ഞാനൊന്ന് നാട്ടിലെത്തുന്നത് വരെ നീയൊന്ന് പിടിച്ചു നിൽക്ക് ദിവ്യേ..എന്തായാലും ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്

(രചന: അംബിക ശിവശങ്കരൻ)

ഒരാഴ്ചയായി വിശ്രമമില്ലാത്ത ജോലികൾ അവളെ നല്ലതുപോലെ ക്ഷീണതയാക്കി.”വീട്ടിൽ ഒരു നല്ല ചടങ്ങ് നടക്കാൻ പോവുകയാണ് വീടെല്ലാം മാറാല തൂത്ത് നല്ല വൃത്തിയാക്കി വെക്കണം.”

എന്നത്തേയും പോലെ മരുമകൾക്ക് നിർദേശവും നൽകി അവർ അവിടെ ഇവിടെയായി തന്റെ വിശ്രമവേളകൾ ചെലവഴിച്ചു.

ഭർത്താവിന്റെ അനുജനായ അജീഷിന്റെ വിവാഹ നിശ്ചയമാണ് വരാൻ പോകുന്നത്. ദിവ്യയുടെ ഭർത്താവ് അനീഷ് കഴിഞ്ഞ ഒന്നര വർഷത്തോളമായി വിദേശത്ത് ജോലി ചെയ്യുകയാണ്. ഭർത്താവിന്റെ അസാമിപ്യവും കൂടിയായപ്പോൾ അവൾ മാനസികമായും തളർന്നിരുന്നു.

രാത്രി വീഡിയോ കോൾ വഴി തന്റെ ഭർത്താവിനോട് സംസാരിച്ചിരിക്കുമ്പോഴും ഏറെ സമയവും അവൾ തുമ്മി കൊണ്ടിരിക്കുകയായിരുന്നു.

“എത്ര നേരമായി നീ ഇങ്ങനെ തുമ്മാൻ തുടങ്ങിയിട്ട്…പൊടി അലർജിയുള്ള നീ പിന്നെ എന്തിനാ അവിടെയൊക്കെ തൂക്കാൻ പോയത്? ഒരാളെ നിർത്തിയാൽ ഒരു ദിവസത്തെ പണിയല്ലേ ഉള്ളൂ… അതിനും വക ഇല്ലാതായോ അവിടെ?”

“ഏയ് അതൊന്നും സാരമില്ല അനീഷേട്ടാ…, ഇതൊക്കെ ശീലിച്ചല്ലേ പറ്റൂ. എനിക്ക് അലർജിയാണ് ഈ വീട്ടിലെ പൊടിയൊന്നും അടിച്ചു വൃത്തിയാക്കാൻ പറ്റില്ല എന്ന് എനിക്ക് ഇവിടത്തെ അമ്മയോട് പറയാൻ പറ്റുമോ?

ചില അമ്മമാർ ആൺമക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത് തന്നെ ജോലിക്കാർക്ക് കൊടുക്കുന്ന ശമ്പളം എങ്ങനെ കുറക്കാം എന്ന് കരുതിയാണ്.”

ചിരിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞതെങ്കിലും ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നും ആണെന്ന് അവന് മനസ്സിലായി. താൻ ഇല്ലാത്ത സാഹചര്യം അമ്മ നന്നായി മുതലെടുക്കുന്നുണ്ട്.

” ഞാനൊന്ന് നാട്ടിലെത്തുന്നത് വരെ നീയൊന്ന് പിടിച്ചു നിൽക്ക് ദിവ്യേ..എന്തായാലും ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് അജീഷിന്റെ വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരും

കൂടി ആ വീട്ടിൽ ശരിയാകില്ല. അമ്മയുടെ പെരുമാറ്റം ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഒരു മരുമകൾ കൂടി വന്നാൽ നിനക്ക് അവിടെ സമാധാനം ഉണ്ടാകില്ല.

വെറുതെ അടിയും പിടിയും വഴക്കും ആയി പിരിയുന്നതിലും നല്ലത് സന്തോഷത്തോടെ നമുക്ക് അവിടെ നിന്ന് മാറുന്നതല്ലേ നല്ലത്… നമ്മൾ മാത്രമായൊരു കൊച്ചു സ്വർഗം. അവിടെ ഞാനും നീയും നമ്മുടെ മക്കളും

മാത്രം..അവിടെ ഞാൻ രാജാവും നീ രാജ്ഞിയും ആയിരിക്കും. ആരും നിന്നെ ഭരിക്കാനോ കഷ്ടപ്പെടുത്താനോ വരില്ല കേട്ടോ…”

അവളത് കേട്ടതും ഒന്ന് പുഞ്ചിരിച്ചു. രാത്രി കിടക്കാൻ നേരവും അനീഷ് പറഞ്ഞ ആ കൊച്ചു സ്വർഗത്തെക്കുറിച്ച് ആയിരുന്നു മനസ്സിൽ.

“താൻ ആയിട്ട് കുടുംബം പിരിക്കുകയാണെന്ന് അനീഷേട്ടന് തോന്നുമോ എന്ന് കരുതിയാണ് മനസ്സിൽ ഉണ്ടായിരുന്നിട്ട് കൂടിയും ഈ ഒരു ആഗ്രഹം പറയാതിരുന്നത്.

ഇപ്പോൾ അനീഷേട്ടൻ ആയിട്ട് തന്നെ അത് പറഞ്ഞപ്പോൾ എല്ലാം നോവും അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നി. നമ്മുടെ മനസ്സറിയുന്ന ഒരു ജീവിത പങ്കാളിയെ കിട്ടുക എന്നത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യവും.

സാമ്പത്തികമായ ഒരു അടിത്തറയുണ്ടെങ്കിൽ വിവാഹ ശേഷം മാറി താമസിക്കുന്നത് തന്നെയാണ് നല്ലത് അതിനർത്ഥം മാതാപിതാക്കളെ തനിച്ചാക്കുക എന്നല്ല. ഒരു കൈ അകലത്തിൽ നിൽക്കുമ്പോഴേ എന്തിനും ഒരു വിലയുണ്ടാവുകയുള്ളൂ.”ക്ഷീണം കൊണ്ടാവാം ചിന്തകൾക്കിടയിൽ അവളെപ്പോഴോ ഉറങ്ങിപ്പോയി.

രണ്ടുദിവസം മുന്നേ തന്നെ വേണ്ടപ്പെട്ട ബന്ധുക്കളും കസിൻസും എല്ലാം വീട്ടിലെത്തിയിരുന്നു. അവരെല്ലാം എത്തിയതോടെ പിന്നെ നിന്ന് തിരിയാൻ പോലും അവൾക്ക് സമയം കിട്ടിയില്ല.

ഒരാൾക്ക് ചായയാണെങ്കിൽ മറ്റൊരാൾക്ക് കോഫി. ഒരാൾക്ക് പഞ്ചസാര വേണമെങ്കിൽ വേറെ ഒരാൾക്ക് പഞ്ചസാര വേണ്ട. ഒരാൾക്ക് ഇഡലിയാണെങ്കിൽ വേറെ കൂട്ടുകാർക്ക് ദോശ. ഇനി സാമ്പാർ പറ്റാത്തവർക്ക് ചട്നി അതും പറ്റാത്തവർക്ക് ചമ്മന്തി.

എന്നിങ്ങനെ കേറി ചെല്ലുന്ന വീട്ടിൽ പോലും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണക്കാക്കാതെ സ്വന്തം ഇഷ്ടങ്ങൾ വേണമെന്ന് വാശിപിടിക്കുന്ന ആളുകൾക്കിടയിൽ അവൾ നന്നേ വട്ടം

തിരിഞ്ഞു. സഹായിക്കാൻ എന്ന വ്യാജേന പലരും അടുക്കള വരെ എത്തിനോക്കി പരസ്പരം മറ്റൊരു കുടുംബത്തെ പറ്റി പരദൂഷണവും പറഞ്ഞിറങ്ങിപ്പോയി.

ജോലികളെല്ലാം ഒരുവിധം തീർത്തു വരുമ്പോഴേക്കും ഉറക്കം കൺപോളകളെ വലിച്ചടയ്ക്കാൻ ശ്രമം തുടങ്ങിയിരിക്കും. എങ്ങനെയൊക്കെയോ അതിനെ തുറന്നു പിടിച്ചു നിൽക്കുന്നത് അതിഥികൾക്കെല്ലാം ഭക്ഷണം കൊടുത്തു പോയി കിടന്നുറങ്ങാമല്ലോ എന്ന് കരുതിയാണ്.

” ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞു കഴിക്കാം…. ഞങ്ങൾ രണ്ടെണ്ണം അടിച്ചിട്ട് കഴിക്കുന്നുള്ളൂ…. ” എന്നീ മറുപടികൾ കേൾക്കുമ്പോൾ എന്തെന്നറിയാത്ത വിഷമം തോന്നാറുള്ളത് എത്ര വൈകി കിടന്നാലും മറ്റാരെക്കാളും നേരത്തെ

ഉണരണം അല്ലോ എന്ന് ഓർക്കുമ്പോഴാണ്. വിരുന്നു വന്നവർ കഴിക്കാതെ സ്വന്തം ഇഷ്ടത്തിന് കഴിച്ചു കിടക്കാനും നിവർത്തിയില്ലല്ലോ…

ഒരു ദിവസമെങ്കിലും നീ പോയി കിടന്നോ ഞാൻ അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തോളാം എന്ന് അനീഷിന്റെ അമ്മയുടെ വായിൽ നിന്ന് ഒരു വാക്ക് കേൾക്കുവാൻ അവൾ ഏറെ കൊതിച്ചു പോയി.

“ദൈവമേ എന്തിനാണ് നീ ഇങ്ങനെ സ്ത്രീകൾക്ക് ജന്മം നൽകിയത്?”അവൾ അറിയാതെ ദൈവത്തെ വിളിച്ചു പോയി.

പാകം ചെയ്തു വെച്ച ഭക്ഷണവുമായി അതിഥികളെ കാത്തിരിക്കുമ്പോൾ അവളുടെ കണ്ണുകൾ പലവട്ടം അവൾ അറിയാതെ തന്നെ അടഞ്ഞു പോയിരുന്നു.

ഒരു നിമിഷം അവൾ തന്റെ അമ്മയെ ഓർത്തുപോയി. ഒരു ഭാര്യയായപ്പോഴാണ് അല്ലെങ്കിൽ ഒരു അമ്മയായപ്പോഴാണ്… അപ്പോൾ മാത്രമാണ് തന്റെ അമ്മ സഹിച്ച വേദനകൾ താനും അറിയുന്നത്. അമ്മയെ ഇപ്പോൾ തനിക്ക് പൂർണമായും

മനസ്സിലാകുന്നുണ്ട്. മുൻപ് തോന്നിയതിനെക്കാളും നൂറിരട്ടി സ്നേഹവും ബഹുമാനവും അമ്മയോട് ഇപ്പോൾ തോന്നുന്നുണ്ട്.

ഭക്ഷണവും വിളമ്പി വെച്ച് അമ്മ കാത്തിരിക്കുമ്പോൾ അമ്മയുടെ കണ്ണുകളിലെ ക്ഷീണം അന്നൊരിക്കലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.പക്ഷേ ഇന്നത് മനസ്സിലാകുന്നുണ്ട് കാരണം ഇന്ന് അമ്മ സഞ്ചരിച്ചിരുന്ന അതേ പാതയിലൂടെയാണ് താനും സഞ്ചരിക്കുന്നത്.

അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ ആഹാരം കഴിക്കാതെ പോകുമ്പോൾ, സ്നേഹത്തോടെ വച്ചു വിളമ്പിയ ആഹാരത്തിന് രുചിയില്ല എന്ന് പറയുമ്പോൾ ആ മനസ്സ് നൊന്തു കാണില്ലേ????ഉണ്ടാകും ഇന്ന് തന്റെ മനസ്സ് നോവുന്നത് പോലെ അന്ന് അമ്മയും

വേദനിച്ചു കാണണം. എന്നും വീട്ടിൽ അവസാനം ഉറങ്ങി ആദ്യം എഴുന്നേൽക്കുന്ന അമ്മ ആരോടും പരിഭവം പറഞ്ഞിട്ടില്ല. ആരും അമ്മയുടെ മനസ് മനസ്സിലാക്കിയിട്ടും ഇല്ല.

അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീരിന്റെ നനവ് കൺകോണിൽ പടർന്നപ്പോൾ ഒരല്പം ഉന്മേഷം തോന്നി.

രാത്രി ഏറെ വൈകിയാണ് പലരും കഴിക്കാൻ വന്നത് എല്ലാവർക്കും ആഹാരം കൊടുത്തു കഴിഞ്ഞപ്പോഴേക്കും അവളുടെ വിശപ്പ് എല്ലാം ശമിച്ചിരുന്നു.

മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഒരല്പം മാത്രം എടുത്ത് കഴിച്ചെന്നു വരുത്തി ജോലിയെല്ലാം തീർത്തു വെച്ച് ഓടി വന്ന് ബെഡ്ഡിലേക്ക് വീഴുമ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസമാണ് തോന്നിയത്. രണ്ടുമക്കളും സുഖമായി

ഉറങ്ങുന്നു. അവൾ രണ്ടാളെയും മെല്ലെ തഴുകി മുത്തം വച്ചു. എന്നും ഈ ബാല്യമായിരുന്നെങ്കിൽ….. ഒരിക്കലും നടക്കാനിടയായില്ലാത്ത ഒരു വ്യാമോഹം അവളുടെ മനസിലൂടെ കടന്ന് പോയി.

അവൾ മെല്ലെ ഫോണെടുത്തു നോക്കി പന്ത്രണ്ട് മണി!. അനീഷേട്ടന്റെ രണ്ടു മിസ്ഡ് കോളും ഉണ്ട്. നിയന്ത്രിക്കാൻ ആകാത്ത രീതിയിൽ ഉറക്കം വരുന്നുണ്ടെങ്കിലും അവൾ വേഗം തിരികെ വിളിച്ചു.

“എന്താ തിരക്കായിരുന്നോ?””ഹാ എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞതേയുള്ളൂ…”ശബ്ദത്തിൽ നല്ലപോലെ ക്ഷീണം പ്രതിഫലിച്ചിരുന്നു.”എന്തേ വയ്യേ നിനക്ക്?”

“ഹേയ് ഒന്നുമില്ല അനീഷേട്ടാ…”അവൾ മുഖം ഒന്ന് അമർത്തി തുടച്ചു.”ആ മതി മതി മുഖത്ത് നല്ല ക്ഷീണമുണ്ട് ഇനി ഫോൺ വിളിച്ചു കൊണ്ടിരിക്കേണ്ട പോയി കിടന്നു ഉറങ്ങിക്കോ ഞാൻ നാളെ വിളിക്കാം.”

അവൻ നിർബന്ധിച്ചു കോൾ കട്ട് ആക്കിയതും അവൾ ഫോണിൽ അലാറം സെറ്റ് ചെയ്ത് കിടന്നു. കിടന്ന മാത്രയിൽ തന്നെ ഉറക്കവും കഴിഞ്ഞു.

ചടങ്ങുകൾ എല്ലാം മംഗളകരമായി തന്നെ കഴിഞ്ഞു.എങ്കിലും പിറ്റേന്നാണ് എല്ലാവരും തിരികെ പോയത്. എല്ലാവരും പോയെങ്കിലും നടു നിവർത്താൻ പിന്നെയും എടുത്തു രണ്ടുദിവസം.

എല്ലാം കഴിഞ്ഞ് ഇത്തിരി സമയം റെസ്റ്റ് എടുക്കാം എന്ന് കരുതിയാലും അപ്പോൾ വരും വിളി.”ദിവ്യെ രണ്ട് ചായ കൊണ്ട് വാ”എന്ന് പറഞ്ഞ് .

” വീട്ടിൽ ഒരാൾ വന്നാൽ ഒരു ചായ ഇട്ടു കൊടുക്കാൻ പോലും കഴിയാത്ത വിധം അധപതിച്ചുവോ ഈ അമ്മായിയമ്മ എന്ന് പറയുന്ന കൂട്ടർ? ”
അവൾ മനസ്സിൽ പിറു പിറുത്തു.

“ദിവ്യേ ഇത്ര ദിവസം നീ അവിടെ കിടന്ന് കഷ്ടപ്പെട്ടതല്ലേ? ഇനി കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്ക്..അമ്മയോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. നിനക്കിപ്പോൾ റെസ്റ്റ് ആണ് ആ വേണ്ടത് കുട്ടികളെ നോക്കലും വീട്ടിലെ ജോലിയും എല്ലാം നിന്നെ കൊണ്ട് ഇപ്പോൾ ആകില്ല.

അമ്മയ്ക്ക് ഇപ്പോൾ വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലല്ലോ കുറച്ചുദിവസം എല്ലാം തനിയെ ചെയ്യട്ടെ. നി നാളെത്തന്നെ പൊയ്ക്കോ…”

രാത്രിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ അനീഷ് അത് പറഞ്ഞതും അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ജനിച്ച് വളർന്ന വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഉള്ള സന്തോഷം ഒരു സ്ത്രീയോളം മാറ്റാർക്കാണ് മനസ്സിലാക്കാൻ കഴിയുക?

പിറ്റേന്ന് രാവിലെ തന്നെ സകല ജോലിയും കഴിച്ചു പുറപ്പെടുമ്പോൾ അമ്മയുടെ മുഖം പ്രസനമായിരുന്നില്ല. അവളത് കാര്യം ആക്കാതെ അവരോട് യാത്ര പറഞ്ഞു.

“ഇനി എന്നാണ്?? വീട്ടിൽ പോയാൽ പിന്നെ ഇങ്ങോട്ട് വരേണ്ട വിചാരം ഉണ്ടാകില്ലല്ലോ?”

ഇറങ്ങുമ്പോൾ കുത്തി നോവിക്കും മട്ടിൽ അവരത് ചോദിച്ചപ്പോ രണ്ട് ദിവസം കഴിഞ്ഞു വരാമെന്ന് പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞവൾ ഇറങ്ങി.

പൊതുവേ വീട്ടിൽ ചെന്നാൽ കുഞ്ഞുങ്ങളെ അമ്മയെ ഏൽപ്പിച്ച് ഒരൊറ്റ കിടത്തമാണ്.പിന്നെ ഭക്ഷണം കഴിക്കാനെ എഴുന്നേൽക്കൂ…. ഇക്കുറി അമ്മയോടൊപ്പം അടുക്കളയിൽ സംസാരിച്ചു കൂടെ തന്നെ നിന്നു.

പണി ചെയ്യാൻ അമ്മ സമ്മതിച്ചില്ലെങ്കിലും തന്റെ ആ പ്രസൻസ് അമ്മയ്ക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

രാത്രി ഭക്ഷണം കഴിക്കാൻ നേരം അനിയനെ വിളിച്ചു കൊണ്ടിരിക്കുന്ന അമ്മയുടെ ശബ്ദം കേട്ടാണ് അവൾ അനിയന്റെ റൂമിലേക്ക് കടന്നു ചെന്നത്.

“നീ ഇവിടെ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണെടാ..? അമ്മ എത്രവട്ടമായി വിളിക്കുന്നു?”

അവൾ ദേഷ്യത്തോടെയാണ് ചോദിച്ചത്.”ദേ ചേച്ചി ഈ ഗെയിം കൂടെ ഒന്ന് ഫിനിഷ് ചെയ്യട്ടെ ഇപ്പൊ വരാം…”

ആവേശത്തോടെ ഗെയിം കളിച്ചുകൊണ്ടിരുന്ന അവന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി അവൾ ബെഡിലേക്ക് എറിഞ്ഞു.

“മര്യാദയ്ക്ക് കഴിക്കാൻ വിളിക്കുമ്പോൾ പോയി കഴിച്ചോണം.. നിന്നെപ്പോലെ വെറുതെ ഫോണിൽ കുത്തിയിരിക്കുകയല്ല അമ്മയിവിടെ രാവിലെ മുതൽ കിടന്ന് കഷ്ടപ്പെടുന്നതാ….

നിനക്കൊക്കെ ആഹാരം തന്നിട്ട് വേണം ആ പാവത്തിന് പോയി കിടക്കാൻ.. നീ എന്താ വിചാരിച്ചത് നിന്റെയൊക്കെ സൗകര്യമനുസരിച്ച് ജീവിതകാലം മുഴുവൻ അമ്മയെ ഇവിടെ ഇട്ടു കഷ്ടപ്പെടുത്താമെന്നോ?

മേലാൽ വിളിക്കുമ്പോൾ കഴിക്കാൻ ചെന്നില്ലെങ്കിൽ ഈ വീട്ടിൽ നിന്ന് ഇനി പച്ചവെള്ളം തരണ്ട എന്ന് ഞാൻ അമ്മയോട് പറയും കേട്ടല്ലോ?”

അവളുടെ ശബ്ദം ഉയർന്നതും അവൻ മിണ്ടാതെ എഴുന്നേറ്റ് വന്നു ഭക്ഷണം കഴിച്ചു. അത് കണ്ടതും അച്ഛനവനെ കളിയാക്കി. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴും മകൾക്ക് വന്ന മാറ്റത്തെ കുറിച്ചായിരുന്നു അമ്മയുടെ കണ്ണിലെ അതിശയം.

പലവിധ വേഷങ്ങൾ തകർത്താടുമ്പോൾ തന്റെ ജീവിതസാഹചര്യങ്ങളാണ് ഒരു സ്ത്രീയെ അവളിൽ നിന്നും മറ്റൊരാളാക്കി മാറ്റുന്നത്. മകളിൽ നിന്ന് ഭാര്യയിലേക്ക് ഭാര്യയിൽനിന്ന് അമ്മയിലേക്ക്…. വേഷപ്പകർച്ചകൾക്കൊപ്പം അവളും മാറുന്നു. അവൾക്ക് വേണ്ടിയല്ല ചുറ്റുമുള്ളവർക്ക് വേണ്ടി…

Leave a Reply

Your email address will not be published. Required fields are marked *