ഒരു വയസ്സിന് താഴെയുള്ള അവനെ താൻ കണ്ടത് ഒരു അനിയന്റെ സ്ഥാനത്താണ് പക്ഷേ അവന്റെ മനസ്സിൽ തന്നോടുള്ള…

(രചന: J. K)

ആശുപത്രിയിൽ സന്ദർശന സമയത്ത് അവൾ കയറിച്ചെന്നു.. നൂറ്റി പത്താം നമ്പർ മുറിയാണ് എന്ന് ആദ്യമേ അറിഞ്ഞിരുന്നു അതുകൊണ്ട് തന്നെ നേരെ അങ്ങോട്ടേക്ക് ചെന്നു.

അവിടെ ചെന്നപ്പോഴാണ് റൂമിൽ ഡോക്ടറും നഴ്സുമാരും എക്സാമിൻ ചെയ്യാൻ വേണ്ടി എത്തിയിരിക്കുന്നത് കണ്ടത് അതുകൊണ്ടാണ് ക്ഷമയോടെ പുറത്തുള്ള കസേരയിൽ കാത്തിരുന്നത് അവർ പോകാൻ വേണ്ടി….

അവർ പോയതും മെല്ലെ എണീറ്റ് മുറിയിലേക്ക് നടന്നു…മുറിയിൽ ഒരു ബെഡിൽ അവൻ തലയും താഴ്ത്തി ഇരിപ്പുണ്ട് തൊട്ടടുത്ത് അവന്റെ അമ്മയാണെന്ന് തോന്നുന്നു സാരി തലപ്പ് കൊണ്ട് മിഴിതുടച്ച് നിൽക്കുന്നുണ്ട്

അവന്റെ ആ ഇരിപ്പ് കണ്ടപ്പോൾ അരിശം ആണ് തോന്നിയത് നേരിട്ട് ചെന്ന് ഒന്ന് മുഖത്തേക്ക് ഇട്ടുകൊടുക്കാൻ വരെ തോന്നി പോയി പിന്നെ അപ്പോഴത്തെ അവസ്ഥ ആലോചിച്ചു സ്വയം നിയന്ത്രിച്ചു തൻവി..

“”ആൽവിൻ “” പതുക്കെ വിളിച്ചതും അവൻ മിഴി ഉയർത്തി നോക്കി..അവന്റെ മുഖത്ത് അപ്പോൾ വന്ന ഭാവം എന്താണെന്ന് തിരിച്ചറിഞ്ഞില്ല…

ഒരുപക്ഷേ എന്നോടുള്ള ദേഷ്യം ആവാം കാരണം അവന്റെ കഥയിലെ വില്ലത്തി ആണല്ലോ ഞാൻ..

പ്രണയം പറഞ്ഞ് പുറകെ നടന്നിട്ടും ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത്ത വില്ലത്തി..കോളേജിൽ സെക്കൻഡ് ഇയർ ആയപ്പോഴാണ് ഫസ്റ്റ് ഇയറിൽ ആൽവിൻ വന്നുചേർന്നത്….

രണ്ടുപേരും നന്നായി പാടുമായിരുന്നു അതുകൊണ്ടുതന്നെ ആർട്സ് ഡേയ്ക്ക് ഒരുമിച്ചായിരുന്നു പ്രോഗ്രാം ചെയ്തത്..

ഒരു വയസ്സിന് താഴെയുള്ള അവനെ താൻ കണ്ടത് ഒരു അനിയന്റെ സ്ഥാനത്താണ് പക്ഷേ അവന്റെ മനസ്സിൽ തന്നോടുള്ള ഇഷ്ടത്തിന് നിറം മാറുന്നത് അറിയാൻ കഴിഞ്ഞില്ല…

ഒരിക്കൽ അവൻ തന്നോട് പറഞ്ഞു എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് അതിന്റെ പൊരുൾ അറിയാതെ നിന്നു പിന്നീടാണ് അവൻ പറഞ്ഞത് എന്താണെന്നുള്ള ബോധം ഉണ്ടായത്.

അന്നുമുതൽ മെല്ലെ അവനെ അകറ്റിനിർത്താൻ തുടങ്ങി…അവനെക്കാൾ മൂത്ത അല്ലെങ്കിൽ അവനെ ഒരു അനിയനെ പോലെ പരിഗണിച്ച എന്നോട് ഇത് എങ്ങനെ പറയാൻ തോന്നി എന്നായിരുന്നു എന്റെ മനസ്സിൽ മുഴുവൻ….

അവനോട് ദേഷ്യമോ മറ്റെന്തൊക്കെയോ വികാരങ്ങൾ ആയിരുന്നു മനസ് മുഴുവൻ…അവനെ കാണുമ്പോൾ അവഗണിക്കാൻ തുടങ്ങി സംസാരിക്കാൻ വരുമ്പോൾ ഒഴിഞ്ഞുമാറാൻ തുടങ്ങി ഒരിക്കൽ അവന് സഹിക്കാൻ കഴിഞ്ഞിട്ട് ആണ് എന്ന് തോന്നുന്നു എന്നോട് വന്നു പറഞ്ഞത്

സൗഹൃദം മാത്രം മതി മറ്റൊന്നും വേണ്ട എന്ന് പക്ഷേ അതിനു പോലും ഞാൻ അപ്പോൾ തയ്യാറല്ലായിരുന്നു…

അവനെ കാണുന്ന മാത്രയിൽ തന്നെ ദേഷ്യത്തോടെ ഞാൻ ആട്ടിയകറ്റാൻ തുടങ്ങി….അവന്റെ മനസ്സിന് അത് താങ്ങാൻ പറ്റിയില്ലെന്ന് തോന്നുന്നു പിന്നെ കേട്ടത് അവൻ ആത്മഹത്യക്ക് ശ്രമിച്ചു എന്നതാണ്…

ആകെ കൂടെ എന്തുവേണമെന്ന് അറിയില്ലായിരുന്നു അവന്റെ ജീവനു ഒരു ആപത്തും വരുത്തരുതേ എന്ന് അറിയാവുന്ന സകല ദൈവങ്ങളോടും വിളിച്ചു പ്രാർത്ഥിച്ചു….

ആശുപത്രിയിൽ കൂട്ടിരുന്നു അവനെ മുറിയിലേക്ക് മാറ്റുന്നത് വരെ…മാറ്റിയതിനുശേഷം ഇപ്പോൾ അവനെ കാണാൻ വന്നതാണ് അവനോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു അമ്മ എന്നെ കണ്ടതും മോള് ഇവിടെ ഇരിക്കുമോ ഞാൻ ഇത്തിരി ചായ മേടിച്ചിട്ട് വരാം എന്ന് പറഞ്ഞ് പുറത്തേക്ക് പോയി…

രണ്ടുദിവസം ഇവിടെ വന്ന് ഇരിക്കുന്നത് കണ്ട് അമ്മയ്ക്ക് ഞാൻ അവന്റെ സുഹൃത്താണെന്ന് ഇതിനകം മനസ്സിലായിരുന്നു..

ഞാൻ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞപ്പോൾ അമ്മ പുറത്തേക്ക് ചായ മേടിക്കാനായി പോയി അപ്പോൾ അവൻ എന്നോട് പതുക്കെ ചോദിച്ചു..

“”ഇപ്പോ.. ആ മനസ്സിൽ ഞാൻ ഉണ്ടോ എന്ന്…””“” എന്റെ മനസ്സിൽ ഇപ്പോഴല്ല എപ്പോഴും നീയുണ്ട് ആൽവിൻ പക്ഷേ അത് നീ വിചാരിക്കുന്ന രീതിയിലല്ല ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല ഇനി എങ്ങനെയാണ് ഞാൻ നിന്നെ പറഞ്ഞു മനസ്സിലാക്കേണ്ടത്… “”

“” പിന്നെ ഈ വന്നത്???കൂട്ടിരുന്നത്?? എല്ലാം അമ്മ പറഞ്ഞു””അതിനൊന്നും ഒരു പ്രണയത്തിന്റെ നിറമില്ല ആൽവിൻ എല്ലാത്തിനും ഒരു സൗഹൃദത്തിന്റെ പിൻബലം മാത്രമേ ഉള്ളൂ…

അപ്പോഴും അവന്റെ മിഴികൾ എന്നോട് പറഞ്ഞിരുന്നു അവന്റെ സംശയം പൂർണമായും വിട്ടു പോയിട്ടില്ല എന്ന് എന്റെ ഉള്ളിലുള്ള അവനോടുള്ള പ്രണയം ഞാൻ എന്തിന്റെയോ പേരിൽ പറയാതെ ബാക്കി വെച്ചിരിക്കുകയാണ്…
എന്ന്..

അവന്റെ അടുത്തേക്ക് ചെന്ന് മുഖത്ത് ഒരെണ്ണം ഞാൻ പൊട്ടിച്ചു കൊടുത്തു..ഞെട്ടി തരിച്ച് അവൻ എന്നെ നോക്കി…വെറുമൊരു പ്രണയത്തിന്റെ പേരിലാണോ നീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്??

അതെ എന്നു പറഞ്ഞപ്പോൾ അവനെ എന്തുവേണമെന്ന് എനിക്കറിയില്ലായിരുന്നു…

വളരെ ചെറുപ്പത്തിലെ അവന് അച്ഛനെ നഷ്ടപ്പെട്ടിട്ടുണ്ട് അമ്മയും രണ്ട് അനിയത്തിമാരും മാത്രമാണ് ഉള്ളത് ഇവൻ പഠിച്ച് ജോലി ചെയ്ത് എന്തെങ്കിലുമായി തീർന്നിട്ട് വേണം അവരുടെ വീട് ഒന്ന് കരയ്ക്ക് അടുക്കാൻ എന്ന് കരുതിയിരിക്കുകയാണ് അവന്റെ അമ്മ…

അങ്ങനെയുള്ളവനാണ് വെറും നിസ്സാര പ്രശ്നത്തിന്റെ പേരിൽ ഇത് ചെയ്തത് അവന്റെ അമ്മയിൽ നിന്ന് തന്നെ അറിഞ്ഞ കാര്യങ്ങൾ ആയിരുന്നു ഇതെല്ലാം…

അവന്റെ പക്വതയില്ലായ്മ ഉള്ളിലുള്ള അപകർഷതാബോധം എന്താണ് അവനെക്കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് എനിക്കറിയില്ലായിരുന്നു എന്തായാലും, ഇനി ഇത് ആവർത്തിക്കരുത് എന്ന് അവനോട് ഞാൻ പറഞ്ഞു..

പെട്ടെന്ന് ഞാൻ അവനോട് മിണ്ടാതെ ആയപ്പോൾ അവന് ആരുമില്ലാതായി തോന്നിയത്രെ ഈ ഒരു പ്രായത്തിൽ മറ്റുള്ളവരുടെ പെരുമാറ്റം എത്രത്തോളമാണ് ഒരാളെ തകർക്കുന്നത് എന്ന് ഞാൻ അറിഞ്ഞു

അവനപ്പോൾ വീട്ടുകാരെ പറ്റി ഓർത്തില്ല അവന്റെ അമ്മയെ പറ്റി പോലും ചിന്തിച്ചില്ല അവന് മനസ്സിൽ മുഴുവൻ ഞാൻ അവന് നിഷേധിച്ച പ്രണയം മാത്രമായിരുന്നു…

എനിക്ക് മറ്റൊരു ജീവിതം ഉണ്ടെന്നും എന്നെക്കായി മറ്റൊരാൾ കാത്തിരിക്കുന്നുണ്ടെന്നും അവിടെ വെച്ച് തന്നെ ഞാൻ അവനോട് പറഞ്ഞു…

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൻ പിന്നീട് അതിനോട് പൊരുത്തപ്പെട്ടു.. ഒരു സുഹൃത്തായി ഞാൻ എന്നും കൂടെ കാണും എന്നും മറ്റൊന്നും എന്റെ മനസ്സിൽ ഇല്ല എന്നും ഒരിക്കൽ കൂടി ഞാൻ അവനോട് പറഞ്ഞു..

പിന്നെ ഇനി നിനക്കെന്തു വേണമെങ്കിലും തീരുമാനിക്കാം…. സ്വന്തം അമ്മയെയും അനിയത്തിമാരെയും ഓർമ്മവേണം..

ഇപ്പോൾ തന്നെ നിന്നെ തലയിൽ എടുത്തു വച്ചിരുന്ന കൂട്ടുകാരും ടീച്ചേഴ്സ് പോലും നിനക്ക് അന്യരായി..

സാരമില്ല ക്രമേണ അതെല്ലാം ശരിയാവും പക്ഷേ അതിനു നീ കൂടി വിചാരിക്കണം…. എന്നും കൂടി പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി..

വീണ്ടും അവൻ കോളേജിലേക്ക് തിരിച്ചെത്തി പഴയതിനേക്കാൾ ഊർജ്ജസ്വലനായിട്ട് ഇത്തവണ അവന് തിരിച്ചറിയാമായിരുന്നു എനിക്ക് അവനോടുള്ള മനോഭാവം

ചെയ്തുപോയതിൽ അവന് ഇപ്പോൾ വല്ലാതെ കുറ്റബോധമുണ്ട്.. ചിലപ്പോൾ അതും പറഞ്ഞ് അവൻ സെന്റി അടിക്കുന്നതും കാണാം. അപ്പോൾ ഞാൻ പറയും സാരമില്ല എല്ലാം നിന്റെ പ്രായത്തിന്റെതായിരുന്നു എന്ന്…

എല്ലാവർക്കും ഒരുപോലെ പക്വത കിട്ടി കൊള്ളണം എന്നില്ല ചിലവർ ഇതുപോലെ ആയിരിക്കും അതൊക്കെ ഇതുപോലുള്ള അനുഭവങ്ങളിലൂടെയാണ് ശരിയാക്കുന്നത്…
അത് ശരി വെച്ച് അവൻ അവന്റേതായ ലോകത്തിലേക്ക് ഊളിയിടും..

Leave a Reply

Your email address will not be published. Required fields are marked *