കട്ടിലിൽ അഴിച്ചിട്ട കല്യാണപ്പുടവയിൽ ചുവന്ന വലിയ വൃത്തങ്ങൾ പടർന്നു തുടങ്ങിയിരുന്നു.. ലക്ഷ്മി പെട്ടന്ന് അതെല്ലാം…

രചന: ശാലിനി)

കല്യാണപ്പെണ്ണിന്റെ തലമുടിയിലെ പിന്നുകൾ ശ്രദ്ധാപൂർവ്വം അഴിച്ചെടുക്കുമ്പോൾ അവളുടെ വെളുത്തു തുടുത്ത മുഖം വല്ലാതെ വിളറിയത് പോലെ ഗൗരിക്ക് തോന്നി.“എന്ത് പറ്റി ലക്ഷ്മി ? ”

അവൾ എന്തോ പറയാൻ
അറയ്ക്കുന്നുണ്ടെന്നു തോന്നി. മുഖം വല്ലാതെ വിളറിയിരിക്കുന്നു. ഇനിയൊരുപക്ഷെ പുതിയ വീട്ടിൽ എത്തിയതിന്റെ അങ്കലാപ്പ് ആയിരിക്കും.

വിവാഹം കഴിഞ്ഞു ഗൃഹപ്രവേശം കഴിഞ്ഞിട്ട് അധിക നേരമായില്ല. ഗൗരിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യയാണ് ലക്ഷ്മി എന്ന പുതുപ്പെണ്ണ്.

ഈയൊരു ദിവസത്തെ തിരക്കാണോ അവളെ ഇനി ചിലപ്പോൾ അസ്വസ്ഥപ്പെടുത്തുന്നത്.
ഗൗരി വേഗം ചെന്ന് വാതിൽ ചേർത്തടച്ചു കൊളുത്തിട്ടു.

“പറഞ്ഞോളൂ ഇവിടെക്ക് ഇപ്പോൾ
ആരും വരില്ല.. ”തന്റെ വാക്കുകളിലെ ഉറപ്പ് മനസ്സിലാക്കിയിട്ടാവും അവൾ മെല്ലെ വിറയാർന്ന സ്വരത്തിൽ പറഞ്ഞു

“ചേച്ചി എനിക്ക് പിരീഡ്സ് ആയെന്നാ തോന്നുന്നത് !”ലക്ഷ്മിയുടെ കല്യാണ സാരിയുടെ മുന്താണിയിൽ കുത്തിയിരുന്ന സേഫ്റ്റി പിൻ ശ്രദ്ധിച്ചെടുത്തിട്ടും അത് എങ്ങനെയോ വിരലിൽ കൊണ്ട് ചോര പൊടിഞ്ഞു !

“അയ്യോ എപ്പോൾ ? അതെന്താ ഡേറ്റ് അറിയില്ലായിരുന്നോ ? ”തന്റെ മുഖത്തെ ഞെട്ടൽ കണ്ട് അവളൊന്നു പതറി.

എന്താണ് പറയുക. ഡേറ്റിന് ഇനിയും കുറെ ദിവസങ്ങൾ ഉണ്ടെന്നോ. ടെൻഷൻ കാരണം പെട്ടന്ന് സംഭവിച്ചതായിരിക്കുമെന്നോ..

ഒന്നും മിണ്ടാതെ തലയും താഴ്‌ത്തി നിൽക്കുന്ന അവളുടെ മുഖത്തേയ്ക്ക് നോക്കിനിന്നപ്പോൾ ഗൗരിക്ക് ഒരു കല്ലുകടി പോലെ തോന്നി.

നല്ലൊരു ദിവസം ആയിട്ട്.. ഇനി ഇതെങ്ങനെ അമ്മയോട് പറയും ? മറ്റുള്ളവർ എന്ത്‌ പറയും.

കല്യാണം ഉറപ്പിക്കാൻ ചെല്ലുന്ന ദിവസം പെണ്ണിന്റെ ഡേറ്റ് ചോദിച്ചിട്ടാണ് തീയതി നിശ്ചയിക്കുന്നത് തന്നെ. എന്നിട്ടും ഇങ്ങനെ സംഭവിച്ചത് പെണ്ണിന്റെ തെറ്റാണെന്നെ എല്ലാരും പറയൂ.

അല്ലെങ്കിൽ തന്നെ ഏതെങ്കിലും വിശേഷത്തിന് ഈ വീട്ടിലുള്ള സ്ത്രീകൾ പുറത്ത് മാറിയാൽ അമ്മായിയമ്മയുടെ വക ഒരു കുത്തുവാക്ക് പതിവുള്ളതാണ്..കടന്നാള് ദിവസം തന്നെ ആയിക്കൊള്ളും !!

എല്ലാ പെണ്ണുങ്ങൾക്കും എല്ലാ മാസവും ഇതൊക്കെ വരാറുള്ളതല്ലേ. എന്നിട്ടും എന്തോ കുറ്റം ചെയ്തത് പോലെ ആണ് അമ്മയുടെ പെരുമാറ്റങ്ങൾ.ലക്ഷ്മിയുടെ കരച്ചിൽ വന്നു വിങ്ങുന്ന മുഖം കണ്ട് ഗൗരി ആശ്വസിപ്പിച്ചു.

“അതിന് ഇങ്ങനെ വിഷമിക്കുന്നതെന്തിനാ.. സാരമില്ല. വന്നത് വന്നു അതിന് ഇങ്ങനെ പേടിക്കുന്നത് എന്തിനാ? ഇതൊക്കെ എല്ലാവർക്കും വരണതല്ലേ.. ലക്ഷ്മി ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരൂ.”

കട്ടിലിൽ അഴിച്ചിട്ട കല്യാണപ്പുടവയിൽ ചുവന്ന വലിയ വൃത്തങ്ങൾ പടർന്നു തുടങ്ങിയിരുന്നു..
ലക്ഷ്മി പെട്ടന്ന് അതെല്ലാം വാരിയെടുത്തു ബാത്‌റൂമിലേക്ക് പോകുന്നത് കണ്ട് ഗൗരി ഒന്ന് നിശ്വസിച്ചു.ഇനി ഇതിന്റെ പേരിൽ ഇവിടെ ഒരു പുകില് ഉണ്ടാവും തീർച്ചയാണ്..

വൈകുന്നേരം മകനെയും മരുമകളെയും കുടുംബ ക്ഷേത്രത്തിലേക്ക് പറഞ്ഞു വിടാൻ ഒരുങ്ങിയ അമ്മയുടെ മുഖം അടികൊണ്ടത് പോലെ കരുവാളിച്ചു പോയത് കണ്ടാണ് എല്ലാവരും കാര്യം അറിയുന്നത്.

മുതിർന്ന പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വെച്ചു കൊണ്ട് പെണ്ണിനെ കുറ്റപ്പെടുത്തി. ഇതും കൊണ്ടാണോ കല്യാണ പന്തലിൽ വന്നിരുന്നതെന്ന് ആർക്കറിയാം എന്ന് പരിഹസിച്ചു.

പലരും പലതും പറഞ്ഞു. എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിന്ന ലക്ഷ്മി എന്തോ അപരാധം ചെയ്ത മട്ടിൽ മുറിക്കുള്ളിൽ ഒളിച്ചിരുന്നു.

“എടാ നീയങ്ങോട്ട് ചെല്ല്. വന്നത് വന്നു. ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതൊക്കെ തന്നെയാണ്. ഇനി അതിന്റെ പേരിൽ വന്നു കയറിയ അന്ന് തന്നെ അതിന്റെ മനസ്സ് വിഷമിപ്പിക്കണ്ട.. ”

ഹരി വല്ലാത്തൊരു ജാള്യതയോടെ അകത്തേക്ക് കയറിപ്പോയി. പിന്നിൽ കൂട്ടുകാരുടെ കമന്റുകൾ അതിരു കടക്കുന്നുണ്ടായിരുന്നു.

വാതിൽപ്പാളിക്ക് പിന്നിൽ ഒരു കുറ്റവാളിയെപ്പോലെ മറഞ്ഞു നിന്ന ലക്ഷ്മി ഹരിയുടെ നിഴൽ വെട്ടം കണ്ട് ചുരുങ്ങി ചുളുങ്ങി.

“എന്തിനാടോ താൻ അവിടെ പോയി നിൽക്കുന്നത്. പുറത്തേക്ക് ഒക്കെ ഇറങ്ങരുതോ. അവിടെ ആരൊക്കെയോ ഇയാളെ കാണാൻ എത്തീട്ടുണ്ട്. ”

അവൾക്ക് മറുപടി പറയാൻ ഒന്നുമില്ലായിരുന്നു. എന്തെങ്കിലും അറിഞ്ഞിട്ടുണ്ടാവുമോ ?
അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം കാട്ടുന്നതായിരിക്കുമോ..

“ഞാൻ അങ്ങോട്ട്‌ വന്നാൽ
കുഴപ്പമാകുമോ.എനിക്ക് പേടിയാ.. ”“എന്ത് കുഴപ്പം.എന്തിനാ പേടിക്കുന്നത്. അതിന് താൻ കുറ്റമൊന്നും ചെയ്തില്ലല്ലോ..”

“എന്നോട് ദേഷ്യം തോന്നുന്നുണ്ടോ. ഞാൻ മനഃപൂർവം അല്ല ഇങ്ങനെ ഒന്നും..”“എടോ ഇതൊക്കെ എല്ലാ പെൺകുട്ടികൾക്കും വരുന്നതല്ലേ.

ഇന്ന് ഇത് സംഭവിച്ചു എന്ന് കരുതി താനിങ്ങനെ പേടിക്കുന്നതെന്തിനാ. വാ അവരൊക്കെ പോകുന്നതിനു മുൻപ്
അങ്ങോട്ട് ചെല്ലാം .. ”

കൂടുതൽ ഒന്നും പറയാൻ അനുവദിക്കാതെ ഹരി അവളുടെ കയ്യിൽ മുറുകെ പിടിച്ചു..
പുറത്തേക്ക് വരുന്ന പെണ്ണിനേയും ചെറുക്കനെയും കണ്ടപ്പോൾ ആളുകൾ പരസ്പരം നോക്കി എന്തൊക്കെയോ പിറുപിറുത്തു..

“എന്നാലും എന്റെ കുഞ്ഞേ നല്ലോരു ദിവസമായിട്ട് നീയീ ചതി ചെയ്തല്ലോ.
ഇനി ഇതിന്റെ പേരിൽ എന്തൊക്കെ ദോഷമാണോ വരാൻ പോകുന്നത്. അമ്പലത്തിൽ വെച്ചേ ഇതും കൊണ്ടാണോ ഇരുന്നത്?”

ഹരിയുടെ അമ്മയ്ക്ക് ലക്ഷ്മിയെ കണ്ടിട്ട് ചോദിക്കാതിരിക്കാനായില്ല..ചുറ്റിനും നിന്നവരുടെ കുറ്റപ്പെടുത്തുമ്പോലുള്ള നോട്ടങ്ങൾ കണ്ട് ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി.

ഹരിയുടെ മൂർച്ചയുള്ള നോട്ടം കണ്ടാവണം അമ്മ പിന്നെയൊന്നും പറയാൻ മുതിർന്നില്ല.

മരുമകൾക്ക് നാലു ദിവസത്തേക്ക് മറ്റൊരു മുറി തയാറാക്കി കൊടുക്കുമ്പോൾ അമ്മ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.

ഇപ്പോഴത്തെ പിള്ളേർക്ക് ഇങ്ങനെ ഉള്ള ചിട്ടകളൊന്നും ഇല്ല. പക്ഷെ കുടുംബത്തേയ്ക്ക് വന്നു കയറിയ ആദ്യത്തെ ദിവസമല്ലേ..
ഇനി മണിയറ കൂടി ആശുഭമാക്കണ്ട !

അന്ന് ആദ്യ രാത്രിയിൽ നിലത്ത് വിരിച്ച തഴപ്പായയിൽ കിടന്ന് ലക്ഷ്മി തനിയെ
ചിരിച്ചു. നല്ല മണിയറ ! മുല്ലപ്പൂവുകൾക്ക് പകരം പല്ലിയും പാറ്റയും മണക്കുന്ന തഴപ്പായ !!

ഇരുട്ടിൽ ദേഹത്ത് കൂടി ഓടിയിറങ്ങി കളിക്കാൻ കൂട്ടിന് എലികളുമുണ്ടോ ആവോ. എങ്ങനെ ഉറങ്ങും ഈ കുടുസ്സ് മുറിയിൽ? അവൾ തന്റെ വിധിയെ പഴിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.

ഒരു പായയുമായി ലക്ഷ്മി അടുത്തുള്ള കൊച്ചു മുറിയിലേക്ക് പോകുമ്പോൾ ഹരിയുടെ വിളറിയ മുഖം കണ്ടു ഏട്ടത്തി ചിരിയടക്കി.
എന്ത് ചെയ്യാനാ പായക്ക് പകരം ഒരു പാൽ ഗ്ലാസ്‌ ആയിരുന്നു അവളുടെ കയ്യിൽ വേണ്ടിയിരുന്നത്.

ഇതിനായിരുന്നോ ഞാൻ ഇത്രയും നാൾ കാത്തു കാത്തിരുന്നു കല്യാണം കഴിച്ചത്..
നിരാശയോടെ ഹരി വാതിൽ ചേർത്തടച്ചു.
മൊബൈലിലേക്ക് തല തെറിച്ച കൂട്ടുകാരുടെ മെസ്സേജുകൾ തുരുതുരാന്നു വന്നു കൊണ്ടിരിക്കുന്നു.

ദേഷ്യത്തോടെ മൊബൈൽ സ്വിച്ചഡ് ഓഫ്‌ ആക്കി വെച്ച് കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീഴുമ്പോൾ വാതിലിൽ ശക്തിയായി ആരോ കൊട്ടുന്നു.

“നാശം ഇനി അടുത്ത മാരണം ആരാണാവോ? ”വാതിൽ വലിച്ചു തുറക്കുമ്പോൾ കുറെ കുട്ടിപ്പട്ടാളങ്ങളുമായി നിരന്നു നിൽക്കുന്ന അളിയൻ !

“ങ്‌ഹാ, അളിയൻ ഇത്ര പെട്ടന്ന് കിടന്നോ.അതിനു സമയം ഒന്നുമായില്ലല്ലോ.
എന്തായാലും ഒറ്റക്കല്ലേ കിടക്കുന്നത്..ദാ, ഇവന്മ്മാരെക്കൂടി ഇന്നത്തേയ്ക്ക് ഒന്ന്
അഡ്ജസ്റ്റ് ചെയ്തേര് കേട്ടോ..”

ഒരു വളിച്ച ചിരിയുമായി അളിയൻ ഏൽപ്പിച്ച സന്താനങ്ങളെ എണ്ണിതിട്ടപ്പെടുത്തുമ്പോൾ ചിലതൊക്കെ അയലോക്കത്തെയാണോ എന്ന് പോലും സംശയിച്ചു

എല്ലാത്തിനെയും കട്ടിലിൽപെറുക്കിയിട്ട് താഴെ ഒരു ഷീറ്റും വിരിച്ചു കിടക്കുമ്പോൾ ഇത് പോലെ ശത്രുക്കൾക്ക് പോലുമൊരു ആദ്യരാത്രി കൊടുക്കല്ലേ കാവിലമ്മേ എന്ന് അറിയാതെ നെഞ്ചിൽ കൈ വെച്ചു പോയി പാവം മണവാളൻ ചെക്കൻ !!

Leave a Reply

Your email address will not be published. Required fields are marked *