ഉമ്മിടെ കുഞ്ഞാവേ ഒന്ന് അനങ്ങു മുത്തേ.. ഉമ്മിച്ചിക്ക് പേടിയാകുന്നു… എന്റെ റബ്ബേ… ന്റെ കുഞ്ഞാവയെ കാക്കണേ.. ”

കുഞ്ഞാവ
രചന: Navas Amandoor

ഒരു സ്ത്രീ അമ്മയാകുന്നത് പ്രസവത്തോടെയല്ല. പുരുഷ ബീജത്തെ സ്വീകരിച്ചു മാസമുറ നിന്നാൽ അവൾ അമ്മയാകും. അന്നുമുതൽ അവളുടെ മനസ്സ് താരാട്ട് പാടാൻ തുടങ്ങും. വരാൻ പോകുന്ന അതിഥിക്കായി അവൾ അമ്മയെന്ന സ്ഥാനം സ്വയം സ്വീകരിക്കും.

കല്യാണം കഴിഞ്ഞു ആറാംമാസത്തിലായിരുന്നു എന്നിലെ അമ്മ ഉണർന്നത്.
എന്റെ വയറ്റിൽ ദൈവത്തിന്റെ സമ്മാനം പോലെ എന്റെ കുഞ്ഞാവ വന്നു.

ഇന്നലെ വരെയുള്ള സന്തോഷമല്ല ഇപ്പോഴുള്ളത്. ആ നിമിഷം മുതൽ അതിരില്ലാത്ത സന്തോഷവും അനുഭൂതിയും. പിന്നെ മനസ്സിൽ പാടിത്തുടങ്ങിയ താരാട്ടും.

എന്റെ ഇക്കാക്കും ഇക്കാടെ ഉമ്മാക്കും ഉപ്പാക്കും കുടുംബക്കാർക്കും അയൽവാസികൾക്ക്‌ പോലും എന്നോട് വല്ലാത്ത വാത്സല്യമായി.
ഡോക്ടറെ കണ്ടു.

ഇക്കാക്ക് ശേഷം ഈ വീട്ടിൽ ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ വീടിനു പോലും വെളിച്ചം വച്ചെന്ന് എനിക്ക് തോന്നി.

എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞവർ ഒരു രാജകുമാരിയെ പോലെ എന്നെ കൈ വെള്ളയിൽ കൊണ്ട് നടന്നു.
മൂന്നാം മാസമായപ്പോൾ കുഞ്ഞാവായുടെ ഹൃദയമിടിപ്പ് തുടങ്ങി.

എന്റെ വയറിന്റെ അറയിൽ ഒരു തുള്ളി ബീജത്തിലെ കോടാനുകോടി അണുക്കളിൽ നിന്ന് ഒന്നിൽ നിന്നും മാംസമായി ജീവൻ വെച്ച് രൂപമായി കുഞ്ഞാവയായി വളർന്നു.

ഓരോ മാസങ്ങൾ മുന്നോട്ട് പോകുമ്പോൾ കുഞ്ഞാവയുടെ വളർച്ചയോടപ്പം എന്റെ സ്വപ്നങ്ങളും വളർന്നു.

എന്റെ കുഞ്ഞാവ പെണ്ണായിരിക്കോ..?
എന്റെ കുഞ്ഞാവ ആണായിരിക്കോ..?
എന്നെ പോലെയോ ഇക്കയെ പോലെയോ…?
കുറുമ്പ് ഉണ്ടാകുമോ.. ?
കൊതിയൂറൂന്ന.. കണ്ടാൽ കവിളിൽ കടിക്കാൻ തോന്നുന്ന.. പാൽപുഞ്ചിരി ഉണ്ടാകുമോ..?

കുഞ്ഞാവ എന്നെ ഉമ്മിച്ചി ന്ന് വിളിക്കോ..?
മാസം എട്ടായി വയർ വലുതായി. കുഞ്ഞാവ വയറിനുള്ളിൽ കിടന്ന് ചവിട്ടൽ കൂടി. അടങ്ങി കിടക്കില്ല. ചിലപ്പോൾ വാപ്പിച്ചിനെ പോലെ കുറുമ്പനായിരിക്കും ഈ കുഞ്ഞാവ.

ഓരോ നിമിഷങ്ങളും സമ്മാനിക്കുന്ന അമ്മയുടെ അനുഭവങ്ങളും അനുഭൂതിയും മനസ്സിനെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

ഒരു പാതിരാത്രി വെള്ളം കുടിക്കാൻ ദാഹിച്ച് ഞാൻ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ വേണ്ടി കുത്തിയ കൈ തെന്നി അപ്രതീക്ഷിതമായി മറിഞ്ഞു വീണു.

വീണത് വയർ തറയിൽ അമർന്നായിരുന്നു.
തറയിലും ശരീരത്തിലും ഒഴുകി ഒലിക്കുന്ന ചോരയുടെ പേടിപ്പിക്കുന്ന ചൂട് ഞാൻ തൊട്ടറിഞ്ഞു.

ഇക്ക ഉണർന്നു.
ഉമ്മയും ഉപ്പയും ഉണർന്നു. എല്ലാവരും ചേർന്ന് പൊക്കി വണ്ടിയിൽ കയറ്റി.
എല്ലാം ഒരു ദുസ്വപ്നം പോലെ കാണുന്നുണ്ടായിരുന്നു ഞാൻ.

വണ്ടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ആ വേദനയുടെ നടുക്കത്തിൽ മരവിച്ചു പോയ ഞാൻ രണ്ട് കൈകളും വയറിൽ അമർത്തി പിടിച്ചു.
അനക്കമില്ല.

“ഉമ്മിടെ കുഞ്ഞാവേ ഒന്ന് അനങ്ങു മുത്തേ.. ഉമ്മിച്ചിക്ക് പേടിയാകുന്നു… എന്റെ റബ്ബേ… ന്റെ കുഞ്ഞാവയെ കാക്കണേ.. ”

കരച്ചിലിന്റെ ഇടയിലെ എന്റെ പ്രാർത്ഥന കേട്ട ഇക്ക നിറഞ്ഞ് ഒഴുകിയ കണ്ണുകൾ തുടച്ചു എന്നെ ചേർത്ത് പിടിച്ചു.

“നീ ടെൻഷൻ ആവല്ലേ.. നമ്മളെ കുഞ്ഞാവക്ക്‌ ഒന്നും വരില്ല… മോളെ ”
എപ്പോഴാണ് എന്റെ ബോധം പോയതെന്ന് അറിയില്ല.

ബോധം വന്നപ്പോൾ വിങ്ങി പൊട്ടി സങ്കടം കടിച്ചമർത്തി എന്നെ നോക്കി നിൽക്കുന്ന മുഖങ്ങൾ.

ഞാൻ പതുക്കെ കൈ അനക്കി കൈ വയറിൽ വെച്ചു..
വയറിന്റെ വലുപ്പം കുറഞ്ഞിരിക്കുന്നു… വല്ലാത്ത വേദന. വയറിന്റെ അടി വശം വലിച്ചു കെട്ടിയ പോലെ തോന്നി.

ഞാൻ കിടക്കുന്ന കട്ടിലിന്റെ അരികിൽ കുഞ്ഞാവയെ തിരിഞ്ഞു.
അവിടെയില്ല എന്റെ കുഞ്ഞാവ !

എന്നെ സഹതാപത്തോടെ, സങ്കടത്തോടെ നോക്കി നിൽക്കുന്നവരിൽ നിന്നും ഇക്ക കട്ടിലിന്റെ അരികിലേക്ക് വന്ന് ഒരു കസേര വലിച്ചിട്ട് എന്റെ കൈകൾ ഇക്കയുടെ കൈക്കുള്ളിലാക്കി ആ കൈയിൽ മുഖം അമർത്തി തല താഴ്ത്തി ഇരുന്നു.

“ഇക്കാ… എവിടെ… നമ്മുടെ കുഞ്ഞാവ. ”
ഇക്ക ഒന്നും മിണ്ടിയില്ല. മിണ്ടാതെ തലകുനിച്ചിരിക്കുന്ന ഇക്കയുടെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണീർ തുള്ളികൾ പൊള്ളിച്ചത് എന്റെ നെഞ്ചിനെ.

ഇക്കയുടെ കണ്ണിൽ നിന്നും ആ സങ്കടം ഒഴുകി എന്റെ കണ്ണിലൂടെ പെയ്യാൻ തുടങ്ങി. എന്നിലെ കരച്ചിൽ ഒരു അലർച്ച പോലെ മുറിയിൽ മുഴങ്ങി.

വാവിട്ട് അലറി കരഞ്ഞ് ഒടുവിൽ നേർത്ത്‌ നേർത്ത്‌ തേങ്ങലായി ചുണ്ടുകൾ വിതുമ്പിക്കൊണ്ടിരുന്നു.

ഇങ്ങനെ എത്ര നാൾ എന്നെനിക്ക് അറിയില്ല. ദിവസങ്ങൾ കഴിഞ്ഞു പോകുന്നത് അറിയാതെ തോരാത്ത കണ്ണീരുമായി പിന്നീടുള്ള ദിവസങ്ങൾ.

പാടിയ താരാട്ടു പാട്ടുകളും, കണ്ട സ്വപ്നങ്ങളും ഒക്കെ വെറുതെയാക്കി ഈ ഉമ്മിച്ചിയെ കൊതിപ്പിച്ചു പോയത്രേ കുഞ്ഞാവ.

“എട്ട് മാസം ജീവന്റെ ജീവനായി കൊണ്ട് നടന്നിട്ടും എന്റെ കുഞ്ഞാവയുടെ മുഖം പോലും കാണാൻ കഴിഞ്ഞില്ലല്ലോ.. ഈ ഉമ്മിച്ചിക്ക്‌. ”

പിന്നീടാണ് എന്നോട് പറഞ്ഞത് ആ വീഴ്ചയിൽ ജീവൻ നഷ്ടമായ എന്റെ കുഞ്ഞാവയെ വയർ കീറിയാണ് പുറത്തേടുത്തത് എന്ന്..
ഞാൻ തന്നെയാ എന്റെ കുഞ്ഞാവയെ ഇല്ലാണ്ടാക്കിയത്.

പിന്നെയും രാവും പകലും മാറി മാറി വന്നു. മറവി കുറെയൊക്കെ സങ്കടങ്ങളെ കുറച്ചങ്കിലും ഇടക്ക് കുഞ്ഞാവയുടെ ഓർമ്മ ഉള്ളിൽ തികട്ടി വരും.വയറിൽ ചവിട്ടുന്ന പോലെ തോന്നും. എന്നിലെ അമ്മയെ ഉണർത്തുന്ന ഓർമ്മകൾ.

ആ സമയം എന്റെ കുഞ്ഞാവയെ ഓർത്ത് വയറിൽ കൈ അമർത്തി കരയും.. കൂറേ കരയും.. ചിലപ്പോൾ തളർന്നു വീഴും വരെ.

ഇനി കാത്തിരിപ്പാണ്.. അന്നത്തെ പോലെ ഒരു തുള്ളി ബീജത്തിലെ കോടാനുകോടി അണുക്കളിൽ നിന്നും ഒരണ്ണം എന്റെ കുഞ്ഞാവയായി വീണ്ടും വയറിന്റെ ഉള്ളിൽ തുടിച്ചു തുടങ്ങുന്ന ആ ഒരു ദിവസത്തിന് വേണ്ടി പ്രാർത്ഥനയോടുള്ള കാത്തിരിപ്പ് !

സ്വന്തം ആയുസ്സും മനസ്സും പ്രാർത്ഥനയും കൊടുത്തിട്ടാണ് ഓരോ അമ്മമാരും കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *