എന്റെ മോളെ കൊന്നതാണെങ്കിൽ അത് ചെയ്തവരെ കണ്ടെത്തണം. ഈ അവസ്ഥയിൽ കണ്മുന്നിൽ ഉള്ളവരെയെല്ലാം സംശയിക്കുകയെ

(രചന: Sivapriya)

വെളുപ്പിന് നാല് മണിക്ക് ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റതാണ് ജിതിൻ. അപ്പോഴാണ് അരികിൽ ഭാര്യ വേണി ഇല്ലെന്നുള്ള കാര്യം അവൻ ശ്രദ്ധിച്ചത്.

അകത്ത് ബാത്‌റൂമിൽ നിന്നും പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച കേൾക്കാം. അവൾ ബാത്‌റൂമിനുള്ളിൽ ആയിരിക്കുമെന്ന് വിചാരിച്ചു ജിതിൻ താഴെയുള്ള കോമൺ ബാത്‌റൂമിൽ പോയി തിരികെ വരുമ്പോഴും വേണി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ടില്ല.

“വേണി” എന്ന് നീട്ടി വിളിച്ചുകൊണ്ട് ജിതിൻ ബാത്‌റൂമിനു നേർക്ക് നടന്നു. ഡോറിൽ തള്ളി നോക്കിയപ്പോൾ അത് അടച്ചിട്ടുണ്ടായിരുന്നില്ലെന്ന് അവന് മനസിലായി.

ജിതിൻ ബാത്രൂം ഡോർ മുഴുവനായി തുറന്ന് അകത്തേക്ക് എത്തി നോക്കി. ഒരു നിമിഷം അവിടെ കണ്ട കാഴ്ചയിൽ അവൻ ഞെട്ടിത്തരിച്ചുപോയി.

ബാത്‌റൂമിന്റെ ജനൽ കമ്പിയിൽ വേണി തൂങ്ങി നിൽക്കുകയായിരുന്നു. മരണം നടന്നിട്ട് കുറച്ചു സമയമേ ആയിട്ടുള്ളു എന്നവന് മനസിലായി.

“വേണീ…” ഒരു അലർച്ചയോടെ അവൻ അവളുടെ ശരീരത്തെ പിടിച്ചു കുലുക്കി. മരണത്തിന്റെ തണുപ്പ് അവളുടെ ശരീരത്തിൽ പടർന്നു തുടങ്ങിയിരുന്നു.

ജിതിന്റെ അലർച്ചയിൽ ഉറങ്ങി കിടന്നിരുന്ന വീടുണർന്നു. ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ ജിതിന്റെ അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും അവന്റെ മുറിയിലേക്ക് ഓടി വന്നു. ബാത്‌റൂമിൽ നിന്നും ജിതിന്റെ നിലവിളി കേട്ട് ഏവരും അകത്തേക്ക് എത്തി നോക്കി.

കണ്ണ് തുറിച്ചു നാക്ക് കടിച്ച്, തൂങ്ങി നിൽക്കുന്ന വേണിയെ കണ്ടതും അവർ ഭയന്ന് നിലവിളിച്ചു പോയി. ജിതിന്റെ ചേട്ടൻ വിനോദ് വന്ന് അവനെ അവളിൽ നിന്നും അടർത്തി മാറ്റി റൂമിലേക്ക് കൊണ്ട് പോയി.

വീട്ടിലെ അംഗങ്ങൾ എല്ലാവരും വേണിയുടെ ബോഡി കണ്ട ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ലായിരുന്നു. ജിതിൻ ഏങ്ങലടിച്ച് കരയുകയാണ്. ആർക്കും അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.

സംയമനം വീണ്ടെടുത്ത വിനോദ് തന്നെയാണ് പോലീസിൽ വിളിച്ചു വിവരം പറഞ്ഞത്. ഒപ്പം വേണിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു.

ഏകദേശം ആറു മണിയോടെ പോലിസ് ജീപ്പ് സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. വേണിയുടെ ആത്മഹത്യ അറിഞ്ഞു നാട്ടുകാരും ബന്ധുക്കളും അവിടേക്ക് ഓടിക്കൂടി.

ഡെഡിബോഡി കിടക്കുന്നയിടത്തേക്ക് പോലീസ് ആരെയും കടക്കാൻ അനുവദിച്ചില്ല.

നടപടികളൊക്കെ പൂർത്തിയാക്കി വേണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹോസ്പിറ്റലിലേക്ക് അയക്കാൻ ആംബുലൻസിലേക്ക് എടുക്കുമ്പോൾ വേണിയുടെ മാതാപിതാക്കൾ “മോളേന്ന്” വിളിച്ച് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. ജിതിൻ ഒരു വശത്തേക്ക് മാറിനിന്ന് നിശബ്ദം കണ്ണീർ വാർത്തു.

ബോഡി ആംബുലൻസിൽ കയറ്റി അയച്ച ശേഷം സി ഐ ബിബിൻ എല്ലാവരേയും ചോദ്യം ചെയ്യാനായി വിളിച്ചു. ആദ്യം അവർ വിളിച്ചത് ജിതിനെ ആയിരുന്നു.

“നിങ്ങളെപ്പോഴാണ് ഭാര്യയുടെ മൃതദേഹം കാണുന്നത്.? നടന്ന സംഭവം ഒന്ന് വിശദമായി പറയു.”

“വെളുപ്പിന് നാലു മണിക്ക് ഞാൻ ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ വേണി അടുത്തുണ്ടായിരുന്നില്ല. റൂമിനുള്ളിലെ ബാത്‌റൂമിൽ നിന്ന് പൈപ്പ് തുറന്ന് വിട്ട ശബ്ദം കേൾക്കാമായിരുന്നു.

അപ്പോ ഞാൻ വിചാരിച്ചു അവൾ ബാത്‌റൂമിൽ പോയതായിരിക്കുമെന്ന്. എനിക്ക് ബാത്‌റൂമിൽ പോകേണ്ടത് അത്യാവശ്യമായതിനാൽ ഞാൻ താഴത്തെ ബാത്‌റൂമിൽ പോയി. തിരികെ വരുമ്പോഴും വേണി ബാത്‌റൂമിൽ തന്നെയായിരുന്നു.

വെറുതെ ചെന്നൊന്ന് ഡോറിൽ തട്ടിയപ്പോൾ അകത്ത് നിന്ന് അടച്ചിട്ടില്ലെന്ന് മനസിലായി. അങ്ങനെ തുറന്നു നോക്കിയപ്പോഴാ വേണി ബാത്‌റൂമിന്റെ ജനലിൽ തൂങ്ങി നിൽക്കുന്ന വേണിയെ ഞാൻ കാണുന്നത്.” അത്രയും പറഞ്ഞപ്പോൾ തന്നെ ജിതിൻ പൊട്ടിക്കരഞ്ഞു.

“സോറി മിസ്റ്റർ ജിതിൻ. നിങ്ങളുടെ വികാരം ഞങ്ങൾക്ക് മനസ്സിലാകും. പക്ഷേ ഞങ്ങൾക്ക് ഞങ്ങടെ ഡ്യൂട്ടി ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. പ്രത്യക്ഷത്തിൽ ഇതൊരു സൂയിസൈഡ് തന്നെയാണ്. വേണിക്ക് ആത്മഹത്യ ചെയ്യാൻ മാത്രം എന്തായിരുന്നു പ്രശ്നം. നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്കോ മറ്റോ ഉണ്ടായോ?”
സി ഐ ബിബിൻ ചോദിച്ചു.

“അങ്ങനെയൊന്നും ഉണ്ടായിട്ടില്ല സർ.””ഓക്കേ, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി.?””നാല് വർഷം.””കുട്ടികൾ.””കുട്ടികൾ ഇല്ല.””നിങ്ങളുടെ ലവ് മാര്യേജ് ആണോ?””അല്ല സർ.. അറേഞ്ച്ഡ് ആണ്.”

“ഓക്കേ ജിതിൻ, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. കൂടുതലായി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നുണ്ട്.”

“ഓക്കേ സർ.. വിളിച്ചാൽ മതി ഞാൻ വന്നോളാം.” മുണ്ടിന്റെ തലപ്പ് കൊണ്ട് അവൻ കണ്ണുനീർ തുടച്ചു. വിനോദ് ജിതിനെ ചേർത്ത് പിടിച്ചു വീടിനുള്ളിലേക്ക് കൊണ്ട് പോയി.

ജിതിന്റെ വീട്ടിലുള്ളവരെ ചോദ്യം ചെയ്തു കഴിഞ്ഞ ശേഷം വേണിയുടെ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.

“നിങ്ങളുടെ മകൾ ആത്മഹത്യ ചെയ്യാൻ എന്തായിരിക്കും കാരണം. വേണിക്ക് എന്തെങ്കിലും വിഷമം ഉള്ളതായി നിങ്ങളോട് പറഞ്ഞിട്ടുണ്ടോ?” ബിബിൻ അവരോടു ചോദിച്ചു.

“എന്റെ കുഞ്ഞ് ആത്മഹത്യ ചെയ്യില്ല സാറെ. രണ്ട് ദിവസം മുൻപ് ഫോൺ വിളിച്ചപ്പോൾ ഞങ്ങളോട് എന്തോ ഹാപ്പി ന്യൂസ്‌ പറയാനുണ്ടെന്നും അടുത്ത ആഴ്ച വീട്ടിലേക്ക് വരുമ്പോൾ നേരിട്ട് പറയാന്ന് പറഞ്ഞാ അവൾ ഫോൺ വച്ചത്.

അങ്ങനെ പറഞ്ഞ എന്റെ മോളാ ഇന്ന് മരിച്ചു കിടന്നത്. എങ്ങനെ വിശ്വസിക്കും സാറെ.” നെഞ്ചിൽ കൈവച്ചു വിലപിച്ചു കൊണ്ട് വേണിയുടെ അമ്മ സരസ്വതി പറഞ്ഞു.

“ആത്മഹത്യ ചെയ്യാൻ തക്ക പ്രശ്നമൊന്നും അവൾക്കുണ്ടായിരുന്നില്ല സാറെ. അവൾ അങ്ങനെ ഒന്നും ചെയ്യില്ല.” വേണിയുടെ അച്ഛൻ വിനയൻ ആണ് അത് പറഞ്ഞത്.

“നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.?””അങ്ങനെ ചോദിച്ചാൽ ഞങ്ങൾ എന്ത് പറയും സാറെ പോയത് ഞങ്ങൾക്കല്ലേ.” വിനയൻ കണ്ണീർ തുടച്ചു.

“നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാവും. നിങ്ങൾക്ക് ആരെയെങ്കിലും സംശയം തോന്നുന്നെങ്കിൽ തുറന്നു പറയാം. അത് ഞങ്ങളുടെ മുന്നോട്ടുള്ള അന്വേഷണത്തിനു ഉപകരിക്കുകയേയുള്ളൂ. ജിതിനുമായി വേണിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി പറഞ്ഞിട്ടുണ്ടോ?” ബിബിൻ ചോദിച്ചു.

“ഇല്ല സാറെ. ഇവിടെ എന്തെങ്കിലും പ്രശ്നമുള്ളതായോ ജിതിനുമായി എന്തെങ്കിലും വഴക്കോ പിണക്കമോ ഉള്ളതയും മോള് പറഞ്ഞിട്ടില്ല.”

“പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നാലേ ഞങ്ങൾക്ക് അന്വേഷണം മുൻപോട്ട് കൊണ്ട് പോകാൻ പറ്റുള്ളൂ. കൂടുതലായി എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ഞങ്ങൾ വിളിപ്പിക്കാം.”

“ഞങ്ങടെ മോള് ആ ത്മഹത്യ ചെയ്തതാണെങ്കിൽ അതിനുള്ള കാരണം കണ്ട് പിടിക്കണം സാറെ. ഇനി അഥവാ എന്റെ മോളെ കൊന്നതാണെങ്കിൽ അത് ചെയ്തവരെ കണ്ടെത്തണം. ഈ അവസ്ഥയിൽ കണ്മുന്നിൽ ഉള്ളവരെയെല്ലാം സംശയിക്കുകയെ നിവൃത്തിയുള്ളൂ.” സി ഐ ബിബിന് മുന്നിൽ കൈകൾ കൂപ്പി വിനയൻ പറഞ്ഞു.

“വിഷമിക്കാതിരിക്കൂ… വേണിയുടെ മരണം ആ ത്മഹത്യ ആണോ കൊലപാതകമാണോന്ന് നമുക്ക് കണ്ടെത്താം.” ബിബിൻ അവരെ ആശ്വസിപ്പിച്ചു.

അയല്പക്കത്തെ വീടുകളിൽ താമസിക്കുന്നവരുടെ മൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം പോലീസ് സംഘം മടങ്ങിപ്പോയി.

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വന്നു. വെളുപ്പിന് മൂന്നിനും നാലിനും ഇടയിലാണ് മരണം നടന്നിരിക്കുന്നത്. ആ ത്മഹത്യ എന്ന് തന്നെയായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പക്ഷേ അതോടൊപ്പം മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി ഉണ്ടായിരുന്നു. വേണി രണ്ട് മാസം ഗർഭിണി ആയിരുന്നു.

ജിതിന്റെയും വേണിയുടെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷം കഴിഞ്ഞാണ് അവർക്കൊരു കുഞ്ഞ് ഉണ്ടാകുന്നത്. അച്ഛനോടും അമ്മയോടും പറയാൻ വേണി കരുതി വച്ച സന്തോഷ വാർത്ത അതായിരിക്കുമെന്ന് ബിബിൻ ഊഹിച്ചു.

പക്ഷേ നാല് വർഷങ്ങൾ കഴിഞ്ഞു ഉണ്ടായ കുഞ്ഞ് വയറ്റിൽ ഉള്ളപ്പോൾ വേണി എന്തിനു ആ ത്മഹത്യ ചെയ്യണം?

ജിതിനും വീട്ടുകാരുമായി പ്രത്യക്ഷത്തിൽ വഴക്കോ മറ്റോ ഉണ്ടായിരുന്നില്ല എന്നും അവർ വളരെ സ്നേഹത്തോടെ കഴിഞ്ഞ ദമ്പതികൾ ആണെന്നുമായിരുന്നു അയല്പക്കത്തെ വീട്ടുകാരുടെ മൊഴിയും. ജിതിന്റെ കാൾ ഡീറ്റെയിൽസും ഫോണും ഒക്കെ പരിശോധന നടത്തിയെങ്കിലും സംശയക്ക തക്കതായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

സംഭവം നടന്ന സ്ഥലത്ത് നിന്നും ആ ത്മഹത്യാ കുറിപ്പോ മറ്റോ പോലീസിന് തെളിവായി കിട്ടിയതുമില്ല. വേണി ആ ത്മഹത്യ ചെയ്യില്ലെന്ന നിലപാടിൽ വേണിയുടെ വീട്ടുകാർ ഉറച്ചുനിന്നു.

ജിതിനും വീട്ടുകാർക്കും വേണി പ്രെഗ്നന്റ് ആയിരുന്നെന്നുള്ള വിവരം അറിയില്ലെന്ന് മൊഴി കൊടുത്തു. താൻ രണ്ടു മാസം പ്രെഗ്നന്റ് ആണെന്നുള്ള വിവരം വേണി ആരോടും പറഞ്ഞിട്ടുണ്ടാവില്ലെന്ന് പോലീസ് അനുമാനിച്ചു.

ആ ത്മഹത്യ ആണെങ്കിൽ വേണി എന്തിനു അത് ചെയ്തു എന്നത് പോലീസിനെ കുഴപ്പിച്ചു. ഇനി അഥവാ കൊലപാതകം ആണെങ്കിൽ ആര് എന്തിന് എന്നതും ചോദ്യ ചിഹ്നമായി അവശേഷിച്ചു.

കേസ് അന്വേഷണം യാതൊരു പുരോഗതിയും കൈവരിക്കാതെ മന്ദഗതിയിൽ മുന്നോട്ട് പോയി. മാസങ്ങൾ കടന്നു പോയി. എല്ലാവരും എല്ലാം മറന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങി. വേണിയുടെ വീട്ടുകാരുടെ കണ്ണീർ മാത്രം തോർന്നില്ല.

കേസ് അന്വേഷണ ചുമതലയുള്ള സി ഐ ബിബിൻ പക്ഷേ അപ്പോഴും തെളിവുകൾ കണ്ടെത്താനുള്ള അന്വേഷണം തുടർന്നിരുന്നു. ജിതിന്റെയും വീട്ടുകാരുടെയും നീക്കങ്ങൾ മനസ്സിലാക്കാൻ ഷാഡോ പോലീസിനെയും ചുമതലപ്പെടുത്തിയിരുന്നു. അവർക്കും അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള യാതൊന്നും ലഭ്യമായില്ല.

ഒരു ദിവസം സ്റ്റേഷനിൽ വേണിയുടെ കേസ് ഫയൽ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സി ഐ ബിബിൻ സംശയ നിവാരണത്തിനായി വേണിയുടെ മൊബൈൽ ഫോൺ ഒന്നൂടെ പരിശോധിക്കുന്നത്. വേണിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട്സ് വിശദമായി ഒന്നുകൂടി പരിശോദിച്ചപ്പോഴാണ് ബിബിൻ അത് കണ്ടെത്തുന്നത്.

വേണിയുടെ ഫേസ് ബുക്ക് അക്കൗണ്ട് മറ്റൊരു ഫോണിലും ലോഗിൻ ആയിരുന്നു. അതിന്റെ ഡീറ്റെയിൽസ് എടുത്ത് നോക്കിയപ്പോൾ ജിതിന്റെ ഫോണിലാണ് വേണിയുടെ അക്കൗണ്ട് ലോഗിൻ ചെയ്തിരുന്നതെന്ന് മനസിലായി.

വേണി മരിക്കുന്നതിന്റെ തലേ ദിവസം വരെ ജിതിന്റെ ഫോണിൽ വേണിയുടെ ഫേസ്ബുക് അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടായിരുന്നു. ലോഗിൻ സമയം നോക്കിയപ്പോൾ എല്ലാം രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടാണ്. അത് ബിബിനിൽ സംശയം സൃഷ്ടിച്ചു. ജിതിനെക്കുറിച്ച് വിശദമായ ഒരു അന്വേഷണം ആവശ്യമാണെന്ന് അയാൾക്ക് തോന്നി.

വേണിയുടെ സാധനങ്ങൾ വീണ്ടും പരിശോധിക്കുന്നതിനിടയിലാണ് അവളുടെ പേഴ്സിനുള്ളിൽ ഉണ്ടായിരുന്ന സ്വർണം പണയം വച്ച കടലാസുകളുടെ കൂട്ടത്തിനിടയിൽ നാലായി മടക്കിയ ഒരു പേപ്പർ ബിബിൻ ശ്രദ്ധിച്ചത്.

പോലീസ് കോൺസ്റ്റബിൾസ് തെളിവുകൾ പരിശോധിക്കുമ്പോൾ അതൊക്കെ അലസമായി നോക്കാതെ വിട്ടത് കൊണ്ടാണ് ഇത് ശ്രദ്ധയിൽ പെടാതെ പോയതെന്ന് അയാൾക്ക് മനസിലായി.

ബിബിൻ ആ പേപ്പർ കയ്യിലെടുത്തു നിവർത്തി നോക്കി. അത് വായിച്ചു കഴിഞ്ഞതും അയാൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. ഉടനെ തന്നെ ജിതിനെ കസ്റ്റടിയിൽ എടുക്കാൻ ബിബിൻ ഉത്തരവിട്ടു.

വേണിയുടെ മരണം കൊലപാതകം ആണെന്ന് തെളിയിക്കുന്ന സുപ്രധാന തെളിവായിരുന്നു അതിൽ ഉണ്ടായിരുന്നത്.

“എന്റെ ഭർത്താവിന് മുൻ കാമുകിയുമായി അരുതാത്ത ബന്ധമുള്ളത് ഇന്നലെ രാത്രിയാണ് ഞാൻ അറിയുന്നത്. സാറ എന്നാണ് അവളുടെ പേര്. എന്നെ ഒഴിവാക്കി അവളോടൊപ്പം ജീവിക്കാനുള്ള പദ്ധതിയിലാണ് എന്റെ ഭർത്താവെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.

ഞാൻ രണ്ട് മാസം ഗർഭിണി ആണെന്ന വിവരം പറഞ്ഞപ്പോഴും ഞാൻ പ്രതീക്ഷച്ച സന്തോഷം ആ മുഖത്ത് കാണാത്തതിന്റെ കാരണം ഇതായിരുന്നു. ആരോടും തല്ക്കാലം ഇക്കാര്യം പറയണ്ട എന്നും സർപ്രൈസ് ആയിട്ട് ഫങ്ക്ഷൻ നടത്തി എല്ലാവരെയും അറിയിക്കാമെന്ന് പറഞ്ഞപ്പോൾ ഞാനത് വിശ്വസിച്ചു പോയി.

എന്റെ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് എന്റെ ഭർത്താവ് സാറയുമായി കോൺടാക്ട് ചെയ്തിരുന്നത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ എന്നെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്തി തീർക്കാനാണ് അയാളുടെ ഉദ്ദേശം.

കുറച്ചുമുൻപാണ് ഞാനീ വിവരം അറിയുന്നത്. അയാൾ മെസ്സേജ് ഡിലീറ്റ് ചെയ്യാൻ മറന്നുപോയത് കൊണ്ടാണ് എനിക്കിതൊക്കെ അറിയാൻ കഴിഞ്ഞത്. ഒരുപക്ഷേ ഞാനിതൊക്കെ അറിയാൻ സമയം വൈകിപ്പോയെന്ന് തോന്നുന്നു. എപ്പോ വേണോ എന്റെ കഴുത്തിൽ കുരുക്ക് വീഴാം.

എപ്പഴത്തേക്കാണ് അവർ ഇത് തീരുമാനിച്ചിരിക്കുന്നതെന്ന് അറിയില്ല. നാളെ രാവിലെ ഇവിടുന്ന് രക്ഷപ്പെടാൻ പറ്റിയാൽ ഞാൻ എന്റെ വീട്ടിലേക്ക് പോകും. ഈ നിമിഷം തന്നെ ഇവിടുന്ന് പോകണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും അയാൾക്ക് എന്തെങ്കിലും സംശയം തോന്നിയാൽ പിന്നെ ഞാനും എന്റെ വയറ്റിൽ വളരുന്ന കുഞ്ഞും ജീവനോടെ ഉണ്ടാവില്ല.

ഈ രാത്രി സഹായത്തിനായി ആരെ വിളിക്കണമെന്നോ എന്ത് ചെയ്യണമെന്നോ എനിക്കറിയില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി എന്റെ ഭർത്താവ് മാത്രമാണ്. ഇത് വായിക്കുന്നവർക്ക് തോന്നുന്നുണ്ടാവും ഞാനീ വിവരം എന്തുകൊണ്ട് ഇപ്പൊ തന്നെ ആരെയും അറിയിക്കാൻ മുതിർന്നില്ലെന്ന്.

ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത് മുതൽ ഓഫീസിൽ നിന്ന് ലീവെടുത്തു മുഴുവൻ സമയവും അയാൾ എന്റെ അടുത്ത് തന്നെയാണ്.

അതുകൊണ്ട് എനിക്ക് എടുത്തുചാടി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. സാറയുമായുള്ള അയാളുടെ ചാറ്റ് ഞാൻ വായിച്ചു കഴിഞ്ഞപ്പോഴാണ് അയാൾ എന്റെ കയ്യിൽ നിന്ന് കാൾ ചെയ്യാനെന്ന് പറഞ്ഞു ഫോൺ വാങ്ങികൊണ്ട് പോയത്.

എന്തെങ്കിലും സംശയം തോന്നിയിട്ടാണോ ഫോൺ വാങ്ങിയതെന്ന് എനിക്കറിയില്ല. അതുകൊണ്ട് ആരെയും ഒന്നും അറിയിക്കാൻ എനിക്ക് പറ്റിയിട്ടില്ല. നാളെ രാവിലെ വരെ എനിക്ക് ആയുസ്സ് നീട്ടി കിട്ടിയാൽ ഞാൻ എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടും.

ബാത്‌റൂമിൽ ഇരുന്നാണ് ഞാൻ ഇത്രയും എഴുതിയത്. ഒരുപക്ഷേ എനിക്കെന്തേലും പറ്റിയാൽ ഇതെന്റെ മരണ മൊഴിയായി കണക്കാക്കി അയാൾക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണം.

വേണി അവസാനമായി കുറിച്ച് വച്ച വരികളാണ്. ഇത് ജിതിന്റെ ശ്രദ്ധയിൽ പെടാത്തത് കൊണ്ട് മാത്രം തെളിവായി അവശേഷിച്ചു.

വൈകാതെ തന്നെ ജിതിനെ പോലിസ് അറസ്റ്റ്‌ ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അവൻ കുറ്റം സമ്മതിച്ചു.

വേണിക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ലെന്ന കാരണം ചൂണ്ടികാട്ടി അവളെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയിട്ട് പഴയ കാമുകിയായ സാറയെ വിവാഹം ചെയ്യാനായിരുന്നു പ്ലാൻ.

അപ്പോഴാണ് അബദ്ധവശാൽ വേണി ഗർഭിണി ആകുന്നത്. അതോടെ അവളെ ഒഴിവാക്കുന്നത് എളുപ്പമല്ലെന്ന തോന്നലിലാണ് വേണിയെ ഞാൻ കൊല്ലാൻ തീരുമാനിച്ചത്.
വേണിയുടെ മുഖത്ത് തലയിണ വച്ച് ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം ബാത്‌റൂമിൽ കെട്ടി തൂക്കിയതാണെന്ന് ജിതിൻ തുറന്നു പറഞ്ഞു.

സാറയുമായുള്ള ചാറ്റ്സ് ഡിലീറ്റ് ആക്കാൻ മറന്നതും വേണിയുടെ പെരുമാറ്റത്തിൽ നിന്ന് അവൾ സത്യം അറിഞ്ഞുവെന്നും മനസിലാക്കിയപ്പോൾ അവളെ വെറുതെ വിട്ടാൽ മറ്റുള്ളവരും സത്യം അറിയും. അതുകൊണ്ടാണ് കൊല്ലാൻ തീരുമാനിച്ചത്.

ജിതിൻ പോലീസിനോട് എല്ലാം തുറന്നു പറഞ്ഞു.”നിനക്ക് ആ കൊച്ചിനെ വേണ്ടായിരുന്നെങ്കിൽ കൊല്ലാതെ ഉപേക്ഷിക്കാമായിരുന്നില്ലെടാ. നിന്റെ കൊച്ചിനെ കൂടിയാ നീ അവളോടൊപ്പം ഇല്ലാതാക്കിയത്.” അമർഷത്തോടെ സി ഐ ബിബിൻ പറഞ്ഞു.

“ആദ്യം ഡിവോഴ്സ് ചെയ്യാമെന്നാണ് വിചാരിച്ചിരുന്നത്. അവൾ എല്ലാം അറിഞ്ഞെന്നു മനസ്സിലായപ്പോൾ അപ്പൊ പെട്ടന്ന് തോന്നിയൊരു ചിന്തയിൽ ചെയ്തു പോയതാണ്. കൊന്ന് കെട്ടിതൂക്കിയ ശേഷമാണ് ഒന്നും വേണ്ടായിരുന്നുന്നെന്ന് തോന്നിയത്.” ജിതിൻ കൈകളിൽ മുഖം അമർത്തി ഇരുന്നു.

“എന്തായാലും ഇനി നിനക്ക് ശിഷ്ട ജീവിതം ജയിലിൽ കഴിയാം.”കോടതി ജിതിനെ ജീവ പര്യന്തം തടവിന് ശിക്ഷിച്ചു. അങ്ങനെ വേണിക്ക് നീതി ലഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *