ചെറുക്കൻ വരുന്ന വഴിക്ക് ഇങ്ങനെയൊരു ആക്സിഡന്റ് സംഭവിക്കുമോ..? ഇവരുടെ ജാതകം ഒന്നുകൂടി ഒന്നു നോക്കുന്നതായിരിക്കും നല്ലത്..”

(രചന: ശ്രേയ)

” ചെറുക്കനെയും കൂട്ടരെയും കാണാനില്ലല്ലോ.. “വിവാഹ പന്തലിൽ പലരുടെയും അടക്കം പറച്ചിൽ കേട്ടിട്ട് അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു.

അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ ആപത്ത് സംഭവിക്കാൻ പോകുന്നു എന്ന് അവൾക്ക് ഒരു മുന്നറിയിപ്പ് കിട്ടിയത് പോലെ..

എന്നാലും ഹേമന്ത് ഇതെവിടെയാണ്..? വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പോലും തന്നെ വിളിച്ചതാണ്..

ഒരുപാട് സ്വപ്നം കണ്ട മുഹൂർത്തം അടുത്ത് എത്തിയിരിക്കുന്നു എന്നു പറഞ്ഞു എത്ര സന്തോഷത്തോടെ സംസാരിച്ചതാണ്…! എന്നിട്ടും ഇപ്പോൾ മുഹൂർത്തത്തിന് സമയമായിട്ടും എത്തിച്ചേരാതെ അവൻ ഇതെവിടെ പോയതാണ്..?

അവൾക്ക് ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു..!അവൾ ഓരോന്നും ചിന്തിച്ചു കൂട്ടുന്നതിനിടയിലാണ് കാണികൾക്കിടയിൽ മുറുമുറുപ്പ് അവസാനിക്കുന്നതും എല്ലാവരും ദുഃഖത്തോടെ തന്നെ നോക്കുന്നതും അവൾ കാണുന്നത്.

” ആ ചെറുക്കനും കൂട്ടുകാരും കൂടി വന്ന വണ്ടി ആക്സിഡന്റ് ആയിരുന്നു.. വണ്ടിയോടിച്ചിരുന്ന കൂട്ടുകാരൻ സ്പോട്ടിൽ തന്നെ തീർന്നു എന്നാണ് കേട്ടത്.. ആ ചെറുക്കന് ആയുസ്സിന് ബലം കൊണ്ട് ഇത്തിരി ജീവൻ ബാക്കിയുണ്ട്.. നാട്ടുകാർ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്..”

അവളുടെ ചെവിയിലേക്കും ആ വാർത്ത എത്തി.. കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൾ തളർന്നിരുന്നു പോയി..!ഹേമന്ത്.. അവന് എന്താ പറ്റിയത്..?

അവൾക്ക് ആകെ ഒരു നിശ്ചലത മാത്രമാണ് തോന്നിയത്. കേട്ട വാർത്ത വിശ്വസിക്കാനോ ആരോടും ഒന്നും ചോദിക്കാനോ പോലും അവൾക്ക് തോന്നുന്നുണ്ടായിരുന്നില്ല.

പലരും അവളെ സഹതാപത്തോടെ നോക്കുന്നതും എന്തൊക്കെയോ പിറുപിറുക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.

“ഈ കൊച്ചിന്റെ ജാതകത്തിൽ എന്തൊക്കെയോ ദോഷമുണ്ട് എന്നാണ് തോന്നുന്നത്.അല്ലെങ്കിൽ പിന്നെ കെട്ടാനിരുന്ന ചെറുക്കൻ വരുന്ന വഴിക്ക് ഇങ്ങനെയൊരു ആക്സിഡന്റ് സംഭവിക്കുമോ..? ഇവരുടെ ജാതകം ഒന്നുകൂടി ഒന്നു നോക്കുന്നതായിരിക്കും നല്ലത്..”

അവിടെ നിന്ന് ആരോ പറയുന്ന ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു.” അതിനു ആരുടെ ജാതകം നോക്കിയെന്നാ..? സ്നേഹിച്ചു കല്യാണം കഴിക്കുന്നതല്ലേ..? അതുകൊണ്ട് ജാതകം ഒന്നും നോക്കിയിട്ടില്ല എന്നാണ് തോന്നുന്നത്.. ”

മറ്റാരോ പറയുന്നതു കൂടി അവൾ കേട്ടു.അതെ.. അത് തന്നെയാണ് സത്യം..!തങ്ങളുടെ ജാതകം നോക്കിയിട്ടില്ല.. പരസ്പര സ്നേഹമാണ് എല്ലാ ബന്ധത്തിന്റെയും അടിസ്ഥാനം എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിച്ചത്. അതുകൊണ്ട് ജാതകത്തിൽ ഒന്നും ഒരു കാര്യവുമില്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു..

അല്ലെങ്കിലും കഴിഞ്ഞ ഏഴ് വർഷമായി പരസ്പരം സ്നേഹിക്കുന്ന ഞങ്ങൾക്ക് ജാതകത്തിലെ ചേർച്ച കുറവ് പറഞ്ഞ് ഒന്നിക്കാതിരിക്കാൻ കഴിയില്ലായിരുന്നു..!!

അവൾക്ക് എങ്ങനെയെങ്കിലും ഹേമന്ദിന്റെ അടുത്തേക്ക് എത്തണം എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവൾ ദയനീയമായി തന്റെ മാതാപിതാക്കളെ നോക്കി. സംഭവിച്ച കാര്യങ്ങൾ ഒക്കെ അവർക്കും വല്ലാത്തൊരു ആഘാതം ആയിട്ടുണ്ട് എന്ന് അവരുടെ മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.അവളുടെ ഉള്ളം അറിഞ്ഞതു പോലെ തന്നെയായിരുന്നു അവരുടെ പ്രതികരണം.

അവളെയും കൊണ്ട് ഏറ്റവും അടുത്ത ബന്ധുക്കൾ അവനെ അഡ്മിറ്റ് ചെയ്ത ആശുപത്രിയിലേക്ക് പോകുമ്പോൾ അവളുടെ ചിന്തകളിൽ മുഴുവൻ നിറഞ്ഞുനിന്നത് തങ്ങളുടെ മനോഹരമായ കഴിഞ്ഞ ഏഴ് വർഷങ്ങൾ ആണ്..!

കോളേജിൽ താൻ അഡ്മിഷൻ എടുക്കാൻ ചെന്ന അതേ ദിവസം തന്നെയായിരുന്നു അവനും അഡ്മിഷൻ എടുക്കാനായി വന്നിരുന്നത്. അവനോടൊപ്പം അവന്റെ അമ്മയായിരുന്നു ഉണ്ടായിരുന്നത്.

ആ അമ്മ തന്നോട് വന്ന് ചിരിയോടെ ഓരോന്നും ചോദിച്ചും പറഞ്ഞു എഴുതിയെടുക്കുന്നത് അവൻ ദൂരെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പരസ്പരം പരിചയപ്പെട്ടു വന്നപ്പോൾ അവർക്കും ബന്ധുക്കൾ ഞങ്ങളുടെ വീടിനടുത്തൊക്കെ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു.

അന്ന് പരിചയപ്പെട്ടപ്പോൾ അവനും തന്റെ അതേ ക്ലാസ്സിൽ അഡ്മിഷൻ എടുക്കാനാണ് വന്നത് എന്ന് അറിഞ്ഞിരുന്നു.

പക്ഷേ ഒരു വാക്കുപോലും അവൻ സംസാരിക്കാത്തത് കൊണ്ട് ഇവൻ ഇത് എന്തൊരു ജാഡ എന്നാണ് ആദ്യം തോന്നിയത്.. ഇങ്ങോട്ട് ജാഡ കാണിക്കുന്നവരോട് അങ്ങോട്ട് കയറി മിണ്ടുന്ന പരിപാടി പണ്ട് മുതലേ തനിക്കില്ല.. അതുകൊണ്ടു തന്നെ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല..

പിന്നീട് കോളേജിൽ ക്ലാസ് തുടങ്ങിയപ്പോൾ ആദ്യദിവസം തന്നെ ആ അമ്മയെ കണ്ടിരുന്നു.അപ്പോഴും അറിയാതെ തന്നെ കണ്ണുകൾ അവനെ തേടാൻ തുടങ്ങിയിരുന്നു. ആദ്യത്തെ പോലെ തന്നെ ജാഡ കാണിച്ച് അവൻ ഒരിടത്തിരുപ്പുണ്ട്.

പിന്നെ ആ ഭാഗത്തേക്ക് പോലും ശ്രദ്ധിക്കാൻ പോയില്ല. ദിവസങ്ങൾ മുന്നോട്ടുപോകവേ ക്ലാസിൽ പല കുട്ടികളോടും സൗഹൃദം ഉടലെടുത്തു എങ്കിലും അപ്പോഴൊക്കെയും പിടി തരാതെ നിന്നത് അവൻ മാത്രമായിരുന്നു..

നാളുകൾ കഴിഞ്ഞപ്പോൾ അവൻ തന്നെ ശ്രദ്ധിക്കുന്നതായി ഒരു തോന്നൽ തനിക്ക് ഉടലെടുത്തു. അത് ശരിയാണോ എന്നറിയാനുള്ള കഷ്ടപ്പാടായിരുന്നു പിന്നീട്. എന്തായാലും ദിവസങ്ങളുടെ കഷ്ടപ്പാട് കൊണ്ട് അതിന് ഫലം ഉണ്ടായി.

ഞാൻ അവനെ ശ്രദ്ധിക്കാത്ത സമയത്ത് മുഴുവൻ അവൻ എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് വളരെ പെട്ടെന്ന് കണ്ടെത്തി. അറിഞ്ഞപ്പോൾ ഒരു ഞെട്ടൽ ആയിരുന്നു.

അവനോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്തു.” എനിക്ക് നിന്നെ ഇഷ്ടമുള്ളത് കൊണ്ടാണ് നോക്കിയത്. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ നീ എന്നെ നോക്കണ്ട. അപ്പോൾ പിന്നെ ഞാൻ നോക്കുന്നത് നീ കാണുകയുമില്ലല്ലോ.. ”

അവൻ അന്ന് പറഞ്ഞത് കേട്ടിട്ട് ഒരു ഞെട്ടൽ ആയിരുന്നു. ഒരു പെൺകുട്ടിയോട് ഇഷ്ടം പറയുക ഇങ്ങനെയാണോ..? അതോർത്ത് അവനോട് ചെറിയൊരു ദേഷ്യം തോന്നാതിരുന്നില്ല.

കുറച്ചു നാളുകൾ അവനെ ശ്രദ്ധിക്കാത്തതു പോലെയൊക്കെ നടന്നെങ്കിലും അധികം വൈകാതെ അവൻ എന്റെ ഉള്ളിലും ഉണ്ട് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. പിന്നീട് അങ്ങോട്ട് ഞങ്ങളുടെ പ്രണയദിനങ്ങൾ തന്നെയായിരുന്നു..

കോഴ്സ് കഴിഞ്ഞ് ഞങ്ങൾ രണ്ടാളും ജോലിയിൽ കയറിയതിനു ശേഷം വീട്ടിൽ വിവരങ്ങൾ അവതരിപ്പിച്ചത് ഞങ്ങൾ തന്നെയായിരുന്നു.

ഞങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് ആദ്യം തന്നെ കാര്യങ്ങൾ ഊഹിച്ചിട്ടുണ്ടായിരുന്ന വീട്ടുകാർക്ക് അത് വലിയ ഞെട്ടലൊന്നുമായിരുന്നില്ല.

ജാതകം ഒന്നും നോക്കണ്ട എന്ന് മനപ്പൊരുത്തമാണ് ഒരു ജീവിതത്തിൽ ഏറ്റവും വലുത് എന്നുമാത്രം ഞങ്ങൾ തന്നെയാണ് അവരോട് പറഞ്ഞത്.

അത് പ്രകാരം ജാതകം നോക്കാതെ വിവാഹത്തിനായി ഒരു ദിവസം തിരഞ്ഞെടുക്കുകയായിരുന്നു..അതിപ്പോൾ ഇത്രയും വലിയൊരു അപകടത്തിലാണ് ചെന്നെത്തുക എന്ന് തങ്ങൾക്കും അറിയില്ലായിരുന്നല്ലോ..!

അവൾ ചിന്തകളിൽ നിന്ന് ഉണരുമ്പോൾ ആശുപത്രിയുടെ കോറിഡോറിൽ ആയിരുന്നു.അന്വേഷിച്ചപ്പോൾ അവന് ബോധം തെളിഞ്ഞിട്ടില്ല എന്നും ആക്സിഡന്റിന്റെ ആഘാതം അവനിൽ വളരെ വലിയ രീതിയിൽ തന്നെയുണ്ട് എന്നുമൊക്കെ അറിയാൻ കഴിഞ്ഞു..

അവനെ കാണാതെ താനെ വീട്ടിലേക്ക് ഇല്ല എന്ന് ഉറപ്പിച്ചു കൊണ്ട് അവൾ ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചു. അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച പരാജയപ്പെട്ട് അവളുടെ അച്ഛനും അമ്മയും അവൾക്ക് കാവലിരുന്നു.

അവന്റെ അമ്മയും അച്ഛനും പലപ്പോഴും അവളോട് തിരികെ പൊക്കോളാൻ പറഞ്ഞെങ്കിലും അതൊന്നും അവൾ കേട്ടില്ല. ആ നിമിഷം അവനെയല്ലാതെ മറ്റാരെയും അവൾ കണ്ണിൽ കാണുന്നതു പോലുമുണ്ടായിരുന്നില്ല..

പിറ്റേന്ന് ഉച്ചയോടെയാണ് ഡോക്ടർ ആ വിവരം അവരോട് പറഞ്ഞത്.” ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്തു. ആ ജീവൻ പിടിച്ചു നിർത്താൻ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലല്ലേ.. ഞങ്ങൾ പരാജയപ്പെട്ടുപോയി.. ”

ഡോക്ടർ അത് പറഞ്ഞു നിർത്തിയതും അവിടെ നിലവിളി ഉയർന്നിരുന്നു. ആ നിമിഷം മറ്റാരെയും ശ്രദ്ധിക്കാതെ അവൾ അവനെ ഒരു നോക്ക് കാണാനായി ഐസിയുവിനുള്ളിലേക്ക് ഓടി കയറി.

പൂതപ്പിച്ചു കിടത്തിയിരിക്കുന്ന അവനെ കാണുമ്പോൾ അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ആർത്തലച്ച് അവന്റെ നെഞ്ചത്തേക്ക് വീണു കൊണ്ട് അവൾ ചോദിക്കുന്നുണ്ടായിരുന്നു

” ഒരിക്കലും എന്നെ തനിച്ചാക്കില്ല എന്ന് പറഞ്ഞിട്ട് നീ ഇപ്പോൾ എന്നെ തനിച്ചാക്കി പോയല്ലേ..? ”

അവൾ എന്തൊക്കെയോ പദം പറയുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. അവളെ പിടിച്ചു മാറ്റാൻ നേഴ്സുമാർ ആവുന്നത് ശ്രമിച്ചെങ്കിലും അവർക്ക് അവളുടെ ബലത്തിന് മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നു.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളുടെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോഴാണ് അവർ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചത്. അവളെ പിടിച്ചപ്പോൾ തന്നെ വാടിയ താമര തണ്ട് പോലെ അവൾ അവരുടെ കൈകളിലേക്ക് വീണു കഴിഞ്ഞിരുന്നു.

അവളെ തനിച്ചാക്കില്ലെന്ന് വാക്ക് കൊടുത്തത് അവനായിരുന്നല്ലോ.. അവനെ പിരിഞ്ഞിരിക്കാൻ അവൾക്കും കഴിയില്ല.. അവർക്ക് പരസ്പരം അത്രയും ഇഷ്ടമുള്ളതു കൊണ്ടായിരിക്കാം അവനോടൊപ്പം അവൻ അവളെയും കൂട്ടിയത്..!!

Leave a Reply

Your email address will not be published. Required fields are marked *