രചന: Sebin Boss J
ഈ സായാഹ്നത്തിനെന്തു മനോഹാരിതയാണ് !!ജിത്തുവേട്ടന്റെ കൈ പിടിച്ച് ഈ ഇടവഴിയിലൂടെ നടക്കണം .
അവന്റെ മടിയില്‍ കിടന്ന് അസ്തമയ സൂര്യന്റെ കൊതിപ്പിക്കുന്ന ഈ സൌന്ദര്യം ആസ്വദിക്കണം
കൊങ്ങിണിച്ചെടികൾ പല വർണങ്ങളിൽ പൂത്തു നിൽക്കുന്ന ഇടവഴിയിലേക്ക് അരിച്ചെത്തുന്ന സൂര്യപ്രകാശം സുരഭിയെ അതിമനോഹരിയാക്കി.
ഇടവഴിയുടെ അപ്പുറത്തു നീണ്ടുപരന്നു കിടക്കുന്ന റബർ തോട്ടം . സൂര്യാസ്‌തമയം
അതിന്റെ ഏറ്റവും മനോഹാരിതയിൽ കാണുവാൻ കടൽത്തീരത്തോ മലമുകളിലോ ഒന്നും പോകണ്ട . ഇടവഴിയിലേക്ക് ചാഞ്ഞു കിടക്കുന്ന തൂണ് പോലെ റബർമരങ്ങളുടെ നിഴൽ രൂപങ്ങൾ.
ഒരു സായാഹ്നം മുഴുവൻ ജിത്തുവിനൊപ്പം ഈ ഇടവഴിയിലും പാലപൂത്തു നിൽക്കുന്ന തൊടിയിലും ചിലവഴിക്കണം . പാവം അവൻ ഈ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ വാഹനക്കൂട്ടങ്ങളുടെ പുകയും ശ്വസിച്ച് …
നിന്റെ ഗ്രാമീണ സൗന്ദര്യമാണ് എന്നെയാകർഷിച്ചത് . പിന്നെ പനിനീർപൂവ് പോലെയുള്ള നിന്റെ സ്വഭാവവും . പൊതുവെ കാണപ്പെടുന്ന പൈങ്കിളി ഡയലോഗ് ആണെന്നാണ്
ആദ്യമോർത്തത് . പിന്നെ ജിത്തുവിന്റെ കെയറിംഗും സംസാരവും ഇടപെടലുകളുമൊക്കെ കുഴപ്പമില്ലെന്ന് തോന്നിയപ്പോൾ താനും ഓക്കേ പറഞ്ഞു .
സുരഭിയതിവേഗം വീട്ടിലേക്ക് നടന്നു .ഇന്ന് ശനിയാഴ്ചയാണ് . ഹോസ്റ്റലിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ കിട്ടുന്ന സന്തോഷം … അതിരട്ടിയാക്കുവാന്‍ നാല് വര്‍ഷങ്ങള്‍ കൂടി ഏട്ടന്‍ സുദീപും എത്തുന്നുണ്ടിന്നു പുലരുമ്പോള്‍ .
ഏട്ടൻ വഴി ജിത്തുവിന്റെ കാര്യം വീട്ടിലവതരിപ്പിക്കണം .
അല്ലെങ്കിൽ അച്ഛനുമമ്മയും സമ്മതിക്കില്ല .നാളെ എന്താകും പൂരം !!
ഏട്ടൻ പോകുമ്പോൾ താൻ എം എസ് ഡബ്ള്യൂ ജോയിൻ ചെയ്തിട്ടേയുള്ളൂ .ഇന്നിപ്പോൾ നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിൽ ജോലി . തന്റെ ഇഷ്ട്ടത്തിനാണ് ഈ കോഴ്‌സ് എടുത്തത് . അച്ഛനുമമ്മക്കും നേഴ്‌സിംഗിനോട് ആയിരുന്നു താത്പര്യം . ഉറപ്പായ ഒരു
ജോലിയാണല്ലോ അവരുടെ ചിന്ത . ക്യാനഡയില്‍ ഒക്കെ നല്ല ചാൻസുണ്ടെന്ന് ഏട്ടൻ പറഞ്ഞപ്പോൾ പിന്നെയവരും എതിര് പറഞ്ഞില്ല . അന്ന് ഏട്ടൻ ചെന്നൈയിൽ ആണ് പഠിക്കുന്നത് . ക്‌ളാസ് കഴിഞ്ഞു ജോലിചെയ്തും മറ്റും ഏട്ടനും തനിക്കുള്ള ഫീസിനുള്ള പണവും
ഏട്ടൻ തന്നെയാണ് കണ്ടെത്തിയിരുന്നത് . റബർ എസ്റ്റേറ്റിലെ തൊഴിലാളികളായ അച്ഛനും അമ്മയ്ക്കും അതൊരാശ്വാസമായി . ചെന്നൈയിലെ കോളേജിൽ ഏട്ടന്റെ അഡ്മിഷൻ ഉൾപ്പടെ നല്ലൊരു തുക ചിലവായിരുന്നു . ഹയർ സ്റ്റഡീസിന് ഏട്ടൻ തന്നെയാണ്
ക്യാനഡയിൽ അഡ്മിഷൻ തരമാക്കി പോയത് . അവിടെ പിന്നെ പാർട്ട് ടൈം ജോലിക്ക് അത്ര പ്രശ്നമില്ലല്ലോ . എന്തായാലും പഠനം കഴിഞ്ഞു ജോലി ആയപ്പോഴാണ് എട്ടനാശ്വാസമായത്. പതിനെട്ട് കഴിഞ്ഞപ്പോള്‍ തന്നെക്കൊണ്ടും പാസ്പോര്‍ട്ട് എടുപ്പിച്ചു .
ആരും എയർപോർട്ടിൽ അത്ര ദൂരം ചെല്ലണ്ടന്നാണ് പറഞ്ഞിരിക്കുന്നത് . അല്ലെങ്കിലും അച്ഛനിപ്പോ വയ്യ . ടൗണിലേക്ക് മാറി ഒരു ചെറിയ വീട് തപ്പാൻ ഏട്ടൻ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് . താൻ ജിത്തുവിനോടും പറഞ്ഞിരുന്നു അക്കാര്യം
കാലാവസ്ഥ മാറി മഴ മൂടൽ തുടങ്ങിയപ്പോൾ സുരഭി അതിവേഗം ഇടവഴിയിലൂടെ ഓടാന്‍ തുടങ്ങി .
എതിരെ ലീലാമണിയും സന്തോഷും വരുന്നത് കണ്ടപ്പോൾ സുരഭി ഓരം ചേർന്നു നിന്നു .
” ലീലേടത്തി ശോഭേച്ചിയുടെ അടുത്ത് പോയതാരിക്കും അല്ലെ ?”അവർ അടുത്ത് വന്നപ്പോൾ സുരഭി കുശലം ചോദിച്ചു .
”ആ …. പിന്നെ മക്കളെ അന്വേഷിക്കാതിരിക്കാൻ പറ്റോ ? ചെല ഒരുമ്പെട്ടവളുമാരേ കെട്ടഴിച്ചു വിട്ടേക്കുന്ന പോലെ എന്റെ മോളെ അങ്ങനെ വിടാൻ പറ്റുവോ .. ബ്ഭൂ ”ഏഹ് !! ഇവരെന്നാ ഇങ്ങനെ ?
ലീലാമണി ആരോടോ ഉള്ള ദേഷ്യത്തിലെന്ന പോലെ ആട്ടിതുപ്പിയപ്പോള്‍ സുരഭി അന്തം വിട്ടുനിന്നു . കൂടെയുള്ള മകന്‍ സന്തോഷിന്റെ നോട്ടം സഹിക്ക വയ്യ . തള്ള കൂടെയില്ലായിരുന്നേല്‍ ഒന്ന് പൊട്ടിച്ചേനെ !
ലീലേടത്തിയെ വലിയ താല്പര്യമൊന്നുമില്ല . അവരുടെ മകൾ ശോഭനയെ കെട്ടിച്ചിരിക്കുന്നത് തൊട്ടടുത്താണ് . അവരുടെ വീടടക്കം നാലു വീടുകളെ ഉള്ളൂ ആ പരിസരത്ത് . റബർ തോട്ടത്തിലെ പണിക്കാർക്ക് അഞ്ചുസെന്റ് സ്ഥലം വീതം പതിച്ചു കിട്ടിയ വകയാണ് . ഇപ്പൊ ശോഭനേച്ചിയും കെട്ടിയോൻ സാബുവും
അപ്പുറത്തെ വീട്ടിലെ കല്യാണിയമ്മയും മാത്രമേയുള്ളൂ താമസത്തിന് . ബാക്കിയെല്ലാവരും മെയിൻ റോഡിന് സമീപത്തേക്ക് മാറി . ലീലേടത്തി ഇടക്ക് മകളെ കാണാൻ വരും . അന്ന് അമ്മേം ശോഭനേച്ചിയും എല്ലാം കൂടെ നാട്ടുവർത്തമാനം പറഞ്ഞോണ്ട്
ഇരുട്ടുന്നതുവരെ അവരുടെ ഇറയത്തിരിക്കും . നാട്ടുവർത്തമാനം എന്ന് പേരേയുള്ളൂ . നാട്ടുകാരുടെ കുറ്റം പറച്ചിലാണ് ലീലേടത്തിയുടെ ഹോബി . ഒരിക്കൽ അവരുടെ കൂടെയൊന്നിരുന്നതാണ് .അതോടെ മതിയായി .
എല്ലാവരുടെയും കുറ്റം പറയുന്നവൾ അങ്ങോട്ട് മാറിയാൽ നമ്മുടേം കുറ്റം പറയാതിരിക്കുമോ?
മുറ്റത്തേക്ക് കാലെടുത്തുവച്ചതേ അച്ഛന്റെ ഉച്ചത്തിലുള്ള ശകാരം കേട്ടു .
അമ്മയുച്ചത്തിൽ കരയുന്നതും .
രണ്ടും പതിവില്ലാത്തത് ആണ് . ഒന്നും ഇല്ലങ്കിലും ഉള്ളതുകൊണ്ട് സന്തോഷമായി കഴിയുന്ന കുടുംബമാണ് . ഇതെന്തുപറ്റിയാവോ ? ഇനി ലീലേടത്തി വല്ല ഏഷണിയും പറഞ്ഞോ ? ഹേയ് ..അത്ര വിഷമിക്കേണ്ട ബന്ധുക്കൾ ഒന്നുമടുത്തില്ല .. പിന്നെയേട്ടൻ ആണ് ..ഇനി ഏട്ടന് … ദേവീ !!
സുരഭി നെഞ്ചിൽ ഒരാന്തലോടെ കയ്യിലുണ്ടായിരുന്ന കവറുകൾ തിണ്ണയിലെ ബെഞ്ചിലേക്കിട്ടിട്ട് അകത്തേക്കോടി”അമ്മെ …അച്ഛാ ..എന്തായിത് ?”
ശിവരാമൻ അവളെ കണ്ട ദേഷ്യത്തിൽ കയ്യോങ്ങിയെങ്കിലും അടിച്ചില്ല . അയാൾ മേശപ്പുറത്തിരുന്ന മൊന്ത എടുത്തു ഭിത്തിയിലെറിഞ്ഞിട്ട് മുഖം പൊത്തിക്കൊണ്ട് പുറത്തേക്ക് നടന്നു .
” നശിച്ചവളെ … വന്നോ നീ … നിന്നെ ഞാൻ .. ”’ സുരഭിയുടെ ശബ്ദം കേട്ടതും അകത്തു കട്ടിലിൽ കിടക്കുകയായിരുന്ന ശാരദ ഓടി വന്നവളെ കയ്യിൽ കണ്ട സ്ഥലത്തെല്ലാം പൊതിരെ തല്ലി
സുരഭിക്കൊന്നും മനസ്സിലായില്ല . കരയാൻ പോലും അശക്തയായിരുന്നു അവൾ . ഓർമ വെച്ച നാൾ മുതൽ അച്ഛനുമമ്മയും അടിച്ചിട്ടില്ല ..എന്തിന് മുഖം കറുത്തൊരു വാക്കുപോലും മിണ്ടിയിട്ടില്ല . അതിന് താനും ഏട്ടനും ഇടകൊടുത്തിട്ടുമില്ല .
”അമ്മെ ..എന്താന്ന് പറയമ്മേ ? ഞാൻ എന്നാ ചെയ്തേ ?” സുരഭി അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു .
വാവിട്ടലച്ചു കരഞ്ഞുകൊണ്ട് ശാരദ സുരഭിയുടെ മേത്തേക്ക് വീണു . അപ്പോഴും അവര്‍ അവളുടെ പുറത്തൊക്കെ അടിക്കുകയും ഇടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ..
” ഇച്ചിരി വെഷം മേടിച്ചു തന്നെച്ചും ചെയ്യാന്‍ മേലാരുന്നോടീ … ഞങ്ങളെന്തു തെറ്റാ നിന്നോട് ചെയ്തെ .. ഇനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും … ഏതാടീ ആ ചെറുക്കന്‍ ?”’ വാവിട്ടുകരഞ്ഞുകൊണ്ട് ഓരോന്ന് പറയുന്നതിനിടെ അമ്മയുടെ വായില്‍ നിന്നും ഏതോ പയ്യന്റെ കാര്യം കേട്ട സുരഭി ഞെട്ടി ..
ആരാത് .. താന്‍ അങ്ങനെ ആരോടും ..ദേവീ …ഇനി ജിത്തുവേട്ടന്‍ ..ഹേയ് .. ജിത്തുവേട്ടന്‍ അങ്ങനെ ചെയ്യില്ല . തന്നെ ജീവനാണ് ജിത്തുവേട്ടന്. ഏട്ടന്‍ വരുന്നുണ്ട് … നമ്മുടെ കാര്യവും പറയും എന്ന് പറഞ്ഞിട്ടാണ് ഇന്നിങ്ങോട്ട് പോന്നത് തന്നെ . ഇന്നലെ ജിത്തുവേട്ടന്റെ ബർത്ഡേ ആയിരുന്നു .
ജിത്തുവേട്ടന്റെ കൂടെ ജോലിചെയ്യുന്ന അഞ്ചാറുപേരും താനും കൂട്ടുകാരി ദീപ്തിയും ഉണ്ടായിരുന്നു . ജിത്തുവേട്ടന്റെ വീട്ടിൽ വെച്ചാണ് കൂടിയത് . അച്ഛനും അമ്മയും ഏതോ കല്യാണത്തിന് പോയിരിക്കുകയാണ് എന്ന് പറഞ്ഞു . കേക്ക് കട്ട് ചെയ്തു പിന്നെ ഫുഡ് ഓർഡർ ചെയ്തിരുന്നു . ബിയറും ഉണ്ടായിരുന്നു .
എല്ലാവരും നിർബന്ധിച്ചപ്പോൾ താനും ദീപ്തിയും ഓരോ ബിയർ കഴിച്ചു . പക്ഷെ ബോധമില്ലാതെ ഇരുന്നിട്ടൊന്നുമില്ല . നല്ലപോലെ ഓർമയുണ്ട് അവിടുത്തെ ആഘോഷങ്ങളും എല്ലാം . പിന്നെ ജിത്തുവേട്ടൻ ഉമ്മ വെച്ചിരുന്നു . അത് മുൻപും വെച്ചിട്ടുണ്ട് . പിന്നെ കാമുകി കാമുകന്മാർ ആകുമ്പോൾ ഉമ്മയൊക്കെ
പതിവല്ലേ ? പരിധി വിടുമെന്ന് തോന്നുമ്പോൾ ഒഴിവായിട്ടുണ്ട് . ഇന്നലെയും അങ്ങനെ തന്നെയായിരുന്നു . ചെറിയ തൊടലും മറ്റുമൊക്കെ എല്ലാ പ്രണയിതാക്കളുടെ ഇടയിലും ഉണ്ടാവാറുള്ളതല്ലേ?!!
സുരഭിക്ക് ഒന്നും മനസിലായില്ല . അവൾ മുറിയിൽ കയറി ബാഗിൽ നിന്ന് മൊബൈൽ എടുത്ത് ജിത്തുവിനെ വിളിച്ചു . സ്വിച്ചോഫ് . … ഇവിടെ റേഞ്ചും കുറവാണ് .
”’ ഒരുത്തൻ അവൾക്ക് വേണ്ടിയാ അന്യ നാട്ടിൽ പോയി കഷ്ടപ്പെടുന്നത് … അവന്‍ നാട്ടിലേക്ക് വന്നുകേറുമ്പോ ..എന്റെ ദേവീ …എനിക്ക് ചത്താൽ മതിയെ ”’ അമ്മയുടെ കരച്ചിൽ സുരഭിയുടെ നെഞ്ചകം പൊള്ളിച്ചു . അതിലേറെ ഏട്ടന്റെ കാര്യമോർത്തായിരുന്നു അവൾക്ക് ആധി . ജിത്തുവിനെ പലതവണ വിളിച്ചപ്പോഴും സ്വിച്ചോഫ് .
കാര്യമെന്തെന്ന് അറിയുവായിരുന്നേൽ !!ശോഭനേച്ചിയുടെ അടുത്തൊന്ന് പോയാലോ ?സുരഭി ഡ്രെസ്സ് മാറി മൊബൈൽ എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി .
”എങ്ങോട്ടാടീ എഴുന്നള്ളുന്നെ? ?” ശാരദ കലിതുള്ളി അവളുടെ മുന്നിലെത്തി .”അമ്മെ ..ഞാൻ ..ശോഭനേച്ചീടെ അവിടം വരെ … ”’
” ശോഭനേച്ചി ..അവളുടെ .. കേറിപ്പോടി അകത്ത് ..എന്നെക്കൊണ്ടൊന്നും പറയിക്കണ്ട .. ഇത്രേം കാണിച്ചു മനുഷ്യന്റെ തോലുരിച്ചിട്ട് അവൾക്ക് വല്ല കൂസലുമുണ്ടോന്ന് നോക്കിക്കേ …ശോഭനേച്ചി ..അവളും അവൾടെ തള്ളേം
കൂടെ ഇപ്പൊ നാട് മൊത്തം പാട്ടാക്കിക്കാണും … കണ്ടവന്മാരുമായി കൂത്താടി നടന്നിട്ട് അവള് വന്നേക്കുന്നു ” ശാരദ ദേഷ്യം സഹിക്കാനാവാതെ കയ്യോങ്ങിക്കൊണ്ട് അവളുടെ നേരെ വന്നു .
ഭൂമി പിളർന്ന് പോയെങ്കിലോ എന്നവൾ അഗ്രഹിച്ചു . ഇത് ജിത്തുവേട്ടന്റെ എന്തോ പ്രശ്നം തന്നെ .. അതാണ് ഫോൺ സ്വിച്ചോഫ്
ഉറക്കം തെല്ലും വന്നില്ല. ഉറങ്ങുനതിന് മുന്‍പ് പലതവണ ജിത്തുവിന്റെ ഫോണില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പുറത്ത് അച്ഛനുമമ്മയുടെയും ശാപവാക്കുകളും പതംപറച്ചിലുകളും നിലച്ചില്ല.” സുരഭീ .. മോളേ ”
എപ്പോഴോ വാതിലില്‍ മുട്ടി വിളിക്കുന്നത് കേട്ടാണ് അര്‍ദ്ധമയക്കത്തിലായിരുന്ന സുരഭി കണ്ണുതുറന്നത്.ഈശ്വരാ ഏട്ടന്‍ !!ഏട്ടനെയെങ്ങനെ അഭിമുഖീകരിക്കും
ജനാലയിലൂടെ വെളിച്ചം അരിച്ചെത്തുന്നുണ്ട് … നശിച്ച സൂര്യവെളിച്ചം ഇങ്ങോട്ടുതന്നെയാണ് .
സുരഭി മുഖത്തേക്ക് പുതപ്പെടുത്തുമൂടിക്കൊണ്ട് കട്ടിലിന്റെ മൂലയിലേക്ക് ചുരുണ്ടുകൂടി .
”എടി …വാതില് തുറക്കാന്‍ … നിന്നോടല്ലേ പറഞ്ഞെ വാതില് തുറക്കാന്‍ … ദേവീ നശിച്ചവളെന്തേലും ചെയ്തു പോയാല്‍ അതുംകൂടെ കാണേണ്ടി വരുമല്ലോ ..ആ ഇങ്ങനെ നരകിച്ച് ജീവിക്കുന്നതില്‍ ഭേദം അതാ …എല്ലാംകൂടെ ഒറ്റയടിക്ക് തീര്ന്നുകിട്ടൂല്ലോ ”
അമ്മയുടെ ശാപവാക്കുകള്‍ കേട്ടപ്പോള്‍ സുരഭി കഴുക്കോലിലേക്ക് നോക്കി .
ശെരിയാണ് .. ഇങ്ങനെ നരകിച്ച് ജീവിക്കുന്നതെന്തിനാണ് !!
”’ അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ … മോളേ …സുരഭീ … വാതില്‍ തുറന്നെ … ഏട്ടന്‍ എത്രനാളായി കണ്ടിട്ട് … മോളേ കാണാന്‍ ഓടി വന്നപ്പോള്‍ ഇങ്ങനെയടച്ചിരുന്നാലോ?”’ സുദീപിന്റെ ശബ്ദം കേട്ടപ്പോള്‍ ഒറ്റയോട്ടത്തിന് വാതില്‍ തുറന്നവന്റെ മേത്തേക്ക് വീണു പൊട്ടിക്കരഞ്ഞു സുരഭി .
”അയ്യേ … ഇതാണോ ഒരു സോഷ്യല്‍ വര്‍ക്കര്‍ … എല്ലാവര്‍ക്കും താങ്ങായി ആശ്വാസം നല്‍കേണ്ട ഒരു സോഷ്യല്‍ വര്‍ക്കറിങ്ങനെ തുടങ്ങാവോ ?” സുദീപ് അവളുടെ നെറുകയില്‍ തലോടി ആശ്വസിപ്പിച്ചു .
”ഏട്ടാ …ഞാന്‍ …ഞാന്‍ ഒന്നും””’ മിണ്ടരുത് നീ .. കുടുബത്തിനപമാനം വരുത്തിവെച്ചിട്ട് നിന്ന് വേദാന്തം പറയുന്നോ ?”’ ശാരദാമ്മ ഇടയില്‍ കയറി
”അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ .. വര്‍ഷങ്ങള്‍ കൂടിയാണ് ഞാന്‍ വന്നത് ..നിങ്ങളെ കാണാനുള്ള സന്തോഷത്തില്‍ ഓടിവന്നപ്പോളിങ്ങനെ പരസ്പരം കുറ്റപ്പെടുത്തി കഴിയാനാണേല്‍ ഞാന്‍ ലീവ് ക്യാന്‍സലാക്കി തിരിച്ചുപോകും കേട്ടോ ” സുദീപ് സുരഭിയെ ചേര്‍ത്തണച്ചുപിടിച്ചു കൊണ്ടുതന്നെ പറഞ്ഞു .
” പിന്നെ പറയാതെ … നീ നാളെ കെട്ടുംപെറുക്കി തിരിച്ചുപോകും . ഞങ്ങളാ ഈ നാട്ടില്‍ ജീവിക്കേണ്ടത് ”വരാന്തയില്‍ എല്ലാം കേട്ടുകൊണ്ടിരുന്ന ശിവരാമന്‍ അകത്തേക്ക് കയറി പോന്നു
”അത് ശെരിയാ.. നിങ്ങളാ ഇവിടെ ജീവിക്കേണ്ടത് . തല്‍കാലം എനിക്കതിലൊന്നും ചെയ്യാന്‍ പറ്റില്ല . പക്ഷെ പോകുമ്പോള്‍ ഇവളെ ഞാന്‍ കൊണ്ടുപോകും . അതിനുവേണ്ടിതന്നെയാ വന്നത് . ഒരു
സര്‍പ്രൈസ് ആകട്ടെയെന്നുകരുതി ഇവളോടും പറഞ്ഞില്ല .ആദ്യം ഞാന്‍ അവനോടോന്നു സംസാരിക്കട്ടെ … എന്നിട്ട് വേണ്ടത് ചെയ്യാം ..എന്താ മോളേ അവന്റെ പേര്?”’
സുരഭി വിമ്മിക്കരഞ്ഞുകൊണ്ട് ജിത്തുവിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ പറഞ്ഞു .
”സാരമില്ല …ഞാന്‍ ശോഭേച്ചിയെ കണ്ടിരുന്നു . ഇന്നട്ടുകാര്‍ക്ക് ഭയങ്കര സംഭവം ആണെങ്കിലും കാണുമ്പോള്‍ പരസ്പരം പങ്കിടുന്ന ഒരു സ്നേഹപ്രകടനം മാത്രമാണ് ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ചുംബനമൊക്കെ. ഇരുട്ടില്‍ ജീവിക്കുന്നവര്‍ക്ക് ഇതൊക്കെ ധാരാളം
മതി ആഖോഷിക്കുവാന്‍ . ഇതിനപ്പുറം കാണുന്നവനാണ് ഞാന്‍ . അവിടെ ഒരു ഗേള്‍ഫ്രണ്ടില്ലാത്തതിനാണ് ഞാന്‍ അവജ്ഞ നേരിടുന്നത് . ഇവിടെ നേരെ മറിച്ചും .”’ സുദീപ് ചിരിച്ചു .
” ഞാന്‍ ടൌണില്‍ ഒന്നുപോയിവരാം . ഇനിയീ വിഷയത്തില്‍ ഒരു സംസാരവും വേണ്ട . ഇവളെക്കുറിച്ചു നിങ്ങള്‍ ആകുലപ്പെടെണ്ടതുമില്ല. മോളേ…. അവനെ കണ്ടോന്ന് സംസാരിക്കാം . പക്ഷെ , നീയെനിക്കൊരു വാക്ക് തരണം . ഇതിന്റെ റിസള്‍ട്ട് എന്തുതന്നെയായാലും ഒരു തുള്ളി കണ്ണീര്‍ നീ പൊഴിക്കില്ലന്ന് ”’
കാപ്പികുടിയും കഴിഞ്ഞ് ഇറങ്ങാന്‍ നേരം അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വെച്ചവന്‍ സുരഭിയുടെ കൈപിടിച്ച് കൊണ്ട് പറഞ്ഞു .
സുദീപ് പ്രതീക്ഷിച്ചപോലെ ജിത്തുവിനെ കാണാന്‍ പറ്റിയില്ല .
ഫോണ്‍ വിളിച്ചപ്പോള്‍ ജിത്തുവിന്റെ അച്ഛനാണ് എടുത്തത് .
ഏകമകനെ മയക്കിയെടുത്തുവെന്നുള്ള പണക്കാരുടെ പതിവ് പല്ലവിതന്നെ അവിടെയും ജിത്തുവിന്റെ മാതാപിതാക്കളില്‍ നിന്നവന് കേള്‍ക്കേണ്ടിവന്നു.
” അവനെ തീര്‍ക്കാടാ .. അങ്ങനെ വിട്ടുകൊടുക്കരുത് ”’
സുദീപിന്റെ കൂട്ടുകാരന്‍ പറഞ്ഞു .
”അതുകൊണ്ടെന്ത് കാര്യം .
പണമേ ഉലകം … മറുവതില്ലിനിയുമെന്‍ നാട് .”’
ടൌണില്‍ കൂട്ടുകാരോടൊപ്പം തങ്ങിയ സുദീപ്
പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി ഇരുനിലയില്‍ മുകളില്‍ വീടും താഴെ രണ്ട് കടമുറികളുമുള്ള കെട്ടിടം അച്ഛന്‍റെയും അമ്മയുടെയും പേരില്‍ ആധാരം നടത്താന്‍ ഏര്‍പ്പാടാക്കിയിട്ടാണ് വീട്ടിലേക്ക് മടങ്ങിയത് .
”’ ആ ..സുദീപോ … പെണ്ണിന്റെ വിശേഷം അറിഞ്ഞു വന്നതാരിക്കുമല്ലേ ? ഇത്തവണ കല്യാണം വല്ലോം നോക്കുന്നുണ്ടോ നിനക്ക് .. ഒന്നുരണ്ട് നല്ല പിള്ളേരെന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു …ഇനിയതെങ്ങനാ ആലോചിക്കുന്നെ .. ലോകം മുഴുവനുമിതറിഞ്ഞ സ്ഥിതിക്ക് ”’
സുദീപ് വീട്ടിലേക്കുള്ള ഇടവഴിയില്‍ നിന്ന് മുറ്റത്തേക്കുള്ള പടവുകള്‍ കയറുമ്പോള്‍ അപ്പുറത്തെ വീട്ടില്‍ കാത്തിരിക്കുകയായിരുന്ന ലീലാമണി ഓടിപ്പിടഞ്ഞെത്തി
”അതുശെരിയാ …ഇനിയിന്നാട്ടില്‍ എനിക്കും അവള്‍ക്കും ഒരുകല്യാണം നടക്കുവില്ലല്ലോ .സാരമില്ല … ഹിലാരി ക്ലിന്റനുമായി എന്റെ കല്യാണം ഉറപ്പിച്ചു വെച്ചേക്കുവാ .. ”’
”അതാരാ ..നിന്റെ കാമുകിയാ ?” ലീലാമണിയുടെ മുഖം വാടി”ദെ ..തള്ളെ .. ഒരാള്‍ക്ക് എന്തേലും പ്രശ്നം ഉണ്ടാകുമ്പോ ഒളിഞ്ഞുനോക്കുന്ന ഇമ്മാതിരി പണിയും കൊണ്ടെന്റെ അടുത്തേക്ക് വന്നേക്കരുത് പറഞ്ഞേക്കാം ..ഇനി നിങ്ങക്ക് ഒട്ടും സന്തോഷം തരാത്ത
ഒരു കാര്യം ഞാന്‍ പറയാം . ഞാന്‍ അവളെ കൊണ്ടുപോകുവാ . പിന്നെ അച്ഛനുമമ്മക്കും ടൌണില്‍ ഒരു വീടും വാങ്ങിയിട്ടുണ്ട് . അവരും താമസിയാതെ ഇവിടുന്ന് മാറും . ”
അതുകൂടെ കേട്ടതോടെ ലീലാമണി സര്‍വ്വം നഷ്ടപ്പെട്ടവളെ പോലെ മകളുടെ വീട്ടിലേക്ക് നടന്നു .
സുരഭിയെ വിഷമിപ്പിക്കണ്ടാല്ലോയെന്നു കരുതി രണ്ട് ദിവസത്തിനുള്ളില്‍ സുദീപ് അവളെയും കൊണ്ട് ക്യാനഡക്ക് മടങ്ങി .
മാസങ്ങള്‍ പിന്നിട്ടു . പുതിയ നാടും ജോലിയുമൊക്കെ ആയപ്പോള്‍ സുരഭി പഴയപോലെ ആക്ടീവ് ആയി .
നയാഗ്രാസിറ്റിയില്‍ അടുത്തടുത്ത രണ്ട് ചെറിയ വില്ലകളില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത് .
നയാഗ്ര ഫാള്‍സ് കാണുവാന്‍ വരുന്നവര്‍ക്ക് വാടകക്ക് നല്‍കുവാന്‍ ഒരു ബെഡ് സ്പേസ് വിത്ത് ബ്രേക്ക്ഫാസ്റ്റ് സൌകര്യവും അവരുടെ വില്ലകളില്‍ ഉണ്ടായിരുന്നു . അടുത്താണ് ജോലിയെന്നതിനാലും ചെറിയൊരു
വരുമാനവും നോക്കിയാണ് ചിലവേറിയതെങ്കിലും ആ ഏരിയയില്‍ സുദീപ് വീട് വാങ്ങിയത് . ലോണും മറ്റുമടക്കാനുള്ള പണം രണ്ടാളും ജോലി ചെയ്തുണ്ടാക്കുന്നുണ്ടായിരുന്നു .
” ഏട്ടാ … ഒരു മലയാളി ഗ്രൂപ്പ് ബുക്കിങ്ങുണ്ട് . ഫ്രീയാണോ ഇന്നവിടെ ?”ഒരുനാള്‍ ഉച്ചക്ക് ഒഫീസിലായിരുന്നപ്പോഴാണ് സുദീപിന് സുരഭിയുടെ കോള്‍ വന്നത് .
” ഒഹ് .. മലയാളികള്‍ ആണോ …ഹ്മം ..ശെരി … നീ വിട്ടേക്ക് … ” സുദീപ് താല്പര്യമില്ലങ്കിലും സുരഭി പറഞ്ഞതിനാല്‍ സമ്മതിച്ചു . .
സുദീപ് വീട്ടിലെത്തിയപ്പോള്‍ വൈകിയിരുന്നു . സുരഭി ഓവര്‍ ടൈം ജോബ് ചെയ്യാറില്ല . പകരം രണ്ട് വില്ലയുടെയും ഗസ്റ്റ് അക്കൊമഡേഷനും ഫുഡും മറ്റും സെറ്റ് ചെയ്യുന്നത് അവളായിരുന്നു .
”ഏട്ടാ … ഇത് നയന ”രാത്രി ചില മെയിലുകള്‍ ചെക്ക് ചെയ്തുകൊണ്ടിരിക്കയായിരുന്ന സുദീപിന്റെ അടുത്തേക്ക് സുരഭി വന്നു .
അവള്‍ക്കൊപ്പം നാല് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു .”ഹായ് … ” സുദീപ് കൂടെയുള്ളവരെയും പരിചയപ്പെട്ടു .
നാല്‍വരും സ്റ്റഡിവിസയില്‍ കയറിവന്നതാണ്. വിസ കാലാവധി തീരാറായി. നയനക്ക് നീക്കി മറ്റ് രണ്ടുപേര്‍ക്കും ജോബ് കിട്ടി . ഒരാള്‍ നാട്ടില്‍ തന്നെ സെറ്റിലാകാനാണ് തീരുമാനം . പക്ഷെ നയനക്ക് എങ്ങനെയെങ്കിലും ഇവിടെ നിന്നെ പറ്റൂ . അത്ര ബുദ്ധിമുട്ടിലാണ് കുടുംബം .
” നല്ല കുട്ടി അല്ലെ ഏട്ടാ … ” രാത്രി അത്താഴം കഴിഞ്ഞു വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ സുരഭി സുദീപിനോട് നയനയെ ചൂണ്ടിക്കാണിച്ചു പറഞ്ഞു .
”അതിന് ?” സുദീപ് അവളെ മുഖം ചുളിച്ചു നോക്കി .”എട്ടനെന്തായാലും ഒരു കുടുംബമൊക്കെ വേണം . അതിപ്പോള്‍ നയനയായാല്‍ അവള്‍ക്കും ഇവിടെ നില്‍ക്കാന്‍ പറ്റും . അവരുടെ കുടുംബത്തിന് ഒരു സഹായവുമാകും ”
”അതുവേണോ മോളെ … ഒന്നാമത് നമുക്ക് തന്നെ പ്രാരാബ്ധങ്ങളുണ്ട്””അതിപ്പോ ആര്‍ക്കാണില്ലാത്തത് . എല്ലാം തീര്‍ന്നിട്ട് ജീവിക്കാന്‍ ഇരുന്നാല്‍ ഒരിക്കലുമതുണ്ടാവില്ല”
സുദീപ് അവളെ നോക്കി ചിരിച്ചു ..” ഒഹ് ..സോഷ്യല്‍ വര്‍ക്കര്‍ പണി തുടങ്ങിയല്ലോ … എന്റെ കാര്യമവിടെ നില്‍ക്കട്ടെ . നിനക്കൊരു ജീവിതം വേണ്ടേ മോളെ . കഴിഞ്ഞതോര്‍ത്ത് ഇങ്ങനെ നില്‍ക്കാനാണോ തീരുമാനം ”
” ഏട്ടന്‍ പേടിക്കണ്ട ..ഞാനൊരാളെ കണ്ടുവെച്ചിട്ടുണ്ട് ..പക്ഷേ ഇത് ആദ്യം നടക്കണം..എനിക്ക് വാക്കുതരണം”
സുരഭി തന്നെയാണ് നയനയുടെ അടുത്ത് സംസാരിച്ചത് .കൈവിട്ടുപോയ ജീവിതം തിരികെ കിട്ടിയതുപോലെയായിരുന്നു നയനക്ക് ആ പ്രപ്പോസല്‍ .
അടുത്ത ദിവസം തന്നെ നയന അവരുടെ വില്ലയിലേക്ക് താമസം മാറ്റി .” എവിടം വരെയായി കല്യാണ ഒരുക്കങ്ങള്‍ ?”” ഇവിടെയെല്ലാം സെറ്റാ ..സുദിയേട്ടന്‍ വന്നാല്‍ മതി .. ”
” ഇതൊക്കെ വേണോ നയനാ … ?”സുദീപിന് നാട്ടില്‍ വെച്ചൊരു കല്യാണ ആര്‍ഭാടത്തിന് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല . നയനയുടെയും സുരഭിയുടെയും നിര്‍ബന്ധത്തിലാണ് അവന്‍ സമ്മതിച്ചത് . പോരാത്തേതിന്
നയന മൂന്നുമാസം ഗര്‍ഭിണിയുമായിരുന്നു . നാട്ടില്‍ വെച്ച് വിവാഹം നടത്തിയില്ലങ്കില്‍ നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ പറ്റില്ലന്നുള്ള നയനയുടെ മാതാപിതാക്കളുടെ അപേക്ഷ കൂടി കണക്കിലെടുത്താണവന്‍ സമ്മതിച്ചത് .
സുദീപിന് അധികം ലീവുണ്ടായിരുന്നില്ല. വിവാഹത്തിന്റെ തലേന്ന് റിസപ്ഷന്‍ ഹാളിലേക്കാണവനും സുരഭിയും എത്തിയത് . അവരുടെ അച്ഛനും അമ്മയും നേരത്തെയവിടെ എത്തിയിരുന്നു .
” സുദിയേട്ടാ … ഇവിടെ നിക്കുവാണോ .? എന്റെട്ടനെ കണ്ടിട്ടില്ലല്ലോ ..വാ”പരിചയപ്പെടാന്‍ വന്നവരോടൊപ്പം സംസാരിച്ചു നിന്ന സുദീപിന്റെ കൈപിടിച്ച് നയന സ്റ്റേജിന്റെ സൈഡിലേക്ക് കൊണ്ടുപോയി
ബലൂണും പിടിച്ചു നില്‍ക്കുന്നൊരു കുട്ടിയേയും കളിപ്പിച്ചു വീല്‍ചെയറില്‍ ഇരിക്കുന്നൊരു ചെറുപ്പക്കാരനെ സുദീപ് കണ്ടു
” ഇതാണ് എന്റെ ഏട്ടന്‍ .. ജിതിന്‍ ഭാസ്കര്‍ .. ””ഹലോ … അറിയുമോ ?”’ വീഡിയോകോളില്‍ നമ്മള്‍ സംസാരിച്ചിട്ടുണ്ടല്ലോ ..വലിയ മാറ്റമൊന്നുമില്ല ” ജിതിന്‍ ചിരിച്ചു .
” മാറ്റമുള്ള ഒരാളെ ഞാന്‍ കാണിച്ചുതരാം … മോളെ സുരഭീ … ”’ സുദീപ് അല്‍പം മാറി അവരെയും നോക്കി നില്‍ക്കുന്ന സുരഭിയെ വിളിച്ചതും ജിതിന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി .
തന്നെകണ്ടാപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്ന ജിത്തുവിനെ നോക്കിക്കൊണ്ട് സുരഭി കുഞ്ഞിനെ വാരിയെടുത്തുമ്മ വെച്ചു.
”’ നിന്റെ പെങ്ങള്‍ക്ക് ഇത് മൂന്നാം മാസമാണെന്ന് നിനക്കറിയാമോ ? വേണമെങ്കില്‍ എനിക്കീ ബന്ധം വേണ്ടാന്ന് വെക്കാം . ഞാനും അവളുമായുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരത്താം . പക്ഷെ ഞാന്‍ അത് ചെയ്യില്ല . ഒരു പെണ്ണിന്റെ ശാപം അത് അവള്‍ പ്രാകണമെന്നില്ല ..അവളുടെ കണ്ണീര്‍ അറിയാതെ ഈ ഭൂമിയില്‍ പതിച്ചാല്‍ മതി . ”
ജിത്തു ഒന്നും പറയാതെ കണ്ണീര്‍ പൊഴിച്ചുകൊണ്ട് സുരഭിയെ നോക്കി .” നീ കരയണ്ട .. അന്ന് ടൂറിന് വന്നപ്പോള്‍ നയനയെ പരിചയപ്പെട്ടപ്പോഴാണ് അവള്‍ നിന്റെ കാര്യങ്ങളറിഞ്ഞത്. ആക്സിഡന്റില്‍ കാല് നഷ്ടപ്പെട്ടപ്പോള്‍ ബാധ്യതയാകുമെന്നോര്‍ത്തു നിന്നെയും
നിന്റെ കുഞ്ഞിനേയും ഉപേക്ഷിച്ചു പോയ ഭാര്യയെ പോലെ അല്ല സുരഭി. നിന്റെയീ അവസ്ഥയില്‍ വേദനിച്ചാണ് അവള്‍ നയനയെ എന്നെ പരിചയപ്പെടുത്തിയതും . ഇപ്പോള്‍ അവളുടെ തീരുമാനവും എനിക്ക് മനസിലാക്കാന്‍ പറ്റും ജിത്തൂ …
അവള്‍ നിന്നെ മനസു കൊണ്ടാണ് സ്നേഹിച്ചത് .യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഉള്ളില്‍ നിന്നുള്ള സ്നേഹം … അതൊരിക്കലും നിലക്കില്ല … അവള്‍ നിനക്കും നിന്റെ കുഞ്ഞിനുമൊപ്പം ഉണ്ടാകും ഇനിയെന്നും
സുദീപ് പറഞ്ഞു നിര്‍ത്തുമ്പോള്‍ കണ്ണീര്‍ പൊഴിച്ചു നില്‍ക്കുന്ന ജിത്തുവിനെയും സുരഭിയെയും മാറിമാറി നോക്കി ഒന്നും മനസ്സിലാക്കാതെ നയന നില്‍പ്പുണ്ടായിരുന്നു .