പ്രിയ, ശരിക്കും അടിപൊളി മൂഡിലായിരുന്നു. അവള്, ഷാജൂവിൻ്റെ കാര്യങ്ങള് ഓർത്തിട്ടും കൂടിയില്ലാ. എൻ്റെ ഫോൺ പെട്ടെന്നു

ഊട്ടിപ്പൂക്കൾ
(രചന: രഘു കുന്നുമ്മക്കര പുതുക്കാട്)

“വിനുച്ചേട്ടാ”വടക്കുംനാഥനിലും, പാറമേക്കാവിലും തൊഴുത്,ഒരു കാപ്പിയും മസാലദോശയും കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ‘സ്വപ്ന’ തിയേറ്ററിനരികിലുള്ള ‘മണീസ്’ ലേക്കു നടക്കുമ്പോളാണ്,

വിനോദ്, ആ വിളി കേട്ടത്.
തിരിഞ്ഞു നോക്കി,
പ്രിയയാണ്.
ശാലിനിയുടെ ഏറ്റവുമടുത്ത കൂട്ടുകാരി.
കൂടെ, അഞ്ചുവയസ്സുകാരി മോളുമുണ്ട്.

അമ്പലത്തിൽ നിന്നും തന്നെയാണെന്നു കാഴ്ച്ചയിൽ മനസ്സിലായി.
ദേവിയുടെ പ്രസാദമായ മഞ്ഞൾക്കുറിയും കുങ്കുമവും നെറ്റിയിൽ നീട്ടി വരച്ചിട്ടുണ്ട്.
കവിൾത്തടത്തിൽ വരയിട്ട മഞ്ഞൾ രേഖ,
കസവുവസ്ത്രങ്ങൾ.

അമ്മയുടെ കയ്യിൽ തൂങ്ങി, പട്ടുപാവാടയുടുത്തൊരു കുസൃതിക്കുരുന്ന് ഹൃദ്യമായി പുഞ്ചിരിച്ചു.”പ്രിയാ”

എന്തോ പറയുവാനാഞ്ഞതു മുഴുമിക്കും മുൻപേ,
അവളുടെ മറുചോദ്യം വന്നെത്തി.

“ശാലുച്ചേച്ചി,
ചേച്ചീടെ വീട്ടീന്ന് എന്നാ വര്വാ?
നാളെ വരുംന്നാണല്ലോ എന്നോടു പറഞ്ഞേ,
ചേച്ചീം, മോനും അവിടെയായിരുന്നില്ലെങ്കിൽ,

നിങ്ങൾക്ക് അമ്പലത്തിൽ ഒരുമിച്ചു വരായിരുന്നൂല്ലേ?
ഇവിടെ, എൻ്റെ ഷാജ്വേട്ടന് അമ്പലോമില്ലാ, ഉത്സവോമില്ല,
വയറിംഗ് തെരക്കാത്രേ,
അടുത്ത മാസം കേറിപ്പാർക്കേണ്ട വീടാന്നൊക്കെ പറയണുണ്ടായിരുന്നു.
അതിനെടേല്, ഒരു ഗൾഫു ചാൻസും വന്നിട്ടുണ്ട്”

വിനോദിന്, അഭിക്കുട്ടനേയോർമ്മ വന്നു.
കുറുമ്പനാണ്,
എന്നാലും,
ശാലിനീടേ അച്ഛനുമമ്മയും പൊന്നുപോലെ നോക്കിക്കോളും.
ആ ഒരു ഉറപ്പിലാണ്, ഒരാഴ്ച്ചയിലധികം അവരേ അവിടെ നിർത്തിയത്.
സ്കൂൾ തുറക്കാൻ, ഇനിയും രണ്ടാഴ്ച്ച കൂടിയുണ്ട്.

തൃശൂർ നഗരത്തിലേ, പ്രസിദ്ധമായ ഗോൾഡ് കവറിംഗ് സ്ഥാപനത്തിലെ അക്കൗണ്ടൻ്റാണ് ശാലിനി.
പ്രിയ, സെയിൽസ് സ്റ്റാഫും.
കല്യാണം നടക്കുന്ന കാലത്തേ തന്നേ,
ശാലിനി അവിടത്തേ ജോലിക്കാരിയായിരുന്നു.

പ്രിയ ജോലിക്കെത്തിയിട്ട്,
രണ്ടുവർഷമാകുന്നതേയുള്ളൂ.
ഓട്ടോ ഓടിക്കിട്ടുന്ന തുച്ഛവരുമാനത്തിനപ്പുറത്തേക്കു,
ജീവിത പ്രാരാബ്ധങ്ങൾ മുന്നേറിയതിനാലാണ് കല്യാണശേഷവും,
ദൂരം ഗൗനിക്കാതെ ശാലിനിയെ ജോലിക്കു പറഞ്ഞയച്ചത്.

“അമ്പലത്തിലേക്ക് ഞാനും അങ്ങനേ വരാറില്ല, പ്രിയാ….
ഇതിപ്പോ ഇങ്ങോട്ടൊരോട്ടം വന്നതാ.
അവര്,
തൃശൂർ സ്റ്റാൻഡീന്നു കോഴിക്കോട്ടേക്കു പോയി.
എന്നാലൊന്നു അമ്പലത്തിൽ കേറാന്നു വിചാരിച്ചു”

പ്രിയ, ഹൃദ്യമായി ചിരിച്ചു.
അവളുടെ കവിൾത്തടത്തിൽ പടർന്ന മഞ്ഞൾ നിറം,
അവളേ കൂടുതൽ സുന്ദരിയാക്കി.
കസവുചേലയുടെ തുമ്പു പിടിച്ചുലച്ചു ചുളുക്കാൻ ശ്രമിക്കുന്ന പെൺകൊടിയേ പിടിച്ചുനിർത്തി അവൾ തുടർന്നു.

” ശാലുച്ചേച്ചിയും വേണ്ടതായിരുന്നു.
ഇന്ന് ഞങ്ങൾക്ക് അവധിയാണെന്ന്,
ചേച്ചി വിളിച്ചു പറഞ്ഞിരുന്നില്ലേ.
ഇന്നലെ വൈകീട്ട്,
മുതലാളിയുടെ കുടുംബസംഗമമായിരുന്നു.
അതു കഴിഞ്ഞ്,
രാത്രിതന്നേ അവരുടെ ഊട്ടി ട്രിപ്പുമുണ്ട്.

രണ്ടു രാത്രിയും, ഒരു പകലും നീളുന്ന ട്രിപ്പ്.
സാധാരണ, കുടുംബസംഗമത്തിനാണ് ഞങ്ങൾക്ക് അവധി തരാറ്.
ഇന്നിപ്പോൾ പിറ്റേന്നായന്നു മാത്രം.
മുതലാളിക്ക്, പിന്നേ അപ്പച്ചനേയും അമ്മയേയും കൂട്ടിയാൽ മതീല്ലോ,
നാൽപ്പതു കഴിഞ്ഞിട്ടും കല്ല്യാണം നോക്കണില്ലല്ലോ”

എത്ര ചടുലതയിലാണ്,
പ്രിയ സംസാരിക്കുന്നത്.
ആർക്കും ഇഷ്ടം തോന്നിപ്പോകുന്ന പ്രകൃതം.
കോരിച്ചൊരിയുന്ന വിശേഷങ്ങൾ,
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ.

ശാലുവിനേ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവളുടെ മുഖമുദ്ര തന്നേ നിഗൂഢമായൊരു മൗനമായിരുന്നു.
പിന്നേ,
ആൻഡ്രോയ്ഡ് ഫോണിലെ വിരൽപ്പരതലുകളും.

“ശാലു, വിളിച്ചിരുന്നു പ്രിയാ…
വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.
നാളെ പത്തുമണിയാകുമ്പോഴേക്കും അവളും മോനും വീട്ടിലെത്തൂലോ,
ഇനി ഷോപ്പിൽ വരുമ്പോൾ,
എന്നെക്കണ്ട കാര്യം ശാലൂനോടു പറയണം.

എൻ്റെ അമ്പലം വരവിൻ്റെ കാര്യമറിഞ്ഞ്, അവള് ഞെട്ടുന്നതു കാണാം.
നമ്മള് കണ്ട കാര്യം,
ഞാൻ സസ്പെൻസ് ആക്കി വയ്ക്കാം ട്ടാ”

പ്രിയ തലയാട്ടി,
കൂടെയുള്ള കുറുമ്പിന്,
ദേഷ്യം വന്നുതുടങ്ങിയിരിക്കുന്നു.
അവൾ, പ്രിയയുടെ പുടവത്തുമ്പ് വലിച്ചു മുന്നോട്ടു നടന്നു.

”നിക്ക്, ക്ടാവേ,
അടി കിട്ടും ട്ടാ,
വിനുച്ചേട്ടാ, ഞാൻ പോകട്ടേ,
ഞാൻ പറയാം ട്ടാ, ചേച്ച്യോട്;
വിനുച്ചേട്ടനെ കണ്ടൂന്ന്.
ബസ് വരാറായിട്ടുണ്ട്.
ഇവിടെ നിന്നാൽ വീട്ടിനു മുന്നിലൂടെ പോകുന്ന വണ്ടി കിട്ടും.
പോകട്ടേ, ഏട്ടാ”

അവൾ യാത്ര പറഞ്ഞു മുന്നോട്ടു നീങ്ങി.
വിരലിൽ മുറുകേപ്പിടിച്ച് ആ കുറുമ്പിയും.
ഒരു വീടിൻ്റെ മുഴുവൻ ശ്രേയസ്സും അവളിലാണെന്നു ഹൃദയം പറയാതെ പറഞ്ഞു.
ദാഹിക്കുന്നുണ്ട്,

കാപ്പി കുടിക്കുവാനുള്ള ഉത്സാഹം ശമിച്ചിരിക്കുന്നു.
പിന്തിരിഞ്ഞു നടന്ന്,
അമ്പലനടയ്ക്കൽ പാർക്കു ചെയ്ത ഓട്ടോയിൽ കയറി.
അത് സ്വരാജ് റൗണ്ടിലൂടെ മുരണ്ടു നീങ്ങി.

പിറ്റേന്ന്,
രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു, ശാലിനിയും മോനും വിനൂൻ്റെ വീട്ടിലെത്തിയപ്പോൾ.
ഓട്ടോ പറഞ്ഞയച്ച്,
അവൾ മോനെയും കൂട്ടി വീട്ടിലേക്കു കയറി.

ഒരാഴ്ച്ച, സ്വന്തം വീട്ടിൽ നിൽക്കാൻ പോയതിൻ്റെ സാക്ഷ്യപത്രമായ ബാഗ് അകത്തേ മുറിയിലേ കട്ടിലിൽ വച്ചു.
പിന്നേ,
ഒരു പുതിയ ഷോൾഡർ ബാഗു കൂടിയുണ്ടായിരുന്നു.

അതവൾ, കട്ടിലിന്നപ്പുറത്തേ ചെറുമേശയിൽ കൊണ്ടു വച്ചു.”എങ്ങനെയുണ്ടായിരുന്നു ടൂറ്?”വിനു ചോദിച്ചു.

“നല്ല പരിപാടിയായിരുന്നു.
ഷോപ്പിലെ എല്ലാവരുമുണ്ടായിരുന്നു.
പ്രിയയും ഞാനും ഏതു നേരവും ഒരുമിച്ചായിരുന്നു.
അവള്, ജോലി നിർത്താൻ പൂവ്വല്ലേ,
അവൾടേ ഷാജൂന്,

ഏതോ ഗൾഫ് കേസ് ശരിയായിട്ടുണ്ട്.
ഷാജു പോയാൽ,
പ്രിയ അവളുടെ നാട്ടിലേക്കു പോകും,
പിന്നേ വരില്ലാ,
അവൾക്ക്,
ജോലിക്കു പോയില്ലെങ്കിലും കുഴപ്പമില്ലാ,
ജീവിക്കാനുള്ള കാശുണ്ട്”

വിനു, അവളുടെ മിഴികളിലേക്കു സൂക്ഷിച്ചു നോക്കി.
അവയിൽ ഉറക്കമിളപ്പിൻ്റെ ആലസ്യം നിറഞ്ഞു നിൽക്കുന്നു.

“ഞങ്ങള്,
അവരുടെ കുടുംബസംഗമത്തിനു പോയി.
ഭക്ഷണമൊക്കെ അവിടന്നായിരുന്നു.
രാത്രി ഒമ്പതരയോടെ ടൂറിസ്റ്റു ബസ്സുവന്നു.
ഞാനും, പ്രിയേം ഒരേ സീറ്റിലായിരുന്നു.
നേരം വെളുത്തപ്പോൾ ഊട്ടില് ചെന്നു.

കുറേ സ്ഥലങ്ങളിൽ കറങ്ങി.
ഇത്തവണ, മുതലാളീടെ അപ്പച്ചനും അമ്മച്ചിയും പോന്നില്ല.
എനിക്കു വിനൂനേം മോനേം ശരിക്കും മിസ് ചെയ്തു.
പക്ഷേ,
പ്രിയ, ശരിക്കും അടിപൊളി മൂഡിലായിരുന്നു.

അവള്, ഷാജൂവിൻ്റെ കാര്യങ്ങള് ഓർത്തിട്ടും കൂടിയില്ലാ.
എൻ്റെ ഫോൺ പെട്ടെന്നു ചാർജ്ജിറങ്ങിപ്പോകുന്നു.
ഫോട്ടോയ്ക്കും, വിളിക്കാനും ഒന്നിനും പറ്റണില്ല്യാ,

വേറൊരു കുട്ടീടെ മൊബൈലിലാ ഫോട്ടോസ്,
തിങ്കളാഴ്ച്ച വരുമ്പോൾ കൊണ്ടരാം,
ഞാനൊന്നു ബാത്ത്റൂമിൽ പോട്ടേ,
അഭിക്കുട്ടൻ, അച്ഛൻ്റെയടുത്തു നിന്നേ”

കുളിമുറിയുടെ വാതിലടഞ്ഞു.
ജലം ചിതറുന്ന ശബ്ദമുയർന്നു.
വിനു, അവളുടെ പുതിയ ഷോൾഡർ ബാഗിൻ്റെ വലിയ അറയുടെ സിബ്ബ് തുറന്നു.
അതിൽ നിറയേ പൂക്കളുണ്ടായിരുന്നു.
വാടാത്ത, ഊട്ടിപ്പൂക്കൾ.
അഭിക്കുട്ടൻ, വിനൂൻ്റെ മിഴികളിലേക്കു സൂക്ഷിച്ചു നോക്കി.

” അച്ഛൻ കരയുവാണോ?”അവൻ ചോദിച്ചു.” ഇല്ലെടാ കുട്ടാ,അച്ഛൻ്റെ കണ്ണില് പൊടി പോയതാ”

വിനു, അവനേ എടുത്തുയർത്തി.
അവൻ പുഞ്ചിരിച്ചു.
പത്തുവയസ്സുകാരനെ ചോക്കലേറ്റു മണക്കുന്നുണ്ടായിരുന്നു.

“അമ്മ, ടൂറു പോയിട്ടു വന്നപ്പോൾ തന്നതാ ചോക്ലേറ്റ്,
അച്ഛനു വേണോ?”

വിനു, നിഷേധാർത്ഥത്തിൽ തലയാട്ടി.
കുളിമുറിയിലെ ശബ്ദങ്ങൾ നിലച്ചു.
വിനുവിൻ്റെ മിഴികൾ, അപ്പോളും ആ ഷോൾഡർ ബാഗിൽ നിന്നുതിർന്ന പൂക്കളിലേക്കായിരുന്നു.മരവിച്ച ചിരിയുതിർക്കുന്ന,ഊട്ടിപ്പൂക്കളിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *