സംസാരം തുടങ്ങിയാൽ പിന്നെ പെട്ടെന്നൊന്നും അവസാനിപ്പിക്കാൻ അരവിന്ദന് സാധിക്കാറില്ല. അങ്ങനെ, ഏറെ നീളത്തിൽ സംസാരിച്ച നാൾ തൊട്ടാണ് അയാളിൽ നിന്നും ഞാൻ അകന്ന് തുടങ്ങിയത്. നിരന്തരമായി വിളിച്ചിട്ടും, പതിവായി കാത്തിരിക്കുന്ന ഇടങ്ങളിലുണ്ടെന്ന് മെസ്സേജ് അയച്ചിട്ടും, ആ മനുഷ്യനോട് ഞാൻ പ്രതികരിച്ചതേയില്ല.
‘പ്രിയാ.. അറ്റ്ലീസ്റ്റ് ബൈ പറയാനുള്ള മാനേഴ്സെങ്കിലും കാട്ടണം…’
കൂട്ടുകാരിയായ സെറീന പറഞ്ഞതാണ്. ഈ വർക്കിംഗ് വുമൺ ഹോസ്റ്റലിൽ എത്തിയ കാലം തൊട്ട് അവളാണ് റൂം മേറ്റ്. പ്രേമിച്ചത് കൊണ്ട് വീട്ടിൽ നിന്ന് പുറത്തായവളാണ് സെറീന. വിശ്വസിച്ചവൻ വർഷം ഒന്നാകും മുമ്പേ ചതിക്കുകയും ചെയ്തു. എങ്ങനെയെന്നൊന്നും എനിക്ക് അറിയില്ല. വിശദമായി പറയാൻ സെറീന ഒരുങ്ങിയപ്പോൾ ഞാൻ തന്നെയാണ് വേണ്ടായെന്ന് പറഞ്ഞത്. അങ്ങനെ, പൂർണ്ണമായി ഒരാളെ അറിഞ്ഞാൽ എനിക്ക് ആ മനുഷ്യനോടുള്ള താൽപ്പര്യം ഇല്ലാതായിപ്പോകും. സെറീനയെ എനിക്ക് വേണമായിരുന്നു…
‘നിനക്കറിയൊ…. ഞാനൊക്കെ ജീവിച്ച സാഹചര്യം….!’
എന്ന് തുടങ്ങിയപ്പോഴേ വേണ്ടായെന്ന് അരവിന്ദനോട് അന്ന് ഞാൻ പറഞ്ഞതാണ്. എന്നിട്ടും തന്നെക്കുറിച്ച് അറിയാവുന്നതെല്ലാം അയാൾ ഓർത്തോർത്ത് പറഞ്ഞു. അതോടെ അയാളോട് ഉണ്ടായിരുന്ന ആ കൗതുകം നഷ്ടപ്പെടുകയായിരുന്നു.
കാണാൻ ഇനിയൊന്നും ഇല്ലായെന്ന് തോന്നുന്ന ഇടങ്ങളിൽ നിന്ന് തത്സമയം ഇറങ്ങി പോകുന്നയൊരു സ്വഭാവം പണ്ടുതൊട്ടേ എനിക്കുണ്ട്. അതുകൊണ്ട് തന്നെ എന്റെ കുടുംബത്തിനും അപ്പുറം ആരെയും ജീവിതത്തിൽ സൂക്ഷിക്കാൻ സാധിക്കാറില്ല. മാതാപിതാക്കളോട് പോലും കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് ഞാൻ ചോദിക്കാറില്ല. ചികയാറുമില്ല.
ബാങ്ക് കോച്ചിംഗിന് ചേർന്ന വർഷമാണ് അരവിന്ദനെ പരിചയപ്പെടുന്നത്. ആ ട്രെയ്നിംഗ് ക്യാമ്പസ്സിൽ വെച്ച് പല തവണ ഞങ്ങൾ കണ്ടുമുട്ടി. ഒന്നും സംസാരിക്കാതെ തന്നെ തനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് അയാൾ എന്നോട് ഒരുനാൾ പറഞ്ഞു. ഇഷ്ട്ടമല്ലെന്ന് ഞാനും മൊഴിഞ്ഞു. എന്നിട്ടും അരവിന്ദൻ എന്നെ പിന്തുടർന്ന് കൊണ്ടേയിരുന്നു…
സ്നേഹം പിന്തുടരുമ്പോൾ തിരിഞ്ഞ് നോക്കാതിരിക്കാൻ പാകം കഠിനമായിരുന്നില്ല മനസ്സ്. അറിയാതെയൊരു കൗതുകം അരവിന്ദനോട് തോന്നിപ്പോയി. അതുകൊണ്ടാണ് സുഹൃത്തുക്കൾ ആകാമെന്ന് അയാളോട് ഞാൻ പറഞ്ഞത്.
‘നല്ലോരു സുഹൃത്തിന് മാത്രേ നല്ലൊരു പങ്കാളിയാകാൻ പറ്റൂ…’
ആ വേളയിൽ അരവിന്ദൻ പറഞ്ഞതാണ്. ഞാൻ വെറുതേയൊന്ന് ചിരിച്ച് കൊടുത്തു. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു. ഓരോ നാളും ആകാംഷയോടെ ഉണരുന്ന എന്നെ തൃപ്തിപ്പെടുത്തുകയെന്നത് ചെറിയ കാര്യമല്ല. ഈ ലോകം പോലെ ഒരിക്കലും തീർന്ന് പോകാത്ത കൗതുകം എന്നിൽ ജനിപ്പിക്കാൻ പോന്ന ഒരാളെ മാത്രമേ അതിനായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ…
അല്ലെങ്കിലും, തന്റെ സ്വഭാവത്തിൽ തന്നെ സ്വാധീനം ചെലുത്തിയ ഒരു മർമ്മ പ്രധാനമായ രഹസ്യമെങ്കിലും സൂക്ഷിക്കാൻ അറിയാത്ത മനുഷ്യരെയൊക്കെ എന്തിന് കൊള്ളാം! എല്ലാം തുറന്ന് വെക്കുന്നവരിൽ അധികകാലമൊന്നും ചുറ്റിക്കറങ്ങാൻ ആർക്കും സാധിക്കില്ല. അങ്ങനെ സാധിക്കുന്നുണ്ടെങ്കിൽ അവർക്ക് പോലും മനസിലാക്കാൻ പറ്റാത്തയൊരു പ്രത്യേകത ആ മനുഷ്യരിൽ ഉണ്ടെന്ന് തന്നെയാണ് അർത്ഥമാക്കേണ്ടത്.
‘ഇത്രേയുള്ളൂ ഞാൻ… എന്നെ കുറിച്ച് ഞാനെല്ലാം പറഞ്ഞിരിക്കുന്നു…’
ഒടുവിൽ ഇങ്ങനെയാണ് അരവിന്ദൻ സംസാരം നിർത്തിയത്. തന്റേതായിട്ട് ഒരു രഹസ്യം പോലും ഇല്ലാത്തവരോടുള്ള താൽപ്പര്യമില്ലായ്മ ആ നിമിഷം തൊട്ട് എന്നിൽ പ്രവർത്തിക്കുകയായിരുന്നു.
കുടുംബവും, പ്രണയവും, സൗഹൃദവും, എന്നുവേണ്ട തന്നിൽ കൊണ്ട എല്ലാ ബന്ധങ്ങളും അരവിന്ദൻ അന്ന് പറഞ്ഞിരുന്നു. വേണ്ടായിരുന്നു. ആ ഹൃദയം എന്റെ മുന്നിലേക്ക് കൊട്ടി ഇടരുതായിരുന്നു! ജീവിതത്തിൽ അനുഭവിച്ചുവെന്ന് പറഞ്ഞ വിഷാദകാലത്തെ എനിക്ക് പരിചയപ്പെടുത്തരുതായിരുന്നു! ഇതിൽ കൂടുതൽ ഒന്നുമില്ലെന്ന് പറയുന്ന ആ മനുഷ്യനിൽ ഇനിയെന്തിന് നിൽക്കണമെന്നേ ആ നേരം തോന്നിയുള്ളൂ…
എന്നെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യന്റെ ഭൂതകാലമെന്നത് അവനെ രൂപ കൽപ്പന ചെയ്തിട്ടുള്ള രഹസ്സ്യങ്ങളാണ്. അതെല്ലാം പരസ്യമാകുമ്പോൾ സൂത്രം പുറത്തായ കൺകെട്ട് പോലെയാകും ആ മനുഷ്യരെല്ലാം. അങ്ങനെ രഹസ്യം ഒഴിഞ്ഞവരെ അതിയായ താൽപ്പര്യത്തോടെ വീണ്ടും കാണാൻ ജീവിതത്തിന്റെ സദസ്സിൽ പിന്നീട് ആരുമുണ്ടായെന്ന് വരില്ല.
‘ബൈ അരവിന്ദൻ… ഐ ആം സോറി..’
സെറീന പറഞ്ഞ സ്ഥിതിക്ക് ഞാൻ അയാൾക്കൊരു മെസ്സേജ് അയച്ചു. എന്നിട്ട് വീണ്ടും ബ്ലോക്ക് ചെയ്തു. അല്ലെങ്കിൽ അരവിന്ദൻ പിന്നേയും പിന്നേയും എന്നെ ബന്ധപ്പെടാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. അഭിനയിക്കാൻ ഇഷ്ട്ടമല്ലാത്തത് കൊണ്ട് വീണ്ടും ഒത്തുപോകാൻ എനിക്ക് കഴിയില്ലായിരുന്നു.
പക്ഷെ, സോഷ്യൽ മീഡിയ വഴി നാളുകൾക്കുള്ളിൽ സെറീനയെ അവൻ വിളിക്കുമെന്ന് ഞാൻ കരുതിയില്ല. എനിക്ക് എന്ത് പറ്റിയെന്ന് അരവിന്ദന് അറിഞ്ഞേ പറ്റൂവെന്ന്…
‘ഞാനില്ലെന്ന് പറഞ്ഞേക്ക്…’
എന്റെ ശബ്ദം അയാൾ കേട്ടുകാണും. തന്നെ വേണ്ടായെന്ന് പറയാതെ പറയുന്ന ആ ശബ്ദത്തിലെങ്കിലും അരവിന്ദൻ പിന്തിരിഞ്ഞ് പോകുമായിരിക്കും. അല്ലെങ്കിലും, തന്റെ മുഴുവൻ കഥ എന്തിനാണ് അയാൾ എന്നോട് പറഞ്ഞത്! പറയരുതായിരുന്നു…
താൽപ്പര്യത്തോടെ തുടർന്നും അറിയാൻ ഇനി യാതൊന്നും ഇല്ലെന്ന് തോന്നുന്ന ബന്ധങ്ങളെ മറന്ന് പോകുന്ന ശീലം മനുഷ്യർക്കുണ്ടെന്ന് അരവിന്ദൻ മനസിലാക്കണമായിരുന്നു. കൂടുതൽ അടുത്ത് പോയെന്ന് കരുതിയവരെല്ലാം മറ്റൊരു വേളയിൽ പിരിഞ്ഞ് പോകുന്നതിന്റെ പ്രധാന കാരണവും, ഇത് തന്നെയാണെന്ന് അയാൾ അറിയണമായിരുന്നു…!!!
ശ്രീജിത്ത് ഇരവിൽ