പാതിരാത്രി ഏതോ ഒരുത്തന്റെ കൂടെ ബൈക്കിൽ കറങ്ങി നടന്നിട്ടല്ലേ അവൾക്കങ്ങനെ സംഭവിച്ചത്? എന്നിട്ടു…

(രചന: Kannan Saju)

” നിന്റെ തലക്കെന്താ ഭ്രാന്തു പിടിച്ചോ വിജയ്? റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടിയെ കല്ല്യാണം കഴിക്കാൻ മാത്രം ത്യാഗം ചെയ്യാനൊന്നും ഞങ്ങള് സമ്മതിക്കില്ല “

അമ്മ ടീവി മ്യൂട്ട് ചെയ്തുകൊണ്ട് മുഖത്തടിച്ചു പോലെ പറഞ്ഞു…കൊച്ചിന് ചോറ് കൊടുത്തു കൊണ്ടിരുന്ന ഏടത്തിയും ടൈ കിട്ടിക്കൊണ്ടിരുന്ന ഏട്ടനും സോഫയിൽ പാത്രം വായിച്ചുകൊണ്ടിരുന്ന അച്ഛനും വിജയ്‌യെ നോക്കി…

തന്റെ ശൂ പോളിഷ് ചെയ്യുവായിരുന്ന ci വിജയ് നമ്പ്യാർ അമ്മയെ നോക്കി…” ത്യാഗമോ ? എന്ത് ത്യാഗം ? ” റിമോട്ട് മേശപ്പുറത്തേക്കു വെച്ചു സാരി ഇടുപ്പിൽ എടുത്തു കുത്തി അമ്മ മുന്നോട്ടു വന്നു.

” പിന്നെ വല്ലവന്മാരും പിഴപ്പിച്ച പെണ്ണിനെ തന്നെ വേണോ നിനക്ക് കല്ല്യാണം കഴിക്കാൻ ? “

” അമ്മേ ” വിജയ്‌യുടെ ഏടത്തി ഗായത്രി പിന്നിൽ നിന്നും അമ്മയെ വിളിച്ചു…” എന്താടി.. ? അവൻ പറഞ്ഞത് കേട്ടില്ലേ നീ ?

” അതിനു ഇങ്ങനെ മോശമായി സംസാരിക്കാനോ ലളിതാ? ” പാത്രം മടക്കി സോഫയിലേക്ക് വെച്ചുകൊണ്ട് അച്ഛൻ എഴുന്നേറ്റു ചോദിച്ചു…

” പിന്നെങ്ങനെ പറയണം… ? പാതിരാത്രി ഏതോ ഒരുത്തന്റെ കൂടെ ബൈക്കിൽ കറങ്ങി നടന്നിട്ടല്ലേ അവൾക്കങ്ങനെ സംഭവിച്ചത് ??

എന്നിട്ടു വല്യ പുണ്ണ്യാളത്തിയെ പോലെ കേസും കൂട്ടവും ചാനലും ഇന്റർവ്യൂവും പബ്ലിസിറ്റിയും… ഇതാണോ അവളുടെ യോഗ്യത ? ” വിജയ് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

” അതെ അമ്മേ… പ്രതികരിക്കാനും പോരാടാനും അവളു കാണിച്ച മനസ്സ് തന്നെ ആണ് അവളുടെ ഏറ്റവും വലിയ യോഗ്യത”

” ദേ വിജയ്.. പോലീസ്നനൊന്നും നോക്കത്തില്ല നിന്റെ തല അടിച്ചു പൊട്ടിക്കും ഞാൻ.. കുടുംബത്തിൽ പിറന്ന പെൺപിള്ളേരാരും പാതിരാത്രി കറങ്ങി നടക്കില്ല.. അതും മറ്റൊരു പുരുഷനൊപ്പം…

” അതാണോ മികവുറ്റ ഒരു സ്ത്രീയെ അളക്കാൻ അമ്മ കണ്ടെത്തിയ അളവുകോൽ ? “

” എടാ.. അമ്മ പറയുന്നേലും കാര്യം ഉണ്ട്.. നമ്മുടെ ഒരു നിലവാരം വെച്ചു ഇതൊന്നും ശരിയാവില്ല ” ചേട്ടൻ ഏറ്റു പിടിച്ചു…

” നിലവാരം ഒക്കെ അവിടെ നിക്കട്ടെ എന്ന് മുതലാ ലളിതാ രാത്രി പുറത്തിറങ്ങി നടക്കുന്നവർ ചീത്ത പെൺകുട്ടികൾ ആയതു ? ” അച്ഛൻ അമ്മയുടെ അരികിലേക്ക് വന്നു

” എന്തിനാ അവക്കിപ്പോ രാത്രി പുറത്തു പോവണ്ട ആവശ്യം? ” അമ്മയുടെ ചോദ്യം കേട്ടു അച്ഛൻ അവരുടെ കണ്ണുകളിലേക്കു നോക്കി

” നിനക്ക് കിട്ടാതിരുന്ന ഫ്രീഡം ഇപ്പോഴത്തെ പെൺകുട്ടികൾക്ക് കിട്ടുന്നത് കാണുന്നതു കൊണ്ടാണോ അതോ പെണ്ണെന്നാൽ വീട്ടിൽ അടയിരിക്കേണ്ട ആണെന്ന തോന്നൽ ഉള്ളോണ്ടോ നീ ഇപ്പൊ ഇങ്ങനെ പറഞ്ഞത് ? “

” ഞങ്ങടെ തറവാട്ടിൽ ഒന്നും പെൺകുട്ടികൾ അടക്കോം ഒതുക്കോം ഇല്ലാതെ വളർന്നിട്ടില്ല “

” കഷ്ടം…. അന്നത്തെ കലാം അല്ല ഇത്. അന്ന് അടുക്കള പണി ചെയ്യാനും പിള്ളേരെ പ്രസവിക്കാനും തുണി അലക്കി കൊടുക്കാനും രാത്രികളിൽ കാമം തീർക്കാനും ഉള്ള ഒരു കളിപ്പാവ മാത്രമായിരുന്നു പെണ്ണെങ്കിൽ ഇന്ന് കാലം മാറി ലളിത..

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ആയി.. തൊഴിലായി… അവർ സ്വന്തം കാലുകളിൽ നിക്കാൻ പഠിച്ചു.. അവർക്കു ചിലപ്പോൾ രാത്രി ജോലിക്കു പോവേണ്ടി വരും..

അല്ലെങ്കിൽ എവിടെ എങ്കിലും എന്തെങ്കിലും ആവശ്യത്തിന് പോവേണ്ടി വരും…. തന്നെ പോയാൽ കടിച്ചു കീറാൻ നിക്കുന്നവർ ഉള്ളതുകൊണ്ടാണ് അവർ ആൺ സുഹൃത്തുക്കളെ പലപ്പോഴും തുണക്കായി വിളിക്കുന്നത്‌..

ഒരാണും പെണ്ണും രാത്രിയിൽ കാണുന്നതും മിണ്ടുന്നതും മറ്റേ പരിപാടിക്കു വേണ്ടി മാത്രമാണെന്നാണോ നിന്റെ ഒക്കെ വിശ്വാസം. .അമ്മ നിശ്ശബ്ദയായി… അച്ഛൻ എല്ലാവരെയും മാറി മാറി നോക്കി…

” ഇവൻ ഇവിടെ ഇല്ലാത്തപ്പോ രാത്രി എന്തേലും ആവശ്യം വന്നാൽ വിജയ് അല്ലേ അവളെ കൊണ്ടു പോവാറ് ? അവരു വേറെ പരിപാടിക്ക് പോവുന്നതാ ?? ” എല്ലാവരും ഞെട്ടലോടെ അച്ഛനെ നോക്കി

” അവളവന്റെ ചേടത്തി അല്ലേ ?? ” അമ്മ വികാരഭരിത ആയി ചോദിച്ചു..” അതുപോലെ ആ കുട്ടിക്ക് കൂടെ ഉണ്ടായിരുന്നവൻ സുഹൃത്താണ് ലളിത ! ചേട്ടൻ കല്ല്യാണം കഴിച്ചപ്പോ അല്ലേ ചേടത്തി ആയേ ?

രക്ത ബന്ധം ഒന്നും ഇല്ലല്ലോ? ഒരു രക്തബന്ധവും ഇല്ലാതെ അങ്ങനൊരു സ്ഥാനം കൊടുക്കാൻ പറ്റുമെങ്കിൽ എന്തെ സൗഹൃദത്തിനും അതായിക്കൂടാ?. ” അമ്മക്ക് ഉത്തരം ഇല്ലായിരുന്നു…

” ഇനി അഥവാ അവർ കമിതാക്കൾ ആയിരുന്നെന്നു കരുതുക.. അവളുടെ ഇഷ്ടം ആണ് അവളുടെ മനസ്സും ശരീരവും അവൾ ആർക്കു നൽകണം എന്നുള്ളത്…

അല്ലാതെ മറ്റൊരു പുരുഷനൊപ്പം അവളെ ബൈക്കിൽ സഞ്ചരിച്ചു എന്നതോ, രാത്രി സഞ്ചരിച്ചു എന്നതോ ഒരിക്കലും വഴിയിൽ കടിച്ചു കീറാൻ നിക്കുന്നവർക്കു ന്യായീകരണം അല്ല..

എന്തുകൊണ്ട് ഒരു പെൺകുട്ടിയെ തനിച്ചു കാണുമ്പോഴും രാത്രി കാണുമ്പോഴും അവളെ കീഴടക്കാൻ ഈ ആണുങ്ങൾക്ക് തോന്നുന്നത് ? അവർക്കാ ചിന്ത എവിടുന്നു വന്നു? എന്തായിരുന്നു ആ സമയത്തു ആണുങ്ങൾക്ക് അവിടെ പരിപാടി ??

പെണ്ണിനില്ലാത്ത എന്ത് സ്വാതന്ത്ര്യം ആണ് ആണിന് മാത്രം ആയി ഉള്ളത്??? ഒരു പെണ്ണായാ നീ പോലും സ്ത്രീക്ക് പരിമിതികൾ കല്പിക്കുമ്പോൾ അവളെ രാത്രി പുറത്തു കാണുന്നവന്റെ ഉള്ളിലെ ചിന്ത എന്തായിരിക്കും??? “

” അച്ഛാ മതി ” വിജയ് ഇടയ്ക്കു കയറി” ഇല്ല മോനേ…ഞാൻ പറയും.. ഇന്നലെ വിധി വരുന്നത് വരെ എന്റെ നെഞ്ചിൽ തീയായിരുന്നു….

നിനക്കൊപ്പം അല്ലെങ്കിൽ അവനൊപ്പം ബൈക്കിൽ പോവുമ്പോൾ നിന്റെ എടത്തിക്കാണ് അത് സംഭവിച്ചിരുന്നതെങ്കിൽ അപ്പോഴും നിന്റെ അമ്മ ഇത് പറയുമായിരുന്നോ ??? “വിജയ് തല കുനിച്ചു..

” അഞ്ചു പേരാണ്… ആ ചെറുപ്പക്കാരന്റെ മുന്നിലിട്ട് ആ പെൺകുട്ടിയെ… അതിൽ പതിനേഴു വയസുള്ളവൻ ആണ് ഏറ്റവും ക്രൂരത കാട്ടിയതെന്നു ഓർക്കണം.. ബിയർ ബോട്ടിൽ യോനിയിലൂടെ തള്ളി കയറ്റി അടിച്ചു പൊട്ടിക്കുക..

അന്നത്തെ ആ രാത്രി അവൾ എത്ര അനുഭവിച്ചിട്ടുണ്ടാകും? ആശുപത്രി കിടക്കയിൽ ബോധം വരുമ്പോൾ അവൾ ആദ്യം പറഞ്ഞത് അവന്മാരെ കൊല്ലണം എന്നായിരുന്നു…. ഇരയെന്നു പറഞ്ഞു ആഘോഷിച്ചില്ലേ മാധ്യമങ്ങൾ..

എവിടേയും തോറ്റു കൊടുക്കാതെ ഇന്റർവ്യൂവിൽ മുഖം മറിക്കാതെ നീതിക്കുവേണ്ടി പോരാടിയില്ലേ ?? അതാണോ ചീപ്പ് പബ്ലിസിറ്റി എന്ന് പറഞ്ഞു നീ അധിക്ഷേപിച്ചത് ??

എല്ലാ സ്ത്രീയുടെ ശരീരത്തിനും മനസ്സിനും പവിത്രതയുണ്ട്.. അതിനു വില ഇടുന്നതു സമൂഹം അല്ല.. അവൾ തന്നെ ആണ്…

അവളുടെ ഇഷ്ടങ്ങൾക്കും സ്വാതന്ത്ര്യങ്ങൽക്കും വിലയിടാൻ ഒരുത്തനും വളർന്നിട്ടില്ലിവിടെ… ചില അവളുമാർക്കു തങ്ങൾക്കു കിട്ടാത്ത സ്വാതന്ത്ര്യം ഇപ്പോഴത്ത കുട്ടികൾ ആഘോഷിക്കുന്നത് കാണുമ്പോൾ ഉള്ള സൂക്കേടാണ്…

ആണുങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയാൽ സ്വന്തം പെണ്ണുങ്ങൾ മറ്റുള്ളവന്റെ മുന്നിൽ കാലകത്തി കൊടുക്കുമോ എന്നുള്ള ഭയവും…

എടീ… ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടാൻ കാത്തിരിക്കുന്നവർക്കിടയിൽ തന്നെ നശിപ്പിച്ചവരോടും കപട സദാചാര വാദികളായ ഒരു സമൂഹത്തോടും യുദ്ധം ചെയ്തു വിജയിച്ചവളെ തന്റെ പാതി ആക്കണം എന്ന് പറയാൻ ചങ്കൂറ്റം ഉള്ള ഒരു മകൻ ഉണ്ടായതിൽ അഭിമാനിക്കു നീ ആദ്യം… “

” ഉറപ്പ് പറയാറായിട്ടില്ല അച്ഛാ.. എനിക്ക് അവളോട് സംസാരിക്കണം.. അവളുടെ ഉള്ളിൽ ഞാൻ ഉണ്ടോ എന്നറിയണം…

ഇല്ലെങ്കിൽ എത്ര നാൾ അവൾക്കു വേണ്ടി കാത്തിരിക്കണം എന്നറിയണം… അവളെ അറിയണം.. അവളുടെ സമ്മതം വാങ്ങണം… എന്റെ പോലീസ് ജീവിതത്തിൽ ഇത്രയും ചങ്കുറപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല…

ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും വലിയ പോരാളി അവളാണ്… അവളുടെ കൈ പിടിച്ചു എനിക്ക് പറയണം ഇത് സിമ്പതി അല്ല ആരാധന ആണെന്ന് “

” നിന്റെ മനസ്സിന് ശരി എന്ന് തോന്നുന്നത് നീ ചെയ്യണം.. അവൾക്കും സമ്മതം ആണെങ്കിൽ അച്ഛനുണ്ടാവും കൈ പിടിച്ചു തരാൻ ” വിജയ് ചിരിയോടെ അവളെ കാണാൻ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *