കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും

(രചന: ശ്രേയ)

“കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും പറഞ്ഞു വരികയാണ് അവൾ…

ഇവിടെ ഞാൻ അവളെ എന്തോ കഷ്ടപ്പെടുത്തുന്നു എന്നൊക്കെയാണ് അവൾ പറയുന്നത്.. അവളെ കാരണം നാട്ടുകാരുടെ മുഖത്ത് പോലും നോക്കാൻ പറ്റാതെ കഷ്ടപ്പെടുന്നത് ഞങ്ങൾ ആണെന്ന് ആർക്കറിയാം..?”

രാവിലെ തന്നെ അമ്മായിയമ്മയുടെ ബഹളം കേൾക്കുന്നുണ്ട്..ഇത് മിക്ക ദിവസവും പതിവുള്ള ആയതുകൊണ്ട് അവൾ അത് ശ്രദ്ധിക്കാൻ പോയില്ല.!

എങ്കിലും അവളുടെ കണ്ണുകളിൽ നനവ് പറ്റി തുടങ്ങിയിരുന്നു.അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.. എന്നിട്ടും ഇങ്ങനെ ദിനംപ്രതി കുറ്റപ്പെടുത്തൽ കേൾക്കാനാണ് തന്റെ വിധി..!!അവൾ നെടുവീർപോടെ ചിന്തിച്ചു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പ്രണയം ഉണ്ടാകുന്നത്. പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് തോന്നിയതായിരിക്കും..
പക്ഷേ അത് തന്റെ ജീവിതം തന്നെ തകർത്തു കളയുന്ന രീതിയിൽ മുന്നോട്ടു വരുമെന്ന് അവൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല..!!

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അതേ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി വന്നു അവളോട് പ്രണയം പറയുന്നത്. ഹരീഷ് എന്നായിരുന്നു അവന്റെ പേര്..

കാണാൻ ഭംഗിയുള്ള എപ്പോഴും അവൾ കാണുന്ന ആ ചെറുപ്പക്കാരനോട് തിരികെയും അവൾക്ക് ഒരു അനുരാഗം മൊട്ടിട്ടു. അവൾ അത് അവനോട് തുറന്നു പറഞ്ഞില്ലെങ്കിലും അവളുടെ ഉള്ളിൽ അവനോട് ഇഷ്ടമുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ സ്കൂൾ വിടുന്ന സമയത്തും സ്കൂളിലേക്ക് പോകുന്ന സമയത്ത് ഒക്കെ അവളുടെ മുന്നിലും പിന്നിലുമായി അവൻ ഉണ്ടാകാറുണ്ട്. പരസ്പരം ഒളികണ്ണിട്ട് നോക്കിയും സംസാരിച്ചും ഒക്കെ അവർ തമ്മിൽ അടുത്തു.

അവർ തമ്മിൽ ഒരു അടുപ്പം ഉണ്ടായതിനു ശേഷം ആണ് അവന്റെ സ്വഭാവം തീരെ ശരിയല്ല എന്നുള്ള രീതിയിൽ അവളുടെ കൂട്ടുകാരികൾ അവളോട് സംസാരിക്കുന്നത്. അതൊന്നും വിശ്വസിക്കാൻ അവൾ തയ്യാറായിരുന്നില്ല.

പക്ഷേ അവർ അവളുടെ മുന്നിൽ തെളിവുകൾ നിരത്തി. അതോടെ ഒന്നും വിശ്വസിക്കാതെ തരമില്ല എന്നൊരു അവസ്ഥയിലേക്ക് അവൾ എത്തിച്ചേർന്നു.

സ്കൂളിലെ തന്നെ പല പെൺകുട്ടികളും ആയി അവൻ അടുപ്പമുണ്ട് എന്നറിഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് ആകെ ഒരു ഞെട്ടൽ ആയിരുന്നു. അവനിൽ നിന്ന് അവൾ പതിയെ പതിയെ അകലാൻ തുടങ്ങി.

പക്ഷേ അവളുടെ മാറ്റം മുൻകൂട്ടി കണ്ട അവൻ അവളെ കൂടുതൽ കൂടുതൽ തന്നിലേക്ക് അടുപ്പിക്കാൻ ആണ് ശ്രമിച്ചത്. അവൾ ഒഴിഞ്ഞുമാറി പോകുമ്പോഴൊക്കെയും അവൻ അവൾക്ക് തടസ്സം നിൽക്കും.

” നിനക്ക് ഞാനൊരു ടൈംപാസ് ആയിരുന്നതുകൊണ്ടല്ലേ ഇപ്പോൾ നീ എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത്..? പക്ഷേ ഞാൻ നിന്റെ കാര്യത്തിൽ സീരിയസ് ആയിരുന്നു.. ”

ഒരിക്കൽ അവളോട് അവൻ പറഞ്ഞു.” നിനക്ക് ഈ സ്കൂളിൽ പലരുമായി അടുപ്പം ഉണ്ടെന്നാണല്ലോ ഞാൻ അറിഞ്ഞത്.. അങ്ങനെ ഒരാളിനെ എനിക്ക് വേണ്ട.. എന്നെ മാത്രം സ്നേഹിക്കാൻ പറ്റുമെങ്കിൽ എന്നോടൊപ്പം വന്നാൽ മതി..”

അവൾ അതിനു മറുപടിയും പറഞ്ഞു. അവളുടെ മറുപടി ഇഷ്ടപ്പെടാതെ അന്ന് അവൻ അവളോട് ഒരുപാട് ദേഷ്യപ്പെട്ടാണ് കടന്നു പോയത്.

ആ ഒരു സംഭവത്തോടെ താൻ രക്ഷപ്പെട്ടു എന്നാണ് അവൾ കരുതിയിരുന്നത്.പക്ഷേ പരീക്ഷണങ്ങൾ ആരംഭിച്ചത് അതിനുശേഷം ആയിരുന്നു.

കുറച്ചുനാളുകൾ അവളോട് മിണ്ടാതെ അവൻ പിണങ്ങി നടന്നെങ്കിലും പതിയെ പതിയെ അവൻ വീണ്ടും അവളോട് അടുക്കാൻ ശ്രമിച്ചു. അപ്പോഴേക്കും അവൾ പത്താം ക്ലാസിലേക്ക് എത്തിയിരുന്നു.

ഒരിക്കൽ അവളോട് പോലും പറയാതെ രാത്രിയിൽ മതില് ചാടി അവൻ അവളുടെ വീട്ടിൽ എത്തി. അവളുടെ മുറിയുടെ ജനാലയിൽ വന്ന് അവൻ തട്ടി വിളിക്കുകയും ചെയ്തു.

ആ സമയത്ത് ഒരു ശബ്ദം കേട്ടപ്പോൾ അവൾ നന്നായി ഭയന്നു.” ഞാൻ ഹരീഷാണ്.. നീ വാതിൽ തുറക്ക്.. എനിക്ക് നിന്നോട് അത്യാവശ്യമായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.. ”

പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു കൊണ്ടിരുന്നു. അത് കേട്ടപ്പോൾ അവൾക്ക് ഭയം വർദ്ധിക്കുകയാണ് ചെയ്തത്.

“ഞാൻ വാതിൽ തുറക്കില്ല.. എനിക്ക് നിന്നോട് ഈ സമയത്ത് ഒന്നും സംസാരിക്കാനും ഇല്ല.. ദയവുചെയ്ത് പ്രശ്നങ്ങൾ ഉണ്ടാക്കാതെ നീ പോണം..”

അവൾ കരഞ്ഞു കൊണ്ട് അവനോട് അപേക്ഷിച്ചു. പക്ഷേ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ.. അവൻ വീണ്ടും വീണ്ടും അവിടെ തട്ടി വിളിച്ചു.

അവൾ വാതിൽ തുറക്കാതെ അവനെ ദേഷ്യം വന്നിട്ട് ശബ്ദം കൂടി.ആ ശബ്ദം കാരണം അവളുടെ വീട്ടുകാരും അയലത്തെ ആളുകളും ഒക്കെ ഉണർന്നു എന്ന് വേണം പറയാൻ.

ആളുകൾ കൂടി. അവനെ എല്ലാവരും കൂടി വളഞ്ഞിട്ടു പിടിക്കുകയും ചെയ്തു. അർദ്ധരാത്രിയിൽ ഒരു പെൺകുട്ടിയുടെ മൂറിയുടെ മുന്നിൽ നീ എന്തിനു വന്നു എന്ന ചോദ്യത്തിന് അവന്റെ മുന്നിൽ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ..

” ഞാനും അവളും തമ്മിൽ കുറെ നാളായി ഇഷ്ടത്തിലാണ്. അവൾ വിളിച്ചിട്ടാണ് ഞാൻ വന്നത്.. ”

അവന്റെ ആ മറുപടി അവളെയും അവളുടെ വീട്ടുകാരെയും തകർത്തു കളഞ്ഞിരുന്നു. അച്ഛൻ അവിടെത്തന്നെ തളർന്നു വീണു. അമ്മ കരച്ചിലും നിലവിളിയും തുടങ്ങി.

അപ്പോഴും കേട്ടത് വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ..അവന്റെ ആ തുറന്നു പറച്ചിൽ നിന്ന് ശേഷം നാട്ടുകാർക്കിടയിൽ പല മുറുമുറുപ്പും ഉണ്ടായി.

” എന്നാലും ആ പെണ്ണിന്റെ ധൈര്യം നോക്കണേ.. ഇങ്ങനെയൊരു സമയത്ത് ഒരു ചെറുക്കനെ വിളിച്ച് വീട്ടിൽ കയറ്റുക എന്നൊക്കെ പറഞ്ഞാൽ.. ഇത് ആദ്യമായിട്ടാണോ എന്ന് ആർക്കറിയാം..? കാലം പോകുന്ന ഒരു പോക്കേ.. ”

പലരും ഇങ്ങനെ പലതരത്തിലുമുള്ള അഭിപ്രായം പറയുമ്പോൾ ഭൂമി തുറന്നു താഴേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുമാത്രമാണ് അവൾ ആഗ്രഹിച്ചത്. ആരെയും തലയുയർത്തി നോക്കാൻ പോലും കഴിയാതെ അവൾ നിസ്സഹായയായി.

ആ സംഭവത്തിനു ശേഷം കുറെ നാളുകൾ അവൾക്ക് വീടിനു പുറത്തേക്കിറങ്ങി നടക്കാൻ പോലും കഴിയില്ല ആയിരുന്നു. വീട്ടിൽ അച്ഛനും അമ്മയും അവളോട് മുഖത്തു നോക്കി സംസാരിക്കാറു പോലുമില്ല.

ആത്മഹത്യയെ കുറിച്ച് പോലും അവൾ ആ സമയത്ത് ചിന്തിച്ചിരുന്നു. പക്ഷേ അപ്പോഴും തെറ്റ് ചെയ്തവൻ യാതൊരു പ്രശ്നവുമില്ലാതെ സമൂഹത്തിൽ ഇറങ്ങി നടക്കുന്നുണ്ടായിരുന്നു.

എങ്ങനെയെങ്കിലും അവളെ തലയിൽ നിന്ന് ഒഴിപ്പിച്ചു വിടണം എന്നൊരു ചിന്തയോടെയാണ് അവളുടെ 18 വയസ്സിൽ തന്നെ അവളുടെ അഭിപ്രായം പോലും ചോദിക്കാതെ ഒരാളുടെ തലയിൽ അവളെ കെട്ടിവച്ചത്.

കല്യാണത്തിന് മുൻപ് കല്യാണം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരൻ ആരാണ് എന്ന് പോലും അവൾ കണ്ടിട്ടുണ്ടായിരുന്നില്ല. നാട്ടുകാരിൽ ചിലർ പറഞ്ഞു കാര്യങ്ങളൊക്കെ അവന്റെ വീട്ടുകാരും അറിഞ്ഞിട്ടുണ്ടായിരുന്നു.

പക്ഷേ അതവൾ മനസ്സിലാക്കിയത് വിവാഹത്തിന് ശേഷമാണ് എന്ന് മാത്രം.ആദ്യരാത്രിയിൽ ഭർത്താവിനെയും കാത്ത് മണിയറയിലിരുന്ന് അവളുടെ മുന്നിലേക്ക് വന്നുകൊണ്ട് അയാൾ ചോദിച്ചത് അങ്ങനെയൊരു ചോദ്യമായിരുന്നു.

” ഇന്ന് നമ്മുടെ ആദ്യ രാത്രി ആണല്ലോ.. സോറി സോറി നിനക്ക് ഇത് ആദ്യമായിരിക്കില്ല.. ചെറിയ പ്രായത്തിൽ തന്നെ ആരെയോ വിളിച്ചു മുറിയിൽ കയറ്റിയ പാരമ്പര്യം ആണല്ലോ…”

അയാളുടെ ആ സംസാരത്തിൽ നിന്ന് തന്നെ ഇനിയുള്ള ജീവിതം അത്ര സുഖകരം ആവില്ല എന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.

അയാളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ഒരുപാട് ശ്രമിച്ച എങ്കിലും ഒന്നും കേൾക്കാനുള്ള മാനസികാവസ്ഥ അയാൾക്ക് ഉണ്ടായിരുന്നില്ല.. ഈ ഭൂമിയിൽ അയാൾ കണ്ടതിൽ വച്ച് ഏറ്റവും മോശം സ്ത്രീ അവളാണ് എന്നുള്ള രീതിയിലായിരുന്നു അയാളുടെ പെരുമാറ്റം.

അയാളുടെ അമ്മയും ആ കാര്യത്തിൽ പിന്നോട്ടായിരുന്നില്ല.. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് വിവാഹം നടത്തിയത് എങ്കിലും താൻ അവരെ എങ്ങനെയൊക്കെയോ വഞ്ചിച്ചു എന്നുള്ള രീതിയിലാണ് അവരുടെ സംസാരം..!

താൻ അറിയാതെ തന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സൃഷ്ടിച്ച ഹരീഷ് അപ്പോഴും യാതൊരു പ്രശ്നവുമില്ലാതെ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കുന്നുണ്ടായിരുന്നു.

അവന്റെ പ്രതികാര ബുദ്ധിക്ക് ഇരയായ തനിക്ക് ജീവിതാവസാനം വരെയും ഇങ്ങനെ ആട്ടും തുപ്പും കേട്ട് ജീവിക്കാനാണ് വിധി..!

അത് ഓർക്കവേ അവളുടെ കണ്ണുകൾ നിറഞ്ഞു.. അതിനെ വേഗം തുടച്ചു നീക്കിക്കൊണ്ട് അവൾ തന്റെ പണികൾ വേഗത്തിൽ തന്നെ തീർക്കാൻ തുടങ്ങി..യാന്ത്രികമായി അവളുടെ ജീവിതവും മുന്നോട്ടു പോകുന്നു…

Leave a Reply

Your email address will not be published. Required fields are marked *