(രചന: J. K)
“” സുധീഷേട്ടനോട് ചന്ദ്രൻ ചെറിയച്ഛൻ വിളിക്കാൻ പറഞ്ഞിട്ട് സുധീഷേട്ടൻ എന്താ വിളിക്കാഞ്ഞത്?? “”
ഉച്ചയ്ക്ക് ഉണ്ണാൻ വന്നപ്പോൾ അഞ്ചു ചോദിച്ചത് കേട്ട് സുധീഷ് അവിടെ നിന്നും മാറി പോയി…
അയാൾക്ക് അറിയാമായിരുന്നു കൂടുതൽ എന്തെങ്കിലും അതിനെപ്പറ്റി പറയാൻ നിന്നാൽ അതൊരു വലിയ വഴക്കിലെ കലാശിക്കു എന്ന് അതുകൊണ്ടുതന്നെ മിണ്ടാതെ പോകുന്നതാണ് നല്ലത്…
ഇനിയും അവിടെ ഊണ് കഴിക്കാനായി നിന്നിട്ടുണ്ടെങ്കിൽ സ്വൈര്യം തരില്ല പെണ്ണ് അതുകൊണ്ടുതന്നെ നേരെ കുട്ടേട്ടന്റെ കടയിലേക്ക് നടന്നു അവിടെ നിന്നും ഊണ് കഴിച്ച് ജോലിക്ക് തന്നെ കയറണം….
“” ഇന്നും വഴക്കാണോ?? “””കുട്ടേട്ടൻ ചോദിച്ചു ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൈ കഴുകി കഴിക്കാൻ ഇരുന്നു..
തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് വഴക്കിടുമ്പോഴാണ് ചോറൂണ്ണാനായി ഇവിടേക്ക് വരാറ് അത് കുട്ടേട്ടന് അറിയാം അതുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം….
“” എടാ അവൾ പറയുന്നതിലും ന്യായമില്ലേ ഇവിടെ ഇങ്ങനെ ഈ പെയിന്റ് പണിക്ക് നടന്നിട്ട് എന്തോ കിട്ടാനാ…. ഒരു വീട് എങ്കിലും ഉണ്ടോ നിങ്ങൾക്ക്??..
- ആ തറവാട്ട് വീട് എല്ലാവരുടെയും കൂടെയല്ലേ.. എല്ലാവർക്കും നുള്ളി കൊടുത്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് എന്തോ കിട്ടും എന്നാ വിചാരിക്കുന്നേ….?? “”കുട്ടേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാൻ തോന്നിയില്ല വെറുതെ ഒന്ന് ചിരിച്ച് അവിടെ നിന്ന് ജോലി സ്ഥലത്തേക്ക് നടന്നു…അഞ്ജുവിനെ വിവാഹം കഴിക്കുമ്പോഴും തനിക്ക് ഇത് തന്നെയായിരുന്നു ജോലി പെയിന്റിംഗ് പണി…
അവളുടെ വീട്ടിലുള്ളവരെല്ലാം അത്യാവശ്യം നല്ല നിലയിലാണ് എന്നോടുള്ള പ്രണയം കാരണം പെണ്ണ് ഇത് തന്നെ മതി വിവാഹം എന്നു പറഞ്ഞ ഒറ്റക്കാലിൽ നിന്നതാണ്
വീട്ടുകാർ പഠിച്ച പണി പതിനെട്ടും നോക്കി അവളെ ഈ ബന്ധത്തിൽ നിന്ന് മാറ്റാൻ ചത്തുകളയും എന്നായിരുന്നു ഭീഷണി അതു തന്നെയാണ് ഞങ്ങളുടെ വിവാഹം നടക്കാൻ കാരണവും….
അവളുടെ കുടുംബത്തിലെ വന്നു കയറിയ ചെക്കന്മാർക്ക് എല്ലാം നല്ല ജോലിയുണ്ട് അവളുടെ ഭർത്താവിന് മാത്രമാണ് പെയിന്റിംഗ് പണി..
അവൾക്കതിൽ പോരായ്മ ഉണ്ടായിട്ടല്ല പക്ഷേ എന്തെങ്കിലും ഫംഗ്ഷൻ ഒക്കെ ഉണ്ടാവുമ്പോൾ എല്ലാവരും എന്നോട് മുന വെച്ച് സംസാരിക്കും അത് അവൾക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്….
ഞങ്ങൾ താമസിക്കുന്നത് അമ്മയുടെ തറവാട്ടിലാണ് അമ്മയുടെ തറവാട് എന്ന് പറഞ്ഞാൽ മാമന്മാർക്കും അമ്മയുടെ അനിയത്തിക്കും ചേച്ചിമാർക്കും എല്ലാം അതിൽ അവകാശമുണ്ട്…
ആകെയുള്ളത് ആ വീടും അതിന്റെ ഇട്ടാവട്ടം ഇത്തിരി സ്ഥലവും ആണ് അത് എല്ലാവർക്കും കൂടി വീതിച്ചു കൊടുത്താൽ പിന്നെ ഒന്നും ഉണ്ടാവില്ല താനും..
ഒരു വീട് വയ്ക്കണം ഞങ്ങളുടെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് അങ്ങോട്ട് മാറി താമസിക്കണം എന്നൊക്കെ അവൾക്ക് വലിയ മോഹമാണ്…
പക്ഷേ ഇവിടുത്തെ ഓരോ കാര്യങ്ങൾക്ക് ചെലവാക്കിയാൽ പിന്നെ കയ്യിൽ ഒന്നും ഉണ്ടാവില്ല നീക്കിയിരിപ്പ്…
കഴിഞ്ഞ തവണ അവളുടെ ഏതോ ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയപ്പോൾ അവളുടെ ചെറിയച്ഛനും അവിടെ ഉണ്ടായിരുന്നു… ദുബായിൽ എന്തോ നല്ല ജോലിയാണ് അയാൾക്ക് അത്യാവശ്യം പണവും ഉണ്ട്
ചെറിയച്ഛന് അവളോട് നല്ല സ്നേഹമാണ് അയാൾക്ക് പെൺകുട്ടികൾ ഇല്ല അതുകൊണ്ട് തന്നെ അഞ്ചു സ്വന്തം മോളെ പോലെയാണ്..
അതുകൊണ്ടാവാം അവൾ അയാളോട് പറഞ്ഞത് ഞങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തെപ്പറ്റി എന്നോട് പാസ്പോർട്ട് എല്ലാം എടുത്തു വയ്ക്കാൻ പറഞ്ഞു…പക്ഷേ അവൾ എത്ര പറഞ്ഞിട്ടും ഞാൻ പാസ്പോർട്ട് എടുക്കാൻ ശ്രമിച്ചില്ല.. അതിന് അവൾക്ക് ചില്ലറയൊന്നുമല്ലായിരുന്നു പരാതി…
വീട്ടിലേക്ക് കയറിച്ചെന്നാൽ തുടങ്ങും സമാധാനം തരാതെ ഇങ്ങനെ ഓരോന്ന് പറയാൻ അവിടെ നിന്നും ഇറങ്ങി പോരുക എന്നല്ലാതെ എനിക്ക് മറ്റു വഴികൾ ഒന്നും ഇല്ലായിരുന്നു….
അതുകൊണ്ടുതന്നെ ഇന്ന് രണ്ടെണ്ണം മിനുങ്ങിയിട്ടാണ് ഞാൻ അങ്ങോട്ട് കേറി ചെന്നത്.. എന്റെ രണ്ടു കുഞ്ഞുങ്ങളും ഉറക്കമായിരുന്നു എന്റെ ആഗ്രഹം പോലെ തന്നെ രണ്ട് മാലാഖ കുഞ്ഞുങ്ങൾ…
അതുങ്ങളുടെ അടുത്ത് പോയിരുന്നു മുടിയിൽ മെല്ലെ തലോടി…
അപ്പോഴേക്കും എത്തിയിരുന്നു അവൾ ഭദ്രകാളിയായി…ഈ കാണിച്ചു കൂട്ടുന്നത് ഒക്കെ ഉള്ളൂ ആള് പാവമാണ്… എല്ലാവർക്കും വേണ്ടിയാണ് അവൾ പറയുന്നതും രണ്ടു പെൺകുട്ടികളാണെന്ന് ഉള്ള കാര്യം അവൾക്ക് എപ്പോഴും ഒരു ഭയമായിരുന്നു…
ആദ്യം അവൾ ചാടിതുള്ളി ഓരോന്ന് പറഞ്ഞു ഒന്നും മിണ്ടാതെ അതെല്ലാം ഞാൻ കേട്ടിരുന്നു അതുകൊണ്ടാവണം കുറച്ചു
- കഴിഞ്ഞപ്പോൾ അവളുടെ സ്വരത്തിന് അല്പം മയം ഒക്കെ വന്നത് എന്റെ അരികിൽ വന്ന് എന്റെ കൈ അവൾ അവളുടെ കയ്യോട് കോർത്ത് പിടിച്ചു എന്നിട്ട് മെല്ലെ പറയാൻ തുടങ്ങി..”” സുധീഷ് ഏട്ടാ ഞാനീ പറയുന്നത് നമ്മുടെ മക്കൾക്കും നമുക്കും വേണ്ടിയാ നമുക്കും വേണ്ടേ ഒരു ജീവിതം എന്നും മാമന്മാർ വന്നിട്ട്
- ഇവിടെ പ്രശ്നമുണ്ടാക്കുന്നത് കണ്ടില്ലേ അവരുടെ ഭാഗം വീതിച്ചു കൊടുക്കണം നമ്മളിവിടെ നിന്നും ഇറങ്ങണം എന്നെല്ലാം പറഞ്ഞ്…അവരത് എന്ന് നടത്തിയെടുക്കുക എന്നൊന്നും പറയാൻ പറ്റില്ല അപ്പൊ നമ്മൾ എന്താ വേണ്ടത് അത് അനുസരിച്ച് മാറുകയല്ലേ…??പക്ഷേ എങ്ങോട്ട് പോകും ഈ രണ്ടു മക്കളെയും വെച്ച് നമുക്ക് എങ്ങോട്ട് പോകാൻ കഴിയും… അതുകൊണ്ട് ഞാൻ പറയുന്നത് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ചെറിയച്ഛൻ അവിടെ നല്ല ഒരു ജോലി ശരിയാക്കിയിട്ടാണ് വിളിക്കുന്നത്…
അധികകാലം ഒന്നും വേണ്ട ഒരു രണ്ടോ മൂന്നോ വർഷം നമ്മളുടെ കടങ്ങൾ എല്ലാം വേണ്ടി ഒരു കൊച്ചു കൂരയും പണിതിട്ട് ഏട്ടൻ ഇങ്ങോട്ട് പോരെ…
- പിരിയാനുള്ള മോഹം കൊണ്ടോ വലിയവീട്ടിൽ താമസിക്കാനുള്ള കൊതി കൊണ്ടോ അല്ല… മക്കളെയും കൊണ്ട് തെരുവിലിറങ്ങാനുള്ള പേടികൊണ്ടാ…””അവസാനം പറയുമ്പോൾ അവളുടെ സ്വരം പതറുന്നുണ്ടായിരുന്നു….അവളെ ചേർത്ത് പിടിച്ചു എന്നിട്ട് പറഞ്ഞു…”” ഞാൻ ജനിക്കും മുമ്പ് മരിച്ചതാ എന്റെ അച്ഛൻ.. ഓരോരുത്തരുടെയും അച്ഛന്മാർ മിട്ടായിരുന്നു മറ്റുമായി വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക്
- പോകുമ്പോൾ ഞാൻ എത്രയോ തവണ മോഹിച്ചിട്ടുണ്ട് ഒരു തവണയെങ്കിലും എനിക്ക് ആ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ എന്ന്..അച്ഛനെ കെട്ടിപ്പിടിച്ച് ഒന്ന് കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്… പക്ഷേ ഒന്നിനും കഴിഞ്ഞില്ല.. പട്ടിണിയും പരിവട്ടവുമായി ഞാൻ ഇങ്ങനെ കഴിഞ്ഞുപോന്നു ഒരു പ്രായം എത്തിയപ്പോൾ അമ്മയും എന്നെ വിട്ടുപോയി…ആരോരും ഇല്ലാതാകുന്നതിന്റെ വേദന അറിയാമോ നിനക്ക്.. അത് ഊഹിക്കാവുന്നതിലും അപ്പുറത്താണ്… ആവോളം അനുഭവിച്ചതാണ് ഞാനത്…
നീ കാണാറില്ലേ അഞ്ചു ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ എന്നെ കാത്തുനിൽക്കുന്ന നമ്മളുടെ മക്കളെ..അവരുടെ ഈ പ്രായം എന്നോടുള്ള സ്നേഹം ഈ നെഞ്ചിൽ കിടത്തി അവരെ ഉറക്കാൻ ഇപ്പോഴേ പറ്റൂ… പറ്റണില്ല അതുങ്ങളെ വിട്ട് മറ്റൊരു നാട്ടിലേക്ക് പോകാൻ… നല്ലതായാലും തീരത്തായാലും ഇവിടെ നിന്റേയും മക്കളുടെയും ഇടയിൽ… അതാണ് എന്റെ മോഹം”””
ഞാൻ പറഞ് അവളെ നോക്കിയതും അവളുടെ മിഴികൾ നിറയാൻ തുടങ്ങിയിരുന്നു…
“””ഇവിടം നമുക്ക് അവർക്ക് വീതിച്ചു കൊടുത്തേക്കാം നമുക്കൊരു വാടക വീട്ടിലേക്ക് മാറാം.. പിന്നെ ഈ ദുബായിൽ പോയി വാരി കൊണ്ടുവരാം
- എന്നൊന്നും കരുതണ്ട അതൊക്കെ പണ്ടായിരുന്നു ഇപ്പോൾ അവിടെയും ജീവിത ചിലവും മറ്റും കൂടുതലാണ് ശമ്പളം കുറവ് പോരാത്തതിന് സ്വദേശവൽക്കരണവും…ഇവിടുത്തെ പാർട്ടീഷൻ കഴിഞ്ഞാൽ നമുക്ക് കിട്ടുന്ന ഷെയർ വെച്ച് എവിടെയെങ്കിലും ഒരു അഞ്ചുസെന്റ് നമുക്ക് വാങ്ങാം..
- അതിൽ സ്വർഗ്ഗം പോലെ ഒരു കുഞ്ഞു വീട്.. അതുപോരേടി നമുക്ക്.. ആരെ ബോധിപ്പിക്കാനാ… നമ്മൾ സന്തോഷമാണോ അല്ലയോ എന്ന് നമ്മൾ മാത്രം അറിഞ്ഞാൽ പോരെ…അതുമതി എന്നുപറഞ്ഞ് അവളെ അപ്പോഴേക്കും അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…ആരോടൊക്കെയോ മത്സരമായിരുന്നു തന്റെ ഉള്ളിലും.. പലപ്പോഴും പലരും കളിയാക്കുന്നത് നന്നായി കൊണ്ടിരുന്നു അതുകൊണ്ടുതന്നെ അവരെക്കാൾ ഒരു പടി മുന്നിലെത്തണം എന്നൊരു മത്സരം ഉണ്ടായിപ്പോയി. അതിനുവേണ്ടിയുള്ള വെപ്രാളം ആയിരുന്നു…
അവിടെ താൻ എല്ലാം മറന്നു.. കുഞ്ഞുങ്ങൾക്ക് ഈ പ്രായത്തിൽ അവരുടെ അച്ഛൻ വേണം എന്ന് പോലും താൻ ഒന്ന് ഗൗനിചില്ല അവൾക്ക് സ്വയം നിന്ദ തോന്നി…
സുധീഷിനോട് മാപ്പ് പറഞ്ഞു.. അവളെ അത് പറയാൻ വിട്ടില്ല സുധീഷ് ചേർത്തുപിടിച്ചു അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു…
ആഗ്രഹം പോലെ തന്നെ അഞ്ചു സെന്ററിൽ ഒരു കുഞ്ഞു വീട് വെച്ച് അങ്ങോട്ടേക്ക് മാറി അവരുടെതായ സ്വർഗത്തിൽ അവർ ജീവിക്കുമ്പോൾ ഇടയ്ക്ക് തമാശപോലെ സുധീഷ് ചോദിച്ചിരുന്നു അഞ്ചു വിനോട് ഇനിയെന്ന ഞാൻ ദുബായിലേക്ക് പോകേണ്ടത് എന്ന്…
അപ്പോഴൊക്കെ കൂർപ്പിച്ച് ഒരു നോട്ടം അവൾ തിരികെ നൽകിയിരുന്നു.. ഉള്ളിൽ ഒരായിരം സന്തോഷം ഒളിപ്പിച്ചുവെച്ച്…