അവളുമായി എല്ലാം പങ്കു വെച്ചിട്ടുണ്ടോ..?സംയമനം വീണ്ടെടുത്ത് കൊണ്ട് ദേവിക ചോദിച്ചു. “മ്മം… മനസ്സും ശരീരവും

കഥ.. ..”പെൺ”കനൽ….
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“നിങ്ങൾ ഈ നട്ടപാതിരാക്ക്‌ എങ്ങോട്ടാണ് ചന്ദ്രേട്ടാ””നിന്റെ അമ്മേടെ രണ്ടാം കെട്ടിന്. എന്തേ… പോരുന്നോ”.അയാൾ ഉറക്കെ അലറി.

പ്രതീക്ഷിച്ച മറുപടി കിട്ടിയത് കൊണ്ടോ എന്തോ, ദേവികയുടെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല.
ഉറക്കത്തിൽ നിന്നു ദൃതിയിൽ എണീറ്റ് മുണ്ടും ഷർട്ടും മാറ്റി പോകുന്നത് കണ്ടു ദേവിക ചോദിച്ചതാണ്.

അയാൾ തിരിഞ്ഞുപോലും നോക്കാതെ കതക് തുറന്നു കൂരാകൂരിരുട്ടിലേക്കു ഊളിയിട്ടു. ചന്ദ്രേട്ടൻ എന്നും ഇങ്ങനെയാണ്. കെട്ടിക്കൊണ്ട് വന്നിട്ട് മൂന്ന് വർഷം ആകാറായി.എന്നെ ഒന്ന് തൊട്ടു നോക്കിയിട്ടില്ല.

ഇത് വരെ സ്നേഹത്തോടെ ഒരു വാക്ക് മിണ്ടിയിട്ടില്ല. സ്നേഹത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല . എല്ലാത്തിനും കാരണം അവളാണ്..

രാധിക.. കുറേ ആയി ഞാൻ സഹിക്കുന്നു. ഇനി വയ്യ…..കൊല്ലണം.. ആ തേവിടിശ്ശിയെ… ദേവിക ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ പിറുപിറുത്തു.

“രാധികേ… രാധികേ… കതക് തുറക്കെടി ഇത് ഞാനാ നിന്റെ ചന്ദ്രേട്ടൻ.”രാധിക കിടക്കുന്ന മുറിയുടെ ജനല്പാളികളിൽ പതുക്കെ മുട്ടികൊണ്ട് ചന്ദ്രൻ വിളിച്ചു.

രാധിക ഉറക്കമില്ലാതെ കിടക്കുകയായിരുന്നു.രാധിക ജനൽ പാളികൾ പതുക്കെ തുറന്നു.

“ചന്ദ്രേട്ടാ പുറകിലെ വാതിൽ കുറ്റിയിട്ടിട്ടില്ല. ശബ്ദം ഉണ്ടാക്കാതെ കയറി പോരണേ.”രാധിക പതുക്കെ പറഞ്ഞു. ചന്ദ്രൻ പമ്മി പമ്മി പതുക്കെ അകത്തു കയറി.രാധികയെ വട്ടം പിടിച്ചു.

“ഈ ഒളിച്ചുകളി തുടങ്ങീട്ട് പത്തു കൊല്ലമായില്ലേ ചന്ദ്രേട്ടാ. ഇനി ഇങ്ങനെ എത്ര നാൾ”…?
രാധിക ചോദ്യഭാവത്തിൽ പറഞ്ഞു ചന്ദ്രനെ നോക്കി.

“ഞാൻ ചത്തു മലക്കും വരെ”ചന്ദ്രൻ ചിരിച്ചു കൊണ്ടു പറഞ്ഞു. “”അപ്പൊ ദേവിക ചേച്ചി….എന്തിനാ അതിനെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത്.

മൂന്ന് വർഷം ആകാറായില്ലേ നിങ്ങൾ ഒന്നായിട്ട്. ഇനിയെങ്കിലും അതിനെ ഒന്ന് സ്നേഹിച്ചൂടെ. പാവല്ലേ ചന്ദ്രേട്ടാ അത്”

രാധിക ചന്ദ്രന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കുന്നതിനിടെ ചന്ദ്രന്റെ ഉള്ളറിയുവാൻ സ്വല്പം നീരസത്തോടെ ചോദിച്ചു.

“ആ നായിന്റെ മോളുടെ കാര്യം എന്നോട് മിണ്ടരുത്. നീ എന്തിനാണ് ഇടയ്ക്കിടെ ഇതിങ്ങനെ ഓർമിപ്പിക്കുന്നത് പണ്ടാരമടങ്ങാൻ.. “ചന്ദ്രൻ കലിപ്പ് കയറി തുള്ളി കൊണ്ട് പറഞ്ഞു.

“ഞാൻ പോവാണ്. ഒലക്കേടെ മൂട്.”ചന്ദ്രൻ ദേഷ്യത്തോടെ എഴുന്നേറ്റ്‌ പോവാൻ തുടങ്ങി. രാധിക ചന്ദ്രന്റെ കയ്യിൽ കയറിപ്പിടിച്ചു.”ചന്ദ്രേട്ടാ പോവല്ലേ… ഞാൻ…. “.”വിടെടി എന്നെ”

ചന്ദ്രൻ ബലമായി രാധികയുടെ കൈ വേർപ്പെടുത്തി വിറക്കുന്ന മുഖവുമായി റൂമിൽ നിന്നിറങ്ങി പോയി. രാധിക നിരാശയോടെ കട്ടിലിൽ കയറി കിടന്നു.എന്തൊരു രസമായിരുന്നു ആ പ്രണയകാലം. ഇണ കുരുവികളെ പോലെ പറന്നു നടക്കയല്ലാരുന്നോ.

എത്ര എത്ര സ്വപ്നങ്ങൾ..പകൽ കിനാവുകളിൽ എത്ര തവണ താലി ചാർത്തി. ദേവികയെ ക്കെട്ടിയതിനു ശേഷമാണ് ഇങ്ങനെ ഒളിച്ചും പാത്തുമുള്ള വരവ് തുടങ്ങിയത്. ഇങ്ങനെ പിണങ്ങി പോക്കൊക്കെ പതിവാ….. കിടന്നു കൊണ്ട് രാധിക ഓർത്തു.

ചന്ദ്രൻ വീട്ടിലെത്തി കതകിൽ തട്ടി.”ടീ….കൂത്തിച്ചി.. വാതിൽ തുറക്കെടി… നീ ചത്തോ’… ഉറക്കെ കതകിൽ തട്ടികൊണ്ട് ചന്ദ്രൻ മുരണ്ടു.

ദേവിക ഉറക്കച്ചടവോടെ വന്നു കതകു തുറന്നു. ചന്ദ്രൻ അവളെ നോക്കി ഒരു പുച്ഛചിരി ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

“എന്തേ..ധൃതിപ്പെട്ടു ഇങ്ങ് പോന്നത്? നിങ്ങടെ മുൻകാമുകി ഇന്നൊന്നും തന്നില്ലേ”? ദേവിക സ്വല്പം പരിഹാസചുവയോടെ ചോദിച്ചു.ചന്ദ്രൻ തിരിഞ്ഞു നിന്നു.

“എങ്ങനെ തിരിച്ചു വരാതിരിക്കും. അവൾ നിന്നെ ഓർമിപ്പിച്ചു. നിന്റെ ഈ ചീഞ്ഞ മുഖം ഓർമ വന്നാൽ എന്റെ സകല ആവേശവും പോകും…. ആ.. പിന്നെ….

അവൾ എന്റെ മുൻകാമുകി ഒന്നുമല്ല. ഇപ്പോഴും അവൾ എന്റെ കാമുകി തന്നെയാണ്. ചന്ദ്രൻ അഭിമാനത്തോടെ പറഞ്ഞു.

“അപ്പൊ ഞാനോ…? ഞാൻ ആരുമല്ലേ നിങ്ങടെ..? നിങ്ങൾ താലി ചാർത്തിയ ഞാൻ ആരുമല്ലേ..? അല്ലേന്ന്…?

ദേവിക വിതുമ്പി കൊണ്ട് ചോദിച്ചു. ആ ചോദ്യത്തിൽ നിരാശയും ദേഷ്യവും സങ്കടവും നിഴലിച്ചിരുന്നു..

“ഹഹഹഹ…. നീയോ… നീ വെറും പാഴ്… നിന്നെ ആർക്ക് വേണമെടി….പോയി ചത്തൂടെടി നിനക്ക്… ചന്ദ്രൻ പറഞ്ഞു.

“ചാകേണ്ടത് ഞാൻ അല്ല…ആ പട്ടിയാണ്.. ആ അഴിഞ്ഞാട്ടക്കാരി രാധിക.. ഞാൻ കൊല്ലും അവളെ.”ദേവിക തേങ്ങലടക്കി കൊണ്ട് പറഞ്ഞു..

ചന്ദ്രൻ അവൾക്ക് നേരെ പാഞ്ഞടുത്തു. മുഖത്തേക്ക് ആഞ്ഞടിച്ചു. ദേവിക “അമ്മേ” എന്ന് വിളിച്ചു കൊണ്ട് നിലത്ത് വീണു. ചന്ദ്രൻ ദേവികയുടെ നാഭിയിൽ ആഞ്ഞു ചവിട്ടി.

“നായിന്റെ മോളെ.അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം. കൂടുതൽ മെക്കിട്ട് കയറിയാൽ ചവിട്ടി കൊല്ലും ഞാൻ.”

ചന്ദ്രൻ ദേവികയുടെ നാഭിയിൽ ചവിട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. ചന്ദ്രൻ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു..

ദേവിക വേദനയും സങ്കടയും സഹിക്കാൻ വയ്യാതെ വാവിട്ട് കരഞ്ഞു.”എന്തൊരു ഗതികെട്ട ജന്മം ആണീശ്വരാ എന്റേത്”.

ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു.കണ്ണുനീർ ചാലിട്ടൊഴുകി. അവൾ അടിവയറും പൊത്തി പിടിച്ചു കൊണ്ട് എണീറ്റിരുന്നു.നിരങ്ങി നിരങ്ങി പോയി

ചുമരിൽ ചാരി ഇരുന്നു കാലുകൾ നീട്ടി. കണ്ണീർ തുടച്ചു.അഴിഞ്ഞ മുടി വാരികെട്ടി…….പതുക്കെ ഓർമകളിലേക്ക് ഊളിയിട്ടു.

എന്തൊരു ആഘോഷമായി നടത്തിയ കല്യാണമാണ്. ആളും അമ്പാരിയും കൊട്ടും കുരവയുമായി നടത്തിയ ആഘോഷകല്യാണം. ആ നാട്ടിൽ അങ്ങനെ ഒരു കല്യാണം നടന്നിട്ടില്ല എന്ന് നാട്ടുകാർ അടക്കം പറയും.

എന്ത് കാര്യം. എനിക്ക് കണ്ണീർ കുടിക്കാൻ ആണല്ലോ ഈശ്വരാ വിധി. കല്യാണപെണ്ണായി ചമഞ്ഞു നിന്നത് ഈ വിഡ്ഡിവേഷം കെട്ടാനായിരുന്നു.

വലതുകാൽ വെച്ചു വിളക്കുപിടിച്ചു കയറിയത് ഈ ആഭാസന്റെ ചവിട്ടും കുത്തും കൊള്ളാനായിരുന്നു….ഓർമകൾക്കിടയിൽ ദേവിക നെടുവീർപ്പിട്ടു.

മനസ്സിൽ കുന്നോളം സങ്കപ്പങ്ങൾ ഉണ്ടായിരുന്നു എനിക്ക് ആദ്യരാത്രിയെ കുറിച്ച്. മധുരമൂറുന്ന ചുമ്പനങ്ങളും കരലാളനകളും പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ദുഃഖത്തിന്റെ കൈപ്പുനീരാണ്.

ഓർമ്മകൾ ദേവികയെ വന്നു മൂടവേ വീണ്ടും കണ്ണുകൾ നിറഞ്ഞു.കുളിച്ചൊരുങ്ങി സെറ്റുസാരി ഉടുത്ത് മുടിയിൽ മുല്ലപ്പൂ വെച്ച് കയ്യിൽ പാൽഗ്ലാസ്സുമായി നാണത്തോടെ ഞാൻ മണിയറയിലേക്ക് ചെന്നപ്പോൾ ചന്ദ്രേട്ടൻ

നിർവികാരതയോടെ കട്ടിലിൽ ഇരിക്കുകയായിരുന്നു .ഞാൻ അടുത്ത് ചെന്നു നിന്നപ്പോൾ ഒന്ന് ഇരിക്കാൻ പോലും എന്നോട് പറഞ്ഞില്ല ചന്ദ്രേട്ടൻ. മടിച്ചു മടിച്ചു ഞാൻ അടുത്തിരുന്നു.

ചന്ദ്രേട്ടൻ അവക്ജ്ഞയോടെ നീങ്ങിയിരുന്നപ്പോൾ ഞാൻ അപകടം മണത്തതാണ്.ഞാൻ നാണിച്ചു കൊണ്ട് പാൽ ഗ്ലാസ്‌ നീട്ടിയപ്പോൾ തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തത് .

“എന്ത് പറ്റി ചന്ദ്രേട്ടാ. എന്തിനാ പാൽ തട്ടി തെറിപ്പിച്ചത്”? ദേവിക ചോദിച്ചു.”ചന്ദ്രേട്ടനോ..?ആരാടി നിന്റെ ചന്ദ്രേട്ടൻ. ഞാൻ എന്റെ രാധികയുടെ ചന്ദ്രേട്ടനാണ് “.

ദേവികയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. ഒന്നും മനസ്സിലാകാത്ത പോലെ വാ പൊളിച്ചു.

“ഏതു രാധിക”?ദേവിക ഇടറിയ ശബ്ദത്തിൽ പതുക്കെ ചോദിച്ചു.”രാധിക. ഇവിടെ നിന്ന് അഞ്ചാറു കിലോമീറ്റർ അപ്പുറത്താണ് അവളുടെ വീട്.

ഞങ്ങൾ പത്തു വർഷമായി പ്രണയത്തിലാണ്. എനിക്ക് അവൾ ജീവനാണെങ്കിൽ അവൾക്ക് ഞാൻ ജീവന്റെ ജീവനാണ്.”ചന്ദ്രൻ ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

ദേവികക്ക് തലകറങ്ങുന്നത് പോലെ തോന്നി.നിന്നു വിയർത്തു. കരയണോ വേണ്ടയോ എന്നുള്ള സംശയം ദേവികയുടെ ഉള്ളിൽ നിറഞ്ഞു.

ആദ്യരാത്രി മണിയറക്കുള്ളിൽ കയറിയ ഞാൻ കേൾക്കുന്നത് ഒരിക്കലും ഒരു പെണ്ണ് കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ്.

“അവളുമായി എല്ലാം പങ്കു വെച്ചിട്ടുണ്ടോ..?സംയമനം വീണ്ടെടുത്ത് കൊണ്ട് ദേവിക ചോദിച്ചു.

“മ്മം… മനസ്സും ശരീരവും ഞങ്ങൾ പരസ്പരം കൈമാറി. അവളുടെ ഉടലിലെ ആഴപ്പരപ്പുകൾ വരെ എനിക്കറിയാം.”യാതൊരു കൂസലും ഇല്ലാതെ ചന്ദ്രൻ പറഞ്ഞു നിർത്തി.

നെഞ്ചിൽ നിന്നു എന്തോ ഒന്ന് ചങ്കിൽ വന്നു കുരുങ്ങിയ പോലെ ദേവികക്ക്. ഞാൻ വീണു പോകും എന്ന് ദേവികക്ക് തോന്നി. വേച്ചു വേച്ചു നടന്നു ജനൽ കമ്പികളിൽ പിടിച്ചു നിന്നു.

പുറത്തേക്ക് നോക്കി. കണ്ണീർ കവിളിലൂടെ ചാലിട്ടൊഴുകി. തേങ്ങി തേങ്ങി കരഞ്ഞു.സർവപ്രതീക്ഷകളും നശിച്ച ഒരു പെണ്ണുടൽ മാത്രമായി ദേവികക്ക് തോന്നി. ചന്ദ്രൻ യാതൊരുവിധ ഭാവമാറ്റവുമില്ലാതെ മറ്റെന്തോ ആലോചിച്ചിരിക്കും പോലെ തോന്നി.

അവൾ തിരിഞ്ഞു നിന്നു. ചന്ദ്രൻ യാതൊരു കുറ്റബോധവും ഇല്ലാതെ കട്ടിലിൽ ഇരിക്കുകയാണ്. ദേവിക പതുക്കെ അടുത്ത് ചെന്നു.

“ചന്ദ്രേട്ടന് അവളെ മറക്കാൻ പറ്റില്ലേ.”വിതുമ്പുന്ന ചുണ്ടുകളോടെ ദേവിക ചോദിച്ചു.അവളുടെ സ്വരം ഇടറിയിരുന്നു.

“ഇല്ല. ഒരിക്കലും പറ്റില്ല. ഈ ജന്മം എനിക്ക് അവളെ മറക്കാൻ പറ്റില്ല”.ചന്ദ്രൻ തറപ്പിച്ചു പറഞ്ഞു.

കനിവിന്റെ ഒരു കണിക പോലും ആ വാക്കുകളിൽ ഉണ്ടായിരുന്നില്ല. ഇതോടെ ദേവിക പരിസരം മറന്നു. ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ ദേവിക നിന്നു വിറച്ചു.

“പിന്നെ എന്തിനാടാ ദുഷ്ടാ. നീ എന്റെ കഴുത്തിൽ താലി ചാർത്തിയത്. എന്റെ ജീവിതം നശിപ്പിച്ചത്.”?

ദേവിക ചന്ദ്രന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചു.ഹഹഹഹ… ഹഹഹഹ”ചന്ദ്രൻ മുഴങ്ങുന്ന ശബ്ദത്തിൽ ഉറക്കെ ചിരിച്ചു. ഒരു ഭ്രാന്തനെ പോലെ തോന്നിച്ചു ദേവികക്ക്.

“എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് ഒരാളെ വേണം. എന്റെ ഭാര്യ ആയിട്ടല്ല. ഭാര്യയെ പോലെ തോന്നിപ്പിക്കാൻ ഒരാൾ. എന്റെ അച്ഛനെയും അമ്മയെയും പരിചരിക്കാൻ ഒരാൾ.

എനിക്ക് വെച്ചു വിളമ്പി തരാൻ ഒരാൾ. നാട്ടുകാരുടെ മുമ്പിൽ എന്റെ ഭാര്യപട്ടം അലങ്കരിക്കാൻ ഒരാൾ.…. അങ്ങനെ… അങ്ങനെ ഒരാൾ…ഹഹഹഹ”ഇതു പറഞ്ഞു കൊണ്ട് ചന്ദ്രൻ വീണ്ടും ആ രാക്ഷസ ചിരിചിരിച്ചു.

“ചന്ദ്രേട്ടാ… കെട്ടിക്കൊണ്ടു വന്ന ഒരു പെണ്ണിനോടാണ് നിങ്ങൾ ഇതു പറയുന്നതെന്ന് ഓർമ വേണം. അതും ആദ്യരാത്രിയിൽ..

ദേവിക വീണ്ടും വിതുമ്പികൊണ്ട് ചോദിച്ചു.”ഹിഹി.. ഓർമയുണ്ട്….പക്ഷെ എനിക്കിതല്ലാതെ വഴിയില്ല.”ചന്ദ്രൻ ചിരിച്ചു കൊണ്ടു പറഞ്ഞു.”

ദേവിക ചുമരും ചാരി ഇരുന്നു കൊണ്ട് ഓർക്കുകയാണ്. അടിവയറിൽ ഇടയ്ക്കിടെ അമർത്തി നോക്കുന്നുണ്ട്. വേദന കടഞ്ഞു കയറുന്നുണ്ട്.

നിറഞ്ഞകണ്ണുകൾ തുടച്ചു കൊണ്ട് വീണ്ടും ദേവിക ചുമരിൽ തലചായ്ച്ചു കൊണ്ട് ഓർമകളുടെ മഹാസമുദ്രത്തിലേക്ക് ഊളിയിട്ടു..

“രാധിക”..ഞാൻ കണ്ടിട്ടുണ്ട് അവളെ. ഒരിക്കൽ അമ്പലത്തിൽ വേച്ചു.. തൊഴുതു മടങ്ങും നേരം പിറകിൽ നിന്നൊരു വിളി..

“ദേവികചേച്ചിയല്ലേ.”പിറകിൽ നിന്നൊരു കിളിനാദം കേട്ട് ദേവിക ജിജ്ഞാസയോടെ തിരിഞ്ഞു നോക്കി.”അതെ.. ആരാ.. എനിക്ക് മനസ്സിലായില്ല.”ദേവിക ചോദിച്ചു”ഞാൻ …രാധിക”…….

ഉള്ളിൽ നിന്നും ഒരു കൊള്ളിമീൻ മിന്നിയ പോലെ തോന്നി ദേവികക്ക്. അകതാരിൽ ഒരു ഞെട്ടൽ. ഉൾകിടിലവും, വെറുപ്പും,അറപ്പും പുറമെ കാണിക്കാതെ രാധികയെ നോക്കി.

സുന്ദരിയാണ്.ഇരു നിറമാണെങ്കിലും ഒരു മിനുക്കമുണ്ട് നിറത്തിന്. സെറ്റ്സാരി ഉടുത്തിരിക്കുന്നു.നിറഞ്ഞ മാർവിടം.വടിവൊത്ത ശരീരം. ദേവിക അവളെ അങ്ങനെ നോക്കി നിൽക്കുകയാണ്.

ഇവളാണ് ആ ഒരുമ്പെട്ടവൾ. എന്റെ ജീവിതം വഴിമുടക്കിയ പെൺപിറന്നോൾ.. ദേവിക
ആത്മരോഷം കടിച്ചമർത്തികൊണ്ട് നിൽക്കുകയാണ്.
“എന്താ ചേച്ചി ഒന്നും മിണ്ടാത്തെ ”

രാധിക ചോദിച്ചു.ദേവിക സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോലെ ഞെട്ടി..”എ. എ…. ഒ.. ഒ…ഒന്നുമില്ല”.ദേവിക വിക്കികൊണ്ട് അമ്പരപ്പോടെ പറഞ്ഞു.”കുട്ടിക്ക് എന്നെ എങ്ങനെ അറിയാം.”

“അതൊക്കെ അറിയാം ചേച്ചി. ഇവിടെ അടുത്ത് തന്നെയാ എന്റെ വീട്”.രാധിക കൊഞ്ചുന്ന സ്വരത്തിൽ പറഞ്ഞു.

നുരഞ്ഞുപൊങ്ങിയ ഈർഷ്യത മറച്ചു വെക്കാൻ നന്നേ പാട്പെട്ടു ദേവിക.യാന്ത്രികമായി ചിരിക്കാൻ ശ്രമിച്ചു.

“ആട്ടെ… രാധിക എന്ത് ചെയ്യുന്നു”?.”ഞാൻ ഡിഗ്രി കഴിഞ്ഞു ചേച്ചി. വീട്ടിലെ പ്രാരാബ്ദങ്ങൾ കാരണം കൂടുതൽ പഠിക്കാൻ പറ്റിയില്ല ചേച്ചി.”

“മ്മ്മ്. ദേവിക മൂളി”അപ്പൊ ചേച്ചി…. ഞാൻ പോവുന്നെ.. പിന്നെക്കാണാം… ട്ടോ”.രാധിക ചിരിച്ചുകൊണ്ട് പറഞ്ഞു. കവിളിൽ നുണ കുഴി തെളിഞ്ഞു കണ്ടു.

രാധിക നടന്നകലുന്നതും നോക്കി ദേവിക നിന്നു.നല്ല കാർകൂന്തൽ. അത് നിതംബത്തിന് താഴേക്കു വിടർത്തിയിട്ടിരിക്കുന്നു.

തുള്ളി കളിക്കുന്ന നിതംബങ്ങളിൽ തട്ടി ആടിഉലയുന്നു.
ദേവികയിൽ നിന്നു ഒരു ചുടുനിശ്വസം അറിയാതെ പുറത്തേക്കു വന്നു.

” എടി കഴുവേറീടെ മോളെ… ദേവികേ… നീ എന്താടി പട്ടി.. ഇരുന്ന് കിനാവ് കാണുന്നോ.”.?ദേവിക ഞെട്ടി…ചന്ദ്രൻ മുന്നിൽ വന്നു നിൽക്കുന്നു.

“നേരം പരപരാ വെളുത്തത് അറിഞ്ഞില്ലെടി.എണീറ്റ് പോയി ചായക്ക്‌ വെള്ളം വെക്കെടി.ഒറ്റ ചവിട്ട് ഞാൻ”

ചന്ദ്രൻ കാലോങ്ങി.അവൾ പേടിച്ചു ചുമരിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങി. ചന്ദ്രൻ തോർത്തുമുണ്ട് തലയിൽ കെട്ടി പുറത്തേക്ക് പോയി. ദേവിക എണീറ്റു ജനലിലൂടെ പുറത്തേക്ക് നോക്കി.

കിഴക്ക് നിന്നു സൂര്യൻ പതുക്കെ തലപൊക്കുന്നു.വയൽ കിളികൾ ചിലച്ചു കൊണ്ട് പാറി പോകുന്നുണ്ട്. കഴിഞ്ഞു പോയ വേദനകൾ ഓർത്തു ഞാൻ എപ്പോഴാണ് ഉറങ്ങിയത്. ദേവിക ഓർത്തു. എല്ലാം ഒരു പാഴ്കിനാവായെങ്കിൽ…. അവളുടെ ഉള്ളം വെറുതെ കൊതിച്ചു.

ദേവിക പതുക്കെ അടുക്കളയിലേക്ക് നടന്നു.അടുപ്പിൽ തീകൂട്ടി. പത്രത്തിൽ വെള്ളമെടുത്തു അടുപ്പത്തു വെച്ചു കൊണ്ടു അവൾ തലേന്ന് കൂട്ടിവെച്ച ദോശമാവ് ഇളക്കി പതം

വരുത്തി.ദോശകല്ല് എടുത്ത് അടുപ്പത്ത് വെച്ചു. എണ്ണയൊഴിച്ചു. തവിയിൽ നിന്നു ദോശമാവ് കല്ലിലേക്കൊഴിച്ചു..

ശ്ശ്ശ്ശ്… ശ്ശ് ശ്… ശ്.ദോശക്കല്ലിൽ നിന്നു മുരിയുന്നതിന്റെ ശബ്ദം…. ഇങ്ങനെ മുരിക്കണം.. ആ മൂശേട്ടയെ….കൊല്ലണം.. ആ തേവിടിശ്ശിയെ…. മൂന്ന് കൊല്ലമായി ഞാൻ സഹിക്കുന്നു.

ഒരു പെണ്ണിന്റെ ശരീരവും മനസ്സും കൊതിക്കുന്ന സ്നേഹത്തിന്റെയും കാമത്തിന്റെയും ചിറകൊടിഞ്ഞത് ആ ഒരുമ്പെട്ടവൾ കാരണമാണ്. ഒരു ഭാര്യ ആയിട്ട് പോലും ഒരു കന്യക ആയി തുടരുന്നത് ആ ശവം കാരണമാണ്.

ഭർത്താവ് ജീവിച്ചിരിക്കെ ഒരു വിധവ ആയി തുടരുന്നത് ആ കൂത്തിച്ചി കാരണമാണ്…. കൊല്ലണം…..കൊല്ലും ഞാനിന്ന് അവളെ… ദേവിക മനസ്സിൽ പറഞ്ഞു.ഒരു പെൺകനൽ അവളുടെ ഉള്ളിൽ ജ്വലിച്ചു.

പകയുടെ തീജ്വാല ഉള്ളിൽ കിടന്നു നീറി.. മനസ്സ് എന്തും നേരിടാനുള്ള പ്രാപ്തി നേടുന്നത് അവൾ അറിഞ്ഞു

തല തുവർത്തിക്കൊണ്ട് ചന്ദ്രൻ അടുക്കളയിലൂടെ അകത്തേക്കു കയറി. റൂമിൽ കയറി ഷർട്ടും മുട്ടും മാറ്റി അടുക്കളയിൽ വന്നിരുന്നു . ദേവിക ചായയും ദോശയും ചട്ണിയും മുമ്പിൽ

കൊണ്ടുവന്നു വെച്ചു. പുറത്തേക്കിറങ്ങി ചൂലെടുത്തു മുറ്റമടിക്കാൻ തുടങ്ങി.ചന്ദ്രൻ തന്റെ പണി ആയുധങ്ങൾ അടങ്ങിയ സഞ്ചിയും തൂക്കി പിടിച്ചു മുറ്റത്തേക്കിറങ്ങി.

അവളെ നോക്കി ഒരു പച്ചചിരി ചിരിച്ചുകൊണ്ട് ഗേറ്റ് ലക്ഷ്യമാക്കി നടന്നു നീങ്ങി. ദേവിക നിവർന്നു നിന്നു കൊണ്ടു അയാളെ നോക്കി. ഒരു രൗദ്രഭാവം അവളുടെ മുഖത്തു തെളിഞ്ഞു.ക്രൂരമായ ഒരു ചിരി അവളുടെ ചുണ്ടിൽ വിടർന്നു.

അയാൾ കണ്മുന്നിൽ നിന്നു മാഞ്ഞപ്പോൾ ദേവിക ചൂല് താഴെയിട്ടു വിറകുപുരയിലേക്കു ചെന്നു. പണ്ടെങ്ങോ കൊണ്ടുവന്നു വെച്ച ഒരു കയർ ഉണ്ടായിരുന്നു അവിടെ.

അതാണ് അവൾ തിരയുന്നത്.കുറേ പഴയസാധനങ്ങൾ വാരി താഴെയിട്ടു. അതിനിടയിൽ അവൾ കണ്ടു ആ കയർ.ദേവികയുടെ കണ്ണുകൾ തിളങ്ങി. ഭ്രാന്തമായ ഒരു ആവേശം അവളിൽ നിറഞ്ഞു.

“കൊല്ലണം അവളെ”അവൾ ആ കയറിലേക്ക് നോക്കി പിറുപിറുത്തു.ദേവിക ആ കയർ മൂന്ന് മുഴം വലുപ്പത്തിൽ മുറിച്ചെടുത്തു.അതിൽ പറ്റിയ ചെളി കഴുകി കളഞ്ഞു ഉമ്മറത്തു ഉണക്കാനിട്ടു.

കിണറ്റിൻകരയിൽ പോയി വെളളം കോരി കുളിമുറിയിലെ തൊട്ടിയിൽ നിറച്ചു.അകത്തു കയറി പല്ല് തേച്ചു. കുളിക്കാൻ തുടങ്ങി.ആ തണുത്ത വെള്ളത്തിനും അവളുടെ ഉള്ളിലെരിയുന്ന കനലിനെ അണക്കാനായില്ല.

കുളികഴിഞ്ഞു നൈറ്റി മാറി പുറത്തിറങ്ങി. ഉമ്മറത്തു ചെന്നു ഉണക്കാനിട്ട കയർ എടുത്ത് അകത്തക്ക് കയറി.മുറിയിൽ ചെന്നു വാതിൽ അടച്ചു കുറ്റിയിട്ടു. നൈറ്റി ഊരിമാറ്റി. ഈറൻ മുടി ഒന്നുകൂടി തുവർത്തി.

അലമാര തുറന്നു നല്ല കടുംനീല കോട്ടൺ സാരിയും സാരിക്ക് യോജിച്ച ബ്ലൗസും അടിപാവാടയും എടുത്ത് കട്ടിലിലേക്കിട്ടു. പാവാട എടുത്തു ഉടുത്തിട്ട് വള്ളി നന്നായി മുറുക്കികെട്ടി. അതിന് മുകളിലായി ആ” കൊലക്കയർ “ചുറ്റി.

അതിന്റെ ഒരു തുമ്പ് വയറിനു മുകളിലേക്കു പെട്ടെന്നു വലിച്ചെടുക്കാവുന്ന തരത്തിൽ പൊക്കി വെച്ചു.സാരി ചുറ്റി നല്ല ഭംഗിയിൽ ഞൊറിതെറുത്തു വെച്ചു.

ഭ്രാന്തമായ ഒരു ആവേശം അവളിൽ കണ്ടു. രാധികയോടുള്ള കൊടിയ പകയിൽ അവളുടെ മുഖം അപ്പോഴും രക്തമയം ആയിരുന്നു. മുറിയിൽ നിന്നു പുറത്തിറങ്ങി രണ്ട് ദോശയും ചായയും കഴിച്ചു.മണിപ്പേഴ്‌സ് കയ്യിലെടുത്തു പുറത്തിറങ്ങി.

വാതിൽ പൂട്ടി താക്കോൽ കട്ടിളപ്പടിയിൽ വെച്ചു പുറത്തേക്കു നടന്നു.പുറത്തിറങ്ങി ഗേറ്റ് പൂട്ടുമ്പോൾ അവൾ ഒന്ന് കൂടി ആ വീടിനെ നോക്കി..

ഞാൻ പുതുപെണ്ണായി വന്നു കയറിയ വീട്. പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഞാൻ വലതു കാൽ വെച്ചു കയറിയ വീട്. ചന്ദ്രേട്ടന്റെ അച്ഛനും അമ്മയും മരിക്കുന്നത് വരെയാണ് കുറച്ചെങ്കിലും സന്തോഷത്തോടെ ജീവിച്ചത്.

അവർക്ക് വലിയ കാര്യമായിരുന്നല്ലോ എന്നെ. എന്നെ രണ്ട് കൊല്ലം ജീവിക്കാൻ പ്രേരിപ്പിച്ചതും അവരാണ്….. ഇനി എന്ത്…….ആർക്കു വേണ്ടി.. അവൾ കണ്ണ് നിറഞ്ഞു കൊണ്ടു ഓർത്തു.ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ല ഈ വീട്ടിലേക്ക്.

എന്റെ സ്വപ്നങ്ങൾ കുഴിച്ചിട്ട ഈ ഭ്രാന്താലയത്തിലേക്കു ഇനി മടക്കമില്ല.എന്റെ കണ്ണീർ വീണു കുതിർന്ന ഈ മണ്ണിലേക്ക് ഇനി ഞാനില്ല.സുമംഗലി ആയിട്ടും ആർത്തവം മുടങ്ങാത്ത ഈ പിശാചിന്റെ ഭവനത്തിലേക്ക് ഇനി ഇല്ല. ദേവിക ഒരു നെടുവീർപ്പിട്ടു.

കുതിർന്ന കണ്ണുകളോടെ ദേവിക റോട്ടിലേക്കിറങ്ങി നടന്നു. ഞാൻ കൊല്ലാൻ പോവുകയാണ്. ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാത്ത എനിക്കതിനു കഴിയുമോ? ദേവിക മനസ്സിൽ പറഞ്ഞു…

കഴിയണം… കഴിഞ്ഞേ പറ്റൂ… ഒരു പാവം പെണ്ണായ എന്റെ ജീവിതം തകർത്തവളാണ് അവൾ… അവൾക്ക് ഇനി ഈ ലോകത്ത് ജീവിക്കാൻ എന്തവകാശം…? എനിക്ക് നീതി വേണ്ടേ?… വിധിയെ പഴിച്ചു മൂന്ന് കൊല്ലം ഞാൻ തള്ളി നീക്കിയില്ലേ…?

ഒരുമ്പെട്ടിറങ്ങിയോളാണ് ഞാൻ… ഇനി ആരെ പേടിക്കണം…ജീവിതമേ വെറുത്ത ഞാൻ ഇനി എന്തിന് നിയമത്തെയും ജയിലിനെയും പേടിക്കണം….. കൊല്ലണം….. കൊല്ലും ഞാൻ….. എന്റെ

വിധി ഇനി ഞാൻ തീരുമാനിക്കും… അവൾ മനസ്സിനെ വീണ്ടും വീണ്ടും പറഞ്ഞു പാകപ്പെടുത്തി…ദേവിക എതിരെ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു.

“എങ്ങോട്ടാ ചേച്ചി”ഓട്ടോഡ്രൈവർ ചോദിച്ചു.”അഞ്ചുകവല ജങ്ഷനിലേക്ക് പോട്ടെ”ദേവിക പറഞ്ഞു.

ഓട്ടോ മുന്നോട്ട് ഓടിക്കൊണ്ടിക്കുകയാണ്. ദേവിക റോഡിന്റെ ഇരുവശത്തേക്കും മാറി മാറി നോക്കി. ചന്ദ്രേട്ടൻ എങ്ങാനും ഉണ്ടോ?.

“നിങ്ങൾ എവിടെയാ ഓട്ടോ ഓടിക്കുന്നത്”ദേവിക ഒന്ന് മുഞ്ഞോട്ടഞ്ഞു കൊണ്ടു ചോദിച്ചു.”ഞാൻ അവിടെ തന്നെ.അഞ്ചുകവല ജങ്ഷനിൽ.എന്താ ചേച്ചി “?

“ഒന്നൂല്ല..അവിടെ ഒരു രാധികയെ അറിയുമോ?പ്രതിഭ ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുന്ന രാധിക. അവരുടെ വീട് അറിയുമോ”?

“ഓഹ് … അറിയാലോ. നമ്മുടെ കോലോത്തെ കുട്ടിയല്ലേ.ആറ്റാശ്ശേരി മനയ്ക്കലെ രാധിക തമ്പുരാട്ടി.അങ്ങോട്ടാണോ പോവേണ്ടത്”?

ഡ്രൈവർ പിന്നോട്ട് തിരിഞ്ഞുകൊണ്ടു ചോദിച്ചു.”ഓഹോ.. അവൾ ഇല്ലത്തെയാണോ?തമ്പുരാട്ടി കുട്ടിയാണോ”?

ഉള്ളിലെ ഞെട്ടൽ അടക്കി കൊണ്ട് ദേവിക ആശ്ചര്യത്തോടെ ചോദിച്ചു.”അതെ… അപ്പോൾ നിങ്ങൾ നേരത്തെ അവരെ അറിയില്ലേ?.

അയാൾ ചോദിച്ചു.”അ. അ…അല്ല.. ഞാൻ കണ്ടിട്ടുണ്ട്.കോലോത്തെ കുട്ടിയാണോ എന്നൊന്നും അറിയില്ല. അനിയത്തീടെ ഒരു കാര്യവുമായി അവരെ ഒന്ന് കാണേണ്ട കാര്യമുണ്ട്.”

ദേവിക ഒരുവിധം പറഞ്ഞൊപ്പിച്ചു.ആശ്വാസത്തോടെ ചാരിയിരുന്നു.

“ഇല്ലത്തെ കുട്ടിയെന്നൊക്കെ പേരെ ഉള്ളു ചേച്ചി.ഇല്ലമൊക്കെ എന്നേ ക്ഷയിച്ചു. രാധികയെ കൂടാതെ ഒരു ചേട്ടൻ ഉണ്ടായിരുന്നു.ഉള്ളതൊക്കെ വിറ്റു പെറുക്കി അയാൾ നാടുവിട്ടു.

ആ ഇല്ലം നിൽക്കുന്ന സ്ഥലമേ ഉളളൂ ഇപ്പൊ. അച്ഛൻ മരിച്ചതോട്‌ കൂടി സത്യത്തിൽ അവരും ആ വയ്യാത്ത തള്ളയും ഒറ്റക്കായി. അല്ലെങ്കിൽ അവർക്ക് ഈ കോളേജിലൊക്കെ പഠിപ്പിക്കേണ്ട കാര്യമുണ്ടോ?

കഞ്ഞിക്കു വകയില്ല ഇപ്പൊ.”
പിന്നെ.. പിന്നെ… വേറെ ചില കഥകൾ കൂടി നാട്ടിൽ പറഞ്ഞു കേൾക്കുന്നുണ്ട് “ഡ്രൈവർ ജാള്യത അഭിനയിച്ചു കൊണ്ട് പറഞ്ഞു

“എന്താ അത്.. എന്താ കാര്യം. ദേവിക ചോദിച്ചു.”അല്ല… ഒന്നൂല്ല…. രാത്രി ചിലരൊക്കെ ഇല്ലത്തു വന്നു പോകുന്നുണ്ട് എന്നൊക്കെ കേൾക്കുന്നുണ്ട്… ആ… എനിക്കറിയില്ല.. ആ കുട്ടി അത്തരക്കാരി ആണോ എന്നൊന്നും.. “.

“മ്മ്മം”ദേവിക ഒന്നു ഇരുത്തി മൂളി..വണ്ടി നിന്നു.”ചേച്ചി. ഇവിടെ നിന്നു.. ദാ..ഈ കാണുന്ന വഴിയിലൂടെ ഒരു നാലടി നടന്നാൽ കോലോത്തെത്താം. ഓട്ടോ അങ്ങോട്ട് പോകില്ല. അത് കൊണ്ടാ. ”

ദേവിക ഇറങ്ങി. ഓട്ടോക്കൂലി കൊടുത്തു.അയാൾ” ശരി ചേച്ചി. ഞാൻ പോവുന്നെ”എന്ന് പറഞ്ഞു ഓട്ടോ തിരിച്ചു.

ദേവിക ചുറ്റിലും ഒന്ന് നോക്കി.ആരെയും കാണാനില്ല. അരയിൽ ആ കയർ ഒന്ന് തപ്പി നോക്കി.അതിന്റ തുമ്പ് മുകളിലേക്കു കയറി പൊക്കിളിനു മുകളിൽ വരെ എത്തിയിരുന്നു. അവൾ അത് കുറച്ചു കൂടി താഴ്ത്തി ഭദ്രമായി വെച്ചു.

ആ ഓട്ടോക്കാരൻ കണ്ടു കാണുമോ?. അയാൾ എന്റെ അരയിലേക്ക് നോക്കി കാണുമോ.? സ്വന്തം ഭർത്താവ് ഒരിക്കൽ പോലും നോക്കാത്ത എന്റെ അടിവയറിലേക്കും പൊക്കിൾചുഴിയിലേക്കും വേറൊരു പുരുഷൻ നോക്കുമോ?

ഒരിക്കൽ പോലും കെട്ടിയ പുരുഷന്റെ ചൂടും ചൂരും അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്ത ഞാൻ എന്തിന് ഇപ്പൊ ഇങ്ങനെ ഓർക്കണം…?.

ദേവിക ആ ഇടവഴിയിലൂടെ പതുക്കെ നടന്നു. ദൂരെ നിന്നും കോവിലകത്തെ കാണാം. ദേവിക നടത്തത്തിന്റെ വേഗം കൂട്ടി.

ചുമരുകൾ വിണ്ടിരിക്കുന്നു. പൊളിഞ്ഞു വീഴാറായ പഴയ ഏതോ പുരാഗൃഹം പോലെ തോന്നിച്ചു.എങ്കിലും പഴയ തറവാടിത്തത്തിന്റെ പ്രൗഢി എവിടെയൊക്കെയോ മുഴച്ചു നിൽക്കുന്നുണ്ട്.

ദേവിക മുറ്റത്തേക്ക് എത്തി.”ഇവിടെ ആരുമില്ലേ”.ദേവിക ഉറക്കെ വിളിച്ചു. ഉമ്മറ വാതിൽ തുറന്നിട്ടിരിക്കുന്നു. ഒരു അനക്കവും കേൾക്കാനില്ല.

“ഹേയ്… ഇവിടെ ആരുമില്ലേ.”ദേവിക ഒന്നുകൂടി ഉറക്കെ വിളിച്ചു.”ദാ വരുന്നു.”അകത്തു നിന്നു ഒരു സ്ത്രീശബ്ദം.. ഒപ്പം പാദസരത്തിന്റെ മണി കിലുക്കവും..”അല്ല.. ആരിത്.. ദേവികേച്ചിയോ. എന്താ ഈ വഴിക്കൊക്കെ. കേറിവാ ചേച്ചി ”

രാധിക ഇറങ്ങി വന്നു. മുണ്ടും വേഷ്ടിയും ആണ് വേഷം. മാറിടങ്ങളെ മുഴുവൻ മൂടുന്നില്ല വേഷ്ടി.പെണ്ണ് ഒന്ന് കൂടി തുടുത്തിരിക്കുന്നുവോ?. മുഖകാന്തി തെളിഞ്ഞു കാണപ്പെട്ടു.വല്ലത്തൊരു ഐശ്വര്യം ആ നില്പിലും ചിരിയിലും.

ദേവിക അന്തം വിട്ടങ്ങനെ നിന്നു.”എന്താ ചേച്ചി മിഴിച്ചു നിക്കുന്നേ.. ഇങ്ങട് കേറി വാ. “രാധിക അവളെ അകത്തേക്ക് കൂട്ടി.ഒറ്റ തവണയല്ലേ രാധിക എന്നെ കണ്ടിട്ടുള്ളൂ. പിന്നെ ഇത്ര കൃത്യമായി ഇവൾ എന്നെ എങ്ങനെ ഓർത്തിരിക്കുന്നു. ദേവിക മനസ്സിൽ ഓർത്തു.

പെണ്ണ് കുളിച്ചൊരുങ്ങിയുള്ള വരവാണ്. മുടിയിഴകളിൽ നിന്നും വെളളം ഇറ്റിവീഴുന്നുണ്ട്. നിതംബം നനഞ്ഞു കുതിർന്നിരിക്കുന്നത് ദേവിക കണ്ടു.

“ഇരിക്ക് ചേച്ചി”. ഒരു കസേര വലിച്ചെടുത്തിട്ട് രാധിക പറഞ്ഞു. ദേവിക ഇരുന്നു.”കുടിക്കാൻ എന്താ എടുക്കേണ്ടേ “?”ഒന്നും വേണ്ട. രാധിക ഇവിടെ ഇരിക്ക്.എനിക്ക് സംസാരിക്കാനുണ്ട്. ”

അവൾ ഒരു കസേര ദേവികയുടെ അഭിമുഖമായി കൊണ്ടു വന്നിട്ടു ഇരുന്നു.”ആട്ടെ… വീട് എങ്ങനെ കണ്ടുപിടിച്ചു.”?

“വഴി ചോദിച്ചറിഞ്ഞു.കോലോത്തെക്കാണെന്നു പറഞ്ഞപ്പോ”….ദേവിക മുഴുമിച്ചില്ല.”വേണ്ട.. എനിക്കറിയാം. പല നിറംപിടിപ്പിച്ച കഥകളും എന്നെ കുറിച്ച് കേട്ടു കാണും. അല്ലെ”?രാധിക ചോദിച്ചു. അവളുടെ മുഖം വാടി.

“ഇല്ല.. ചേച്ചി.. ഇല്ലാ കഥകൾ പറയുവാ നാട്ടുകാർ.. അവർക്കു വേണ്ടത് എന്റെ ശരീരമാ….ഇല്ലം ക്ഷയിച്ചപ്പോ ശരിക്കും പട്ടിണി ആയി… ഞാൻ കിടന്നു

കൊടുക്കണം…അതാവും…. അവറ്റകളുടെ മനസ്സിൽ… കിട്ടിയില്ലെങ്കിൽ പിന്നെ…. ഇങ്ങനെ ഇല്ലാ കഥകൾ പറഞ്ഞുണ്ടാക്കും.. ആരുടെ മുമ്പിലും ഉടുതുണി അഴിക്കില്യ ഞാൻ… ”

രാധിക സങ്കടത്തോടെ പറഞ്ഞു നിർത്തി..”അങ്ങനെ അങ്ങ് ഉറപ്പിച്ചു പറയാമോ രാധികേ.”ദേവിക രാധികയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

രാധിക തല ഉയർത്തി ദേവികയെ നോക്കി. അവളുടെ മുഖഭാവം കണ്ടു രാധിക ഒന്ന് ചൂളി. സന്ദേഹത്തോടെ ദേവികയെ നോക്കി

“എന്താ.. ചേച്ചി.. പറഞ്ഞത്… മ…മ…മ.. മനസ്സിലായില്ല.”രാധിക മുഖത്തു വന്ന ജാള്യത മറച്ചു വെക്കാൻ നന്നേ പാടുപെട്ടു.

“കൊള്ളാമെടി നിന്റെ അഭിനയം. നീ ചന്ദ്രനെ അറിയില്ലേ.അയാൾ ഇവിടെ വരാറില്ലേ.നിങ്ങൾ തമ്മിൽ ബന്ധം തുടങ്ങീട്ട് കുറേ ആയില്ലേ.. എന്നിട്ട് ശീലാവതി ചമയുന്നോടി തേവിടിശ്ശി.”

ദേവിക ദേഷ്യം കൊണ്ട് വിറച്ചു. കണ്ണുകൾ ചുവന്നു തുടുത്തു…കവിളുകൾ തുളുമ്പി.. ചുണ്ടുകൾ വിതുമ്പി. അവൾ ആലില പോലെ നിന്നു വിറച്ചു.

ഇതു കേട്ടപ്പോൾ നെഞ്ചിൽ ഒരു അമ്പു തറച്ച പോലെ തോന്നി രാധികക്ക്. അവൾ ഇരുന്നു വിയർത്തു.മുഖത്തേ ചോരയോട്ടം നിലച്ചു. തലക്കറങ്ങുന്ന പോലെ തോന്നി രാധികയ്ക്ക്…

“ചേച്ചി… .. ഞാൻ…. അവൾ എന്തോ പറയാൻ ശ്രമിച്ചു..”നീ ഒന്നും പറയേണ്ടടി..എന്റെ ഈ അവസ്ഥക്ക് കാരണം നീ ഒറ്റയൊരുത്തിയാണ്”.ദേവിക എണീറ്റു നിന്നു.

“നിനക്കറിയോ.. ഞാൻ ഒരു പെണ്ണിന്റെ ശരീരവും ചത്ത മനസ്സുമായി നടക്കാൻ തുടങ്ങീട്ട് കൊല്ലം കുറേ ആയി. ഒരു പെണ്ണിന്റെ എല്ലാ സുഖങ്ങളും എനിക്ക് നിഷേധിക്കപ്പെട്ടു.പേരിനു ഒരു താലിയും നെറുകയിൽ സിന്ദൂരവുമിട്ടാൽ ആരും ഭാര്യ ആകില്ലെടി.. ”

അവൾ രാധികയുടെ കസേരയുടെ ചുറ്റും നടന്നു കൊണ്ടു പറഞ്ഞു.”നീ കാരണം..നീ മാത്രമാണ് കാരണം … രണ്ടു പേരും കൂടി നാടകം കളിച്ചു എന്നെ ഒരു പൊട്ടിയാക്കി”

രാധിക ഒന്നും മിണ്ടാൻ കഴിയാതെ സ്തബ്ധയായി അങ്ങനെ ഇരിക്കുകയാണ്. അവളുടെ നെഞ്ച് പിടക്കുന്നത് അവൾ കേട്ടു. ശ്വാസോഛ്വാസത്തിന്റെ തോത് ഉച്ചത്തിലായി.

“എനിക്കറിയാം…നിന്റെ നിർബന്ധത്തിനാണ് ചന്ദ്രേട്ടൻ എന്നെ കെട്ടിയത്. നിങ്ങൾക്ക് സൗകര്യത്തിനു വേണ്ടി എന്നെ ബലിയാടാക്കി. എന്നെ ഒരു വിഡ്ഢിയാക്കി. ആദ്യരാത്രി തന്നെ ഞാൻ ആ സത്യം മനസ്സിലാക്കി.

ഒരു പെണ്ണിന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്. നീ ഒക്കെ ഒരു പെണ്ണാണോടി.. .. ഒരു പാവം പെണ്ണിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ നിനക്കിനി ജീവിക്കാൻ

യോഗ്യതയില്ല.ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എനിക്കില്ല. പക്ഷെ നിന്നെ കൊല്ലാനുള്ള ധൈര്യം ഞാൻ അനുഭവത്തിലൂടെ നേടി.. ”

ദേവിക രാധികയുടെ പിന്നിൽ വന്നു നിന്നു.അവൾ ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണ്.എങ്ങോട്ടോ തുറിച്ചു നോക്കിക്കൊണ്ട്.. വായിലെ ഉമിനീർ വറ്റി ചങ്ക് ഉണങ്ങി. ഒരു തുള്ളി വെളളം കിട്ടിയെങ്കിൽ എന്ന് രാധിക ആഗ്രഹിച്ചു.

ദേവിക ആ കയർ അരയിൽ നിന്നു വലിച്ചൂരി. ഞൊടിയിടയിൽ രാധികയുടെ കഴുത്തിൽ ചുറ്റി പുറകിലേക്ക് വലിച്ചു.ആഹ്…. ആഗ്ഗ്..

ആ നിലവിളി രാധികയുടെ ചങ്കിൽ കുരുങ്ങി. രാധിക രണ്ടു കൈകൊണ്ടും കയറിൽ പിടിച്ചു മുന്നോട്ട് പിടിച്ചു വലിക്കാൻ ശ്രമിച്ചു.. ദേവിക കയർ രണ്ട് കൈ കൊണ്ടും ശക്തിയായി വലിച്ചു മുറുക്കി.

ആആഹ്‌…… ഗ്ഗ്ഗ്ഗ്ഗ്ഗ്….. അആഹ്ഹ്….രാധിക ഇരുന്നു പിടഞ്ഞു.കണ്ണുകൾ തുറിച്ചു.. കണ്ണിൽ കണ്ണീർ നിറഞ്ഞു. അവളുടെ പ്രതിരോധം ദുർബലപ്പെടാൻ തുടങ്ങി.

ആ പെൺകരുത്തിനു മുന്നിൽ അവൾ കീഴടങ്ങി. രാധിക നാക്കു കടിച്ചു മുറിച്ചു.. ശ്വാസം നിലക്കാൻ പോവുകയാണ്. അവസാന ശ്രമം എന്ന നിലയിൽ അവൾ ഒന്നു കുതറി…

വലിയ ഒരു ശബ്‍ദത്തോടു കൂടി അവൾ കസേരയിൽ നിന്നു മറിഞ്ഞു വീണു ഒപ്പം ദേവികയും.. കിടന്നു ഉരുണ്ടു.. പക്ഷെ.. ദേവിക പിടി വിട്ടില്ല.. കയറിൽ വലിച്ചു മുറുക്കി കൊണ്ടിരുന്നു. രാധിക മരണത്തിലേക്ക് വഴുതി വീഴുകയാണ്..

“മോളെ…. രാധു…… രാധികേ…. എ എ എ ന്താടി അവിടെ… ഒരു.. ശബ്ദം.. ഞാൻ.. മൂത്രമൊഴിച്ചിട്ടു…കുറേ…..നേരമായി… ഒന്ന് വന്നു.. കഴുകിത്താ… മോളെ…. എനിക്ക്… വയ്യ…. വല്ലാത്ത വേദന.. മുറിവിൽ.. ഇന്ന് മരുന്ന് വെച്ചില്ലല്ലോ… ”

അകത്തു നിന്നു ഒരു വിറക്കുന്ന ഒരു സ്ത്രീ ശബ്ദം.കരളലിയിപ്പിക്കുന്ന ഒരു തേങ്ങി കരച്ചിൽ. ദേവിക അറിയാതെ പിടിവിട്ടു. വിറയാർന്ന ഒരു ശബ്ദം. ദേവികയുടെ ഉള്ളിൽ പെട്ടെന്ന് ഒരു തേങ്ങൽ….

ആരാണ്..?ദേവിക കയറിൽനിന്നു പിടിവിട്ടപ്പോൾ രാധിക കിടന്നു പുളഞ്ഞു.”ആഹ്….ആഹ്… ആഹ്…ആഹ്

എന്നൊരു ശബ്ദം അവളിൽ നിന്നു പുറത്തു വന്നു. ദേവിക എഴുന്നേറ്റു നിന്നു.
അവളുടെ സാരി അഴിഞ്ഞു പോയിരുന്നു

ആ ശബ്ദം കേട്ടഭാഗത്തേക്ക്‌ നടന്നു.”രാധികേ…… വേഗം…. വാടി…. “ആ ശബ്ദം വീണ്ടും കേട്ടു..

ദേവിക ഒന്നേ നോക്കിയുള്ളൂ. മലത്തിലും മൂത്രത്തിലും കുഴഞ്ഞു കിടക്കുന്ന ഒരു വൃദ്ധരൂപം.നാമമാത്രമായ തുണിയെ ദേഹത്തുള്ളൂ. അസഹ്യമായ ദുർഗന്ധം അവിടെ നിറഞ്ഞു നിന്നു.

മുതുകിലെ മുറിവിൽ നിന്നും പഴുപ്പ് ഒലിക്കുന്നു.
ദേവിക ഒരു ഞെട്ടലോടെ തല തിരിച്ചു.അവളിലെ കനൽ ഒറ്റനിമിഷത്തിൽ കെട്ടടങ്ങി..

അവൾ യാന്ത്രികമായി തിരികെ നടന്നു. അലസമായ കാലടികൾ.”ആഹ്‌… ആഹ്. ആഹ്.”ഒരു ആർത്തനാദം അപ്പോഴും രാധികയിൽ നിന്ന് ഉയരുന്നുണ്ടായിരുന്നു.

“വെ..ളളം…. വെ..ള്ളം… വെ….ള്ളം”..അവൾ മന്ത്രിച്ചു..ദേവിക അത് കേൾക്കാത്ത ഭാവത്തിൽ ഒരു മായാലോകത്തെന്ന പോലെ മുറ്റത്തേക്കിറങ്ങി നടന്നു.

അവളുടെ ആ കോലം ഒരു ഭ്രാന്തിയേ പോലെ തോന്നിച്ചു. ലക്ഷ്യം ഇല്ലാതെ എങ്ങോട്ടോ അവൾ നടന്നു നീങ്ങി. ജീവിതത്തിലേക്കാണോ കൊല കയറിലേക്കാണോ …അവൾക്ക് അറിയില്ല..

ഇടക്കെപ്പോഴോ ദേവിക ഓർത്തു…”ആ മൂശേട്ട ചത്തു കാണുമോ….ചാകുന്നെങ്കിൽ ചാകട്ടെ. ഒരുമ്പെട്ടിറങ്ങിയവൾ അതെന്തിന് ഓർക്കണം”..ശുഭം…. നന്ദി..

Nb : എന്റെ തൂലികയിൽ ഞാനിട്ട ആദ്യ കഥയാണ്‌. പുതിയതായി വന്നവർക്കും. വിട്ടു പോയവർക്കും വായിക്കാൻ വീണ്ടും പോസ്റ്റിയതാണ്.. തെറ്റുകൾ സാദരം ക്ഷമിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *