അവള് നാളെ ഒന്നാംതരം ഒരു ഏറു പടക്കം ആണ്. ഓരോ ദിവസം ഓരോരുത്തരുടെ ഭാര്യ അല്ലേ അവൾ.

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ഇതൊക്കെ വലിയ വില വരുന്ന സാരികളാ…. ഇതൊക്കെ വാങ്ങാനുള്ള കാശുണ്ടോ കയ്യിൽ ”

ഉച്ച സമയത്ത് ടെക്സ്ടൈൽസിലേക്ക് വന്ന വൃദ്ധനോട് ആയിരുന്നു സെയിൽസ് ഗേളായ ഗേളി ആ ചോദ്യം ചോദിച്ചത്. അങ്ങിനെ ചോദിക്കുവാൻ കാരണമുണ്ട്.

ഒരു ലുങ്കിയും പഴയ ഷർട്ടും ആയിരുന്നു അയാളുടെ വേഷം ഒറ്റനോട്ടത്തിൽ ഒരു സാധാരണക്കാരൻ. അയാളുടെ നോട്ടവും പതർച്ചയുമൊക്കെ കാണുമ്പോൾ തന്നെ മനസ്സിലാകും അത്തരമൊരു വലിയ ടെക്സ്ടൈൽസിൽ അയാൾ ആദ്യമായാണ് കയറുന്നത്.

” എന്താ അമ്മാവന്റെ പേര്”വളരെ സൗമ്യമായി ഗേളി ചോദിക്കുമ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചു.

” എന്റെ പേര് സഹദേവൻ…. ഞാൻ ഇത്രേം വലിയ കടകളിൽ ഒന്നും അങ്ങിനെ കേറീട്ടില്ല.. ഇതിപ്പോ അവളുടെ ജന്മനാളാണ്. നല്ലതൊന്നും ഇന്നേവരെ ഞാൻ വാങ്ങി കൊടുത്തിട്ടില്ല. ഇത്തവണ ഒരു മോഹം.. നല്ലൊരു സാരി വാങ്ങണം. മോളെന്നെ ഒന്ന് സഹായിക്കോ.. നല്ല ഒരെണ്ണം എടുക്കാൻ.. ”

സഹദേവന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ട് പതിയെ അരികിലേക്ക് ചെന്നു അവൾ” അതിനെന്താ സഹായിക്കാലോ.. പക്ഷെ ഇതൊക്കെ വില കൂടിയ സാരികൾ ആണ് മൂവ്വായിരം ഒക്കെ ആണ് വില.. അത്രേമൊക്കെ കൊടുക്കാൻ ഉണ്ടാകോ കയ്യിൽ.. ”

ആ ചോദ്യം സഹദേവന്റെ മുഖത്തെ പുഞ്ചിരി മായ്ച്ചു ..” അത്രേമൊന്നും ഇല്ല എന്റെ കയ്യിൽ.. ആകെ ആയിരത്തി അഞ്ഞൂറ് രൂപയെ ഉള്ളു ”

ആ വാക്കുകളിൽ നിരാശ നിഴലിച്ചത് വേഗത്തിൽ തിരിച്ചറിഞ്ഞു ഗേളി.” എന്തായാലും അമ്മാവൻ വാ നമുക്ക് അപ്പുറത്തെ സെക്ഷനിൽ പോയി നോക്കാം അവിടെ രണ്ടായിരം രൂപയ്ക്കും അതിൽ കുറച്ചും ഒക്കെ ഉള്ള നല്ല സാരികൾ ഉണ്ട്. പറ്റിയത് നോക്കി എടുക്കാം ”

ഗേളി സ്നേഹപൂർവ്വം അയാളെ അടുത്ത സെക്ഷനിലേക്ക് കൊണ്ട് പോയി. സാരികൾ ഓരോന്നായി എടുത്ത് കാണിക്കുമ്പോൾ അയാളുടെ മിഴികളിൽ തിളക്കം അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

” ആരാ ഗേളി… നിനക്ക് പരിചയം ഉള്ള ആരേലും ആണോ ഇത് “അടുത്ത് നിന്ന സെയിൽസ് ഗേൾ അടക്കം ചോദിക്കുമ്പോൾ ഒന്ന് ചിരിച്ചു അവൾ.

” ഏയ് അല്ല.. പാവം പുള്ളിടേ ഭാര്യയുടെ ബർത്ത് ഡേ ക്ക് ഒരു സാരി വാങ്ങാൻ വന്നതാ. കണ്ടപ്പോ എന്തോ ഒരിഷ്ടം.. ഈ പ്രായത്തിലും ഭാര്യക്ക് ഗിഫ്റ്റ് വാങ്ങാൻ വന്നിരിക്കുന്നത് കണ്ടില്ലേ.. ആ ഉള്ളിലെ സ്നേഹം അത്രത്തോളം ആകും. ”

മറുപടി പറഞ്ഞു ഗേളി വീണ്ടും അയാളുടെ അരികിലേക്ക് ചെന്നു” ഇതിൽ ഏതേലും ഇഷ്ടമായോ അമ്മാവന് ”

ആ ചോദ്യം കേട്ടിട്ടും സഹദേവൻ ഏറെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.” ഇതെല്ലാം നല്ലതായി തോന്നുന്നു മോളെ.. അവൾക്ക് ചേരുന്നത് ഏതാണെന്ന് കണ്ടെത്താൻ കഴിയുന്നില്ല ”

” ആഹാ അതാണോ പ്രശ്നം.. അമ്മാവൻ ഭാര്യയുടെ ലക്ഷണങ്ങൾ പറയ് ചേരുന്ന ഒരെണ്ണം ഞാൻ തന്നെ സെലക്ട്‌ ചെയ്ത് തരാം.. ”

ഗേളിയുടെ മറുപടി കേട്ട് അയാൾ ഏറെ സന്തോഷവാനായി.” ആ.. അത് തന്നാ നല്ലത്.. നിങ്ങള് പെണ്ണുങ്ങൾക്ക് ആകുമ്പോ കൃത്യമായി നോക്കി എടുക്കാൻ അറിയാലോ . അവള് നല്ല വെളുത്തിട്ടാ മോളെ അധികം വണ്ണമൊന്നുമില്ല. കാണാൻ നല്ല അഴകാ.. ഏത് കളറും അവൾക്ക് നല്ലോണം ചേരും.. അത്രയ്ക്ക് ഭംഗിയാണ് ”

മറുപടി പറയുമ്പോൾ സഹദേവന്റെ മുഖത്തെ പ്രസരിപ്പ് ഇരട്ടിച്ചത് ശ്രദ്ധിച്ചിരുന്നു ഗേളി.
നിഷ്കളങ്കമായ സ്നേഹം.. കരുതൽ എല്ലാം അയാളുടെ വാക്കുകളിൽ തുളുമ്പി നിന്നിരുന്നു. ഈ പ്രായത്തിലും ഭാര്യയുടെ കാര്യങ്ങളിൽ അയാൾക്കുള്ള കരുതൽ അവളെ ഏറെ അമ്പരപ്പിച്ചു. സഹദേവൻ പറഞ്ഞ ലക്ഷണങ്ങൾ വച്ചു ഇളം നീല കളറിൽ മനോഹരമായ ഒരു സാരി സെലക്ട്‌ ചെയ്തു ഗേളി.

” നോക്ക് അമ്മാവാ.. ഇത് സൂപ്പർ ആകും. നന്നായി ചേരും.. പിന്നെ ഇച്ചിരി പ്രായം ഒക്കെ ഉള്ളവർക്ക് ഇളം കളർ ആകും ഭംഗി.

ആ സാരിയിലേക്ക് നോക്കവേ സഹദേവന്റെ മിഴികൾ വിടർന്നു.” അവൾക്ക് അങ്ങിനെ അധികം പ്രായം ഒന്നും ഇല്ല മോളെ.. പക്ഷെ ഈ സാരി കൊള്ളാം നല്ല ഭംഗി ഉണ്ട് ഇത് തന്നെ മതി എനിക്ക് ”

ആ സാരി കയ്യിലേക്ക് വാങ്ങി അല്പസമയം അതിലേക്ക് നോക്കി നിൽക്കുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു. മിഴികൾ തിളക്കം വച്ചു.

” എത്രയാ മോളെ ഇതിന്റെ വില.. “ആ ചോദ്യം കേട്ട് പതിയെ സാരി കയ്യിലേക്ക് വാങ്ങി പ്രൈസ് ടാഗ് നോക്കിയ ഗേളിയുടെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു

“അയ്യോ.. ഇത് രണ്ടായിരത്തി അഞ്ഞൂറ് രൂപയാ അമ്മാവാ.. “ആ വാക്കുകൾ നിമിഷ നേരം കൊണ്ട് തന്നെ സഹദേവന്റെ മുഖത്തെയും പുഞ്ചിരി മായ്ക്കവേ ഗേളിക്കും വല്ലാത്ത വിഷമം തോന്നി..

” ഇത് നല്ല ഭംഗി ആയിരുന്നു. അവൾക്ക് നന്നായി ചേർന്നേനെ.. പക്ഷെ ഈ വില. “നിരാശയോടെ സഹദേവൻ ആ സാരിയിൽ തന്നെ നോക്കി നിന്നു. ശേഷം ഗേളിക്ക് നേരെ മുഖം ഉയർത്തി.

” ഇനീപ്പോ വേണ്ട മോളെ.. എന്റേൽ അത്രേം കാശൊന്നും ഇല്ല… ഏതേലും കുറഞ്ഞത് മതി.. ഭംഗി ഒന്നും നോക്കാൻ നിൽക്കേണ്ട.. മോളൊരു സാരി ഇങ്ങെടുക്ക്… കുറഞ്ഞത് നോക്കി ”

ആ വാക്കുകളിൽ നിരാശ നിറഞ്ഞപ്പോൾ ഗേളിയും അസ്വസ്ഥയായി.’ പാവം.. നല്ലോണം ആഗ്രഹിച്ചതല്ലേ.. ‘

ഉള്ളിൽ വല്ലാത്ത വിഷമം തോന്നി അവൾക്ക്.
അല്പസമയം സഹദേവനെ തന്നെ നോക്കി നിന്നിട്ട് പതിയെ അവൾ അയാൾക്ക് അരികിലേക്ക് ചെന്നു.

“അമ്മാവാ.. എനിക്കൊപ്പം വാ.. നമുക്ക് വഴി ഉണ്ടാക്കാം.. “അവൾ മുന്നേ നടക്കുമ്പോൾ ഒന്നും മനസ്സിലാകാതെ പിന്നാലെ ചെന്നു സഹദേവൻ.” മോളെ എന്റേൽ ഇത്രേം കാശൊന്നുമില്ല ”

പിന്നാലെ ചെല്ലുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു. എന്നാൽ അത് ശ്രദ്ധിക്കാതെ കൗണ്ടറിനരികിലേക്ക് നടന്നു ഗേളി. ടെക്സ്ടൈൽസ് ഓണർ തന്നെയായിരുന്നു കൗണ്ടറിൽ ഇരുന്നിരുന്നത്.

” സാർ.. ഈ സാരി ഒന്ന് ബില്ല് ചെയ്യണം.. രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. ഈ അമ്മാവന്റെ കയ്യിൽ ആയിരത്തി അഞ്ഞൂറ് മാത്രേ ഉള്ളു.. അത് വാങ്ങീട്ട് ബാക്കി ആയിരം എന്റെ ഈ മാസത്തെ ശമ്പളത്തിൽ നിന്ന് കട്ട് ചെയ്താൽ മതി ”

ഗേളി പറയുന്നത് കേട്ടിട്ട് സഹദേവന്റെ മിഴികൾ തുറിച്ചു.” ഏയ് വേണ്ട മോളെ.. വേണ്ട.. മോളു ചുമ്മാ എനിക്ക് വേണ്ടി… നമുക്ക് ഈ സാരി മാറ്റി എടുക്കാം എനിക്കൊരു കുറഞ്ഞ സാരി മതി.”

അയാൾ ഇടയ്ക്ക് കയറുമ്പോൾ ടെക്സ്ടൈൽസ് ഓണർ സംശയത്തോടെ ഗേളിക്ക് നേരെ തിരിഞ്ഞു” എന്താടോ കാര്യം.. തനിക്ക് പരിചയം ഉള്ള ആളാണോ ഇത്”

” ഏയ് അല്ല സാർ.. പാവം ഭാര്യയ്ക്ക് ഗിഫ്റ്റ് കൊടുക്കാൻ സാരി വാങ്ങാൻ വന്നതാ ഈ ഒരു സാരി വല്ലാതെ ഇഷ്ടപ്പെട്ടു ഭാര്യയ്ക്ക് നല്ലോണം ചേരും ഇത്. അപ്പോഴാ വില കൂടുതലാണ് എന്ന് കണ്ടത്.

നിരാശയോടെ ഇത് തിരിച്ചു വയ്ക്കുന്നത് കണ്ടപ്പോ എനിക്കും വിഷമം ആയി… അതാ ഞാൻ.. സാർ ദയവായി ഇത് അദ്ദേഹത്തിന് കൊടുക്കണം എന്നിട്ട് ബാക്കി പൈസ എന്റെ സാലറിയിൽ നിന്ന് എടുക്കണം.”

ഗേളിയുടെ മറുപടി കേട്ടിട്ട് കടയുടമ ഒന്ന് പുഞ്ചിരിച്ചു. ശേഷം ആ സാരി നേരെ സഹദേവന്റെ കയ്യിൽ കൊടുത്തു.

” ഈ സാരി എടുത്തോളൂ.. ഒരുപാട് ആഗ്രഹിച്ചതല്ലേ.. കയ്യിൽ ഉള്ളത് മാത്രം തന്നാൽ മതി. ബാക്കി ഡിസ്‌കൗണ്ട് ”

ആ വാക്കുകൾ കേൾക്കെ സഹദേവന്റെ മിഴികൾ വിടർന്നു അയാളുടെ മാത്രം അല്ല ഗേളിയുടെയും

” സാർ… “അതിശയത്താൽ അവളുടെ വാക്കുകൾ മുറിയവേ പുഞ്ചിരിച്ചു ആ കടയുടമ.

” തന്നെ പോലൊരു സ്റ്റാഫ് എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്നത് എനിക്കും അഭിമാനമാണ് ഗേളി.. ”

അത്രയും പറഞ്ഞു സഹദേവനെ നോക്കി അയാൾ. ഒക്കെയും കേട്ട് അന്ധാളിച്ചു നിൽക്കുകയായിരുന്നു സഹദേവൻ അപ്പോൾ.

“ഭാര്യയോട് ഞങ്ങളുടെ ജന്മദിനാശംസകൾ പറഞ്ഞേക്കണം കേട്ടോ “”ഉറപ്പായും അവളോട് പറയാം ഞാൻ.. ഈ സഹായം ഒരിക്കലും മറക്കില്ല.. നിങ്ങളെ രണ്ടാളേം ദൈവം അനുഗ്രഹിക്കും ”

കൈയിൽ ഉണ്ടായിരുന്ന കാശും കൊടുത്ത് ഗേളിയെ സ്നേഹത്തോടെ ഒന്ന് തലോടി വളരെ സന്തോഷത്തോടെ അയാൾ പുറത്തേക്ക് പോകുന്നത് വല്ലാത്തൊരു സംതൃപ്തിയോടെ തന്നെ നോക്കി നിന്നും ഗേളിയും.

സഹദേവൻ നടന്ന് പുറത്തേക്കിറങ്ങുമ്പോൾ തന്നെയാണ് ഫ്ലോർ സൂപ്പർവൈസർ അനിലും അവിടേക്ക് വന്നു കേറിയത്.

” ആ.. സഹദേവേട്ടോ… എന്തുവാ ടെക്സ്ടൈൽസിൽ ഒക്കെ. ഇതാർക്കാ തുണി നിങ്ങൾക്ക് ആണോ അതോ….. ”

ബാക്കിയെന്താണെന്ന് ഊഹിച്ചെടുത്തു പുഞ്ചിരിച്ചു സഹദേവൻ.” അവൾക്ക് തന്നാ ടാ ഉവ്വേ.. പ്രായം കൂടി വരുവല്ലേ ഇനീപ്പോ ഇങ്ങനെ ഇടയ്ക്ക് സുഖിപ്പിച്ചില്ലേൽ നമ്മൾ ഔട്ട്‌ ആകും.. അത് പാടില്ലല്ലോ പിടിച്ചു നിൽക്കേണ്ടേ.. ”

” ഉവ്വാ.. ഉവ്വാ.. അപ്പോ ജലജ ഇനി ഈ തുണിയും ഇട്ട് നടക്കുന്നത് കാണാം അല്ലേ… നിങ്ങടേക്കെ ബെസ്റ്റ് ടൈം പോയി അറുമാദിക്ക് ”

അത്രയും പറഞ്ഞു കൊണ്ട് അനിൽ അകത്തേക്ക് നടക്കുമ്പോൾ ഒക്കെയും കേട്ട് ഒന്നും മനസിലാകാതെ നോക്കി നിന്നു ഗേളിയും കടയുടമയും .

” ആ പോയ ആളെ അറിയോ അനിലേ “ഉടമയുടെ ചോദ്യം കേട്ട് അനിൽ നിന്നു.” പിന്നെ അറിയാണ്ട് നമ്മുടെ നാട്ടിലെ പ്രധാന കോഴി ആണ് ആ പോയത്.. കണ്ടില്ലേ പ്രായം ഇത്രേം ആയിട്ടും വീണ്ടും തുണിയും വാങ്ങി സോപ്പ് ഇടാൻ പോണത് “”സോപ്പ് ഇടാനോ ആരെ ”

അനിലിന്റെ മറുപടി ഗേളിയിൽ സംശയം ജനിപ്പിച്ചു.” ഹാ.. അത് ആ ജലജയ്ക്കാ വാങ്ങീട്ട് പോണേ.. അവളുടെ സ്ഥിരം കസ്റ്റമർ അല്ലെ ഇങ്ങേര്… ”

ആ മറുപടി കേട്ട് ഗേളിയുടെ മിഴികൾ തുറിച്ചു പോയി.” ഏത് ജലജ.. ഈ ജലജ ഇയാളുടെ ഭാര്യ ആണോ..”ആ ചോദ്യം കേട്ട് ആദ്യം ഒന്ന് പൊട്ടിച്ചിരിച്ചു അനിൽ

” ഭാര്യയോ.. ആര് ജലജയോ.. അവള് നാളെ ഒന്നാംതരം ഒരു ഏറു പടക്കം ആണ്. ഓരോ ദിവസം ഓരോരുത്തരുടെ ഭാര്യ അല്ലേ അവൾ. അവളുടെ സ്ഥിരം കസ്റ്റമർ ആണ് ഈ സഹദേവൻ. കയ്യിൽ കിട്ടണ കാശ്‌ മുഴുവൻ ഈ ജലജക്ക് കൊണ്ട് കൊടുക്കും. ”

അത്രയും കേട്ടപ്പോൾ തന്നെ ഗേളിക്ക് തല ചുറ്റുന്നത് പോലെ തോന്നി. അനിൽ അപ്പോഴും തുടർന്നു.

” എത്ര വട്ടം പല പല വീടുകളുടെയും പിന്നാമ്പുറത്തും കുളിപ്പെരയ്ക്ക് പിന്നിലും ഒക്കെ ഇട്ട് നാട്ടുകാര് ഇങ്ങേരെ പിടിച്ചിട്ടുണ്ട് ന്ന് അറിയോ.. ഇങ്ങേരുടെ കോഴിത്തരം സഹിക്കാൻ കഴിയാതെ പെമ്പ്രന്നോത്തി ഒക്കെ പണ്ടേ കളഞ്ഞേച്ചു പോയതാ.

അന്ന് മുതൽ ഇന്ന് വരെയും കുന്നംകുളം ജലജയുടെ സ്ഥിരം കസ്റ്റമർ ആണ് ഈ സഹദേവൻ.. ഇപ്പോ ഈ ഡ്രസ്സ്‌ എടുത്ത് പോകുന്നതും അവളെ കാണാൻ ആകും ”

ഇത്തവണ തൊണ്ടയിലെ വെള്ളം വറ്റിയത് അറിഞ്ഞു ഗേളി.” പന്ന കെളവൻ.. എട്ടിന്റെ പണി തന്നല്ലോ.. ”

പിറുപിറുത്ത് കൊണ്ട് ദയനീയമായി അവൾ കടയുടമയെ ഒന്ന് നോക്കി. അന്ധാളിച്ചു തന്നെ നിൽക്കുകയായിരുന്നു അയാളും. അല്പം മുൻപ് പഞ്ച പാവത്തെ പോലെ ഇറങ്ങി പോയ ആളെ പറ്റി ആണല്ലോ ഈ കേൾക്കുന്നത് എന്നത് രണ്ട് പേർക്കും അവിശ്വസനീയമായിരുന്നു.

” അതേ.. എന്നെ നോക്കേണ്ട.. ആയിരം കട്ട് ചെയ്യാൻ പറഞ്ഞില്ലേ മുന്നേ കൃത്യമായി അത് ഞാനങ്ങ് ചെയ്‌തോളാം… ഓരോ കിളവന്മാർക്ക് വെടി വക്കാൻ പോകാൻ സ്വന്തം കയ്യീന്ന് കാശ് മുടക്കി അവസരം ഉണ്ടാക്കി കൊടുക്കുന്നതല്ല എന്റെ പണി.. ഇയാള് സഹദേവൻ അല്ല കാമദേവൻ ആണ്..”

പിറു പൊറുത്തു കൊണ്ടായാൾ കൗണ്ടറിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോയി.” പണി പാളി… പന്ന കെളവൻ”

അമർഷത്തോടെ പിറു പിറുത്തു കൊണ്ട് ഗേളി തിരിയവേ പിന്നിൽ പരിഹാസചിരിയുമായി നിന്നിരുന്നു മറ്റു സെയിൽസ് ഗേളുമാർ .

” അയ്യോ.. നന്മതൻ നിറ കുടമേ.. ഒരു ഓട്ടോ കൂടി വിളിച്ചു വിട്ടു കൊടുത്തൂടായിരുന്നോ അമ്മാവൻ സുഖായിട്ട് പോയി കാര്യം നടത്തിയേനെ.. ”

അവർക്കിടയിൽ കമന്റുകൾ കേട്ട് ജാള്യതയോടെ മുഖം കുനിച്ചു നടന്നു ഗേളി” ഇനി മേലിൽ ഒരുത്തരെയും സഹായിക്കില്ല ഞാൻ.. നാശങ്ങള് ”

ഈ സമയം ജലജയ്ക്ക് കൊടുക്കുവാൻ നല്ലൊരു ഗിഫ്റ്റ് കിട്ടിയ സന്തോഷത്തിൽ തുള്ളിചാടി പോവുകയായിരുന്നു സഹദേവൻ…

Leave a Reply

Your email address will not be published. Required fields are marked *