(രചന: രുദ്ര)
ഇളം ചുവപ്പ് നിറത്തിലുള്ള നേർത്ത കരയുള്ള പട്ട് സാരിയും ഉടുത്ത് അരക്കെട്ട് വരെ പന്തലിച്ച് കിടക്കുന്ന കാർക്കൂന്തലും അഴിച്ചിട്ട് ഞാൻ അയാളെയും കാത്തിരുന്നു.
കുറേ നാളായി അയാൾ നിരന്തരം ആവശ്യപ്പെടുന്നതാണ്. നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമെല്ലാം ആരും കാണാതെ വന്ന് അയാൾ ആവശ്യം ഉന്നയിക്കാറുണ്ട്.
അന്നൊക്കെ ദേഷ്യത്തോടെ ഞാനയാളെ ആട്ടിപായിച്ചിട്ടുണ്ട്. ഇന്നലെ തുടരെ തുടരെ വീണ്ടും വിളിച്ചിരുന്നു. ഒരുതരം ഭീഷണിയുടെ സ്വരം.രണ്ട് ലക്ഷം രൂപക്ക് ഒടുക്കം ഞാനെന്റെ ശരീരം കച്ചവടമുറപ്പിച്ചു.
ഇത്ര നാൾ കാത്ത് സൂക്ഷിച്ച ആത്മാഭിമാനമെല്ലാം ഇന്ന് അടിയറവ് പറയാൻ പോവുകയാണ്. എനിക്ക് ജീവിക്കണം. ആരെയും പേടിക്കാതെ ….
മനസിൽ ദൃഢനിശ്ചയമെടുത്ത് കണ്ണടച്ചിരുന്നപ്പോഴാണ് കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്.അയാൾ വന്നു കഴിഞ്ഞു!
സാരിയുടെ ചുളിവുകളെല്ലാം നേരയാക്കി മുടി കൈ കൊണ്ട് ഒതുക്കി വെച്ച് ഞാൻ മെല്ലെ കതക് തുറന്നു.
തലയിൽ തുണിയിട്ട് ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് ഒരു കള്ളനെ പോലെ പതുങ്ങി നിൽക്കുന്ന അയാൾ. കതക് തുറന്ന വശം തന്നെ അയാൾ അകത്തോട്ട് ഓടി കയറി കതക് കുറ്റിയിട്ടു.
ആരും കാണുന്നുണ്ടാവില്ല. കണ്ടാൽ വല്ല്യേ കുറച്ചിലാ… ഞങ്ങള് വല്ല്യേ തറവാട്ടുകാരല്ലയോ?മാനം പോകാൻ അത് മതി .
തലയിൽ നിന്ന് തുണി മാറ്റി അയാളത് പറയുമ്പോൾ ചോദിക്കണം എന്നുണ്ടായിരുന്നു പെണ്ണിന്റെ മാനത്തിന് എന്താ വിലയില്ലേ എന്ന്?പക്ഷേ മറുപടി ഞാനൊരു വശ്യമായ ചിരിയിലൊതുക്കി.
കഴുകന്റെ കണ്ണോടെ അയാളെന്നെ അടിമുടി നോക്കുന്നുണ്ട്. പാദം മുതൽ മുടി വരെ അതിസൂക്ഷ്മമായ കാമത്തിന്റെ നോട്ടം.
നീ എന്ത് സുന്ദരിയാ പെണ്ണേ… നിന്നെ കൊതിച്ച പോലെ ഞാൻ മറ്റൊന്നും കൊതിച്ചിട്ടില്ല. എത്ര നാളായുള്ള ആഗ്രഹമാണ്. ഇത്ര പെട്ടെന്ന് നീ സമ്മതം മൂളുമെന്ന് ഞാൻ കരുതിയില്ല.
എന്നെ വാരി പുണരാൻ വന്ന അയാളുടെ കൈ തടഞ്ഞു നിർത്തി കൊണ്ട് ഞാൻ പറഞ്ഞു.ധൃതി കാണിക്കല്ലേ ജയേട്ടാ… വന്നതല്ലേ ഉള്ളൂ മുറിയിൽ പോയിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.പിന്നെ… പണം കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലേ?
അത് പിന്നെ കൊണ്ടുവരാതിരിക്കോ പെണ്ണേ… നീയെന്ന എന്റെ സ്വപ്നം സഫലമാകാൻ എത്ര പണം വേണമെങ്കിലും ചെലവാക്കാൻ ഞാൻ ഒരുക്കമാ…
കാര്യം കഴിഞ്ഞയുടനെ ദാ ഈ പണം മൊത്തം നിനക്കുള്ളതാ….എനിക്കും സന്തോഷം നിനക്കും സന്തോഷം.
അരക്കെട്ടിൽ നിന്നെടുത്ത പണം എന്നെ കാണിച്ചു കൊണ്ടയാൾ മുറിയിലേക്ക് നടന്നു.
അടുക്കളയിൽ നിൽക്കുമ്പോൾ എന്റെ മനസൊന്ന് ചാഞ്ചാടി.ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നറിയാത്തൊരു അവസ്ഥ. ഇല്ല … ശരിയാണ്. ധൈര്യമായി പോയിക്കോളൂ മനസ് തന്ന ധൈര്യത്തിന്റെ ബലത്തിൽ ഞാൻ മെല്ലെ മുറിയിലേക്ക് നടന്നു.
പണം ടേബിളിലേക്ക് ഭദമായി വെച്ച് കൊണ്ടയാൾ അവിടെ നിൽപ്പുണ്ട്.ഞാൻ അയാളുടെ പുറകിൽ ചെന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചു.ജയേട്ടാ…
തിരിഞ്ഞു എന്റെ കണ്ണിലേക്ക് നോക്കിയതും അയാളുടെ കണ്ണിൽ കാമം ജ്യലിക്കുന്നത് ഞാൻ കണ്ടു. ഞാനയാളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
എന്റെ ദേഹത്ത് തൊടാൻ കൈ ഉയർത്തിയതും പിന്നിൽ മറച്ചു പിടിച്ച വാക്കത്തി കൊണ്ട് അയാളുടെ കൈയിൽ ഞാനൊന്ന് ആഞ്ഞ് വെട്ടി.
എന്താണ് സംഭവിച്ചതെന്ന് അറിയാതെ വേദനകൊണ്ട് പുളഞ്ഞ അയാളെ നോക്കി ഞാൻ വീണ്ടും ഒന്ന് മന്ദഹസിച്ചു.
ഉള്ള ശക്തിയുമെടുത്ത് മറുകൈ കൊണ്ട് തടുക്കാൻ വന്ന അയാളുടെ കൈയ്ക്ക് ഞാൻ വീണ്ടും വെട്ടി.ആ വെട്ടിൽ രക്തം എന്റെ മുഖത്തേക്ക് ചീറ്റി. അതെന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട് എന്റെ കണ്ണീരിന് പകരമായി.
സർവ്വ ശക്തിയുമെടുത്ത് അയാൾ നിലവിളിക്കുന്നുണ്ട്. നാലാള് കേൾക്കും പാകത്തിൽ.
ഇനി കാത്തിരിക്കാൻ സമയമില്ല ആളുകൾ കൂടും മുൻപ് എല്ലാം അവസാനിക്കണം.പിന്നൊന്നും നോക്കിയില്ല അയാളുടെ നെഞ്ചിന് നേരെ ഞാൻ ഒന്നു കൂടെ വെട്ടി. അപ്പോഴേക്കും അയാൾ താഴെ വീണ് കഴിഞ്ഞിരുന്നു.
നിനക്ക് എന്നെ വേണമെല്ലെടാ…. തൊടെടാ എന്റെ ശരീരത്തിൽ തൊടെടാ… നിന്നോട് ഞാൻ പലവട്ടം പറഞ്ഞതല്ലേ എന്നെ വെറുതെ വിടാൻ നീ കേട്ടോ..
നീ കാരണം എനിക്കെന്റെ സമാധാനം നഷ്ടപ്പെട്ടു. ഇനി ഒരു പെണ്ണിന്റെ ശരീരത്തിനു വില പറയാനും നി ഈ ഭൂമിയിൽ ഉണ്ടാവരുത്.
കലിയടങ്ങാതെ അയാളുടെ ശരീരത്തിൽ ആഞ്ഞാഞ്ഞ് വെട്ടുമ്പോഴും ഞാൻ പുലമ്പികൊണ്ടിരുന്നു.
ഒരിറ്റ് ജീവനു വേണ്ടി അയാൾ അലറി വിളിക്കുന്നുണ്ട്. പക്ഷേ ഞാൻ ആ ദയവ് കാണിക്കില്ല. കാണിച്ചാൽ ഇന്ന് ഞാനനുഭവിച്ചത് നാളെ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടി വരും.
ചോര തറയിൽ പുഴ പോലെ ഒഴുകി തളം കെട്ടി കിടപ്പുണ്ട് .എന്റെ ഓരോ വെട്ടിലും മാംസ കഷ്ണങ്ങൾ ചിന്നി ചിതറുന്നുണ്ട്.
കുടൽമാലകൾ അയാളുടെ ശരീരത്തിൽ നിന്നും വേറിട്ട് പോവുന്നുണ്ട്. എന്നിട്ടും എന്റെ കലിയടങ്ങിയില്ല. ഒടുക്കം അയാളുടെ അവസാന ശ്വാസവും നിലച്ചു എന്നറിഞ്ഞപ്പോൾ ഞാനൊന്ന് അടങ്ങി.
വാക്കത്തി വലിച്ചെറിഞ്ഞ് ചിന്നി ചിതറി കിടന്ന അയാളുടെ ശരീരത്തെ നോക്കി ഞാൻ പൊട്ടി ചിരിച്ചു. അപ്പോഴേക്കും നാട്ടുകാർ ഓടികൂടിയിരുന്നു.
വാതിൽ പൊളിച്ച് അകത്ത് കടന്ന അവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയാണ്.പലരും കണ്ണ് പൊത്തി കൊണ്ട് തിരിഞ്ഞോടി.
“വേഗം പോലീസിനെ വിളിക്ക് “ആരൊക്കെയോ പറയുന്നത് കേൾക്കാം.പക്ഷേ അതിലൊന്നും എന്റെ ശ്രദ്ധ തിരിഞ്ഞില്ല.
കയ്യിലും ദേഹത്തുമൊക്കെ പുരണ്ട അയാളുടെ രക്തകത്തയിലേക്ക് ഞാൻ തുറിച്ചു നോക്കി.
വർഷങ്ങളായി പലരോടും കൊണ്ട് നടക്കുന്ന പകയാണ്. എപ്പോ മുതലാണ് താൻ പുരുഷവർഗത്തെ തന്നെ വെറുത്തു തുടങ്ങിയത്.?
ഒരു കാരണമില്ലാതെ ഉപേക്ഷിച്ചു പോയ ഭർത്താവിൽ നിന്നോ?സമാധാനത്തോടെ ജീവിക്കാൻ വിടാത്ത കാമാഭാന്തൻമാരിൽ നിന്നോ? നീതി വാങ്ങി തരാത്ത ഏമാൻമാരിൽ നിന്നോ? അറിയില്ല….
എന്തായാലും ഞാൻ ചെയ്തത് തന്നെയാണ് ശരി. പെണ്ണിന്റെ കോടതിയും നീതിയും അവൾ തന്നെയായിരിക്കണം.
ചെയ്തതിൽ ഒരു തെല്ല് പോലും കുറ്റബോധം എനിക്ക് തോന്നിയില്ലഅയാളുടെ രക്തത്തിന് പോലും കാമത്തിന്റെ മണമായിരുന്നു.അതെന്നെ വല്ലാതെ അസ്വസ്ഥയാക്കി.
ഉച്ചത്തിൽ ശബ്ദം മുഴക്കി കൊണ്ട് പോലീസ് ജീപ്പ് മുറ്റത്ത് വന്ന് നിന്നു.ആളുകൾ ഇരു വശങ്ങളിലേക്കും മാറി നിന്നു .ഒരു വനിതാ പോലീസ് വന്നെന്റെ കൈയിൽ വിലങ്ങ് വെക്കുന്നുണ്ട്. എനിക്ക് ഒട്ടും തന്നെ ഭയമോ വിഷമമോ തോന്നിയില്ല.
അപ്പോഴും എന്റെ കണ്ണുകൾ ആനന്ദം തേടിയിരുന്നത് അയാളുടെ ചിന്നി ചിതറി കിടന്ന ശരീരത്തിലായിരുന്നു.
രക്തം പുരണ്ട മുടിയികളെല്ലാം മുഖത്തേക്ക് വീണ് കിടക്കുന്നുണ്ട്.ഒരു ഭ്രാന്തിയെ പോലെ … എന്നെ വലിച്ചിഴച്ച് കൊണ്ട് പോകുമ്പോഴും തിരിഞ്ഞു നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു ഒരു വിജയിയെ പോലെ..