ഭാര്യ ചെറിയ പ്രായത്തിൽ തന്നെ നഷ്ടപ്പെട്ടതിന്റെ കോംപ്ലക്സ് ആണത്രേ എനിക്ക് മറ്റൊരു വിവാഹം കഴിച്ചാൽ എന്റെ ഈ ഭ്രാന്ത് മാറുമത്രേ…

(രചന: J. K)

“”” അനുശ്രീയുടെ വീടല്ലേ.. ഇത് തിരുമിറ്റക്കോട് നിന്നാണ്.. മോളുടെ ജാതകക്കുറിപ്പും ഗ്രഹനിലയും ഞങ്ങൾക്ക് കിട്ടിയിരുന്നു ഇവിടെ മോന്റെതുമായി ഒത്തു നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ട് നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞങ്ങൾക്ക് ആ കുട്ടിയെ ഒന്ന് വന്ന് കാണാമായിരുന്നു… “”

ഫോണെടുത്തതും ജഗന്നാഥൻ കേട്ടത് ഇതാണ് അയാൾ എന്ത് വേണം എന്നറിയാതെ നിന്നു…

അപ്പുറത്തുനിന്ന് വീണ്ടും ചോദ്യം ആവർത്തിച്ചു അതുകൊണ്ടുതന്നെ ഞാൻ പിന്നെ പറയാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു…

ശ്രീക്കുട്ടി അവൾക്ക് വിവാഹപ്രായം ആയെന്നോ?? ഉള്ളിലൂടെ ഒരു കൊള്ളിയൻ മിന്നി പോയി ജഗന്നാഥന്..

മീന മരിച്ചതിൽ പിന്നെ ശ്രീക്കുട്ടിക്ക് താനും തനിക്ക് ശ്രീക്കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത് അവളെ ഒരിക്കൽപോലും പിരിയേണ്ടി വന്നിട്ടില്ല..

ദൂരെ കോളേജിലേക്ക് അവൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ അഡ്മിഷൻ കിട്ടിയിട്ട് പോലും സമ്മതിക്കാതെ ഇവിടെ അടുത്ത് തന്നെ ദിവസവും പോയി വരാവുന്ന ദൂരത്തുള്ള കോളേജിലേക്ക് അവളെ പറഞ്ഞയച്ചത് അവളെ പിരിയേണ്ടി വരും എന്ന് ഭയപ്പെട്ടിട്ടാണ്…

ഇപ്പോൾ വിവാഹം എന്നൊക്കെ പറഞ്ഞാൽ എന്നെന്നേക്കുമായി പിരിയേണ്ടതല്ലേ ഓർക്കും തോറും അയാൾക്ക് നെഞ്ചിടിപ്പേറി….എന്തു ചെയ്യണം എന്ന് പോലും അറിയാതെ ഇരുന്നു ജഗന്നാഥൻ..

തന്റെ അച്ഛനും അമ്മയ്ക്കും താൻ ഏക മകനായിരുന്നു അതിന്റെ എല്ലാ വിഷമതകളും താൻ അനുഭവിച്ചിട്ടുമുണ്ട് അതുകൊണ്ടാണ് തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഒരിക്കലും ഒരു കുഞ്ഞു

മാത്രമായിരിക്കില്ല അവൾക്ക് ഒരു സഹോദരനോ സഹോദരിയോ കൂടി വേണം എന്ന് പണ്ടേ തീരുമാനിച്ചിരുന്നു പക്ഷേ വിധി അത് നമ്മുടെ തീരുമാനങ്ങൾക്കും അപ്പുറത്താണല്ലോ…

മീന അതായിരുന്നു അവളുടെ പേര് തന്റെ ജീവിതത്തിലേക്ക് വലതുകാൽ എടുത്ത് വച്ചു കയറി വന്നവൾ.. ഒരു പാവം ആയിരുന്നു സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരുവൾ തന്നെയും അമ്മയെയും അവൾ പൊന്നുപോലെ നോക്കി…

വീടൊരു സ്വർഗം തന്നെ ആയി മാറിയിരുന്നു അങ്ങനെയാണ് അവൾക്കുള്ളിൽ എന്റെ കുഞ്ഞ് ഉടലെടുത്തിട്ടുണ്ട് എന്നറിഞ്ഞത് പിന്നെ സന്തോഷത്തിന് അതിരില്ലായിരുന്നു…

അമ്മ അവളെ ഒരു ജോലിയും ചെയ്യാൻ വിടാതെ പൊന്നുപോലെ നോക്കി ഈ പത്തു മാസക്കാലവും അവൾക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും നിറവേറ്റി കൊടുത്തു അവളും സന്തോഷവതി ആയിരുന്നു

പക്ഷേ എല്ലാം താറുമാറാക്കി കൊണ്ടാണ് കുഞ്ഞു ജനിച്ചത് അമിതമായ രക്തസ്രാവം മൂലം അവളെ ഞങ്ങൾക്ക് നഷ്ടപ്പെടുമ്പോൾ മുലപ്പാലിനായി ഞങ്ങളുടെ കുഞ്ഞ് കരയുകയായിരുന്നു….

ഒടുവിൽ നേഴ്സ് ആണ് വന്നിട്ട് എങ്ങനെയാണ് കുഞ്ഞിന് പൊടി പാല് കൊടുക്കേണ്ടത് എന്ന് പറഞ്ഞത്… വേറെ നിവൃത്തിയില്ലാതെ അച്ഛൻ ആയ താൻ അത് ഏറ്റെടുത്തു… അന്നുമുതൽ അവൾ തന്റെ നെഞ്ചിലേറിയതാണ് തന്റെ എല്ലാമായി..

അവളോടുള്ള സ്നേഹം പ്രാന്തമായിരുന്നു ഒരുതരം വല്ലാത്ത പൊസസീവ്നെസ്.. അമ്മ കൂടി പോയതോടെ അത് കൂടി ഞങ്ങളുടെ ലോകം ഇത് മാത്രമായി…

വീണ്ടും അവർ വിളിച്ചപ്പോൾ മോളെ ഇപ്പോൾ കല്യാണം കഴിച്ചു കൊടുക്കുന്നില്ല എന്ന് തന്നെ പറഞ്ഞു..

ഞങ്ങൾക്കിടയിലേക്ക് വേറൊരാൾ കടന്നുവരുന്നത് ആലോചിക്കാൻ പോലും വയ്യായിരുന്നു അതുകൊണ്ടാണ് രണ്ടാമതൊരു വിവാഹം ആരൊക്കെ തന്നെ പറഞ്ഞിട്ടും കഴിക്കാതിരുന്നത്…

കുറെ ആലോചിച്ച് ഒടുവിൽ ഒരു തീരുമാനമെടുത്തു ഇവിടെ ഞങ്ങളുടെ ഇടയിൽ വന്നു നിൽക്കാൻ സമ്മതമുള്ള ഒരാൾക്ക് മാത്രമേ അവളെ വിവാഹം കഴിച്ചു കൊടുക്കൂ എന്ന്.. അപ്പോൾ എന്റെ കൺമുന്നിൽ എങ്കിലും അവൾ ഉണ്ടാകുമല്ലോ..

അവളോട് ഞാൻ ഇതിനെപ്പറ്റി സംസാരിച്ചു അവൾക്ക് പക്ഷേ വലിയ താല്പര്യം ഒന്നും കണ്ടില്ല..

ഒടുവിൽ എന്റെ ശ്രീക്കുട്ടി എന്നോട് തുറന്നു തന്നെ പറഞ്ഞു കോളേജിൽ പഠിക്കുന്ന ഒരു സീനിയർ ചെക്കനുമായി അവൾക്ക് പ്രണയമാണ് എന്ന്…

എനിക്കെന്തോ അത് അംഗീകരിക്കാനായില്ല കാരണം ആ ചെറുക്കന്റെ വീട്ടുകാരെല്ലാം അമേരിക്കയിലാണ് അവനും ഇവിടുത്തെ പഠനം കഴിഞ്ഞാൽ അങ്ങോട്ടേക്ക് പോകും

പോകുമ്പോൾ കല്യാണം നടത്തി അവളെയും കൊണ്ട് പോകാൻ ആണ് അവരുടെ പ്ലാൻ എന്റെ കാണാമറയത്തേക്ക് അവൾ പോകും എന്നറിഞ്ഞതും എനിക്കാകെ വല്ലാതായി…

ഇത് നടക്കില്ല എന്നറിഞ്ഞതും അവൾ ആകെ മാറി എന്റെ ശ്രീക്കുട്ടി അല്ലാതായി പല കാര്യങ്ങൾക്കും എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി..

അവൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കാൻ വിടാത്തത് അവളുടെ ഇഷ്ടത്തിന് അവളെ നടത്താത്തത് എല്ലാം എണ്ണി എണ്ണി അവൾ എന്നോട് പറഞ്ഞു…

എന്റെ പിടിവാശി ആണത്രെ അവളുടെ ജീവിതം ഇങ്ങനെയാകാൻ കാരണം ഇനി അവളുടെ ഫാമിലി ലൈഫ് കൂടി എന്നോട് തീരുമാനിക്കേണ്ട അത് അവൾ തന്നെ തീരുമാനിച്ചോളാം എന്ന് പറഞ്ഞു…

അമ്മയുണ്ടായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് ഇങ്ങനെത്തെ ദുരനുഭവങ്ങൾ ഉണ്ടാവില്ല എന്നുകൂടി അവൾ പറഞ്ഞത് ഞാൻ ആകെ തകർന്നു പോയി..

അവളിൽ നിന്ന് ഇങ്ങനെയൊക്കെ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല… ഞാൻ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം അവൾക്ക് പൂർണ്ണ സമ്മതമാണ് എന്നാണ് ഞാൻ കരുതിയിരുന്നത് അല്ലെങ്കിൽ അവളോട് ഞാൻ അത് ചോദിച്ചിരുന്നുമില്ല എന്റെ കയ്യിൽ തന്നെയാണ് തെറ്റ്…

ചെറുപ്പം മുതൽ അവൾക്കുവേണ്ടി ഓരോന്ന് വാങ്ങുന്നതും ചെയ്യുന്നതും എല്ലാം താൻ തന്നെയാണ് വലുതായിട്ടും അത് തുടർന്നു. കാരണം അവൾ വലുതായി എന്ന് എനിക്ക് മനസ്സിലാകുന്നില്ല ആയിരുന്നു എപ്പോഴും അവൾ എന്റെ ആ പഴയ കുഞ്ഞ് മോള് തന്നെയായിരുന്നു..

പക്ഷേ ഇപ്പോൾ ആണ് ആദ്യമായി തിരിച്ചു ചിന്തിച്ചത്…ഭാര്യ ചെറിയ പ്രായത്തിൽ തന്നെ നഷ്ടപ്പെട്ടതിന്റെ കോംപ്ലക്സ് ആണത്രേ എനിക്ക് മറ്റൊരു വിവാഹം കഴിച്ചാൽ എന്റെ ഈ ഭ്രാന്ത് മാറുമത്രേ…

എന്റെ പൊന്നുമോളുടെ കണ്ടുപിടിത്തമാണ്…അവൾ അത് പറഞ്ഞതും എനിക്ക് ആകെ ഭ്രാന്ത് പിടിക്കും പോലെയായി ഞാൻ അവളോട് ചോദിച്ചു..

നീയെന്താ കരുതിയത് എനിക്ക് മറ്റൊരു വിവാഹം കഴിക്കാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യാതെ ഇരുന്നത് എന്ന് അല്ലെങ്കിൽ നാട്ടുകാരുടെ കരുതും എന്ന് കരുതിയാണ് ഞാൻ വിവാഹിതൻ ആവാത്തത് എന്നോ… ഭാര്യയോ ഭർത്താവും മരിച്ച ആളുകൾക്ക് പിന്നീടുള്ള ജീവിതം ഏകാന്തമാണ്..

പക്ഷേ അത് വിചാരിച്ച് നമ്മൾ കൂടെ കൂട്ടുന്നയാൾക്ക് നമ്മളുടെ പ്രിയപ്പെട്ടവരെ അതേപോലെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയൊരു തെറ്റായി മാറും. ഞാൻ കാരണം അങ്ങനെ ഒരു തെറ്റ് ഇവിടെ ഉണ്ടാവരുത് എന്ന് കരുതി മാത്രമാണ് ഞാൻ അന്നത് ചെയ്യാതിരുന്നത്…..

നീ തന്നെയാണ് എന്റെ ലോകം എന്ന് കരുതി നിനക്കും അതുപോലെയാകും എന്ന് കരുതി…

പക്ഷേ നിന്റെ മനസ്സിൽ എന്നെ പറ്റി ഇങ്ങനെയൊക്കെയാണ് ചിന്താഗതി എന്നുള്ളത് നിനക്ക് തിരിച്ച് പറയാമായിരുന്നു. എങ്കിൽ അന്നേ ഞാൻ മാറ്റി ചിന്തിക്കാൻ തുടങ്ങിയേനെ…

സ്നേഹം എന്നത് പലപ്പോഴും അന്ധമാണ് മോളെ അത് പല യാഥാർത്ഥ്യങ്ങളും നമ്മുടെ കൺമുന്നിൽ കാണിച്ചു തരില്ല അതുകൊണ്ടുതന്നെ അച്ഛനൊന്നും മനസ്സിലായിരുന്നുമില്ല…

ഇപ്പോൾ ഞാൻ എന്റെ തെറ്റ് മനസ്സിലാക്കുന്നു… ഇനി നിനക്ക് നിന്റെ ഇഷ്ടപ്രകാരം ജീവിക്കാം ആരെ വേണമെങ്കിലും സ്വീകരിക്കാം…..ഞാൻ ഒന്നും പറയില്ല….

അവിടെ നിന്നും നടന്നു നീങ്ങി അപ്പോൾ അവളുടെ ചെറിയൊരു ദേഷ്യം മനസ്സിൽ തോന്നിയെങ്കിലും അയാൾ ചിന്തിച്ചു നോക്കിയപ്പോൾ ശരിയും തെറ്റും അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ഇത്രയും നാളും താൻ അന്ധനായിരുന്നു..

മകളോടുള്ള സ്നേഹത്തിന്റെ വാത്സല്യത്തിന്റെ പേരിൽ അന്ധൻ..അവിടെ താൻ അവളെ കണ്ടെന്ന് നടിച്ചില്ല..

അവളുടെ ആഗ്രഹങ്ങൾ എന്തെന്ന് ചോദിച്ചില്ല എല്ലാം താൻ തെരഞ്ഞെടുത്തു ഇത് അവൾക്ക് ഇഷ്ടമാകും എന്ന് കരുതി.

സ്നേഹവും അധികമായാൽ അത് സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും എന്ന് എവിടെയോ വായിച്ചത് ഓർമ്മ വന്നു…

അതെ ശരിയാണ് പക്ഷേ ആ സ്നേഹം കൊടുക്കുന്നവന് അത് പലപ്പോഴും മനസ്സിലാകുന്നുണ്ടാവില്ല എന്ന് മാത്രം. അവർ തിരിച്ചും അതുപോലെ തന്നെയാണ് എന്ന് കരുതി സ്നേഹിച്ചുകൊണ്ടേയിരിക്കും ഭ്രാന്തമായി…

വല്ലാത്ത ഒരു കുരുക്കാണത് സ്നേഹിക്കുന്നയാൾക്ക് വേദനിക്കേണ്ട എന്ന് കരുതി പലതും സഹിക്കേണ്ടി വരുന്ന നിസ്സഹായരായി പോകുന്നുണ്ട് പലരും…

ഇത്രനാളും അവളോട് ചെയ്തുകൊണ്ടിരുന്ന തെറ്റ് എനിക്ക് മനസ്സിലായി അത് തിരുത്താൻ എന്താണ് മാർഗവും എന്നെനിക്കറിയാമായിരുന്നു അല്പം വൈകി എങ്കിലും…

വീണ്ടും അവളുടെ അടുത്തേക്ക് തന്നെ ചെന്നു. അവൾ ആകെ തകർന്നിരിക്കുന്നുണ്ടായിരുന്നു..

വാത്സല്യപൂർവ്വം അവളുടെ തലയിൽ തലോടി എന്നിട്ട് പറഞ്ഞു ആ ചെക്കനെ അച്ഛൻ വിളിച്ചു സംസാരിക്കാം എല്ലാം തീരുമാനിക്കാം എന്ന് അപ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ ചിരിക്ക് പത്തരമാറ്റിന്റെ തിളക്കം ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *