രാത്രിയിൽ എപ്പഴോ കിടക്കാനെത്തുന്ന ഭാര്യയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് .. .., വിവാഹശേഷമുള്ള 5 വർഷത്തോളം ദീർഘമേറിയതായി തോന്നി..

സ്വപ്നം
രചന: Sheeja Manoj

രാവിലെ കിട്ടിയ കട്ടൻ കാപ്പിയുടെ ചൂടിലേക്ക് കൈകൾ ചേർത്തുവച്ച് കുറേ നേരം ആലോചിച്ചിരുന്നു.. വെളുപ്പിനെ കണ്ട സ്വപ്നമാണ്.. ഫലിക്കുമെന്നാണ് പറയാറ്.. ഈശ്വര ഫലിച്ചാൽ

മതിയായിരുന്നു.. മനസിൽ എന്തെന്നില്ലാത്ത സന്തോഷം മുളപൊട്ടുന്നു.. ഒരു പുഞ്ചിരി താനറിയാതെ ചുണ്ടിൽ ഊറിക്കൂടിയോ??

യ്യോ.. നിങ്ങളിത് എന്തിരിപ്പാ മനുഷ്യനെ.. രാവിലെ പണിക്കൊന്നും പോകുന്നില്ലയോ..
പെട്ടന്ന് ഞെട്ടി എഴുന്നേറ്റു.. ഭാര്യയാണ്.. തുടങ്ങിയാൽ പിന്നെ നിർത്താൻ പ്രയാസമാ..

രാവിലെ തന്നെ നാട്ടുകാരെ കൊണ്ട് പറയിക്കേണ്ടാന്നു തോന്നി മനസില്ലാ മനസോടെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി… ഭാര്യ തന്ന പൊതിച്ചോറ് കയ്യിൽ വാങ്ങുമ്പോൾ വെറുതേയൊന്ന് അവളുടെ മുഖത്തേക്ക് നോക്കി.. പതിവുപോലെ യാതൊരു ഭാവങ്ങളും പിടി കിട്ടുന്നില്ല..

ജോലി ചെയ്യുമ്പോഴും ഉച്ചഭക്ഷണം കഴിക്കുമ്പോഴുമെല്ലാം മനസ്സ് നിറയെ വെളുപ്പിനെകണ്ട സ്വപ്നമായിരുന്നു.. വൈകുന്നേരം പതിവിനു വിപരീതമായി ഒരു കുപ്പി കള്ള് കൂടുതൽ കഴിച്ചിട്ട് വീട്ടിലേക്ക് നടന്നു.. ചുണ്ടിലെ ചിരിക്കൊപ്പം ഒരു മൂളിപ്പാട്ടുകൂടി ആയപ്പോൾ സ്വപ്നത്തിന് വീണ്ടും ജീവൻ വച്ചു…

കിണറ്റുകരയിൽ ചെന്ന് നന്നായി സോപ്പ് തേച്ച് ഒരു കുളിയൊക്കെ പാസാക്കി.. ഭാര്യ എടുത്തു വച്ച അത്താഴം കഴിക്കുമ്പോൾ ഇടം കണ്ണാൽ അവളെ ഒന്നു നോക്കി…

ആള് തിടുക്കപ്പെട്ടുള്ള പതിവ് പണിയിലാണ്..ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകൾ എൻ്റെ നോട്ടത്തിലുടക്കി…ഇതുവരെയില്ലാത്ത ഒരു തരിപ്പ് ശരീരത്തിലൂടെ കടന്നു പോയി..!
രാത്രിയിൽ എപ്പഴോ കിടക്കാനെത്തുന്ന ഭാര്യയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് .. ..,

വിവാഹശേഷമുള്ള 5 വർഷത്തോളം ദീർഘമേറിയതായി തോന്നി.. കാലങ്ങളായി അവൾ വരുന്നതും ഉറങ്ങുന്നതും താനറിയുന്നേയുണ്ടായിരുന്നില്ലല്ലോ..
ഒന്നു കെട്ടിപ്പിടിക്കാനാഞ്ഞതു മാത്രം ഓർമ്മയുണ്ട്..

കൈയ്യും മുട്ടും കുത്തി വേദന കൊണ്ട് നാലുകാലിൽ കൂനി കൂടിയപ്പോഴേക്കും ഉടുത്തിരുന്ന മുണ്ട് നനഞ്ഞ് കുതിർന്നിരുന്നു.. ബോധം മറയും മുൻമ്പ് ഒരിക്കൽ കൂടി ആ സ്വപ്നം മനസിലൂടെ കടന്നു പോയി… മുട്ടു കാലിൽ ഇഴഞ്ഞ് മൂത്രം ഒഴിക്കുന്ന ഒരു കുഞ്ഞു പൈതൽ..!!!

Leave a Reply

Your email address will not be published. Required fields are marked *