രചന: Kannan Saju
അമ്മേ എന്നുറക്കെ വിളിക്കാൻ തോന്നുന്നുണ്ടങ്കിലും ആരോ അവളുടെ കഴുത്തിൽ പിടുത്തം മുറുക്കിയിരിക്കുന്ന പോലെ അവൾക്കനുഭവപ്പെട്ടു… തന്റെ പ്രാണൻ തന്നെ വിട്ടു പോവാൻ
വെമ്പുന്നതവളറിഞ്ഞു… ഇരു കൈകളും അരഭാഗത്തെ മണൽ തരികൾ ഉള്ളിലാക്കി… പിടയുന്ന തലയുടെ മുടിയിഴകൾക്കിടയിലൂടെ മണൽ തരികൾ തലയോട്ടിയിൽ ചിത്രങ്ങൾ വരച്ചു തുടങ്ങി…
ഇരു തുടകൾക്കിടയിലും തനിക്കുള്ള വാതിൽ തുറക്കപ്പെടുന്നതും കാത്തൊരാൾ തന്റെ ഉള്ളിൽ കാത്തിരിക്കുന്നതാവളോർത്തു…. തന്റെ ദേഹി ദേഹം വെടിയും മുന്നേ അവനെങ്കിലും മോചനം നല്കാൻ കഴിഞ്ഞിരുന്നെങ്കിൽ… അവളുടെ ഉള്ളം പിടഞ്ഞു….
ആകാശം കറുത്തിരിക്കുന്നുവോ…അതോ പാതിയടഞ്ഞ തന്റെ കണ്ണുകൾക്കങ്ങനെ തോന്നുന്നതോ …. മുൻപെപ്പോഴോ ഇങ്ങനൊന്നു അനുഭവപ്പെട്ടിരുന്നില്ലേ ???? അവൾ സ്വയം ചോദിച്ചു… ഇല്ലേ??? ഇണ്ടോ ??? ശരിയാണ്… ഇതിലും കഠിനമായൊരു വേദന അന്ന് അനുഭവിച്ചിരുന്നില്ലേ ??? ….. ഈശ്വരാ… ഇതെന്തൊരു പരീക്ഷണം…
കാര്മേഘങ്ങളിൽ നിന്നും ഉരുകി വീണൊരു മഴനീർ തുള്ളി അവളുടെ നെറ്റിമേൽ പതിച്ചു… ജീവശ്വാസത്തിനായി തുടിക്കും പോലെ ആ മഴത്തുള്ളിയുടെ നനവിൽ അവൾ തല വാനിലേക്കുയർത്തി….
പൊടുന്നനെ മറഞ്ഞിരുന്ന ആ നീചൻ അന്ധകാരത്തിൽ നിന്നും ശംഖൊലി മുഴക്കി… അതെ ഇതുപോലൊരു മഴതുള്ളി അന്നും വീണിരുന്നു… പക്ഷെ അന്ന് തന്റെ കഴുത്തിനു ആരോ ശരിക്കും കുത്തി
പിടിച്ചിരുന്നു.. താൻ വിവസ്ത്ര ആയിരുന്നു… തന്റെ കാലുകൾ ബലമായി അകത്തപ്പെട്ടിരുന്നു… അന്നും തന്റെ കൈകൾ മണൽ തരികൾ ചുരുട്ടി പിടിച്ചിരുന്നു.
ഇന്നൊരാൾ പുറത്തേക്ക് വരാൻ അനുമതി കാത്തു നിൽക്കുമ്പോൾ അന്നൊരാൾ അനുവാദമില്ലാതെ അകത്തു കയറിയിരുന്നു. അല്ല… വെറുതെ കയറിയതല്ല… അതിക്രമിച്ചു കയറിയിരുന്നു… പക്ഷെ ഒരാളായിരുന്നോ ???
അറിയില്ല… ഇന്നത്തെ പോലെ അന്നും കണ്ണുകൾ പാതി പോലും തുറക്കാൻ കഴിഞ്ഞിരുന്നില്ല… മാഞ്ഞു പോയെങ്കിലും ഇന്നും കണ്ണാടിയിൽ നോക്കുമ്പോൾ മുല ഞെട്ടുകൾക്കരികെ ആ പല്ലുകളുടെ പാടുകൾ തെളിഞ്ഞു വരാറുണ്ട്… ചിലപ്പോഴൊക്കെ ഉള്ളം തുടയിലും….
തന്റെ ജീവൻ നിലക്കും പോലെ അവൾക്കു തോന്നി… ആരുടയോക്കയോ ശബ്ദം കാതുകളിൽ പതിഞ്ഞു… അവ അടുത്തു വന്നു തുടങ്ങിയിരുന്നു… തന്റെ തുടകളിൽ എന്തോ ഇഴയുന്ന പോലെ അവള്ക്ക് തോന്നി…. വേദന അതിന്റെ അത്യുന്നതിയിൽ എത്തി… അവൾ കണ്ണുകൾ അടച്ചു…
ക്ലാസ് കഴിഞ്ഞു മടങ്ങും വഴി വയറു വേദന വന്ന അവൾ ഇനി ഒരടി നടക്കാനാവില്ലെന്നു പറഞ്ഞു തൊടിയിൽ ഇരുന്നതാണ്… കൂട്ടുകാരി സഹായത്തിനു ആരെയെങ്കിലും കിട്ടാനായി ചുറ്റിനും ഓടി…. ഇപ്പൊ അവൾ കുടുംബക്കാരുമായി തിരിച്ചു വന്നിരിക്കുന്നു…
ആശുപത്രി കിടക്കയിൽ അവൾ കണ്ണുകൾ തുറന്നു… ചുറ്റിനും എല്ലാവരും ഉണ്ടായിരുന്നു… അച്ഛൻ അമ്മ കൊച്ചച്ചൻ…. ഓരോരുത്തരും അവളോട് സ്നേഹ പ്രകടനങ്ങൾ നടത്തുന്നതിനിടയിൽ അവൾ ദയനീയതയോടെ ചോദിച്ചു…
എനിക്കെന്നാ അച്ഛാ പറ്റ്യേ ???അവളെ നെഞ്ചൊടു ചേർത്തു പിടിച്ചയാൾ പറഞ്ഞു… എന്റെ മോൾക്ക് ഒന്നും പറ്റിയില്ല…
വരാന്തയിൽ ഡോക്ടർ കൊച്ചച്ചനോടായി പറഞ്ഞു : അങ്ങനെ വയറുണ്ടാവണം എന്ന് നിർബന്ധം ഒന്നും ഇല്ല… ഇതുപോലെ പെട്ടന്ന് വേദന വന്നു പ്രസവിച്ച സംഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട്…. ബട്ട് ഇതെങ്ങനെ.. എന്ത് അതൊന്നും എനിക്കറിയത്തില്ല…. ഇപ്പോ അവൾക്കു വേണ്ടത് കെയർ ആണ്.. അത്
കൊടുക്കണം… പതിനാലുകാരി സ്കൂളിൽ നിന്നും മടങ്ങി വരും വഴി പ്രസവിച്ചെന്നു നാട്ടുകാർ അറിഞ്ഞാൽ…. അതുകൊണ്ടാണ് എന്റെ എത്തിക്സ് പോലും മാറ്റി വെച്ചു ഞാൻ പറയുന്നേ…
അതാരെന്നു അറിയുന്നതിനെക്കാൾ പ്രധാനം ഇപ്പൊ അവളെ നോർമൽ ആകുക എന്നതാണ്… ഇത് പുറത്തറിയാതെ നോക്കണം..
ഡോക്ടർ.. ആ കുഞ്ഞ് ???ഡോക്ടർ ഒന്ന് ചിരിച്ചു… അത് മറന്നേക്കൂ…തന്റെ ചേട്ടൻ അതിനെ കൊല്ലാൻ ആണ് എന്നോട് പറഞ്ഞത്… അതിലും സേഫ് ആയി ഒരിടത്തു കുഞ്ഞിനെ എത്തിക്കാൻ ഉള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്….
കണക്കു കൂട്ടലുകൾ വെച്ചു നോക്കുമ്പോൾ താനല്ല… പക്ഷെ വലിയൊരു അന്വേഷണത്തിന് മുതിർന്നാൽ താനും പിടിക്കപ്പെട്ടാലോ എന്ന ഭയത്താൽ കൊച്ചച്ചൻ മൗനം പാലിച്ചു…
തന്റെ മകളുടെ ഉറങ്ങാത്ത രാത്രികളുടെ ഉത്തരം കിട്ടിയ അമ്മ അതിനു കാരണക്കാരൻ ആരായിരിക്കും എന്ന ചോദ്യവുമായി അങ്ങിങ് അലഞ്ഞു നടന്നു…
വലിയൊരു മാനക്കേട് ഒഴിവായതിൽ സമാധാനിച്ചു അച്ഛൻ അവളെ താലോലിച്ചിരുന്നു…
എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത മാനസികാവസ്ഥയിൽ അവൾ മിഴിച്ചു കണ്ണുകളോടെ മുകളിലേക്കും നോക്കി അച്ഛന്റെ മടിയിൽ കിടന്നു…
ഒരിക്കലും പോലും എന്താ നിനക്ക് പറ്റ്യേ മോളേ എന്ന് ചോദിയ്ക്കാൻ എനിക്ക് തോന്നിയില്ലല്ലോ ഭഗവാനെ എന്നോർത്ത് അമ്മ സ്വയം പഴിച്ചു…
കുട്ടികളില്ലാത്ത മാതാ പിതാക്കൾക്ക് വിൽക്കാൻ എന്ന വ്യാജേന കുട്ടിയെ കൈക്കലാക്കിയവൻ അതിനെ ഭിക്ഷാടന മാഫിയക്ക് കൈ മാറി പാരിതോഷികവും വാങ്ങി…. ഒരു വയസു കഴിയുമ്പോ അതിന്റെ വലതു കണ്ണും, ഇടതു കാലും എടുക്കാം എന്ന് അവർ ഉറപ്പിച്ചു.. പ്രത്യേക സംഘത്തെ നോക്കാൻ ഏല്പിച്ചു….
തൊടിയിൽ മുഖം മൂടി അണിഞ്ഞവർ അടുത്ത കുട്ടിയെ ഒറ്റയ്ക്ക് കിട്ടുവാനായി കാത്തിരുപ്പു തുടർന്നു.
കാമത്തിന്റെ അഗ്നിയിൽ കടഞ്ഞെടുത്ത ആ വിത്ത് ദുരിതത്തിന്റെ ഒരു യുഗം ഇനി അനുഭവിക്കാൻ പോകുന്നു… ഒരിക്കലും ചെയ്യാത്ത തെറ്റിന്… അവനെ രക്ഷിക്കാൻ ഇനി ആർക്കു കഴിയും… ദൈവത്തിനോ?? ഉവ്വോ… ! മനുഷ്യനോ ??? ഉവ്വോ ???
അവനെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇനി വരുന്ന കാമ വിത്തുകളെ എങ്കിലും രക്ഷിക്കാൻ മനുഷ്യന് കഴിഞ്ഞേക്കും… ചില തുറന്നു പറിച്ചിലുകളിലൂടെ… ചില തുറന്ന ചോദ്യങ്ങളിലൂടെ … !