നിന്നോടു ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഇറുകി പിടിച്ച വസ്ത്രങ്ങൾ ഒന്നും ഇട്ടു പോവരുതെന്നു, ജീൻസ് കയറ്റിയാലേ…

ആണത്വം
(രചന: Kannan Saju)

“നിങ്ങളൊരു ആണാണോ എന്നാണ് ഡോക്ടർ അവൾ ആദ്യം ചോദിച്ചത്. ഏതൊരാണിനെ പോലെയും സ്വന്തം ആണത്വം ഭാര്യയാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ ഞാനും തകർന്നു പോയി ഡോക്ടർ ”

സൈക്കോളജിസ്റ്റ് ഓമനക്കുട്ടന്റെ മുന്നിൽ ഇരുന്നു കരഞ്ഞുകൊണ്ട് വിനീത് പറഞ്ഞു…

“വിനീത്… സ്വന്തം ഭാര്യ വീട്ടിൽ വന്നു നിങ്ങളോടു ഒരാൾ അവളുടെ നി തം ബ ത്തിൽ കയറി പിടിച്ചു എന്ന് പറയുമ്പോൾ നിങ്ങൾ അവളെ വഴക്കു പറഞ്ഞാൽ അവർ പിന്നെ എങ്ങനെ പ്രതികരിക്കണം?

” അല്ല ഡോക്ടർ അത്… ”” മുടന്തൻ ന്യായങ്ങൾ അല്ല വിനീത് എനിക്ക് കേൾക്കേണ്ടത്… നിങ്ങൾ ആ സമയം അവൾക്കു കൊടുത്ത മറുപടി വള്ളി പുള്ളി തെറ്റാതെ ഒന്നു പറയാമോ?”

വിനീത് കസേരയിലേക്ക് ചാഞ്ഞുകൊണ്ട് എല്ലാം ഒന്നു ഓർത്തെടുക്കാൻ ശ്രമിച്ചു… നേരിയ മൗനത്തിനു ശേഷം നിവർന്നുകൊണ്ട്

” ഡോക്ടർ, അവളതു പറഞ്ഞതും എന്റെ മാനസിക നില തെറ്റി.. കയ്യിലിരുന്ന എന്റെ ഫോൺ ഞാൻ നിലത്തെറിഞ്ഞു പൊട്ടിച്ചു… പിന്നെ… പിന്നെ

” പറഞ്ഞോളൂ വിനീത്.. മടിക്കേണ്ട ”“അവളോട് ഞാനിങ്ങനെ പറഞ്ഞു… നിന്നോടു ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഇറുകി പിടിച്ച വസ്ത്രങ്ങൾ ഒന്നും ഇട്ടു പോവരുതെന്നു.. ജീൻസ് കയറ്റിയാലേ അവക്ക് മതിയാവു…

നീ ഇങ്ങനെ ആട്ടി ആട്ടി നടന്നോണ്ടല്ലേ അവൻ കയറി പിടിച്ചത്… നിനക്കറിയില്ലേ നിന്റെ എവിടെയൊക്കെ കൂടുതലും കുറവും ഉണ്ടന്ന്.. ഇനി മേലാൽ ജീൻസോ കോപ്പോ ഇട്ടു പുറത്തിറങ്ങിയാൽ… ”

ഓമനക്കുട്ടൻ ഒരു നിമിഷം മൗനമായി ഇരുന്നു വിനീതിനെ നോക്കി…ശേഷം മുന്നോട്ടാഞ്ഞു ഇരു കൈകളും ടേബിളിൽ ഊന്നി അവന്റെ കണ്ണുകളിലേക്കു നോക്കി

എന്തൊരു അബദ്ധം ആണ് വിനീത് നിങ്ങൾ കാണിച്ചത്? മറ്റാരെങ്കിലും ചെയ്ത തെറ്റിന് നിങ്ങളുടെ ഭാര്യ എന്ത് പിഴച്ചു.

അവളതു വന്നു നിങ്ങളോടു പറയാൻ ഉള്ള മനസ് കാണിക്കുമ്പോൾ അവളെ ചേർത്തു പിടിക്കുക അല്ലായിരുന്നോ വേണ്ടത്? സത്യത്തിൽ അവളുടെ വസ്ത്ര ധാരണം അത്രക്കും മോശമായിരുന്നോ? ”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ” അല്ല ”” അപ്പൊ നിങ്ങള്ക്ക് തന്നെ അത് അറിയാം. ഏതു വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോ വ്യക്തികളുടെയും ഇഷ്ടമല്ലേ? പ ർ ദ്ദ ഇട്ടു പോകുന്ന സ്ത്രീകളെയും ആക്രമിക്കുന്നവർ ഇല്ലേ?

ഇപ്പൊ നിങ്ങൾ അവളെ വഴക്കു പറഞ്ഞതിലൂടെ സംഭവിച്ചത് രണ്ട് കാര്യങ്ങൾ ആണ്.. ഒന്നു എന്ത് വന്നാലും എന്റെ ഭർത്താവിൽ ഞാൻ സുരക്ഷിത ആയിരിക്കും എന്ന വിശ്വാസം..

ഏതൊരു ഭാര്യയും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നു. രണ്ട്, ഇനി അവളെ ഒരാൾ റേ പ്പ് ചെയ്താൽ പോലും അവൾ നിങ്ങളോടു പറയുമോ? ”

വിനീത് നിശബ്ദനായി…” എനിക്കറിയില്ല ഡോക്ടർ.. ഞാനപ്പോ അങ്ങനെ ചെയ്തു.. അവൾ പറഞ്ഞ പയ്യൻ അവിടുത്തെ പാണക്കാരന്റെ മകനാണ്..

അവനു ചുറ്റും എപ്പോഴും പത്തിരുപതു പിള്ളേരെങ്കിലും കാണും… എനിക്ക് ചോദിയ്ക്കാൻ ഉള്ള ധൈര്യം ഇല്ല ഡോക്ടർ

ഓമനക്കുട്ടൻ ദീര്ഘ നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു….” നാളെ അവൻ നാലാളെയും കൂട്ടി തന്റെ വീട്ടിലേക്കു കയറി വന്നു അവളെ റെ പ്പ് ചെയ്താൽ താൻ ഭയന്നു വിറച്ചു ഒരു മൂലയിൽ പോയി എല്ലാം കണ്ടിരിക്കുവോ…? ”

വിനീതിന്റെ കണ്ണുകൾ നിറഞ്ഞു… ” ഈ അഞ്ചര അടി മെലിഞ്ഞ ശരീരവും വെച്ചു ഞാൻ ഏതു ചെയ്യാനാണ് ഡോക്ടർ..? ”

” വിനീത്, തനിക്കു തന്റെ ഭാര്യയോട് സ്നേഹം ഉണ്ടങ്കിൽ തന്റെ രണ്ട് കാലും നിലത്തു ഉറച്ചു നിക്കും വരെ അവൾക്കു വേണ്ടി ഫൈറ്റ് ചെയ്യണം.

ഒരു പോലീസ് കംപ്ലയിന്റ് എങ്കിലും അവളെയും കൂട്ടി പോയി കൊടുക്കാനുള്ള ധൈര്യം താൻ കാണിക്കാത്തപ്പോ അവളുടെ ഉള്ളിൽ നിന്നും വന്ന വാക്കാണ് ആണത്വം ഇല്ലാത്തവൻ…

ആരോഗ്യവും ബലവും നോക്കിയിട്ടല്ല ഒരു പെണ്ണും ഒരാളെ സ്നേഹിക്കുന്നത്..എത്ര വലിയവൻ വന്നാലും എന്റെ പുരുഷൻ എന്നെ സംരക്ഷിക്കും എന്ന വിശ്വാസം ഏതൊരു പെണ്ണിനും ഉണ്ടാവും..

അത് തകർന്നതിന്റെ വിഷമത്തിൽ അവൾ ഇപ്പൊ സദാ സമയം തന്നെ വാക്കുകളാൽ കുത്തി നോവിപ്പിക്കുന്നത്.

നമ്മൾ ആഗ്രഹിക്കുന്നതെന്തും പേടി എന്ന മതിലിനു അപ്പുറം ആണ് വിനീത്.. ഞാൻ പറഞ്ഞത് മനസ്സിലായോ? ”വിനീത് ഓമനക്കുട്ടനെ നോക്കി

” അവൾക്കൊപ്പം സന്തോഷമായി ജീവിക്കണം എങ്കിൽ, അവൾ കുത്തു വാക്കുകൾക്കു പകരം സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കണം എങ്കിൽ അതിനുള്ള മരുന്ന് എന്റെ കയ്യിൽ അല്ല തന്റെ കയ്യിലാണ്… വിനീതിന് പോവാം ”

ഓമനക്കുട്ടൻ കസേരയിൽ നിന്നും എണീറ്റ് പുറത്തേക്കു നടന്നു.വിനീത് വീടിനു മുന്നിൽ ബൈക്ക് നിർത്തി.. ഓടി അകത്തേക്ക് കയറി.. ഭാര്യ സോഫയിൽ കിടക്കുന്നുണ്ടായിരുന്നു.

” എണീക്കടി ”അവൾ മുഖം ഉയർത്തി അവനെ ഒന്നു നോക്കി ” താൻ പോടോ ”” നിന്നോട് എണീക്കാൻ അല്ലേടി പറഞ്ഞെ ” വിനീത് അലറി.. അവൾ ചാടി എണീറ്റു. അവൻ അവളുടെ കൈകൾ പിടിച്ചു വലിച്ചു കൊണ്ടു പുറത്തേക്കു നടന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തു..

അവളുടെ നേരെ ഒന്നു നോക്കി. അവൾ ഒന്നും മിണ്ടാതെ പുറകിൽ കയറി. ഇരുവരും അപരിചിതരെ പോലെ അകന്നിരുന്നു.

ജംഗ്ഷൻ എത്തിയതും കയറി പിടിച്ചവനും അവന്റെ കുടുംബവും വന്നിരുന്ന ഇനോവ കാറിന് വിനീത് വട്ടം വെച്ചു.” ഇറങ്ങടി ”

” നിങ്ങളിതെന്തു ചെയ്യാൻ പോവാ.. ” അവൾ വിറച്ചു കൊണ്ടു ചോദിച്ചു” ഇറങ്ങാൻ ”അവൾ ഇറങ്ങി…വിനീത് കാറിനരുകിലേക്ക് നടന്നു.. ചുറ്റും നിന്നവർ അവരെ തന്നെ ഉറ്റു നോക്കി.

കയറി പിടിച്ചവന്റെ അച്ഛൻ ഡ്രൈവ്ങ് സീറ്റിൽ നിന്നും ഇറങ്ങി.. അപ്പുറത്ത് നിന്നു അവനും..

” ഉം? എന്താ വിനീതെ വണ്ടിക്കു വട്ടം വെച്ചിരിക്കുന്നെ? “അവന്റെ അച്ഛൻ ഗൗരവത്തിൽ ചോദിച്ചു” ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു സാറേ ”

” ഈ നടു റോഡിൽ വണ്ടിക്കു വട്ടം വെച്ചിട്ടാണോ കാര്യം പറയുന്നേ? എന്തെങ്കിലും ഉണ്ടങ്കിൽ വീട്ടിലേക്കു വന്നാൽ പോരെ? ”

” അയ്യോ സാറിനോടല്ല.. മോനോടാ ”” ഉം എന്ത് കാര്യം? ”” നീ എന്റെ ഭാര്യേടെ ച ന്തി ക്കു പിടിച്ചോടാ? ” വിനീത് അവനു നേരെ അടുത്തു

” അയ്യോ വിനീതേട്ട വേണ്ട. പോവാം .. പ്ലീസ് ” ഭാര്യ വിനീതിനെ തടയാൻ ശ്രമിച്ചെങ്കിലും നിന്നില്ല…” നിനക്ക് ആണത്വത്തിനു ഉറപ്പുണ്ടങ്കിൽ ഇപ്പൊ പിടിക്കട ”

അവൻ പകച്ചു നിന്നു… ആളുകൾ ചുറ്റും കൂടി…ആരെങ്കിലും എന്തെങ്കിലും ചിന്തിക്കും മുന്നേ വിനീത് ഓടി ചെന്നു തലകൊണ്ട് അവന്റെ നെഞ്ചിൽ കുത്തി അവനേം കൊണ്ടു നിലത്തേക്ക് വീണു..

വീണ വഴിയേ അവന്റെ നെഞ്ചിൽ കയറി ഇരുന്നു ചറ പറ മുഖത്തിനിട്ടു ഇ ടി തുടങ്ങി… ചോ ര ചീ റ്റിയതും അവന്റെ കൂട്ടുകാരിൽ ഒരാൾ ഓടി വന്നു വിനീതിനെ ചവിട്ടി തെറിപ്പിച്ചു..

ഭാര്യ നിലവിളിക്കാൻ തുടങ്ങി.. വീണു കിടന്ന വിനീതിനെ ആക്രമിക്കാൻ അവന്റെ ആളുകൾ ഓടിയെത്തിയതും അവരെ നാട്ടുകാർ പിടി കൂടി.. വിനീത് വീണിടത്തു നിന്നും എണീറ്റു…

നാട്ടുകാരിൽ ഒരാൾ അവന്റെ അച്ഛനോട് പറഞ്ഞു ” ഞമ്മടെ പുരേലും പെൺകുട്ട്യോളോള്ളതാണ് ഇമ്മാതിരി പണി കാണിച്ച അടുത്ത അടി ഞങ്ങടെന്നായിരിക്കും.. മുതലാളി മോനേം വിളിച്ചു പോവാൻ നോക്ക്..

ഭാര്യ കരഞ്ഞു കൊണ്ടു ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു…” ആ മതി മതി… റൊമാൻസ് ഒക്കെ വീട്ടിൽ പോയിട്ടു. രണ്ടാളും പൊയ്‌ക്കെ ” ആരോ ഒരാൾ പറഞ്ഞു..

ചോ ര കറ നിറഞ്ഞ ഷിർട്ടുമായി വിനീത് ബൈക്ക് എടുത്തു. പറയാതെ തന്നെ അവൾ പിന്നിൽ വട്ടം ഇരുന്നു..

ഇരു കൈകൾ കൊണ്ടും അവനെ വട്ടം കെട്ടിപിടിച്ചു. വിനീത് വണ്ടിയെടുത്തു.. മെല്ലെ മുഖം ഉയർത്തി അവൾ വിനീതിന്റെ പുറത്ത് ചുംബിച്ചു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..

ചെറുതെങ്കിലും ഉള്ള മീശ ഇടം കൈകൊണ്ടു പിരിച്ചു വലം കൈകൊണ്ടു ആക്സിലറേറ്റർ ആഞ്ഞു തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *