(രചന: Pratheesh)
അന്നും അയാൾ തന്റെ ഭാര്യയുമായി വഴക്കിട്ടു,
ഇതിപ്പോൾ തീരെ ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുന്നത് പതിവായിരിക്കുന്നു,
അതെല്ലാം അയാൾക്കും മനസിലാക്കാൻ സാധിക്കുന്നുണ്ട്,
എന്നും അയാൾ വിചാരിക്കും ഇന്നെങ്കിലും പരസ്പരം വഴക്കിടാതെ നല്ല രീതിയിൽ ഈ ദിവസം അവസാനിപ്പിക്കണമെന്ന് പക്ഷേ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ഇതുതന്നെ മിക്ക ദിവസവും ആവർത്തിക്കപ്പെട്ടു കൊണ്ടേയിരുന്നു,
എന്നാൽ ആ വഴക്കിന്റെ ഉൽഭവം എവിടെ നിന്നാണെന്നോ അതെങ്ങനെ പരിഹരിക്കാമെന്നോ അയാൾക്കു നിശ്ചയമില്ല,
എന്നാൽ അയാൾക്കു മറ്റൊന്നറിയാം പകൽ വഴക്കിട്ടാൽ നഷ്ടമാവുന്നത് ആ രാത്രി കൂടിയാണെന്ന്,
കുടുംബത്തോടൊപ്പം കുറച്ചൊക്കെ സന്തോഷത്തോടെ ചിലവഴിക്കേണ്ട പല പല രാത്രികളും ഇപ്പോൾ തന്നെ
നഷ്ടമായിരിക്കുന്നുവെന്നും ഇനിയും അത്തരം നഷ്ടങ്ങൾ ആവർത്തിക്കരുതെന്നും അയാൾക്ക് അതിയായ മോഹമുണ്ടെങ്കിലും പിറ്റേ ദിവസവും ഇതേ തെറ്റു തന്നെ അയാൾ ആവർത്തിക്കുകയും ചെയ്യുന്നു,
ഒാഫീസിലെ പ്രശ്നങ്ങളെല്ലാം ഒരുവിധം തീർത്തു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടത്തെ അന്തരീക്ഷവും കാർമേഘം മൂടി കിടക്കുന്നത് ഈയിടെയായി അയാളെ മാനസീകമായി വളരെ തളർത്തുകയും ചെയ്യുന്നുണ്ട്,
എവിടെയൊക്കയോ തനിക്ക് തന്റെ ജീവിതം നഷ്ടപ്പെടുന്നുണ്ടെന്ന തോന്നൽ അയാളെ കുറച്ചധികം ദിവസമായി അലട്ടാൻ തുടങ്ങിയിട്ട്,
ഒരു പോംവഴിക്കായി അയാൾ ആലോചിക്കുന്നുണ്ടെങ്കിലും ഒന്നും അയാൾക്കു മുന്നിൽ തെളിയുന്നുണ്ടായിരുന്നില്ല,
എന്നാലും അയാൾ വെറുതെയിരുന്നില്ല,
അതിനൊരുത്തരം അയാൾക്കു നിർബന്ധമായിരുന്നു കാരണം അയാൾ സ്വന്തം കുടുംബത്തോട് അയാൾക്ക് അത്രയധികം ഇഷ്ടമുണ്ടായിരുന്നു,
അതറിയാനുള്ള അയാൾക്കുള്ളിലെ അതിയായ ആഗ്രഹം കൊണ്ടോ മറ്റോ ആയിരിക്കാം രണ്ടു സംഭവങ്ങൾ ഒരേ ദിവസം അയാൾക്കു മുന്നിൽ സംഭവിച്ചു,
ഒന്ന്,
രാവിലെ ഭാര്യയുമായുള്ള വഴക്കിനു ശേഷം മകളെ വിളിച്ചുണർത്താനായി അവളുടെ മുറിയിലേക്കു വന്ന അയാൾ അവളുടെ ബെഡ്ഡിനടുത്തു വന്നതും ഒരു കാഴ്ച്ച കണ്ടു,
എട്ടു വയസ്സുക്കാരിയായ അയാളുടെ മകൾ പഠിക്കാനിരിക്കുന്ന മേശപ്പുറത്ത് ഒരു ബുക്കിൽ ‘അപ്പാ ” എന്നെഴുതി അയാളുടെ ഒരു ചിത്രം വരച്ചു വെച്ചിരിക്കുന്നു,
ആ ചിത്രം കണ്ടതും അയാളുടെ പൂർണ്ണമനസ്സും ചിന്തയും ആ ചിത്രത്തിലേക്ക് മാത്രമായി പതിഞ്ഞു,
ആ ചിത്രം അയാൾക്കു നൽകിയതു ഒരു വലിയ ഷോക്കായിരുന്നു,
മകൾ വരച്ച ആ ചിത്രത്തിൽ അയാളുടെ മുഖത്ത് പുഞ്ചിരിയുടെ ഒരു കണിക പോലും ഇല്ലെന്നത് ശരിക്കും അയാളെ അത്ഭുതപ്പെടുത്തി,
വളരെ പരുക്കനായ മുഖത്തോടു കൂടിയ അയാളായിരുന്നു ആ ചിത്രത്തിൽ,
തന്റെ മകളുടെ കുഞ്ഞുമനസ്സിൽ പോലും തന്റെ ചിത്രം മാറിയിരിക്കുന്നു എന്നത് അയാളിൽ വലിയ വേദനയുണ്ടാക്കി,
ഒറ്റ നിമിഷം കൊണ്ട് അതുവരെയുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളെയും വിട്ട് ആ ചിത്രം മാത്രം അയാളുടെ മനസ്സിൽ സ്ഥാനം പിടിച്ചു,
മകളെ ഉണർത്താൻ വന്ന അയാൾ മകൾ വരച്ച ആ ചിത്രം കണ്ട് അവളെ ഉണർത്തുക എന്നതു വിട്ട് മകൾ കിടക്കുന്ന ആ ബെഡ്ഡിലിരുന്നു കൊണ്ട് ആ നിമിഷം തൊട്ട് അയാൾ സ്വയം ആലോചിക്കാൻ തുടങ്ങി,
രണ്ട്,
പതിനഞ്ചു മിനിട്ടോള്ളം അതേ ഇരിപ്പിലിരുന്ന അയാളെ ഉണർത്തിയത് ഒരു ഫോൺ കോളാണ് കമ്പനി ഡിപ്പാർട്ട്മെന്റ് ഹെഡ് ആണു വിളിച്ചത്,
മാസാവസാനം ആണെന്നും ടാർഗറ്റ് മുട്ടിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ജോലി നഷ്ടപ്പെടൽ തുടങ്ങിയ സ്ഥിരം ആക്രോശങ്ങൾക്കൊടുവിൽ അയാളും ഫോൺ വെച്ചു,
ആ സമയം അയാളോർത്തു അത്യാവശ്യം വേണ്ടുന്നതൊന്നും ചെയ്തു തരുകയുമില്ല എന്നാലോ നേരം വെളുക്കുന്നതു തൊട്ടുള്ള ഈ പ്രഷറിനും, തെറിവിളിക്കും ഒന്നും ഒരു കുറവുമില്ല,
TVയൊക്കെ പോലെ കണ്ടും കേട്ടും ഇരിക്കയല്ലാതെ അങ്ങോട്ടാണെങ്കിൽ ഒരു
കോപ്പും മറുത്ത് പറയാനും പാടില്ലതാനും,
ഒരോരോ ഗതികേട് !
കുറച്ചു മനസമാധാനമെങ്കിലും ഉണ്ടാവുമല്ലോന്നു വെച്ച് എല്ലാം കൂടി കളഞ്ഞിട്ട് പോയാലോന്ന് അയാൾ പലവട്ടം ആലോചിച്ചതാണ്, പക്ഷേ അടുത്തൊരു കസ്റ്റമർ കോൾ വരുന്നതോടെ എല്ലാം പിന്നെയും പഴയ പോലെയാകുന്നു,
അതെല്ലാം ഒരോന്നായി ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടക്കാണ് അയാൾ അതുവരെ ആലോചിച്ചു കൊണ്ടിരുന്ന അയാളുടെ യഥാർത്ഥ പ്രശ്നത്തിനുള്ള ഉത്തരം അയാളുടെ മനസിലേക്ക് കടന്നു വന്നത് !
ആ ഫോൺ കോളും, മകൾ വരച്ച ചിത്രവും, ഭാര്യയോടുള്ള വഴക്കിടലുകളും എല്ലാം ഒരേ അനുപാതത്തിൽ മനസിൽ വന്നതും കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിൽ അയാൾക്കു മനസിലാക്കാനായി,
ജോലിയിൽ നിലനിൽക്കുന്ന അനാവശ്യ പ്രഷർ, അതോടൊപ്പം അവർ പറയുന്ന പല കാര്യങ്ങൾക്കും അതേ പോലെ തിരിച്ചു പറയണമെന്നുണ്ടായിട്ടും അതിനു കഴിയാതെ ഒാച്ചാനിച്ചു നിൽക്കേണ്ടി വരുന്ന മൃഗീയ അവസ്ഥ, അതിനു പോംവഴി തേടുന്ന മനസ്സ് ഇതൊക്കെയാണു അയാളുടെ ശരിയായ പ്രശ്നമെന്നു അയാൾക്കു വ്യക്തമായി ബോധ്യപ്പെട്ടു !
ഒാഫീസിൽ നിന്നു തനിക്കു ഉണ്ടാകുന്ന ജോലി സമ്മർദ്ദങ്ങൾ പലതും തന്റെ മാത്രം പ്രശ്നം അല്ലാതിരുന്നിട്ടു കൂടി മറുത്തൊന്നും പറയാൻ പറ്റാതെ ജോലിയുടെ ഭാഗമെന്നോണം അവർ പറയുന്ന ചീത്തയും തെറി വിളിയുമെല്ലാം കേട്ടു നിൽക്കേണ്ടി വരുന്നതു കൊണ്ട്,
താൻ അതെല്ലാം കൂട്ടിവെച്ച് നേരേ കൊണ്ടു
വന്ന് തനിക്ക് ഏറ്റവും സൗകര്യം എന്നു തോന്നുന്ന ഭാര്യയിൽ അല്ലെങ്കിൽ സ്വകുടുംബത്തിൽ തന്നെ ഏതെങ്കിലും ചെറിയ പ്രശ്നത്തിന്റെ പേരിൽ പോലും വലിയ ഒച്ചപാടുണ്ടാക്കി അതു തീർക്കാൻ ശ്രമിക്കുന്നു,
അവരോടു പറയേണ്ടവയെല്ലാം വീട്ടിൽ കൊണ്ടുവന്നു ചെരിഞ്ഞു കുടുംബത്തിന്റെ അന്തരീക്ഷം പോലും താൻ നശിപ്പിക്കുകയാണെന്നു മനസിലായതും അതു തിരുത്താൻ അയാൾ തീരുമാനിച്ചു !
അവിടെ അയാൾക്കതിനു സഹായമായി വിശ്വവിഖ്യാതനായ സിഗ്മണ്ട് ഫ്രോയ്ഡിന്റെ “അടിച്ചമർത്തപ്പെട്ടവയെല്ലാം അവസരങ്ങൾക്കനുശ്രിതമായി മറ്റൊരു വഴിയിലൂടെ തീർച്ചയായും പുറത്തു വരുക തന്നെ ചെയ്യും ” എന്ന തിയറിയും സഹായമായി !
അവിടുന്നെഴുന്നേറ്റു അടുക്കളയിലേക്കു ചെന്ന അയാൾ അവിടെ ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കുന്ന ഭാര്യയുടെ പുറകിലെത്തി അവർ ഒന്നു തിരിഞ്ഞാൽ കൃത്യം അയാളുടെ മുഖത്തേക്ക് തന്നെ നോട്ടം വരുന്ന അകലത്തിൽ നിന്നു കൊണ്ട് അവളോടു പറഞ്ഞു,
ഞാൻ കുറച്ചു ദിവസത്തേക്ക് ഒാഫീസിൽ പോകുന്നില്ല പകരം ഞാനും നീയും മോളും കൂടി എവിടെയെങ്കിലും ഒരു ടൂർ പോകുന്നു,
അതു കേട്ട് വിശ്വസിക്കാനാവാതെ അവൾ തിരിഞ്ഞ് അയാളുടെ മുഖത്തേക്ക് നോക്കിയതും ഇരുവരുടെ മുഖവും ഒരേ അനുപാതത്തിൽ വന്നതും അയാൾ പറഞ്ഞു,
I LOVE YOU….”
ഈ മുകളിൽ പറഞ്ഞതെല്ലാം
ഇതെല്ലാം തിരിച്ചറിഞ്ഞ ആ ദിവസം അയാൾ സ്വയം എഴുതിയുണ്ടാക്കി തന്റെ ഒാഫീസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ഡീറ്റേൽ പോസ്റ്റാണിത് !
ആ രാത്രി കുടുംബത്തോടൊപ്പം വൈത്തിരിയിലെ ഒരു റിസോട്ടിലിരുന്നു ഡിന്നർ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾക്ക് കമ്പനി ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ ഒരു പേർസണൽ വാട്ട്സ് ആപ്പ് മേസേജ് വന്നു,
” മി : മിലിന്ദ്, നിങ്ങൾ എടുത്തതു പോലൊരു തീരുമാനം തന്നെ പോലെ വളരെ പെട്ടന്നെടുക്കാൻ എനിക്ക് സാധിക്കില്ല,
പകരം എന്റെ ഭാര്യയോടു അനാവശ്യമായി ദേഷ്യപ്പെടുന്നത് ഞാൻ പൂർണ്ണമായും ഒഴിവാക്കും !
കുറെക്കാലമായി എന്റെയുള്ളിലും ഉണ്ടായിരുന്ന ഒരു ചോദ്യത്തിനു കൂടിയാണ് ഇന്നു താൻ എനിക്കും ഉത്തരം തന്നിരിക്കുന്നത്,
വളരെ നന്ദി…
അതോടൊപ്പം തനിക്കും ഭാര്യ ശ്രീന്ദ്രിയക്കും മകൾ നീർമിഴിക്കും നല്ലൊരു ഒഴിവുക്കാലവും ആശംസിക്കുന്നു !
അതു വായിച്ചതും മിലിന്ദിനുള്ളിൽ എവിടയോ ഒരു പുഞ്ചിരി വിടർന്നു,