ആഗ്രഹങ്ങൾ
(രചന: Bindu NP)
ഇന്ന് വൈകുന്നേരമാണ് ചെക്കപ്പിന് പോകേണ്ടത് . അതുകൊണ്ട് തന്നെ അവൾ നേരത്തെ എണീറ്റ് ഉത്സാഹത്തോടെ ജോലികൾ ചെയ്യാൻ തുടങ്ങി..
അവൾക്കിത് ആറാം മാസമാണ് .. അതിന്റെ ക്ഷീണം ഉണ്ടെങ്കിലും അവൾ അതൊന്നും പുറത്തു കാണിച്ചില്ല . അല്ല കാണിച്ചിട്ടും വല്യ കാര്യമൊന്നുമില്ല .
അഥവാ വയ്യായ്ക വല്ലതും പറഞ്ഞുപോയാൽ അമ്മായിയമ്മ പണ്ട് അഞ്ച് പെറ്റതിന്റെയും നെല്ല് കുത്തുന്നതിനിടയിൽ പേറ്റ് നോവ് വന്നതിന്റെയും കണക്കങ്ങു നിരത്തും . അതിന് മുന്നിൽ അവൾക്ക് വാക്കുകൾ നഷ്ട്മാവും ..
“ഇനിയും നിന്റെ ജോലികൾ തീർന്നില്ലേടീ…? “കെട്ട്യോനാണ് .. “വേഗം റെഡിയാവൂ… മൂന്നാമത്തെ ടോക്കനാണ് “.
അത് കേട്ടതും ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ വേഗം തന്നെ തീർത്ത് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി..
ആകെ കെട്ട്യോനോടൊപ്പം പുറത്തു പോകാൻ കിട്ടുന്ന അവസരം ഇതുമാത്രമാണ് .. അതുകൊണ്ട് തന്നെ അവൾ ഉള്ളുകൊണ്ട് ഏറെ സന്തോഷിച്ചിരുന്നു..
“ഞങ്ങള് പോയി വരട്ടേ അമ്മേ “എന്ന് ചോദിച്ചപ്പോ ഒട്ടും ഇഷ്ടമില്ലാതെയും മറ്റ് നിർവ്വഹമില്ലാത്തതുകൊണ്ടും മാത്രമാണ് സമ്മതം മൂളിയതെന്നും ആ മുഖഭാവത്തിൽ നിന്നും അവൾക്ക് മനസ്സിലായിരുന്നു ..
ഡോക്ടറേ കാണിച്ച് തിരിച്ചു വരുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു . തിരിച്ചു പോരാൻ ഓട്ടോയിൽ കയറിയപ്പോ സ്റ്റാൻഡിലേക്ക് ആവുമെന്നാണ് കരുതിയത്.പിന്നീട് മനസ്സിലായി ബീച്ചിലേക്കാണെന്ന് ..
കെട്ട്യോന്റെ കയ്യും പിടിച്ച് അസ്തമയം കാണുമ്പോ അവളോർക്കുകയായിരുന്നു.. എപ്പോഴോ സംസാരത്തിനിടയിൽ പറഞ്ഞ തന്റെ ആഗ്രഹങ്ങളെ പറ്റി. അതിലൊന്നായിരുന്നു രണ്ടുപേരും ചേർന്ന് അസ്തമയം കാണുക എന്നുള്ളത്..
എന്നാൽ ആ വീട്ടിൽ നിന്ന് രണ്ടുപേർക്കും ഒരുമിച്ചു പുറത്തുപോകാൻ യാതൊരു നിർവ്വഹവുമുണ്ടായിരുന്നില്ല..
ബീച്ചിൽ നിന്നും തിരിച്ചു പോരാൻ നേരം അയാൾ വീണ്ടും അവളെ അത്ഭുതപ്പെടുത്തി ..
ഓട്ടോ നേരെ പോയത് കോഫി ഹൗസിലേക്കായിരുന്നു.. അവിടെ നിന്നും അവൾക്കിഷ്ടപ്പെട്ട ചിക്കൻ വിഭവങ്ങൾ അയാൾ വാങ്ങിച്ചു കൊടുത്തു… ഗർഭിണിയായ ശേഷം അത്തരം ഭക്ഷണങ്ങൾക്കൊക്കെ അവൾക്ക് മാത്രം ആ വീട്ടിൽ വിലക്കായിരുന്നു..
എല്ലാരും കഴിക്കുന്നത് കാണുമ്പോ എത്രയോ വട്ടം കഴിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ…
അതുകൊണ്ട് തന്നെ തന്റെ മുന്നിലിരിക്കുന്ന ആഹാരത്തിലേക്കും കെട്ട്യോന്റെ മുഖത്തേക്കും അവൾ മാറി മാറി നോക്കി..
കാര്യം മനസ്സിലായ അയാൾ അവളോട് പറഞ്ഞു “നിനക്ക് ഇഷ്ടമുള്ളത് കഴിച്ചോളൂ .. വീട്ടിൽ ആരോടും കഴിച്ച കാര്യം പറയാതിരുന്നാൽ മതി..”
അതുകേട്ടപ്പോൾ ഭാര്യയുടെയും വീട്ടുകാരുടെയും ഇടയിലുള്ള കെട്ട്യോന്റെ നിസ്സഹായാവസ്ഥ അവൾ മനസ്സിലാക്കുകയായിരുന്നു ..ഭക്ഷണം കഴിക്കുമ്പോ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. ഒപ്പം മനസ്സും ..