അമ്മയുടെ നൈറ്റിയിൽ പടർന്ന ര ക്തക്ക റ അവന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു നിമിഷം പകച്ചു പോയെങ്കിലും ആർത്തവരക്തമാണെന്ന് പിന്നീടാണ് മനസ്സിലായത്.

(രചന: അംബിക ശിവശങ്കരൻ)

പലവട്ടം കോൾ ചെയ്തിട്ടും മറുതലയ്ക്കൽ മറുപടി ഇല്ലാതായപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.

രണ്ടുദിവസമായി തുടരെത്തുടരെ ഫോൺ ചെയ്യുന്നതാണ്. കാണാൻ ശ്രമിച്ചാലും വിഷ്ണു മനപ്പൂർവ്വം ഒഴിഞ്ഞു മാറുകയാണ്.

അവൾ ഫോൺ ടേബിളിൽ വച്ചുകൊണ്ട് സിറ്റൗട്ടിലൂടെ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

“തനിക്കറിയാം ഇപ്പോഴത്തെ വിഷ്ണുവിന്റെ മാനസികാവസ്ഥ. വിഷ്ണുവിന്റെ അച്ഛൻ അവനെയും അവന്റെ കുടുംബത്തെയും തനിച്ചാക്കി പോയിട്ട് ഒന്നരമാസം ആവുന്നതേയുള്ളൂ.

അപ്രതീക്ഷിതമായ അച്ഛന്റെ മരണം അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചു. അമ്മ തിരികെ ജീവിതത്തിലേക്ക് മടങ്ങിവരാൻ കുറച്ച് സമയമെടുക്കും എന്ന ഡോക്ടർമാരുടെ വാക്കുകളായിരിക്കും അച്ഛന്റെ മരണത്തേക്കാൾ വിഷ്ണുവിനെ ഏറെ തളർത്തിയിട്ടുണ്ടാകുക.

പാവം എല്ലാം ഒറ്റയ്ക്ക് സഹിക്കുന്നുണ്ടാകും. അവന് അവന്റെ വിഷമങ്ങൾ തന്നോട് എങ്കിലും ഒന്ന് തുറന്നു പറഞ്ഞു കൂടെ… ഉള്ളിൽ കൂട്ടിയിട്ട് കൂട്ടിയിട്ട് ഒടുക്കം വിഷ്ണുവിന് വിഷ്ണുവിനെ തന്നെ നഷ്ടമാകുമോ എന്ന് തനിക്ക് നല്ല ഭയമുണ്ട്. ”

അവളുടെ മനസ്സിൽ ഉത്തരമില്ലാത്ത പല ചോദ്യങ്ങളും കടന്നുകൂടി. മനസ്സ് വീണ്ടും വീണ്ടും അസ്വസ്ഥമായി കൊണ്ടിരുന്നപ്പോഴാണ് അകത്ത് ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടത്. ചിന്തകളിൽ നിന്ന് മുക്തി നേടി കൊണ്ട് അവൾ അകത്തേക്ക് ഓടി. ഫോണെടുത്തതും കോൾ കട്ടായി.

” ദൈവമേ വിഷ്ണുവാണ്.!”അവൾ വേഗം അവന്റെ നമ്പറിലേക്ക് തിരികെ വിളിച്ചു രണ്ട് റിങ്ങിനു ശേഷം മറുതലക്കൽ അവന്റെ ശബ്ദം മുഴങ്ങി.

“ഹലോ..”അവളുടെ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി.”എന്താ വിഷ്ണു ഫോൺ എടുക്കാത്തത് ഞാൻ എത്രവട്ടം വിളിച്ചു നിന്നെ? വിഷ്ണു ഇപ്പോൾ എവിടെയാണ്? എനിക്കറിയാം വിഷ്ണു ആരോടും സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആണ് നീ എന്ന്…

പക്ഷേ ആരോടെങ്കിലും ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ കുറച്ചെങ്കിലും മനസ്സിലെ ഭാരം കുറയില്ലേ?നിന്നെ ഇങ്ങനെ കാണുമ്പോൾ എനിക്ക് പേടിയാകുന്നുണ്ട് വിഷ്ണു.”

അവൾ തന്റെ മനസ്സിലെ ആശങ്ക പ്രകടിപ്പിക്കുമ്പോഴും അവൻ ഒന്നും മിണ്ടിയില്ല.

“ഹലോ വിഷ്ണു കേൾക്കുന്നില്ലേ എന്താ ഒന്നും മിണ്ടാത്തത്?”അവൾ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ അവൻ ശബ്ദിച്ചു.

“എന്താണ് ശ്രുതി ഞാൻ മിണ്ടേണ്ടത്? എങ്ങനെയാണ് ഞാൻ മനസ്സ് തുറക്കേണ്ടത്? നഷ്ടമായത് എനിക്ക് മാത്രമല്ലേ? ഞാൻ അനുഭവിക്കുന്ന വേദന അത്രയും ഞാൻ എങ്ങനെയാണ് മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കി തരേണ്ടത്?

അത് പറഞ്ഞാലും അതേ തീവ്രതയിൽ വേറൊരാൾക്ക് മനസ്സിലാകണമെന്നുണ്ടോ? എനിക്ക് ആഗ്രഹമുണ്ട് ആരോടെങ്കിലും മനസ്സ് തുറന്ന് ഒന്ന് കരയണമെന്ന് പക്ഷേ കഴിയുന്നില്ല.

മനസ്സ് മുഴുവനും ഇപ്പോൾ ഒരുതരം മരവിപ്പാണ്. അച്ഛൻ പോയി… അമ്മയെ എങ്കിലും എനിക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. അതു മാത്രമേ ഇപ്പോൾ എന്റെ മനസ്സിലുള്ളൂ…”

അവനെ കേട്ടിരിക്കുകയല്ലാതെ അവൾ മറുത്ത് ഒരക്ഷരം പോലും പറഞ്ഞില്ല.”ശ്രുതി…. നിന്നോട് ഞാൻ അകൽച്ച കാണിക്കുന്നത് മനപൂർവം തന്നെയാണ്. എന്തുറപ്പിന്മേലാണ് നിന്നെ ഞാൻ ഇനി എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കേണ്ടത്? അമ്മ ജീവിതത്തിലേക്ക് തിരിച്ചുവരും എന്നല്ലാതെ എന്നാണെന്നോ എപ്പോഴാണെന്നോ അവർക്ക് ഉറപ്പു പറയാൻ കഴിഞ്ഞിട്ടില്ല.”

“ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് ഞാനിപ്പോൾ എന്റെ അമ്മയെ നോക്കിക്കൊണ്ടിരിക്കുന്നത്.

ഓഫീസിലെ ജോലി ഉപേക്ഷിച്ച് വീടിനടുത്തുള്ള വർക്ക് ഷോപ്പിലെ പണിക്ക് വരുന്നത് തന്നെ ഉച്ചയ്ക്ക് പോയി അമ്മയ്ക്ക് ആഹാരം കൊടുക്കാനും ഇടയ്ക്കിടയ്ക്ക് അമ്മയെ പോയി നോക്കാനുമാണ്. പണികഴിഞ്ഞ് വീടെത്തുന്നത് വരെ നെഞ്ചിനുള്ളിൽ തീയാണ്.”

” ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ കിണറ്റിനുള്ളിലേക്ക് വെറുതെ നോക്കി നിൽക്കുന്ന അമ്മയെയാണ് കണ്ടത്. അന്നേരം എന്റെ പകുതി ജീവൻ പോയതാണ്. കുറച്ചുദിവസം അമ്മുവിനോട് വന്ന് നിൽക്കാൻ പറഞ്ഞാൽ അവൾ ഓരോ തിരക്കുകൾ പറഞ്ഞ് ഒഴിയും. കല്യാണം കഴിഞ്ഞ് പോയതോടെ അവൾക്ക് സ്വന്തം കുടുംബം വേണ്ടാതായി.

എവിടെയോ വന്നു പോകുന്ന പോലെയാണ് അവൾ ഇവിടെ വന്നു പോകുന്നത്. പക്ഷേ…. ആർക്കൊക്കെ വേണ്ടെങ്കിലും എനിക്ക് എന്റെ അമ്മയെ നോക്കാതിരിക്കാൻ പറ്റില്ലല്ലോ… എന്റെ ജീവൻ കൊടുത്തും ഞാൻ എന്റെ അമ്മയെ നോക്കും. ”

അവന്റെ വാക്കുകൾ ഇടറുന്നത് അവൾ ശ്രദ്ധിച്ചു.”സ്വന്തം മകൾക്ക് പോലും വേണ്ടാത്ത ഒരു അമ്മയുള്ള എന്റെ ജീവിതത്തിലേക്ക് ഞാൻ എങ്ങനെയാണ് നിന്നെ ക്ഷണിക്കേണ്ടത്? രണ്ട് ദിവസം എന്റെ അമ്മയെ നോക്കി കഴിയുമ്പോൾ മൂന്നാമത്തെ ദിവസം നിനക്ക് തോന്നും ഈ ജീവിതം തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്ന്.

ഒരു വേലക്കാരിയുടെ സ്ഥാനം ഞാൻ നിനക്ക് തന്നു എന്ന് മനസ്സിലെങ്കിലും നീ ചിന്തിക്കാതെ ഇരിക്കില്ല… വേണ്ട ശ്രുതി എന്റെ അമ്മ ആർക്കും ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നോക്കിക്കോളാം എന്റെ അമ്മയെ. ശ്രുതി വേറെ നല്ലൊരു ജീവിതം തെരഞ്ഞെടുക്കണം.”

അതു പറഞ്ഞതും അത്രനേരം മിണ്ടാതെ നിന്നിരുന്ന അവൾക്ക് മൗനം ത്യജിക്കേണ്ടി വന്നു.

” എല്ലാവരും അമ്മുവിനെ പോലെയാണോ വിഷ്ണു? അപ്പോൾ വിഷ്ണു അങ്ങനെയാണോ എന്നെ മനസ്സിലാക്കിയിരിക്കുന്നത്?എനിക്കും ഒരു അമ്മയുള്ളതാണ്…എന്റെ അമ്മയ്ക്കാണ് ഇങ്ങനെയൊരു അവസ്ഥ വന്നതെങ്കിൽ ഞാൻ നോക്കി നിൽക്കുമോ? എന്റെ അമ്മയെപ്പോലെ തന്നെയാണ് ഞാൻ വിഷ്ണുവിന്റെ അമ്മയെയും കണക്കാക്കിയിരിക്കുന്നത്.

സ്വന്തമായി ഓരോന്ന് ചിന്തിച്ചു കൂട്ടി എന്തൊക്കെയാ പറയുന്നത് വിഷ്ണു? എനിക്കറിയാം വിഷ്ണുവിന്റെ സാഹചര്യങ്ങളാണ് നിന്നെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് എന്ന്.. പക്ഷേ ഒരു അന്യയെ പോലെ എന്നോട് പെരുമാറല്ലേ വിഷ്ണു…. ”

അവളുടെ വാക്കുകൾ തേങ്ങലായി.”ഇതൊക്കെ ഇപ്പോൾ തോന്നുന്നത ശ്രുതി… എന്നോടുള്ള അമിതമായ സ്നേഹം കൊണ്ട് മാത്രം. ജീവിതത്തിലെക്ക് ഇറങ്ങിച്ചെല്ലുമ്പോഴേ അതിന്റെ കൈപ്പ് വശം മനസ്സിലാകുകയുള്ളൂ. ശരി ശ്രുതി… കുറച്ച് തിരക്കുണ്ട്.”

അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് അവനു ഊഹിക്കാമായിരുന്നു. എങ്കിലും മറ്റൊന്നും ഓർക്കാതെ ഫോൺ പോക്കറ്റിലേക്ക് തിരുകിക്കൊണ്ട് അവൻ ജോലി തുടർന്നു.

രാവിലെ മുതൽ അത്യാവശ്യം തിരക്കുണ്ടായിരുന്നതിനാൽ പതിവിലും വൈകിയാണ് വീട്ടിലേക്ക് ഉണ്ണാൻ പോയത്. ഓടിക്കിതച്ച് വീട്ടിൽ എത്തുമ്പോൾ അമ്മ കട്ടിലിൽ തന്നെ ഉണ്ട് എന്നത് ആശ്വാസമായി.

കൈകഴുകി അടുക്കളയിൽ ചെന്ന് ചോറും കറിയും എടുത്തുകൊണ്ട് വന്ന് അമ്മയ്ക്ക് വാരി കൊടുക്കാൻ ആയി എഴുന്നേൽപ്പിച്ചിരുത്തിയപ്പോഴാണ് അമ്മയുടെ നൈറ്റിയിൽ പടർന്ന ര ക്തക്ക റ അവന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു നിമിഷം പകച്ചു പോയെങ്കിലും ആർത്തവരക്തമാണെന്ന് പിന്നീടാണ് മനസ്സിലായത്.

“ഈശ്വരാ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഇതുവരെ ചിന്ത പോയിരുന്നില്ല.എങ്ങനെയാണ് ഇതൊന്ന് കൈകാര്യം ചെയ്യേണ്ടതെന്ന് പോലും തനിക്ക് അറിയില്ല. ”

അവൻ ആകെ തളർന്നുപോയി.ഫോണെടുത്ത് വേഗം അമ്മുവിനെ വിളിച്ച് കാര്യം പറഞ്ഞ് വരാൻ ആവശ്യപ്പെട്ടെങ്കിലും അവൾക്കൊരു തണുപ്പൻ മട്ടായിരുന്നു.

“എടാ ഇവിടത്തെ അമ്മവീണ് കാലുളുക്കി ഇരിക്കുകയാണ് ഞാനിപ്പോൾ എങ്ങനെയാണ് വരുന്നത്?”

ഇങ്ങനെയൊരു നിസ്സഹായവസ്ഥയിൽ നിൽക്കുന്ന കൂടപ്പിറപ്പിനോടുള്ള അവളുടെ സമീപനം എത്ര ക്രൂരമാണെന്ന് അവന് തോന്നി.

അവളോടുള്ള ദേഷ്യത്തിൽ ഫോൺ കട്ടാക്കിയെങ്കിലും ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഒരു നിമിഷം അവൻ പകച്ചു നിന്നു. ഒടുക്കം അവനറിയാതെ തന്നെ അവന്റെ കൈകൾ ചെന്നെത്തിയത് ശ്രുതിയുടെ നമ്പറിലേക്ക് ആണ്.

“ടെൻഷൻ അടിക്കേണ്ട വിഷ്ണു ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം.”അവൻ കാര്യങ്ങൾ പറഞ്ഞതും അത്രമാത്രം പറഞ്ഞുകൊണ്ട് അവൾ ഫോൺ വെച്ചു.

ഇരുപത് മിനിറ്റിനുള്ളിൽ തന്നെ അവൾ അവിടേക്ക് പാഞ്ഞെത്തി ബാഗിനുള്ളിൽ ഒരു പാക്കറ്റ് പാഡും അവൾ കരുതിയിരുന്നു.

അവളുടെ സാമീപ്യം ആദ്യം അവർ എതിർത്തെങ്കിലും അവളുടെ സ്നേഹത്തിനു മുന്നിൽ അവർക്ക് കീഴടങ്ങേണ്ടി വന്നു.

അവൾ അവരെ ബാത്റൂമിൽ കൂട്ടിക്കൊണ്ടുപോയി കുളിപ്പിച്ച് എല്ലാം ചേഞ്ച് ചെയ്തുകൊണ്ടുവന്ന് ബെഡിൽ ഇരുത്തി.അവനെ കഴിക്കാൻ നിർബന്ധിച്ചു അവർക്ക് വാരി കൊടുത്തതും അവൾ തന്നെയായിരുന്നു.

” വിഷ്ണു… വൈകിട്ട് വന്നിട്ട് അമ്മയുടെ പാഡ് ചേഞ്ച് ചെയ്യണം. എങ്ങനെയാണ് അത് വയ്ക്കേണ്ടതെന്ന് ഞാൻ കാണിച്ചു തരാം. പിന്നെ ആ ഭാഗം വൃത്തിയായി കഴുകണം.ഇൻഫെക്ഷൻ വരാതെ നോക്കണം.ഒരു മടിയും കാണിക്കേണ്ട….വിഷ്ണുവിന് ജന്മം നൽകിയ അമ്മയാണ്…. ഞാൻ നാളെ ഇതുപോലെ സമയത്ത് വരാം. ”

അതും പറഞ്ഞ് അവൾ ഇറങ്ങുമ്പോൾ രാവിലെ പറഞ്ഞതിനൊക്കെയും അവൻ അവളോട് മനസ്സുകൊണ്ട് മാപ്പ് പറഞ്ഞു.

വൈകുന്നേരം അമ്മയുടെ കാര്യങ്ങളെല്ലാം ചെയ്യാൻ അവന് തെല്ലൊരു ആശങ്കയും ഉണ്ടായില്ല. അവൾ പറഞ്ഞപോലെ തന്നെ എല്ലാം കൃത്യമായി ചെയ്തു. എന്തോ വലിയ കടമ ചെയ്തെന്ന തോന്നലായിരുന്നു ആ ഒരു നിമിഷം.

പിറ്റേന്ന് ഉച്ചയ്ക്ക് അവൻ എത്തിയപ്പോഴേക്കും അവൾ അമ്മയുടെ കാര്യങ്ങൾ എല്ലാം ചെയ്തു അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നതാണ് കണ്ടത്. എല്ലാം കഴിഞ്ഞിറങ്ങാൻ നേരം അവൻ അവളുടെ കൈ മുറുകെ പിടിച്ചു.

” സോറി ശ്രുതി…. നിന്നെ വേദനിപ്പിച്ചതിന്. ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഇപ്പോൾ എനിക്കും അമ്മയ്ക്കും നീ മാത്രമേ ഉണ്ടായുള്ളൂ… “അവന്റെ മിഴികൾ നിറഞ്ഞു.

” മനപ്പൂർവ്വമല്ല നീ അതൊന്നും പറഞ്ഞതെന്ന് എനിക്കറിയാം വിഷ്ണു… നിനക്കൊരിക്കലും ഒരു പെണ്ണിന്റെയും കണ്ണീർ വീഴ്ത്താൻ കഴിയില്ല. കാരണം അമ്മയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു മകനും വേറൊരു പെണ്ണിനെയും മനസ്സുകൊണ്ട് പോലും നോവിക്കില്ല.

നീ നല്ലൊരു മകൻ മാത്രമല്ല ഒരു നല്ല ഭർത്താവ് കൂടി ആയിരിക്കുമെന്ന് എനിക്കുറപ്പാണ് . ആ സ്നേഹവും കരുതലും അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് തന്നുടെ വിഷ്ണു… ”

തന്റെ മുന്നിൽ തൊഴുത്തു നിന്ന ശ്രുതിയെ അവൻ ആ നിമിഷം ചേർത്തുപിടിച്ചു.” നീ എന്റെയാണ് ശ്രുതി… ഇനി ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല. ”

വികാരനിർഭരമായ ആ നിമിഷം നോക്കി ഒരു കുഞ്ഞിനെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് അവർ ആ കട്ടിലിൽ തന്നെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *