തണുപ്പ് ഞാൻ മാറ്റി തരാം ..ഒരു കുസൃതിയോടെ പറഞ്ഞു കൊണ്ടവൾ അവന്റെ ഷാളിനുള്ളിലേക്ക് നുഴഞ്ഞു കയറി അവന്റെ നെഞ്ചോരം പറ്റി ചേർന്നിരുന്നു..

(രചന: രജിത ജയൻ)

“എന്റെ പൊന്നെ.., ഡീ… ” നിനക്കെന്നോട് ഇത്രയും ദേഷ്യം ഉണ്ടായിരുന്നൂന്ന് എനിക്കിപ്പോഴാട്ടോ മനസ്സിലായത് …

കോടമഞ്ഞിന്റെ നേർത്ത തണുപ്പാസ്വദിച്ച് പുറത്തേക്ക് നോക്കിയിരുന്ന ശ്രുതി വിനീതിന്റെ സംസാരം കേട്ടവനെ തല തിരിച്ചു നോക്കി.

“അതെന്താ വിനീതേട്ടാ ഇപ്പോ അങ്ങനെയൊരു പറച്ചിൽ ..?”എനിക്കെന്തിനാ ഏട്ടനോട് ദേഷ്യം…?അവൾ ചോദിച്ചു

“നിനക്കെന്നോട് ദേഷ്യമില്ലാഞ്ഞിട്ടാണോ മറ്റു വണ്ടിയൊന്നും എടുക്കാൻ സമ്മതിക്കാതെ വയനാടിന്റെ സൗന്ദര്യമാസ്വദിക്കാൻ KSRTC തന്നെ തിരഞ്ഞെടുത്തത് ..?

“അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാടി ചാച്ചാടി മനുഷ്യന്റെ പുറം പള്ളിപ്പുറമായ് അറിയോ നിനക്ക്..?

പരിഭവവും പരാതിയും കലർത്തി വിനീത് പറയുമ്പോൾ ശ്രുതിയിലൊരു കുസൃതി പുഞ്ചിരി നിറഞ്ഞു..

“എന്റെ വിനീതേട്ടാ… നമ്മുടെ വീട്ടിൽ എത്ര വണ്ടികൾ ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല ,വയനാട് കാണാൻ ഇറങ്ങുകയാണെങ്കിൽ അത് നമ്മുടെ സ്വന്തം KSRTC യിൽ തന്നെ വേണം..

“അപ്പോഴേ അതിന്റെ ഒരു ഭംഗി കിട്ടൂ.. അവൾ പറഞ്ഞു..”പിന്നേ ഭംഗി.. ,ഒന്നാമതെ ഈ വളവിലും തിരിവിലും മനുഷ്യനിതിന്റെകത്ത് നേരെ ഇരിക്കാൻ വയ്യ, അതിന്റെ കൂടെ ഈ മുടിഞ്ഞ തണുപ്പും … നീയാ ഷട്ടർ താഴ്ത്ത് പൊന്നു ശ്രുതിയേ..

കൈകൾ രണ്ടും പുതച്ചിരുന്ന ഷാളിനുള്ളിലേക്ക് പൂഴ്ത്തി വിനീത് വീണ്ടും പറഞ്ഞു

” ഷട്ടറങ്ങിനെയിപ്പോ താഴ്ത്തുന്നില്ല ,വേണോങ്കിൽ തണുപ്പ് ഞാൻ മാറ്റി തരാം ..ഒരു കുസൃതിയോടെ പറഞ്ഞു കൊണ്ടവൾ അവന്റെ ഷാളിനുള്ളിലേക്ക് നുഴഞ്ഞു കയറി അവന്റെ നെഞ്ചോരം പറ്റി ചേർന്നിരുന്നു..

“ആ ..ഇപ്പോ ഓക്കെ.. ,ഇതു നിനക്ക് ആദ്യമേ ചെയ്യായിരുന്നില്ലേ ,വെറുതെ എന്നെ കൊണ്ട് വർത്താനം പറയിപ്പിക്കാനായിട്ട്..

വലം കയ്യാലവളെ തന്നിലേക്ക് കൂടുതൽ ചേർത്തു നിർത്തിയവനവളുടെ കാതോരം പറഞ്ഞതും ഒരു മൂളലോടെവളാ നെഞ്ചിലൊന്നു കൂടി പറ്റി ചേർന്നു ..

ഏറെ നാളായിട്ടുള്ള ആഗ്രഹമാണ് വയനാടൊന്നു ചുറ്റി കാണുക എന്നത് ,അതും ഈ ആന വണ്ടിയിൽ .. ശ്രുതിയോർത്തു

വിനീതേട്ടനൊട്ടും താൽപര്യമില്ലായിരുന്നു ഈ ബസ് യാത്ര, തന്റെ നിർബന്ധത്തിന് വഴങ്ങിയെന്നു മാത്രം ..

അല്ലെങ്കിൽ ചെന്നൈ പോലൊരു വലിയ നഗരത്തിൽ സ്വന്തമായ് വലിയൊരു ഐ ടി കമ്പനി നടത്തുന്ന വിനീത് ശ്രീനിവാസനെന്ന ഐടി പ്രൊഫഷണലിസ്റ്റ് എന്നും തോറ്റു തന്നിട്ടുള്ളത് തനിക്ക് മുന്നിൽ മാത്രമാണ് .. തനിക്ക് വേണ്ടി മാത്രമാണ് …

നഷ്ട്ട ബാല്യത്തിന്റെ ഓർമ്മകളിലെ അച്ഛനും അമ്മയ്ക്കും എന്നും തിരക്കിന്റെ വ്യത്യസ്ത മുഖങ്ങളായിരുന്നു..

അവരുടെ വളരുന്ന തിരക്കുകൾക്കിടയിൽ വളർന്നു വന്ന തനിക്ക് നഷ്ട്ടം വന്നത് തന്റെ ബാല്യവും കൗമാരവുമായിരുന്നു ..

കൂടെ പഠിച്ച കൂട്ടുക്കാർ മാതാപിതാക്കൾക്കൊപ്പം പങ്കിട്ട സന്തോഷ നിമിഷങ്ങൾ എണ്ണിയെണ്ണി പറയുമ്പോൾ എണ്ണാനായ് കയ്യിലെ ഒരു വിരൽ പോലും തനിക്ക് ഉപയോഗിക്കേണ്ടി വന്നില്ലല്ലോന്ന് എത്രയോ പ്രാവശ്യം സങ്കടത്തോടെ ചിന്തിച്ചിട്ടുണ്ട് ..

കോളേജ് പ0നത്തിനിടയിലാണ് കൂട്ടുക്കാരിലാരോ വയനാടിനെ പറ്റി ആദ്യം പറയുന്നത് .. മഞ്ഞും തണുപ്പും കുളിരും കൊണ്ടൊരു വയനാടൻ യാത്ര അന്നേ മനസ്സിൽ ഉറപ്പിച്ചതാണ്..

എല്ലായിടത്തും വാശി കാണിച്ചൊന്നാമതെത്തുന്ന അച്ഛനമ്മമാരുടെ മറ്റൊരു വാശിയായിരുന്നു വിനീതുമായുള്ള തന്റെ കല്ല്യാണം ..

തനിക്കാവശ്യം ജീവിതത്തിൽ വലിയ തിരക്കോ വലിയ വലിയ മോഹങ്ങളോ ഇല്ലാത്ത ഒരു സാധാരണക്കാരനുമായുള്ള സാധാരണ ജീവിതമാണെന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് മിന്നി മറഞ്ഞത് ജീവിക്കാനറിയാത്തവളോടുള്ള സഹതാപമായിരുന്നു.

വിവാഹ രാത്രിയിൽ തന്നെ വിനീതിനോടു പറഞ്ഞിരുന്നു അവനൊട്ടും ചേരാത്തവളാണ് താനെന്ന് ..

തിരക്കിന്റെ ലോകത്തെ അവനും സ്വപ്നത്തിന്റെ ലോകത്തെ താനും … എന്തൊരു വിരോധാഭാസം ല്ലേ.. ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു..

പക്ഷെ വിനീതേട്ടന്റെ കാര്യത്തിൽ തനിക്കു തെറ്റി പോയ് ,ഏതു തിരക്കിനിടയിലും തനിക്കായവൻ സമയം കണ്ടെത്തിയിരുന്നു … തന്നെ കേൾക്കാൻ ,തന്റെ ഇഷ്ട്ടങ്ങളറിയാൻ തന്നെ ചേർത്തു പിടിക്കാൻ എല്ലാം അവനുണ്ടായിരുന്നു..

തന്റെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങൾ നടത്തി തരുമ്പോൾ ,കുഞ്ഞുകുഞ്ഞു പിണക്കങ്ങളിൽ അരുമയോടെ തഴുകി തന്റെ പിണക്കങ്ങൾ മാറ്റിയെടുക്കുമ്പോഴെല്ലാം അവന്റെ കണ്ണിൽ തെളിഞ്ഞു നിന്നത് തന്നോടുള്ള അടങ്ങാത്ത സ്നേഹമാണ് ..

ഓർമ്മയിൽ ശ്രുതിയുടെ കണ്ണൊന്ന് നിറഞ്ഞു …”തണുപ്പ് അടിച്ചിട്ടാണ് കണ്ടില്ലേ കണ്ണീന്ന് വെള്ളം വരുന്നത് .. ഷട്ടർ ഇടാൻ പറഞ്ഞാൽ കേൾക്കില്ല പെണ്ണ് ..

ശ്രുതിയോടു പറഞ്ഞു കൊണ്ട് ഷട്ടർ താഴ്ത്താനായ് വിനീത് കയ്യുയർത്തിയതും ശ്രുതിയാ കൈ പിടിച്ചു തന്റെ കൈക്കുള്ളിൽ ഭദ്രമാക്കി അവനിലേക്കൊന്നു കൂടി പറ്റിച്ചേർന്നു ..

“ആ .. ഗീതേ.. ഞാൻ കുറച്ചൂടെ കഴിയുമ്പോ അങ്ങെത്തും .. നീയിങ്ങനെ ഇടയ്ക്കിടക്ക് വിളിച്ചു ഫോണിലുള്ള പൈസ കളയണ്ട ,
ബസ്സ് ബത്തേരി എത്താനായെടീ…

തങ്ങൾക്കു പുറക്കിലെ സീറ്റിൽ നിന്നാരോ ഫോൺ വിളിക്കുന്നതു കേട്ട ശ്രുതിയുടെ ശ്രദ്ധ അങ്ങോട്ടായ് പിന്നെ..

“ഇല്ലെടീ ,ശമ്പളത്തിന്റെ കാര്യമൊന്നും ഇതുവരെ തീരുമാനമായിട്ടില്ല ,വാർത്തയൊക്കെ നീയും കാണുന്നതല്ലേ..?

“KSRTC ജീവനക്കാർക്കെല്ലാം ശമ്പളം കിട്ടിയിട്ട് മൂന്നാലു മാസമായ് …തങ്ങൾ വന്ന ബസ്സിലെ കണ്ടക്ടറാണ് പുറകിലിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ശ്രുതി വീണ്ടും അങ്ങോട്ടേക്ക് കാതോർത്തു..

“കുട്ടികൾ പറഞ്ഞ സാധനങ്ങളില്ലാതെ അവരുടെ മുന്നിലേക്ക് വരുന്നതിനെ പറ്റി ചിന്തിക്കാൻ കൂടി വയ്യെടീ.. എത്രയായ് അതുങ്ങളുടെ ഇഷ്ട്ടത്തിനെന്തെങ്കിലും വാങ്ങിക്കൊടുത്തിട്ട് ..അയാൾ തുടർന്നു..

“അമ്മച്ചിയുടെ മരുന്നിന്റെ കാര്യമല്ലേ … ഓർമ്മയുണ്ട് .. ഞാനാരോടെങ്കിലും കുറച്ച് ക്യാഷ് മറിക്കാൻ പറ്റുമോന്ന് നോക്കട്ടെ ടീ.. ആരുടെ കയ്യിലും കാണില്ല.. കിട്ടാവുന്നിടത്തൂന്നെല്ലാം വാങ്ങുകയും ചെയ്തതാ പലപ്പോഴായിട്ട് …

“ആ.. നീ വെച്ചോ.. ഞാനെന്തെങ്കിലും വഴി നോക്കാം .. ഇന്നലെ മുതൽ ഇതുതന്നെയാണെന്റെ മനസ്സിൽ .. ആ ശരിയെടീ..

കണ്ടക്ണ്ടർ സംസാരമവസാനിപ്പിച്ചപ്പോൾ ശ്രുതി ചിന്തിച്ചതയാളെ പറ്റിയായിരുന്നു ..ഒരു നൂറു കൂട്ടം പ്രശ്നങ്ങൾ മനസ്സിലുണ്ടായിട്ടും അയാളെത്ര മര്യാദയോടെയും ക്ഷമയോടെയുമാണ് ഓരോ യാത്രക്കാരനോടും ഇടപ്പെട്ടത് ..

റിസർവേഷൻ സീറ്റിന്റെ പേരിൽ ഒന്നു രണ്ടു വഴക്ക് അതിരുവിട്ട് ഉണ്ടായപ്പോൾ പോലും എത്ര ക്ഷമയോടെയാണയാൾ തന്റെ ജോലി ചെയ്തത് ..അതും കഴിഞ്ഞ ഏതാനും മാസങ്ങളായ് ശമ്പളം പോലും ലഭിക്കാഞ്ഞിട്ടു പോലും ജോലിയിലാ ദേഷ്യം ഒരിക്കലും പ്രകടിപ്പിച്ചില്ല അയാൾ…

അയാൾ ചെല്ലുന്നതും നോക്കി വഴിക്കണ്ണുമായ് കാത്തിരിക്കുന്ന ഭാര്യയേയും അച്ഛന്റെ കയ്യിലെ കളിപ്പാട്ടം കാത്തിരിക്കുന്ന അയാളുടെ മക്കളേയും ഓർത്തപ്പോൾ എന്തിനെന്നറിയാതെയവളുടെ ഉള്ളിലൊരു നൊമ്പരമു ടലെടുത്തു..

സമ്പത്തൊരുപാടുണ്ടായിട്ടും ഇഷ്ട്ടങ്ങൾ നഷ്ട്ടമായൊരു കുഞ്ഞു പെൺകുട്ടിയവളുടെ ഉള്ളിൽ തെളിഞ്ഞു വന്നു ..

ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോഴോരുത്തരായ് ബസ്സിൽ നിന്നിറങ്ങി തങ്ങളുടെ ലക്ഷ്യസ്ഥാനം നോക്കി നീങ്ങിയിട്ടും ബസ്സിൽ നിന്നിറങ്ങി ഒരടി മുന്നോട്ടു പോവാൻ കഴിയാതെ ശ്രുതിയുടെ കാലുകൾ നിലത്ത് നിശ്ചലമായ് നിന്നു …

അവളുടെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന കണ്ടക്ട്ടറിലായിരുന്നു.. അയാളെ സഹായിക്കാനാരോ അവളുടെ ഉള്ളിലിരുന്ന് പറയുംമ്പോലെ ..

അവളുടെ കാലുകൾ പരിസരം മറന്നെന്ന പോലെ അയാൾക്കരികിലേക്ക് തിരിഞ്ഞതും അവിശ്വസനീയതോടെ അവൾ കണ്ടു, എത്രയെന്ന് നോക്കുക പോലും ചെയ്യാതെ പേഴ്സിൽ നിന്ന് പണമെടുത്ത് ആ കണ്ടക്ട്ടർക്ക് നേരെ നീട്ടുന്ന വിനീതിനെ …

അവൾ വേഗം അവർക്കരിക്കിലെത്തി..”ചേട്ടാ.. ചേട്ടനീ പണം ധൈര്യമായിട്ടു വാങ്ങിക്കൊ.. ചേട്ടന്റെ ആ വശ്യങ്ങളെല്ലാം നടത്തിക്കോ ..ചേട്ടന്റെ ഫോൺ സംസാരം ഞാനും കേട്ടിരുന്നു, സോറി ..

ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് തന്റെ നേരെ പണം നീട്ടുന്ന വിനീതിനെ ആ മനുഷ്യൻ വീണ്ടും വീണ്ടും നോക്കി…

കാശ് കടം ചോദിച്ചാൽ പോലും തരാതിരിക്കാൻ നൂറു കാരണങ്ങൾ പറയുന്ന മനുഷ്യർക്കിടയിലിതാ ഒരാൾ താൻ ചോദിക്കാതെ തന്നെ തന്റെ നേരെ പണം നീട്ടുന്നു..

“ധൈര്യായിട്ട് വാങ്ങിച്ചോ ചേട്ടാ.. ഒരനിയൻ തരുന്നതാണെന്ന് കരുതിയാ മതി … ചേട്ടന്റെ മക്കൾ പറഞ്ഞതെന്താണെന്ന് വെച്ചാൽ അതും കൂടി വാങ്ങി കൊടുക്കണേ…

പറഞ്ഞു കൊണ്ട് വിനീതാ പണം വീണ്ടും അയാൾക്കു നേരെ നീട്ടിയെങ്കിലും അയാൾ പിന്നെയും മടിച്ചു നിന്നു ..

ഒരു നേർത്ത ചിരിയോടെ അയാളെ ഒന്നു നോക്കിയതിനു ശേഷം വിനീത് പേഴ്സിൽ നിന്നും തന്റെ വിസിറ്റിംഗ് കാർഡെടുത്ത് അയാൾക്കു നേരെ നീട്ടി ..

“ഇതാ ഇതാണെന്റെ അഡ്രസും ഫോൺ നമ്പറും ..
പണം വാങ്ങുന്നതൊരു ഔദാര്യമായിട്ട് ചേട്ടന് തോന്നുന്നുണ്ടെങ്കിൽ ചേട്ടന്റെ കയ്യിൽ ഉണ്ടാവുമ്പോ ദാ ഈ നമ്പറിലോ അഡ്രസ്സിലോ അയച്ചാൽ മതി .. ഉള്ളതിനനുസരിച്ച് …

വിനീതു പറഞ്ഞതും ഉള്ളു നിറഞ്ഞൊരു ചിരിയോടെ അയാളാ പണം അവന്റെ കയ്യിൽ നിന്ന് വാങ്ങി … ഒത്തിരി സ്നേഹത്തോടെ ശ്രുതിയാ കാഴ്ച നോക്കി നിന്നു ..”സന്തോഷമായോ എന്റെ പെണ്ണിന് …?

അവിടുന്ന് തിരികെ നടക്കുന്നതിനിടയിൽ വിനീത് ശ്രുതിയോട് ചോദിച്ചതും അവളൊരു തേങ്ങലോടെ അവനോട് ചേർന്നു നിന്നു..

“എങ്ങനെ മനസ്സിലായ് വിനീതേട്ടന് അയാളെ സഹായിക്കാൻ ഞാനാഗ്രഹിച്ചത് ..?

“എന്റെ നെഞ്ചോരം ചേർന്നിരിക്കുന്നവളുടെ ഹൃദയത്തിന്റെ താളം മനസ്സിലാക്കാനായില്ലെങ്കിൽ ഞാനെങ്ങനെയാ ടീ നിന്നെ മനസ്സിലാക്കുന്ന നിന്റെ കണവനാകുന്നത്

…?ഒരു കുസൃതിയോടെ പറഞ്ഞു കൊണ്ടവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു നിർത്തി മുന്നോട്ടു യാത്ര തുടരവേ സ്വന്തം പെണ്ണിന്റെ മനസ്സറിയുന്ന ഒരുവന്റെ ഭാര്യയായതിലഭിമാനിച്ചവൾ അവനോടു ചേർന്നു നടന്നു …

അപ്പോൾ അവരെ കാത്ത് സ്നേഹത്തിന്റെ നറു തണുപ്പ് വിതറി വയനാടെന്ന കൊച്ചു സ്വർഗ്ഗം കാത്തിരിക്കുന്നുണ്ടായിരുന്നവിടെ…

Leave a Reply

Your email address will not be published. Required fields are marked *