എന്റെ മോളെ സഹിക്കാൻ പറ്റാതാണ് അവളുടെ പപ്പാ ഞങ്ങളിൽ നിന്നും പോയത്…

ഒഴുക്കിലൊരു ഒറ്റയില
(രചന: Jolly Shaji)

മരിയ ജോലി തീർത്തു ധൃതിയിൽ പോകാൻ തുടങ്ങുമ്പോളാണ് സിസ്റ്റർ ആനി ഹെല്പ് ചോദിച്ചു വരുന്നത്…

സിസ്റ്റർ ആ ഇരുപത്താറിലെ പേഷ്യന്റിനെ ഒന്ന് തിരിച്ചു കിടത്താൻ സഹായിച്ചിട്ടു പോകുമോ അയ്യോ സിസ്റ്ററെ ഞാൻ ചെല്ലുന്നതും നോക്കിയിരിക്കുവാ ആ ശ്രീലങ്കൻ പെണ്ണ് പോകാൻ…

അപ്പുറത്ത് നിന്നും സീമയെ ഞാൻ പറഞ്ഞു വിട്ടേക്കാം പോകുമ്പോൾ…അത്രയും പറഞ്ഞു മരിയ ബാഗും എടുത്തോടി… പുറത്ത് എത്തുമ്പോൾ വാൻ സ്റ്റാർട്ട് ആക്കി നിർത്തിയിട്ടുണ്ട്…

മരിയ സിസ്റ്ററേ പിങ്കി മോൾ എന്തെടുക്കുന്നു.. ഷീന സിസ്റ്റർ ആണ്..സുഖമായിരിക്കുന്നു.

സിസ്റ്ററെ പറയുന്നത് കൊണ്ട് വിഷമം ഒന്നും തോന്നരുത്… സിസ്റ്റർക്കും വേണ്ടേ ഒരു ജീവിതം.

അതിന് ഞാനിപ്പോ ജീവിക്കുന്നില്ലേ സിസ്റ്റർ..അതല്ല കുടുംബജീവിതം..ഷീന സിസ്റ്റർ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മരിയക്ക് കാര്യം മനസ്സിലായി..

എന്റെ മോളെ സഹിക്കാൻ പറ്റാതാണ് അവളുടെ പപ്പാ ഞങ്ങളിൽ നിന്നും പോയത്…

ഇനി അപരിചിതനായ ഒരാൾ വന്നാൽ ഓട്ടീസം ബാധിച്ച എന്റെ മോളെ നോക്കുമോ..

നോക്കിയാൽ തന്നെ എങ്ങനെ വിശ്വസിക്കാൻ പറ്റും ഇന്നത്തെ കാലത്ത്‌ നടക്കുന്നതൊക്കെ നിങ്ങൾ അറിയുന്നില്ലേ…

സിസ്റ്ററെ കുഞ്ഞിനെ നാട്ടിലെ ഏതെങ്കിലും അനാഥാലയത്തിൽ ആക്കിക്കൂടെ…

ക്യാഷ് കൊടുത്താൽ അവര് നന്നായി നോക്കിക്കോളും..ഷീനയുടെ സംസാരം മരിയക്ക് ആകെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി..

ഷീന സിസ്റ്റർ വളഞ്ഞു മൂക്ക് പിടിക്കേണ്ട.. നിങ്ങൾക്ക് അറിയുമോ വയറ്റിൽ കിടന്നപ്പോൾ ഡോക്ടർ പറഞ്ഞതാണ് അവൾ ഉണ്ടായാൽ ശരിയാവില്ല അബോർട്ട് ചെയ്യാൻ…

അന്ന് ഞാൻ സമ്മതിച്ചില്ല അങ്ങനെ ചെയ്യാൻ.. പിന്നല്ലേ എട്ടു വർഷം കണ്ണിലുണ്ണി പോലെ വളർത്തിയിട്ടു തള്ളിക്കളയുന്നത്…. ഇനി മേലാൽ ഈ വർത്തമാനം എന്നോട് വേണ്ട…

അത് സിസ്റ്ററെ നിങ്ങടെ കഷ്ടപ്പാട് കണ്ട് പറഞ്ഞു പോയതാ… ഒറ്റക്കീ കുഞ്ഞിനേയും കൊണ്ട് എത്രനാൾ ജീവിക്കുന്നെ… ഒരു കൂട്ട് വേണ്ടേ…

എനിക്ക് കൂട്ട് അവളും അവൾക്ക് കൂട്ട് ഞാനും മതി..ഒരിക്കൽ കൂടുവിട്ടു പറക്കേണ്ടി വന്നാൽ എന്റെ ശലഭത്തെ എന്റെ കൈപ്പിടിയിൽ സുരക്ഷിതമായി ഞാൻ അങ്ങ് കൊണ്ടുപോകുമെന്നെ…

അപ്പോളേക്കും മരിയയുടെ ഫ്ലാറ്റ് എത്തിയിരുന്നു… അവൾ വാനിൽ നിന്നും വേഗമിറങ്ങി തന്റെ പൂമ്പാറ്റക്ക്‌ അരികിലേക്ക് ഓടി.

മരിയ ചെല്ലുമ്പോൾ ശ്രീലങ്കൻ പെണ്ണ് പോകാൻ റെഡിയായ് നിൽക്കുന്നുണ്ട്.. പിങ്കിമോൾ ഉറക്കത്തിലാണ്..മരിയ അവളുടെ മുഖത്തേക്ക് നോക്കി..

ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നു.. നേർത്ത ചിരി അവളുടെ മുഖത്ത് വിടരുന്നുണ്ട്… മരിയ അവളുടെ മുഖത്ത് മെല്ലെ ചുംബിച്ചു… നല്ല ചൂട് മോൾക്ക്‌.. ടെമ്പറേച്ചർ നോക്കി..

പനിയുണ്ട്.. വിളിച്ചുണർത്തേണ്ട എണീക്കുമ്പോൾ മെഡിസിൻ കൊടുക്കാം..

അവൾ അടുക്കളയിൽ ചെന്ന് ചായ അടുപ്പത്തു വെച്ച് റൂമിൽ പോയ് ഡ്രസ്സ് മാറി വീണ്ടും അടുക്കളയിൽ എത്തി.. ഗ്യാസ് കത്തുന്നില്ല…

ശോ ഗ്യാസ് തീർന്നല്ലോ..വേഗം ഫോൺ എടുത്തു ഗ്യാസ് വിളിച്ചു പറഞ്ഞു.. കെറ്റിലിൽ വെള്ളം വെച്ച് കട്ടൻ ചായ ഉണ്ടാക്കി അപ്പോളേക്കും മോൾ എണീറ്റു…

ഡോളോ കൊടുത്തെങ്കിലും മോൾക്ക്‌ പനി കുറയുന്നില്ല.. രാത്രി ആയപ്പോളേക്കും അവൾക്ക് ടെൻഷൻ ആയി..

അവൾ വേഗം ടാക്സി വിളിച്ചു മോളെയും കൊണ്ട് ആശുപത്രിയിൽ പോയി..ഡ്രിപ് ഒക്കെ ഇട്ടു പനി കുറഞ്ഞു മോളെയും കൊണ്ട് റൂമിൽ എത്തുമ്പോൾ പുലർച്ചെ മൂന്നുമണി ആയി..

ആറരക്ക് ജോലിക്ക് പോവേണ്ടതാണ്.. ലീവ് എടുത്താലോ.. അവൾ ഹോസ്പിറ്റലിൽ വിളിച്ചു പക്ഷേ ലീവ് കിട്ടിയില്ല.. മോൾ നല്ല ഉറക്കം ആയിരുന്നു അപ്പോളേക്കും..

മരിയ പിങ്കിമോളെ കെട്ടിപിടിച്ച് കിടന്നു പക്ഷേ അവൾക്ക് ഉറങ്ങാൻ ആയില്ല..അവളുടെ ചിന്തകൾ മോളെക്കുറിച്ച് മാത്രമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *