(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“സോറി സർ.. ഞങ്ങൾ മാക്സിമം ശ്രമിച്ചു പക്ഷെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇവിടെ കൊണ്ടെത്തിക്കുമ്പോഴേ ഒരുപാട് വൈകിയിരുന്നു. തലയുടെ പിൻഭാഗം എവിടെയോ ശക്തമായി ഇടിച്ചുണ്ടായ ഇഞ്ചുറി ആണ് മരണ കാരണം ബ്ലഡ് കുറേ പോയി. ”
ഡോക്ടറുടെ വാക്കുകൾ കേട്ട് നിരാശയോടെ നിന്നു സി.ഐ നിരഞ്ജൻ.
” അതൊരു ആളൊഴിഞ്ഞ സ്ഥലമാണ് ഒരു കുത്ത് ഇറക്കം രണ്ട് വശവും കാടുപോലെ ചെടികളും വളർന്നു കിടക്കുന്നു. അടുത്തെങ്ങും വീടുകൾ പോലും ഇല്ല.
ഈ കൊച്ച് സ്‌കൂട്ടിയിൽ ആ ഇറക്കം ഇറങ്ങി വന്നപ്പോൾ നിയന്ത്രണം തെറ്റി കുഴിയിലേക്ക് വീണുപോയതാണെന്ന് തോന്നുന്നു. വണ്ടി താഴേക്ക് വീണില്ല. ആളാണ് താഴെ പോയത്.
അതിലെ പോയ നാട്ടുകാർ ആരൊക്കെയോ വണ്ടി മറിഞ്ഞു കിടക്കുന്നത് കണ്ട് സംശയം തോന്നിയിട്ട് സേർച്ച് ചെയ്ത് നോക്കിയപ്പോഴാ ആളെ കാണുന്നെ ഞാൻ ആ സമയം ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുവായിരുന്നു നാട്ടുകാർ ചേർന്ന് തന്നാ കുട്ടിയെ വണ്ടിയിലേക്ക് കയറ്റിയത്. രക്ഷപ്പെടും ന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഞങ്ങൾക്ക്….ഇതിപ്പോ… ”
നിരാശയിൽ അവൻ കോറിഡോറിലെ ചെയറിലേക്കിരുന്നു.
“വിഷമിക്കാതിരിക്കു സർ ആ കുട്ടിക്ക് ഇത്രയേ ആയുസുള്ളു അങ്ങിനെ കരുതാം ”
ഡോക്ടറുടെ ആശ്വാസവാക്കുകൾക്ക് മുന്നിൽ നിരഞ്ജൻ മൗനമായി.
” സർ.. ആ കുട്ടിയുടെ പേരെന്റ്സ് എത്തിയിട്ടുണ്ട്. ഈ മരിച്ച കുട്ടി നമ്മുടെ അബ്ദുൾഖാദർ സാറിന്റെ മകൾ സൈറ ആണ്. സാറിന് അറിയില്ലേ സിറ്റിയിൽ ഷോപ്പിംഗ് മാൾ ഒക്കെ ഉള്ള… ”
കൂടെ വന്ന നാട്ടുകാരിൽ ഒരുവൻ അരികിൽ വന്ന് പറയുന്നത് കേട്ടപ്പോഴേ നിരഞ്ജൻ ആളെ മനസ്സിലാക്കി. അപ്പോഴേക്കും നിലവിളിച്ചു കൊണ്ട് അബ്ദുൾ ഖാദറും ഭാര്യ നബീസയും അവിടേക്കെത്തി.
” ഡോക്ടറെ എന്റെകുഞ്ഞ്.. ”
അലമുറിയിടുന്ന നബീസയെ ചേർത്ത് പിടിച്ചു അബ്ദുൾഖാദർ.
“എന്താ.. എന്റെ കുഞ്ഞ് പോയോ.. ”
അയാളുടെ ചോദ്യത്തിന് മുന്നിൽ മൗനമായ ശേഷം പതിയെ നിരഞ്ജനരികിലേക്ക് ചെന്നു ഡോക്ടർ.
” സർ.. എനിക്ക് മറ്റൊരു സംശയം ഉണ്ട്… ”
” എന്താണ് എന്താണ് ഡോക്ടർ ”
സംശയത്തോടെ നിരഞ്ജൻ എഴുന്നേൽക്കുമ്പോൾ കൂടുതൽ ശബ്ദം താഴ്ത്തി ഡോക്ടർ.
” സർ.. ഈ കുട്ടി റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്..ഉറപ്പാണ് ”
ഡോക്ടറുടെ വാക്കുകൾ കേട്ട് ഒരു നിമിഷം നടുങ്ങി പോയി നിരഞ്ജൻ.
” എന്താണ്.. എന്താണ് ഡോക്ടർ ഈ പറയുന്നേ.. ”
” അതേ സർ.. അങ്ങിനെ സംഭവിച്ചിട്ടുണ്ട്. സൈറയുടെ ഇടത് നെഞ്ചിൽ ആരോ കടിച്ച ഒരു പാടുണ്ട്. മാത്രമല്ല ബോഡി ലാംഗ്വേജിൽ നിന്നും വ്യക്തമാണ് അങ്ങിനെ സംഭവിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിൽ നിന്നുമെ അറിയുവാൻ കഴിയുള്ളു ”
ആദ്യത്തെ ഞെട്ടൽ വിട്ടകലവേ ഒരു പോലീസ് ഓഫീസറായി തന്നെ കാര്യങ്ങൾ കേട്ടു നിരഞ്ജൻ.
” ഡോക്ടർ അങ്ങിനെയെങ്കിൽ രണ്ട് പോസിബിളിറ്റീസ് ആണ് ഉള്ളത് ഒന്നുകിൽ ഇത്തരമൊരു റേപ്പിന് ഇരയായ ശേഷം വീട്ടിലേക്കുന്ന യാത്രയിൽ ക്ഷീണിതയായി വണ്ടിയുടെ ബാലൻസ് തെറ്റി അപകടമുണ്ടായതാകാം… അതല്ലെങ്കിൽ…. ”
ഒന്ന് നിർത്തി അവൻ പതിയെ അകലെ നിൽക്കുന്ന തനിക്കൊപ്പം ഹോസ്പിറ്റലിലേക്ക് വന്നവരെ ഒന്ന് നോക്കി
” അവരിൽ ആരെങ്കിലും… കാരണം ഈ പെൺകുട്ടിയെ കുഴിയിൽ നിന്നും എടുത്ത് റോഡിലേക്കെത്തുമ്പോൾ ആണ് ഞാൻ അവിടേക്ക് എത്തുന്നത് അതിനിടയിൽ ഉള്ള സമയം…..”
സംശയത്തോടെ അവരെ അല്പസമയം നോക്കി നിന്ന ശേഷം വീണ്ടും ഡോക്ടർ നു നേരെ തിരിഞ്ഞു നിരഞ്ജൻ.
” ഡോക്ടർ പോസ്റ്റുമോർട്ടത്തിന് വേണ്ട നടപടികൾ ചെയ്‌തോളൂ.. കഴിയുമെങ്കിൽ നാളെ രാവിലെ ആദ്യത്തെ പോസ്റ്റുമോർട്ടം ഈ കുട്ടിയുടേത് ആക്കണം കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായ ശേഷം മാത്രം കുട്ടിയുടെ വീട്ടുകാരെയും കാര്യങ്ങൾ അറിയിക്കാം.. അതുവരെ ഈ കാര്യങ്ങൾ നമ്മൾ മാത്രം അറിഞ്ഞാൽ മതി ”
ആ നിർദ്ദേശം അതേ പടി അനുസരിച്ചു കൊണ്ട് ഡോക്ടർ അകത്തേക്ക് പോയി. കരഞ്ഞു തളർന്നവശയായ നെബീസയെ പതിയെ ചെയറിലേക്കിരുത്തി തിരിയുമ്പോഴാണ് അബ്ദുൾ ഖാദർ നിരഞ്ജനെ കാണുന്നത്. പതിയെ അയാൾ അവനരികിലേക്കെത്തി
” സർ… സർ ആണോ എന്റെ കുഞ്ഞിനെ ഇവിടെ കൊണ്ടെത്തിച്ചത് ”
വേദന കലർന്ന ആ ചോദ്യം കേട്ട് അതേ എന്ന് പതിയെ തലയാട്ടി നിരഞ്ജൻ.
അത് കേട്ട് അല്പസമയം മൗനമായ ശേഷം പതിയെ കൈകൂപ്പി തൊഴുതു അബ്ദുൾ ഖാദർ.
” ഒരുപാട് നന്ദി.. സർ. എന്റെ മോളുടെ ജീവൻ രക്ഷിക്കാൻ ഒരു ശ്രമമെങ്കിലും സർ നടത്തിയല്ലോ ”
അയാൾ ഏങ്ങുമ്പോൾ പതിയെ ആ കരങ്ങൾ കവർന്നു നിരഞ്ജൻ.
” ഇനി വിഷമിച്ചിട്ടു കാര്യമില്ല.. മോളുടെ വിധി ഇതായിരുന്നു. ”
അത്രയും പറഞ്ഞ് കൊണ്ടവൻ തിരിയുമ്പോൾ വിളിച്ചറിയിച്ചത് പ്രകാരം സ്റ്റേഷനിൽ നിന്നും മറ്റ് പോലീസുകാരും എത്തിയിരുന്നു.
” സാറേ എന്താ കണ്ടീഷൻ ”
കോൺസ്റ്റബിൾ നവാസിന്റെ ചോദ്യത്തിന് മറുപടി നൽകിയില്ല നിരഞ്ജൻ അവന്റെ മൗനത്തിൽ നിന്നും നവാസ് കാര്യങ്ങൾ മനസിലാക്കി.
” കഷ്ടമായി പോയി.. ”
പിറുപിറുത്തു കൊണ്ട് നവാസ് പിന്നിലേക്ക് മാറി നിൽക്കുമ്പോൾ നിരഞ്ജൻ പതിയെ തനിക്കൊപ്പം വന്ന നാട്ടുകാർക്ക് അരികിലേക്ക് പോയി. അവന്റെ കണ്ടപാടേ അവർ ചെറിയ ബഹുമാനത്തോടെ ഒതുങ്ങി നിന്നു.
” നിങ്ങൾ പൊയ്ക്കോളൂ.. ഇനീപ്പോ ഇവിടെ ആളുണ്ടല്ലോ എന്തേലും ഉണ്ടേൽ ഞാൻ വിളിക്കാം എല്ലാവരുടെയും പേരും ഫോൺ നമ്പറും നവാസിനൊന്ന് കൊടുത്തേക്ക്. ”
” ഓക്കേ സർ. കൊടുക്കാം ”
മറുപടി പറഞ്ഞ് കൊണ്ടവർ കോൺസ്റ്റബിൾ നവാസിനരികിലേക്ക് നടന്നു. അല്പസമയം അവരെ നോക്കി നിന്ന ശേഷം പതിയെ കോറിഡോറിലെ വലിയ ജനലിനരികിലെ ചെന്ന് പുറത്തേക്ക് നോക്കി നിന്നു നിരഞ്ജൻ. അല്പം കഴിഞ്ഞപ്പോൾ അബ്‌ദുൾ ഖാദർ പതിയെ അവനരികിലേക്ക് ചെന്നു
” സർ…. എന്റെ മോള്… അവളെ ആരെങ്കിലും.. ”
ചോദ്യം മുഴുവപ്പിച്ചില്ലെങ്കിലും അയാൾ ഉദ്ദേശിച്ചത് എന്താണെന്ന് നിരഞ്ജന് മനസിലായി. ഒരു മറുപടിയില്ലാതെ അവൻ പതറുമ്പോൾ പതിയെ ചുമലിൽ തട്ടി അബ്ദുൾ ഖാദർ.
” ഞാൻ കേട്ടു സാറേ.. ഡോക്ടർ സാറിനോട് പറഞ്ഞത് ഞാൻ കേട്ടു.. ”
ഒന്ന് നിർത്തി നെടുവീർപ്പിട്ട ശേഷം വീണ്ടും നിരഞ്ജന് നേരെ തിരിഞ്ഞു അയാൾ.
“സർ..എനിക്കൊരു റിക്വസ്റ്റ് ഉണ്ട്. ആ കാര്യം.. അത്.. മറ്റാരും അത് അറിയരുത്. എന്റെ പൊന്ന് മോളെ പിച്ചി ചീന്തി എന്ന് പുറം ലോകം അറിയരുത്. അവളെ ഒരു ഇരയായി കാണാൻ എനിക്ക് ആഗ്രഹമില്ല സാർ എന്നെ സഹായിക്കണം അതിനു എന്ത് വേണേലും തരാം ഞാൻ. സാർ പറഞ്ഞാൽ മതി.. പ്ലീസ് ”
ആ കേട്ടത് ഒരു നടുക്കമായെങ്കിലും മകളെ സ്നേഹിക്കുന്ന ഒരച്ഛന്റെ വികാരം അവൻ മനസിലാക്കി.
“ഇമോഷണലി നോക്കുമ്പോൾ നിങ്ങൾ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കാൻ കഴിയും ഈ സത്യം നമുക്ക് മൂടി വക്കാം പക്ഷെ അങ്ങിനെ ചെയ്യുന്നിടത്തോളം യഥാർത്ഥ കുറ്റവാളി രക്ഷപ്പെടുകയല്ലേ.. അതൊരു വലിയ തെറ്റ് അല്ലേ .. നിങ്ങളുടെ മക്കളോട് ചെയ്യുന്ന വലിയ തെറ്റ്.”
ആ ചോദ്യത്തിന് മുന്നിൽ അബ്ദുൾഖാദർ ഒന്ന് മൗനമായി ശേഷം പതിയെ തുടർന്നു.
” സർ.. എന്റെ മോളോട് ഈ ക്രൂരത ചെയ്തവൻ ആരായാലും അവനെ പിടിക്കണം. പക്ഷെ നിയമത്തിന്റെ തണലിൽ ഉണ്ടുറങ്ങാൻ അവനെ വിടരുത്..
എന്റെ മകളെ ഉപദ്രവിച്ചവനെ സാറിനു കണ്ടെത്താൻ കഴിയില്ലേ കണ്ട് പിടിച്ചു എനിക്ക് തന്നാൽമതി..പിന്നേ ഞാൻ നോക്കിക്കോളാം എല്ലാം.. ഈ ചെയ്യുന്ന സഹായത്തിനു പ്രത്യുപകാരമായി എത്ര രൂപ വേണേലും സാറിനു ചോദിക്കാം ”
തനിക്കു നേരെ അബ്ദുൾ ഖാദർ വച്ചു നീട്ടിയ ആ വലിയ ഓഫറിനു മുന്നിൽ ഒരു നിമിഷം പകച്ചു നിന്നു നിരഞ്ജൻ.
” സർ പ്ലീസ്.. ”
അയാൾ കെഞ്ചുമ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ കുഴഞ്ഞു അവൻ. പതിയെ മനസ്സിൽ അത് തീരുമാനിച്ചു.
“ഓക്കേ ഞാൻ റെഡി.. നിങ്ങടെ ക്യാഷ് മോഹിച്ചു മാത്രമല്ല ഒരു കുറ്റവാളിയും ഇനി ജയിലിൽ കിടന്ന് തിന്നു കൊഴുക്കരുത് എന്ന് ഓർത്തിട്ട് ഞാൻ ഇതിനു സമ്മതിക്കുന്നു ”
നിരഞ്ജന്റെ ആ ഉറച്ച വാക്കുകൾ വേദനയിലും അബ്ദുൾ ഖാദറിന്റെ ഉള്ളിൽ ആശ്വാസമായി.
” പക്ഷെ ഞാൻ വായ മൂടിയത് കൊണ്ട് മാത്രം ഈ സത്യം ആരും അറിയില്ല എന്ന് കരുതരുത്. ഡോക്ടർ ക്ക് കാര്യങ്ങൾ അറിയാം അയാളുടെ വാ കൂടി നിങ്ങൾക്ക് മൂടിക്കെട്ടേണ്ടതായുണ്ട് ”
നിരഞ്ജൻ ഓർമിപ്പിക്കുമ്പോൾ മറുപടി പറഞ്ഞില്ല അബ്ദുൾ ഖാദർ. അയാളുടെ നോട്ടത്തിൽ നിന്നും ഡോക്ടർക്കായുള്ള വിലയും അയാൾ നിശ്ചയിച്ചിട്ടുള്ളതായി മനസിലായി നിരഞ്ജന്.
പതിയെ സഹപ്രവർത്തകർക്കരികിലേക്ക് നടന്നു അവൻ. അവർക്കിടയിൽ നിന്നും നവാസിനെ പതിയെ അരികിലേക്ക് വിളിച്ചു
” നവാസ്.. ഇന്നിവിടെ ആളിന്റെ ആവശ്യം ഉള്ളതായി തോന്നുന്നില്ല. താൻ നൈറ്റ് പെട്രോളിംഗ് ടീമിനെ ഒന്ന് അറിയിക്കണം ഇടക്കൊക്കെ ഒന്ന് കേറി തിരക്കി പോകാൻ. ഞാൻ വീട്ടിലേക്ക് പോകുവാണ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയത് കൊണ്ട് രണ്ടെണ്ണം വീശിയിട്ടുണ്ട്… നിങ്ങളും ഇച്ചിരി നേരം കൂടി നിന്നിട്ട് വിട്ടോ ”
നിർദ്ദേശങ്ങൾ എല്ലാം നവാസ് മൂളിക്കേട്ടു. അതോടെ പതിയെ പുറത്തേക്ക് നടന്നു നിരഞ്ജൻ. ജനലിനരികിൽ തന്നെ നിന്നിരുന്ന അബ്ദുൾ ഖാദറിന്റെ അരികിൽ എത്തിയപ്പോൾ ഒന്ന് നിന്നു അവൻ ശേഷം പതിയെ അയാളുടെ കരങ്ങൾ കവർന്നു.
” വിഷമിക്കേണ്ട.. കണ്ടെത്താം നമുക്ക് ”
മറ്റൊന്നും പറഞ്ഞില്ല അയാളുടെ മറുപടിക്കായും കാത്തില്ല. പുറത്തിറങ്ങി ജീപ്പിനരികിലേക്ക് നടക്കുമ്പോൾ അവന്റെ മിഴികൾ കുറുകി.
അപകടം നടന്ന അതേ വഴിയിൽ കൂടിയായിരുന്നു നിരഞ്ജന് തിരികെ പോകേണ്ടിയിരുന്നത്. ആ സ്ഥലത്തെത്തിയപ്പോൾ പതിയെ ജീപ്പ് സൈഡ് ആക്കി നിർത്തി.
റോഡിനു വലതു വശം അപകടം ഉണ്ടായ ഭാഗത്ത് ചെടികൾ ചാഞ്ഞു കിടന്നിരുന്നു. ജീപ്പിൽ നിന്നുമിറങ്ങി ആ ഭാഗത്തേക്ക് നടന്നടുക്കുംതോറും നിരഞ്ജന്റെ മിഴികളിൽ തിളക്കം വച്ച് തുടങ്ങി. വല്ലാത്ത ഒരു ഉന്മാദ ഭാവമായിരുന്നു അപ്പോൾ അവന്.
അല്പസമയം താഴേക്ക് നോക്കി നിനക്ക് ശേഷം പതിയെ തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് കയ്യിട്ടു അവൻ. തിരികെയെടുക്കുമ്പോൾ കർച്ചീഫിൽ പൊതിഞ്ഞ ഒരു സ്വർണ്ണ വളയുണ്ടായിരുന്നു കയ്യിൽ. അ വള കാൺകെ നിരഞ്ജന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
” സൈറ മോളെ.. ഒരഞ്ചു പവൻ ഉണ്ടാകും അല്ലേ.. എന്തായാലും ഇതിങ്ങ് ഞാൻ എടുത്തു കേട്ടോ ”
പിറു പിറുത്തു കൊണ്ടവൻ പതിയെ ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്തു കത്തിച്ചു. ഒരു പുകയെടുത്ത ശേഷം അല്പ സമയം ആ ലഹരിയിൽ അങ്ങിനെ നിന്നു.
” എന്റെ കൊച്ചേ ഫോൺ വിളിച്ചു വന്നത് കൊണ്ട് നീ ഓപ്പോസിറ്റ് വന്നത് കണ്ടില്ല ഞാൻ.. ഇടിക്കാതിരിക്കാൻ നല്ലോണം വെട്ടിച്ചു പക്ഷെ അപ്പോഴേക്കും നീ കുഴീല് പോയി. പിന്നെന്നാ ചെയ്യാനാ.. രണ്ടെണ്ണം അടിച്ചോണ്ട് ബോധമില്ലാതെ കിടക്കുന്ന നിന്നെ കണ്ടപ്പോ എനിക്ക് വല്ലാണ്ട് അങ്ങ് മൂഡ് ആയി. അതോണ്ട് അല്ലേ ഞാൻ….
കാര്യം കഴിഞ്ഞപ്പോ നീ എന്നെ തിരിച്ചറിയേം ചെയ്തു പിന്നേ കൊല്ലാതെ വേറെ വഴിയില്ലായിരുന്നു.. എന്നോട് ക്ഷേമിച്ചേക്ക് നീ.അങ്ങ് സ്വർഗ്ഗത്തിൽ പടച്ചോനോപ്പം തന്നെ നിനക്ക് സ്ഥാനം കിട്ടും.. ”
അത്രയും പറഞ്ഞ് ഒന്ന് ഉറക്കെ ചിരിച്ചു നിരഞ്ജൻ. ആ വിജനമായ വഴിയിൽ ആ അട്ടഹാസം കേൾക്കാൻ ആരുമുണ്ടായില്ല.
പതിയെ ഫോൺ കയ്യിലേക്കെടുത്ത് അതിൽ ആരുടെയോ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്ത് പതിയെ റോഡിനു മറുവശം പാർക്ക് ചെയ്തിരുന്ന ജീപ്പിനരികിലേക്ക് നടന്നു ശ്രദ്ധ ഫോണിലായത് കൊണ്ടാകണം ഇറക്കം ഇറങ്ങി വന്ന നാഷണൽ പെർമിറ്റ് ലോറി അവൻ ശ്രദ്ധിച്ചില്ല.
കണ്ണിലേക്കടിച്ച പ്രകാശവും കാതടപ്പിക്കുന്ന എയർ ഫോണിന്റെ ശബ്ദവും ഭയപ്പെടുത്തിയപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കിയ നിരഞ്ജന് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കുവാനുള്ള സമയം ലഭിച്ചില്ല. അവന്റെ കത്തിലിരുന്ന ഫോൺ തെറിച്ചു ഒരു പാറയിൽ തട്ടി ചിന്നിച്ചിതറി.
ആ സമയം ഹോസ്പിറ്റലിൽ ഇരുന്ന നവാസിന്റെ സംശയം മറ്റൊന്നായിരുന്നു
” ഡ്യൂട്ടി കഴിഞ്ഞു വന്ന സി ഐ സർ ആണ് അപകടത്തിൽ പെട്ട ഈ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചത്. സർ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയത് രാത്രി ഏഴര കഴിഞ്ഞപ്പോൾ നാട്ടുകാർ സാറിന്റെ വണ്ടിയിൽ ആ പെൺകുട്ടിയെ കയറ്റിയത് പത്ത് മണി കഴിഞ്ഞപ്പോ..
അപ്പോ പിന്നേ അതെങ്ങിനെ ശെരിയാകും സ്റ്റേഷനിൽ നിന്ന് പോകുന്ന വഴിയിൽ പ്രത്യേകിച്ച് വീടുകൾ ഒന്നും ഇല്ല അതോണ്ട് തന്നെ അങ്ങേർ എവിടെയും കേറി കാണാൻ വഴിയില്ല. ഇനി എന്തേലും മറന്നിട്ടില്ല എടുക്കാൻ തിരികെ സ്റ്റേഷനിൽ എങ്ങാനും വന്നിരുന്നോ… ”
ആ സംശയം ശെരിയാണെന്ന് മറ്റുള്ളവർക്കും തോന്നി..
” സർ പോയിട്ട് പിന്നേ രണ്ടാമത് സ്റ്റേഷനിൽ ഒന്നും വന്നിട്ടില്ല. അങ്ങേരു പോയപ്പോ തൊട്ട് ഇവിടുന്ന് കോൾ വരുന്ന വരെ ഞാൻ അവിടെ ഉണ്ടായിരുന്നതാ.. ഇത് അങ്ങേരു വേറെന്തോ സെറ്റപ്പ് കഴിഞ്ഞു പോയ വഴി ആകും.. ”
കൂടെയുണ്ടായിരുന്ന പോലീസുകാരൻ അഭിപ്രായപ്പെടുമ്പോൾ ഉള്ളിലെ സംശയം അടങ്ങാത്ത തന്നെ പതിയെ ചുവരിൽ ചാരി ഇരുന്നു നവാസ്.
‘ ഉഡായിപ്പിന്റെ ഉസ്താദ് ആണ് അങ്ങേരു. പോണ വഴിയിൽ വേറെന്തോ സെറ്റപ്പ് ഉണ്ടായിരുന്നു..ഉറപ്പ് ‘
അവന്റെ ഉള്ളിൽ പല പല ചിന്തകൾ മിന്നി മാഞ്ഞു…