(രചന: അംബിക ശിവശങ്കരൻ)
“ഡാ വിനു എന്തായി നീ ഇന്ന് പെണ്ണ് കാണാൻ പോയിട്ട്?നിന്റെ സങ്കല്പങ്ങളെല്ലാം ഒത്തിണങ്ങിയ പെൺകുട്ടി തന്നെയാണോ? എന്നും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയാറാണല്ലോ പതിവ്..”
വൈകുന്നേരങ്ങളിൽ കൂട്ടുകാരുമായി ഒത്തുചേരുന്ന പാടവരമ്പത്ത് സുഹൃത്ത് വിശാലിനോടൊപ്പം ഇരിക്കുമ്പോഴാണ് അവനത് വിനുവിനോട് ചോദിച്ചത്.
“സങ്കല്പങ്ങൾ ഒക്കെ ഒത്തുചേർന്നു വന്നത് ഇത് ആദ്യമായിട്ടാണ്. ആ കുട്ടിയെ എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഒരു പാവം കുട്ടി… പക്ഷേ ആ കുട്ടിയുടെ മുഖം എന്തുകൊണ്ടോ പ്രസന്നമായിരുന്നില്ല. എന്തോ ഒരു വിഷമം മനസ്സിൽ ഉള്ളത് പോലെ.. ഇനി എന്നെ ഇഷ്ടമായില്ലേ ആവോ…”
“ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ.. സുന്ദരനും സുമുഖനും സർവോപരി സൽഗുണ സമ്പന്നനുമായ നിന്നെ ഏത് പെൺകുട്ടിക്കാണ് ഇഷ്ടമാകാത്തത്?”
വിശാൽ അവനെ കളിയാക്കി
” പോടാ കളി പറയാതെ… എനിക്ക് സങ്കല്പങ്ങൾ ഉള്ളതുപോലെ ആ കുട്ടിക്കും ഉണ്ടാകില്ലേ? ചിലപ്പോൾ ആ പെൺകുട്ടിയുടെ സങ്കല്പത്തിലെ ഭർത്താവിന് എന്റെ രൂപം അല്ലായിരിക്കും. സൗന്ദര്യം ഓരോരുത്തരുടെ കണ്ണിലും വ്യത്യസ്തമാണല്ലോ.. എന്റെ കണ്ണിന് സുന്ദരമായത് നിനക്ക് ഒരുപക്ഷേ അങ്ങനെ ആകണമെന്നില്ല.. ”
“ഹ്മ്മ് എന്തായാലും നിനക്ക് എല്ലാംകൊണ്ടും ബോധിച്ച ആ പെൺകുട്ടിയെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ.. കല്യാണത്തിന് കാണാം എന്ന് വെച്ചാൽ നീ പറഞ്ഞത് അനുസരിച്ച് ആ കുട്ടിക്ക് ഇഷ്ടമായില്ലെങ്കിൽ പിന്നെ കഴിഞ്ഞില്ലേ..?”
” അതിന് നീ നിരാശപ്പെടേണ്ട.. കല്യാണം നടന്നാലും ഇല്ലെങ്കിലും നിനക്ക് ഞാൻ ആ കുട്ടിയെ കാണിച്ചു തരാം. കുട്ടിയുടെ ഫോട്ടോ അവർ എനിക്ക് അയച്ചു തന്നിരുന്നു. ദാ ഇതാണ് ആ കുട്ടി. ”
ഫോണിന്റെ ഫോൾഡറിൽ എവിടെയോ കിടന്നിരുന്ന ഒരു ഫോട്ടോ തപ്പി പിടിച്ചെടുത്ത് വിനു വിശാലിന് നേരെ നീട്ടി.ആ ഫോട്ടോ കണ്ടതും കുറച്ചു നിമിഷം വിശാല് എന്തൊക്കെയോ ചിന്തിക്കുന്നതായി വിനുവിന് തോന്നി.
“എന്താടാ? എന്തുപറ്റി?””എടാ വിനു ഈ കുട്ടിയുടെ പേര് മിഥില എന്നല്ലേ?” അവൻ സംശയപൂർവം ചോദിച്ചു
” അതെ നിനക്കറിയുമോ ഇവളെ? “” മംഗലാംകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വലതുഭാഗത്ത് അഞ്ചാമത്തെ വീട് അല്ലേ അവരുടേത്? ”
“അതെ.. ഇതൊക്കെ നിനക്ക് എങ്ങനെ കൃത്യമായി അറിയാം? നീ സസ്പെൻസ് ഇടാതെ കാര്യം പറയുന്നുണ്ടോ?”
വിനു അക്ഷമനായി.
“നിനക്കറിയാലോ എനിക്ക് ഈ ഉത്സവപ്രാന്ത് ഉള്ളത്. ചെണ്ട പുറത്ത് എവിടെ കോല് വീണാലും ഞാൻ അവിടെ ഉണ്ടാകും. ആ ക്ഷേത്രത്തിലെ ഉത്സവം കൂടാനും ഞാൻ രണ്ടു ദിവസം അവിടെയുണ്ടായിരുന്നു.
അന്ന് ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് തങ്ങിയത്. ഞാൻ അവിടെ താമസിക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ ഒരു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തല നാരിഴയ്ക്കാണ് അന്ന് അവൾ ജീവിതത്തിലേക്ക് തിരികെ വന്നത്. ആ പെൺകുട്ടിയുടെ പേര് ‘മിഥില’. ആത്മഹത്യാശ്രമത്തിന്റെ കാരണം പ്രണയനൈരാശ്യവും.”
വിശാൽ പറയുന്നത് കേട്ട് ഒരു നിമിഷം വിനു അമ്പരന്നുപോയി.”അതെ ഈ പെൺകുട്ടിയാണ് അന്ന് മരണത്തോട് മല്ലിട്ട് ഞങ്ങളുടെ മുന്നിൽ കിടന്നത്. പിന്നെ ഞാൻ അവളെപ്പറ്റി. വിശദമായി അവനോട് ചോദിച്ചറിഞ്ഞു ആ കുട്ടി ഒരു പാവമാണ്. അവളെ ചതിച്ചതാണ്.
പ്രണയം എന്ന പേരിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നൽകി ഒടുക്കം അവൻ അവളെ പറ്റിച്ചു കടന്നു കളഞ്ഞു. ആ ഷോക്ക് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവൾ അവനെ അത്രമാത്രം സ്നേഹിച്ചിരുന്നു. എനിക്ക് തോന്നുന്നു ആ പ്രണയത്തിൽ നിന്നും അവൾ ഇനിയും മുക്തി നേടിയിട്ടില്ലെന്ന്…
അതുകൊണ്ടാവാം നിന്റെ മുന്നിൽ അവൾ അപ്രസന്നയായി നിന്നത്. ഒരു പെണ്ണ് ഒരാളെ സ്നേഹിച്ചത് ആത്മാർത്ഥമായി ആണെങ്കിൽ, അവൻ എത്ര നീചൻ ആണെങ്കിൽ പോലും അവളുടെ മനസ്സിൽ അവന് ഒരു സ്ഥാനം ഉണ്ടാകും. അവൾ ഈ വിവാഹത്തിന് സമ്മതിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നീയത് മറന്നേക്ക് വിനു..”
അത്രയും കേട്ടതും അവളുടെ മുഖം അവന്റെ മനസ്സിൽ ഒരു നൊമ്പരമായി മാറി. എന്തോ അവളെ കണ്ട നിമിഷം മുതൽ അവൾ തന്റെ ജീവിത സഖിയായി വന്നിരുന്നുവെങ്കിൽ എന്ന് മനസ്സ് കൊതിച്ചിരുന്നു. പക്ഷേ ഇപ്പോൾ എന്തുകൊണ്ടോ ആ പ്രതീക്ഷ നഷ്ടമായിരിക്കുന്നു.
“പക്ഷേ ഇതേപ്പറ്റി അവരെനിക്കൊരു സൂചന പോലും തന്നില്ലല്ലോടാ..”” ഡാ ഏതെങ്കിലും മാതാപിതാക്കൾ ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണോടാ ഇതൊക്കെ.? പിന്നെ ഇതൊക്കെ തുറന്നു
പറഞ്ഞാലും എല്ലാവർക്കും അത് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.. മകളുടെ ഭാവിയെ ഓർത്ത് സ്വാർത്ഥരാകേണ്ടി വന്ന അവരെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല. ”
“ഹ്മ്മ്.. ശരിയാണ്. ഇങ്ങനെയൊക്കെ സംഭവിച്ചതിന് അവരെന്തു പിഴച്ചു? ഇന്നത്തെ ദിവസം തന്നെ ഞാൻ അങ്ങ് മറക്കുകയാണ്. വിനോദ് എന്ന ഞാൻ മിഥില എന്ന ആ പെൺകുട്ടിയെ കണ്ടുമുട്ടിയിട്ടില്ല.”
അത് പറയുമ്പോഴും അവന്റെ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം അലയടിച്ചു.
രാത്രി മുറിക്കുള്ളിൽ തനിച്ച് കിടക്കുന്ന നേരമാണ് അവൻ ഫോണിലെ ആ ഫോട്ടോ വീണ്ടും എടുത്തു നോക്കിയത്.
“നിഷ്കളങ്കമായ മുഖം. ഇന്ന് തന്റെ മുന്നിൽ വന്നു നിന്നപ്പോൾ ഉള്ള ദുഃഖം നിറഞ്ഞ കണ്ണുകളല്ലാ ഈ ഫോട്ടോയിലെത്. പാവം.. അവളുടെ സ്നേഹത്തെ മുതലെടുക്കാൻ എങ്ങനെയാണ് അവന് കഴിഞ്ഞത്? അവൾ പാവമാണ്..
അവൾക്ക് ഒരിക്കലും അവനെ മറക്കാനും വെറുക്കാനും കഴിയുകയില്ല. ആ സ്നേഹം അനുഭവിക്കാൻ കഴിയാത്ത പോയ അവനാണ് ശരിക്കും നിർഭാഗ്യൻ.അവളെ നേടാൻ കഴിയാതെ പോയ താനും നിർഭാഗ്യം തന്നെയല്ലേ? ഹ്മ്മ്… ”
അവൻ ദീർഘനിശ്വാസം അടുത്തു
“ഇനി ഈ ഫോട്ടോ സൂക്ഷിക്കുന്നതിൽ എന്താണ് അർത്ഥമുള്ളത്?”അവൻ തന്റെ ഫോണിൽ നിന്നും ആ ഫോട്ടോ ഡിലീറ്റ് ചെയ്യാൻ തുടങ്ങിയതും അമ്മ അവന്റെ അരികിലേക്ക് വന്നു.
” മോനെ ബ്രോക്കർ സുനിലേട്ടൻ വിളിച്ചിരുന്നു ഇപ്പോൾ…അവർക്ക് ഈ വാഹനത്തിന് സമ്മതമാണെന്ന് പറഞ്ഞു. ആ കുട്ടിയെ കണ്ടത് മുതൽ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു അവൾ തന്നെ എന്റെ മരുമകളായി വരണേ എന്ന്. എന്തോ എനിക്ക് ആ കുട്ടിയെ വല്ലാതെ അങ്ങ് ബോധിച്ചു. ഏതായാലും ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടു. ”
അത്രയേറെ ആഹ്ലാദത്തോടെ ആണ് അവർ ആ വാർത്തയുടെ കാതുകളിൽ എത്തിച്ചത്.
അത് കേട്ട് കഴിഞ്ഞതും സന്തോഷമാണോ ദുഃഖമാണോ അനുഭവപ്പെടുന്നത് എന്ന് അവന് തിരിച്ചറിയാൻ സാധിച്ചില്ല.
“തന്റെ മനസ്സ് പോലെ തന്നെ നടന്നിരിക്കുന്നു. എന്നാൽ പൂർണ മനസ്സോടെ ആയിരിക്കുമോ അവളി വിവാഹത്തിന് സമ്മതിച്ചിട്ടുണ്ടാവുക? അല്ലെങ്കിൽ അവളുടെ സമ്മതം ആരെങ്കിലും ചോദിച്ചു കാണുമോ?
ചിലപ്പോൾ താക്കിതിനു മുന്നിലോ മാതാപിതാക്കളുടെ ആത്മഹത്യാ ഭീഷണിക്ക് മുന്നിലോ ആ പാവത്തിന് സമ്മതം മൂളേണ്ടി വന്നതാകാം..
ഈ വിവാഹത്തിന് തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് അവളെ രക്ഷിച്ചാലോ? പക്ഷേ അപ്പോഴും തനിക്ക് പകരം മറ്റൊരാളെ അവർ കണ്ടെത്തില്ലേ? തീർച്ചയായും കണ്ടെത്തും.”
പിന്നീട് കണ്ണടച്ച് തുറക്കും മുന്നേ തന്നെ വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം നടന്നിരുന്നു. ഫോൺ സംഭാഷണങ്ങളിലും ഇടയ്ക്ക് എപ്പോഴെങ്കിലും ഉള്ള കണ്ടുമുട്ടലുകളിൽ നിന്നും എല്ലാം അവൾ ഈ വിവാഹത്തിൽ സന്തുഷ്ടയല്ല എന്ന് അവന് മനസ്സിലായി.
അതിഗംഭീരമായി തന്നെയാണ് വിവാഹം നടന്നത്. ചുറ്റും കൂടിയ എല്ലാവരും സന്തോഷിച്ചപ്പോൾ അവളുടെ മുഖം മാത്രം മങ്ങിയിരുന്നു. താലികെട്ടുന്ന സമയം എന്തിനോ അവളുടെ മിഴി നിറയുന്നത് അവൻ അറിഞ്ഞു. താൻ ചെയ്യുന്നത് വലിയൊരു അപരാധമാണോ എന്ന് പോലും ആ നിമിഷം അവന് തോന്നിപ്പോയി.
ആദ്യരാത്രിയിൽ അത്രയേറെ ഭയത്തോടെയാണ് അവൾ അവന്റെ മുന്നിലെത്തിയത്.
” ഏതൊരു വ്യക്തിക്കും ഈ ഒരു മുഹൂർത്തത്തെ കുറിച്ച് ഒരുപാട് സങ്കല്പങ്ങൾ ഉണ്ടാകും.
അതേ സ്വപ്നങ്ങളുമായി തന്റെ മുന്നിൽ നിൽക്കുന്ന ഇദ്ദേഹത്തോട് ഇനി എന്താണ് പറയേണ്ടത്? താൻ ഒരാളെ ജീവനുതുല്യം സ്നേഹിച്ചിട്ടുണ്ട് എന്നോ?
അയാൾ തന്റെ സ്നേഹത്തിന് യാതൊരു വിലയും കൽപ്പിക്കാതെ തന്നെ പറ്റിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്നൊ?അയാൾക്ക് വേണ്ടി താൻ മരിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നോ? ആ ആഘാതത്തിൽ നിന്നും ഇപ്പോഴും താൻ മുക്തയായിട്ടില്ലന്നോ? എന്താണ് ഇദ്ദേഹത്തോട് പറയേണ്ടത്?
വിവാഹം ഉറപ്പിച്ച നാൾ മുതൽ എല്ലാം തുറന്നു പറയാൻ മനസ്സ് കൊതിച്ചതാണ് പക്ഷേ എന്തുകൊണ്ടോ അതിന് കഴിഞ്ഞില്ല. ഇപ്പോൾ താൻ ഇദ്ദേഹത്തിന്റെ ഭാര്യയാണ്.തന്റെ കഴിഞ്ഞകാലം എന്നെങ്കിലും ഇദ്ദേഹം അറിഞ്ഞാൽ അന്ന് തന്നെ വെറുപ്പോടെ നോക്കില്ലേ…തീർച്ചയായും അങ്ങനെ സംഭവിക്കും. ”
“എന്താണ് താൻ ഇങ്ങനെ ആലോചിച്ചിരിക്കുന്നത്?”
അവൾ പെട്ടെന്നാണ് ചിന്തയിൽ നിന്ന് മുക്തയായത്.
“എനിക്ക്… എനിക്ക് ഒരു കാര്യം..” വിറക്കുന്ന ചുണ്ടുകളോടെ അവൾ മന്ത്രിച്ചു.
“തന്നെ കണ്ടിട്ട് ഒരുപാട് ടയേർഡ് ആയതുപോലെയുണ്ട്. ഇന്ന് മുഴുവൻ ഒരേ നിൽപ്പായിരുന്നില്ലേ… സാരമില്ല. നന്നായി ഒന്നു ഉറങ്ങിയാൽ ശരിയാകും കിടന്നോളൂ…”അവൾക്ക് അത്ഭുതം തോന്നി.
” ഒരു പുരുഷനിൽ നിന്നേറ്റ ആഘാതം മനസ്സിനേൽപ്പിച്ച മുറിവ് ചെറുതല്ലാത്തതുകൊണ്ട് തന്നെയായിരുന്നു ഇനിയൊരു വിവാഹം വേണ്ടെന്ന് വെച്ചത്. ഇന്നും അത്രയേറെ അസ്വസ്ഥയായാണ് താൻ ഈ മുറിയിലേക്ക് വന്നത്.
ഇദ്ദേഹം തന്നെ ഒന്ന് സ്പർശിക്കുക പോലും ചെയ്തിട്ടില്ല. കേട്ടുപഴകിയ ആദ്യ രാത്രികൾ ഒക്കെയും മനസ്സിന്റെ ബലത്തെ പാടെ ഇല്ലാതാക്കിയിരുന്നു. പക്ഷേ ഇന്ന് ഈ മനുഷ്യന് സമീപം കിടക്കുമ്പോൾ എന്തോ ഒരു ആശ്വാസം തോന്നുന്നു. എല്ലാ പുരുഷന്മാരും ഒരുപോലെയല്ല എന്നൊരു തോന്നൽ… ”
അവൾ അരണ്ട വെളിച്ചത്തിലൂടെ ഉറങ്ങിക്കിടക്കുന്ന വിനുവിന്റെ മുഖത്തേക്ക് നോക്കി. ഇപ്പോൾ മാത്രമാണ് ഈ മുഖം തന്റെ മനസ്സിൽ ആദ്യമായി പതിഞ്ഞത്.
പിന്നീടുള്ള ദിവസങ്ങൾ അവൾ ഒരു ഭാര്യയാകാൻ ശ്രമിക്കുകയായിരുന്നു. അവന്റെ സ്നേഹത്തിന് മുന്നിൽ… കരുതലിനു മുന്നിൽ…അവൾക്ക് മുഖം തിരിച്ചു നിൽക്കാൻ പ്രയാസം തോന്നി.
എങ്കിലും കഴിഞ്ഞ കാലം ഉള്ളിൽ അങ്ങനെ തികട്ടിവരുന്നു. ഒരു പക്ഷേ തന്റെ ഭർത്താവിനോട് അത് തുറന്നു പറഞ്ഞാൽ ആ ഭാരം കുറച്ചെങ്കിലും കുറയുമായിരുന്നു.
അന്ന് രാത്രി കിടക്കാൻ നേരമാണ് അവൾ അവനെ വിളിച്ചത്.”അതെ…””എന്താടോ?””എനിക്കൊരു…. കാര്യം പറയാനുണ്ട്.”” പറഞ്ഞോളൂ അതിനെന്തിനാ ഈ മുഖവുര? “”ഞാൻ… ഞാൻ…ഒരാളെ…”
“സ്നേഹിച്ചിരുന്നു.. അവൻ തന്നെ ചതിച്ചു. അവനു വേണ്ടി താൻ മരിക്കാൻ വരെ ശ്രമിച്ചു. എന്റെ ഭാഗ്യം കൊണ്ട് താൻ അന്ന് രക്ഷപ്പെട്ടു. ഇതല്ലേ പറയാനുള്ളത്? ഇതൊക്കെ എനിക്കറിയാം ഇതല്ലാതെ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ മതി കേട്ടോ..”
“അല്ല ഇത്… എങ്ങനെ..?”
അവൾ അമ്പരപ്പോടെ ചോദിച്ചു.” എല്ലാം ഞാൻ അറിഞ്ഞിരുന്നു.എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറിയാലോ എന്ന് ഞാൻ ചിന്തിച്ചത് പോലുമാണ്. അതൊരിക്കലും തന്നോടുള്ള
ഇഷ്ടക്കുറവ് കൊണ്ടല്ല.തന്റെ സമ്മതത്തോടെയല്ല ഈ വിവാഹം നിശ്ചയിച്ചതെന്ന് മനസ്സിലായതുകൊണ്ട്. പിന്നെ ഓർത്തു ഞാനല്ലെങ്കിൽ മറ്റാരെങ്കിലും തന്നെ വന്ന് കെട്ടുമെന്ന്..
എങ്കിൽ പിന്നെ ആ ഭാഗ്യം എനിക്ക് തന്നെ ആയിക്കോട്ടെ എന്ന് ഞാനും കരുതി.തന്റെ ശരീരം മാത്രമായി എനിക്ക് വേണ്ട.. അതുകൊണ്ടാണ് തന്നെ ഞാൻ ഒന്ന് തൊടുക പോലും ചെയ്യാതിരുന്നത്. എന്നാണോ മനസ്സുകൊണ്ട് താനെന്നേ അംഗീകരിക്കുന്നത് അന്നേ നാം ഒന്നാകുകയുള്ളൂ… അത് വരെ ഞാൻ കാത്തിരുന്നോളാം… ”
അവൾക്ക് ഒരു നിമിഷം കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.”ശരിയാണ്… താൻ ഒരിക്കലും ആഗ്രഹിച്ച ഒരു ജീവിതം ആയിരുന്നില്ല ഇത്.എല്ലാം നഷ്ടമായവളുടെ നിസ്സഹായത.. അത് മാത്രമായിരുന്നു ഈ താലിച്ചരട് കഴുത്തിൽ വീഴാൻ കാരണമായത്.
പക്ഷേ ചില മനുഷ്യർ പഠിപ്പിച്ചു തരുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും മനോഹരമായ ഒരു പാഠഭാഗമാണ് താനിപ്പോൾ പഠിച്ചു കഴിഞ്ഞത്. ജീവിതത്തിൽ ചിലരെ നഷ്ടമാകുന്നത് അതിനേക്കാൾ പ്രിയപ്പെട്ടതാരോ വന്നുചേരാൻ വേണ്ടിയാണ് എന്നത്.”
അവൾ അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ കണ്ണിർ നനവിനാൽ അവന്റെ നെഞ്ചിലെ രോമങ്ങൾ നനഞ്ഞു. ആ നിമിഷം അവൻ അവളെ ചേർത്തുപിടിച്ചു നെറുകയിൽ പ്രണയാർദ്രമായി ചുംബിച്ചു.