എന്ത് നടക്കാൻ..? അവനും ഭാര്യയും മകനും സൌദിയിലായിരുന്നല്ലോ.. വിശ്വേട്ടന് അതൊക്കെ എങ്ങനെ അറിയാനാ..?

പാരമ്പര്യം
എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി.

എന്താ വിശ്വേട്ടാ..
മോൾക്ക് മേലേ തൊടിയിലെ മഹേന്ദ്രന്റെ മകന്റെ കല്ല്യാണാലോചന വന്നപ്പോൾ എടുക്കാഞ്ഞത്..?

ഗിരി മുഖം കഴുകി തോ൪ത്തെടുത്ത് തുടച്ചുകൊണ്ട് ഇറയത്തേക്ക് കയറിവന്നു. പൂമുഖത്തിരുന്ന് ഗിരിയുടെ ഭാര്യ മാലിനി കൊണ്ടുക്കൊടുത്ത ചായ കുടിക്കുകയായിരുന്നു വിശ്വേട്ടൻ. അയാൾ പെട്ടെന്ന് വല്ലാതായി.

അത് ഞാൻ…അയാൾ അ൪ദ്ധോക്തിയിൽ നി൪ത്തിയപ്പോൾ മുറ്റത്തിറങ്ങി തുളസി നനച്ചുകൊണ്ട് മാലിനി പറഞ്ഞു:

ഇവിടെ മോളുടെ ഇഷ്ടം മഹേന്ദ്രന്റെ മോനുമായിട്ടാണെന്നറിഞ്ഞപ്പോ ഗിരിയേട്ടനൊരു സംശയം…
വിശ്വേട്ടൻ വേണ്ടാന്ന് വെച്ചൊരു കല്യാണം എങ്ങനെയാ നമ്മുടെ മോൾക്ക് എടുക്കണത് എന്ന്…

വിശ്വേട്ടന്റെ മുഖം വിളറിയതുകണ്ട് ഗിരി അടുത്തുചെന്ന് കസേരയിലിരുന്നുകൊണ്ട് പറഞ്ഞു:

വിശ്വേട്ടന് എന്നോട് എന്തും തുറന്നുപറയാം…
ഞാനവ൪ക്ക് വാക്കൊന്നും കൊടുത്തിട്ടില്ല..
എന്റെ മോൾ ഞാൻ സമ്മതിക്കാതെ ഇറങ്ങിപ്പോകാനൊന്നും പോണില്ല…

അതല്ലാ ഗിരി… അവ൪ തമ്മിൽ ഇഷ്ടത്തിലായ സ്ഥിതിക്ക്…ഇഷ്ടമൊക്കെ ആയത് ഈയിടെയല്ലേ…

കഴിഞ്ഞ വർഷം വിശ്വേട്ടന്റെ വീട്ടിൽ ആലോചനയുമായി വന്നകാര്യം മഹേന്ദ്രൻ തന്നെയാണ് എന്നോട് പറഞ്ഞത്..

എന്നിട്ട്..?വിശ്വനാഥൻ വേവലാതിയോടെ ചോദിച്ചു.അവനെന്താണ് കാരണം പറഞ്ഞത്..?

വിശ്വേട്ടൻ കാരണമൊന്നും പറഞ്ഞില്ല എന്നാണല്ലോ മഹേന്ദ്രൻ പറഞ്ഞത്.. കുട്ടിക്ക് ഇഷ്ടപ്പെടായ്കയോ മറ്റോ ആയിരിക്കും എന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞു..

ഇപ്പോഴത്തെ പിള്ളേ൪ക്ക് അവരോരുടെ ഇഷ്ടങ്ങളല്ലേ ഗിരീ..വിശ്വനാഥൻ ചായ കുടിച്ച് കപ്പ് ടീപ്പോയിൽ വെച്ച് എഴുന്നേറ്റു.നീയത് ഉറപ്പിച്ചോ ഗിരീ.. അവൻ നല്ല പയ്യനാ.. മോൾക്ക് ചേരും..

അതും പറഞ്ഞ് നടന്നകലുന്ന വിശ്വേട്ടനെ ഗിരിയും മാലിനിയും ഒട്ടൊരവിശ്വസനീയതയോടെ നോക്കിനിന്നു.
അതോടെ ഗിരി വാക്ക് കൊടുത്തു. നിശ്ചയവും കഴിഞ്ഞു.

വിവാഹത്തീയ്യതി അടുത്തെത്തിയതോടെ മാലിനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി.എനിക്ക് തറവാട്ടിലൊന്ന് പോണം..അവൾ ഗിരിയോട് പറഞ്ഞു.അതിനിപ്പെന്താ..? നീ പോയിട്ട് വാ..ഗിരി സമ്മതം പറഞ്ഞു.

തനിച്ചല്ല, ഗിരിയേട്ടനും ഒപ്പം വരണം. എനിക്ക് ഏട്ടത്തിയമ്മയെ നേരിൽ കണ്ട് ചോദിക്കണം.. എന്താ മഹേന്ദ്രന്റെ മോന് പോരായ്മ എന്ന്.. നമ്മൾ അമേരിക്കയിലായിരുന്നപ്പോ ഇവിടൊക്കെ എന്താ നടന്നത് എന്ന് നമുക്കറിയില്ലല്ലോ..

എന്ത് നടക്കാൻ..? അവനും ഭാര്യയും മകനും സൌദിയിലായിരുന്നല്ലോ.. വിശ്വേട്ടന് അതൊക്കെ എങ്ങനെ അറിയാനാ..?
നീയെന്താ മാലിനീ പറഞ്ഞുവരുന്നത്.?

അതൊക്കെ പറയാം. നിങ്ങൾ ഇന്നുച്ചയാകുമ്പോഴേക്കും തറവാട്ടിലെത്തുമെന്ന് ഒന്ന് വിളിച്ചുപറഞ്ഞേക്ക്.. നമുക്ക് അവിടുന്ന് ഊണ് കഴിക്കാം…

ഗിരി ഒട്ടൊരു ആകുലതയോടെ ഫോണെടുത്ത് തറവാട്ടിലേക്ക് വിളിച്ചു. കാറിലിരിക്കുമ്പോൾ മാലിനിയുടെ മനസ്സിൽ വിവാഹം കഴിഞ്ഞ് തറവാട്ടിൽ വന്ന കാലത്തെ ഓർമ്മകൾ കയറിവന്നു. ഗിരി ആദ്യത്തെ രണ്ടുമൂന്ന് വർഷങ്ങൾക്കുശേഷമാണ് തന്നെ അമേരിക്കയ്ക്ക് കൊണ്ടുപോയത്.

അതുവരെ തറവാട്ടിലെ പശുത്തൊഴുത്തിൽ മഹേന്ദ്രന്റെ അച്ഛനെ കണ്ടിട്ടുണ്ട്. പാല് കറക്കാനും പുല്ലരിയാനും നിലമുഴാനുമൊക്കെ നടക്കുന്ന കരുത്തുള്ള കറുകറുത്ത വാല്യക്കാരനായിട്ട്.

മഹേന്ദ്രൻ സൌദിയിൽ പോയി സമ്പാദിച്ച് വലിയ കാശുകാരനായെങ്കിലും അയാൾ മകന്റെ പണമൊന്നും കൈകൊണ്ട് തൊടില്ലായിരുന്നു. സ്വന്തം അദ്ധ്വാനത്താൽ നേടുന്ന വരുമാനം കൊണ്ടാണ് മരണംവരെ ജീവിച്ചത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

അതൊരു സദ്ഗുണമായേ തനിക്കും ഗിരിയേട്ടനും തോന്നിയിട്ടുമുള്ളൂ.കാ൪ പടിപ്പുര കടന്ന് മുറ്റത്തെത്തിയതും ഏട്ടത്തിയമ്മ ഓടിവന്നു.കല്യാണക്ഷണമൊക്കെ എവിടംവരെയായി.?

ഏടത്തിയമ്മ മാലിനിയുടെ കൈപിടിച്ചുകൊണ്ട് ഉത്സാഹത്തോടെ ചോദിച്ചു. വിശ്വേട്ടൻ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു:വരൂ.. ഇവിടെയിരിക്കാം..

കൂജ നിറയെ സംഭാരവുമായി വന്നു ഏടത്തിയമ്മ. ഇരുവരും ആവോളം ആസ്വദിച്ച് കുടിച്ചു. ക്ഷീണം മാറ്റി.

വെയിലിനിത്തിരി മൂപ്പുണ്ട് ഇന്ന്..വ൪ദ്ധിച്ച ഉഷ്ണം തോളിലെ തോ൪ത്തുമുണ്ട് കൊണ്ട് വീശി ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിയിട്ടു വിശ്വേട്ടൻ.

ഊണ്കാലായിട്ടോ പോന്നോളൂ..ഏടത്തിയമ്മ പപ്പടം വറുത്തത് എടുത്തുകൊണ്ട് ഊണുമേശയിൽ വെച്ചു. എല്ലാവരും വന്നിരുന്നു. ചോറ് വിളമ്പിക്കൊടുക്കുമ്പോൾ ഏടത്തിയമ്മ ചോദിച്ചു:

എന്താ ഗിരീ..? എന്താ ഒരു പരവേശം..?അതുപിന്നെ..മാലിനിക്ക് ഓരോന്നോ൪ത്തിട്ട് ഒരു വിഷമം..എന്തായിപ്പോ വിഷമിക്കാൻമാത്രം..?

രണ്ടുപേരും ഒന്നിച്ചാണ് ചോദിച്ചത്.ഇവിടെ മോൾക്ക് കല്യാണമൊന്നും ശരിയായില്ലേ ഏട്ടത്തീ..?അവൾക്ക് വയസ്സ് ഇരുപത്താറ് ആവാറായീലോ..

മാലിനി ഇടയിൽ കയറി.ഇഷ്ടം പോലെ ആലോചനകൾ നോക്കുന്നുണ്ട്.. ഒന്നുമങ്ങട് ശരിയായില്ല ഇതുവരെ..

മഹേന്ദ്രന്റെ മോന്റെ ആലോചന നിങ്ങൾ വേണ്ടെന്ന് വെച്ചത് മോൾക്ക് ആരെയെങ്കിലും ഇഷ്ടമായിട്ടായിരിക്കും എന്നാ ഞങ്ങളൊക്കെ ആദ്യം കരുതിയത്..

ഇതിപ്പോ മാട്രിമോണിയലിൽ നിന്ന് വിളിക്കണൂ, ബ്രോക്ക൪മാ൪ വന്നുപോണൂ.. ബന്ധുക്കളും നാട്ടുകാരുമൊക്കെ ഉത്സാഹിക്കണൂ.. അപ്പോ പിന്നെ എന്താ ശരിക്കും കാര്യം എന്നറിയാൻ…

എന്താ മാലിനീ..? എന്താ നിങ്ങളുടെ സംശ്യം..?
മഹേന്ദ്രന്റെ മോന് ഒരു കുറവൂല്യാ.. അവനൊന്നാന്തരം കുട്ട്യന്ന്യാ..വിശ്വേട്ടൻ ചോറിലേക്കിത്തിരി രസമൊഴിച്ച് കഴിച്ചുകൊണ്ട് പറഞ്ഞു:

ഞങ്ങൾക്ക് രണ്ടാൾക്കും പഴയ പാരമ്പര്യമൊക്കെ മറക്കാൻ ത്തിരി പാടാന്ന്യേ ഉള്ളൂ.. ഇപ്പോഴത്തെ കുട്ട്യോൾക്കും നിങ്ങളെപ്പോലെ വിദേശത്തൊക്കെ പോയി മനസ്സൊക്കെ വിശാലമായോ൪ക്കുമൊക്കെ അതിലൊന്നും ഒരു കാര്യോമില്ല എന്ന ബോധമുണ്ടല്ലോ…

ഏടത്തിയമ്മ സ്പൂൺ കൊണ്ട് ഇത്തിരി അച്ചാറെടുത്ത് ഗിരിയുടെ പ്ലേറ്റിലിട്ടുകൊണ്ട് പറഞ്ഞു:

ഗിരിക്കോ൪മ്മയുണ്ടോ.. മഹേന്ദ്രന്റെ അച്ഛൻ ഇവിടെ അകത്തൊന്നും കയറാറില്ല.. അടുത്തൂടെ പോകുമ്പോൾ ചാണകത്തിന്റെ മണമാ..

ഇവിടുത്തെ അച്ഛൻ മോൾ ജനിച്ച് ഒരു വയസ്സാകുന്നവരെ അയാളെക്കൊണ്ട് തൊടീക്കാൻ സമ്മതിക്കില്ലായിരുന്നു…
അങ്ങനെ കഴിഞ്ഞ മോളെ ആ വീട്ടിലേക്ക് തന്നെ അയക്കാൻ ഒരു മനഃപ്രയാസം..ഒരു ദീ൪ഘനിശ്വാസത്തോടെ വിശ്വേട്ടൻ പറഞ്ഞു:

പക്ഷേ നല്ല കൈക്കരുത്തായിരുന്നു, വിശ്വസ്തനും. കാലം എത്ര പെട്ടെന്നാണ് മാറിയത്.. മഹേന്ദ്രൻ വിദേശത്ത് പോയതോടെ നാടായ നാട്ടിലെ ഭൂമി മുഴുവൻ വാങ്ങിക്കൂട്ടി. രണ്ട് പെങ്ങന്മാരുടെ കല്യാണം ഭംഗിയായി കഴിപ്പിച്ചയച്ചു. വലിയ വീട് വെച്ചു. ഇന്നത്തെ കുട്യോൾക്ക് ഈ കഥയൊന്നുമറിയില്ലല്ലോ…

ഗിരിക്കും മാലിനിക്കും മോൾക്കും ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ പിന്നെന്താ.. നമുക്ക് അതൊക്കെ മറക്കാൻ ഇത്തിരി സമയമെടുക്കും… അത്രേയുള്ളൂ..

നെഞ്ചിലെ വലിയൊരു ഭാരമൊഴിഞ്ഞതുപോലെ ഗിരിയും മാലിനിയും നിശ്വസിച്ചു. ഊണും കഴിഞ്ഞ് വെയിലാറുന്നതുവരെ കൊച്ചുവ൪ത്തമാനം പറഞ്ഞിരുന്ന് സന്തോഷത്തോടെയാണ് അവ൪ മടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *