നിനക്കും ഞങ്ങളെപ്പോലെ ഈ ചുമരുകൾക്കുള്ളിൽ ഒതുങ്ങിയാൽ മതിയോ’ എന്ന്. അവൾ അതിനു മറുപടി ഒന്നും

ഇന്നലെ, ഇന്ന്, നാളെ
(രചന: Haritha Harikuttan)

‘ഇന്നെന്താ എഴുന്നേറ്റപ്പോൾ താമസിച്ചോ’?.. അമ്മായിയമ്മയാണ് ചോദിച്ചത്.”ആ കുറച്ചു വൈകി ” അവൾ മറുപടി കൊടുത്തു.

‘അവൻ എഴുന്നേറ്റോ ‘ മുത്തശ്ശിയാണ് ഇത്തവണ ചോദിച്ചത്.”ഇല്ല, അങ്ങനെ പതിവുകൾ ഒന്നും ഇല്ലാലോ. നേരത്തെ എഴുന്നേറ്റാലും എണ്ണിക്കൊരുഗുണവുമില്ല.

“സംസാരത്തിനിടയിൽ അവൾ ചായക്കുള്ള വെള്ളം അടുപ്പത്തുവെച്ചു.
മുത്തശ്ശിയും അമ്മയും അവളുടെ ഇവിടത്തെ അടുക്കളക്കൂട്ടാണ്.

കെട്ടിക്കേറി വന്ന സമയത്ത് ആദ്യമായി രാവിലെ ഇവരെ അടുക്കളയിൽ കണ്ടപ്പോൾ അവൾ നന്നായി ഭയന്നിരുന്നു.

പിന്നീട് അവർ ചേട്ടന്റെ അമ്മയും മുത്തശ്ശിയും ആണെന്ന് മനസ്സിലായി. പിന്നെപ്പിന്നെ അവർ പതുക്കെ കൂട്ടായി. ഇപ്പോ ആറുമാസം കഴിഞ്ഞിരിക്കുന്നു.

“അല്ല, നിങ്ങൾ എന്തിനാ ഇത്ര രാവിലെ തന്നെ വരുന്നത്. ഞാൻ എപ്പോ എഴുനേറ്റു അടുക്കളയിലോട്ടു വന്നാലും നിങ്ങൾ എനിക്കുമുന്നേ ഇവിടെ ഉണർന്നുകാണും.

ശെരിക്കും നിങ്ങൾക്കു ഉറക്കമൊന്നും ഇല്ലേ “.. താമശരീതിയിൽ അവൾ അവരോടു ചോദിച്ചു.

‘ ഞങ്ങൾക്ക് ഇതൊക്കെ ശീലങ്ങളാണ്. അങ്ങനെ പെട്ടെന്നൊന്നും പോകില്ല’. മുത്തശ്ശിയാണ് പറഞ്ഞത്.

” നിങ്ങൾക്കു മുൻപ് ഇവിടെ ഉണ്ടായിരുന്നവർ എങ്ങനെ ഇവിടെ നിന്നു പോയി. ഇപ്പോൾ നിങ്ങൾ രണ്ടുപേരല്ലേ ഉള്ളൂ.

അമ്മ പറഞ്ഞല്ലോ അമ്മയുടെ സമയത്ത് വേറെ കുറെപേര് ഈ അടുക്കളയിൽ ഉണ്ടായിരുന്നുവെന്ന്. എനിക്ക് നിങ്ങളെ രണ്ടു പേരെ മാത്രമേ ഇത്രനാളായിട്ടും കാണാൻ പറ്റിയിട്ടുള്ളൂ. ” അവൾ സംശയഭാവത്തിൽ ചോദിച്ചു.

‘അവരൊക്കെ അവരുടെ ഭർത്താക്കന്മാർ മരിച്ചപ്പോൾ ഇവിടെ നിന്നുപോയി.ഞാൻ ഈ വീട്ടിൽ വരുന്ന സമയത്ത് ഇവിടത്തെ മുത്തശ്ശിയും പിന്നെ അവരുടെ ഭർത്താവിന്റെ പെങ്ങമ്മാരും ഇവിടെ ഉണ്ടായിരുന്നു. അന്നു കൂട്ടു കുടുംബമായിരുന്നു.

മുത്തശ്ശന്റെയും അമ്മാവൻമാരുടെയും മരണത്തോടെ അവരെല്ലാം ഈ അടുക്കളയിൽനിന്ന് പോയി. നിന്റെ അമ്മായിഅമ്മ കെട്ടി വന്ന സമയത്ത് ഇവരിൽ കുറച്ചു പേരെ കണ്ടിട്ടുണ്ട്. ‘ മുത്തശ്ശി പറഞ്ഞുനിർത്തി.

അടുപ്പത്തുവെച്ച വെള്ളം വെട്ടിത്തിളക്കുന്നുണ്ടായിരുന്നു.”നിങ്ങളെ എനിക്കു മാത്രമേ കാണാൻ പറ്റുന്നുള്ളൂ. അതെന്താ ഈ വീട്ടിലുള്ള മറ്റാരും നിങ്ങളെ കാണാത്തത്.

നിങ്ങൾ ഈ അടുക്കള വിട്ട് പുറത്തോട്ട് വരുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെയാണെങ്കിൽ ചേട്ടനും നിങ്ങളെ കാണാമായിരുന്നു’. അവൾ അവരോടായി പറഞ്ഞു.

‘ ജീവിച്ചിരുന്നപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഇവിടെയാണ്…. അതുകൊണ്ടുതന്നെ ഈ നാലുചുമരുകളോട് ഒരു പ്രത്യേക പ്രണയമാണ് ഞങ്ങൾക്ക്. കൽപ്പിച്ചു തന്ന പ്രണയം…

പിന്നെ അടുക്കളക്ക് പുറത്തു വരാത്തത്….. അത് ഞങ്ങളുടെ ഒരു വാശിയാണെന്ന് തന്നെ കൂട്ടിക്കോ. നിന്റെ ചേട്ടനു ഞങ്ങളെ കാണണമെങ്കിൽ അവൻ ഇങ്ങോട്ടുവരട്ടെ.

പണ്ട് കുറെ തവണ അങ്ങോട്ടേക്ക് പോയിട്ടുള്ളതാണ് അവന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു ചെയ്യാൻ…. അടുക്കള പ്രേമികൾക്ക് മാത്രമേ ഞങ്ങളെ അറിയാൻ കഴിയൂ.

അവർ കണ്ടാലും അറിഞ്ഞാലും മതി ഞങ്ങളെ. ‘ അമ്മ പറഞ്ഞുനിർത്തി.
അവൾ പിന്നെ ഒന്നും ചോദിച്ചില്ല. ചായയുമായി മുറിയിലേക്ക് പോയി. അവൻ എഴുന്നേറ്റിട്ടുണ്ടായിരുന്നു.

” എന്താ ചായ കൊണ്ടുവരാൻ ഇത്ര താമസം. ഞാൻ കുറെ നേരമായി എഴുന്നേറ്റിട്ട്. ” അവൻ ചെറിയ ഈർഷ്യയോടെ പറഞ്ഞു.

” എന്നാ പിന്നെ അടുക്കളയിലോട്ടു വന്നു കൂടായിരുന്നോ. ഇങ്ങോട്ടു കൊണ്ട് കൊടുക്കുക തന്നെ വേണം. വന്നിരുന്നെങ്കിൽ നിങ്ങൾക്ക് നിങ്ങടെ അമ്മയെയും കാണാമായിരുന്നു. ” അവൾ മനസ്സിൽ പിറുപിറുത്തു.

അവൾ തിരിച്ച് അടുക്കളയിലോട്ടു വന്നു. അമ്മയും മുത്തശ്ശിയും അപ്പോ എന്തോ ചർച്ചയിലായിരുന്നു. അവൾ അവരെ ശല്യം ചെയ്തില്ല.

പണിയെല്ലാം ഒതുക്കി അവനെയും ജോലിക്ക് പറഞ്ഞയച്ചു അവൾ നടുനിവർത്തി. കുറച്ചുനേരം അമ്മമാരോട് സംസാരിക്കാം എന്ന് വിചാരിച്ചു. അവർ ഉള്ളതുകാരണം ബോറടിക്കില്ല.

ഒരു രീതിയിൽ പറഞ്ഞാൽ അവർ ഇവിടെയുള്ളത് തനിക്കൊരു കൂട്ട് തന്നെയാണ്. അവൾ മനസ്സിലോർത്തു.

അവൾ അവരുടെ അടുത്തേക്ക് ചെന്നു. അവർ പതുക്കെ സംസാരിച്ചു തുടങ്ങി.സംസാരിക്കുന്നതിനിടയിൽ അമ്മായിഅമ്മ തമാശയ്ക്ക് എന്ന രീതിയിൽ അവളോട് ചോദിച്ചു ‘നിനക്കും ഞങ്ങളെപ്പോലെ ഈ ചുമരുകൾക്കുള്ളിൽ ഒതുങ്ങിയാൽ മതിയോ’ എന്ന്.

അവൾ അതിനു മറുപടി ഒന്നും കൊടുത്തില്ല. ശരിക്കും കൊടുക്കാൻ ഒരു മറുപടി അവൾക്കുണ്ടായിരുന്നില്ല.

‘ഇപ്പോഴേ ഈ ചുമരുകൾ പൊളിച്ചില്ലേങ്കിൽ പിന്നെ മരിച്ചുകഴിഞ്ഞാലും പുറത്തുകടക്കാനുള്ള വഴി അറിയാൻ പറ്റില്ല.

ഞങ്ങളുടെ അവസ്ഥയാണിത്. ഞങ്ങളുടെ ശരീരം നാല് ചുമരുള്ള ശവപ്പെട്ടിയിലും ആത്മാവ് ഈ അടുക്കളയിലുമാണ്.,,, ആ,, രണ്ടും ഒന്നു തന്നെയാ…… ‘അമ്മായിയമ്മ പറഞ്ഞു.

“അല്ല, അച്ഛനും മുത്തച്ഛനും മരിച്ചിട്ട് കുറെ കാലമായില്ലേ. പിന്നെന്താ നിങ്ങൾ ഇപ്പോഴും ഈ അടുക്കളവിട്ട് പോകാത്തത്.

മറ്റുള്ളവർ അവരുടെ ഭർത്താക്കന്മാർ മരിച്ചപ്പോൾ….. അങ്ങനെയല്ലേ ഇവിടെ നിന്ന് പോയത്. “അവൾ ചോദിച്ചു…

‘ അങ്ങനെ എല്ലാകാര്യത്തിലും അവരെ പിന്തുടരുന്നത് ശരിയാണോ? ജീവിച്ചിരുന്നപ്പോൾ അതാണ് ചെയ്തുകൊണ്ടിരുന്നത്.

അവർ മരിച്ചാലും ഇവിടംവിട്ടു പോകില്ല എന്ന് മുന്നേ തന്നെ ഞങ്ങൾ തീരുമാനിച്ചതാണ്. ഈ കാര്യത്തിലെങ്കിലും ഞങ്ങൾ സ്വതന്ത്രരായി നിൽക്കട്ടെ.

സ്വയം മോചിതരാകാൻ നോക്കിയാൽ ഈ നാലുചുമരുകൾക്കപ്പുറം ഈ ലോകത്തെ ഞങ്ങൾ അറിഞ്ഞിട്ടുമില്ല. അവരെ പിന്തുടർന്ന് ഞങ്ങളുടെ ആത്മാവിനു ഇവിടെ നിന്നൊരു മോചനവും വേണ്ട.

ജീവിച്ചിരുന്ന സമയത്ത് പലരാൽ ബന്ധിക്കപ്പെട്ടതാണിവിടെ. ഇപ്പോൾ ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണിത്…

നീ ഈ ചുമരുകൾ പൊളിച്ചു ഇപ്പോഴേ പുറത്തിറങ്ങിയില്ലെങ്കിൽ ഒരുപക്ഷേ നിനക്കും മരണശേഷം ഇവിടെ നിന്നും മോചനം കിട്ടാനായി അവനെയും പ്രതീക്ഷിച്ചിരിക്കേണ്ടിവരും.

അല്ലെങ്കിൽ ഞങ്ങളുടെ പോലെ ഇവിടെ ഇങ്ങനെ കഴിയേണ്ടിവരും. ഞങ്ങൾക്കിനി ഒരു കൂട്ടിന്റെ ആവശ്യമില്ല……’അമ്മ പറഞ്ഞു നിർത്തി.

മൗനം…എന്നത്തേയും പോലെ അവൾ ഒരുനിമിഷം നിശബ്ദയായിനിന്നു. പിന്നീട് ഇന്നലത്തെക്കാൾ ഭംഗിയായി അവരെ നോക്കി പുഞ്ചിരിച്ചു… അവർ തിരിച്ചും….

Leave a Reply

Your email address will not be published. Required fields are marked *