നിന്റെ ലീലാവിലാസങ്ങളൊക്കെ ഞാൻ ഇതിൽ പകർത്തിയിട്ടുണ്ട്. ഇനി മേലാൽ വേഷം കെട്ടിറക്കിയാൽ നിന്റെ ഭാര്യ മാത്രമല്ല ഈ ലോകം മൊത്തം ഇതും കാണും കേട്ടോടാ നാറി…”

(രചന: അംബിക ശിവശങ്കരൻ)

 

“രമേ… രണ്ട് ദിവസം ഞാൻ ഇവിടെ ഉണ്ടാകില്ല. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു വിളിച്ചിരുന്നു. ഞാൻ വീട്ടിലേക്ക് പോകുകയാണ് ഇവിടത്തെ കാര്യങ്ങളൊക്കെ നീയൊന്ന് ശ്രദ്ധിക്കണം കേട്ടല്ലോ…

 

ഹരിയേട്ടൻ ഇവിടെയുണ്ടാകും ഞാൻ വരുന്നത് വരെ ഹരിയേട്ടന്റെ ഭക്ഷണകാര്യങ്ങളൊക്കെ നീയൊന്ന് ശ്രദ്ധിക്കണം. മൂപ്പര് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രമേ കഴിക്കുള്ളൂ എന്ന് നിനക്കറിയാവുന്നതല്ലേ.. നീ ഇവിടെയുള്ളപ്പോൾ എനിക്ക് ഒരു ധൈര്യമാണ്. ദാ.. ഇത് കയ്യിൽ വച്ചോ.”

 

പാത്രങ്ങൾ കഴുകി അടക്കി വെച്ചുകൊണ്ടിരിക്കുന്ന അവൾക്ക് അരികിലേക്ക് ഒരു നാൽപത്തി അഞ്ചിനടുത്ത് പ്രായം തോന്നിക്കുന്ന ആ സ്ത്രീ വന്നു പറഞ്ഞു. ഒപ്പം കയ്യിൽ കരുതിയിരുന്ന അഞ്ഞൂറ് രൂപ നോട്ട് അവളുടെ കയ്യിൽ വെച്ച് കൊടുത്തു.

 

” അയ്യോ ചേച്ചി.. പൈസ ഞാൻ അധികം വാങ്ങിയിട്ടുണ്ടല്ലോ ചേച്ചിയുടെ കയ്യിൽ നിന്ന്. ” അവൾ അത് വാങ്ങാൻ മടി കാണിച്ചു.

 

” അത് ശമ്പളത്തിൽ കൂട്ടിയാൽ മതി. ഇതങ്ങനെയല്ല ഇതെന്റെ സന്തോഷത്തിന് തരുന്നതാണ് ഇത് നീ തിരികെ തരേണ്ട.. ” അവർ സന്തോഷത്തോടെ പറഞ്ഞു.

 

“രണ്ടാഴ്ച ആയുള്ളൂ ഈ വീട്ടിൽ ജോലിക്ക് വന്ന് തുടങ്ങിയിട്ട് എങ്കിലും കുറെ നാളുകളായി പരിചയമുള്ള ഒരാളോട് പെരുമാറുന്നത് പോലെയാണ് ചേച്ചി തന്നോട് പെരുമാറുന്നത്. ഒരു വേലക്കാരിയായി ഒരിക്കൽപോലും തന്നോട് സംസാരിച്ചിട്ടില്ല. ഭക്ഷണം കഴിക്കുമ്പോൾ പോലും താഴെയിരുന്ന് കഴിക്കാൻ സമ്മതിക്കില്ല.

 

ഭക്ഷണത്തിന് മുന്നിൽ വലിയവർ ചെറിയവർ എന്നില്ല എന്നാണ് ചേച്ചി എപ്പോഴും പറയാറ്. ചേച്ചിക്കൊപ്പം ടേബിളിൽ വച്ചാണ് തനിക്ക് എപ്പോഴും ആഹാരം തരുന്നത് ആദ്യമൊക്കെ അങ്ങനെ ഇരുന്നൂണ്ണാൻ മടി തോന്നിയിരുന്നുവെങ്കിലും ചേച്ചിയുടെ സ്നേഹത്തിനു മുന്നിൽ താൻ മറത്തൊന്നും പറഞ്ഞില്ല.”

 

” രമേ നീ എന്താണ് ഈ ആലോചിക്കുന്നത്? ” അവർ അവളെ തട്ടി വിളിച്ചു.

 

” ഏയ് ഒന്നുമില്ല ചേച്ചി.. ചേച്ചി സമാധാനമായിട്ട് പോയിട്ട് വാ. ഇവിടത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം. സാറിന് വേണ്ടതൊക്കെ എന്താണെന്ന് വെച്ചാൽ ഞാൻ സമയത്തിന് വെച്ചുണ്ടാക്കി കൊടുത്തോളാം.” അവൾ അവരെ ആശ്വസിപ്പിച്ചു.

 

അവർ പോയതും അവൾ വേഗം വേഗം തന്റെ ജോലികൾ തീർത്തു വച്ചു. ഭർത്താവിന് ഇഷ്ടമുള്ള വിഭവങ്ങൾ എന്തൊക്കെയാണ് എന്ന് അവൾ ചേച്ചിയോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു. അതുപ്രകാരം രസവും കൂർക്ക മെഴുകു പുരട്ടിയും തേങ്ങ ചമന്തിയും പപ്പടവുമാണ് അവൾ ഉച്ചത്തേക്ക് തയ്യാറാക്കിയിരുന്നത്. ഒരു സഹോദരന് വേണ്ടി ഭക്ഷണം തയ്യാറാക്കുന്ന സന്തോഷമായിരുന്നു രമയ്ക്ക്.

 

കൃത്യം ഒരു മണി ആയതും അവൾ അയാളെ ഊണ് കഴിക്കാനായി വിളിച്ചു. പതിവില്ലാത്ത ഒരു നോട്ടം തന്റെ ശരീരത്തിൽ വന്ന് പതിച്ചപ്പോൾ അവൾക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി.

 

“ഹോ ഇതാണ് കൈപ്പുണ്യം കൈപ്പുണ്യം എന്ന് പറയുന്നത്. എന്താ ഒരു രുചി… എന്റെ ഭാര്യ ഉണ്ടാക്കുന്നത് എന്തിന് കൊള്ളാം വായിൽ വയ്ക്കാൻ കൊള്ളത്തില്ല. ഉപ്പും പുളിയും ഇല്ലാത്ത ഒരു സാധനം.”

 

തന്നെ സുഖിപ്പിക്കാൻ വേണ്ടി ഭാര്യയെ കുറ്റം പറയുന്ന അയാളോട് അവൾക്ക് പുച്ഛം തോന്നി. ഭാര്യ കൂടെയുള്ളപ്പോൾ ഒരു വാക്കുപോലും മിണ്ടാത്ത മനുഷ്യനാണ് ഭാര്യമാറിയ നിമിഷം തന്നെ മറ്റൊരു സ്ത്രീയോട് അവരുടെ കുറ്റം പറയുന്നത്.

 

“ആ രസം കുറച്ച് ഇങ്ങോട്ട് ഒഴിച്ചേ

രമേ..”

 

അവൾ രസം എടുക്കാനായി കൈ എത്തിച്ചതും അയാൾ തന്റെ വയറിലേക്കും ബ്ലൗസിന്റെ സൈഡിലേക്കും ആണ് തുറിച്ചു നോക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. അതോടെ അവൾ സാരി തുമ്പ് കൊണ്ട് അവിടമാകെ മറച്ചുപിടിച്ചു.

 

“രമയുടെ വീട്ടിൽ ആരൊക്കെയുണ്ട്?”

 

“ഞാനും മോനും മാത്രമേയുള്ളൂ..” അവൾ മുഖം നോക്കാതെ മറുപടി പറഞ്ഞു.

 

“അപ്പോൾ ഭർത്താവ്?”

അയാൾ ഉത്സാഹത്തോടെ ചോദിച്ചു.

 

“ജീവിച്ചിരിപ്പില്ല മോന് രണ്ടു വയസ്സായപ്പോൾ മരിച്ചതാണ്.”

 

“ഹോ എന്നിട്ടും രമ വേറെ വിവാഹം കഴിക്കാതിരുന്നത് അതിശയം തന്നെ. അതുപോട്ടെ മകൻ എത്രാം ക്ലാസിലാ പഠിക്കുന്നത്?”

 

” അവനിപ്പോൾ ഡിഗ്രി തേർഡ് ഇയർ ആണ്.. ” അയാൾക്ക് മറുപടി കൊടുക്കാൻ യാതൊരു താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ പറഞ്ഞു.അത് പറഞ്ഞതും അയാൾ വാ പൊളിച്ചു.

 

” രമയെ കണ്ടാൽ ഇത്ര വലിയ മകനുണ്ടെന്ന് തോന്നുകയേയില്ല.. ഇപ്പോഴും നല്ല ചെറുപ്പമാണ്. ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞു അല്ലേ? ”

 

” ഇനി എന്തെങ്കിലും കഴിക്കാൻ വേണോ സാറിന്.. “അയാളുടെ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടിൽ അവൾ ചോദിച്ചു.

 

” വേണ്ട. ”

അയാളുടെ മറുപടി കേട്ടതും അവൾ പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ കഴുകി തിരിഞ്ഞതും അവൾ ഒരു നിമിഷം ഞെട്ടി. തന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അയാൾ പുറകിൽ വന്നു നിൽക്കുന്നു!.

 

“കൈകഴുകാൻ വന്നതാ..സിങ്കിൽ വെള്ളം വരുന്നില്ല.”

അയാൾ ഒരു വഷളൻ ചിരി ചിരിച്ചു. അവൾ അന്ന് വേഗം തന്നെ ജോലികളെല്ലാം തീർത്തു വെച്ച് വീട്ടിലേക്ക് പോന്നു. ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ശ്വാസം നേരെ വീണത് പോലെയാണ് തോന്നിയത്.

 

” എന്താ അമ്മേ സുഖമില്ലേ? വന്നത് മുതൽ മുഖം വല്ലാതെ ഇരിക്കുകയാണല്ലോ.. എന്തേ എന്തെങ്കിലും പ്രശ്നമുണ്ടോ? ”

 

അവളുടെ ഇരിപ്പ് കണ്ടതും മകൻ ആദർശ് ചോദിച്ചു.

 

“ഏയ് ഒന്നുമില്ലടാ.. നിനക്ക് തോന്നുന്നതാകും.”

അവനെ കാണിക്കാൻ അവർ ഓരോ ജോലികൾ ചെയ്തുകൊണ്ടിരുന്നു.

 

“അവൻ അങ്ങനെയാണ്.. തന്റെ മുഖമൊന്നു വാടിയാൽ മതി അത് വായിച്ചെടുക്കും. പക്ഷേ എങ്ങനെയാണ് ഇത് അവനോട് പറയുക? നാളെ മുതൽ അവിടേക്ക് ജോലിക്ക് പോകാതിരുന്നാലോ..? പക്ഷേ ചേച്ചിക്ക് വാക്ക് കൊടുത്തതല്ലേ.. ഇനി പോകാതിരുന്നാലും എന്ത് കാരണമാണ് ചേച്ചിയോട് പറയേണ്ടത്? പാവം ചേച്ചി ഭർത്താവിനെ ദൈവത്തെ പോലെയാണ് കാണുന്നത്.”

 

” പതിനെട്ടാം വയസ്സിൽ സുമംഗലിയും ഇരുപതാം വയസ്സിൽ വിധവയും ആകേണ്ടി വന്ന ഒരു സ്ത്രീയാണ് താൻ.അന്നുവരെ ഇന്നോളം ആരെക്കൊണ്ടും ഒരു ചീത്ത പേരും കേൾപ്പിക്കാതെയാണ് മകനെ വളർത്തി വലുതാക്കിയത്. ആരും ഇന്നേവരെ തന്നോട് അപമര്യാദയായി പെരുമാറിയിട്ടും ഇല്ല.

 

പക്ഷേ അയാളുടെ നോട്ടവും സംസാരവും പെരുമാറ്റവും എല്ലാം തന്നെ വല്ലാതെ അസ്വസ്ഥതയാക്കുന്നു. ആരോടും തുറന്നു പറയാനും എന്നാൽ മനസ്സിൽ ഒതുക്കാനും പറ്റാത്ത ഒരു അവസ്ഥ. ദൈവമേ എന്തിനാണ് നീ എന്നെ എങ്ങനെ പരീക്ഷിക്കുന്നത്? ” അവളുടെ കണ്ണ് നിറഞ്ഞു.

 

പിറ്റേന്ന് മനസ്സില്ല മനസ്സോടെയാണ് അവൾ രാവിലെ ആ വീട്ടിലേക്ക് പോയത്. ചെല്ലുമ്പോൾ ഉമ്മറത്ത് പത്രവും വായിച്ച് അയാൾ ഇരിപ്പുണ്ടായിരുന്നു. അവൾ അയാളെ ശ്രദ്ധിക്കാതെ അയാളെ മറി കടന്നുകൊണ്ട് അടുക്കളയിലേക്ക് പോയി ഒരു ചായ ഇട്ടു കൊണ്ടുവന്ന് അയാൾക്ക് കൊടുത്തു. രാവിലെ അടിച്ചു തുടച്ചശേഷമെ ചേച്ചി പാചകം തുടങ്ങാറുള്ളൂ എന്നുള്ളതുകൊണ്ട് തന്നെ അവിടെ തുടയ്ക്കാൻ നിന്നു.

 

തുടയ്ക്കുമ്പോൾ സാരി തന്റെ ശരീരത്തിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തെന്നിമാറുന്നത് അയാൾ നല്ല പോലെ ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതും ആ ജോലി അവസാനിപ്പിച്ച് അവൾ അടുക്കളയിലേക്ക് ചെന്നു. പച്ചക്കറികൾ അരിഞ്ഞു കൊണ്ടിരിക്കെ തന്റെ തോളിൽ അമർന്ന കൈകണ്ട് അവൾ ഒരു നിമിഷം പകച്ചു.

 

“സാറിന് എന്തുവേണം?”

കൈ തട്ടി മാറ്റിക്കൊണ്ട് അവൾ കുതറി മാറി.

 

“എന്തിനാ രമേ നീ ഇങ്ങനെ പേടിക്കുന്നത്? ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമല്ലേ ഉള്ളൂ.. എന്ത് സംഭവിച്ചാലും ആരും ഒന്നും അറിയാൻ പോകുന്നില്ല. എന്തുവേണമെങ്കിലും ആവാം.

 

സത്യം പറ ഭർത്താവ് മരിച്ചിട്ട് ഇത്ര വർഷമായില്ലേ? ഒരു പുരുഷന്റെ സാമീപ്യം രമ ആഗ്രഹിക്കുന്നില്ലേ? എനിക്കാണെങ്കിൽ രമയെ കണ്ട നാൾ മുതൽ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആഗ്രഹം. ദൈവമായിട്ട അവളുടെ അമ്മയ്ക്ക് ഇപ്പൊ അസുഖം വരുത്തിയത്.അവൾക്കാണെങ്കിൽ ഇതിലൊന്നും താല്പര്യം ഇല്ല.

 

ആരും അറിയില്ല രമയ്ക്ക് ഇതുകൊണ്ട് ഗുണമേ ഉണ്ടാകുകയുള്ളൂ… അല്ലെങ്കിലും രമയ്ക്ക് താല്പര്യക്കുറവ് ഒന്നും ഉണ്ടാകുകയില്ല എന്ന് എനിക്കറിയാം.”

തേൻ ഒലിപ്പിക്കുന്ന വാക്കുകളോടെ അവളെ തന്നിലേക്ക് അടുപ്പിക്കാൻ നോക്കിയതും അവളയാളെ സർവ്വശക്തിയുമെടുത്ത് അടർത്തിമാറ്റി.

 

“നിങ്ങൾ എന്താ എന്നെ കുറിച്ച് വിചാരിച്ചത്?ഞാൻ ഇതെല്ലാം ചേച്ചിയോട് പറയും നോക്കിക്കോ..” അവളുടെ ശബ്ദം ഉയർന്നു.

 

“ഹഹഹ ചേച്ചി എന്നെ സംശയിക്കും എന്ന് രമയ്ക്ക് തോന്നുന്നുണ്ടോ? ചേച്ചി അടക്കം ആരും ഇത് അറിഞ്ഞാൽ രമയെ മാത്രമേ സംശയിക്കുകയുള്ളൂ.. അത്രത്തോളം നല്ലവനായല്ലേ ഞാൻ മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചത്.”

 

ചെകുത്താനെപ്പോലെ അയാൾ അട്ടഹസിച്ചു. കരഞ്ഞുകൊണ്ട് അവൾ അവിടെ നിന്ന് ഇറങ്ങി പോന്നു.

 

വീട്ടിലെത്തുമ്പോൾ ആദർശ് അവിടെയുണ്ടാകുമെന്ന് അവൾ കരുതിയില്ല. അമ്മയുടെ മുഖം കണ്ടതും അവന് ആശങ്കയായി.

 

” എന്താ അമ്മേ? അമ്മ കരഞ്ഞോ?മുഖം വല്ലാതെ ഇരിക്കുന്നു. ”

 

“നിനക്ക് ക്ലാസില്ലേ? കണ്ണുകൾ തുടച്ചു കൊണ്ട് അവൾ ചോദിച്ചു.

 

” ഇല്ല ഇന്ന് സമരമാണ്. അമ്മ കാര്യം പറ എന്താണ് ഉണ്ടായത്? ”

 

ആദ്യം പറയാൻ വിസമ്മതിച്ചെങ്കിലും അവൻ ചേർത്തുപിടിച്ചപ്പോൾ അവളുടെ സർവ്വ നിയന്ത്രണവും കൈവിട്ടുപോയി. പൊട്ടിക്കരഞ്ഞുകൊണ്ട് നടന്നതെല്ലാം തന്റെ മകനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും അവന്റെ രക്തം തിളച്ചു.

 

“ഞാൻ കൂടെയുള്ളപ്പോൾ അമ്മ എന്തിനാണ് കരയുന്നത്? അമ്മ നാളെ ജോലിക്ക് പോണം. ഇനി അയാളുടെ കൈ എന്നല്ല നോട്ടം പോലും അമ്മയുടെ മേൽ പതിക്കില്ല..”

 

“വേണ്ടടാ നീ ഒന്നിനും പോണ്ട.. എനിക്ക് പേടിയാകുന്നു.”അവൾ അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

 

“അമ്മ പേടിക്കേണ്ട.. ആരും ഒന്നും അറിയില്ല. അയാൾക്കിട്ട് ഒരു പണി കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ മകനാണെന്ന് പറഞ്ഞു നടക്കുന്നത്? അമ്മ ഒരു കാര്യം ചെയ്യണം അവിടെ ചെന്നതും പുറകുവശത്തെ വാതിൽ തുറന്നിടണം ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം..”

 

പിറ്റേന്ന് അവന്റെ നിർബന്ധപ്രകാരം അവൾ വീണ്ടും ജോലിക്കുപോയി. പതിവുപോലെ അയാൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. അവളെ കണ്ടതും കോഴിയെ കണ്ട കുറുക്കനെപ്പോലെ അയാൾ നോക്കി.ആദ്യം അടുക്കളയിൽ ചെന്ന് അവൾ പുറകുവശത്തെ വാതിൽ തുറന്നിട്ടു. ചായ കൊടുത്തു തുടയ്ക്കുന്ന നേരം അയാൾ അവളോട് അടുത്തേക്ക് ചെന്നു.

 

“എനിക്കറിയാം നീ വരുമെന്ന്.. എന്റെ കണ്ടീഷനുകൾ അംഗീകരിച്ചാൽ നിനക്ക് ഗുണമേ ഉള്ളൂ..” അയാൾ ചിരിച്ചു.

 

“ഞാൻ നിങ്ങൾ പറഞ്ഞത് അനുസരിക്കാൻ വന്നതല്ല..ചേച്ചിയെ ഓർത്തത് കൊണ്ടാണ് വീണ്ടും വന്നത്.”

 

“തുഫ്.. ഒരു ചേച്ചി. ശവം.. അവളെപ്പോലെ ഒരു സാധനത്തേ കിടക്കയിൽ കിട്ടിയിട്ട് എന്ത് കാര്യം? കിട്ടുന്നെങ്കിൽ നിന്നെപ്പോലെ ഒരു ചരക്കിനെ തന്നെ കിട്ടണം.”

 

അതും പറഞ്ഞ് അയാൾ അവളുടെ കയ്യിൽ കയറി പിടിച്ചതും പൊടുന്നനെയാണ് പുറകിൽ നിന്ന് ഒരു അടി അയാളുടെ പെടലിക്ക് കിട്ടിയത്. അടികൊണ്ട് തിരിഞ്ഞുനോക്കും മുന്നേ ഒന്നൂടെ കിട്ടിയിരുന്നു. നിലത്ത് വീണ അയാളുടെ കഴുത്തിന് പിടിച്ച് അമർത്തിക്കൊണ്ട് ആദർശ് അലറി.

 

“എന്റെ അമ്മയുടെ നേരെ തന്നെ നിന്റെ കൈ ഉയരും അല്ലേടാ നായെ..”

കലി തീരാതെ അവൻ അയാളുടെ കരണം നോക്കി തലങ്ങും വിലങ്ങും ആഞ്ഞടിച്ചു.

 

“നീ എന്താ പറഞ്ഞത്? അമ്മ പറഞ്ഞാൽ നിന്റെ ഭാര്യ വിശ്വസിക്കുകയില്ലെന്നോ? നിന്റെ ലീലാവിലാസങ്ങളൊക്കെ ഞാൻ ഇതിൽ പകർത്തിയിട്ടുണ്ട്. ഇനി മേലാൽ വേഷം കെട്ടിറക്കിയാൽ നിന്റെ ഭാര്യ മാത്രമല്ല ഈ ലോകം മൊത്തം ഇതും കാണും കേട്ടോടാ നാറി…”

തിരിച്ചൊന്നും പറയാൻ പോലും ആകാതെ അയാൾ വേദന കൊണ്ട് പുളഞ്ഞു. തന്റെ മകനെ ഓർത്ത് അവൾക്ക് അഭിമാനം തോന്നി.

 

പിറ്റേന്ന് ജോലിക്ക് വരുമ്പോൾ ശല്യം ചെയ്യുക പോയിട്ട് ഒരു വാക്കുപോലും അയാൾ ഉരുയാടിയില്ല. ഉച്ചയായപ്പോഴേക്കും ചേച്ചി വന്നു.

 

” എന്നാലും എന്റെ രമേ…നോക്കി നടന്നൂടെ ജയേട്ടന്.. അതുകൊണ്ടല്ലേ വീണ് പെടലി ഉളുക്കിയത്. “അതുകേട്ടതും രമയ്ക്ക് ചിരി വന്നു.

 

“അതേ ചേച്ചി.. ഞാനും അതുതന്നെയാ സാറിനോട് പറഞ്ഞത് സൂക്ഷിച്ചിരുന്നെങ്കിൽ ഇപ്പോൾ ഈ വേദന സഹിക്കണം ആയിരുന്നോ എന്ന്.”

 

അത് പറയുമ്പോൾ അയാളെ നോക്കിക്കൊണ്ട് അവൾ ചിരി കടിച്ചമർത്തി. അതൊന്നും പറയാൻ നിവർത്തിയില്ലാതെ അയാളും അവളെ നോക്കി.അപ്പോഴും യാഥാർത്ഥ്യം എന്തെന്നാണെന്ന് അറിയാതെ അവർ തന്റെ ഭർത്താവിനെ ഓർത്ത് വേദന പ്രകടിപ്പിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *