻ
” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. ”
രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ.
” എന്റെ ശാരി, നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അമ്മയുടെ സ്വഭാവത്തെ പറ്റി. അമ്മയ്ക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നും അല്ല, എന്തേലും തെറ്റ് കണ്ടാ അത് മുഖത്തുനോക്കി പറയും,അതിപ്പോ സമയവും സന്ദർഭവും ഒന്നും അമ്മ നോക്കില്ല.
പഴയ ആളുകൾ അല്ലെ, അവർ കണ്ടതും പഠിച്ചതും ഒക്കെ അങ്ങനാ,”
ദേവൻ അവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു. ഒറ്റപ്പെടുകയാണെന്ന തോന്നൽ അവളിൽ ഉണ്ടാകരുതെന്ന് അവനു നിർബന്ധം ഉണ്ടായിരുന്നു.
” അതൊക്കെ എനിക്ക് അറിയാ ഏട്ടാ, എന്നാലും ചില സമയത്ത് വല്ലാതങ് വിഷമം തോന്നും അമ്മയുടെ സംസാരം കേട്ടാൽ ”
ശാരി നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചുകൊണ്ട് അവന്റ നെഞ്ചിലേക്ക് പറ്റികിടക്കുമ്പോൾ മനസ്സിൽ കെട്ടികിടന്ന വിഷമങ്ങൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.
രാവിലെ ജോലിക്ക് പോകാൻ നേരം അടുക്കളയിലേക്ക് ഒന്ന് എത്തിവലിഞ്ഞു നോക്കി ദേവൻ. അമ്മയും ശാരിയും പരസ്പ്പരം ചിരിച്ചും സംസാരിച്ചും ഓരോ പണികളിൽ മുഴുകുന്നത് കണ്ടപ്പോ ആശ്വാസം തോന്നി അവന്. ഇന്നലെ പൊട്ടാൻ കാത്തിരുന്ന ബോബ് നിർവീര്യമായെന്ന് കണ്ടപ്പോ അവനൊന്നു പുഞ്ചിരിച്ചു.
രണ്ട് പേരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ് ഒന്ന് തണുത്തിരുന്നു.
അന്ന് ജോലിയെല്ലാം കഴിഞ്ഞ് അമ്മ ഉമ്മറത്ത് ഇരിക്കുമ്പോൾ ആണ് അയലോക്കത്തെ സാവിത്രിയുടെ പതിവില്ലാത്ത വരവ്.
” എന്തൊരു ചൂടാ സരോജിനി. പുറത്തോട്ട് ഇറങ്ങാൻ പറ്റില്ല. അതോണ്ട് ഇങ്ങോട്ട് ഒക്കെ ഒന്ന് ഇറങ്ങാന്നു വെച്ചാ പോലും മടിയാ. ”
ഒരു മുഖവുരയെന്നോണം പറഞ്ഞ് ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറിയിരിക്കുമ്പോൾ സാവിത്രി നാലുപാടും നോക്കുന്നുണ്ടായിരുന്നു.”അല്ല, മരുമോൾ ന്ത്യെ സരോജിനി?”
അവരുടെ ചോദ്യവും പുറത്താരോ വന്ന ശബ്ദം കേട്ട് ശാരിയുടെ വരവും ഒരുന്നുമിച്ചായിരുന്നു.
“ആഹ്… മോളിവിടെ ഉണ്ടായിരുന്നോ. ശബ്ദം ഒന്നും കേൾക്കാതായപ്പോൾ ഞാൻ കരുതി വീട്ടിലേക്ക് വിരുന്ന് പോയിട്ടുണ്ടാകും എന്ന്. അല്ലെ, ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ അങ്ങനെ അല്ലെ. ”
ശാരിയെ ഒന്ന് ചുഴിഞുനോക്കികൊണ്ട് അർത്ഥം വെച്ചുള്ള നോട്ടവും സംസാരവും കേട്ടപ്പോൾ ശാരിക്ക് മറുപടി പറയാൻ നാവ് ചൊറിഞ്ഞതായിരുന്നു. പക്ഷേ, അമ്മ ഇരിക്കുന്നത് കൊണ്ട് ഇനി അതിന്റ പേരിൽ ഒരു പ്രശ്നം വേണ്ടെന്ന് കരുതി അവൾ മൗനം പാലിക്കുമ്പോൾ സാവിത്രിയുടെ കുത്തിയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് സരോജിനി ആയിരുന്നു.
” അതെന്ന് മുതലാ സാവിത്രി സ്വന്തം വീട്ടിലേക്ക് പോകുന്നത് വിരുന്നപോക്ക് ആകുന്നത്? മക്കളെ കെട്ടിച്ചുവിട്ടാൽ പിന്നെ എഴുതിത്തള്ളുന്ന വീട്ടിൽ നിന്ന് അല്ലാട്ടോ അവൾ വന്നത്. സാവിത്രീടെ മോള് വീട്ടിൽ വരുമ്പോൾ വിരുന്ന്കാരിയാണെങ്കിൽ അതിപ്പോ എല്ലാ വീട്ടിലും അങ്ങനെ ആവണംന്ന്ണ്ടോ? ”
കുറിക്ക് കൊള്ളുന്ന ആ മറുപടി സാവിത്രിയെ ഒന്ന് ഇളിഭ്യയാക്കി. മുഖത്തു വന്ന ഭാവം മറയ്ക്കാൻ എന്നവണ്ണം അവർ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
“അയ്യോ, സരോജിനി…. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ലാട്ടോ. കേട്ടോ മോളെ… വിരുന്ന് എന്റെ ഉദ്ദേശിച്ചത് ഇടയ്ക്കുള്ള പോക്ക് ആണ്. അല്ലേലും ഇടയ്ക്കിടെ പോണം മക്കളായാൽ. പെറ്റമ്മയേക്കാൾ വരില്ലല്ലോ മറ്റൊന്നും.”
തനിക്കിട്ടൊന്നു കൊട്ടിയ സരോജിനിയെ കൊട്ടാൻ കിട്ടിയ അവസരം ഒട്ടും പഴക്കാതെ സാവിത്രി ഒന്ന് കുത്തിപറയുമ്പോൾ സരോജിനി ഒന്ന് പുഞ്ചിരിച്ചു.
എന്നാൽ അതിനുള്ള മറുപടി നൽകിയത് ശാരിയായിരുന്നു.
” ചേച്ചീടെ മോൾക്ക് കെട്യോന്റ് വീട്ടിൽ കണ്ടകശനി ആണല്ലേ… ഇടയ്ക്കിടെ ഓടിവന്ന് പത്തോ ഇരുപതോ ദിവസം നിൽക്കുന്നത് കാണാം. പിന്നെ കെട്ടിയ വീട്ടിൽ മകൾക്ക് സന്തോഷം ഉണ്ടാവണേൽ കെട്ടിയ വീട്ടിലെ അമ്മ മാത്രം വിജാരിച്ച പോരാ,
പെറ്റമ്മ കൂടെ വിചാരിക്കണം. ഈ എരിതീയിൽ എണ്ണ ഒഴിച്ച് രണ്ടാക്കി മാറ്റുന്ന ഒരു കലാപരിപാടി ഉണ്ടല്ലോ… ഇച്ചിരി ശകുനിപണി. അത് നിർത്തണം. ന്നാ പിന്നെ എല്ലാരേം ഒരേപോലെ കാണാൻ കഴിയും മക്കൾക്ക് ”
ശാരി അത്രയും പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോൾ സരോജിനി സന്തോഷത്തോടെ അവളെ നോക്കി മന്ദാഹസിച്ചു.
അവള് അകത്തേക്ക് പോകുന്നതും നോക്കി ഇരുന്ന സാവിത്രി അവൾ പോയെന്ന് ഉറപ്പായപ്പോൾ ചുണ്ടോന്ന് കോട്ടികൊണ്ട്.
” കൊള്ളാലോ സരോജിനി നിന്റ മരുമോൾ. ഒന്ന് പറഞ്ഞാൽ നാല് പറയുന്ന സ്വഭാവം ആണല്ലോ. ഇങ്ങനെ പോയാൽ നിന്റെ ഗതി അധോഗതി. ഇവളെ ഒക്കെ വരച്ച വരയിൽ നിർത്തിയാൽ നിനക്ക് കൊള്ളാം. ഞാൻ പറഞ്ഞില്ലെന്നു വേണ്ട. അല്ലെങ്കിലും നിന്റ മുന്നിൽ ഇതൊന്നും വിലപോകില്ലെന്ന് എനിക്ക് അറിയാം. എന്നാലും പറഞ്ഞെന്ന് മാത്രം ”
അതും പറഞ്ഞു സാവിത്രി പോകാൻ എഴുനേൽക്കുമ്പോൾ സരോജിനി അവളെ രൂക്ഷമായോന്ന് നോക്കി.
” പറയേണ്ടിടത്ത് പറയേണ്ട ക്കാര്യങ്ങൾ പറയാൻ അവൾക്ക് ആരേം പേടിക്കേണ്ട കാര്യം ഇല്ലല്ലോ സാവിത്രി. അങ്ങനെ ഒരു ചങ്ങലയിൽ അവളെ ഇവിടെ ആരും കെട്ടിയിട്ടിട്ടും ഇല്ല. പിന്നെ എന്റെ കാര്യം…. ഞാൻ അവളോട് എന്തേലും പറയുന്നുണ്ടേൽ നീ നിന്റ മരുമോളോട് പറയുംപോലെ അല്ല.
സ്വന്തം മകൻ കെട്ടിയത് നിന്റ വേലക്കാരി ആണെന്ന് കരുതിയത് കൊണ്ട് ഇപ്പോൾ എന്തായി നീ നിന്റ മകൾക്ക് ഓതിക്കൊടുത്തു മരുമോന്റ് വീട്ടിൽ നിന്ന് പിരിച്ചെടുത്തത്പ്പോലെ നിന്റ മോനേം കൊണ്ട് നിന്റ മരുമോളും പോയില്ലേ?
എന്നിട്ടും കുറഞ്ഞില്ല അല്ലെ നിന്റ ഈ തൊഴുത്തിൽകുത്ത്?
പിന്നെ ഞാൻ ഇവളെ വഴക്ക് പറയുന്നുണ്ടെങ്കിൽ അത് അവൾക്ക് നല്ലതിന് വേണ്ടി മാത്രം ആണ്. അല്ലാതെ പരസ്പരം തല്ല് കൂടി രസിക്കാൻ അല്ല. ആ വഴക്ക് ഒരു രാത്രിക്ക് അപ്പുറം കൊണ്ടുപോകാറും ഇല്ല ഞങ്ങൾ.
അതിന്റ പേരിൽ എന്റെ മോൾക്ക് ഇവിടെ നിന് ഇറങ്ങിപോകേണ്ടി വരികയും ഇല്ല.അതുകൊണ്ട് അതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചു വെറുതെ തല പുണ്ണാക്കേണ്ട. ഒന്നാമതെ ചൂട് കൂടുതൽ ഉള്ള കാലം ആണ്. ഇനി മറ്റുള്ള കുടുംബം സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് തല പേരുത്ത് ചൂട് കേറി നീരിറക്കം വരണ്ട.
സാവിത്രി ചെല്ല്…. തമ്മിൽ തല്ലിച്ച മോള് അമ്മയെ കാണാൻ വിരുന്ന് വന്നിട്ടുണ്ടാകും. ഇവിടെ വേവാത്ത അരി അവിടെ മോൾടെ അടുപ്പിൽ കൊണ്ടുപോയി വേവിക്ക്.
ഇടയ്ക്ക് ഒന്നോർത്താൽ നന്ന്… വേവ്
കൂടിയാൽ പിന്നെ ഒന്നിനും കൊള്ളില്ലെന്ന്. എന്തും പാകത്തിനെ വേവിക്കാവൂ… എന്നാലേ കഴിക്കുമ്പോൾ ഒരു സുഖം ഉണ്ടാകൂ… സന്തോഷവും.!
സരോജിനി പറയുന്നതെല്ലാം കേട്ട് സാവിത്രി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരികെ നടക്കുമ്പോൾ ശാരി കയ്യിലൊരു ഗ്ലാസ്സുമായി പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു…” ചേച്ചി… ചൂടിച്ചിരി കൂടുതൽ അല്ലെ… ദേ, വെള്ളം… ആ ഉള്ളൊന്ന് തണുക്കട്ടെ !!”