(രചന: ആവണി)
” അല്ലെങ്കിലും എനിക്ക് അറിയാരുന്നു.. നിന്നേ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്ന്..” അവൻ അഭിമാനത്തോടെ പറയുമ്പോൾ അവൾ പുച്ഛത്തോടെ അവനെ നോക്കി.
” ഈസ് ഇറ്റ്..? നിനക്ക് അത്രയും ഉറപ്പ് ഉണ്ടായിട്ടാണോ ആരോ എന്തോ പറഞ്ഞെന്ന പേരിൽ നീ എന്നെ ഉപേക്ഷിക്കാൻ തയ്യാറായത്..?” അവനു മുന്നിൽ കൈ കെട്ടി നിന്ന് കൊണ്ട് അവൾ ചോദിച്ചു. ആ ചോദ്യത്തിൽ അവൻ നിശബ്ദനായി.
” എന്റെ ശരീരത്തിൽ ആരും തൊട്ടിട്ടില്ല എന്ന് ഉറപ്പ് ആയത് കൊണ്ടല്ലേ നീ ഇപ്പോൾ എന്നെ അന്വേഷിച്ചു വന്നിരിക്കുന്നത്..?
എന്തായാലും അന്ന് അങ്ങനെ ഒരു സംഭവം നടന്നത് കൊണ്ട് നിന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി.പക്ഷേ ഇനി എനിക്ക് നിന്നെ ആവശ്യമില്ല.
കാരണമെന്താണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.. എനിക്ക് ആവശ്യമുള്ള സമയത്ത് നീ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. അന്ന് എല്ലാവരെയും പോലെ കുറ്റപ്പെടുത്താനാണ് നീയും ശ്രമിച്ചത്.
പക്ഷേ ഇപ്പോൾ സത്യം അറിഞ്ഞതു കൊണ്ട് അല്ലേ നീ എന്റെ പിന്നാലെ വരുന്നത്..ഇങ്ങനെയുള്ള സ്നേഹം എനിക്ക് ആവശ്യമില്ല. ഏതു സാഹചര്യത്തിലും എന്നെ ചേർത്തു നിർത്താൻ കഴിയുന്ന ഒരു പുരുഷനെയാണ് എനിക്ക് ആവശ്യം.”
അത്രയും പറഞ്ഞുകൊണ്ട് അവനോട് ഇനിയൊരു സംഭാഷണത്തിന് താല്പര്യമില്ല എന്ന് പറയാതെ പറഞ്ഞു അവൾ മുറിയിലേയ്ക്ക് കയറി വാതിൽ വലിച്ചു അടച്ചു.
അവൾ തന്റെ മുഖത്തടിച്ചതാണോ എന്ന് പോലും അവന് സംശയം തോന്നി. പിന്നീട് അപമാനം കൊണ്ട് ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോയി.
മുറിയിലേക്ക് കയറിയ അവൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ അനുഭവിക്കുന്നത് എന്താണ് എന്ന് വെറുതെയെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുകയായിരുന്നു.
പക്ഷേ ആ ചിന്തകൾ മനസ്സിലേക്ക് വന്നപ്പോൾ തന്നെ തന്റെ ശരീരം ഒന്നാകെ വിറക്കുന്നത് അവൾ അറിഞ്ഞു.
അവൾ ഗൗരി.ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.അവൻ അമൽ. അവളുടെ പ്രണയം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഒരുവൻ.
കുറച്ചു ദിവസങ്ങൾക്കു മുൻപുള്ള സംഭവങ്ങളിലേക്ക് അവളുടെ മനസ്സ് ആ നിമിഷം സഞ്ചരിച്ചു തുടങ്ങി.
” എടാ ഞാൻ ഇറങ്ങുമ്പോൾ ലേറ്റ് ആവും.. ഇന്ന് ഇറങ്ങാൻ നേരത്ത് എമർജൻസിയാണ് എന്ന് പറഞ്ഞ് ഒരു വർക്കുമായി ടീം ലീഡ് വന്നത്. ഞാൻ എങ്ങനെയാ പറ്റില്ലെന്നു പറയുക…
അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ നാളെ മുതൽ ഇങ്ങോട്ട് വരണ്ട എന്നായിരിക്കും പുള്ളിയുടെ മറുപടി. അതുകൊണ്ട് അത് ചെയ്തു കൊടുക്കാൻ ഉണ്ട്. ”
ഗൗരി ആളൊഴിഞ്ഞ ഒരു കോർണറിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു.
” ഇന്ന് ഒന്നിച്ച് പുറത്തു പോകാമെന്ന് നമ്മൾ പ്ലാൻ ചെയ്തതല്ലേ..? എന്നിട്ട് നീ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും..?”അമൽ ദേഷ്യപ്പെട്ടു.
” എടാ എന്റെ അവസ്ഥ എന്താണെന്ന് ഞാൻ പറഞ്ഞതല്ലേ..? പറഞ്ഞ വർക്ക് ചെയ്തു കൊടുക്കാതെ ഞാൻ ഇറങ്ങി വന്നാൽ നാളെ മുതൽ ഇങ്ങോട്ടേക്ക് വരേണ്ട കാര്യം ഉണ്ടാവില്ല.”
അവൾ നിസ്സഹായതയോടെ പറഞ്ഞു.“നാട്ടിൽ വേറെ ജോലി കിട്ടാത്ത പോലെയാണല്ലോ നിന്റെ പറച്ചിൽ..? ഇതു പോയാൽ പോട്ടെന്നു വയ്ക്കണം. ഇതുപോലെ ഒരു നൂറെണ്ണം കിട്ടും വേറെ..”
അവൻ പുച്ഛഭാവത്തിൽ പറഞ്ഞത് അവളുടെ മനസ്സ് വേദനിപ്പിച്ചു.“ഈയൊരു ജോലി തന്നെ കിട്ടാൻ ഞാൻ എത്രമാത്രം കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല.
ആ എന്നോടാണ് നീ ഇത് കളഞ്ഞിട്ട് വേറെ ജോലി നോക്കാൻ പറയുന്നത്.അതെന്തായാലും ഞാൻ ചെയ്യില്ല. ഈ ജോലി എനിക്ക് അത്യാവശ്യമാണ്.” അവൾ ഉറപ്പോടെ പറഞ്ഞപ്പോൾ അവന് ദേഷ്യം അധികരിക്കുകയാണ് ചെയ്തത്.” നീ എന്തെങ്കിലും കാണിക്ക്.. ”
ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.അവന്റെ പ്രവർത്തി അവളെ വേദനിപ്പിച്ചു എങ്കിലും, അവൾ തന്റെ വർക്ക് പ്ലേസിലേക്ക് തിരികെ പോയി.
അവന്റെ പിണക്കം കുറച്ചു കഴിഞ്ഞാണെങ്കിലും മാറ്റിയെടുക്കാം എന്നൊരു ധാരണ അവൾക്കുണ്ടായിരുന്നു.
അന്ന് രാത്രിയിൽ വർക്ക് കഴിഞ്ഞ് അവളെ ഇറങ്ങിയപ്പോൾ ഒരുപാട് വൈകിയിരുന്നു.” ഇനി ക്യാബ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ആവോ..?”
അവൾ പിറുപിറുത്ത് കൊണ്ട് റോഡിലേക്ക് ഇറങ്ങി. കുറച്ചു സമയം കഴിഞ്ഞിട്ടും വണ്ടികളൊന്നും കാണാതായത് കൊണ്ട് അവൾക്ക് ടെൻഷനായി.
അവൾ ക്യാബിനു വേണ്ടി സെർച്ച് ചെയ്തിട്ടും അതൊന്നും കിട്ടുന്നുണ്ടായിരുന്നില്ല.
” നാശം..ഏത് കാലത്താണാവോ വണ്ടി കിട്ടുക..? അമലിനെ ഒന്നു വിളിച്ചു നോക്കിയാലോ..? ചിലപ്പോൾ അവൻ ദേഷ്യപ്പെടുമായിരിക്കും. എന്നാലും ഞാൻ വിളിച്ചാൽ വരാതിരിക്കില്ല.. ”
അവൾ പ്രതീക്ഷയോടെ പറയുന്നുണ്ടായിരുന്നു. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ അമലിന്റെ ഫോണിലേക്ക് വിളിക്കുകയും ചെയ്തു.
അവന്റെ ദേഷ്യത്തിന്റെയും പിണക്കത്തിന്റെയും തീവ്രത ഉണ്ടായിരിക്കണം ആദ്യ തവണ അവൻ ഫോണെടുത്തത് പോലുമില്ല. രണ്ടാമത്തെ തവണ അവനെ വിളിക്കാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ ഒരു ഓട്ടോറിക്ഷ വരുന്നത് അവൾ കണ്ടു.
അവളിൽ ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു.കൈ കാണിച്ചു നിർത്തി അതിലേക്ക് കയറിയിരിക്കുമ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് ഇനി നടക്കാൻ പോകുന്നത് എന്ന് അവൾക്കറിയില്ലായിരുന്നു.
കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ തന്നെ ഓട്ടോക്കാരന്റെ പ്രവർത്തികളിലും സംസാരത്തിലും എന്തൊക്കെയോ പ്രശ്നങ്ങൾ അവൾക്ക് തോന്നാൻ തുടങ്ങി.
എത്രയും വേഗം തനിക്ക് എത്തേണ്ട സ്ഥലത്ത് എത്തിയാൽ മതി എന്നൊരു ചിന്ത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ.
വണ്ടി കുറച്ചു ദൂരം മുന്നോട്ടു പോയി ഒരു സ്ഥലത്ത് ചെന്ന് വന്നപ്പോൾ തന്നെ അവളെ ഭയത്തിന്റെ പെരുമ്പറ കൊട്ടാൻ തുടങ്ങി.
ഓട്ടോയിൽ നിന്നും ഇറങ്ങാൻ അവളോട് ആവശ്യപ്പെട്ടിട്ടും അവൾ അത് ചെയ്യാതിരുന്നപ്പോൾ അയാൾ അവളെ ബലമായി തന്നെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി.
ഇവിടെ നിന്ന് എന്നറിയാതെ അയാളുടെ സഹായികളായി മറ്റു രണ്ടുപേരും എത്തിച്ചേർന്നു.
അവളെ കീഴ്പ്പെടുത്താൻ അവരിൽ ഓരോരുത്തരും ശ്രമിക്കുമ്പോൾ അവരിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് മാത്രമാണ് അവൾ ചിന്തിച്ചത്.
ദൈവം അവൾക്ക് തുണയായത് കൊണ്ടായിരിക്കണം അവളുടെ കൺമുന്നിൽ ഒരു ഇരുമ്പ് കഷ്ണം അവൾ കണ്ടത്.
പിന്നീട് ധൈര്യം എങ്ങനെ കിട്ടിയെന്ന് അറിയില്ല. ആ ഇരുമ്പ് കഷ്ണം കയ്യിൽ എടുത്ത് അവരെ മൂന്നു പേരെയും തല്ലി ചതക്കുമ്പോൾ തന്റെ മാനം അവർക്ക് മുന്നിൽ അടിയറവ് വയ്ക്കാൻ പറ്റില്ല എന്ന് മാത്രമാണ് അവൾ ചിന്തിച്ചത്.
അന്ന് രാത്രി ആ സംഭവത്തിനു ശേഷം അവനെ വിളിച്ച് തനിക്ക് ഒരു അത്യാഹിതം നേരിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ തന്റെ അടുത്തേക്ക് ഓടി വരികയായിരുന്നു അവൻ ചെയ്തത്.
തന്നോട് ഇത്രയേറെ സ്നേഹം അവനുണ്ട് എന്ന് തോന്നലിൽ വല്ലാത്ത സന്തോഷവും തോന്നിയിരുന്നു.
പക്ഷേ അത് കഴിഞ്ഞ്…” ഇതിന് ഞാൻ നിന്നെ മാത്രമേ കുറ്റം പറയൂ. ആരാണെന്നറിയാത്ത ഒരു ഓട്ടോയിൽ കയറി ഈ പാതിരാത്രി സഞ്ചരിക്കേണ്ട എന്തെങ്കിലും ആവശ്യം നിനക്ക് ഉണ്ടായിരുന്നോ..?
വരാൻ വണ്ടിയില്ലെങ്കിൽ നിനക്ക് എന്നെ വിളിച്ചാൽ പോരായിരുന്നോ..? അല്ലെങ്കിൽ ഇത്രയും ലേറ്റ് ആവുന്നതു വരെ നീ എന്തിനാ ഓഫീസിൽ നിന്നു..? ”
ചേർത്തു പിടിക്കേണ്ട, ധൈര്യം പകരേണ്ട കരങ്ങൾ തന്നെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ അവൾ ആകെ തകർന്നു പോയിരുന്നു.
അവനെ പുറത്താക്കി വാതിൽ അടക്കുമ്പോൾ തന്റെ ജീവിതത്തിൽ നിന്ന് തന്നെയാണ് അവൾ അവനെ പടിയിറക്കി വിട്ടത്.
പക്ഷേ തൊട്ടടുത്ത ദിവസം, സുഹൃത്തുക്കളിൽ ഒരാളോട് സത്യങ്ങൾ അവൾ തുറന്നു പറഞ്ഞു. അവളുടെയും അവന്റെയും ഏറ്റവും അടുത്ത സുഹൃത്തിനോട്.. അയാളിൽ നിന്നാണ് അവൻ വിവരങ്ങൾ മുഴുവൻ മനസ്സിലാക്കിയത്.
അവളുടെ ഭാഗത്ത് തെറ്റുകൾ ഒന്നുമില്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാകണം അവൻ വീണ്ടും അവളെ തിരഞ്ഞു വന്നത്.
പക്ഷേ ഏറ്റവും അത്യാവശ്യമായിരുന്ന സമയത്ത് തന്നെ ചേർത്തു പിടിക്കുകയോ,ധൈര്യം പകരുന്ന ഒരു വാക്ക് പറയുകയോ ചെയ്യാത്ത ഒരുവനെ തനിക്ക് വേണ്ട എന്ന് അവൾ ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.