അപ്പോ നി അങ്ങേരുടെ മുന്നിൽ ഇട്ടു കാണിച്ചോ…. ” ഉള്ളിൽ ഉണ്ടായിരുന്ന സംശയം അതുപോലെ പുറത്തേക് വന്നു…

ഓളുടെ പിങ്ക് നൈറ്റി
(രചന: ശ്യാം കല്ലുകുഴിയില്‍)

ആഴ്ച്ചതോറും തുണിയും കൊണ്ട് വരുന്ന തമിഴന്റെ കയ്യിൽ നിന്നാണ് ഓൾ പിങ്ക് നിറമുള്ള വെൽവറ്റ് നൈറ്റി വാങ്ങിയത്.

അന്ന് രാവിലെ മുതൽ തടി ലോഡിങ് ആയത് കൊണ്ട് വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴേക്കും നന്നേ ക്ഷീണിച്ചിരുന്നു….

” എടിയേ ലേശം വെള്ളം ചൂടാക്കുമോ കുളിക്കാൻ…. “അത് പറഞ്ഞ് ഉമ്മറത്തേക്ക് കയറുമ്പോൾ പതിവുള്ള മുറുമുറുപ്പ് ഇല്ലാതെ ഓള് വെള്ളം ചൂടാക്കാൻ പോയപ്പോൾ ഇവൾക്കിത് എന്തുപറ്റിയെന്ന് മനസ്സിൽ ആലോചിച്ചിരുന്നു…

വെള്ളം ചൂടാക്കി കുളിമുറിയിലെടുത്ത് വയ്ക്കുമ്പോഴും, കുളിച്ച് വന്നപ്പോൾ ചായ കൊണ്ട് തന്നപ്പോഴും ഓളുടെ മുഖത്ത് പ്രത്യേക സന്തോഷമുള്ളത് ശ്രദ്ധിച്ചിരുന്നു,

ഇതുപോലുള്ള നോട്ടവും ചിരിയും ഇതിന് മുന്നേ കണ്ടത് ഓള് ഗർഭിണിയായപ്പോൾ ആയിരുന്നു ആ സർപ്രൈസ് പൊട്ടിച്ചത് രാത്രി കിടക്കാൻ നേരവും..

ഇനിയിപ്പോ വീണ്ടും…മനസ്സിൽ ഒരുപാട് കണക്കുകൾ കൂട്ടിയും കിഴിച്ചും നോക്കി….ഏയ് അങ്ങനെ വരാൻ വഴിയില്ല, എന്ന് മനസ്സിൽ ഉറപ്പിച്ചെങ്കിലും പിന്നെയും എവിടെയൊക്കെയോ സംശയം ഉണ്ടായിരുന്നു….

” വാപ്പയെന്താ കയ്യിലേയും കാലിലേയും വിരലുകൾ എണ്ണി കണക്ക് കൂട്ടുന്നത്…. “ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന എന്റെയടുക്കലേക്ക് പേനയും പേപ്പറും കൊണ്ട് വന്നാണ് ഇളയവൻ ചോദിച്ചത്…

“അത് ഒന്നും ഇല്ലടാ മോനെ… വാപ്പ ഇത് വേറെ കുറെ കണക്കുകൾ കൂട്ടിയത….””എന്തായലും വാപ്പയെന്നോട് പറ,ഞാൻ കൂട്ടി തരാം…കണ്ട കണ്ട എനിക്കാണ് കണക്കിന്‌ സ്കൂളിൽ ഫസ്റ്റ്….” അവന്റെ ഒന്നാം ക്ലാസ്സിലെ കണക്ക് ബുക്ക്‌ എനിക്ക് മുന്നിൽ തുറന്ന് വച്ച് അവൻ നെഞ്ചും വിരിച്ച് നിന്നു…

” ഈ കണക്ക് അങ്ങനെയൊന്നും കൂട്ടാൻ പറ്റൂല മോനെ… തൽക്കാലം നി ഇത് കൂട്ടി പഠിക്ക്…. ”

അത് പറഞ്ഞ് അവന് രണ്ട് മൂന്ന് കണക്കും ഇട്ട് കൊടുത്ത്, ഞാൻ വീണ്ടും എന്റെ കണക്ക്കൂട്ടലുകൾ തുടർന്നു, എങ്ങനെയെങ്കിലും കിടക്കാനുള്ള സമയം ആയാൽ മതിയായിരുന്നു എന്നായി പിന്നെയുള്ള ചിന്ത. അത് കൊണ്ട് തന്നെയാണ് അന്ന് നേരത്തെ അത്താഴം കഴിച്ച് മുറിയിൽ കയറി കിടന്നത്….

ഓള് പിള്ളേർക്ക് നേരത്തെ അത്താഴം കൊടുക്കുന്നതും, ഉറങ്ങാൻ പറഞ്ഞുവിടുന്നതും കേട്ടപ്പോൾ മനസ്സിലെ സംശയം കൂടി വന്നു…

” നിങ്ങളുറങ്ങിയോ…. ” അതും പറഞ്ഞാണ് ഓള് മുറിയിലേക്ക് വന്നത്…” ഇല്ല…. ” കണ്ണുകൾ തുറക്കാതെ അലസമായിയാണ് അത് പറഞ്ഞത്…

“എന്നാ ഉറങ്ങേണ്ട ഞാൻ മേലുകഴുകി വരാം….”അല്ലേ കുളിക്കാൻ മടിയുള്ളവളാണ് ഈ രാത്രി മേലുകഴുകാൻ പോകുന്നത്, അത് കൂടി കേട്ടപ്പോ ഇനിയിപ്പോ വരാൻ പോകുന്ന ചിലവിനെ കുറിച്ചായിരുന്നു ബാക്കി ചിന്തകൾ…” ഇങ്ങളൊന്ന് കണ്ണ് തുറന്നെ… ”

ഏതാണ്ട് പത്ത് മിന്നിട്ട് കഴിഞ്ഞാണ് ഓളുടെ ശബ്ദം മുറിയിൽ കേട്ടത്, കണ്ണ് തുറന്ന ഞാൻ അറിയാതെ വായും തുറന്ന് ഓളെ നോക്കി കിടന്ന് പോയി. പിങ്ക് നിറമുള്ള വെൽവറ്റ് നൈറ്റിയും ഇട്ടവൾ എന്റെ മുന്നിൽ നിന്നപ്പോൾ ഇത് ഓള് തന്നെയാണോ എന്നൊരു നിമിഷം എനിക്ക് സംശയമുണ്ടായി…..

” എന്താ മനുഷ്യാ ഇങ്ങനെ നോക്കുന്നെ…” അത് പറഞ്ഞ് നാണത്താൽ എനിക്ക് പുറം തിരിഞ്ഞ് കണ്ണാടിക്ക് മുന്നിലേക്ക് ഓള് നിൽക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ കണക്ക് കൂട്ടലുകളും മാഞ്ഞു പോയി….

” ഇതെന്തോന്ന് വേഷം… ” കുറച്ച് നേരം വായും തുറന്ന് ഓളെ നോക്കി ഇരുന്ന ശേഷമാണ് ഞാൻ ചോദിച്ചത്…

” എങ്ങനെയുണ്ട്,.. ആ തമിഴന്റെ കയ്യിൽ നിന്ന് വാങ്ങിയത… “ഓള് അടിമുടി സ്വയം നോക്കിക്കൊണ്ട് എന്നോട് ചോദിച്ചു…..” പിന്നെ നന്നായിട്ടുണ്ട്…. ”

” ആ തമിഴനും പറഞ്ഞു എനിക്ക് നന്നായി ചേരുന്നുണ്ടെന്ന്… “ഓള് അഭിമാനത്തോടെ പറയുമ്പോൾ വീണ്ടും അടഞ്ഞ വായ തുറന്നു…” അപ്പോ നി അങ്ങേരുടെ മുന്നിൽ ഇട്ടു കാണിച്ചോ…. ”

ഉള്ളിൽ ഉണ്ടായിരുന്ന സംശയം അതുപോലെ പുറത്തേക് വന്നു…” ഇല്ല മനുഷ്യ ഞാനിത് എടുത്തപ്പോൾ അങ്ങേര് എന്നോട് പറഞ്ഞതാണ്… ”

ഈ കാലമാടനൊക്കെ വേറെ ഒരു പണിയുമില്ലേ വെറുതെ മനുഷ്യന്റെ ഉള്ള സമാധാനം കൂടി കളയാൻ, ആ തമിഴനെ മനസ്സിൽ പ്രാകുമ്പോഴും ഓള് കണ്ണാടിക്ക് മുന്നിൽ തന്നെ ആയിരുന്നു…

” അതേ… നീയിത് രാത്രി മാത്രം ഇട്ടാൽ മതി ട്ടാ… പകൽ വീട്ടിൽ നിൽകുമ്പോൾ ഇത് ഇടേണ്ട…”

ഞാനത് പറഞ്ഞതും ഓളുടെ മുഖത്തെ ചിരി മാറി അവളിലേക്ക് നാഗവല്ലി കടക്കുന്നെന്ന സത്യം ഞാൻ അറിഞ്ഞിരുന്നു…” അതെന്താ പകൽ ഇട്ടാൽ, ഇടാനല്ലേ ഇത് വാങ്ങിയത്… ”

അവളുടെ ശബ്ദവും ഭാവവും മാറി വന്നപ്പോൾ ഒന്നും മിണ്ടാതെ കണ്ണടച്ച് ഞാൻ കിടന്നു. പുറമെ ദേഷ്യം കാണിച്ചാലും ഞാൻ പിണങ്ങി ഇരുന്നാൽ പിന്നെ ഓളത് ചെയ്യില്ല എന്നറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ കിടന്നുറങ്ങി…

പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ കസേരയിൽ കിടന്ന് എന്നെ നോക്കുന്ന ഓളുടെ നൈറ്റി കണ്ടപ്പൊഴാണ് മനസ്സിനൊരു ആശ്വാസം ആയത്.

അന്ന് രാവിലെ പിന്നെ ഒന്നും മിണ്ടാൻ നിന്നാൽ നിന്നാൽ അവളുടെ വായിൽ ഇരിക്കുന്നത് എല്ലാം കേൾക്കേണ്ടി വരുമെന്ന് അറിയുന്നത് കൊണ്ട് മിണ്ടാതെ ജോലിക്ക് പോയി…..

അന്ന് നേരത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ചാറ്റൽ മഴയുണ്ടായിരുന്നു. മുറ്റത്തേക്ക് എത്തുമ്പോൾ കാണുന്നത് ഓള് മഴയത്ത് ആ പിങ്ക് നൈറ്റിയും ഇട്ട് മുറ്റമടിക്കുന്നതാണ്,…

ആദ്യം കണ്ണുകൾ ഓളിലേക്കും പിന്നെ കണ്ണുകൾ ചുറ്റും ആരെങ്കിലും ഉണ്ടോ എന്നുമാണ് തിരഞ്ഞത്, അപ്പോഴാണ് കിഴക്ക് വശത്തെ വീടിന്റെ ടെറസിന്റെ മുകളിൽ മഴയത്ത് കുടയും പിടിച്ച് പച്ചക്കറിക്ക് വെള്ളം ഒഴിക്കുന്ന, അതുവരെ വീടിന്റെ പുറത്ത് കാണാത്ത കുടവയറുള്ള ആ മനുഷ്യനെ കാണുന്നത്,

എന്റെ ദയനീയ നോട്ടത്തിൽ ആയൾ തിരിഞ്ഞ് നിന്നപ്പോൾ കണ്ണുകൾ നേരെ തെക്ക് വശത്തേക്ക് നീങ്ങിയത്, അവിടെയും തേക്കോട്ടേക്കെടുക്കാറായ ഒരു മനുഷ്യൻ ടെറസിന്റെ മുകളിൽ നിന്ന് ഒരു കാര്യവും ഇല്ലാതെ ഭിത്തിയിലെ പായൽ ചുരണ്ടി കളയുന്നുണ്ട്….

വടക്കും പടിഞ്ഞാറും വീടുകൾ ഒന്നും ഇല്ലാതിരുന്നത് ഭാഗ്യമെന്ന് മനസ്സിലോർത്ത് ഓളുടെ അടുക്കലേക്ക് ചെന്നു..

” നീ എന്തിനാ ഈ മഴയത്ത് മുറ്റമടിക്കുന്നത്…. ” എന്റെ ചോദ്യം കേട്ടാണ് അവൾ തല ഉയർത്തി നോക്കിയത്….

“നിങ്ങളിന്ന് നേരത്തെ വന്നോ…” അത് ചോദിച്ചവൾ വീണ്ടും മുറ്റമടി തുടർന്നു…” നീ ഈ മഴ നനഞ്ഞ് പനി പിടിപ്പിക്കല്ലേ, നിനക്ക് ആ ഷാൾ എങ്കിലും തലയിൽ ഇട്ടൂടെ…. ” എന്റെ ലക്ഷ്യം വേറെ ആണെങ്കിലും തൽക്കാലം മഴയിൽ തന്നെ പിടിച്ച് മുന്നോട്ട് പോയി…

” ഇനിയിപ്പോ കുളിക്കാനുള്ളതല്ലേ, ഇത് കൂടി കഴിഞ്ഞ് കുളിക്കാം… “” അത് വേണ്ട നി പനി പിടിച്ച് കിടന്നാൽ ആകെ പണിയാകും. നീ ആ ചൂലിങ്ങ് തന്നെ ഞാൻ അടിച്ചോളാം… ” ഓള് അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് കണ്ടപ്പൊഴാണ് അടവ് മാറ്റി പിടിച്ചത്…

” ഈ മനുഷ്യനിതെന്താ,.. അപ്പോ നിങ്ങൾക്ക് പനി വരൂലേ…. ” ഓള് നിവർന്ന് നടുവിന് കയ്യും താങ്ങി നിന്നാണ് ചോദിച്ചത്…” നീ പോയി കുളിച്ചേ…. ”

ഓളുടെ കയ്യിൽ നിന്ന് ചൂലും വാങ്ങി അവളെ തള്ളി വിടുമ്പോഴും കണ്ണുകൾ കിഴക്കും തെക്കും ആയിരുന്നു….”അല്ലടി ആ കുട എവിടെയാ ഇരിക്കുന്നെ….”

” ഇവിടെ കുടയില്ല മഴ നനഞ്ഞങ്ങടിച്ചാൽ മതി… മുറ്റമടിച്ചില്ലേലാണ് നിങ്ങളെ ഞാൻ അടിക്കുന്നത്… “അത് പറഞ്ഞോള് പോകുമ്പോൾ കിഴക്കും തേക്കുമൊക്കെ ശൂന്യമായിരുന്നു…

” എടിയേ നീ വാതിൽ തുറന്നെ, നി അലക്കുമ്പോഴേക്കും ഞാൻ കുളിക്കാം അല്ലേ തലയിൽ വെള്ളം നിന്ന് പനി പിടിക്കും…. ”

“ഇതൊന്നും അല്ലായിരുന്നല്ലോ നേരത്തെ പറഞ്ഞത്…” കുളിമുറിയിൽ വാതിൽ തുറന്ന് കൊണ്ട് ഓള് പറയുമ്പോഴേക്കും ഞാൻ അകത്ത് കയറി…

” അതേ നീ ഈ സാധനവും ഇട്ട് നടന്നോ തെക്കോട്ടെടുക്കാറായ കിളവന്മാർ വരെ നോക്കി വെള്ളം ഇറക്കുന്നുണ്ട്…. ”

” ഓ അതായിരുന്നോ, അത് അവരെ നിങ്ങളിന്ന് ആദ്യമായി കാണുന്നത് കൊണ്ടാണ്, എന്റെ എല്ലാ തൂപ്പിനും എന്നെ പ്രോത്സാഹിപ്പിക്കാൻ ബാൽക്കണിയിൽ അവർ എന്നും ഉണ്ടാകും…. ”

അവളത് പറയുമ്പോ ഞാൻ ദയനീയമായി അവളെ നോക്കി അവൾ ഒരു കൂസലും ഇല്ലാതെ തുണി അടിച്ച് അലക്കുകയാണ്…

” എങ്കിലും നിനക്ക് ഈ നൈറ്റി ഇടാതെ പറ്റില്ലല്ലേ… “” അല്ല ഞാനിനി വീട്ടിലും പർദ്ദയിട്ട് നിൽക്കാം…. ”

ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി അവൾ തുണികൾ കല്ലിൽ ഉരച്ച് കഴുകാൻ തുടങ്ങി. ആ ഉരപ്പ് എന്റെ മോന്തയ്ക്കിട്ടാണെന്ന് ഓളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി…

പണ്ട് ഇതുപോലെ ഓളുടെ വീട്ടിൽ പോകുന്നത് ഒരാഴ്ച നീട്ടി വച്ചതിന് ഫേസ്ബുക്കിൽ കയറി ഓള് ഒരു പോസ്റ്റ്‌ ഇട്ടതും, അതിൽ എല്ലാം കൂടി വന്ന് എന്നെ പൊങ്കാല ഇട്ടതും, ഗാർഹിക പീഡനത്തിന് കേസ് കൊടുത്ത് ഡിവോഴ്സ് വാങ്ങി കൊടുക്കാൻ വരെ ആൾക്കാർ വന്നതും മനസ്സിൽ വെറുതെ ഓർത്തുപോയി…

” നിങ്ങളിത് സ്വപ്നം കണ്ട് നിൽക്കാതെ ഒന്ന് കുളിച്ചിട്ട് ഇറങ്ങുന്നുണ്ടോ…. ” ഓള് പുറത്തിനിടിച്ച് പറയുമ്പോൾ പെട്ടെന്ന് കുളിച്ച് ഇറങ്ങി…

” ഇപ്പോൾ രണ്ടാളും ഒരുമിച്ചാണോ കുളി… “നാക്കിനെല്ലില്ലാത്ത ഇളയവൻ അപ്പോഴേക്കും സ്കൂൾ കഴിഞ്ഞ് വന്നിരുന്നു..

“ഒരു ഭർത്താവിന്റെ ധർമ്മസങ്കടം അറിയണമെങ്കിൽ നീയൊക്കെ ഒരു പെണ്ണ് കെട്ടണം….” അവനോട് അതും പറഞ്ഞ് തലയും തുടച്ച് പോകുമ്പോൾ കുളിമുറിയിൽ നിന്ന് ഓളുടെ ചിരി കേൾക്കുന്നുണ്ടായിരുന്നു….

” പെണ്ണ് കെട്ടിയാൽ മാത്രം പോര മോനെ കെട്ടിയോൾക്ക് ഒരു നൈറ്റി കൂടി വാങ്ങി കൊടുക്കണം, പിന്നെ അയൽവക്കത്ത് ഒന്ന് രണ്ട് വായിനോക്കികളും,എന്നാലേ ഭർത്താവിന്റെ രോദനം മനസ്സിലാകുള്ളൂ….

അവളത് പറയുമ്പോൾ ചിരി വന്നെങ്കിലും എന്നിലെ ടിപ്പിക്കൽ ഭർത്താവിന്റെയുള്ളിൽ അപ്പോഴും ആ പിങ്ക് നൈറ്റിയെ കുറിച്ചുള്ള ചിന്തകൾ തന്നെയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *