(രചന: അംബിക ശിവശങ്കരൻ)
രാത്രികളിൽ ഉറക്കം തന്നെ തൊട്ടു തീണ്ടാതെ ആയിരിക്കുന്നു. പല രാത്രികളും ക്ലോക്ക് സൂചികളിൽ കണ്ണിമ വെട്ടാതെ നോക്കിയിരുന്നാണ് നേരം വെളുപ്പിച്ചെടുക്കുന്നത്.
അപ്പോഴൊക്കെയും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു മുഖമുണ്ട്. ‘ഇന്ദുലേഖ ‘.എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത വിധം ആ മുഖം തന്റെ മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കുന്നു.
ആ ചിരി, ആ ശബ്ദം,ഉണ്ണിയേട്ടാ എന്നുള്ള ആ വിളി,ഇതെല്ലാം തന്റെ നിദ്രയെ ഇല്ലായ്മ ചെയ്തിരിക്കുന്നു. എത്ര രാത്രികളാണ് ആ വിളി കേട്ട് ഞെട്ടിയുണർന്നത്. ഒന്ന് കരയാൻ പോലും ആകാതെ മനസ്സ് മരവിച്ചിരിക്കുന്നു. തന്റെ ഈ അവസ്ഥ കാണുമ്പോൾ അച്ഛനും അമ്മയും വേദനിക്കുന്നുണ്ടെന്ന് അറിയാം.
അവരുടെ മുന്നിൽ ചെന്ന് പെടാതിരിക്കാനാണ് ഏറെയും ശ്രമിക്കാറ്. പക്ഷേ എല്ലാറ്റിനോടും മകൻ വിമുഖത കാണിച്ച് മുറിയിൽ തന്നെ അടച്ചിരുന്നാൽ ഏതൊരു അച്ഛനും അമ്മയ്ക്കും ആണ് നോവാത്തത്? അതും കാത്തിരുന്നു കിട്ടിയ ഏക മകനും.
താൻ എന്തെങ്കിലും അവിവേകം ചെയ്തു പോകുമോ എന്ന് അവർക്ക് നല്ല ഭയമുണ്ട്. രാത്രിയിൽ പോലും വാതിലിന്റെ ലോക്ക് ഇടാൻ സമ്മതിക്കാത്തത് ആ പേടി കൊണ്ടാണ്. ഒന്നുറങ്ങാൻ കൊതി
തോന്നിയിട്ടും മദ്യത്തെ ആശ്രയിക്കാതിരുന്നത് ആ മുഖങ്ങൾ ഓർത്തത് കൊണ്ട് മാത്രമാണ്. അതുകൊണ്ട് മാത്രമാണ് താൻ സ്വയം ജീവനൊടുക്കാതിരുന്നതും.
പാവം ഇന്ദു അവളെ താൻ ഒരിക്കലും കുറ്റപ്പെടുത്തില്ല. വീട്ടുകാരുടെ വാശിക്ക് മുന്നിൽ അവൾക്ക് നിസ്സഹായ ആകേണ്ടി വന്നു. എനിക്ക് ഉണ്ണിയേട്ടനെ മതി എന്ന് പറഞ്ഞു തന്റെ കൈപിടിച്ച് ഇറങ്ങിവരാനുള്ള ചങ്കൂറ്റം ഒന്നും ആ
പൊട്ടി പെണ്ണിന് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ തന്റെ ഭാര്യയായി ഇന്ന് അവൾ ഈ വീട്ടിൽ ഉണ്ടായിരുന്നേനെ.. ”
ഉണ്ണിയേട്ടൻ ഇനി എന്നെ ശല്യം ചെയ്യരുത് എന്ന് അവൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ തകർന്നു പോയിരുന്നു. ഉണ്ണിയേട്ടൻ ഒരിക്കലും അവളെ ശല്യം ചെയ്യില്ലെന്ന് ഒരു പക്ഷേ അവൾ മനസ്സിലാക്കി കാണില്ലായിരിക്കണം.
പക്ഷേ അവൾ പോയാലും അവൾക്ക് പകരമായി മറ്റൊരു പെണ്ണ് തന്റെ ജീവിതത്തിൽ ഉണ്ടാകില്ല. അത്രമാത്രം താൻ അവളെ സ്നേഹിച്ചിരുന്നു.
അവൻ തന്റെ തലയിണയിൽ മുഖം അമർത്തി. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ തലയിണയിൽ നനവ് പടർന്നു കയറി.
നേരം വെളുക്കാൻ തുടങ്ങിയപ്പോൾ എപ്പോഴോ ആണ് ഉറങ്ങിപ്പോയത്. ഫോൺ സൈലന്റ് ആക്കി വയ്ക്കാറുള്ളത് കൊണ്ട് ഫോണിൽ കോൾ വന്നത് അറിഞ്ഞില്ല. എപ്പോഴോ ഞെട്ടി ഉണർന്നു
ഫോണെടുത്തു നോക്കുമ്പോഴാണ് സുഹൃത്ത് അമലിന്റെ രണ്ട് മിസ്ഡ് കോൾ കണ്ടത്. അവൻ വേഗം ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
“എടാ ഉണ്ണി നീ പറഞ്ഞ കാര്യം റെഡിയായിട്ടുണ്ട്. എന്റെ ഓഫീസിന്റെ തൊട്ടടുത്ത കമ്പനിയിലേക്കാണ്.. നിനക്ക് എക്സ്പീരിയൻസ് ഉള്ളതുകൊണ്ട പെട്ടെന്ന് റെഡിയായത്. നാളെ തന്നെ ഇങ്ങ് പോര്..”
അത് കേട്ടതും അവന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഇവിടെ നിന്ന് ഒന്നു മാറി നിൽക്കാൻ എത്രയോ നാളായി ആഗ്രഹിക്കുന്നതാണ്. അമൽ എറണാകുളത്താണ് ജോലി ചെയ്യുന്നത് കൊണ്ട് അക്കൗണ്ടന്റ് ആയ തനിക്ക് കൂടി അവിടെ ഒരു ജോലി നോക്കാൻ രണ്ടു ദിവസം മുന്നേ പറഞ്ഞിരുന്നു.
ഇവിടെ ഓഫീസിൽ ലീവെടുത്ത് ലീവെടുത്ത് ജോലി പോയ മട്ടാണ്. മാത്രവുമല്ല ഇവിടെ എല്ലാവർക്കും ഇന്ദുവിന്റെ കാര്യമറിയാം. പിന്നെയും അവർക്കിടയിലേക്ക് ചെല്ലാൻ എന്തോ മനസ്സ് അനുവദിക്കുന്നില്ല മാറ്റം എന്തായാലും അനിവാര്യമാണ്…
എറണാകുളത്തേക്ക് പോകുന്ന കാര്യം അച്ഛനെയും അമ്മയെയും പറഞ്ഞ് സമ്മതിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. ഒടുക്കം കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി അമലിനോടും സംസാരിച്ചു കഴിഞ്ഞപ്പോഴാണ് അവർ പോകാൻ സമ്മതം മൂളിയത്.
പിറ്റേന്ന് വൈകുന്നേരം ആയപ്പോഴേക്കും ഉണ്ണി എറണാകുളത്തെത്തി. അമൽ വന്നാണ് അവനെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അമൽ താമസിക്കുന്ന റൂമിൽ തന്നെയായിരുന്നു ഉണ്ണിക്കും താമസം ശരിയാക്കിയത്.
അന്ന് രാത്രി അവർ ഏറെ നേരം സംസാരിച്ചിരുന്നു. കുറെ നാളുകൾക്ക് ശേഷമാണ് ഒരാളോട് ഇങ്ങനെ സംസാരിച്ചതെന്ന് അവൻ ഓർത്തു.
രാവിലെ കൃത്യം ഒൻപത് മണിക്ക് തന്നെ ഉണ്ണി ജോയിൻ ചെയ്തു. എല്ലാവരും വളരെ സ്നേഹത്തോടുകൂടിയാണ് അവനോട് പെരുമാറിയത്. തന്റെ കഴിഞ്ഞകാലത്തെ പറ്റി ഇവിടെ ആർക്കും അറിയില്ല എന്നത് തന്നെയായിരുന്നു അവന്റെ ഏക ആശ്വാസം. അതേപ്പറ്റി ഇനി ആരും ചികഞ്ഞു ചോദിക്കില്ലല്ലോ…
ജോലിയിരിക്കുന്ന സമയം അത്രയും അവൻ ഇന്ദുവിനെ കുറിച്ചുള്ള ഓർമ്മകൾ മറന്നു. പിന്നീട് റൂമിൽ എത്തിയാൽ ഫോണിലെ സോഷ്യൽ മീഡിയകളിൽ സമയം ചെലവഴിച്ചു. പല ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തും അതിലെ പോസ്റ്റുകൾക്ക് കമന്റുകൾ ഇട്ടും അവന്റെ രാത്രികാലങ്ങൾ തള്ളി നീക്കി.
അതുവഴി ഒരുപാട് പേർ സുഹൃത്തുക്കളായി മാറി. എങ്കിലും ഒരു സൗഹൃദം മെല്ലെ കമന്റ് ബോക്സിൽ നിന്ന് ഇൻബോക്സിലേക്ക് ചേക്കേറി. പേര് ‘ചിത്തിര ‘.കാഴ്ചയിൽ പോലും ഇന്ദുലേഖയോട് സാമ്യമുള്ള മുഖമാണ് എന്നത് ഉണ്ണിയെ ഏറെ അതിശയിപ്പിച്ചു.
ചിത്തിര ഉണ്ണിക്കു നല്ലൊരു സുഹൃത്തായിരുന്നു. വൈകുന്നേരങ്ങളിൽ അവളുടെ മെസ്സേജിനായി അവൻ കാത്തിരുന്നു. അവളോട് സംസാരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം അവന് തോന്നി. തന്റെ ആത്മസുഹൃത്തിനോട് എന്നോണം ഇന്നേ
വരെ കണ്ടിട്ടില്ലാത്ത ആ സുഹൃത്തിനോട് തന്റെ കഴിഞ്ഞകാലത്തെ പറ്റിയെല്ലാം അവൻ തുറന്നു പറഞ്ഞു. പിന്നീട് അവൾ നൽകിയ സപ്പോർട്ടും ആത്മവിശ്വാസവും ചെറുതായിരുന്നില്ല. പതിയെ പതിയെ ഇന്ദുവിന്റെ ഓർമ്മകളിൽ നിന്നും അവൻ മുക്തനാവാൻ തുടങ്ങി.
പിന്നീട് അവരുടെ സൗഹൃദം വളർന്നു. ഇതിനിടയിൽ ചിത്തിര ഒരിക്കൽ തന്റെ ഉള്ളിലെ ഇഷ്ടം ഉണ്ണിയോട് തുറന്നു പറഞ്ഞു. എല്ലാം അറിഞ്ഞുകൊണ്ടും താൻ എന്താണ് ഇങ്ങനെ പറയുന്നത് എന്ന് അവൻ ചോദിച്ചപ്പോൾ ഇനിയും
നിന്നെ ഇട്ടിട്ടു പോയ ഒരാൾക്ക് വേണ്ടിയാണോ നീ നിന്റെ ജീവിതം തകർക്കുന്നത് എന്നായിരുന്നു മറുപടി.
“ശരിയാണ് ആർക്കുവേണ്ടിയാണ് ഇനിയും താൻ തന്റെ ജീവിതം നശിപ്പിക്കേണ്ടത്? ഇന്ദു മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാകും. താൻ ഇപ്പോഴും അവളെ ഓർത്തുകൊണ്ട് ജീവിതം നശിപ്പിക്കുകയാണ്.
എല്ലാം അറിഞ്ഞുകൊണ്ടും ചിത്തിര തന്നെ ഇത്രയേറെ സ്നേഹിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ? ഒരുപക്ഷേ ഇനി ഇങ്ങനെ ഒരു സ്നേഹം ജീവിതത്തിൽ കിട്ടിയില്ലെങ്കിലോ?”
അവൻ ഇതേപ്പറ്റി കുറെ സമയം എടുത്തു തന്നെ ആലോചിച്ചു. ഒടുക്കം താനും അവളെ പ്രണയിക്കുന്നു എന്ന തിരിച്ചറിവിൽ തന്നെ എത്തിച്ചേർന്നു. ഇതേപ്പറ്റി അമലിനോട് സംസാരിച്ചപ്പോൾ ഇങ്ങനെയുള്ള ഓൺലൈൻ പ്രണയങ്ങളെ ഒന്നും വിശ്വസിക്കാൻ കഴിയില്ല നീ വെറുതെ ഓരോന്നിൽ ചെന്ന് ചാടേണ്ട എന്നായിരുന്നു മറുപടി.
” ഒന്നിന്റെ ക്ഷീണം തന്നെ മാറിയിട്ടില്ല” അവൻ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. പക്ഷേ എന്തുകൊണ്ടോ ഉണ്ണിക്ക് അമലിന്റെ വാക്കുകൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പരസ്പരം മനസ്സിലാക്കുന്നവർക്കിടയിൽ അതിരുകൾ എന്തിന് എന്ന ചിന്താഗതിയായിരുന്നു അവന്.
ഒടുക്കം എന്തും വരട്ടെ എന്നു കരുതി ഉണ്ണി തന്റെ ഉള്ളിലെ ഇഷ്ടം അവളോട് തുറന്നുപറഞ്ഞു. ചാറ്റുകൾ പിന്നീട് കോളുകളായി മാറി അത് പിന്നീട് നേരിട്ടുള്ള കണ്ടുമുട്ടലുകളായി മാറി. അങ്ങനെ അത്രയേറെ ആഴത്തിൽ അവൾ അവന്റെ ഉള്ളിൽ പതിഞ്ഞു.
അകലങ്ങളിൽ ഇരുന്ന് അവർ പരസ്പരം സ്നേഹിച്ചു. നഷ്ടപ്പെട്ടത് എന്തോ തിരിച്ചുകിട്ടിയ പോലെയായിരുന്നു അവന്. ഇതിനിടയിൽ പലതും അവൻ അവൾക്കായി വാങ്ങിക്കൂട്ടി വിലപിടിപ്പുള്ള സമ്മാനങ്ങൾ അവൾക്കായി നൽകി.
അങ്ങനെയിരിക്കെയാണ് സംസാരത്തിനിടെ പരസ്പരം മനസ്സ് പങ്കുവെച്ച നമുക്ക് എന്തുകൊണ്ട് ഒരു രാത്രി ശരീരം പങ്കുവെച്ചു കൂടാ എന്ന് അവൾ ചോദിച്ചത്. അവളുടെ ചോദ്യം കേട്ട് ഒരു നിമിഷം അമ്പരുന്നുവെങ്കിലും അത്രയേറെ സ്നേഹിക്കുന്നവനോടുള്ള
അടങ്ങാത്ത ദാഹം ആയിരിക്കുമെന്നാണ് കരുതിയത്. അതെല്ലാം വിവാഹം കഴിഞ്ഞ് ആകാമല്ലോ എന്ന് പറഞ്ഞ് അവനത് സ്നേഹപൂർവ്വം നിരസിച്ചു.പിന്നീടും രണ്ടുമൂന്നുവട്ടം അവൾ അതേ ആവശ്യം ഉന്നയിച്ചെങ്കിലും എന്തുകൊണ്ടോ അത് അംഗീകരിച്ചു കൊടുക്കാൻ അവന്റെ മനസ്സു അനുവദിച്ചില്ല.
പിന്നീട് പതിയെ പതിയെ തന്റെ മെസ്സേജുകൾക്ക് മറുപടി ഇല്ലാതായി. വിളിക്കുമ്പോൾ കിട്ടാതായി. ഒരു ഭ്രാന്തനെ പോലെ അവൻ അവൾക്ക് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു. അവളുടെ മറുപടിക്കായി അവൻ ഉറക്കമിളച്ച്
കാത്തിരുന്നു. ഒടുക്കം പാതിരാത്രി എപ്പോഴോ ഫോണിൽ ഒരു മെസ്സേജ് വന്ന ശബ്ദം കേട്ടാണ് അവൻ ചാടി എഴുന്നേറ്റു നോക്കിയത്.
‘ചിത്തിരയാണ്.!'”ഇനി എന്റെ പുറകെ വരരുത്. എനിക്ക് നിങ്ങളോട് ആത്മാർത്ഥ പ്രണയം ഒന്നുമായിരുന്നില്ല. നിങ്ങളുടെ കഥകൾ കേട്ടപ്പോൾ എളുപ്പത്തിൽ നിങ്ങളെ വലയിൽ വീഴ്ത്താം എന്ന് എനിക്ക് മനസ്സിലായി. എനിക്ക് വേണ്ടത് പണവും നിങ്ങളോടൊപ്പം ഉള്ള ഒരു രാത്രിയുമായിരുന്നു. പണം പലവട്ടം ആയി
നിങ്ങൾ എനിക്ക് തന്നു രണ്ടാമത് പറഞ്ഞത് നടക്കില്ലെന്ന് മനസ്സിലായത് കൊണ്ടാണ് ഞാൻ നിങ്ങളെ വിട്ടു പോകുന്നത്. പിന്നെ ഇത് മറ്റൊരാൾ അറിഞ്ഞാൽ നിങ്ങൾക്ക് തന്നെയാണ് നാണക്കേട്. സോ ഗുഡ് ബൈ….”
ആ മെസ്സേജ് വായിച്ചു തീർന്നതും അവന് തല പിളർന്നു പോകുന്നത് പോലെ തോന്നി. താൻ പിന്നെയും വിഡ്ഢിയായിരിക്കുന്നുവോ? സ്നേഹം വെച്ച് നീട്ടി പിന്നെയും തന്നെ വിഡ്ഢിയാക്കിയിരിക്കുന്നു!”.
അവൻ ഫോണിൽ നിന്നും മെല്ലെ അവളുടെ നമ്പർ ഡിലീറ്റ് ആക്കി.നെഞ്ച് പിളർന്നു പോകുന്ന വേദന തോന്നിയെങ്കിലും അവൻ കരഞ്ഞില്ല.
നമ്മൾ അവസരം കൊടുക്കാതെ ഒരാളും നമ്മളെ വിഡ്ഢിയാക്കിയില്ലല്ലോ.. കണ്ണുകൾ നിറഞ്ഞങ്കിലും അവൻ പുഞ്ചിരിച്ചു.
“ഇനിയൊരിക്കൽ കൂടി വിഡ്ഢിയാകാൻ ഞാൻ നിന്നു കൊടുക്കില്ല..തന്റെ ബലഹീനതകൾ എല്ലാം ഇവിടെ ഉപേക്ഷിക്കുകയാണ്. ഇനിയെങ്കിലും ഞാൻ ഒരല്പം സ്വാർത്ഥൻ ആകട്ടെ എനിക്കുവേണ്ടി ജീവിക്കട്ടെ…”
അവൻ സ്വയം പറഞ്ഞു.പിറ്റേന്ന് എന്നത്തേയും പോലെ സന്തോഷത്തോടെ തന്നെ അവൻ ജോലിക്ക് പോയി.
സ്വയം നമ്മൾ നമ്മെ സ്നേഹിച്ചു തുടങ്ങുന്ന നിമിഷം മുതൽ സ്നേഹം വെച്ചുനീട്ടി ആർക്കും നമ്മളെ വഞ്ചിക്കാൻ കഴിയില്ല.