എഴുത്ത്: Divya Kashyap
തൻറെ നാട്ടിൽ നിന്ന് ഏറെ ദൂരെയുള്ള ആ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അജ്മൽ…
ദുബായിൽ നിന്ന് രണ്ട് മാസത്തെ ലീവിന് നാട്ടിലെത്തിയത് ഇന്നലെയാണ്… പക്ഷേ ഒരു ദിവസം പോലും വീട്ടുകാരോടൊപ്പം നിൽക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല അവന്….
കാണണം… അവളെ കാണണം… നാട് അറിയാം പക്ഷേ വീട് എവിടെയാണെന്നൊ വഴി എങ്ങനെയാണെന്നൊ ഒരു പിടിയുമില്ല… പണ്ടെങ്ങോ പരിചയപ്പെട്ട ആദ്യ നാളുകളിൽ അവള് മെസ്സേജ്
അയച്ചപ്പോൾ നൽകിയ അഡ്രസ്സ് മാത്രമാണ് കയ്യിലുള്ളത്… കാണാതെ അറിയാമെങ്കിലും വെറുതെ പേഴ്സിൽ കുറിച്ചു വെച്ചിരുന്ന ആ അഡ്രസ്സ് എടുത്ത് അജ്മൽ ഒരിക്കൽ കൂടി നോക്കി…
അവൾ പറഞ്ഞ അവളുടെ നാടെത്തിയിരിക്കുന്നു…. അഡ്രസ്സ് വെച്ചിട്ട് ഏകദേശം സ്ഥലം ഇത് തന്നെ…. സമീപത്തെ കടകളുടെ ബോർഡിൽ എല്ലാം അവള് പറഞ്ഞ സ്ഥലത്തിൻറെ പേര് എഴുതി വച്ചിട്ടുണ്ട്…
ഒരു കടയിലേക്ക് കയറിച്ചെന്ന് ക്യാഷിൽ ഇരുന്ന ചേട്ടൻറെ അടുത്ത് അഡ്രസ്സ് കാണിച്ചിട്ട് ഈ അഡ്രസ്സ് അറിയുമോ എന്ന് ചോദിച്ചു…
അയാൾ അത് കയ്യിൽ വാങ്ങി നോക്കിയിട്ട് ഇല്ല എന്ന് മറുപടി നൽകി… നിരാശയോടെ മടങ്ങുമ്പോഴാണ് ക്യാഷിൽ പൈസ കൊടുക്കാൻ നിന്നിരുന്ന ഒരു ഓട്ടോക്കാരൻ ചേട്ടൻ അഡ്രസ്സിലേക്ക് നോക്കുന്നതും അറിയാം എന്ന് പറയുന്നതും…
അയാൾ പറഞ് കൊടുത്ത വഴികളിലൂടെ കാറോടിക്കുമ്പോൾ അവൻറെ മനസ്സാകെ പ്രക്ഷുബ്ധമായിരുന്നു…
അവൾ… അവൾ കൃഷ്ണ… ആറുവർഷമായി പരിചയമുള്ള ഒരു ഓൺലൈൻ സൗഹൃദം… ഒന്ന് രണ്ട് ഫോട്ടോസ് കണ്ടിട്ടുണ്ട് എന്നതോഴിച്ചാൽ ഒരു വീഡിയോ കോളിൽ പോലും വന്നിട്ടില്ലാത്തവൾ….
പക്ഷേ എന്നും ചാറ്റ് ചെയ്യൂമായിരുന്നു…ഇടയ്ക്കൊക്കെ ഫോണിൽ വിളിക്കുമായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും…ഏതോ ഒരു സാഹിത്യ ഗ്രൂപ്പിൽ വച്ച് നുറുങ് കഥകളും കവിതകളും വായിച്ച് ഇഷ്ടം തോന്നിയവൾ…
ആ ഇഷ്ടം ചെറിയൊരു ആരാധനയായി മാറുകയും അവൾക്ക് ഒരു ദിവസം മെസ്സേജ് അയക്കുകയും ചെയ്തു… തിരിച് മറുപടി ഒന്നും പ്രതീക്ഷിക്കാതിരുന്ന തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു താങ്ക്യൂ പറഞ്ഞു അവൾ റിപ്ലൈ ചെയ്തു…
പിന്നീടത് നിത്യേനയുള്ള സംസാരത്തിലേക്ക് വഴിമാറുകയും ഈ
ആറു വർഷത്തിനുള്ളിൽ സൗഹൃദത്തിൻറെ കൊടുമുടിയിൽ എത്തുകയും ചെയ്തവൾ… എന്തിനും ഏതിനും അജു എന്ന് വിളിച്ച് പുറകെ നടന്നവൾ… ഒരുപാട് സ്നേഹിച്ചവൾ… ഒരുപാട് സൗഹൃദം തന്നവൾ …ബർത്ത്ഡേയ്ക്കും ഓണത്തിനും മുടങ്ങാതെ സമ്മാനം അയച്ചു
തന്നിരുന്നവൾ.. ഭർത്താവും ഒരു കുട്ടിയും ഉണ്ടവൾക്ക്… അതൊക്കെ കാണിച്ചു തന്നിട്ടുണ്ട് അവള്….തന്റെയും വൈഫിന്റെയും മക്കളുടെയും ഫോട്ടോയൊക്കെ താനും കാണിച്ചു കൊടുത്തിട്ടുണ്ട്…
തന്നെ ഏത് പാതിരാത്രിയിൽ കണ്ടാലും അവൾക്ക് തിരിച്ചറിയുമായിരിക്കും എന്നാൽ അവൾ വന്നു മുന്നിൽ നിന്നാൽ പോലും ഒരുപക്ഷേ തനിക്ക് തിരിച്ചറിയാൻ കഴിയില്ല..പേരിനു മാത്രം ഒന്നോ രണ്ടോ ഫോട്ടോയാണ് അവള് തനിക്ക് കാണിച്ചു തന്നിട്ടുള്ളത്…
കഴിഞ്ഞ രണ്ടുമാസമായി അവൾ ഓൺലൈനിൽ പോലും വരാറില്ല… അറിയുന്ന നമ്പറിൽ വിളിച്ചു നോക്കിയിട്ട് സ്വിച്ച് ഓഫ് ആണ്.. അവൾ പറഞ്ഞിട്ടുള്ള അവളുടെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരിയെ മെസ്സേജ് അയച്ചു ചോദിച്ചിട്ട് അവൾക്കും അറിയില്ല കാര്യങ്ങൾ ഒന്നും….
ഈ രണ്ടുമാസം കൊണ്ട് രണ്ടു വർഷത്തെ ഭ്രാന്ത് താൻ അനുഭവിച്ചു.. ഏറെ പ്രിയപ്പെട്ടതായിരുന്ന
ഒന്ന് കൈയിൽനിന്ന് നഷ്ടപ്പെട്ടതു പോലെ… ആദ്യത്തെ ഒരാഴ്ച കാണാതിരുന്നപ്പോഴും ഭയങ്കര വിശ്വാസമായിരുന്നു അവൾക്ക് തന്നോട് മിണ്ടാതിരിക്കാൻ കഴിയില്ല എങ്ങനെയായാലും അവൾ വരുമെന്ന്…
അങ്ങനെയുള്ള ചില പിണക്കങ്ങൾ ഒക്കെ ഉണ്ടായിട്ടുള്ളതാണ് അതുകൊണ്ട് അവൾ വരും എന്ന വിശ്വാസത്തിലായിരുന്നു… പക്ഷേ ഒരാഴ്ച എന്നത് ഒരു മാസവും രണ്ടുമാസവും ഒക്കെയായി മാറിയപ്പോൾ താൻ താനല്ലാതായി മാറുകയായിരുന്നു…. സൗഹൃദത്തിന് ഒരാളെ കീഴ്പ്പെടുത്താൻ ഇത്രയും ശക്തിയുണ്ടോ…
പെട്ടെന്ന് ലീവ് ശരിയാക്കി നാട്ടിലേക്ക് തിരിച്ചത് വീട്ടിലുള്ളവരെ കാണുന്നതിലും മുന്നോടിയായി അവളെ കാണണം അവളോട് സംസാരിക്കണം എന്ന ആഗ്രഹം കൊണ്ട് തന്നെയാണ്….
വലിയ ചിന്തകൾക്കൊടുവിൽ അജ്മൽ ആ വലിയ വീടിൻറെ ഗേറ്റിനു മുന്നിൽ കാർ നിർത്തി..
ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്… അവൾ പറഞ്ഞ വീടിൻറെ പേര് ആ മതിലിൽ കൊത്തിവച്ചിട്ടുണ്ട്…
“കൃഷ്ണകൃപ…”
കൊത്തിവെച്ചിരിക്കുന്ന ആ പേരുകളിലൂടെ അജ്മൽ കയ്യോടിച്ചു… അവന്റെ കണ്ണുകൾ നിറഞ്ഞു അറിയാതെ… അവളുടെ വീടിനോട് പോലും…. അവളുടെ വീടിന്റെ പേരിനോട് പോലും തനിക്ക് എന്തൊരു സ്നേഹമാണ്… എന്തോ അവളുടെ അടുത്ത് എത്തിയ പോലെ ഒരു തോന്നൽ…
പെട്ടെന്നാണ് അവനാ ബോർഡ് അവിടെ കണ്ടത് ഹൗസ് ഫോർ സെയിൽ… ഫോൺ നമ്പർ ഉണ്ടായിരുന്നു അതിൽ…
അവിടെനിന്ന് വീടും പരിസരവും നോക്കുന്നത് കണ്ടിട്ടാവണം തൊട്ടടുത്ത വീട്ടിൽ നിന്ന് ഒരു ചേട്ടൻ ഇറങ്ങിവന്നത്..
“വീടു നോക്കാൻ വന്നതാണോ അങ്ങനെയാണെങ്കിൽ താക്കോൽ എൻറെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ട് തുറന്നു കാണിച്ചു തരാം..”
“അല്ല ഞാൻ കൃഷ്ണയെ കാണാൻ വന്നതാ…””കൃഷ്ണ… ആ മോള് ഇപ്പൊ ഇവിടെ ഇല്ല…””എവിടെയാണ് അവള്…”??
“ആ കൊച്ചിന്റെ കാര്യം വലിയ കഷ്ടമാണ് മോനെ… ഒരാൾക്കും ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ….”
“എന്താണ് ചേട്ടാ എന്താണെങ്കിലും കാര്യം പറയു..” അജ്മലിന് തൻറെ ക്ഷമ നശിച്ചിരുന്നു
“അതിന്റെ ഭർത്താവും കുട്ടിയും ഒരു ആക്സിഡന്റിൽ മരിച്ചു മോനെ… അവൾക്കും പരിക്കുണ്ടായിരുന്നു… അവരുടേത് പ്രണയ വിവാഹമായിരുന്നല്ലോ… അതുകൊണ്ട് തന്നെ ഈ വീട്ടിൽ അവള് ഒരുപാട് ബുദ്ധിമുട്ടിയാണ് നിന്നിരുന്നത്…
ആർക്കും അവളെയത്ര ഇഷ്ടമൊന്നും അല്ലായിരുന്നു… ആ കൊച്ചിന് പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ല… ആശുപത്രിയിൽ അതിൻറെ കൂടെ കുറച്ചുദിവസം ഒക്കെ നിന്നിട്ട് ഇവരിങ്ങ് പോന്നു..
അത് ആശുപത്രിയിൽ നിന്ന് തിരിച്ചു വന്നപ്പോൾ അവൻറെ അച്ഛനെയും അമ്മയെയും കൂട്ടി അവൻറെ പെങ്ങൾ പോയി.. ഈ വീട് വിൽക്കാനും ഇട്ടു…””എന്നിട്ട് അവള് എവിടെ…”അജ്മലിന്റെ കണ്ണിൽ ചൂട് വെള്ളം നിറഞ്ഞു…
“ഇവിടുന്ന് 20 കിലോമീറ്റർ അപ്പുറം ഒരു ആശ്രയ കേന്ദ്രം ഉണ്ട്… ആരുമില്ലാത്തവരെയൊക്കെ താമസിപ്പിക്കുന്ന ഒരിടം… അവിടെയുണ്ട് ആ മോള്… ആകെ തകർന്നു പോയി മോനെ ആ കൊച്ച്…”
ആ ചേട്ടനിൽ നിന്നും ആശ്രയ കേന്ദ്രത്തിന്റെ അഡ്രസ്സും വാങ്ങി ഒരു പാച്ചിലായിരുന്നു പിന്നെ അജ്മൽ…എങ്ങനെയാണ് അവിടെ എത്തി ചേർന്നതെന്ന് അവനു പോലും അറിയില്ല…അത്രയ്ക്ക് സംഘർഷ ഭരിതമായിരുന്നൂ മനസ്
അവിടെ ചെന്ന് അത് നോക്കി നടത്തുന്നവരുടെ കയ്യിൽ നിന്ന് അനുവാദം വാങ്ങി അവളെ കാണാനായി അവൻ അതിനുള്ളിലെ അതിവിശാലമായ മുറ്റത്തേക്ക് നടക്കുമ്പോൾ
പേരറിയാത്ത കുറെ വേദനകൾ അവൻറെ ഹൃദയത്തെ പിടിച്ചുലക്കുന്നുണ്ടായിരുന്നു…
ഒരു മരത്തണലിൽ ഒരിളം നിറത്തിലെ ചുരിദാറു മിട്ട് പാറിപ്പറന്ന മുടികളോടുകൂടി ഇരിക്കുന്നവളുടെ അടുത്തേക്ക് ചെന്നു നിന്നു അവൻ…
“കൃഷ്ണ…”അവൻ മെല്ലെ വിളിച്ചു…പിന്നിൽ നിന്നുള്ള പതിഞ്ഞ വിളി കേട്ട് മുഖത്തേക്ക് നോക്കിയവളെ കണ്ടിട്ട് അവന് മനസ്സിലായൊന്നുമില്ല… അവള് കാണിച്ച ഫോട്ടോയിലെ മുഖമൊന്നുമല്ലായിരുന്നു അത്…വേറെ ആരെയോ പോലെ…തളർന്നു തകർന്ന ഒരു രൂപം…
എന്നാൽ തന്നെ കണ്ട അവളുടെ കണ്ണുകളിലെ വിസ്മയത്തിൽ നിന്ന് അത് അവൾ തന്നെയാണെന്ന് അവന് മനസ്സിലായി… അവള് തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു… ആ കണ്ണുകൾ നിറയുന്നു…ചുണ്ടുകൾ വിതുമ്പി വരുന്നു…
“അജു…”ആർത്തലച്ച് നെഞ്ചിലേക്ക് വീണവളെ പിടിച്ചുമാറ്റാൻ നിന്നില്ല.. കരയുന്നെങ്കിൽ കരയട്ടെ… ആവോളം കരയട്ടെ… ഒരുപക്ഷേ അവൾക്ക് ഏറ്റവും കൂടുതൽ ആശ്വാസം അനുഭവപ്പെടുക തന്റെയടുത്ത് ആയിരിക്കും…
“ഒന്ന് പറയാമായിരുന്നു…” ഇടറിയ ശബ്ദത്തോടെ അവൻ പറഞ്ഞു….”നിനക്ക് ഞാൻ തന്ന അഡ്രസ് നീ മറന്നു പോകണേ എന്ന് ഞാൻ ഇന്നും കൂടി പ്രാർത്ഥിച്ചതേയുള്ളൂ അജു….ഒന്നും നീ അറിയരുതേ എന്നും..”
“അതെങ്ങനെ ഞാൻ മറന്നു പോകാനാടി.. നിന്നെ വെച്ചത് പോലെ തന്നെ ഞാനത് ഹൃദയത്തിൽ അല്ലേ വെച്ചിരുന്നത്…”
“നേരിട്ട് കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ആളാണ് നീ… പക്ഷേ നേരിട്ട് കണ്ടത് ഇങ്ങനെ ഒരു അവസ്ഥയിലായി പോയല്ലോ അജു…”
“സാരമില്ല എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്ക്… ഇവിടെ ഇങ്ങനെ ആരോരുമില്ലാത്തവളെ പോലെ കഴിയേണ്ട… ഞാൻ പാസ്പോർട്ട് ശരിയാക്കാം..
എൻറെ കൂടെ ദുബൈക്ക് പോര്… ഞാൻ ഒരു ജോലി ശരിയാക്കാം അവിടെ…എൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി ഞാൻ മരിക്കുവോളം എൻ്റെ കൺമുന്നിൽ ഉണ്ടാവണം നീ….”
എത്ര പറഞ്ഞിട്ടും അതിനൊന്നും സമ്മതിക്കാതെ മാറിയിരിക്കുന്നവളെ അജു സങ്കടത്തോടെ നോക്കി…
“ഒന്നും വേണ്ടടാ ഞാൻ ഇവിടെ നിന്നോളാം.. നീ അവധിക്ക് നാട്ടിൽ വരുമ്പോഴൊക്കെ എന്നെ ഒരു ദിവസം വന്നൊന്ന് കണ്ടാൽ മതി.. ഇനി എനിക്കുള്ള ആകെ ഒരു പ്രതീക്ഷ അത് മാത്രമാണ്… നിൻറെ വരവ്…നിൻ്റെ വരവിനായി ഞാൻ കാത്തിരിക്കും…
ഏറ്റുപറച്ചിലുകൾക്കൊടുവിൽ അവളുടെ ഇഷ്ടലോകമായ എഴുത്തിൻറെ ലോകത്തേക്ക് തിരികെ വരാമെന്ന് അവൾ അവന് ഉറപ്പുനൽകി…
പോരും മുൻപ് ഒരു പുതിയ ഫോൺ വാങ്ങി തന്റെ നമ്പറും ഫീഡ് ചെയ്ത് അവൾക്ക് നൽകി…
“അപ്പോ അധികം വൈകാതെ എന്നെ ആദ്യമായി കണ്ടതിനെക്കുറിച്ച് ഒരു കഥ എഴുതിക്കോ കേട്ടോ…ഇനിയും എല്ലാവർഷവും കാണാനുള്ളതാ…”അവൻ കുസൃതിയോടെ അവളോട് പറഞ്ഞു…
ചെറുപുഞ്ചിരിയോടെ തലകുലുക്കി സമ്മതിച്ച വളുടെ കണ്ണിൽ ഒരു പുതിയ പ്രതീക്ഷയുടെ തിരിവെട്ടം ഉണ്ടായിരുന്നു…
യാത്ര പറഞ്ഞ് തിരികെ പോരുമ്പോൾ ഇരുവരുടെയും കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞു ഒഴുകി…ഹൃദയം നിലച്ചത് പോലെ…
അവളുടെ വീടിന്റെ മുന്നിൽ വച്ച ബോർഡിൽ നിന്ന് ഫോൺ നമ്പർ എടുത്ത് ആ വീട്ടുകാരെ വിളിച്ച് ആ വീട് മേടിക്കാനുള്ള ഏർപ്പാടൊക്കെ ചെയ്തുവച്ചു അജ്മൽ… ഇന്നല്ലെങ്കിൽ നാളെ ഒരു ആശ്വാസത്തിനായി അവൾക്ക് നൽകണം..
അവളുടെ പ്രിയപ്പെട്ടവർ ഉണ്ടായിരുന്ന സ്ഥലം.. അവളുടെ ഏറ്റവും അടുത്ത സൗഹൃദം എന്ന നിലയിൽ ചിലപ്പോൾ തനിക്ക് അവൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും…
തിരികെ വീട്ടിൽ എത്തി ഒരു കുളിയും പാസാക്കി തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി എന്തൊക്കെയോ ചെയ്തു എന്ന ഒരു ആശ്വാസത്തിൽ തൂണിലേക്ക് ചാരിയിരുന്നു ഫോൺ തുറന്നപ്പോഴാണ് അത് കണ്ടത്….
അവളുടെ ഒരു ചെറുകഥ… കണ്ണ് നിറഞ്ഞാണ് വായിച്ചത്… ആ കഥയുടെ ഓരോ വരികളിലും താൻ നിറഞ്ഞു നിൽക്കുന്നതായി അവനു തോന്നി… “അവനെൻറെ പുണ്യം.
ഹൃദയം തൊട്ട് സ്നേഹിച്ചത് കൊണ്ടാവാം നമ്മൾ വേണ്ടെന്ന് വെയ്ക്കാൻ ശ്രമം നടത്തിയാലും ചില സൗഹൃദങ്ങളെ ഹൃദയം വിട്ട് കളയാത്തത്…