അമ്മ ശരിക്കും വീട്ടുവേല ചെയ്യാനാണോ എന്നെ കല്യാണം കഴിച്ച് അയക്കുന്നത്? അല്ല ഇവിടത്തെ ട്രെയിനിങ് കണ്ടത് കൊണ്ട് ചോദിക്കുകയാണ്.”

(രചന: അംബിക ശിശങ്കരൻ)

ഡിഗ്രി രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾക്ക് വിവാഹാലോചന വന്നു തുടങ്ങിയത്.

“കല്യാണം ഒക്കെ നടക്കുന്നതിന് ഒരു സമയമുണ്ട് അമ്മു..നിനക്ക് ഈ വർഷം കല്യാണം നടന്നില്ലെങ്കിൽ പിന്നെ എട്ടുവർഷം കഴിഞ്ഞെ മാംഗല്യ യോഗമുള്ളൂ എന്ന പണിക്കര് നിന്റെ ജാതകം നോക്കി പറഞ്ഞത്. എട്ടുവർഷം കഴിഞ്ഞ് ഇനി എപ്പോഴാണ്? മൂക്കിൽ പല്ലു വന്നിട്ടോ?പഠിത്തമൊക്കെ കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ?”

തന്റെ പഠനം പൂർത്തിയായിട്ടു മതി കല്യാണം എന്ന് പറഞ്ഞതും അമ്മ അമൃതയെ ശകരിച്ചു.

“എട്ടുവർഷം കഴിഞ്ഞ് നടന്നാൽ എന്താ പ്രശ്നം? അപ്പോഴേക്കും പഠിത്തം എല്ലാം കഴിഞ്ഞ് ജോലിയൊക്കെ നേടി സ്വന്തം കാലിൽ നിൽക്കാൻ കഴിയുമല്ലോ.. ശരിക്കും അപ്പോഴല്ലേ ഒരു പെൺകുട്ടി വിവാഹത്തിന് പ്രാപ്തയാകുന്നത്?”

അവൾ തന്റെ അഭിപ്രായം തന്റെ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കും മുൻപ് തന്നെ പെണ്ണുകാണാൻ ആളുകൾ എത്തിയിരുന്നു.

കാഴ്ചയിൽ മാന്യൻ എന്ന് തോന്നുന്ന ഒരു ചെറുപ്പക്കാരൻ. കുടുംബാംഗങ്ങളുടെ പെരുമാറ്റങ്ങളും നല്ലതുതന്നേ…

“എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ നിങ്ങൾക്ക്?”ചെറുക്കന്റെ മാതാപിതാക്കളോട് ആയി അവളുടെ അച്ഛൻ ചോദിച്ചു.

“ഞങ്ങൾ അങ്ങനെ സ്ത്രീധനം ഒന്നും ചോദിച്ചു വാങ്ങുന്ന കൂട്ടത്തിൽ അല്ല കേട്ടോ.. നിങ്ങളുടെ മകൾക്ക് എന്താണെന്ന് വെച്ചാൽ നിങ്ങൾ അങ്ങ് അറിഞ്ഞു കൊടുത്താൽ മതി.”

ഭർത്താവിനെ പറയാൻ അനുവദിക്കാതെ അയാൾക്ക് മുന്നേ അവർ കടന്നു സംസാരിച്ചു.

ഇതിപ്പോൾ സ്ത്രീധനം ചോദിച്ചു വാങ്ങുന്നതും ഇതും തമ്മിൽ എന്ത് വ്യത്യാസം എന്ന് അവൾക്ക് തോന്നി.

” മോൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ്. അവൾക്ക് ഇനിയും പഠിക്കണം എന്ന് തന്നെയാണ് ആഗ്രഹം.” അമ്മയാണ് അത് പറഞ്ഞത്.

“ഹാവൂ ഇത്രയെങ്കിലും തനിക്ക് വേണ്ടി അമ്മ സംസാരിച്ചല്ലോ ഭാഗ്യം..”
അവൾ മനസ്സിൽ ഓർത്തു.

” അതിനെന്താ… അവൾക്ക് ഇഷ്ടമാണെങ്കിൽ അവൾ പഠിച്ചോട്ടെ.. വീട്ടിൽ എന്തായാലും വെറുതെ ഇരിക്കുന്നതിലും നല്ലതല്ലേ രണ്ടക്ഷരം പഠിക്കുന്നത്. എന്തൊക്കെ കളവു പോയാലും അതുമാത്രം നമുക്ക്

മുതൽക്കൂട്ടാണല്ലോ.. അതുമല്ല വീട്ടിലും അങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ല. പിന്നെ ഞാനും ഉണ്ടല്ലോ.. ”
ഇക്കുറിയും അവർ തന്നെയാണ് മറുപടി പറഞ്ഞത്.

വിവാഹം ഏകദേശം ഉറച്ചെന്ന മട്ടായതോടെ പിന്നെ അമ്മയുടെ പരിശീലന ക്ലാസുകൾ തുടങ്ങി.

” ആ മുറ്റമൊക്കെ ഒന്ന് അരിക് ചേർത്ത് അടിക്ക് പെണ്ണെ… പാത്രം ഒക്കെ ഇങ്ങനെയാണോ വയ്ക്കുന്നത് ഒന്ന് അടക്കി പറക്കി വച്ചു കൂടെ…? എല്ലാ തുണികളും ഒരുമിച്ച് ഇട്ട് നനയ്ക്കാതെ ആ കളർ ഇളകുന്നത് മാറ്റിവയ്ക്ക്… എന്റെ

അമ്മൂ ഇങ്ങനെ ഒടിഞ്ഞു നുറുങ്ങി പണി ചെയ്യാനാണെങ്കിൽ നാളെ കേറി ചെല്ലുന്നിടത്ത് നിന്നെ അമ്മായിയമ്മ വെച്ചേക്കത്തില്ല കേട്ടോ.. ഞാൻ ഇതൊന്നും പഠിപ്പിച്ചു വിടാഞ്ഞിട്ടാണെന്നേ അവര് പറയു.. ”

“അമ്മ ശരിക്കും വീട്ടുവേല ചെയ്യാനാണോ എന്നെ കല്യാണം കഴിച്ച് അയക്കുന്നത്? അല്ല ഇവിടത്തെ ട്രെയിനിങ് കണ്ടത് കൊണ്ട് ചോദിക്കുകയാണ്.”

” പിന്നെ അവിടെ ചെന്ന് കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കാം എന്നാണോ മോള് കരുതിയിരിക്കുന്നത്? അനീഷിന്റെ കുടുംബം നോക്കി നടത്തേണ്ടത് ഇനി നിന്റെ ഉത്തരവാദിത്തമാണ്. അനീഷിന്റെ മാത്രമല്ല അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ കൂടി ഇനി നീ വേണം നോക്കാൻ..

എല്ലാ പണികളും പഠിച്ചു വേണം ഒരു പെൺകുട്ടി മറ്റൊരു വീട്ടിൽ ചെന്ന് കയറാൻ. ആ.. പിന്നെ ഇവിടെ എന്നോട് പറയുന്നത് പോലെ ഒന്നും അവിടെ ചെന്ന് അവരോട് പറയാൻ നിൽക്കരുത്. അവര് എന്തുപറഞ്ഞാലും തിരിച്ചൊന്നും പറയാൻ നിൽക്കരുത്. തെറ്റ് കണ്ടാൽ ആരായാലും ശകാരിച്ച് എന്നിരിക്കും.

അതൊക്കെ എല്ലാ വീടുകളിലും പതിവാണ്. കല്യാണം കഴിഞ്ഞ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ നീ കയറിച്ചെന്നിട്ടാണെന്നേ എല്ലാവരും പറയു.. അതുകൊണ്ട് അനീഷും അവന്റെ അച്ഛനും അമ്മയും പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി ജീവിക്കുക. അതാണ് നല്ലൊരു ഭാര്യയുടെ കടമ. ”

അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഇതൊക്കെ തന്നെയായിരിക്കും എല്ലാ പെൺകുട്ടികളുടെയും ജീവിതം എന്ന് കരുതി എല്ലാം കേട്ട് തലയാട്ടി.

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ കിട്ടിയിരുന്ന സ്നേഹവും പരിഗണനയും എല്ലാം പിന്നീട് കിട്ടാതായപ്പോഴാണ് അറക്കാൻ നിർത്തിയ പോത്തിനോട് കാണിച്ച വെറുമൊരു കപട സ്നേഹം മാത്രമായിരുന്നു അന്ന് കണ്ടതെന്ന് തിരിച്ചറിഞ്ഞത്.

അമ്മ പറഞ്ഞു പഠിപ്പിച്ചു വിട്ടത് അനുസരിച്ച് സ്വന്തം ഭർത്താവിനോട് പോലും യാതൊരു പരിഭവങ്ങളും പറയാതെ എല്ലാ കടമകളും ഭംഗിയായി നിർവഹിച്ചു.

പിന്നീട് വീട്ടിലെ ഏതെങ്കിലും ഒരു വസ്തുവിന്റെ സ്ഥാനം മാറിയാലോ, മുറ്റത്ത് ഒരു കരിയില വീണു കിടന്നാലോ, ഉത്തരത്തിൽ അല്പം മാറാല തങ്ങി ഇരുന്നാലോ വരെ കയറി വന്ന മരുമകളുടെ ഉത്തരവാദിത്തമില്ലായ്മയായി.

അത്രമാത്രം നിനക്ക് ഇവിടെ എന്താണ് പണി എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ചെയ്തുകൂട്ടുന്ന ജോലികളുടെയൊന്നും കണക്ക് വെച്ചില്ല എന്ന് മനസ്സിൽ മാത്രം ഉത്തരം നൽകേണ്ടി വന്നു. അതിന് പ്രതിഫലം നൽകേണ്ടതില്ലാത്ത ജോലിക്കാരുടെ അധ്വാനം ആരാണ് കണക്കിലെടുക്കുന്നത്?

അതിരാവിലെ എഴുന്നേറ്റ് സകല ജോലികളും കഴിഞ്ഞ് ക്ലാസിലേക്ക് ഓടുമ്പോൾ പിന്നെയും കേൾക്കാം കുറ്റപ്പെടുത്തലുകൾ.. ക്ലാസിൽ ഇരുന്നു അറിയാതെ ഉറക്കം തൂങ്ങുമ്പോൾ ഒന്ന് മതിവരുവോളം കിടന്നുറങ്ങാൻ അത്രമാത്രം കൊതിച്ചു പോയിട്ടുണ്ട്.

എല്ലാ ജോലികളും കഴിഞ്ഞ് രാത്രി അത്രയേറെ ക്ഷീണതയായി ഉറങ്ങാൻ ചെന്ന് കിടക്കുമെങ്കിലും ഭർത്താവിന്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റേണ്ടതും ഭാര്യയുടെ കടമയിൽ പെടുമെന്ന് ഉള്ളതുകൊണ്ട് തന്നെ താല്പര്യമില്ലെങ്കിൽ കൂടിയും അതിനു വഴങ്ങി കൊടുക്കേണ്ടി വരാറുണ്ട്.

ഓരോ വട്ടം ശാരീരിക ബന്ധം കഴിയുമ്പോഴും മനസ്സിൽ ഒരു ഭയമാണ്.. പഠിത്തം പൂർത്തിയാകുന്നതിനു മുന്നേ ഒരു കുഞ്ഞു ജനിച്ചാൽ….. ഇതേപ്പറ്റി ഒരിക്കൽ ഭർത്താവിനോട്

സൂചിപ്പിച്ചിരുന്നുവെങ്കിലും അയാളത് കേൾക്കാൻ തയ്യാറായില്ല. അപ്പോഴും മുൻപൊരിക്കൽ കേട്ട വാചകം പിന്നെയും കേട്ടു… “പഠിത്തമൊക്കെ വേണമെന്ന് വെച്ചാൽ ഇനിയും പഠിക്കാം കുട്ടികൾ അങ്ങനെയല്ല എന്ന്..”

പിന്നീട് മറുത്തൊന്നും പറയാൻ നിന്നില്ല. അമ്മ പറഞ്ഞു പഠിപ്പിച്ചത് പോലെ ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവളാണ് ഉത്തമയായ ഭാര്യ… അപ്പോൾ തന്റെ ഇഷ്ടങ്ങൾ…? ആ ചോദ്യം എപ്പോഴും ഒരു ചോദ്യചിഹ്നമായി മാത്രം നിലകൊണ്ടു.

ഒരു ദിവസം ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് അവൾ പെട്ടെന്ന് തലകറങ്ങി വീണത്. അവിടെനിന്നും ഹോസ്പിറ്റലിൽ എത്തിച്ച് ടെസ്റ്റ് ചെയ്തു നോക്കിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അവൾ അറിഞ്ഞത്. ഒരു നിമിഷം അവൾ ആകെ തകർന്നുപോയി. എങ്കിലും എല്ലാവരുടെയും സന്തോഷങ്ങൾക്കു മുൻപിൽ അവൾ അത് പ്രകടിപ്പിച്ചില്ല.

വിവാഹം കഴിഞ്ഞതിൽ പിന്നെ ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷമാണ് തന്റെ ഭർത്താവിന്റെ മുന്നിലും വീട്ടുകാരുടെ മുന്നിലും അവൾക്ക് അല്പം പരിഗണന ലഭിച്ചത്. അതുകൊണ്ടുതന്നെ ആ ഒരു അവസ്ഥയെ പതിയെ പതിയെ അവൾ സ്നേഹിച്ചു തുടങ്ങി. പഴയപോലെ കുറ്റപ്പെടുത്തലുകൾ ഇല്ല… ജോലിഭാരങ്ങൾ ഏൽപ്പിക്കുന്നില്ല…

രാത്രികളിൽ നിർബന്ധിച്ചുള്ള ശരീരം കീഴടക്കലുകൾ ഇല്ല..ഉറക്കമില്ലായ്മ ഇല്ല… തന്റെ പഠനത്തെക്കാളും അവൾക്കിപ്പോൾ ഇത്തരം പരിഗണനകൾ മാത്രമായിരുന്നു പ്രാധാന്യം. ഇനിയങ്ങോട്ട് ഇങ്ങനെ തന്നെയാകും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

അപ്പോഴേക്കും അവൾ തേർഡ് ഇയർ എത്തിയിരുന്നു. ഡോക്ടർ റസ്റ്റ് പറഞ്ഞതു കൊണ്ട് തന്നെ അവൾക്ക് പിന്നീട് ക്ലാസിലും പോകാൻ കഴിഞ്ഞില്ല. എങ്കിലും അവൾ അവളുടെ ഗർഭകാലം ആസ്വദിച്ചു. പിന്നീട് ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പായിരുന്നു.

അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. സിസേറിയൻ ആയിരുന്നത് കൊണ്ട് തന്നെ ഓപ്പറേഷൻ കഴിഞ്ഞുള്ള ദിവസങ്ങൾ ശരിക്കും വേദന തിന്നുകയായിരുന്നു.

വേദന സഹിക്കവയ്യാതെ പുളയുമ്പോൾ കുഞ്ഞിന്റെ കരച്ചിൽ പോലും വല്ലാതെ അസ്വസ്ഥതപ്പെടുത്തി. നടക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുമ്പോൾ കുഞ്ഞിന്റെ മുഖം പോലും ശരിക്കുമവൾ ആസ്വദിക്കാൻ അവൾ മറന്നു പോയി. ഒന്ന് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അടിവയറ്റിൽ കൊളുത്തി വലിക്കുന്ന വേദന…

അങ്ങനെ തൊണ്ണൂറ് ദിവസങ്ങൾ പ്രസവശുശ്രൂഷയും സംരക്ഷണവുമായി അവൾ തന്റെ വീട്ടിൽ കഴിഞ്ഞു. അത് കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോയപ്പോഴാണ് വിവാഹം കഴിഞ്ഞ് ആ പടിയിറങ്ങിയതിനേക്കാൾ വേദന അവൾക്ക് തോന്നിയത്.

അനീഷിന്റെ വീട്ടിലെത്തിയതോടെ ഗർഭിണിയായപ്പോൾ തനിക്ക് കിട്ടിയ സ്നേഹവും പരിഗണനയും കുഞ്ഞു ഉണ്ടായതോടെ ഇല്ലാതായെന്ന തിരിച്ചറിവ് അവൾക്കുണ്ടായി. പിന്നീട് ഉറക്കമില്ലാത്ത രാത്രികൾ എന്താണ് എന്ന് അവൾ അറിഞ്ഞു. എല്ലാവരും ഉറങ്ങുമ്പോഴും പാതിരാത്രിയിൽ കരയുന്ന കുഞ്ഞുമായി അവൾ ഉണർന്നിരുന്നു.

ചുറ്റുമുള്ളവർ ഉറങ്ങുന്നത് അസൂയയോടെ നോക്കുമ്പോൾ അവൾക്ക് തന്റെ കുഞ്ഞിനോട് പോലും ദേഷ്യം തോന്നി. പകൽ സമയങ്ങളിൽ പണികളെല്ലാം കഴിച്ചു കുഞ്ഞിനൊപ്പം കുറച്ച് സമയം ഉറങ്ങാന്‍ ഓടി വരുമ്പോഴേക്കും കുഞ്ഞു ഉണരുന്നത് കണ്ട് അവൾക്ക് കരച്ചിൽ വരാറുണ്ട്.

ഒന്ന് സമാധാനത്തോടെ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത ഒരുതരം അവസ്ഥ. ആ സമയത്താണ് തന്റെ സുഹൃത്തുക്കൾ എല്ലാം ഡിഗ്രി പാസായി എന്ന് പറഞ്ഞു മെസ്സേജ് അയച്ചത്.തന്റെ കുഞ്ഞു കാരണം പഠനവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്ന തോന്നൽ അവളെ ഒരുതരം പ്രത്യേക മാനസികാവസ്ഥയിൽ കൊണ്ടെത്തിച്ചു.

പിന്നീട് കുഞ്ഞ് എത്ര കരഞ്ഞാൽ പോലും അവൾ ശ്രദ്ധിക്കാതെയായി ഏത് സമയവും എന്തെങ്കിലുമൊക്കെ ചിന്തിച്ചിരിക്കും, വെറുതെ കരയും.

” അവൾക്ക് കൊച്ചിനെ നോക്കാനുള്ള മടി കൊണ്ടാണ് ഈ കാട്ടുകൂട്ടുന്നതൊക്കെ കള്ളി… ”

അനീഷിന്റെ അമ്മയുടെ കുത്ത് വാക്കുകൾ അപ്പോഴും അവളുടെ മേൽ പതിച്ചു. ഒടുക്കം രണ്ടു കുടുംബങ്ങളും ഇടപെട്ട് വാക്ക് തർക്കമായി. അവസാനം അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു.

” അമൃതയ്ക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ആണ്.പേടിക്കേണ്ട.. നമുക്കിത് ചികിത്സിച്ച് നേരെയാക്കാം. പക്ഷേ ചികിത്സയ്ക്ക് ഉപരി ആ കുട്ടിക്ക് മെന്റൽ സപ്പോർട്ട് അത്യാവശ്യമാണ് അത് നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായെ പറ്റൂ…

അമൃതയെ ചികിത്സിച്ച ശേഷം ഡോക്ടർ അനീഷിനോടും അവളുടെ വീട്ടുകാരോടുമായി പറഞ്ഞു. അവൻ എല്ലാത്തിനും സമ്മതം മൂളി.പിന്നീട് പതിയെ പതിയെ അവൾ തന്റെ മാനസിക സമ്മർദ്ദത്തിൽ നിന്നും പുറത്തേക്ക് വന്നു. കുഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങി. തന്റെ അവസ്ഥ കണ്ടു കരയുന്ന അമ്മയെ അവൾ ഉറ്റുനോക്കി.

” അമ്മ എന്തിനാണ് ഇപ്പോൾ കരയുന്നത്? ഒരുതരത്തിൽ പറഞ്ഞാൽ എന്റെ ഈ അവസ്ഥയ്ക്ക് കാരണം അമ്മ തന്നെയല്ലേ? ഒന്നും മിണ്ടരുത്, പറയരുത് എന്ന് ഒരു മകളെ പറഞ്ഞു പഠിപ്പിച്ചു വിടുമ്പോൾ അവൾ അവളുടെ ജീവിതം തന്നെയാണ് ബലി നൽകുന്നത് എന്ന് അമ്മ ചിന്തിക്കണമായിരുന്നു.

എന്നെങ്കിലും എന്നെ ഞാനായി ജീവിക്കാൻ നിങ്ങൾ സമ്മതിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഞാൻ ഇന്ന് ഈ അവസ്ഥയിൽ എത്തുമായിരുന്നില്ല. ഇനിയൊരു കണ്ണുനീരിന്റെ ആവശ്യമില്ല അമ്മേ.. ”

അവളുടെ വാക്കുകൾക്ക് മുന്നിൽ അവർക്ക് ഒരു മറുപടിയുണ്ടായിരുന്നില്ല.” എനിക്കും ഒരു പെൺകുഞ്ഞാണ്. അവളെ ഞാൻ വളർത്തും. അത് അമ്മ എന്നെ വളർത്തിയത് പോലെയല്ല.. അവൾ എന്ന വ്യക്തി തീരുമാനിക്കട്ടെ അവളുടെ

ജീവിതത്തിൽ എന്ത് നടക്കണമെന്ന്.. അല്ലാതെ ഒരു പണിക്കരോ ബ്രോക്കറോ അല്ലെങ്കിൽ ഭർത്താവോ അയാളുടെ വീട്ടുകാരോ എന്റെ മകളുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ”

അവളുടെ വാക്കുകൾക്ക് ഇന്നുവരെ ഇല്ലാത്ത ഒരു മൂർച്ച അനുഭവപ്പെട്ടു. അത് തന്റെ മേൽ വന്നു പതിച്ച് അത്രമേൽ ആഴത്തിൽ തന്നെ മുറിവേൽപ്പിക്കുന്നതുപോലെ അവർക്ക് തോന്നി

Leave a Reply

Your email address will not be published. Required fields are marked *