(രചന: ശ്രേയ)
” ആഹ്.. നാളത്തേക്ക്…നിനക്ക് അത്യാവശ്യം ഒന്നും ഇല്ലേൽ അടുത്ത മാസം തന്നാൽ മതിയോ..? ”
അടുക്കള പണികളൊക്കെ കഴിഞ്ഞു രാത്രിയിൽ ദിവ്യ മുറിയിലേക്ക് കയറി വരുമ്പോൾ രാജീവിന്റെ ഫോൺ സംഭാഷണം ആണ് കേൾക്കുന്നത്.
അവൻ പറയുന്നതിൽ നിന്ന് തന്നെ ഏകദേശം കാര്യങ്ങൾ ഒക്കെ അവൾ ഊഹിച്ചു.
അവന്റെ ഫോൺ സംഭാഷണം കഴിയുന്നതു വരെ അവൾ ക്ഷമയോടെ കാത്തിരുന്നു. അവൻ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ് അവളെ നോക്കി വിളറി ചിരിച്ചു.
” രമ്യയുടെ പ്രസവത്തിന്റെ ആവശ്യത്തിനു വേണ്ടി ഞാൻ സതീഷിന്റെ കയ്യിൽ നിന്നും കുറച്ചു പണം വാങ്ങിയിരുന്നില്ലേ.. അത് അവൻ അത്യാവശ്യമായി വേണമെന്ന് പറയുകയായിരുന്നു..
എന്റെ കൈയിൽ എവിടുന്നാ..? ശമ്പളം കിട്ടുന്നത് മാത്രമേ കാണുന്നുള്ളൂ.. അതൊക്കെ ഏതൊക്കെ വഴിയിലൂടെ ചെലവായി പോകുന്നു എന്ന് ദൈവത്തിനു പോലും അറിയില്ല.. ”
പറഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് ഇരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും ദിവ്യയുടെ ഭാഗത്തു നിന്ന് മറുപടിയൊന്നും കിട്ടാത്തതു കൊണ്ടാണ് അവൻ അവളെ തല ചരിച്ചു നോക്കിയത്. തന്നെ ശ്രദ്ധിച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ അവൻ എന്തെന്ന് അർഥത്തിൽ അവളെ നോക്കി.
“നീയെന്താ എന്നെ തന്നെ ഇങ്ങനെ നോക്കി കിടക്കുന്നത്..? ഞാൻ പറഞ്ഞത് കേട്ടിട്ട് നിനക്ക് മറുപടി ഒന്നും പറയാനില്ലേ..?”
അവൻ ചോദിച്ചപ്പോൾ അവൾ ഒന്നു നെടുവീർപ്പിട്ടു.” ഈ കാര്യത്തിൽ ഞാൻ എന്തു മറുപടിയാണ് രാജീവേട്ടാ പറയേണ്ടത്..? പലപ്പോഴും പറയേണ്ട സമയത്ത് ഞാൻ പലതും പറഞ്ഞു തന്നിട്ടുണ്ട്.
അതൊന്നും കേൾക്കാനോ ഞാൻ എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് മനസ്സിലാക്കാനോ പോലും നിങ്ങൾ ശ്രമിച്ചിട്ടില്ല.. ഇപ്പോൾ എല്ലാം കൈവിട്ടു നിൽക്കുന്ന സമയത്ത് ഞാൻ എന്തു പറയണം..? ”
അവൾ ചോദിച്ചപ്പോൾ അതിൽ മുന്നിട്ടു നിൽക്കുന്ന പ്രതിഷേധം മനസ്സിലാക്കാൻ അവനു പെട്ടെന്ന് തന്നെ കഴിഞ്ഞു.
“നീ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്..? എന്റെ വിഷമങ്ങളും സങ്കടങ്ങളും ഒക്കെ നിന്നോട് തന്നെയല്ലേ ഞാൻ പങ്കുവെക്കേണ്ടത്..?”അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു.
“അത് ശരിയാണ്… ഞാൻ നിങ്ങളുടെ പാതി തന്നെയാണ്.സങ്കടങ്ങളും വിഷമങ്ങളും മാത്രമല്ല സന്തോഷങ്ങളും പങ്കുവയ്ക്കണം.
എന്തെങ്കിലും തീരുമാനം എടുക്കുമ്പോൾ അഭിപ്രായം ചോദിക്കണം.നമ്മുടെ ജീവിതത്തിൽ രണ്ടുപേർക്കും തുല്യ പങ്കാളിത്തമാണ് എന്ന് നമ്മളാണ് ഉറപ്പു വരുത്തേണ്ടത്..”
അവൾ പറഞ്ഞപ്പോൾ അവന് ആകെ ഒരു വല്ലായ്മ തോന്നി.” ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ പറയാതെ തന്നെ നിനക്ക് അറിയുന്നതല്ലേ..? ഞങ്ങളുടെ കുട്ടിക്കാലത്താണ് അച്ഛൻ മരിച്ചു പോയത്.
അതിനുശേഷം അമ്മ എത്രത്തോളം കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത് എന്ന് ഞങ്ങൾക്ക് രണ്ടാൾക്കും അറിയാം. അത് കണ്ട് വളർന്നതു കൊണ്ട് തന്നെ അമ്മയെ ഇനി കഷ്ടപ്പെടുത്താൻ ഞങ്ങൾക്ക് ആർക്കും താല്പര്യം ഇല്ല.. ”
അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.”അമ്മയെ കഷ്ടപ്പെടുത്തണമെന്ന് ഞാൻ പറഞ്ഞോ..? ഇവിടത്തെ അമ്മയെ ഞാൻ എന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ് കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അമ്മയ്ക്ക് എന്തെങ്കിലും ഒരു വിഷമം വരുന്നത് എനിക്ക് സഹിക്കുകയും ഇല്ല.”
അവൾ പറഞ്ഞത് അവൻ സമ്മതിച്ചു.”നീ അമ്മയെ നന്നായി തന്നെയാ നോക്കുന്നത്.. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. അമ്മ ഓരോ ആവശ്യങ്ങൾ പറയുമ്പോൾ എങ്ങനെയാണ് സാധിച്ചു കൊടുക്കാൻ പറ്റില്ല എന്ന് പറയുന്നത്..?
അതുപോലെ തന്നെയല്ലേ രമ്യയുടെ കാര്യവും..അവൾക്ക് എന്തെങ്കിലും ഒരു ആവശ്യം പറയുമ്പോൾ സാധിച്ചു കൊടുക്കാൻ ഞാൻ മാത്രമല്ലേ ഉള്ളൂ.. അവളുടെ അച്ഛന്റെ സ്ഥാനമല്ലേ എനിക്ക്..”
അവൻ പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത അമർഷം തോന്നി.”രാജീവേട്ടാ കടമകൾ നമ്മൾ ചെയ്യേണ്ടത് തന്നെയാണ്. പക്ഷേ അത് നമ്മുടെ കൈക്ക് ഒതുങ്ങുന്നത് ആയിരിക്കണം.
അല്ലാതെ ആഡംബരം കാണിക്കാൻ വേണ്ടി എല്ലായിടത്തു നിന്നും കടം വാങ്ങി ഓരോന്ന് കാണിച്ചു കൂട്ടുകയല്ല വേണ്ടത്.രമ്യയുടെ കാര്യം ഏട്ടൻ പറഞ്ഞല്ലോ..അവൾക്ക് പ്ലസ് ടു കഴിഞ്ഞപ്പോൾ നഴ്സിങ്ങിന് പോണം എന്ന് പറഞ്ഞു.
എൻട്രൻസ് എഴുതിയിട്ട് അഡ്മിഷൻ കിട്ടാതായപ്പോൾ അവൾ ഇവിടെ വന്ന് കരഞ്ഞു ബഹളം വെച്ച് ഇല്ലാത്ത പണം മുടക്കിയാണ് അവളെ നഴ്സിങ്ങിന് അയച്ചത്. അതിന് എത്ര ഇടത്തു നിന്ന് നമ്മൾ കടം വാങ്ങി എന്ന് ഓർമ്മയുണ്ടോ..?
എന്നിട്ട് പഠിക്കാൻ പോയവൾ കോഴ്സ് പൂർത്തിയാക്കിയോ..? ആറുമാസം പഠിക്കാൻ പോയിക്കഴിഞ്ഞപ്പോൾ അവൾക്ക് പഠിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് അവൾ ക്ലാസ് മതിയാക്കി.
അതു കഴിഞ്ഞപ്പോൾ അവൾക്ക് ഫാഷൻ ഡിസൈനിങ് പഠിക്കണം എന്ന് പറഞ്ഞു. അതിനും കൊണ്ടുപോയി ചേർത്തു. അവിടെയും കുറെ പണം ചെലവാക്കി ഒന്നും പഠിക്കാതെ അവൾ തിരികെ വന്നു.
അവസാനശ്രമം എന്നുള്ള നിലയ്ക്കാണ് അവൾ ഡിഗ്രി പഠിക്കാൻ പോയത്. ആ പോയ വഴിക്ക് അവൾ ഒരുത്തനെ സ്നേഹിക്കുകയും ചെയ്തു. ഒരിക്കലും പ്രണയിക്കുന്നത് തെറ്റാണ് എന്ന് ഞാൻ പറയില്ല. ആ പ്രണയം നമ്മൾ അംഗീകരിച്ചു കൊടുത്തതും ആണല്ലോ..
പക്ഷേ പരസ്പരം പ്രണയിക്കുന്ന അവരുടെ വിവാഹം ഉറപ്പിക്കുന്ന വേളയിൽ അവന്റെ വീട്ടുകാർ ഇവിടെ ഡിമാൻഡ് വെച്ചത് 50 പവൻ സ്വർണവും 5 ലക്ഷം രൂപയും ആയിരുന്നു..
അവനെ കിട്ടിയില്ലെങ്കിൽ ചത്തുകളയും എന്ന് നിങ്ങളുടെ അനിയത്തി പറഞ്ഞപ്പോൾ ലോണെടുത്താണ് നമ്മൾ അവളുടെ വിവാഹം നടത്തിയത്..
പരസ്പരം ആത്മാർത്ഥമായ സ്നേഹമായിരുന്നെങ്കിൽ ഇങ്ങനെ പണത്തിനു വേണ്ടി അവർ നിർബന്ധം പിടിക്കുമായിരുന്നോ..? അന്ന് നമ്മുടെ കയ്യിൽ പണമില്ല എന്ന് പറഞ്ഞപ്പോൾ അമ്മ ഇവിടെ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല..!
ലോണെടുത്ത് അവളുടെ വിവാഹം നടത്തി കൊടുത്തു അത് തിരിച്ചടയ്ക്കാൻ നിങ്ങൾ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് ഞാൻ ജോലിക്ക് പോയി തുടങ്ങിയത്. ജോലിക്ക് പോയി കിട്ടുന്ന പണം മുഴുവൻ ലോൺ അടയ്ക്കുക എന്നല്ലാതെ ഒരു കാര്യത്തിനും ഉപകാരപ്പെടാതെയായി.
അതോടെ അമ്മയുടെ കുത്ത് വാക്കുകൾ ഞാൻ കേൾക്കണം. ഞാൻ ജോലിക്ക് പോയിട്ടും കുടുംബത്തെ ചെലവ് നടത്തുന്നത് ഏട്ടനാണ് എന്ന് പറഞ്ഞിട്ടുള്ള കുത്തുവാക്ക്..
അതേ സമയം ലോൺ അടയ്ക്കുന്നത് ഞാനാണ് എന്ന് അമ്മ ഓർക്കാറില്ല..! കല്യാണം കഴിഞ്ഞ് കൃത്യം മൂന്നാം മാസം നിങ്ങളുടെ പെങ്ങൾ വിശേഷം അറിയിച്ചു.. ബെഡ് റസ്റ്റ് എന്ന് പറഞ്ഞ് അതോടെ അവൾ ഇവിടെ സ്ഥിര താമസമായി.
അന്ന് തുടങ്ങി പ്രസവം വരെ അവളുടെ സകല ചെലവുകളും നമ്മളാണ് നോക്കിയത്. ഇടയ്ക്കിടയ്ക്ക് അവൾക്ക് മസാലദോശ വേണം അത് വേണം ഇത് വേണം എന്ന് പറഞ്ഞു നമ്മളെ ഓടിച്ചതിന് കണക്കില്ല..
അവളുടെ ഭർത്താവിന് ഈ വക ഒരു ഉത്തരവാദിത്വവും ഇല്ല.. ആ സമയത്ത് ചെലവുകൾ കാരണം ലോണ് പലപ്പോഴും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. അടുത്തത് പ്രസവം…
ആദ്യത്തെ പ്രസവം പെണ്ണ് വീട്ടുകാർ നോക്കണം എന്ന് പണ്ടാരോ പറഞ്ഞത് കാരണം അതും നമ്മുടെ തലയിൽ ആയി. ഗവൺമെന്റ് ആശുപത്രി ഒന്നും അവൾക്ക് പറ്റില്ല.. ഏറ്റവും നല്ല പ്രൈവറ്റ് ആശുപത്രി തന്നെ വേണം..
ആ പേരിൽ പൊട്ടിയത് 2 ലക്ഷം രൂപയാണ്. അതും ലോൺ പുതുക്കി എടുത്തത്.. നൂലുകെട്ടും അതിനോട് അനുബന്ധിച്ച് ചെലവുകളും കാരണം പിന്നെയും നാട്ടുകാരിൽ നിന്ന് കടം വാങ്ങേണ്ടി വന്നു..
സ്വർണ്ണം എല്ലാം ഓരോ പവൻ വേണം.. അതിൽ കുറയ്ക്കാൻ പറ്റില്ല. 90ന് അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അവൾക്ക് ആവശ്യത്തിന് സാധനങ്ങൾ ഒക്കെ വേണം…
ഇതിനെല്ലാത്തിനും കൂടി എത്ര രൂപയാണ് പൊട്ടിയത് എന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ… ഇപ്പോൾ ഇതൊന്നും പോരാഞ്ഞിട്ട് മാസം അവൾക്ക് ഓരോരോ ആവശ്യങ്ങൾ പറഞ്ഞു ഇങ്ങോട്ട് പോരും..
നിങ്ങളുടെ മുന്നിൽ വന്നു കരഞ്ഞു കാണിക്കുമ്പോൾ ഉള്ളതും ഇല്ലാത്തതും എല്ലാം ചേർത്ത് അങ്ങ് എടുത്തു കൊടുക്കുകയും ചെയ്യും.. നമുക്കും രണ്ടു കുട്ടികൾ വളർന്നു വരികയാണ് എന്ന് മറന്നു പോകരുത്.. ”
അവൾ പറഞ്ഞത് കേട്ടപ്പോൾ ആകെ ഒരു കുറ്റബോധം തോന്നി.. അവൾ പറഞ്ഞത് ശരിയാണ്. ഇപ്പോൾ ജോലിക്ക് പോകുന്ന പണം മുഴുവൻ കടം വാങ്ങിയത് തിരിച്ചു കൊടുക്കാൻ അല്ലാതെ സമ്പാദ്യം എന്ന് പറയാൻ ഒരു രൂപ പോലും ഇല്ല.
എപ്പോഴെങ്കിലും ഒരു ആവശ്യം വന്നാൽ മറ്റൊരാളുടെ മുന്നിൽ കൈനീട്ടാതെ അത് നടത്തിയെടുക്കാൻ പോലും കഴിയില്ല എന്നൊരു അവസ്ഥ..!
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൻ പല തീരുമാനങ്ങളും എടുത്തു കഴിഞ്ഞിരുന്നു.
ഒരാഴ്ചയ്ക്കു ശേഷം പെങ്ങൾ വീട്ടിലേക്ക് വന്നിരുന്നു. അവൻ ജോലിക്ക് പോയി വന്നപ്പോൾ കാണുന്നത് വീട്ടിലുള്ള അനിയത്തിയെയാണ്. അവളെക്കണ്ട് ചിരിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി പോയി.
“ചേട്ടാ.. ഞാൻ ചേട്ടനോട് ചില കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് വന്നത്…”അവൾ പറഞ്ഞപ്പോൾ അവൻ കാര്യം എന്താണെന്ന് അന്വേഷിച്ചു. ആ സമയത്ത് തന്നെയാണ് ദിവ്യയും അവിടേക്ക് വന്നത്.
“അവിടെ വീടുപണി നടക്കുന്ന കാര്യം ചേട്ടന് അറിയാമല്ലോ..അടുത്തമാസം തന്നെ കയറി താമസം നടത്തണം എന്നാണ് അവിടെ എല്ലാവർക്കും.. കുറച്ചു പൈസയുടെ അത്യാവശ്യമുണ്ട്.. അത് ഇവിടെ നിന്ന് കിട്ടുകയാണെങ്കിൽ…”
അവൾ പറഞ്ഞു കൊണ്ട് ചേട്ടനെ നോക്കി. ദിവ്യയുടെ മുഖം ആകെ വല്ലാതെയായി. അടുത്ത ഒരു ബാധ്യതയെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്.ഇത് എങ്ങനെ കൊടുത്തു തീർക്കുമെന്നാണ്…?
” പൈസ എന്ന് പറയുമ്പോൾ നീ എത്രയാ ഉദ്ദേശിക്കുന്നത്..? “അവൻ ചോദിച്ചു.” അത് ചേട്ടാ ഒരു 5 ലക്ഷം എങ്കിലും… ”
അവൾ പറഞ്ഞപ്പോൾ ദിവ്യ നെഞ്ചത്ത് കൈവെച്ചു പോയി. 5 ലക്ഷം രൂപയോ…? അവൾ പെട്ടെന്ന് രാജീവിന്റെ മുഖത്തേക്ക് നോക്കി.. അവൻ എന്തൊക്കെയോ ചിന്തയിലാണ് എന്ന് കണ്ടപ്പോൾ അവൾക്ക് ആദി വർദ്ധിച്ചു.
അപ്പോഴേക്കും അമ്മയും അവിടെ എത്തിയിരുന്നു.”ചേട്ടൻ ഒന്നും പറഞ്ഞില്ല…?”അവന്റെ ആലോചന കണ്ടപ്പോൾ രമ്യ വീണ്ടും ചോദിച്ചു.
” അതിപ്പോൾ ഇത്ര പറയാൻ എന്തിരിക്കുന്നു പണം അവൻ എവിടെ നിന്നെങ്കിലും ഒപ്പിച്ചു തരും.. നിന്റെ കാര്യങ്ങളൊക്കെ നോക്കേണ്ടത് അവന്റെ കടമ തന്നെയല്ലേ..? ”
അമ്മ പറഞ്ഞത് കേട്ടപ്പോൾ ദിവ്യയ്ക്ക് ആകെ ദേഷ്യം വന്നു.” അമ്മ ഇതെന്തു വർത്തമാനം ആണ് പറയുന്നത്..? ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ഈ ലക്ഷങ്ങൾ എടുത്ത് ചെലവാക്കാൻ രാജീവേട്ടന് വലിയ ഉദ്യോഗം ഒന്നുമല്ല..
കിട്ടുന്ന ശമ്പളം മുഴുവൻ പലതരത്തിലുള്ള ലോണുകൾ അടയ്ക്കാനും കടങ്ങൾ തിരിച്ചു കൊടുക്കാനും മാത്രമേ തികയുന്നുള്ളൂ. ഇവിടെ മാസം ചെലവ് നടത്താൻ ഞങ്ങൾ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. അതിനിടയ്ക്കാണ് വീണ്ടും വീണ്ടും ഓരോന്ന്… ”
അവൾ ദേഷ്യത്തോടെ പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
“ഞങ്ങളുടെ കുടുംബ കാര്യത്തിൽ നീ എന്തിനാ അഭിപ്രായം പറയുന്നത്.? അവൾക്ക് ഒരു ആവശ്യം വന്നപ്പോൾ അവൾ അവളുടെ ചേട്ടനോട് വന്നു ചോദിച്ചു.
അത് നടത്തി കൊടുക്കേണ്ടത് അവന്റെ ഉത്തരവാദിത്തമാണ്. നീ അതിനകത്ത് കയറി ഇടംകോലിടാൻ നടക്കണ്ട.. ”
ദേഷ്യത്തോടെ അമ്മ പറഞ്ഞപ്പോൾ അവൻ അമ്മയെ ഒന്ന് നോക്കി. സങ്കടത്തോടെ ദിവ്യ തലതാഴ്ത്തി.
” അവൾ പറഞ്ഞത് എന്താ അമ്മ തെറ്റ്..? ഞാൻ പണം കായ്ക്കുന്ന മരം ഒന്നുമല്ലല്ലോ.. ഇവൾക്ക് വേണ്ടി കല്യാണത്തിന് ഞാനെടുത്ത ലോൺ ഇതുവരെയും അടച്ചു കഴിഞ്ഞിട്ടില്ല..
ലോൺ ഞാനല്ല അടയ്ക്കുന്നത്.. മാസം കിട്ടുന്ന ശമ്പളം അതേപടി കൊണ്ടുപോയി ബാങ്കിൽ അടയ്ക്കുന്നത് അവളാണ്.
അപ്പോൾ പിന്നെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഒക്കെ അവൾക്കുണ്ട്. ആ ലോങ്ങ് ഞാൻ അടച്ചു തീർക്കുന്നതിനു മുൻപ് ഇവളുടെ പ്രസവവും അതിന്റെ കാര്യങ്ങളും ഒക്കെയായി എത്ര ലക്ഷമാണ് ഞാൻ ബാധ്യത ഉണ്ടാക്കി വച്ചത് എന്നറിയാമോ..?
അതും പോരാഞ്ഞ് അവൾ ഓരോരോ ആവശ്യം പറഞ്ഞു വരുമ്പോൾ അത് മുഴുവൻ ഞാൻ നടത്തി കൊടുക്കുന്നില്ലേ..? ഇപ്പോൾ ഈ 5 ലക്ഷം രൂപ ഞാൻ എവിടെ എടുത്തു കൊടുക്കും എന്നാണ്…?
നീക്കിയിരിപ്പ് എന്ന് പറയാൻ എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയാണ്. എന്തായാലും ഇവൾ പറഞ്ഞ പണം എന്നെ കൊണ്ട് കൊടുക്കാൻ പറ്റില്ല.
ഇവളുടെ ആവശ്യങ്ങളെ കുറിച്ച് ബോധവാദിയാകുന്ന അമ്മ വല്ലപ്പോഴുമെങ്കിലും ഞാൻ അമ്മയുടെ മകൻ ആണെന്ന് ഓർക്കണം. എനിക്കുള്ള വരുമാനം എത്രയാണ് എന്നുള്ള കാര്യവും ഒന്ന് ഓർമ്മയിൽ വയ്ക്കുന്നതും നല്ലതാ.. ”
അവൻ പറഞ്ഞത് കേട്ട് അമ്മ തലതാഴ്ത്തി.ശരിയാണ്….അവന്റെ വരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല.. മകൾ ഓരോ ആവശ്യം പറയുമ്പോൾ അവളെ നന്നായി നോക്കണം എന്ന് മാത്രമാണ് ചിന്തിച്ചത്..
” അമ്മയോട് ക്ഷമിക്കു മോനെ… ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കാൻ വൈകി.. അവൾക്ക് പല ആവശ്യങ്ങളും ഉണ്ടാകും. നമ്മളെക്കൊണ്ട് കഴിയുന്നതു കൊടുത്താൽ മതി. അഥവാ കഴിയുന്നില്ലെങ്കിൽ അത് വേണ്ടെന്നു വയ്ക്കണം.. ”
മകനോട് പറഞ്ഞുകൊണ്ട് അവർ മകൾക്ക് നേരെ തിരിഞ്ഞു.” അവിടെ വീട് വയ്ക്കുന്നത് നിന്റെയും നിന്റെ ഭർത്താവിന്റെയും ഉത്തരവാദിത്വമാണ്. നിനക്ക് തരാനുള്ളതൊക്കെ തന്നത് തന്നെയാണ് നിന്നെ ഇവിടെ നിന്ന് ഇറക്കിവിട്ടത്.
50 പവനും 5 ലക്ഷം രൂപയും തന്നാണ് നിന്റെ വിവാഹം നടത്തിയത്. ആ 5 ലക്ഷം രൂപ നിന്റെ വീട് പണിക്ക് വേണ്ടി ഞങ്ങൾ തന്നതാണ് എന്ന് കണക്കാക്കിയാൽ മതി. ഇനി ഇങ്ങനെ ഒരു ആവശ്യം പറഞ്ഞു ചേട്ടനെ ബുദ്ധിമുട്ടിക്കരുത്.. ”
അമ്മ പറഞ്ഞത് ഇഷ്ടപ്പെടാതെ അവൾ ഇറങ്ങി പോയെങ്കിലും എന്നെങ്കിലും ഒരിക്കൽ അവൾക്കും നല്ല ബുദ്ധി തോന്നും എന്നൊരു ചിന്തയായിരുന്നു ആ സമയം വീട്ടിലുള്ളവർക്കൊക്കെയും…