പൗരുഷം
രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്.
“”അപ്പൊ കാഴ്ച്ചക്ക് മാത്രേ ഉള്ളൂ ഈ ആണത്തം അല്ലേ””. അഭിസാരിക ദേവയാനി അയാളെ പരിഹസിച്ച് ഉറക്കേ ചിരിച്ചു. “”നാട് വിറപ്പിക്കുന്ന ഗുണ്ട
ഗുപ്തണ്ണന് ഇത്രേ ഉള്ളോ പൗരുഷം. അയ്യേ..കഷ്ടം..നാണക്കേട്. ഹിഹിഹി'”‘..ദേവയാനി വീണ്ടും വഷളൻ ചിരിയോടെ ഗുപ്തനെ ഒളികണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.
ഗുപ്തൻ ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു.. നീണ്ട മുടിയിഴകൾ തിങ്ങിയ തലയിൽ വെറുതേ തടവി. ആദ്യമായി ഒരു അഭിസാരികയുടെ ക്ഷണത്തിനു ചെവികൊടുത്ത ആ നിമിഷത്തെ അയാൾ ശപിച്ചു.
തന്നിലെ പുരുഷൻ ഒരു പെണ്ണിന് മുന്നിൽ തോറ്റു പിന്മാറിയിരിക്കുന്നു. നിരാശയോടെ അയാൾ എന്തൊക്കെയോ പിറുപിറുത്തു.
“”ഇങ്ങനെ ഞാൻ വിചാരിച്ചില്ലാട്ടോ””.അവൾ എഴുന്നേറ്റിരുന്നു മുടി വാരിക്കട്ടി കൊണ്ട് പറഞ്ഞു.
“”ച്ചീ…. മിണ്ടാതിരിക്കെടീ… നിനക്ക് കാശ് കിട്ടിയാൽ പോരേടീ കൂത്തിച്ചീ..എന്നെ പരിഹസിക്കേണ്ട കാര്യമെന്ത്?””…ഗുപ്തൻ അട്ടഹസിച്ചു..
അയാൾ ചോരമയമുള്ള കണ്ണുകളോടെ ദേവയാനിയെ നോക്കി. കണ്ണിലെ കൃഷ്ണമണികൾ വികസിച്ചു. നെറ്റിയിൽ ചുളിവുകൾ വീണു. കോപത്താൽ കവിളുകൾ തുളുമ്പി.
ആ നോട്ടത്തെ അവൾ പേടിച്ചില്ല.. പകരം അതവൾ ക്രൂരമായി ആസ്വദിച്ചു. ചുണ്ടിൽ ഊറിയ ചിരി വിടർന്നു വന്നു.””ഹിഹിഹി””..അവൾ പൊട്ടി ചിരിച്ചു.
“”ഇങ്ങനത്തെ ആണുങ്ങളുടെ അവസാനത്തെ അടവ്. തോൽവി സമ്മതിക്കില്ലല്ലോ..ഹിഹിഹി””..ദേവയാനി വീണ്ടും പരിഹാസം പൂണ്ട ചിരിയോടെ അയാളെ നോക്കി.
അവളുടെ ഓരോ വാക്കും അയാളെ കൂടുതൽ നിരാശപ്പെടുത്തിക്കൊണ്ടിരുന്നു.ആ നിരാശ അവളുടെ ആസ്വാദനത്തിന്റെ മാറ്റു കൂട്ടി കൊണ്ടേയിരുന്നു.
ഗുപ്തൻ എഴുന്നേറ്റു മുണ്ട് വാരികുത്തി. മേശയിൽ വെച്ചിരുന്ന സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു തീ കൊളുത്തി. പുക ഊതി വിട്ടു.. തൂക്കിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നു കുറച്ചു നോട്ടുകൾ അവളുടെ നേരെ എറിഞ്ഞു..ഷർട്ട് എടുത്തിട്ട് പോകാൻ തുടങ്ങി.
“”നാട്ടിലെ വലിയ ഗുണ്ടയെ ഒന്ന് അടുത്തറിയണം എന്നുണ്ടായിരുന്നു….അറിഞ്ഞു…ഹിഹിഹി””.അവൾ വീണ്ടും പരിഹാസം നിറഞ്ഞ ചിരി ചിരിച്ചു.
അരിശം പെരുവിരലിൽ നിന്ന് ഇരച്ചു കയറിയെങ്കിലും അയാൾ അടക്കി നിർത്തി. തിരിഞ്ഞു നോക്കാതെ കതക് തുറന്നു പുറത്തേക്കിറങ്ങി.
ദേവയാനി എന്തൊക്കെയോ നേടിയ പോലെ അയാളെ തന്നെ നോക്കി. മനസ്സിൽ വിജയത്തിന്റെ ആരംഭം മുഴങ്ങുന്നത് പോലെ അവൾക്ക് തോന്നി.
“”ഗുപ്താ.. നിന്റെ പതനം തുടങ്ങി.. ഹിഹിഹി””.ദേവയാനി അകമേ പറഞ്ഞു ചിരിച്ചു..
“”ഛെ””….അയാൾ നിരാശയോടെ ആ വീടിന്റെ മുറ്റത്തു കിടന്നൊരു പൊട്ടപാത്രം കാല് കൊണ്ട് ഉറക്കെ തട്ടി..ഗുപ്തൻ മുണ്ട് മടക്കി കുത്തി മോട്ടോർ സൈക്കിളിൽ കയറി.. പൗരുഷമാർന്ന ആ മുഖം അതീവ ഗൗരവതരമായിരുന്നു..
വീതിയേറിയ നെഞ്ചിൽ രോമങ്ങൾ തിങ്ങി വിങ്ങി.. കാറ്റിനെ വകഞ്ഞു മാറ്റി “കുടു കുടു” ശബ്ദത്തോടെ മോട്ടോർ സൈക്കിൾ പാഞ്ഞു. കറുത്ത രോമങ്ങൾ ബലിഷ്ടമായ തുടകളെ അലങ്കരിച്ചു.
ഗുപ്തന്റെ മനസ്സിൽ വീണ്ടും ദേവയാനിയുടെ പരിഹാസ ചിരി മുഴങ്ങി. മനസ്സ് അസ്വസ്ഥമായ അയാൾ വീണ്ടും “ഛെ”…എന്ന് പറഞ്ഞു കൊണ്ടു തല വെട്ടിച്ചു.. മുഖം മ്ലാനമായി..
മോട്ടോർ സൈക്കിൾ പഴയൊരു വാർപ്പ് കെട്ടിടത്തിന്റെ മുമ്പിൽ ചെന്ന് നിന്നു. ഗുപ്തൻ പതിവില്ലാത്ത അലസതയോടെ വണ്ടിയിൽ നിന്നിറങ്ങി ആ കെട്ടിടത്തിന്റെ അകത്തേക്ക് നടന്നു കയറി.
കൂട്ടം കൂടിയിരുന്നു മദ്യപിക്കുകയായിരുന്ന ആ ഗുണ്ടാകൂട്ടത്തിലേക്ക് അയാൾ ചെന്നിരുന്നു. തന്റെ മുഖത്തേക്ക് കൂട്ടുക്കാർ നോക്കും മുമ്പ് ഗ്ലാസിൽ പകർന്നു വെച്ചിരുന്ന മദ്യം ഒറ്റവലിക്ക് അകത്താക്കി ഗുപ്തൻ തല കുമ്പിട്ടിരുന്നു.
“”ഗുപ്തണ്ണാ.. എങ്ങനെയുണ്ട് ദേവയാനി?””.ഗുണ്ടാ കൂട്ടത്തിലെ സഹപ്രവർത്തകൻ യൂസഫ് ചോദിച്ചു.
“”ഓഹ്…എന്തോന്ന് ദേവയാനി””…ഗുപ്തൻ പുച്ഛം കലർന്ന ഭാവത്തിൽ ചുണ്ടൊന്ന് കോട്ടി. മനസ്സിനേറ്റ അപമാനം മുഖത്ത് കാണാതിരിക്കാൻ അയാൾ നന്നേ പണിപ്പെട്ടു..
“”അതെന്താ അണ്ണാ അങ്ങനെ. അവൾ വിളിച്ചിട്ട് പോയതല്ലേ?””…””അവളൊക്കെ ഒരു പെണ്ണാണോ. ഈ പണിക്കൊന്നും പറ്റില്ല അവളെ””..ഗുപ്തൻ യൂസഫ് നീട്ടിയ ഗ്ലാസ്സിലെ മദ്യം ഒറ്റയടിക്ക് വലിച്ചു കുടിച്ചു.
“”അത് നിങ്ങള് മാത്രേ പറയൂ അണ്ണാ..ഇവിടെ വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളെങ്കിലും നാട്ടിൽ അവളെ അറിഞ്ഞ വേറാരും ഇങ്ങനെ പറയില്ല..ഹഹഹഹ””.വേറൊരാൾ ഇങ്ങനെ പറഞ്ഞു ചിരിച്ചുഗുപ്തൻ കുറച്ചു മദ്യം കൂടി വലിച്ചു കുടിച്ചു ഒന്നും മിണ്ടാതെ മലർന്നു കിടന്നു.
മദ്യത്തിന്റെ ലഹരി തലക്ക് കയറി തുടങ്ങിയെങ്കിലും ഗുപ്തന്റെ മനസ്സ് ശാന്തമാക്കാൻ അതിനായില്ല. ഒരു പെണ്ണിന്റെ മുമ്പിൽ താൻ അപമാനിക്കപ്പെട്ടിരിക്കുന്നു.. എത്ര എത്ര
കൊടി കെട്ടിയ കൊമ്പന്മാരുടെ കൈകൾ വെട്ടി പട്ടികൾക്കെറിഞ്ഞു കൊടുത്ത ഞാൻ. വമ്പൻ സ്രാവുകളുടെ കാലുകൾ പുഴയിലെ മീനുകൾക്ക് തുണ്ടം തുണ്ടമാക്കി വിതറിയെറിഞ്ഞ ഞാൻ..
ചൂണ്ടു വിരലിനു പോലും കാരിരുമ്പിന്റെ ശക്തിയാൽ ഗുണ്ടാ കൂട്ടത്തെ ചൂണ്ടി അനുസരിപ്പിച്ച ഗുപ്തൻ. നാടും നാട്ടുകാരും പൗരുഷത്തിന്റെ അവസാന വാക്കായി കൊണ്ടു നടന്ന ഗുപ്തണ്ണൻ.. ഒരു വേശ്യയുടെ പരിഹാസമേറ്റു
അശക്തനായി കിടക്കുന്നു.. തന്നിലെ പൗരുഷം ആദ്യമായി പലതായി ചിതറി തെറിച്ചിരിക്കുന്നു..താൻ തോറ്റിരിക്കുന്നു.. അയാളുടെ മനസ്സ് കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു..ലഹരി തലച്ചോർ മുഴുവനായി കീഴടക്കിയപ്പോൾ അയാൾ മയങ്ങി.. കണ്ണടച്ചു.
“”എന്താടാ യൂസഫേ.. നമ്മുടെ അണ്ണന് പറ്റിയത്””..കൂട്ടത്തിലെ ഒരാൾ ചോദിച്ചു.””ആ… ആർക്കറിയാം””.യൂസഫ് അതും പറഞ്ഞു പുറത്തേക്കിറങ്ങി.
ഗുപ്തൻ ഉണർന്നപ്പോഴേക്കും സന്ധ്യ മയങ്ങി. മദ്യത്തിന്റെ ലഹരി പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും അയാൾ എഴുന്നേറ്റു വീട്ടിൽ പോയി.. ബൈക്കിന്റെ ഘട് ഘട് ഘട് ശബ്ദം ദൂരേ നിന്നേ ഗുപതന്റെ ഭാര്യ കേട്ടു..അവർ കതക് തുറന്നു പുറത്തേക്കിറങ്ങി.
ഗുപ്തൻ മോട്ടോർ സൈക്കിൾ നിർത്തി ഇറങ്ങി. മുണ്ട് മടക്കി കുത്തി ഭാര്യയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി…
“”ഗുപ്തേട്ടാ…. ഈ പരിപാടി എന്ന് തുടങ്ങി നിങ്ങൾ””…അരുണ ചോദിച്ചു..ഗുപ്തൻ നിന്നു.. തിരിഞ്ഞു അരുണയെ കനപ്പിച്ചു നോക്കി.. അയാളുടെ കണ്ണുകളിലെ തീ അവളെ പേടിപ്പിച്ചില്ല..
“”നോക്കണ്ടാ…കണ്ട സ്ത്രീകളുടെ കൂടെ കിടക്കാൻ പോകുന്ന പരിപാടി എന്ന് തുടങ്ങീന്നു? “”….അരുണ ഉറക്കെ അലറി..അവളുടെ സ്വരം ഇടറിയുന്നു. കരച്ചിലിന്റെ ലാഞ്ചന സ്വരത്തിൽ മുഴച്ചു നിന്നു..
ഗുപ്തൻ അകമേ ഞെട്ടിയെങ്കിലും അയാൾ പുറത്തു കാണിച്ചില്ല.. ഉള്ളിലെ ക്രൂര ഗുണ്ടാ ഭാവം വിടാൻ അയാൾ ഒരുക്കമായിരുന്നില്ല. ഭാര്യയുടെ മുമ്പിൽ പോലും..
“”നിഷേധിക്കാനാണ് ഭാവമെങ്കിൽ കേട്ടോ.. ഞാൻ എല്ലാം അറിഞ്ഞു…ഈ ഒരു സ്വഭാവമെങ്കിലും നിങ്ങൾക്കില്ലാ എന്നായിരുന്നു എന്റെ വിശ്വാസം.. എന്നും ഓരോ പെണ്ണുങ്ങൾ.. നിങ്ങൾക്ക്
തുണിയുരിഞ്ഞു തരാൻ…അല്ലേ””…അരുണ കരള് നുറുങ്ങുന്ന വേദനയിൽ നിയന്ത്രണം പൊട്ടി കരഞ്ഞു…
ഗുപ്തൻ ഞെട്ടി… “എന്നും ഓരോ പെണ്ണുങ്ങളോ?”..ആദ്യമായും അവസാനമായുമാണ് താൻ പോയതെന്ന് ഗുപ്തന് പറയണമെന്നുണ്ടായിരുന്നു. “ഞാൻ എന്ത് അപരാധം ചെയ്തു. പിന്നെ എന്തിന്?” എന്ന ചിന്ത അയാളെ അതിൽ നിന്ന് തടഞ്ഞു.
ഗുപ്തൻ നിസ്സംഗ ഭാവത്തോടെ അകത്തേക്ക് പോയി. ഒരു തോർത്തെടുത്തു തോളിലിട്ട് കുളിക്കാൻ ഇറങ്ങി.. അരുണ അപ്പോഴും ഭിത്തിയിൽ ചാരിയിരുന്നു
തേങ്ങുകയായിരുന്നു…ഗുപ്തൻ അവളെ സൂക്ഷിച്ചു നോക്കി. ആ നോട്ടത്തിൽ സഹതാപമായിരുന്നില്ല..അരുണ എങ്ങനെ ഇത് അറിഞ്ഞു എന്നതായിരുന്നു.
“”അരുണയോട് ആരാ ഇത് പറഞ്ഞത്?.. ആരാ ഇവിടെ വന്നത്?..സത്യം പറ””..ഗുപ്തൻ സ്വരം ഒന്നും മയപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് മുരണ്ടു തന്നെ പുറത്തു വന്നു..
അരുണ തലയുയർത്തി വിതുമ്പുന്ന ചുണ്ടുകളോടെ അയാളെ കുറച്ചു നേരം നോക്കി..കണ്ണീർ തുടച്ചു. മുഖത്ത് ധൈര്യത്തിന്റെ സ്പുലിംഗങ്ങൾ നിറഞ്ഞു.
“”യൂസ്സഫ്.. നിങ്ങളുടെ കൂട്ടുകാരൻ.. അല്ലാതാർക്കാ ഗുപ്തണ്ണന്റെ വീട്ടിൽ വരാൻ ധൈര്യം.. ഗുപ്തണ്ണന്റെ പെണ്ണിനോട് സംസാരിക്കാൻ ധൈര്യം””…അരുണ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
ഗുപ്തന്റെ ഉള്ളിൽ രോഷം കുമിള കണക്കേ നുരഞ്ഞു പൊന്തി..പല്ലുകൾ ഞെരിച്ചമർത്തുന്ന ശബ്ദം അരുണ കേട്ടു..
“”യൂസ്സഫ്…പന്നീടെ മോനെ… കൂടെ നിന്നു ചതിക്കുന്നോ?””….ഗുപ്തൻ പിറു പിറുത്തു. തുളുമ്പുന്ന കവിളുകളോടെ അയാൾ തോളിൽ കിടന്ന തോർത്ത് വലിച്ചെറിഞ്ഞു. വണ്ടിയുടെ താക്കോൽ കയ്യിടുത്തു…
“”എങ്ങോട്ടാ…അയാളെ കൊല്ലാനാണോ?””..അരുണ ചോദിച്ചു.””ആണെങ്കിൽ…. ആണെങ്കിൽ എന്താടി നിനക്ക് നോവുമോ?””.ഗുപ്തൻ അവളുടെ നേർക്ക് അട്ടഹസിച്ചു കൊണ്ടു പാഞ്ഞടുത്തു.
“”ഹിഹിഹിഹി…..ഹിഹിഹി””…അവൾ ചിരിച്ചു. പുച്ഛവും സങ്കടവും കലർന്ന ആ ചിരിയിൽ അയാൾ സ്ഥബ്ധനായി.. പിടിച്ചു വെച്ച ധൈര്യം ചോർന്നു പോകുന്ന പോലെ ഗുപ്തന് തോന്നി.
“”അതിന് യോഗ്യതയുണ്ടോ നിങ്ങൾക്ക്..വേറൊരു പെണ്ണിന്റെ മാംസം നുകർന്നു വന്ന നിങ്ങൾക്ക് എന്തിന് നോവണം””…അരുണ പറഞ്ഞു.
ഗുപ്തന് നിന്ന നിൽപ്പിൽ നിന്ന് അനങ്ങാനായില്ല. കാലുകൾ നിലത്ത് ഉറച്ചത് പോലെ അയാൾക്ക് തോന്നി.
””ഈ ഉശിരും ആണത്തവും എന്നിലെ പെണ്ണിനോട് കാണിക്ക്””.അരുണ അയാളുടെ കണ്ണിൽ നോക്കി കൊണ്ടു പറഞ്ഞു.
“”അല്ല… ഞാൻ ഒന്ന് ചോദിച്ചോട്ടെ… നിങ്ങൾക്ക് അതിനുള്ള കഴിവുണ്ടോ? .. അതോ എന്നോട് മാത്രേ ഉള്ളോ ഈ കഴിവ് കേട്?.. മറ്റു പെണ്ണുങ്ങളോടും ചോർന്നു പോകുമോ ഈ ആണത്തം?.
ഗുണ്ടാ ഗുപ്തണ്ണൻ തോറ്റു മടങ്ങാറാണോ ആ പെണ്ണുങ്ങളുടെ മുമ്പിൽ? “”…പരിഹാസവും മനസ്സിന്റെ വിങ്ങലും നിരാശയിൽ കലർന്ന വല്ലാത്തൊരു മുഖ ഭാവത്തോടെ അരുണ പറഞ്ഞു.
അയാളുടെ നാക്ക് താഴേക്കിറങ്ങി. തൊണ്ട വരണ്ടു. ഉമിനീർ കുടിച്ചിറക്കാൻ പോലും ഗുപ്തന് കഴിയാതായി.
ഗുപ്തന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു കൊണ്ട് അവൾ മുറിയിലേക്ക് പോയി വാതിലടച്ചു..
ഗുപ്തൻ ആകെ തകർന്നവനെ പോലെ നിന്നു. കാലുകൾക്ക് വല്ലാത്ത ഭാരം. അയാൾ വീഴാതിരിക്കാൻ മേശയിൽ കൈ ഊന്നി. പഴുത്ത പ്ലാവില വീഴും പോലെ അയാൾ അവിടെ ഇരുന്നു.
ദേവയാനി ഹൃദയത്തിൽ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവിലേക്കാണ് അരുണ അവസാനം പറഞ്ഞ വാക്കുകൾ വന്നു തറച്ചത്.ആ മുറിവ് വീണ്ടും വലുതായി. അതിൽ നിന്ന് രക്തം വാർന്നു കൊണ്ടേയിരുന്നു..
തന്റെ പൗരുഷത്തെ ചോദ്യം ചെയ്ത് രണ്ട് പെണ്ണുങ്ങൾ.. ഒന്നൊരു വേശ്യയും ഒന്ന് ഭാര്യയും… രണ്ടാൾക്കും പൊതുവായ ഒരേയൊരു സാമ്യം.. രണ്ടും സ്ത്രീകൾ..ഓർക്കുന്തോറും തന്റെ പൗരുഷം വീണ്ടും വീണ്ടും ചോർന്നു പോകുന്ന പോലെ അയാൾക്ക് തോന്നി..
“പിടിച്ചു നിന്നേ പറ്റൂ… തോൽക്കാൻ ആവില്ല എനിക്ക്.. തോറ്റ ഗുണ്ടകൾക്ക് സ്ഥാനമില്ല.. ഗുണ്ട കോമാളിയല്ല.. മനസ്സ് പരുവപ്പെട്ടാൽ പിന്നെ എന്ത് ഗുണ്ട..ആർക്ക് വില..പുഴുത്ത് ചാകേണ്ടി വരും. അത് ഗുണ്ടകൾക്ക് ചേരില്ല.
സ്വയം ചാവണം.. ചത്ത് മലക്കണം.. ആ ശവത്തിന്റെ നാറ്റം പോലും ആളുകൾ പേടിക്കണം”. ഗുപ്തന്റെ മനസ്സ് ധൈര്യം സംഭരിച്ചു കൊണ്ടേ ഇരുന്നു.
ഗുപ്തൻ യന്ത്രം കണക്കേ എഴുന്നേറ്റു നിന്നു. മേശയിൽ ഇരുന്നിരുന്ന പഴയ ചില്ല് പൊട്ടിയ മൊബൈൽ ഫോൺ കയ്യിലെടുത്തു. കൂട്ടുകാരൻ ഗണേഷിനെ വിളിച്ചു..””ടാ.. ഗണേഷേ… നാളത്തെ പണി ഞാൻ ചെയ്തോളാം””.
“”പറയുന്നത് കേട്ടാൽ മതി.. ഞാൻ ചെയ്തോളാം””…ഗുപ്തൻ ഫോൺ കട്ട് ചെയ്തു.
ഗുപ്തൻ എഴുന്നേറ്റ് മുറിയിൽ പോയി. അലമാരയിൽ ബാക്കിയുണ്ടായിരുന്ന മദ്യം കുപ്പിയോടെ തൊണ്ടയിലേക്ക് കമിഴ്ത്തി. കട്ടിലിൽ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടു കിടന്ന അരുണയെ അയാൾ കണ്ടതായി ഭാവിച്ചില്ല. അയാൾ കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു.
അരുണ നീങ്ങി കിടന്നു ഗുപ്തന്റെ പുറത്തു കൈ വെച്ചു.. അവൾ എന്തോ പറയാൻ ഒരുങ്ങിയതും അയാൾ കവിൾ തിരിച്ചു വെച്ചു..
“”ഗുപ്തേട്ടാ… ഞാനും യൂസ്സഫും തമ്മിൽ അരുതാത്ത ഒരു ബന്ധവും ഇതു വരെ ഇല്ല.. ഏട്ടാ.. എല്ലാം കൂടി കേട്ടപ്പോ…നിങ്ങളുടെ സ്നേഹം നിറഞ്ഞ ഒരു നോട്ടം പോലും നിഷേധിക്കപ്പെട്ട എനിക്ക് അങ്ങനെയൊക്കെ പറയാനാ തോന്നിയത്.
എന്നെ തൊടാറില്ല. ചേർത്ത് പിടിക്കാറില്ല. ആലിംഗനങ്ങളും ചുമ്പനങ്ങളും ഇല്ല. ഒരു ചുടു നിശ്വാസം പോലും എന്റെ ദേഹത്തു ഏറ്റിട്ടില്ല. ഇതൊക്കെ വേറൊരാൾക്ക് കൊടുക്കുമ്പോ””… അരുണ ഗുപ്തന്റെ
കൂർക്കം വലി കേട്ടു..”” ഇന്നും ഉറങ്ങി അല്ലേ.””…അവളും തിരിഞ്ഞു കമിഴ്ന്നു കിടന്നു… കടുത്ത നിരാശയാൽ തലയിണയിൽ മുഖം പൂഴ്ത്തി. കണ്ണീർ ഒഴുകി കുതിർന്നു.
“ഗുണ്ടയോട് തോന്നിയ ആരാധന. അയാളുടെ മനസ്സ് മനസ്സിലാക്കിയോ ഞാൻ?. ഉള്ളിലെ പ്രണയം എന്തിനോടായിരുന്നു?. ഇറങ്ങി പോന്നത് എന്തിനെ മോഹിച്ചായിരുന്നു?
.കണ്ട കാഴ്ച്ചയിൽ പ്രണയം മൊട്ടിട്ടത് എന്തിനായിരുന്നു?…പ്രണയം.. വെറും പാഴ് പ്രണയം.. എന്തിനിങ്ങനെ ഞാൻ നീറുന്നു? . കൊല്ലാ കൊല ചെയ്യുന്നു. ആത്മാവിനെ കീറി മുറിക്കുന്നു.
ഉള്ളിൽ കിടന്നു വെന്തുരുകുന്നു. പൗരുഷം വെറും പുറം കാഴ്‌ച്ചക്ക് വെച്ച പുരുഷന് സ്ത്രീത്വം അടിയറ വെച്ച മണ്ടി.. പൊട്ടി. .. വെറും പമ്പര വിഡ്ഢി”.അരുണ തേങ്ങി കരഞ്ഞു. ഓർക്കുന്തോറും സങ്കടം ഇരമ്പിയാർത്തെത്തി.
“”എന്താടാ യൂസ്സഫേ നമ്മുടെ അണ്ണൻ ഇങ്ങനെ. ചെറിയ ചെറിയ പണിയെല്ലാം അണ്ണൻ തന്നെ പോയി ചെയ്യുന്നു””..പിറ്റേന്ന് ഗുണ്ടാ താവളത്തിൽ ഇരുവരും ഇരിക്കേ കൂട്ടാളി ഗണേഷ് പറഞ്ഞു.
“”ആർക്കറിയാം… അണ്ണൻ ആകെ മാറിയിരിക്കുന്നു… നമുക്കിപ്പോ സുഖമല്ലേ.. പണിയൊന്നും എടുക്കണ്ടല്ലോ. യൂസഫ് ചിരിച്ചു കൊണ്ടു പറഞ്ഞു.
പെട്ടെന്ന് ഗുപ്തൻ പാഞ്ഞു വന്നു യൂസ്സഫിനെ ചവിട്ടി വീഴ്ത്തി. ഗണേഷ് പേടിച്ചു പുറത്തേക്കോടി. നിലത്തിട്ട് നെഞ്ചിൽ മുട്ടുകാലൂന്നി മുഖത്ത് മുഷ്ടി കൊണ്ട് തുടരെ തുടരെ ഇടിച്ചു.. യൂസ്സഫിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ചീറ്റി തെറിച്ചു.
“”നായേ… നീ എന്ത് കരുതി…അരുണ ഒന്നും പറയില്ലന്നോ.. നിനക്ക് തെറ്റിയെടാ പന്നീ.. അവൾ എന്റെ പെണ്ണാടാ.. ഞാൻ ഇറങ്ങി വരണ്ടാ എന്ന് പറഞ്ഞിട്ടും എന്റെ കൂടെ ഇറങ്ങി വന്ന പെണ്ണ്. ഇനി നീ അവളെ കണ്ടാൽ കൊല്ലും ഞാൻ കള്ള പന്നീ.”” ഗുപ്തൻ ആക്രോശിച്ചു.
യൂസ്സഫ് വേദന കൊണ്ട് ഞരങ്ങി മൂളി. ഇനി തല്ലല്ലേ എന്ന് കൈകൊണ്ട് ആംഗ്യം കാട്ടി. ഗുപ്തൻ എഴുന്നേറ്റ് നിന്ന് വീണ്ടും നെഞ്ചിൽ ആഞ്ഞു ചവിട്ടി.. യൂസ്സഫ് വേദന കൊണ്ടു പുളഞ്ഞു. ചുരുണ്ടു കിടന്നു.
“”എഴുന്നേറ്റു പോടാ.. ഇനി നിന്നെ എനിക്ക് വേണ്ടടാ ചതിയാ. കൊല്ലാതെ വിടുന്നത് എന്റെ ഔദാര്യം””…ഗുപ്തൻ വീണ്ടും അട്ടഹസിച്ചു. അയാൾ കലി തുള്ളി കൊണ്ടു പുറത്തേക്ക് പോയി.
യൂസ്സഫ് എഴുന്നേറ്റു. വേച്ചു വേച്ചു നടന്നു പോയി. അന്ന് രാത്രി അയാൾ ദേവയാനിയുടെ വീടിന്റെ കതകിൽ മുട്ടി.. അവൾ വാതിൽ തുറന്നു..
“”ആരിത് യൂസ്സഫോ..ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ.. അതോ വല്ല കിളുന്ത് പെണ്ണുങ്ങളുടെയും പറ്റു പടി പിടിച്ചോ””.ദേവയാനി ചിരിച്ചു കൊണ്ടു ചോദിച്ചു.
യൂസ്സഫ് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. നേരെ മുറിയിലേക്ക് കയറി കട്ടിലിൽ കയറിയിരുന്നു..ദേവയാനി ചിരിച്ചു കൊണ്ടു അയാളുടെ അടുത്ത് വന്നിരുന്നു.
വിളക്കുകൾ അണഞ്ഞു. ബെഡ്ലാമ്പ് മാത്രം അവർക്ക് അരണ്ട വെളിച്ചം ചൊരിഞ്ഞു. രണ്ട് നിഴലുകൾ ചുമരിൽ ഒന്നിന് മുകളിൽ ഒന്നായി ഇളകി കാണപ്പെട്ടു.
“”അണ്ണന്റെ പറ്റു പടിയല്ലേ നീയിപ്പൊ.. അത് കൊണ്ടാ പിന്നെ ഞാൻ””.. യൂസ്സഫ് ഷർട്ടിന്റെ ബട്ടൺ ഇടുന്നതിനിടെ പറഞ്ഞു.
“”ഹിഹിഹി… ഹിഹിഹി… ആര്.. ഗുപ്തനോ…ആ തെണ്ടി ആണാണോ.. ഹിഹിഹി””..ദേവയാനി കുലുങ്ങി ചിരിച്ചു കൊണ്ടു പറഞ്ഞു.
സുതാര്യമായ നിഷാവസ്ത്രത്തിനുള്ളിലൂടെ ദേവയാനിയുടെ കുചകുംഭങ്ങളും ചിരിയോടൊപ്പം കുലുങ്ങി. യൂസ്സഫ് മിന്നി മറഞ്ഞ സംശയ മുഖഭാവത്തോടെ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു.. ദേവയാനി എഴുന്നേറ്റു പോയി ലൈറ്റ് ഇട്ടു.
“”രൂപം കൊണ്ടു മാത്രം ആണാവില്ല യൂസ്സഫേ ആരും… എന്റെ മുന്നിൽ അവൻ.. ഹിഹിഹി””..ദേവയാനി വീണ്ടും ചിരിച്ചു..യൂസ്സഫിന്റെ ചതഞ്ഞ ചുണ്ടിലും ഒരു പച്ചച്ചിരി വിരിഞ്ഞു.
“”അപ്പൊ നിനക്ക് കാര്യം മനസ്സിലായി.. അല്ലേ…ഹിഹിഹി””..ദേവയാനി വീണ്ടും കുലുങ്ങി ചിരിച്ചു.
പെട്ടെന്ന് ദേവയാനിയുടെ ഭാവം മാറി. മുഖത്ത് ക്രൂരമായൊരു ഭാവം മിന്നി തിളങ്ങി..””എടാ.. യൂസ്സഫേ…അവന്റെ ഭാര്യ എങ്ങനാടാ കാണാൻ..സുന്ദരിയാണോ?..
“”അതേ.. സുന്ദരിയാണ്.”” ഇത് പറയുമ്പോൾ യൂസ്സഫിന്റെ മുഖം വിടർന്നു.പണ്ടെങ്ങോ ഉള്ളിൽ കയറികൂടിയ അരുണയുടെ രൂപം
അയാളുടെ ഉള്ളിൽ പൂവ് പോലെ വിടർന്നു.. യൂസ്സഫ് ദേവയാനിയെ നോക്കിയൊന്ന് ഊറി ചിരിച്ചു. അവൾ അയാളെ ഒളിക്കണ്ണിട്ട് നോക്കി. യൂസഫ് കാണാതെ തലകുലുക്കി.
“”ഇങ്ങനെ ഉള്ളവന്മാരുടെ ഭാര്യമാരൊക്കെ എങ്ങനെ കഴിയുന്നോ എന്തോ. വികാരങ്ങളൊക്കെ അടക്കി വീർപ്പുമുട്ടി””…ദേവയാനി മനപ്പൂർവം ഒരു നെടുവീർപ്പിട്ടു കൊണ്ട് അയാളെ പാളി നോക്കി പറഞ്ഞു. യൂസ്സഫ് ചിന്തയിലാണ്ടു. മനസ്സിൽ അരുണ നിറഞ്ഞു നിന്നു.
“”യൂസ്സഫേ…അവളേ നിനക്ക് വേണമെങ്കിൽ അവൻ ചാകണം. ആ ഗുപ്തൻ. കൊല്ലണം നമുക്കവനെ.. നീ എന്റെ കൂടെ നിൽക്കുമോ?””
യൂസ്സഫ് ഞെട്ടി തരിച്ചു. അയാൾ തുറിച്ച കണ്ണുകളോടെ വായ പിളർന്നു ദേവയാനിയെ നോക്കി. ദേവയാനിയുടെ മുഖത്ത് അഗ്നി എരിയുന്നത് യൂസ്സഫ് കണ്ടു. കണ്ണുകളിൽ കനലുകൾ എരിയുന്നു. യൂസ്സഫ് ചെറുതായൊന്ന് ഭയന്നു.
അവർ കട്ടിലിൽ അവന്റെ അടുത്ത് വന്നിരുന്നു. യൂസ്സഫ് അപ്പോഴും ഒന്നും മനസ്സിലാകാത്തവന്റെ ഭാവത്തോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
“”നിന്നെ പട്ടിയെ പോലെ തല്ലി ചതച്ചതല്ലെടാ അവൻ. ആ പാടല്ലേ നിന്റെ മുഖത്തു കാണുന്നത്. എന്നിട്ടും അണ്ണാ എന്ന് വിളിച്ചു നടക്കേണ്ട ഗതികേടല്ലെടാ
നിനക്ക്. നീ അവനെ പോലെ അല്ലല്ലോടാ..നീ ശരിക്കും ആണല്ലേ””.. ദേവയാനി യൂസ്സഫിന്റെ തോളിൽ കൂടി കയ്യിട്ട് താടിയിൽ തലോടി കൊണ്ടു പറഞ്ഞു.
യൂസ്സഫ് ഒന്നും പറഞ്ഞില്ല.. ആകെ ഒരു മരവിപ്പായിരുന്നു അയാൾക്ക്. “ഗുപ്തണ്ണനെ കൊല്ലാനോ”.അയാളുടെ അകം മന്ത്രിച്ചു.
“”നീ അരുണയോട് ഗുപ്തൻ എന്റടുത്ത് വന്ന കാര്യം.പറഞ്ഞത് ഗുപ്തനെ അവൾ നന്നാക്കാൻ വേണ്ടിയല്ല എന്നെനിക്കറിയാം..അരുണയെ സ്വന്തമാക്കണം എന്ന ഒറ്റ ലക്ഷ്യം
മാത്രമല്ലേ നിനക്ക്.
ഭർത്താവ് വ്യഭിചാരിയാണെങ്കിൽ ഭാര്യയും അങ്ങനെ ആവും എന്ന് നീ ഊഹിച്ചു…കൊള്ളാം.. ഹിഹിഹി””. ദേവയാനി ചിരിച്ചു.
യൂസ്സഫ് ജാള്യതയും അതിലേറെ അതിശയത്തോടേയും അവളെ വിടർന്ന കണ്ണുകളോടെ നോക്കി. അവർ അയാളെ നോക്കി പുഞ്ചിരിച്ചു. പുഞ്ചിരിയിലെ മാദക ഭാവം അയാളുടെ കണ്ണുകളെ ഒന്ന് തുറന്നടപ്പിച്ചു.
“”യൂസ്സഫേ.. പൊയ്ക്കോ.. പോയി ആലോചിക്ക്.”” ദേവയാനി അതേ മാദക ചിരിയോടെ പറഞ്ഞു.
യൂസ്സഫ് എഴുന്നേറ്റു കതക് തുറന്നു പുറത്തിറങ്ങി. പിന്നാലെ ദേവയാനിയും ഇറങ്ങി.. പാതി നിലാവ് പരന്ന ആ മുറ്റത്തു കൂടി അയാൾ നടന്നു ഇരുളിൽ മറയുന്നത് അവൾ ഒരു ഇളം ചിരിയോടെ നോക്കി നിന്നു.
“”ഗുപ്താ… നിന്റെ പെണ്ണ് … നിന്റെ കുടുംബം…ഹിഹിഹി””. അവൾ മനസ്സിൽ അർമാദ ചിരി ചിരിച്ചു.
“ഇവളിതൊക്കെ എങ്ങനെ അറിഞ്ഞു?. ഇവൾ ആരാണ്?. ഒരു അഭിസാരികക്ക് ഗുപ്തനെ കൊല്ലേണ്ട കാര്യമെന്ത്?.ഇവളും ഗുപ്തനും തമ്മിൽ എന്ത് ബന്ധം?. തിരിച്ചു പോരും വഴി യൂസ്സഫിന്റെ മനസ്സ് ചോദ്യങ്ങളാൽ നിറഞ്ഞു.
അരുണ.. ആ പെണ്ണുടൽ ഒരു വേള അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. വികാരത്തിന്റെ ഓളങ്ങൾ ഉയർത്തി. “പാവം സ്ത്രീ”.യൂസ്സഫ് മനസ്സിൽ പറഞ്ഞു.
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഗുപ്തൻ എല്ലാം മറന്നു തുടങ്ങി. എങ്കിലും ദേവയാനിയുടെ ക്ഷണം സ്വീകരിച്ചു അവളെ പ്രാപിക്കാൻ പോയ ആ ദിവസം അയാളിൽ ഇടയ്ക്കിടെ തികട്ടി വന്നു കൊണ്ടിരുന്നു.
ആ വികാരം അയാൾ തന്റെ മുന്നിൽ എത്തുന്ന ഇരകളോട് തീർത്തു. അരുണ വെറും പെണ്ണ് മാത്രമായി യന്ത്രികമായൊരു ജീവിതം നയിച്ചു പോന്നു.
“ടും ടും ടും”…ദേവായനിയുടെ വീടിന്റെ കതകിൽ മുട്ട് കേട്ടു. അവർ എഴുന്നേറ്റ് വന്നു വാതിൽ തുറന്നു..കൃതിമകാല് ഘടിപ്പിച്ച തടിച്ച ഒരു മധ്യ വയസ്കൻ. അവൾ ആ അപരിചിതനെ ഒന്ന് നോക്കി വശ്യമായി ചിരിച്ചു. പെട്ടെന്ന് ഇരുട്ടിൽ നിന്ന് യൂസ്സഫ് മുന്നിലേക്ക് കയറി നിന്നു.
“”ദേവയാനി.. ഇത് വിരമിച്ച സി ഐ അജയൻ സാറാണ്. നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞപ്പൊ കൂട്ടി കൊണ്ടു വന്നതാണ്””. യൂസ്സഫ് അയാളെ പരിചയപെടുത്തി.
ദേവയാനി അയാളെ നോക്കി ചിരിച്ചു. അയാളും വെളുക്കെ ചിരിച്ചു. കാഴ്ച്ചക്ക് ഒരു പതറുപത് വയസ്സ് തോന്നിക്കുമെങ്കിലും ദൃഡ്ഡമായ ശരീരവും വെളുത്ത നിറവും. ദേവയാനിക്ക് ഒരു ഇഷ്ടം അയാളോട് തോന്നി.
“”സാറ്..യൂസ്സഫിനെ വിട്ടിരുന്നേൽ ഞാൻ വരുമായിരുന്നല്ലോ വീട്ടിലോട്ട്.”” ദേവയാനി ചിരിച്ചു കൊണ്ടു പറഞ്ഞു. “”വാ സാറേ””…അവൾ അവരെ നിറഞ്ഞ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു. അജയൻ സാർ കൃതിമ കാലും വലിച്ചു വെച്ചു അകത്തേക്ക് കയറി.
“”ഞാൻ നിന്നെ അനുഭവിക്കാൻ വന്നതല്ല ദേവയാനി””.അജയൻ സാർ പറഞ്ഞു.””പിന്നെ?””…അവൾ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
അയാൾ ദേവയാനി നീക്കിയിട്ട കസേരയിൽ ഇരുന്നു
യൂസ്സഫ് അയാളുടെ പുറകിൽ കൈകെട്ടി നിന്നു.അയാൾ അടിമുടിയൊന്നു നോക്കി.
നേർത്ത സാറ്റിൻ തുണി കൊണ്ടുണ്ടാക്കിയ നൈറ്റിക്കുള്ളിലൂടെ അവളുടെ അടിവസ്ത്രങ്ങൾ രണ്ടും അവ്യക്തമായി കാണാം. അയാൾ കണ്ണുകൾ ദേഹത്ത് നിന്നും പറിച്ചെടുത്തു അവളുടെ മുഖത്തേക്കെറിഞ്ഞു.
””ഗുപ്തൻ… അവനെ ഇല്ലാതാക്കണം.. നീയും അവസരം കാത്തിരിക്കുകയാണ് എന്ന് യൂസ്സഫ് പറഞ്ഞു. എന്റെ കൂടെ നിൽക്കാമോ ദേവയാനിക്ക്””.അജയൻ സാർ ചോദിച്ചു.
അയാളുടെ നെഞ്ചകം പിടക്കുന്നത് ദേവയാനി കണ്ടു. കണ്ണുകളിൽ പ്രതികാര ജ്വാല ആളി കത്തി. മുഖം കറുത്തിരുണ്ടു. അയാൾ രണ്ട് നിമിഷം നിശബ്ദമായി ചിന്തകളിൽ മുഴുകി. ദേവയാനിയും യൂസ്സഫും അയാളെ സാകൂതം നോക്കി.
“”എന്റെ ഈ കാല് ജന്മനാ ഇല്ലാത്തതല്ല. അവൻ വെട്ടിയതാണ്.. ഗുപ്തൻ..എന്റെ ഒരേയൊരു മകനെ അവൻ കൊന്നു. എന്റെ കണ്മുന്നിലിട്ട്. വയസ്സ് കാലത്ത് എനിക്ക് തുണയാകേണ്ട എന്റെ മോനെ
അവൻ കൊന്നു..എന്റെ വീട്ടിൽ കയറി അവൻ പണിതു. തടയാൻ ചെന്ന എന്റെ കാലിന് അവൻ വെട്ടി.”” അജയൻ സാറിന്റെ കണ്ഠമിടറി…
ഈറനണിഞ്ഞ കണ്ണുകളോടെ അയാൾ ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസത്തിലേക്ക് ചിന്തകളെ മനഃപൂർവം കൊണ്ടെത്തിച്ചു..
ദേവയാനി അയാളെ തന്നെ നോക്കി. അവളും ചിന്തകളെ പുറകിലോട്ട് പായിച്ചു. ആ ദിവസത്തേക്ക്..
ആ തണുത്ത വെളുപ്പാൻ കാലത്തേക്ക്…ഗുപ്തന്റെ ഒറ്റ കുത്തിന്
നട്ടെല്ല് തകർന്ന് വീടിന് മുന്നിലെ റോഡിൽ കിടന്ന തന്റെ അച്ഛന്റെ രൂപം അവളിൽ തെളിഞ്ഞു വന്നു..അവളുടെ മുഖം ചുളിഞ്ഞു. വിവർണ്ണമായി. ശരീരം വിറച്ചു.
അവൾ ചിന്തകളിൽ നിന്നുണർന്നു.. ഉച്ചത്തിൽ മൂളി.. “”കൊല്ലണം.. ആ നായയേ””..അവൾ ആരോടെന്നില്ലാതെ സ്വയം മന്ത്രിച്ചു.
“”ദേവയാനി എന്താ ഒന്നും മിണ്ടാത്തത്..എത്ര കാശ് വേണം എന്റെ കൂടെ നിൽക്കാൻ””…അജയൻ സാർ ചോദിച്ചു.
“”കാശോ… ഹിഹിഹി.. ഈ ഒറ്റ തടിക്ക് എന്തിനാ പണം. എനിക്ക് ജീവിക്കാനും അതിലപ്പുറവും ഞാൻ ഉണ്ടാക്കുന്നുണ്ട്””.അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
“”നിനക്കെന്താ ഗുപ്തനോട് തീർക്കാനുള്ള കണക്ക്..യൂസ്സഫ് എന്തൊക്കെയോ പറഞ്ഞു””..അജയൻ സാർ ചോദിച്ചു.അവളുടെ മുഖം വീണ്ടും വിവർണ്ണമായി.
“”അഞ്ചു കൊല്ലം മുമ്പ് എന്റെ അച്ഛനെ ആ പുഴുത്ത നായ ജീവച്ഛവമാക്കി.നട്ടെല്ല് തകർന്ന് കടുത്ത വേദന സഹിച്ചു അദ്ദേഹം ഒരു കൊല്ലം കിടന്നു. അട്ടം നോക്കി കിടക്കുന്ന അച്ഛന്റെ മലവും മൂത്രവും വാരുമ്പൊ എനിക്ക് അറപ്പായിരുന്നില്ല.
ഗുപ്തനോടുള്ള പ്രതികാരമായിരുന്നു മനസ്സിൽ.. ഈ നിമിഷം വരേയും ഞാൻ കാത്തിരിക്കുന്നത് ആ ഒരു ലക്ഷ്യത്തിനാണ്””..അവൾ പറഞ്ഞു നിർത്തി.
“”അപ്പൊ ഈ അഭിസാരികയുടെ വേഷം?.. അതും അതിനായിരുന്നോ?””…അജയൻ സാർ ചോദിച്ചു.
“”എല്ലാരും വെറുതേ പറയുന്ന കാരണം അല്ല എനിക്ക്.. വേറെ വഴിയുണ്ടായിരുന്നില്ല. അമ്മയില്ലാത്ത ഞാൻ തനിച്ചായി. എപ്പോഴോ വീണു പോയി.
എന്റെ ലക്ഷ്യത്തിലേക്കെത്താനും ഗുണ്ടകളെ അടുത്തറിയാനും ഈ വഴി എളുപ്പമാണെന്ന് പിന്നീട് മനസ്സിലായി””. അവൾ ലവലേശം കുറ്റബോധമില്ലാതെ പറഞ്ഞു.
അജയൻ സാറ് മൂളി.. “”അവൻ കരുത്തനാണ്. നേർക്ക് നേർ നിന്ന് അവനെ തൊടാൻ ആർക്കും പറ്റില്ല..ചതി.. ചതിച്ചു വീഴ്ത്തണം””..
“”ഹിഹിഹി.. അവന്റെ കരുത്ത് എന്റെ മുമ്പിൽ ചോർന്നു പോയി സാറേ..കൈകരുത്തും മെയ്ക്കരുത്തും പുറമേ കാണുന്നതല്ല ആണത്തം.. ഒരു പെണ്ണ് അംഗീകരിക്കണം.
അപ്പോഴാണ് ഒരു പുരുഷൻ പൂർണ്ണനാകുന്നത്. അല്ലാത്തവർ ഒക്കെ ഞങ്ങൾ പെണ്ണുങ്ങളുടെ മുമ്പിൽ വെറും കോമാളികൾ . ഹിഹിഹി.. ഹിഹിഹി””…
അവിടെ കൂട്ട ചിരി മുഴങ്ങി. യൂസ്സഫും അജയൻ സാറുമൊക്കെ കുലുങ്ങി ചിരിച്ചു.””അത് യൂസ്സഫ് എന്നോട് പറഞ്ഞു…ഹിഹിഹി””.അജയൻ സാർ ചിരിക്കുന്നതിനിടെ പറഞ്ഞു. പെട്ടെന്ന് തന്നെ അയാളുടെ ചിരി മാഞ്ഞു. മുഖം ഗൗരവതരമായി..
“”ഞാൻ എന്താണ് ചെയ്യേണ്ടത്..സാർ””.ദേവയാനി അജയൻ സാറിന്റെ ഭാവമാറ്റം കണ്ട് ചോദിച്ചു.
“”മ്മ്… മ്മ്.. പറയാം.. അവൻ മാനസികമായി തളർന്ന് കഴിഞ്ഞിരിക്കുന്നു. ഇനി എളുപ്പമായിരിക്കും.. ദേവയാനീ.. നീ ഒരിക്കൽ കൂടി അവനെ ക്ഷണിക്കണം. അവന്റെ മുഖത്ത് നോക്കി വെല്ലുവിളിക്കണം. ”
ആണത്തം ഇല്ലാത്തവനേ എന്ന് അവന്റെ മുഖത്ത് നോക്കി പറയണം. അവൻ വരും.. നിന്നെ അനുഭവിക്കാനല്ല. നിന്നെ കൊല്ലാൻ. നീ ഉള്ളിടത്തോളം കാലം അവന് നിന്നെ പേടിയായിരിക്കും.
നീ എന്ന തടസ്സം ഇല്ലാതാക്കേണ്ടത് അവന്റെ അത്യാവശ്യമായി മാറും. അവന് സ്വസ്ഥമായി നാട്ടുക്കാരുടെ മുമ്പിലെങ്കിലും ആണായി ജീവിക്കാൻ””.അജയൻ സാറ് പറഞ്ഞു.
യൂസ്സഫും ദേവയാനിയും അത്ഭുതം കൂറി വിടർന്ന മുഖഭാവത്തോടെ അയാൾ പറയുന്നത് കേട്ടു നിന്നു.
“”നീ കിടക്കുന്ന മുറിയേതാ?””…അജയൻ സാറ് നാല് പാടും നോക്കിക്കൊണ്ട് പറഞ്ഞു.
ദേവയാനിക്ക് പൂർണ്ണമായി മനസ്സിലായില്ലെങ്കിലും അവൾ അയാളെ തന്റെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി.
മുറിയിലെത്തിയ അയാൾ ചുറ്റുപാടും നോക്കി. വലത് വശത്തുള്ള പുറത്തേക്ക് തുറക്കുന്ന ജനൽ കണ്ടപ്പോൾ അയാളുടെ മുഖം വിടർന്നു. അജയൻ സാർ ആ ജനലിന് നേരെ നടന്നു. ജനൽ തള്ളി തുറന്നു..
“”ദാ… നോക്ക്.. നീ ഈ ജനൽ വാതിൽ തുറന്നിടണം. അവനേ ആ കട്ടിലിൽ ഇരുത്തണം. ജനലിലൂടെ ഞാൻ എന്റെ തോക്ക് കൊണ്ടു വെടി വെക്കും.. അവനെ നമ്മൾ തീർക്കും””..അജയൻ സാർ പറഞ്ഞു.ദേവയാനിയും യൂസ്സഫും പരസ്പരം നോക്കി..
“”എങ്ങനെ അവനെ ഇവിടെ കൊണ്ടു വരും എന്നുള്ളത് നിന്റെ മിടുക്ക്.. കേട്ടിടത്തോളം എന്നേക്കാൾ അവനെ കൊല്ലേണ്ട ആവശ്യം നിനക്കാണെന്ന് തോന്നുന്നു.
വേഗത്തിൽ നീ അവനെ ഇവിടെ എത്തിക്കും എന്നെന്റെ മനസ്സ് പറയുന്നു. ഇനി നമ്മൾ തമ്മിൽ അന്നേ കാണൂ. അവനേ കൊല്ലുന്ന ആ ദിവസം””…അയാൾ പറഞ്ഞു..””സാർ.. വെടി എനിക്കിട്ടെങ്ങാനും കൊണ്ടാൽ?””…. അവൾ ചോദിച്ചു.
അയാൾ തിരിഞ്ഞു നിന്നു.. അവളെ അടിമുടി നോക്കി.. “”ഹഹഹഹ…ഹഹഹഹ..ഗുപ്തന്റെ വെടി പോലല്ലെടീ എന്റെ വെടി..അത് കൊള്ളേണ്ടിടത്ത് കൊള്ളും..ഹഹഹഹ””..അയാൾ ഉറക്കെ ഒരു വഷളൻ ചിരിയോടെ പറഞ്ഞു. അവളും ചിരിച്ചു. തലതാഴ്ത്തി കൊണ്ടൊരു വഷളൻ ചിരി..
“”നീ ഒന്ന് കൂടി കോർക്കുന്നോടാ എന്നോട്””..ചെവിയിൽ സ്ത്രീ ശബ്ദം കേട്ട ഗുപ്തൻ തിരിഞ്ഞു നോക്കി… ദേവയാനിയേ കണ്ട ഗുപ്തൻ ഞെട്ടി. അയാൾ നിന്ന് പരുങ്ങി.ദേഷ്യത്തിൽ എന്തോ പറയാൻ ആഞ്ഞു. ജനത്തിരക്കേറിയ ആ ചന്തയിൽ അയാൾ ചുറ്റു പാടും നോക്കി.
“”എന്നെ ഇപ്പൊ ഉപദ്രവിച്ചാൽ എല്ലാം ഞാൻ ഇവിടെ വിളിച്ചു കൂവും. ഞാൻ വേശ്യയാണ്. എനിക്ക് നാണമില്ല..ആളുകൾ ഗുപ്തനെ പിന്നെ എങ്ങനെ കാണുമെന്നു ഞാൻ പറയാതെ തന്നെ അറിയാലോ””. ദേവയാനി പതുക്കേ പറഞ്ഞു.
ഗുപ്തൻ പേടിച്ചു കൊണ്ടു ചുറ്റും നോക്കി..””നിനക്കെന്താടി വേണ്ടത്””..അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“”നീ ആണാണെങ്കിൽ ഒന്ന് കൂടി വാടാ എന്റെ കൂടെ കിടക്കാൻ.. ഇന്ന് രാത്രി വാ.. അതിന് നീ വരുമോ.. നീ വന്നിട്ട് എന്ത് കാര്യം അല്ലെ?””.അവൾ പുച്ഛം കലർന്ന ഭാവത്തിൽ പറഞ്ഞു കൊണ്ട് പിന്നോട്ട് നടന്ന് നീങ്ങി.
ഗുപ്തൻ ദേഷ്യം കൊണ്ട് നിന്ന് വിറച്ചു.. അയാൾ മറക്കാൻ ശ്രമിച്ചത് വീണ്ടും മനസ്സിൽ ഊറി വന്നു.. “”ഞാൻ വരുമെടീ.. തേവിടിശീ..നിന്നെ സുഖിപ്പിക്കാനല്ല.. നിന്നെ കൊല്ലാൻ. നീ ഉള്ളിടത്തോളം കാലം എനിക്ക് മനസ്സമാധാനം ഉണ്ടാവില്ല””.ഗുപ്തൻ മനസ്സിൽ പറഞ്ഞു.
തിരിഞ്ഞു നോക്കിയ അവളോട് അയാൾ സമ്മത ഭാവത്തിൽ തലകുലുക്കി കാണിച്ചു. അവൾ പല്ല് കടിച്ചമർത്തി ചിരിച്ചു..അവൾ വീട്ടിൽ പോയി അജയൻ സാറിനെ വിളിച്ചു.
“”സാറേ ഇന്ന് രാത്രി അവൻ വരും. വരാമെന്ന് അവൻ നേരിട്ട് പറഞ്ഞില്ലെങ്കിലും സാറ് നോക്കിക്കോ അവൻ വന്നിരിക്കും. അവന്റെ മുഖഭാവം അങ്ങനെ പറയാതെ പറയുന്നു””…
രാത്രി ഇരുവരും കാത്തിരുന്നു.. അജയൻ സാറ് ജനലിന്റെ താഴെ നിറച്ച റിവോൾവറുമായി പതുങ്ങി ഇരുന്നു. ദേവയാനി മുറിയിലും കാത്തിരുന്നു.. സമയം പത്ത് മണി… ഗുപ്തന്റെ മോട്ടോർ
സൈക്കിളിന്റെ ഒച്ച ദേവയാനിയും അജയൻ സാറും കേട്ടു. ഇരുവരുടേയും ഹൃദയം മിടിച്ചു. മുഖം വിടർന്നു. പകയുടെ വെണ്ണീർ നീറി പുകഞ്ഞു.
ഗുപ്തൻ വാതിലിൽ മുട്ടി. ദേവയാനി നിർവികാര ഭാവത്തോടെ വാതിൽ തുറന്നു. അയാൾ അകത്തു കയറി
“”ഞാൻ വരുമെന്ന് കരുതിയില്ല””..അവൾ ഉമ്മറ വാതിൽ അടച്ചു കുറ്റിയിടുന്നതിനിടെ പറഞ്ഞു. ഗുപ്തൻ ഒന്നും മിണ്ടിയില്ല. അവൾ മുന്നിൽ നടന്നു. ഗുപ്തൻ പുറകിലും.
അവർ മുറിയിലേക്ക് കയറി. ദേവയാനി കട്ടിലിൽ ഇരുന്നതും ഗുപ്തൻ അവളെ ബലമായി കിടത്തി കഴുത്തിൽ കൈ അമർത്തി.. “”എനിക്ക് ജീവിക്കണം. ഗുണ്ടയായി തന്നെ..നീ ഉള്ളിടത്തോളം എനിക്ക് എന്നിലെ ആണിനെ നഷ്ടമാകും.””
അയാൾ ബലമേറിയ വിരലുകൾ അവളുടെ തൊണ്ട കുഴിയിൽ അമർത്തി കൊണ്ടു പറഞ്ഞു.. അവളുടെ കണ്ണുകൾ തുറിച്ചു. ശ്വാസം തിങ്ങി.. കൈകാലുകൾ പിടച്ചു.
ജനൽ കമ്പികൾക്കിടയിലൂടെ തോക്കിൻ കുഴൽ നീണ്ടു വന്നു. അജയൻ സാറ് ഉന്നം നോക്കി കാഞ്ചി വലിച്ചു. “ട്ടോ”….വെടിയുണ്ട ചീറി പാഞ്ഞു ചെന്നു ഗുപ്തന്റെ മുതുക് തുളച്ചു.. “”ആഹ്…
ആഹ്””…ആർത്ത നാദത്തോടെ അയാൾ ദേവയാനിയുടെ കഴുത്തിലെ പിടി വിട്ടു. അവൾ ശ്വാസം തിരിച്ചു കിട്ടിയ വേഗത്തിൽ ഉറക്കെ ഉറക്കെ ചുമച്ചു കൊണ്ടിരുന്നു. ഗുപ്തൻ വെടിയൊച്ച കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നിന്നു.. “”ട്ടോ…ട്ടോ””..വീണ്ടും
കാഞ്ചിയിൽ അജയൻ സാറിന്റെ വിരൽ രണ്ട് തവണ അമർന്നു. വെടിയുണ്ടകൾ ഇടത് നെഞ്ചിൽ അടുത്തടുത്തായി പതിച്ചു കയറി ഹൃദയം തുളഞ്ഞു. ഗുപ്തൻ നെഞ്ച് പൊത്തി പിടിച്ചു കമിഴ്ന്നു വീണു.. ഒന്ന് മലരാൻ ശ്രമിച്ച ഗുപ്തൻ പതുക്കെ ചലനമറ്റു.
ദേവയാനി തലയുയർത്തി ജനലിൽ കൂടി അജയൻ സാറിനെ നോക്കി. പ്രതികാരാഗ്നി അടങ്ങിയ ആശ്വാസത്തിന്റെ ചിരി ഇരുവരുടെയും ചുണ്ടിൽ ഒരേ സമയം വിടർന്നു.
ഈ സമയം യൂസ്സഫ് നൽകിയ പരമാനന്ദ രതി സുഖം നുകർന്നു അരുണ അയാളുടെ മാറിൽ മയങ്ങുകയായിരുന്നു….. ശുഭം..