(രചന: ശ്രേയ)
” നീ ഒരു വിധവ ആണെന്ന ബോധം വല്ലതും നിനക്ക് ഉണ്ടോ..? അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഈ തിളങ്ങുന്ന ഉടുപ്പും ഇട്ട് നീ ഇപ്പോൾ ഇവിടേക്ക് വരുമായിരുന്നോ..?!
അമ്മ ചോദിച്ചത് കേട്ടപ്പോൾ ദിവ്യയുടെ ചങ്ക് പിടഞ്ഞു.” ഞാൻ എന്ത് തെറ്റാ അമ്മേ ചെയ്തത് എല്ലായിടത്തും എന്നെ ഇങ്ങനെ ഒഴിവാക്കി നിർത്താൻ വേണ്ടി..? ”
കണ്ണീരോടെ അവൾ ചോദിച്ചിട്ടും അവരുടെ മനസ്സ് അലിഞ്ഞില്ല.” വിധവകൾ മംഗള കാര്യങ്ങളിൽ. പങ്കെടുക്കാൻ പാടില്ല.. നീ ഇവിടെ നിന്ന് നിന്റെ അനിയത്തിക്ക് കിട്ടിയ നല്ലൊരു ജീവിതം നശിപ്പിച്ചു കളയരുത്..”
അമ്മ താക്കീതായി പറഞ്ഞു. കണ്ണുനീര് കാഴ്ചയെ മറയ്ക്കുന്നുണ്ടെങ്കിലും, അത് കാര്യമാക്കാതെ, വേച്ചു വേച്ചു അവൾ മുറിയിലേക്ക് നടന്നു.
വിധവയാണ് പോലും.. ഈ വിധി ഞാൻ മനപ്പൂർവ്വം ഉണ്ടാക്കിയെടുത്തതാണോ..? ഇങ്ങനെ ഒരു വിധി എനിക്ക് ചാർത്തി തന്നത് ഈ കുടുംബം തന്നെയല്ലേ..?
എന്നിട്ടും ഒരു തെറ്റും ചെയ്യാത്ത താൻ ഇന്ന് എല്ലാവർക്കും ഒരു കളങ്കമായി മാറിയിരിക്കുന്നു..
അത് ഓർക്കുമ്പോൾ തന്നെ അവളുടെ ചങ്ക് പിടയുന്നുണ്ടായിരുന്നു.അവളുടെ ഓർമ്മകൾ കുറച്ചു കാലം പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.
ദിവ്യയും അരുണും പരസ്പരം സ്നേഹിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവർ തമ്മിൽ പ്ലസ് വൺ കാലഘട്ടം മുതൽ തുടങ്ങിയ ഇഷ്ടമായിരുന്നു. കോളേജിൽ എത്തിയപ്പോഴും അവർ തമ്മിലുള്ള ഇഷ്ടത്തിന് മാറ്റമൊന്നും വന്നില്ല.
അവരെ അറിയുന്ന സുഹൃത്തുക്കൾക്കൊക്കെ അത്ഭുതം തന്നെയായിരുന്നു അവരുടെ പ്രണയം.
പക്ഷേ കാര്യങ്ങളൊക്കെ മാറി മറിഞ്ഞത് അവളുടെ വീട്ടിൽ ഇതൊക്കെ അറിഞ്ഞപ്പോൾ ആയിരുന്നു.
വിവരങ്ങൾ അറിഞ്ഞപ്പോൾ അവളോട് ഒന്നും ചോദിക്കുക പോലും ചെയ്യാതെ അവളുടെ അച്ഛനും ഏട്ടനും ഒക്കെ അവൾക്കു വേണ്ടി വിവാഹം ആലോചിക്കാൻ തുടങ്ങി.
അതൊന്നും അറിയാതെ അവൾ അരുണുമായുള്ള ദിവസങ്ങൾ സന്തോഷപൂർവ്വം തള്ളി നീക്കി.
“നാളെ നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്..”ഒരു ദിവസം രാത്രിയിൽ അച്ഛൻ വന്നു പറഞ്ഞപ്പോൾ അവൾ പകച്ചു പോയി.
” അതിന് ഞാൻ പഠിക്കുന്നത് അല്ലേ ഉള്ളൂ.. “അച്ഛനെ എതിർക്കാനുള്ള ധൈര്യം ഇല്ലെങ്കിൽ പോലും അവൾ വിഫലമായി അതിനൊന്നു ശ്രമിച്ചു നോക്കി.
” നീ കോളേജിൽ പോകുന്നത് പഠിക്കാനാണോ പ്രേമിക്കാൻ ആണോ എന്നൊക്കെ ഞങ്ങൾക്ക് ഞങ്ങൾക്ക് നന്നായി അറിയാം.
എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞങ്ങൾ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പറഞ്ഞത് അനുസരിച്ചാൽ മതി.. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ നിൽക്കണ്ട.. ”
ഏട്ടൻ ശാസനയോടെ പറഞ്ഞപ്പോൾ അവൾ പകച്ചു പോയി. കാര്യങ്ങളെല്ലാം അവർ അറിഞ്ഞിരിക്കുന്നു എന്ന് അതിൽ നിന്നു തന്നെ അവൾക്കു മനസ്സിലായി.
“അച്ഛാ എനിക്ക് അരുണിനെ പിരിയാൻ പറ്റില്ല.ഞങ്ങൾ തമ്മിൽ ഒരുപാട് വർഷങ്ങളായി പരസ്പരം സ്നേഹിക്കുന്നതാണ്.
എന്നെ ഇത്രയധികം സ്നേഹിക്കാനും ഇത്രയും നന്നായി പരിപാലിക്കാനും അവനല്ലാതെ മറ്റാർക്കും കഴിയില്ല. ദയവു ചെയ്ത് ഞങ്ങളുടെ ഇഷ്ടം അച്ഛൻ മനസ്സിലാക്കണം.”
അവൾ അയാൾക്ക് മുന്നിൽ കൈകൂപ്പി നിന്നു. പക്ഷേ അയാളുടെ മനസ്സ് അലിഞ്ഞില്ല.
“പ്രേമിക്കാൻ പോകാൻ നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ. നിന്നെ ഞാൻ കോളേജിൽ അയച്ചത് പഠിക്കാൻ വേണ്ടിയായിരുന്നു. എന്നിട്ടും നീ അത് ചെയ്തില്ല. നിന്റെ കാര്യങ്ങളും നോക്കി നീ പ്രേമിച്ചു നടന്നു.
ഞങ്ങൾ ഈ വിവരം അറിഞ്ഞിട്ട് കുറച്ചു നാളുകളായി. നിന്നെ തല്ലാനും ശാസിക്കാനും അറിയാൻ പാടില്ലാഞ്ഞിട്ടല്ല ചെയ്യാത്തത്. അത് ചെയ്തതു കൊണ്ട് നിന്റെ സ്വഭാവത്തിൽ മാറ്റം വരാൻ പോകുന്നില്ല എന്ന് ഉറപ്പുള്ളതാണ്.
ചെയ്യാൻ പറ്റുന്ന ഒരേയൊരു വഴി നിന്റെ വിവാഹം നടത്തി വിടുക എന്നുള്ളതാണ്. ഏതു വിധേനയും ഞങ്ങൾ അത് ചെയ്തിരിക്കും.”
വാശി പോലെ പറഞ്ഞു കൊണ്ട് അച്ഛൻ മുറിവിട്ട് പോയതിന്റെ പിന്നാലെ അവളെ തറപ്പിച്ചു നോക്കിക്കൊണ്ട് ഏട്ടനും പുറത്തേക്കിറങ്ങി.
എല്ലാം കൊണ്ടും തളർന്നുപോയ അവൾ അരുണിനെ വിളിക്കാനായി ശ്രമിച്ചു എങ്കിലും, അവളുടെ ആ ശ്രമം വിഫലമാക്കി കൊണ്ട് അരുണിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ പെണ്ണുകാണൽ ചടങ്ങ് നടന്നു. അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്നൊരു വാക്കിൽ വിവാഹം ഒഴിവാക്കി വിടാനായി ഒരു അവസരം നോക്കി അവൾ നിന്നു.
ചെക്കനും പെണ്ണും തമ്മിൽ സംസാരിക്കുന്ന സമയത്ത് എങ്കിലും അത് പറയാം എന്ന് കരുതി അവൾ നോക്കിയിരുന്നു.
പക്ഷേ അവളുടെ ആ പ്രതീക്ഷകൾ മുഴുവൻ വെള്ളത്തിൽ വരച്ച വര പോലെയായി. അവർക്ക് തമ്മിൽ സംസാരിക്കാൻ ഒരു അവസരം കിട്ടിയില്ല എന്ന് മാത്രമല്ല അവിടെ വച്ച് തന്നെ അവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.
ഒരു മാസത്തിനുള്ളിൽ തന്നെ നല്ലൊരു മുഹൂർത്തം കണ്ടുപിടിച്ചു വിവാഹം നടത്തണം എന്നുള്ളതായിരുന്നു അവളുടെ വീട്ടുകാരുടെ ആഗ്രഹം. ചെക്കനും അങ്ങനെ തന്നെ ആഗ്രഹം ഉണ്ടായിരുന്നതു കൊണ്ട് അത് അങ്ങനെ നടക്കട്ടെ എന്ന് കരുതി.
അതിനിടയിൽ അവൾക്ക് ഇഷ്ടപ്പെട്ടോ എന്ന് ഒരു വാക്കു പോലും ആരും ചോദിച്ചില്ല. അല്ലെങ്കിലും അവളുടെ ഇഷ്ടത്തിനും അനിഷ്ടത്തിനും ഒന്നും അവിടെ പ്രാധാന്യമില്ലല്ലോ.
പിറ്റേന്ന് കോളേജിൽ പോകാൻ ഇറങ്ങിയ അവളെ അതിൽ നിന്ന് തടഞ്ഞുകൊണ്ട് അവളെ വീട്ടുതടങ്കലിൽ തന്നെ പാർപ്പിച്ചു. അതിനിടയിൽ അവളുടെ ഫോണും വീട്ടുകാർ പിടിച്ചു വച്ചു.
ആരോടും ഒരു വിവരവും അറിയിക്കാൻ കഴിയാതെ അവൾ ആ വീടിനുള്ളിൽ പിടയുകയായിരുന്നു. ഏകദേശം ഒരാഴ്ചയോളം അവളെ കോളേജിലേക്ക് കാണാതിരുന്നപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ട് എന്ന് അരുൺ ഊഹിച്ചു.
അവനും അവന്റെ ഒന്നുരണ്ട് സുഹൃത്തുക്കളും ചേർന്ന് അവളുടെ വീട്ടിലേക്ക് അവളെ അന്വേഷിച്ച് വരികയും ചെയ്തു. പക്ഷേ അവിടെ അവർക്കുണ്ടായ അനുഭവം വളരെ മോശപ്പെട്ടതായിരുന്നു.
അവളുടെ അച്ഛനും ഏട്ടനും മറ്റു ചില ആളുകളും ചേർന്ന് അവരെ തല്ലി ചതക്കുകയായിരുന്നു. മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്ന അവൾ അതൊന്നും അറിഞ്ഞത് കൂടിയില്ല.
അവളുടെ എതിർപ്പുകളെയും കണ്ണീരിനെയും അവഗണിച്ചു കൊണ്ട് നേരത്തെ കുറിച്ച മുഹൂർത്തത്തിൽ തന്നെ അവളുടെ വിവാഹം നടന്നു.
അരുൺ അന്നെങ്കിലും അവളെയും തേടിയെത്തും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല.
വിവാഹം കഴിഞ്ഞ് തനിക്ക് നേരത്തെ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചൊക്കെ അവൾ പറഞ്ഞെങ്കിലും അവളുടെ ഭർത്താവ് അത് ശ്രദ്ധിച്ചത് പോലുമുണ്ടായിരുന്നില്ല.
അവളുടെ സമ്മതം പോലും ചോദിക്കാതെ അവളെ സ്ത്രീത്വത്തെ കവർന്നെടുക്കാൻ മാത്രമായിരുന്നു അയാൾ ശ്രമിച്ചത്.
വിവാഹം കഴിഞ്ഞ് ഒരു മാസം പൂർത്തിയായപ്പോഴേക്കും ഒരു രാത്രിയിൽ അയാൾ കുഴഞ്ഞു വീണു.ഭയന്നുപോയ അവൾ വീട്ടിലുള്ളവരെ വിവരം അറിയിച്ചപ്പോൾ അവർക്കും അതുപോലെ തന്നെ ഭയമായിരുന്നു.
പിറ്റേന്ന് രാവിലെ അയാളുടെ മരണവാർത്തയായിരുന്നു അവൾ കേട്ടത്. പ്രതീക്ഷിക്കാത്തത് ആയതുകൊണ്ട് തന്നെ അവൾ തളർന്നു പോയി.
അതിനേക്കാളേറെ അവളെ തളർത്തി കളഞ്ഞത് അവിടെ വന്ന പലരുടെയും സംസാരമായിരുന്നു.
” എന്നാലും ആ പെൺകൊച്ചിന്റെ ഒരു യോഗം നോക്കണേ.. ഈ ചെറുക്കന് ഇങ്ങനെ ഒരു അസുഖം ഉണ്ട് എന്ന് അറിഞ്ഞുകൊണ്ടു തന്നെയല്ലേ ആ കുട്ടി ഇവിടേക്ക് വന്നു കയറിയത്..?
ഇത്രയും മനക്കരുതൊക്കെ ആ പെണ്ണിനുണ്ടോ..? പിന്നെ അവൻ ചത്തുപോയാൽ അവന്റെ സ്വത്ത് മുഴുവൻ അവൾക്ക് കിട്ടും എന്ന് കരുതിയിട്ടുണ്ടാകും.. ”
അവരൊക്കെ പറയുന്നത് കേട്ടപ്പോൾ അവൾ ആകെ മരവിച്ച അവസ്ഥയിലായിരുന്നു.
മരണത്തിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞതിനു ശേഷം ആണ് ആരോ പറഞ്ഞു അവൾ അറിഞ്ഞത് അയാൾക്ക് കാലങ്ങളായി ക്യാൻസർ ഉണ്ടായിരുന്നു എന്ന്.
അവസാന ഘട്ടത്തിൽ എത്തിയപ്പോൾ അയാൾക്ക് വൈവാഹിക ജീവിതം ഉണ്ടാകണമെന്ന് നിർബന്ധമായിരുന്നു അത്രേ.
അതിനുവേണ്ടി അവർ കണ്ടുപിടിച്ചതായിരുന്നു അവളെ.അതിലും ഏറെ അവളെ ഞെട്ടിച്ചത് അവളുടെ വീട്ടുകാർക്ക് ഇതൊക്കെ അറിയാമായിരുന്നു എന്നുള്ളതാണ്.
എന്തിന് തന്നോട് ഇങ്ങനെയൊരു ക്രൂരത കാണിച്ചു എന്ന് അവർ ഓരോരുത്തരോടും ചോദിക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.
പക്ഷേ ചോദിച്ചില്ല.. ചോദിക്കാതെ തന്നെ അതിനുള്ള മറുപടി അവൾക്ക് കിട്ടി.”അവരെ അനുസരിക്കാത്തതിന് അവർ നൽകിയ ശിക്ഷ..”
പരസ്പരം അതും പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അച്ഛനെയും ഏട്ടനെയും അവൾ അത്ഭുത ജീവികളെ പോലെ നോക്കി നിന്നിട്ടുണ്ട്.
ഇന്നിപ്പോൾ അനിയത്തിയുടെ വിവാഹമാണ്. വിധവ എന്ന പേരിൽ ഇപ്പോഴും ഒരു മുറിക്കകത്ത് അവളെ അടച്ചിടുമ്പോൾ അവൾക്ക് അങ്ങനെയൊരു വിധി സമ്മാനിച്ചവർ പുറത്ത് ആഘോഷത്തിമിർപ്പിൽ ആണ്.