വൃദ്ധസദനത്തിൽ ആക്കുന്ന കാര്യമല്ലേ… നിന്റെ പെണ്ണുമ്പിള്ള എന്നെ വെല്ലുവിളിച്ചിട്ടാ രാവിലെ പോയത്.. ” കുഞ്ഞിലേ വളർത്തിയ കാര്യം മുതൽ

പ്രതീക്ഷകൾ നിറയ്ക്കുന്നവർ
(രചന: Neeraja S)

പകൽമുഴുവൻ തേടിനടന്നിട്ടും വയറുനിറയെ ഭക്ഷണം കിട്ടാത്തതിന്റെ വിഷമത്തിൽ ഭാര്യ പതിവ് സ്ഥലത്തിരുന്നു ചീത്തവിളിക്കുന്നുണ്ട്. ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാണോ ദൈവമേ..

സാറിന്റെ മുറിയിൽ ലൈറ്റ് ഇപ്പോഴും പ്രകാശിക്കുന്നുണ്ട്. അദ്ദേഹവും ഭാര്യയും എന്തോ കാര്യമായി സംസാരിക്കുന്നുണ്ട്. എന്തായാലും അവിടെവരെ പോയി നോക്കാം ചിലപ്പോൾ അവളുടെ വായടപ്പിക്കാൻ എന്തെങ്കിലും കിട്ടാതിരിക്കില്ല.

അവിടെ ചെന്നപ്പോഴാണ് സംസാരം അല്പം സീരിയസ് ആണെന്ന് തോന്നിയത്.. വിഷയം കേട്ടപ്പോൾ പിന്നെ ഭക്ഷണം തേടി നടക്കാനൊന്നും തോന്നിയില്ല.. വേഗത്തിൽ തിരിച്ചു പോന്നു.

” ഡീ… ഒരു കാര്യം കേൾക്കണോ…? “”നിങ്ങള് ശ്വാസം വിട്ടിട്ട് കാര്യം പറ.. “”ചേച്ചി സാറിനോട് പറയുന്നത് കേട്ടു… ഇവിടുത്തെ അമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ.. ”

“സാർ സമ്മതിച്ചില്ല… ആ പെണ്ണുമ്പിള്ള അവിടെ കിടന്നു ഭയങ്കര അലമ്പുണ്ടാക്കുന്നുണ്ട്.. നീ വരുന്നോ.. തീരുമാനം എന്തായിന്നു പോയി നോക്കാം..”

” ഞാനില്ല… എന്തായാലും നാളെ അറിയാം… വിശന്നിട്ടും വയ്യ.. നിങ്ങള് ഉറങ്ങാൻ നോക്ക്.. ”

ഭാര്യ നിരുത്സാഹപ്പെടുത്തിയത് കൊണ്ട് പോകാൻ തോന്നിയില്ല.. എങ്കിലും സാർ എന്തു ചെയ്യും എന്ന ചിന്ത വേദനിപ്പിക്കുന്നതായിരുന്നു.

ആ സ്ത്രീ ഒരു പിടിവാശിക്കാരിയാണ്.. എന്തായാലും അവർ പറയുന്നിടം ജയിക്കും.. സാർ എന്തു ചെയ്യും… സമാധാനം പോയല്ലോ.. അമ്മയോട് തങ്ങൾക്ക് ഒട്ടും ഇഷ്ടമില്ല.. എവിടെയെങ്കിലും കൺവെട്ടത്ത് കണ്ടാൽ ചൂലും വടിയുമായി ഓടി വരും.

അപ്പോഴെല്ലാം സാർ തടയാറുണ്ട്…”അമ്മയെന്തിനാ ആ പാവം ജീവികളെ ഇങ്ങനെ ഉപദ്രവിക്കുന്നത്.. ഇന്നാള് ന്യൂസ്പേപ്പറിൽ വന്നത് ഞാൻ വായിച്ചു കേൾപ്പിച്ചതല്ലേ.. പല്ലികൾ

ഉള്ളതുകൊണ്ടാണ് വീട്ടിൽ പ്രാണികളുടെ ശല്യം കുറയുന്നതെന്ന്.. ബൾബിനു ചുറ്റും എന്തുമാത്രം ചെറുപ്രാണികളാണ് സന്ധ്യക്ക്‌..”

“നീ പോയി എന്റെ മേശപ്പുറത്തും ജനലിനരികിലും കട്ടിലിന്റെ തലയ്ക്കലും ഒക്കെ നോക്ക്… നാശങ്ങൾ കാഷ്ഠിച്ചു വച്ചിരിക്കുന്നത്… ”

ശരിയാണ് അവളും താനും പതിവായി അവരുടെ മുറിയിലാണ് കൃത്യങ്ങൾ നിർവ്വഹിക്കുന്നത്.. അവരോടുള്ള ദേഷ്യം അങ്ങനെയെങ്കിലും തീർക്കണ്ടേ.

പക്ഷെ ഇപ്പോൾ ആയമ്മ ഇവിടെ നിന്നും പോകുന്നുവെന്ന് കേട്ടപ്പോൾ ഒരുവിഷമം. എപ്പോഴും വഴക്കുണ്ടാക്കുന്നവരോടും നമുക്ക് ഉള്ളിൽ സ്നേഹം തോന്നുമെന്നു പറയുന്നത് ശരിയാണ്.

കീരിയും പാമ്പും പോലെ കഴിയുന്ന ആ അമ്മായിയമ്മയെയും മരുമകളെയും ഒരുമിച്ചു കൊണ്ടുപോകാൻ സാർ പെടുന്നപാട്.. പക്ഷെ അദേഹത്തിന്റെ ബുദ്ധി വിളക്കാണ്..

അതിനു വെളിച്ചം വളരെ കൂടുതലാണ്.. എത്ര എളുപ്പത്തിലാണ് സാർ ഓരോ പ്രശ്നങ്ങളും പരിഹരിക്കുന്നത്. അതും രണ്ടുപേരെയും പിണക്കാതെ തന്നെ..

പക്ഷെ ഈ പ്രശ്നം പരിഹരിക്കാൻ സാർ അല്പം ബുദ്ധിമുട്ടും.. കാരണം ആ സ്ത്രീയുടെ സംസാരം കേട്ടിട്ട് ഒട്ടും പിന്മാറും എന്ന് തോന്നുന്നില്ല.. പാവം.. പക്ഷെ തനിക്കുറപ്പുണ്ട് ഇതും ഭംഗിയായി സാർ കൈകാര്യം ചെയ്യും.. അതെങ്ങനെ എന്നുമാത്രം അറിയേണ്ടതുള്ളൂ..

പിറ്റേദിവസം വൈകുന്നേരം സാർ വന്നപ്പോൾ ഉമ്മറത്തെ തൂണിനുമുകളിലായി ഒരു ചെറു പറവയെ ലക്ഷ്യം വച്ചിരിക്കുകയായിരുന്നു.

കൈയിൽ വലിയ ഒരു കവർ തൂക്കിപിടിച്ചിരുന്നു. വേഗത്തിൽ അകത്തേക്ക് പോകുന്നത് കണ്ടു.. പറവക്കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തിട്ട് പിന്നാലെ പോയി..

അമ്മയുടെ മുറിയിലേക്കാണ് നേരെ പോയത് തിരിച്ചിറങ്ങുമ്പോൾ കയ്യിൽ കവർ കാണാനില്ലായിരുന്നു.. അമ്മ അടുക്കളയിൽ നിന്നും ചായയുമായി വരുന്നത് കണ്ടു. സാർ വന്നു കഴിഞ്ഞു കുറെനേരം കൂടി കഴിയണം ഭാര്യ വരാൻ.

അത്രയുംസമയം അമ്മയും മകനും ഒന്നിച്ചിരുന്നു വർത്തമാനം പറയാറുണ്ട്. ഇന്നത്തെ വിഷയം എന്തായാലും അമ്മയുടെ കൂടുമാറ്റം തന്നെയാവും.. സാർ എങ്ങനെ പരിഹരിക്കുമെന്ന് കാണുകതന്നെ.

അതിനുമുൻപ് അവളെക്കൂടി വിളിച്ചേക്കാം. ഇയ്യലിനെ തിന്നിട്ട് അതിന്റെ ചിറകുകൾ വായുവിൽ പതുക്കെ പറന്നു താഴെ വീഴുന്നതും നോക്കി ട്യൂബ് ലൈറ്റിന്റെ സൈഡിൽ ഇരിക്കുന്നത് അല്പം മുൻപ് കണ്ടതാണ്.. നോക്കുമ്പോൾ അവിടെ തന്നെ ഉണ്ട്‌..

“പെട്ടെന്ന് വാ.. സാർ വന്നിട്ടുണ്ട്.. എങ്ങനെയാണു ഇന്നലത്തെ കാര്യത്തിന് പരിഹാരം കാണുന്നതെന്ന് നോക്കാം.. ”

” ഞാനാ പെണ്ണുമ്പിള്ളയുടെ കൂടെയാ.. തള്ളയെ എത്രയും പെട്ടെന്ന് ഇവിടുന്നു ഓടിക്കണം… എന്റെ എത്ര മുട്ടയാണ് അവർ ഒരു ദയയുമില്ലാതെ കുത്തിത്താഴെയിട്ട് പൊട്ടിച്ചു കളഞ്ഞത്.. ”

“അതൊക്കെ പിന്നെ പറയാം… ഇപ്പോൾ നീ വാ.. “രണ്ടുപേരും അമ്മയുടെ റൂമിൽ ആണെന്ന് തോന്നുന്നു.. വേഗത്തിൽ ചെന്ന് ജനാല വിരിയുടെ പിന്നിലായി പതുങ്ങിയിരുന്നു.

“അമ്മയോട് ഒരു കാര്യം പറയാനുണ്ട്.. “”എനിക്കറിയാം.. എന്നെ വൃദ്ധസദനത്തിൽ ആക്കുന്ന കാര്യമല്ലേ… നിന്റെ പെണ്ണുമ്പിള്ള എന്നെ വെല്ലുവിളിച്ചിട്ടാ രാവിലെ പോയത്.. ”

കുഞ്ഞിലേ വളർത്തിയ കാര്യം മുതൽ കരച്ചിലിന്റെ അകമ്പടിയോടെ അമ്മ എണ്ണിപ്പെറുക്കി പറഞ്ഞുതുടങ്ങി. ഒന്നും മിണ്ടാതെ കണ്ണുംനിറച്ചു സാർ കുനിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല.

അമ്മയുടെ കരച്ചിൽ അല്പം കുറഞ്ഞപ്പോൾ സാർ പറഞ്ഞു തുടങ്ങി..”അമ്മ ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കൂ.. ”

മൊബൈൽഫോൺ പോക്കറ്റിൽ നിന്നുമെടുത്ത് ഒരു വീഡിയോ ഓൺ ആക്കി.. ഒരു വൃദ്ധസദനത്തിൽ നടന്ന ഓണാഘോഷ പരിപാടിയുടെ വീഡിയോ ആയിരുന്നത്. എല്ലാവരും എന്തു സന്തോഷത്തിലാണ്.. വളരെ പ്രായംചെന്ന ഒരു അമ്മൂമ്മ പട്ടുസാരിയൊക്കെ യുടുത്തു നിറഞ്ഞ ചിരിയോടെ പാട്ട് പാടുന്നു..

“അമ്മ നോക്കൂ ഇവരെല്ലാം എത്ര സന്തോഷത്തിലാണ്.. “വന്നപ്പോൾ കൊണ്ടുവന്ന വലിയ കവറെടുത്ത് തുറന്നു.. ഓരോന്നായി എടുത്തു കട്ടിലിൽ നിരത്തി. പത്തു പട്ടുസാരികൾ എല്ലാം ഒന്നിനൊന്ന് മെച്ചം. ഇതെല്ലാം അമ്മയ്ക്കാണ്…”

കേട്ടിരുന്ന അമ്മയും ഞാനും ഒരുപോലെ ഞെട്ടി.”അമ്മ ഇങ്ങോട്ട് നോക്കിയേ.. നമ്മൾ ഇപ്പോൾ കണ്ട വീഡിയോയിലെ അമ്മയ്ക്ക് തൊണ്ണൂറിനു മേൽ പ്രായം ഉണ്ട്‌. അവർ ഉടുത്തിരിക്കുന്ന പട്ടുസാരി കണ്ടോ… പിന്നെ അറുപത്തഞ്ചു വയസ്സായ അമ്മയ്ക്ക് ഉടുത്താൽ എന്താ..?

“പക്ഷെ അവളുടെ അടുത്ത് ഇതൊന്നും നടക്കില്ലെന്നു അമ്മയ്ക്ക് അറിയാലോ.. എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി ഞാനൊരു കാര്യം പറയാം.. ”

“അമ്മ അതൊരു വൃദ്ധസദനമായി കാണണ്ട.. മാതാപിതാക്കളുടെ സൗകര്യാർത്ഥം കുട്ടികളെ ഹോസ്റ്റലിൽ കൊണ്ടുപോയി ചേർത്ത് പഠിപ്പിക്കാറില്ലേ അതുപോലെ അമ്മയെ ഞാൻ ഹോസ്റ്റലിൽ ചേർത്തതായി കരുതിയാൽ മതി.. ”

“ഞാൻ എല്ലാ ആഴ്ചയിലും വരാം… നമുക്കാദിവസം മുഴുവൻ പുറത്തു കറങ്ങാം… സിനിമ കാണാം.. ബീച്ചിൽ പോകാം.. അമ്മയ്ക്ക് കാണണം എന്നാഗ്രഹമുള്ള സ്ഥലത്തെല്ലാം നമുക്ക് പോകാം… ഇവിടെ നിന്നാൽ അതൊക്കെ നടക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ.. ”

“അവിടെ ചെന്നാൽ പിന്നെ അമ്മ ഇങ്ങനെ വെള്ളസാരിയൊന്നും ഉടുക്കണ്ട.. ഈ പട്ടുസാരികൾ ധരിച്ചാൽ മതി.. ”

“അതുപോലെ നല്ല ഒരു ഫോൺ വാങ്ങാം.. അതിൽക്കൂടി എപ്പോൾ വേണമെങ്കിലും അമ്മയ്ക്ക് എന്നെ കണ്ടു സംസാരിക്കാം..

“ഇവിടെ കിട്ടാത്ത സ്വാതന്ത്ര്യം അമ്മയ്ക്ക് അവിടെ തീർച്ചയായും കിട്ടും.. അമ്മയുടെ മോൻ അമ്മയെ പറ്റിക്കാൻ വേണ്ടി വെറുതെ പറയുന്നതല്ല ഇതൊന്നും.. ”

അതു പറയുമ്പോൾ സാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. എനിക്കും കരച്ചില് വന്നു. ഒപ്പം അഭിമാനവും… എത്ര ബുദ്ധിപരമായിട്ടാണ് സാർ വിഷയം കൈകാര്യം ചെയ്തത്.. സന്തോഷംകൊണ്ട് അറിയാതെ ഉറക്കെ ചൂളം വിളിച്ചുപോയി.

“കണ്ടോ പല്ലി ചിലച്ചത്… ഞാൻ പറഞ്ഞത് സത്യമാണെന്നു അമ്മയ്ക്ക് ബോധ്യം ആയില്ലേ.. ”

അമ്മയുടെ മുഖത്തെ സങ്കടമൊക്കെ മാറിയിരിക്കുന്നു.. ആലോചനയോടെ കുറച്ചുസമയം മുഖംതാഴ്ത്തി ഇരുന്നു. പിന്നെ മുഖം ഉയർത്തി നിറഞ്ഞ സന്തോഷത്തോടെ മകനെ നോക്കി പുഞ്ചിരിച്ചു.

“ശരി ടാ.. ഞാൻ പൊയ്ക്കോളാം.. നീ എല്ലാ ആഴ്ചയും മറക്കാതെ വന്നാൽ മതി.. നിന്റെ സന്തോഷമാണ് എന്റെയും സന്തോഷം. ”

“ഞാൻ വന്നില്ലെങ്കിൽ അമ്മ ഫോണിൽ വിളിച്ചു ചീത്ത പറഞ്ഞോ.. പോരെ.. “അമ്മ മകനെ ചേർത്തുപിടിച്ചു നെറ്റിയിലൊരുമ്മ കൊടുത്തു.

പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം..” അവൾ വന്നെന്ന് തോന്നുന്നു.. നീ ചെല്ല്.. ഞാൻ ഇതൊക്കെയൊന്ന് നോക്കട്ടെ..”

സാർ വാതിൽചാരി മുറിക്കു പുറത്തേക്കിറങ്ങി. അമ്മ അപ്പോൾ വിടർന്ന മുഖത്തോടെ സാരികൾ നിവർത്തി ഭംഗി ആസ്വദിക്കുകയായിരുന്നു.

“സാറിന്റെ ബുദ്ധി.. ഹൊ സമ്മതിക്കണം.. “”അങ്ങേരുടെ പെണ്ണുമ്പിള്ളയ്ക്ക് കാഞ്ഞബുദ്ധിയാ.. അതിൽ കുറച്ച് അങ്ങേർക്കും കിട്ടി..അത്രതന്നെ മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും… ”

സാറിനെ കൊച്ചാക്കുന്നതുകണ്ടപ്പോൾ ദേഷ്യം വന്നു.എങ്കിലും വെറുതെ എന്തിനാ വല്ലവരുടെയും കാര്യത്തിന് തല്ലുകൂടുന്നത്..

ഉമ്മറത്തെ തൂണിനു മുകളിലേക്കു വേഗത്തിൽ പോകുമ്പോൾ ഉപേക്ഷിച്ചുപോന്ന പറവക്കുഞ്ഞാ യിരുന്നു ഉള്ളിൽ.

Leave a Reply

Your email address will not be published. Required fields are marked *