ചമയങ്ങളില്ലാത്ത ജീവിതങ്ങൾ
രചന: Sebin Boss J
ഫ്ളൈറ്റ് ടേക്ക് ഓഫ് അനൗൺസ്മെന്റ് മുഴങ്ങിയപ്പോൾ നീലിമ ഒരുനിമിഷം കണ്ണുകളടച്ചു പ്രാർത്ഥിച്ചു .
”ഈശ്വരന്മാരെ … ബുദ്ധിമുട്ടൊന്നും ഇല്ലാതെ ജോലിസ്ഥലത്തെത്തിക്കണേ. എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറ്റണെ ”’ നീലിമയുടെ മനസ്സിലൂടെ അറിയാവുന്ന ദൈവങ്ങളുടെ രൂപങ്ങളും പേരുകളുമെല്ലാം കടന്നുപോയി .
വീട്ടിൽ നിന്ന് ഇരുപതുകിലോമീറ്റർ അകലെയുള്ള ടൗണിൽ എത്തുന്നത് വരെ കണ്ട എല്ലാ മതാരാധനയാലങ്ങളിലും നേർച്ചപ്പണം ഇട്ടശേഷമാണ് ടൗണിൽ നിന്ന് എയർപോർട്ടിലേക്ക് യാത്ര തിരിച്ചത് . തുടര്‍ന്നും കൂട്ടുകാർക്കൊപ്പം എയർപോർട്ടിൽ എത്തുന്നത് വരെ
അവരിടുന്ന ആരാധനലയങ്ങളിലെല്ലാം നേർച്ചപ്പണം ഇട്ട് പ്രാര്‍ത്ഥിച്ചിരുന്നു . ഇന്നലെ വീടിന് അല്പമകലെയുള്ള അനാഥമന്ദിരത്തിൽ ഒരു ചെറിയ തുക ആഹാരത്തിനായും നൽകിയിരുന്നു .അതിൽ കൂടുതൽ കൊടുക്കാൻ ഇല്ലാത്തതുകൊണ്ടാണ് അതിൽ നിർത്തിയത് .
വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ കാണുന്ന പച്ചപ്പും പിന്നെ കൊതിപ്പിക്കുന്ന കടൽ കാഴ്ചയുമൊന്നും അവളുടെ മനസിനെ ശാന്തമാക്കിയില്ല . ആദ്യ യാത്രയിൽ ഒന്നുരണ്ടുതവണ വിമാന യാത്ര നടത്തിയിട്ടുള്ള കൂട്ടുകാരിയോട് വിൻഡോ സീറ്റ് ചോദിച്ചു വാങ്ങിയവളാണ് ഇപ്പോൾ മടുപ്പിക്കുന്ന മനസും തളർന്ന ശരീരവുമായി വിൻഡോ സീറ്റിലിരിക്കുന്നത്
വിനോദേട്ടൻ എയർപോർട്ടിലേക്ക് വന്നില്ല . വരണ്ടാന്നു പറഞ്ഞു . ഈ വയ്യാത്ത കാലുമായി യാത്രചെയ്യണ്ടല്ലോ . അതുകൊണ്ടു തന്നെ മക്കൾ ശാഠ്യം പിടിച്ചെങ്കിലും അവരെയും കൂട്ടിയില്ല . ടൗണിൽ തന്നെയുള്ള ഒരു കൂട്ടുകാരിയുടെ അടുത്തേക്ക് ബസിൽ തന്നെയാണ് വന്നത് . ലഗേജ് ഒന്നുമില്ലായിരുന്നു .
അവിടെ എത്താൻ കഴിയുമോയെന്ന് തന്നെ സംശയം . അപ്പോഴാണ് ലഗേജ് . നാല് ഫ്രണ്ട്സ് ഈ വിമാനത്തിൽ തന്നെയുണ്ട് . ആരെങ്കിലും നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരുന്ന പഴമയുടെ രുചി ആസ്വദിക്കാൻ കൂട്ടുകാരുടെ കാത്തിരിപ്പ് ഉള്ളതാണ് . ഇത്തവണയും ചിലർ ഓരോന്ന് വാങ്ങാന്‍
പറഞ്ഞെല്‍പ്പിച്ചിരുന്നു . .അതെല്ലാം വാങ്ങിച്ചു പാക്ക് ചെയ്തതുമാണ് . അപ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് . ഫ്ലൈറ്റ് ക്യാൻസലായി. ഇനിയെന്തെന്നുള്ള ചിന്തയിൽ ഇരിക്കുമ്പോഴാണ് ഈ യാത്ര ഒത്തുവന്നത്. പാക്ക് ചെയ്ത ലഗ്ഗേജും മറ്റുമുപേക്ഷിച്ച് അത്യാവശ്യം തുണിയടങ്ങുന്ന ഹാന്‍ഡ് ബാഗുമെടുത്ത് പോരുകയായിരുന്നു .
യുദ്ധം ആയതിനാൽ ഫ്ലൈറ്റ് ക്യാൻസൽ ആക്കിയെന്നറിഞ്ഞപ്പോള് എല്ലാവരെക്കാളും പേടിച്ചത് നീലിമ തന്നെയാണ് .ഇതല്ലെങ്കിൽ മറ്റൊരു വഴി ഇല്ലായിരുന്നല്ലോ!!
അച്ഛന് ചെറുപ്പത്തിലെ മരിച്ചതിനാൽ വലിയ സാമ്പത്തികഭദ്രതയോന്നും ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ ഡിഗ്രി പൂർത്തിയാക്കാനായില്ല .ഒരു വരുമാനം അത്യാവശ്യമായതിനാൽ ടെക്സ്റ്റയിൽസിലും മറ്റും ജോലിനോക്കി .
ടാക്സി ഡ്രൈവർ ആയിരുന്ന വിനോദിന്റെ ആലോചന വന്നപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല .അവിടെയും അമ്മ മാത്രം ഉണ്ടായിരുന്നുള്ളൂ. വലിയ നീക്കിയിരിപ്പ് ഒന്നുമില്ലങ്കിലും ജീവിതം സന്തുഷ്ടമായിരുന്നു ആ കാർ ആക്സിഡന്റ് ഉണ്ടാകുന്നത് വരെ .
ആക്സിഡന്റിൽ വിനോദിന്റെ ഒരു കാൽ നഷ്ടപ്പെട്ടു . ഇൻഷുറൻസ് തലേന്ന് തീർന്നതിനാൽ ആ വഴിയും ഒന്നും കിട്ടിയില്ല . ഉണ്ടായിരുന്ന അഞ്ചു സെന്റ് സ്ഥലവും വീടും ഈടുവെച്ച് ലോണെടുത്താണ് നഷ്ടപരിഹാരം കൊടുത്തത് . വീണ്ടും ടെക്സ്റ്റയിൽസിൽ
പോയിത്തുടങ്ങി .കുഞ്ഞുങ്ങളെ നോക്കാൻ അമ്മയുണ്ടായിരുന്നു . ടെക്സ്റ്റയിൽസിലെ വരുമാനം കൊണ്ട് മാത്രം മരുന്നും വീട്ടുചിലവുമെല്ലാം നടക്കേണ്ടുന്ന സാഹചര്യമായപ്പോൾ ബാങ്ക് അടവ് മുടങ്ങി ജപ്തിയിലെത്തി .
കൂടെപഠിച്ചിരുന്ന ഒരു കൂട്ടുകാരിയെ അപ്പോഴാണ് കാണുന്നത് . അവൾ ഇസ്രായേലിൽ കെയർ ഗിവർ ആണെന്ന് അറിഞ്ഞു . . അവളാണ് നേഴ്സിംഗ് ഒന്നും വേണ്ട നിനക്കൊന്നു ശ്രമിച്ചുകൂടേ എന്ന് തന്റെ അവസ്ഥകൾ പറഞ്ഞപ്പോൾ
ചോദിച്ചത് . ആയിരം വട്ടം സമ്മതമായിരുന്നു . പക്ഷെ പോകാനുള്ള ചിലവറിഞ്ഞപ്പോഴാണ് തകര്‍ന്നു പോയത് . പത്തുലക്ഷം രൂപയോളം ആകും .
ബാങ്കിൽ ഈട് വെച്ചിരുന്ന വീട് അവളുടെ തന്നെ സഹായത്തോടെ വിറ്റു അല്പം പൈസയുണ്ടാക്കി . പിന്നെ കുറച്ചു പലിശക്കും എടുത്തു, പോരാത്തത് അവളും തന്നു. ബോംബെയിൽ കോഴ്സ് അല്പം പാടായിരുന്നുവെങ്കിലും നിലനിൽപ്പ് വേണമെന്നതിനാൽ ഒട്ടും മടുപ്പ് തോന്നിയില്ല .
ഒടുവിൽ ഇസ്രായേലിലേക്ക് .ഒരു അമ്മച്ചിയും അപ്പച്ചനും മാത്രമുള്ള വീട്ടിലാണ് ആദ്യം കിട്ടിയത് . രണ്ടാൾക്കും കണ്ണ് കാണില്ല .എന്നാല്‍ അതിശയിപ്പിക്കുന്ന ജീവിതമായിരുന്നു അവരുടേത് . കണ്ണ് കാണുന്ന നമ്മളെക്കാൾ നന്നായി സ്വന്തം കാര്യങ്ങൾ നോക്കുന്നു . ഫര്‍ണീച്ചര്‍ ഒക്കെ
യഥാസ്ഥാനത്ത് ആണെങ്കില്‍ ഒന്നിലും തട്ടാതെയും മുട്ടാതെയും അവര്‍ തങ്ങളുടെ കാര്യങ്ങള്‍ നോക്കും .അടുത്തുള്ള സൂപ്പർ മാർക്കറ്റിലും പോകും . ഒരു കുഴപ്പമുള്ളത് നമ്മുടെ ഫുഡ് വെക്കാൻ സമ്മതിക്കില്ല എന്നതായിരുന്നു . അടുത്തുള്ള ഒരു കൂട്ടുകാരി ആഹാരം വെക്കുന്നത് കൊണ്ട് തരും, പിന്നെ രുചിയോ മണമോഒന്നും
നോക്കാതെ കിട്ടുന്നതെന്തും കഴിക്കും . അമ്മച്ചിക്ക് ഇടക്ക് സോഡിയം കുറയും .അതോടെ ജോലിഭാരം കൂടും . അപ്പച്ചന് പിന്നെ മരുന്നുകളും മറ്റും സമയാസമയം കൊടുത്താൽ മതി . വെള്ളിയാഴ്ച പണി കൂടുതലാണ് . ശാബത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ . വീടൊക്കെ ക്ലീനാക്കിതുടച്ചു
വൃത്തിയാക്കി ഇടണം . അതിനിടക്ക് അമ്മച്ചിയുടെ കാര്യങ്ങളും നോക്കണം . സ്വന്തം മാതാപിതാക്കള്‍ എന്നപോലെ കണ്ടാല്‍ ജോലിയാണെന്ന് തോന്നില്ലന്നു കൂട്ടുകാരി പറഞ്ഞിരുന്നു .
ആദ്യ രണ്ടുവർഷം അങ്ങനെ പോയി . അപ്പോഴേക്കും ബാധ്യതകൾ ഒക്കെ തീര്‍ക്കാൻ പറ്റി .എന്നാലും ആകുന്നില്ലല്ലോ . ഒരു ചെറിയ വീട് , പിള്ളേരുടെ പഠിപ്പ് . വിനോദേട്ടനിനി ഡ്രൈവിംഗ് പറ്റില്ല .
രണ്ടര വര്‍ഷത്തിന് ശേഷമാണ് ആദ്യ ലീവിന് പോകുന്നത് . അല്പം വില കൂടിയാലും പഴയ വീടിന് അടുത്തുള്ള ചെറിയ സിറ്റിയുടെ ഓരത്ത് തന്നെ ഏഴ് സെന്റ് സ്ഥലം വാങ്ങി .വലിയ വീടോന്നും വേണ്ട . പക്ഷെ അതിന്റെ കൂടെ ചെറിയൊരു ഷട്ടര്‍ കടമുറി കൂടി വേണമെന്ന് പറഞ്ഞു . സ്റേഷനറി ,
പാക്കിംഗ് പലചരക്ക് പോലെ എന്തേലും ഒക്കെ ചെറിയ രീതിയിയിലുള്ള ഒരു കടയിട്ടുകൊടുത്താല് വിനോദേട്ടന് ഒരുവരുമാനവും നേരമ്പോക്കും ആകും .വീടിനുള്ളിൽ അടച്ചിരിക്കുന്നത് കൊണ്ട് ഇപ്പോള്‍ തന്നെ ദേഷ്യവും അപകര്‍ഷതാ ബോധവുമെല്ലാം ഉണ്ട് . എത്രയായാലും
ഭാര്യയുടെ അടുത്ത് കൈനീട്ടെണ്ടി വരുമെന്ന ചിന്തയിലാകാം . കിട്ടുന്നതെല്ലാം ജോയന്റ് അകൌണ്ടിലേക്ക് തന്നെയാണ് അയക്കുന്നതെങ്കിലും സ്വന്തം ഒരു വരുമാനം ഉണ്ടെങ്കില്‍ അത് ആത്മാഭിമാനം വളര്‍ത്തും .
ലീവ് പെട്ടന്ന് തീർന്നപോലെ തോന്നി , പിന്നെയും ഇസ്രായേലിലേക്ക് . നാടും മക്കളെയും വിട്ടു പോരുന്നതില്‍ വിഷമം ഉണ്ടായിരുന്നുവെങ്കിലും പോരാതെ പറ്റില്ലല്ലോ. അമ്മച്ചിയേയും അപ്പച്ചനെയും നോക്കാൻ ഒരു ഫിലിപ്പീനിയെ ഏർപ്പാടാക്കിയിട്ടാണ് ലീവിന് പോയത് .
തിരിച്ചു ചെന്നപ്പോൾ ഫിലിപ്പീനി അവിടുന്ന് മാറുന്നില്ല . ആകെ സങ്കടമായപ്പോള്‍ കൂട്ടുകാരാണ് ഇവിടെയിത് സാധാരണം ആണെന്ന് പറഞ്ഞത് .
പിന്നെ മറ്റൊരു ജോബ് കിട്ടാനുള്ള ഓട്ടത്തിലായി . ഇവിടെ കുറച്ചു ഫ്രണ്ട്സ് ഉണ്ടായിരുന്നു . അപ്പച്ചനേം അമ്മച്ചിയും കൊണ്ട് വൈകുന്നേരം പാര്‍ക്കില്‍ പോകുമ്പോള്‍ അവരെ എല്ലാവരെയും കാണാം . അടച്ചു കെട്ടിയ നാല് ചുവരുകൾക്കുള്ളിലെ ജീവിതത്തില്‍ കിട്ടുന്ന ഏക പച്ചപ്പ് ആയിരുന്നു അത് .
ലീവിന് പോകുമ്പോൾ കിട്ടുന്ന പകരം ജോലി ഒന്നുരണ്ടെണ്ണം കിട്ടിയെങ്കിലും ഫിലിപ്പീനി ചെയ്തപോലെ ചെയ്യാന്‍ തോന്നിയില്ല .ലീവ് കഴിഞ്ഞവര്‍ വന്നപ്പോള്‍ മാറിക്കൊടുത്തു . പിന്നെ സ്ഥിരമായി ഒരു ജോബ് കിട്ടിയത് പഴയ സ്ഥലത്തിന്
അല്പം അകലെ ആണ് . അതാണെങ്കിൽ പ്രശ്ന ബാധിത പ്രദേശത്തിന് അടുത്തും . എന്തെങ്കിലും വേക്കൻസി അറിയുന്നുണ്ടെങ്കിൽ പറയണം എന്ന് കൂട്ടുകാരെ ചട്ടം കെട്ടിയിട്ടാണ് അങ്ങോട്ടേക്ക് പോയത് . മിക്കപ്പോഴും പേടിപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടിത്തെറികളും മിസൈൽ വർഷവും
ഒക്കെ ഉണ്ടാകുന്നത് കാണാം . റെയിൽവേ ട്രാക്കിന് അടുത്തുള്ള വീട്ടിലെ അംഗം ട്രെയിന്റെ കൂക്കുവിളി ഇല്ലങ്കില്‍ ഉറക്കം വരാത്ത പോലെ പിന്നീടത് ശീലമായി .
ഒരു മലയാളി കെയർ ഗിവർ മിസൈൽ അക്രമത്തിൽ കൊല്ലപ്പെട്ട വാർത്ത കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു . എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയാലോ എന്ന് ചിന്തിച്ചു . ഒരു വീടെന്ന സ്വപ്നം , മക്കളുടെ പഠിപ്പ് . നാട്ടിലേക്ക് തിരികെ
ചെല്ലുമ്പോൾ ഒരു വരുമാനം ഉണ്ടാകണം . എല്ലാം കൂടെ ആലോചിച്ചപ്പോൾ വിനോദേട്ടൻ തിരിച്ചു ചെല്ലാൻ നിർബന്ധിച്ചെങ്കിലും ഇവിടെ തുടരാൻ തീരുമാനിച്ചു .
അതിനിടെ ലോൺ ശെരിയായി വീടുപണി തുടങ്ങി . അമ്മയുടെ അസുഖം കൂടുന്നത് അപ്പോഴാണ് . പണ്ടേ ആസ്ത്മയുണ്ടായതിനാൽ ആരോഗ്യ ഇൻഷുറൻസ് കിട്ടില്ലെന്ന് പറഞ്ഞതിനാൽ അതുമെടുത്തില്ലായിരുന്നു . ശ്വാസം മുട്ടൽ കൂടുതലായപ്പോഴാണ് അഡ്മിറ്റ് ആയത് . പരിശോധനയിൽ ക്യാൻസറിന്റെ ആരംഭം
അറിഞ്ഞപ്പോൾ ആകെ തകർന്നു . ചികിൽസിക്കാതിരിക്കാൻ ആവില്ലല്ലോ . പണമേറെ ചിലവായെങ്കിലും അമ്മ തിരികെ ജീവിതത്തിലേക്ക് മടങ്ങി . ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ ആണെങ്കിലും ഒരു ആൾ ഉണ്ടെങ്കിൽ അതൊരു ആശ്വാസമാണ് .
ഒരു വർഷത്തിന് ശേഷം നിർത്തിവെച്ച വീടുപണി വീണ്ടും തുടങ്ങി .
വാർത്തു രണ്ടു മുറിയും അടുക്കളയും ബാത്റൂമും മാത്രം തേച്ചു വാടകവീട്ടിൽ നിന്ന് അങ്ങോട്ട് മാറി . ബാക്കിയുള്ള പണികൾ കിടക്കുന്നതേയുള്ളൂ .
വീണ്ടും അശനിപാതം പോലെ അമ്മക്ക് അസുഖം മൂർച്ഛിച്ചു . ചികിത്സക്കൊന്നും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല ‘അമ്മ ഈശ്വര സന്നിധിയിലേക്ക് മടങ്ങി . പോയില്ല , പോകാൻ പറ്റിയില്ല എന്നതാണ് സത്യം .
മാസം ലക്ഷം രൂപ ശമ്പളം കിട്ടുന്നുണ്ടല്ലോ വേണമെങ്കിൽ പോകാമല്ലോ എന്ന് ബന്ധുക്കൾ പറഞ്ഞിട്ടുണ്ടാകും. കിട്ടുന്നതെല്ലാം വീടിനും അമ്മയുടെ ചികിത്സക്കും വേണ്ടി ചെലവഴിച്ചിരുന്നു . കൂടാതെ ഒന്ന് രണ്ടു കൂട്ടുകാരോടും വാങ്ങിയിരുന്നു . ആരോടേലും വാങ്ങിച്ചു
പോയാലോ എന്നോർത്തതാണ് . വിമാന ടിക്കറ്റും അവിടെച്ചെന്നുള്ള ചിലവുകളും ഒക്കെ ഓർത്തു നോക്കുമ്പോൾ രണ്ടു മാസത്തെ ശമ്പളം പോകും . പ്രവാസിയെന്ന ലേബലിൽ കഴിഞ്ഞ ലീവിന് ചെന്നപ്പോൾ പിരിവിനത്തിൽ
തന്നെ പത്തമ്പത്തിനായിരം പോയിരുന്നു . പ്രവാസിയെന്നാൽ വെറുതെ പണം ഉണ്ടാകുന്ന മരം ആണല്ലോ നാട്ടിൽ രാഷ്ട്രീയ , മത നേതാക്കൾക്ക് ഇപ്പോഴും .
മാനസിക നില തകരാറിലായ ഒരു അമ്മച്ചി മാത്രമായിരുന്നു പുതുതായി ജോലി കിട്ടിയ വീട്ടിൽ . ചിലപ്പോഴൊക്കെ അവർക്ക് അസുഖം മൂർച്ഛിക്കും . അല്ലാത്തപ്പോൾ വളരെ സ്നേഹമാണ് . വീട്ടിൽ നമുക്ക്
ഫുഡും ഉണ്ടാക്കാം . പക്ഷെ അസുഖം മൂർച്ഛിച്ചാൽ അവർ കിടന്നിടത്തുകിടന്ന് മലമൂത്ര വിസർജ്ജനം ചെയ്യും .ബഹളമുണ്ടാക്കും രണ്ടുമക്കൾ ഉണ്ട് അമ്മച്ചിക്ക് . ഇളയ മകൻ കുടുംബം ആയി ടെൽ അവീവിലാണ് താമസം .ആഴ്ചയ്യിലൊന്നു വന്നു പോകും .
മൂത്ത മകൾ വിദേശത്ത് ആണ് .എന്നും വീഡിയോകോൾ വിളിക്കും . അമ്മച്ചിയുടെ അപ്പച്ചൻ പണ്ട് യുദ്ധത്തിൽ മരിച്ചതാണ് ,അതോടെയാണ് അമ്മച്ചിയുടെ മാനസിക നില താളം തെറ്റിയത് . അങ്ങനെ ഉള്ളവരാണ് ഇവിടെ ഉള്ള ഭൂരിഭാഗം
വയോജനങ്ങളും . പഴയ തലമുറകൾ സ്വത്തും ഭൂമിയുമുപേക്ഷിച്ചു ജീവനും കൊണ്ട് ഓടിയ ഓട്ടങ്ങള്‍ കണ്ടും അനുഭവിച്ചും മടുത്തവര്‍ , ഇപ്പോഴുമതിന് മാറ്റമൊന്നുമില്ല . .
വിവാഹത്തോടെ മക്കൾ മാറി താമസിക്കുന്ന സംസ്കാരമാണല്ലോ പാശ്ചാത്യ നാടുകളിൽ . മാതാപിതാക്കളെ നോക്കാത്തവരെ വെറുപ്പോടെ കാണുന്ന നമ്മുടെ നാട്ടിൽ ഇവരെ പുച്ഛിക്കുമായിരിക്കാം ഒരുപക്ഷെ , ഒന്ന് ചീയുമ്പോഴാണല്ലോ മറ്റൊന്നിന് വളം ആകുന്നത് .അതുകൊണ്ടു നമ്മളെപ്പോലെ ആയിരങ്ങൾക്ക് ജോലിയായി .
” ലേഡീസ് ആൻഡ് ജെന്റിൽമാൻ , ഓൺ ബിഹാൽഫ് ഓഫ് ദി ക്രൂ ഐ ആസ്ക് ദാറ്റ് യൂ പ്ലീസ് ഡയറക്ട് യുവർ അറ്റെൻഷൻ ടൂ ദി മോണിറ്റേഴ്സ് എബോവ് ആസ് വീ റിവ്യൂ ദി എമർജൻസി പ്രൊസീജിയർസ് ”’
എയര്‍ഹോസ്റ്റസിന്റെ അനൗൺസ്മെന്റ് കേട്ടതും നീലിമ ചിന്തയിൽ നിന്നുണർന്നു .ഈശ്വരാ .. കാത്തോളണേ . സേഫായി ലാൻഡ് ചെയ്യിക്കണേ !കൈകൾ കൂപ്പി മൗനമായി സകല ദൈവങ്ങളെയും വിളിച്ചവൾ പ്രാർത്ഥിച്ചു .
എയർ ഇന്ത്യ വിമാനങ്ങളെല്ലാം യുദ്ധം തുടങ്ങിയപ്പോൾ റദ്ദാക്കിയിരുന്നു .
തിരിച്ചു പോകാൻ പറ്റില്ലല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരിലൊരാൾ വിളിച്ചത് ദുബായിൽ നിന്നും രണ്ട് ഫളൈറ്റുകൾ ഉണ്ടെന്നും പോരുന്നോയെന്നും . ടിക്കറ്റിനുള്ള പണം
പോലുമില്ലായിരുന്നു . ക്യാൻസൽ ആക്കിയ ഫ്ളൈറ്റ് ടിക്കറ്റ് ചാർജ്ജ് മടക്കിക്കിട്ടാൻ താമസം എടുക്കുമല്ലോ . ബാധ്യതകൾ തീരാത്ത ഏതൊരു പ്രവാസിയെയും പോലെ മടക്കയാത്രക്കുള്ള ടിക്കറ്റ് ചാർജ്ജും അത്യാവശ്യ പൈസയും മാത്രമായിരുന്നു ലീവ് തീരുമ്പോഴേക്കും കയ്യിലുണ്ടായിരുന്നത് .
അടുത്ത അനൗൺസ്മെന്റ് കേട്ടതും നീലിമ മിടിക്കുന്ന ഹൃദയത്തോടെ പുറത്തേക്ക് നോക്കി . പൊടിപടലങ്ങൾ ഉയരുന്ന ഭൂമി .ആകാശത്തെ തൊട്ടെന്ന പോലെ കണ്ടിരുന്ന ബഹുനില കെട്ടിടങ്ങൾ പുകകൊണ്ട് മറഞ്ഞിരിക്കുന്നു . ഫ്ളൈറ്റ് ലാൻഡ്
ചെയ്യുകയാണെന്നുള്ള അറിയിപ്പ് വന്നപ്പോൾ നീലിമക്കൊട്ടൊരു സമാധാനമായി . എന്നാലും പൂർണമായി ആശ്വസിക്കാൻ പറ്റില്ല . കഴിഞ്ഞ ദിവസം ഇതേ ഫ്ളൈറ്റിലെ യാത്രക്കാർക്ക് ഇറങ്ങാൻ പറ്റാതെ മടങ്ങേണ്ടി വന്നിരുന്നു എന്നാരോ പറഞ്ഞു കേട്ടിരുന്നു .
” ഒരു കാരണവശാലും പുറത്തിറങ്ങരുത് . ഫോൺ സൈലന്റിൽ വെച്ച് ഇടയ്ക്കിടെ നോക്കിയാൽ മതി . ബാക്കി അവിടെ ചെന്ന് സാഹചര്യങ്ങൾ നോക്കിയെങ്ങനെ വേണമെന്ന് തീരുമാനിക്കാം . അവിടെച്ചെന്നാൽ വീട്ടിലേക്ക് മാത്രം വിളിച്ചുപറയുക . സിഗ്നൽ ഉണ്ടോയെന്നോ
ട്രാക്കിങ്ങുണ്ടോയെന്നോ ഒന്നും പറയാൻ പറ്റില്ല . ” വണ്ടിയിലേക്ക് കയറും മുൻപേ വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നൊരു കൂട്ടുകാരി പറഞ്ഞു . ബാധ്യതകൾ തീർത്തുതീർത്ത് സ്വന്തം ജീവിതം കരുപ്പിടിക്കാനിതേ വരെ
കഴിയാത്തൊരു വ്യക്തി . അവൾക്കിതെല്ലാം ഒരു സിസ്സംഗതയാണ് , എത്രയോ കണ്ടിരിക്കുന്നു . അവളുടെ ധൈര്യത്തിലാണ് പോന്നതും . .
വണ്ടി വന്നിരുന്നു , മിലിട്ടറി അകമ്പടിയോടെ അവരുടെ വാഹനം ജോലി സ്ഥലത്തേക്കെത്തി .
വീടിന്റെ വാതിൽ തുറന്നകത്തേക്ക് കയറിയപ്പോൾ നീലിമ മുന്നിൽ കണ്ട ഈശ്വരരൂപത്തെ നോക്കി കൈകൂപ്പി തൊഴുതു . ഏത് മതമാണെങ്കിലും ഈശ്വരൻ മനുഷ്യരക്ഷക്ക് വേണ്ടിയാണല്ലോ .
”” ഹേയ് ..”’ അമ്മച്ചിയുടെ ഇളയമകൻ വന്ന് ആശ്ലേഷിച്ചപ്പോൾ നീലിമക്കും വിതുമ്പൽ അടക്കാനായില്ല .
നിങ്ങൾ വരുമോയെന്നറിയില്ല കാത്തിരിക്കുവായിരുന്നു , ജോലി സ്ഥലത്തേക്ക് മടങ്ങാനുള്ള അറിയിപ്പ് വന്നിട്ട് ദിവസങ്ങൾ ആയെന്നൊക്കെ പറഞ്ഞു അപ്പോൾ തന്നെ അവൻ അവിടെ നിന്നുമിറങ്ങി . അമ്മച്ചിയുടെ
കാര്യങ്ങൾ ഒന്നും പറഞ്ഞേൽപ്പിക്കാതെ ഇവിടെ ഈ നിലയിൽ വിട്ടിട്ട് അവൻ ഓടിയിറങ്ങിയപ്പോൾ നീലിമ ഒരുതരം പുച്ഛം നിറഞ്ഞ നിസ്സംഗതയോടെയാണ് നോക്കിനിന്നത് .
അത്യാവശ്യം ആഹാരസാധനങ്ങൾ ഒക്കെയുണ്ടായിരുന്നു . പുകപടലങ്ങൾ നിറഞ്ഞ തെരുവിൽ നിന്നും രക്ഷപെടാനായി ജനാലകൾ അടച്ചിട്ടിരുന്നു . ഒന്നര മാസം കൊണ്ട്
അമ്മച്ചി പാതിയായി . അവളെ കണ്ടപ്പോൾ വിഷമിച്ചൊന്ന് പുഞ്ചിരിച്ചു . യുദ്ധവും സമാധാനവും എത്ര തവണ കണ്ട ജീവിതമാണ് . ഭാഗ്യത്തിന് അമ്മച്ചിയിപ്പോൾ നോർമൽ ആണ് .” നീളിമാ ” ചുക്കിച്ചുളിഞ്ഞ കൈകൾ അവളുടെ കൈകളിൽ പിടിച്ചു .
അമ്മച്ചി പറഞ്ഞറിഞ്ഞപ്പോഴാണ് യുദ്ധം തുടങ്ങിയപ്പോൾ പകരം ഉണ്ടായിരുന്ന ഫിലിപ്പീനി ഇട്ടിട്ടുപോയതും അന്നുമുതൽ മകൻ നോക്കാനായി വന്നതും ഇപ്പോഴവൻ സൈനിക സേവനത്തിനായാണ് പോയതെന്നുമെല്ലാം അറിയുന്നത്
മകന്റെ ഭാര്യയും ആരോഗ്യവിഭാഗത്തിലെന്തോ ജോലിയായതിനാൽ അവർക്കും ലീവുണ്ടാകില്ല .
അമ്മച്ചിയെ തുടച്ചു മരുന്നും കൊടുത്തു കിടത്തിയിട്ടാണ് ആഹാരമുണ്ടാക്കാൻ വേണ്ടി നീലിമ കിച്ചണിലേക്ക് എത്തിയത് . നാലാം നിലയിൽ ആയതിനാൽ അടുക്കള ജനാലയിലൂടെ അകലെ പുകപടലങ്ങൾ കാണാം . അവിടെന്താകും ഇപ്പോൾ
സ്ഥിതി . യുദ്ധം ആരുതമ്മിലായാലും എന്തിനു വേണ്ടിയായാലും പൊലിയുന്നത് മനുഷ്യജീവനുകൾ അല്ലെ . യുദ്ധമുഖത്തുനിന്നും സർവ്വവുമുപേക്ഷിച്ചു ആളുകൾ പരക്കംപായുമ്പോൾ താൻ യുദ്ധമുഖത്തേക്ക് ജീവിക്കാനുള്ളത് കണ്ടെത്താൻ വന്നിരിക്കുന്നു . .
അടുത്ത ആളുകളോടെ പോരുന്ന കാര്യം പറഞ്ഞിരുന്നുള്ളൂ . അതോടെ നിർത്തി .
എന്തിനാണ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ പോകുന്നത് . നിനക്ക് വലുത് പണമാണോ മക്കളും കെട്യോനും വേണ്ടേ ? അവിടെപ്പോയി ഒന്നും അറിയണ്ടല്ലോ .. വയ്യാത്ത അവനിവിടെ രണ്ടു
കുഞ്ഞുങ്ങളേം വെച്ച് കഷ്ടപ്പെടുവാ എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾ !! ഒരുകണക്കിന് ചിന്തിച്ചാൽ കുറ്റപ്പെടുത്തൽ അല്ല ..നമ്മോടുള്ള കരുതൽ ആണ് എന്നറിയാം .
പക്ഷെ ലോൺ തവണകൾ മുടക്കിയാൽ ബാങ്ക് അധികാരികൾ വെറുതെയിരിക്കുമോ ? യുദ്ധം കാരണം ജോലി പോയി തവണ മുടങ്ങിയെന്ന കാരുണ്യം ഒന്നോ രണ്ടോ മാസം കാണും , വീണ്ടും ജപ്തിയിലേക്ക് . മൂത്തവൾ പത്തിലാണ് . അടുക്കള ജോലിയൊക്കെ അവൾ നോക്കിക്കൊള്ളും . ഇനി പ്ലസ്ടൂവും കഴിഞ്ഞാൽ അവളുടെ പഠിത്തം .
നേഴ്സിംഗിന് തന്നെ വിടാമെന്ന് കരുതിയാണിരിക്കുന്നത് . ഒരു ജോലിയുറപ്പ് ഉള്ളത് ഉള്ളതെന്ന് പറയാവുന്നത് ഇപ്പോൾ നേഴ്സിംഗ് ആണല്ലോ ! .അതിന് തന്നെ എട്ടുപത്തുലക്ഷം ആകും .
ഐറ്റിയോ എന്ജിനീയറിംഗോ പോലെ മറ്റേത് കോഴ്സ് ആണെങ്കിലും കുറഞ്ഞത് അഞ്ചെട്ടു ലക്ഷം കൊടുക്കണം . വല്ല ഡിഗ്രിയും ആണേൽ തന്നെപ്പോലെ ഏതേലും കടയിലോ സൂപ്പർമാർക്കറ്റിലോ സെയിൽസിലോ മറ്റോ ജോലികിട്ടിയാല്‍ ആയി . സര്‍ക്കാര്‍ ജോലിയൊന്നും ഇക്കാലത്ത് സ്വപ്നം കാണുകയെ വേണ്ട .അതൊക്കെ രാഷ്ട്രീക്കാരുടെ സിൽബന്ധികൾ കൊണ്ടുപോകും .
ബീപ് ….ബീപ് …ബീപ് .വാണിംഗ് അലാറം അത്യുച്ചത്തിൽ മുഴങ്ങിയതും നീലിമ നിലത്തു താഴ്ന്നിരുന്നു .തൊട്ടടുത്തെങ്ങോ ബോംബിങ്ങിന്റെ ശബ്ദം . മൊബൈലിലും അപായസന്ദേശം മുഴങ്ങുന്നുണ്ട് .
”അമ്മച്ചീ … ” പെട്ടന്നാണ് നീലിമക്ക് അമ്മച്ചിയുടെ ഓർമ വന്നത് .അവള് അമ്മച്ചി കിടക്കുന്ന മുറിയിലേക്ക് ഓടി , അതേ വേഗത്തിൽ തന്നെ തിരിച്ചു കിച്ചണില്‍ എത്തി ഫ്രിഡ്ജില്‍ നിന്നും വെള്ളവും ജ്യൂസും ബിസ്ക്കറ്റും നട്സും ചോക്കലേറ്റ് ബാറുമൊക്കെ അടങ്ങുന്ന പാക്കറ്റെടുത്തു.
സൈറൺ കേട്ടാല്‍ രണ്ടു മൂന്നു ദിവസത്തേക്കുള്ള വെള്ളവും അഹാരവുമെടുത്തു മുപ്പതുസെക്കണ്ടുകൾക്ക് ഉള്ളില്‍ ബങ്കറില്‍ എത്തണമെന്നാണ് ശാസനം . പണ്ട് ജോലി ചെയ്തിരുന്ന സ്ഥലത്ത് ഒരു മിനിറ്റായിരുന്നു . ഇവിടെ യുദ്ധമുഖത്ത് നിന്ന് അടുത്തായതുകൊണ്ടാണ് സമയം കുറവ് .
” നീ പൊക്കോ … രക്ഷപെട് ..എനിക്കിനി ആയുസ്സില്ല ” അമ്മച്ചി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നെങ്കിലും വീല്‍ ചെയറില്‍ താങ്ങിയിരുത്തി ഫുഡ് പാക്കറ്റും മടിയില്‍ വച്ചവരെയും ഷെല്ട്ടറിനടുത്തെക്ക് തള്ളിക്കൊണ്ടോടി .
ഇതൊരു പഴയ അപ്പാർട്ട്മെന്റാണ് , ഒരു കോമ്മൺ ബങ്കറെ ഉള്ളൂ . പുതിയ കെട്ടിടങ്ങളൊക്കെ ബങ്കറോടുകൂടിയാണ് നിർമിക്കുന്നത് . അപായ സൈറൺ എപ്പോൾ മുഴങ്ങിയാലും തൊട്ടടുത്തുള്ള ബങ്കറിൽ എത്രയും പെട്ടന്ന് എത്തണം . അരകിലോമീറ്ററിനുള്ളിൽ ഒരു ബങ്കർ എങ്കിലും കാണും എല്ലായിടത്തും .
ബങ്കറിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത് .ഇനി അടുത്ത മുന്നറിയിപ്പ് വരെയിതിനുള്ളിൽ .
വിശന്ന് കുടൽ കരിയുന്നുണ്ട് . ഫ്ളൈറ്റിൽ നിന്ന് എന്തെങ്കിലും കഴിച്ചുവെന്ന് വരുത്തിയതേയുണ്ടായിരുന്നുള്ളൂ . ഇനിയെന്തെന്നുള്ള ആധി വിശപ്പ് കെടുത്തിയിരുന്നു .
ഫുഡ് പാക്കറ്റിൽ നിന്ന് രണ്ടുമൂന്ന് ബിസ്ക്കറ്റും ജ്യൂസുമെടുത്തു അമ്മച്ചിക്ക് കൊടുത്തിട്ട് രണ്ടു ബിസ്ക്കറ്റും ഒരു ചോക്കലേറ്റ് ബാറും എടുത്തു കഴിച്ചോണ്ട് മൊബൈൽ എടുത്തു . വാണിംഗ് അപ്ഡേഷൻ ഒക്കെ മൊബൈലിൽ വരാറുണ്ട് . അതെല്ലാം നോക്കിയ ശേഷം
നീലിമ സോഷ്യൽ മീഡിയ എടുത്തു . ഇവിടെ വന്നപ്പോഴാണ് സോഷ്യൽ മീഡിയയിൽ അല്പമെങ്കിലും സജീവമായത് . നേരമ്പോക്കാൻ വേറെ വഴിയില്ലല്ലോ .ഫേസ് ബുക്ക് തുറന്ന നീലിമ നോട്ടിഫിക്കേഷനുകൾ കണ്ട് ഞെട്ടി
വീട്ടിലേക്ക് മാത്രമേ ഇവിടെ എത്തിയപ്പോൾ വിളിച്ചു പറഞ്ഞിരുന്നുള്ളൂ . . ഇവിടുള്ള പല കൂട്ടുകാരും നാട്ടിലെ ചിലരുമൊക്കെ മെസേജ് ചെയ്യുകയും വിളിക്കുകയും ചെയ്തതിനാൽ ഫേസ് ബുക്കിൽ ”സേഫ് ലാൻഡിംഗ് ഇൻ ഇസ്രായേൽ” എന്നൊരു പോസ്റ്റ് ഇട്ടിരുന്നു
. സുഹൃത്തുക്കളും ബന്ധുക്കളും ആശ്വസിക്കട്ടെയെന്ന് കരുതി .എല്ലാവരെയും ഈ സമയത്ത് വിളിച്ചുപറയാനുള്ള നേരമില്ലല്ലോ . അതിനാണ് ഇത്രയും കമന്റുകളും മറ്റും നിറഞ്ഞിരിക്കുന്നത് .
മതവും രാഷ്ട്രീയവും മുൻ നിർത്തി ചേരി തിരിഞ്ഞിട്ടിരിക്കുന്ന കമന്റുകളും ചീത്തവിളികളും .അക്കൂട്ടത്തിൽ രാഷ്ട്രീയവും മതവും മുൻനിർത്തി തന്റെ ബന്ധുക്കളും നാട്ടുകാരും ഉറ്റ സുഹൃത്തുക്കളും ചേരി തിരിഞ്ഞ്
കമന്റുകളും വാക്പോരുകളുമായി ഉണ്ടല്ലോ എന്ന് കണ്ടപ്പോഴാണ് നീലിമക്ക് ഇത്രനേരവും ഉണ്ടാകാതിരുന്ന തളർച്ച ഉണ്ടായത് .
ഇരുകൂട്ടർക്കും പറയാനുള്ളത് ചരിത്രങ്ങളുടെ കഥകളാണ് .
ചരിത്രങ്ങൾ അവിടെ നിൽക്കട്ടെ ,
ഇന്ന് , ഈ . വർത്തനമാന കാലത്തിൽ താൻ ഇവിടെ സേഫ് ആയി ഇരിക്കുന്നുണ്ടോ എന്നാരും ചോദിച്ചുകണ്ടില്ല ആ പോസ്റ്റിൽ .
തന്റെ സുഖവിവരങ്ങൾ അറിയാനിനി ആരും വിളിക്കണ്ട . മരിച്ചാലും ജീവിച്ചാലും തനിക്കും മക്കൾക്കും മാത്രമാണ് ബാധകം . ചുട്ടെടുക്കുന്ന കാശുകൾ ഭക്ഷിക്കാൻ മാത്രമാണ് മതങ്ങളും രാഷ്ട്രീയങ്ങളും . എന്നിട്ടും അവർക്ക്
വേണ്ടി ചോര ചിന്തുന്ന അണികൾ . സുഖ ശീതളിമയിൽ ഇരുന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ കടിപിടി കൂടുന്ന സമൂഹം .എന്നിതിന് അറുതിയുണ്ടാകും !!
നീലിമ സോഷ്യൽ മീഡിയ അൺ ഇൻസ്റ്റാൾ ചെയ്തു വീൽ ചെയറിൽ ഇരുന്നു പ്രാർത്ഥിക്കുന്ന അമ്മച്ചിയുടെ മടിയിലേക്ക് തല ചായ്ച്ചു , സമാധാനം എത്രയും പെട്ടന്ന് മടങ്ങിയെത്താൻ പ്രാർത്ഥിച്ചുകൊണ്ട് .