അകലങ്ങളിൽ അടുക്കുന്നവർ
(രചന: Jils Lincy)
ലക്ഷ്മിക്കുട്ടി… ലക്ഷ്മി ക്കുട്ടി വന്നിട്ടുണ്ടോ? ഒന്ന് മയങ്ങി പോയിരുന്നു നഴ്സ് ഉച്ചത്തിൽ വീണ്ടും വിളിക്കുന്ന കേട്ടപ്പോൾ കസേരയിൽ നിന്ന് ചാടി പിടിച്ചെഴുന്നേൽക്കവേ കാലൊന്ന് വേച്ചു പോയി…
പുറകിലിരിക്കുന്ന ഒരാളുടെ ദേഹത്തേക്കാണ് ചെന്ന് വീഴാൻ പോയത് … എന്തോ ഭാഗ്യം കൊണ്ടയാൾ തന്നെ പിടിച്ചു വീഴാതെ നിർത്തി…
നഴ്സിന്റെ ഉച്ചത്തിലുള്ള ശകാരം കേൾക്കുന്നുണ്ടായിരുന്നു… ടോക്കൺ വിളിക്കുമ്പോൾ സമയത്തിന് എത്തിയില്ലായെങ്കിൽ ഇനി അഞ്ചു പേരെ വിളിച്ചിട്ടേ വിളിക്കുകയുള്ളു എന്നൊക്കെ പറയുന്നുണ്ടായിരുന്നു….
പക്ഷേ താനപ്പോഴും തന്നെ പിടിച്ചെഴുന്നേൽപ്പിച്ച ആളുടെ അടുത്ത് നിന്ന് ഒരടി ചലിക്കാനാവാതെ നിൽക്കുകയായിരുന്നു….
ആ സ്പർശം. പിടിച്ചെഴുന്നേൽപ്പിക്കൽ… എല്ലാം തന്റെ ശരീരത്തിലെ ഓരോ അണുവിനും തിരിച്ചറിയാൻ കഴിയുന്നതായിരുന്നു.. ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു.. ഭാസ്കരേട്ടൻ…
അതേ… ആ മുഖം ഏതിരുട്ടത്തും തനിക്ക് തിരിച്ചറിയാൻ കഴിയും…ഇവിടെ എങ്ങനെ?…എന്തിനു?അല്ല അതൊക്കെ താനെന്തിന് തിരക്കണം???
മുഖത്തേക്ക് ഒന്ന് കൂടി നോക്കണം എന്നുണ്ടായിരുന്നു…. സാധിച്ചില്ല.
താങ്ക്സ്… എന്നൊരു വാക്ക് പറഞ്ഞൊപ്പിച്ചു ഞാൻ ഡോക്ടറുടെ റൂമിലേക്ക് കയറി…
എന്തുണ്ട് ലക്ഷ്മിയമ്മേ സുഖമല്ലേ??
ഡോക്ടർ കുശലം ചോദിച്ചു….
വിയർപ്പ് ചാലിട്ടൊഴുകിയ മുഖം ടവൽ കൊണ്ട് അമർത്തി തുടച്ച് ഞാൻ പറഞ്ഞു.. കുഴപ്പമൊന്നും ഇല്ല പിന്നെ ഈ ഇടയായി വല്ലാത്ത നടു വേദന…..
അതുണ്ടാകും… സർജറി നീണ്ട് പോകുംതോറും ഇങ്ങനെ ഓരോന്നായി വന്നു കൊണ്ടിരിക്കും… ഇനിയും നീട്ടി കൊണ്ട് പോയാൽ അപകടമാണ് ഞാനിത് ഒരുപാട് തവണ പറഞ്ഞു കഴിഞ്ഞിരിക്കുന്നു….
മകനെ അറിയിച്ചില്ലേ? കാര്യങ്ങൾ?അറിയിച്ചിട്ടെന്തിനാ? അവനേം കൂടി വിഷമിപ്പിക്കാനോ? അല്ലേലും അവന് വരാൻ പറ്റില്ല കൊ റോ ണ അല്ലേ. കമ്പനി ലീവ് കൊടുക്കില്ല….
മാത്രവുമല്ല അവന്റെ ഭാര്യക്ക് പ്രസവത്തിനു ഡേറ്റ് അടുത്തിരിക്കുന്നു.. ഈ സാഹചര്യത്തിൽ ഞാനെങ്ങനെ അവനെ ഇങ്ങോട്ട് വിളിച്ചു വരുത്തും…..
ലക്ഷ്മിയമ്മ ഒരു കാര്യം ചെയ്യൂ തല്ക്കാലം ഞാൻ കുറച്ചു മെഡിസിൻ എഴുതാം.. പക്ഷേ കൂടുതൽ നാൾ ഇത് കൊണ്ട് പോകില്ല…
ആരെയെങ്കിലും ഒരാളെ കൂട്ടി തൊട്ടടുത്ത ദിവസം തന്നെ സർജറിക്ക് എത്തണം…. ഇപ്പോഴാണെങ്കിൽ u terus remove ചെയ്താൽ മതി… പക്ഷേ ഇനിയും വൈകിയാൽ…
ഞാൻ പറയണ്ടല്ലോ അല്പം സിവിയർ ആണ് കൈ വിട്ട് പോകും കാര്യങ്ങൾ …. ഡോക്ടർ പറഞ്ഞു നിർത്തി……
ഡോക്ടറുടെ റൂമിൽ നിന്നിറങ്ങുമ്പോൾ തളർന്നിരുന്നു.. മതിയായി ഈ ജീവിതം… എന്തിനാണിങ്ങനെ ഈശ്വരൻ തന്നെ പരീക്ഷിക്കുന്നത്?
ഹോസ്പിറ്റലിന്റെ കോ റിഡോറിൽ എവിടെയെങ്കിലും അദ്ദേഹം നിൽക്കുന്നുണ്ടോ എന്ന് നോക്കി.
ഭാഗ്യം… അവിടെങ്ങും കണ്ടില്ല ചിലപ്പോൾ പോയി കാണും…
ഇനി ഒരിക്കലും ആ മുഖം കാണരുതേ എന്നാഗ്രഹിച്ചിരുന്നു. മൂന്ന് വയസ്സുള്ള മകനെയും കൂട്ടി കോടതി വരാന്തയിൽ വെച്ച് അവസാനമായി കാണുമ്പോൾ അച്ഛാ എന്ന് വിളിച്ചു കരഞ്ഞ കുഞ്ഞിനെ തലോടി .
പല്ല് ഞെരിച്ചു തന്നോടു പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ ഇന്നും ര ക്തം തിളയ്ക്കും. ഇതെന്റെ കുഞ്ഞു തന്നെയല്ലേടീ എന്ന്
വെറുപ്പായിരുന്നു തനിക്ക്… വെറും ഏഴാം ക്ലാസ്സ്കാരൻ ഭർത്താവിനോട് ഉള്ള വെറുപ്പായിരുന്നില്ല അത്….
മറിച്ച് ജോലി ഉണ്ടെന്ന ഒറ്റ കാര്യത്താൽ തന്റെ വീട്ടുകാരുടെ കുറ്റം പറച്ചിലിന് സപ്പോർട്ട് നിന്ന് ഭാര്യയെ മനസിലാക്കാത്ത ഒരാളായത് കൊണ്ട്….
വൈകി വരുമ്പോഴെല്ലാം ഓഫീസിലെ ഓരോ ആളെ കൂട്ടി വൃത്തികെട്ട വർത്താനം പറയുന്ന അമ്മയെ പേടിച്ചു ജീവിക്കുന്ന മകനായത് കൊണ്ട്….
പിന്നെ ഒരു കുഞ്ഞുണ്ടായപ്പോൾ ജോലി വേണ്ടെന്ന് വെക്കാൻ പറഞ്ഞു അത് ചെയ്യാത്തപ്പോൾ അവൾക്ക് കുഞ്ഞിനെക്കാൾ വലുതാണ് ജോലി എന്ന് പരിഹസിച്ചത് കൊണ്ട്……
പിന്നെ…. അവസാനമായി… ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്തത് വലിയ തെറ്റായി കാണിച്ചു തന്റെ ഓഫീസിൽ വന്ന് തന്നെയും തന്റെ സഹപ്രവർത്തകനെയും അപമാനിച്ചത് കൊണ്ട്….
ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു വെറുക്കാൻ… സ്നേഹിക്കാൻ കാരണങ്ങൾ കുറവും.. വേണ്ടെന്ന് വെക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല..
ജോലി നൽകിയ ബലം ഉണ്ടായിരുന്നു…..
കൂടാതെ അച്ഛനും അമ്മയും ആങ്ങളമാരും കൂടെ നിന്നു….
പിന്നെയൊരു വിവാഹത്തിന് ധൈര്യമില്ലായിരുന്നു… അല്ല മടുത്തിരുന്നു. നീണ്ട 27 വർഷങ്ങൾ അച്ഛനും അമ്മയും ഇന്നില്ല.
ആങ്ങളമാർ അവരുടെ ജീവിതവുമായി തിരക്കിലാണ്….. പിന്നെ ചെറിയ ചില അകൽച്ചകളും… മോന്റെ കല്യാണം കഴിഞ്ഞു അവൻ ഭാര്യയുമൊത്തു ഓസ്ട്രേലിയയിൽ ആണ്.
അവന്റെ കൂടെ അമ്മ വന്ന് നിൽക്കാൻ പറഞ്ഞിട്ട് കാലങ്ങളായി. ഇവിടം വിട്ട് പോകാൻ കഴിഞ്ഞിരുന്നില്ല…
അവസാനം പോകാൻ തീരുമാനിച്ചപ്പോൾ
രോഗവും ആയി….
വെറും മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ജോലി സ്ഥലങ്ങൾ മാറി പൊയ്ക്കൊണ്ടിരുന്നു.. കേരളത്തിനകത്തും പുറത്തുമായി അതങ്ങനെ വ്യാപിച്ചു… അവസാനം തന്റെ നാട്ടിൽ തന്നെ തിരിച്ചെത്തി….
മകനെ പിന്നീടൊരിക്കൽ പോലും അവന്റച്ഛനെ കാണിച്ചില്ല… അല്ല അങ്ങനൊരവസരം താൻ ഉണ്ടാക്കിയില്ല…
ഇടക്കെപ്പോഴോ ഒന്ന് രണ്ട് തവണ അദ്ദേഹം കുഞ്ഞിനെ അന്വോഷിച്ചു വന്നൂ എന്ന് അമ്മ പറഞ്ഞിരുന്നു… മറുപടി യും സ്വീകരണവും മോശമായിട്ടാവാം പിന്നീട് വന്നിട്ടില്ല…
ഓർമകളിലേക്ക് വീണ്ടും കടക്കുമ്പോഴാണ് മരുന്ന് നൽകാനായി സിസ്റ്റർ പേര് വിളിച്ചത്….
മരുന്നും വാങ്ങി തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു തളർച്ച പോലെ തോന്നിയത്..
നാവൊക്കെ വരണ്ട് പോകുന്നപോലെ വല്ലാത്തൊരവസ്ഥ. മരിച്ചു പോകുന്നപോലെ ഒരു വേദന നടുവിനെയും വയറിനെയും ചുറ്റി വരുന്നുണ്ട്… പിന്നെ ഒന്നും ഓർക്കാൻ പറ്റുന്നില്ല…
ബോധം വരുമ്പോൾ ഓപ്പറേഷൻ തീയേറ്ററിൽ ആയിരുന്നു. ലക്ഷ്മിയമ്മ പേടിപ്പിച്ചു കളഞ്ഞു കേട്ടോ ഡോക്ടർ പറഞ്ഞു.. ഇനി പേടിക്കാനില്ല നാളെ റൂമിലോട്ട് മാറ്റാം….
റൂമിലോട്ട് മാറ്റിയപ്പോളും താൻ വല്ലാത്തൊരവസ്ഥയിലായിരുന്നു… സർജറി കഴിഞ്ഞ ഈ അവസ്ഥയിൽ ആര് സഹായിക്കും തന്നെ…..
വീതം വെച്ചപ്പോൾ തറവാട് തനിക്ക് കിട്ടിയത് കൊണ്ട് അകൽച്ചയിലായ ആങ്ങളമാരിൽ നിന്ന് ഒന്നും ഇനി പ്രതീക്ഷിക്കാനില്ല…
ഇത്രയും കാലം കിട്ടിയ ശമ്പളത്തിൽ നിന്ന് വലിയ പങ്ക് കൊടുത്തിട്ടും ആർത്തി മാറാത്തവർ ഈ അവസ്ഥയിൽ തന്നെ തിരിഞ്ഞു നോക്കില്ല എന്ന് ഉറപ്പാണ്..
വിശാലമായ ഒരു A. C റൂമിലോട്ടാണ് തന്നെ മാറ്റിയത്…. സ്ട്രക്ച്ചറിൽ നിന്ന് അറ്റെൻഡർ തന്നെ എടുത്ത് കിടത്തുമ്പോഴാണ് ആ കൂടെ ഉള്ള ആളെ കണ്ടത്… ഭാസ്കരേട്ടൻ….
ജീവിക്കണ്ടായിരുന്നു എന്ന് തോന്നിപോയി ആ നിമിഷത്തിൽ ആ ഓപ്പറേഷനോട് കൂടെ മരിച്ചു പോയാൽ മതിയായിരുന്നു… അപമാനിത ആയ പോലെ…
ലക്ഷ്മിക്ക് സഹായത്തിനായി ഒരു സ്ത്രീയെ ആക്കീട്ടുണ്ട്.. വൈകിട്ട് വരും… ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു…. താനൊന്നും പറഞ്ഞില്ല… തല വെട്ടിച്ചു കിടന്നു….
വൈകിട്ട് അവർ വന്നു….പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തെ കണ്ടില്ല. അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് വന്നു കൊണ്ടിരുന്ന
ആ സ്ത്രീയിൽ നിന്നറിഞ്ഞു അമ്മ മരിച്ചതും വിവാഹം കഴിക്കാതെയുള്ള തനിച്ചുള്ള താമസവും എല്ലാം……
അത് കേട്ടപ്പോൾ എന്തോ ഒരു ചെറിയ വിഷമം തോന്നി… തനിക്ക് മകനെങ്കിലും ഉണ്ടായിരുന്നു…. കൂട്ടിന്..
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ താൻ തന്റെ ATM കാർഡ് എടുത്തു കൊടുത്തു പക്ഷേ അദ്ദേഹം അത് വാങ്ങിയില്ല…
വീട്ടിലെത്തി തന്നെ റൂമിലാക്കി അദ്ദേഹവും ജോലിക്കാരിയും കൂടിയാണ് എല്ലാം അടിച്ചു തൂത്തു വൃത്തിയാക്കിയത്…..
ഈ ദിവസങ്ങളിൽ എല്ലാം താൻ അവഗണിച്ചിട്ടും ഇങ്ങനെയൊക്കെ പെരുമാറുന്ന ആ മനുഷ്യനോട് എവിടെയോ ഒരു കുഞ്ഞിഷ്ടം തനിക്ക് തോന്നുന്നുണ്ടല്ലോ എന്നോർക്കവേ എനിക്ക് തന്നെ അത്ഭുതം തോന്നി…
പിന്നെ രണ്ടാഴ്ച്ച കഴിഞ്ഞാണ് വന്നത്” അപ്പോഴേക്കും താൻ അത്യാവശ്യം ആരോഗ്യം വീണ്ടെടുത്തിരുന്നു. പതിവില്ലാതെ അദ്ദേഹം റൂമിലേക്ക് കയറി വന്നു…..
ലക്ഷ്മി എനിക്കല്പം സംസാരിക്കാനുണ്ട്…ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല
കസേര എടുത്ത് അദ്ദേഹം എന്റെ അടുത്തേക്ക് വന്നിരുന്നു.. ചെറിയ ചുളിവു വീണ ആ മുഖത്തിൽ വിരിയുന്ന സ്നേഹവും കരുതലും എനിക്ക് കാണാമായിരുന്നു…..
എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്….പക്ഷേ തിരുത്താൻ എനിക്കൊരവസരം നീ തന്നില്ല…
നിന്നെയും തെറ്റ് പറയാനാവില്ല. ഇന്നാലോചിക്കുമ്പോൾ നിനക്കങ്ങനെയെ പറ്റൂ….. നമ്മുടെ മോൻ.. അവനെയും നിന്നെയും കാണാൻ എത്രയോ വട്ടം ഞാനീ വീടിന്റെ മുന്പിലെ റോഡിൽ വന്ന് നിന്നിട്ടുണ്ട്……
പക്ഷെ നീ ഒരിക്കലും അതൊന്നും അറിഞ്ഞിരുന്നില്ല. നിനക്ക് സുഖമില്ലാതെയായി എന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ഹോസ്പിറ്റലിൽ വരാറുണ്ടായിരുന്നു… നീ പോലും അറിയാതെ….
ലക്ഷ്മി പോയ വർഷങ്ങ്ൾ ഇനി തിരിച്ചു വരില്ല നഷ്ടങ്ങളുടെ കണക്ക് നോക്കിയാൽ നമ്മൾ തുല്യ ദുഃഖിതർ
ആണ്… പക്ഷേ ഇനിയെങ്കിലും എന്നോട് ക്ഷമിച്ചൂടെ…
വീട്ടുകാരും ബന്ധുക്കളും എന്റെ ദുരഭിമാനവും ചേർന്ന് നഷ്ടപ്പെടുത്തിയ നമ്മുടെ കുഞ്ഞു ജീവിതം നമ്മുടെ മരണത്തിന് മുൻപെങ്കിലും നമുക്ക് സ്വന്തമാക്കി കൂടെ……
ഞാനൊന്നും മിണ്ടിയില്ല… 27 വർഷങ്ങളുടെ വെറുപ്പും ദേഷ്യവും എല്ലാം കണ്ണീരായി എന്റെ കവിൾ നനച്ചൊഴുകി കൊണ്ടിരുന്നു…
കരഞ്ഞു നനഞ്ഞ എന്റെ മുഖം കൈക്കുള്ളിലാക്കി അദ്ദേഹം പറഞ്ഞു കുറെ കരഞ്ഞതല്ലേ ഇനി കരയണ്ട…. കരയാൻ ഞാൻ സമ്മതിക്കില്ല.
മൂന്നു മാസങ്ങൾക്ക് ശേഷം ഞങ്ങളിന്ന് ഓസ്ട്രേലിയക്ക് പോവുകയാണ്… ഞങ്ങളുടെ കൊച്ചുമോനെ കാണാനും…. പിന്നെ…. പിന്നെ… ഞങ്ങളുടെ രണ്ടാം ഹണിമൂൺ ട്രിപ്പിനും..
ഫ്ലൈറ്റ് ഉയർന്നു പൊങ്ങുമ്പോൾ ഞാൻ ഭാസ്കരേട്ടന്റെ കൈ പിടിച്ചു ആ ചുമലിലോട്ട് തല ചായിച്ചു …. ഇനി ഒരിക്കലും പിരിയാൻ ആവാത്ത പോലെ…
ചിലപ്പോൾ ഇന്നലെകളിലെ ശരി നാളെയുടെ തെറ്റാകാം…. നാളെയിലെ ശരി ഇന്നലെകളിലെ തെറ്റും…. ജീവിതമാണ്…. ചിലപ്പോഴൊക്കെ വിട്ടു വീഴ്ചകളും സുന്ദരമാണ് …