പലരും അവളെ അശ്ലീല ചുവയോടെ നോക്കുന്നതു പോലെ അവൾക്ക് തോന്നി. “മോള് എവിടേക്കാ..

(രചന: ശ്രേയ)

രാത്രിയുടെ ഇരുൾ പറ്റി അവൾ മുന്നോട്ട് നടന്നു. ആരും തന്നെ കാണരുത്.. തന്റെ ഉദ്ദേശം എന്താണെന്ന് അറിയരുത്..

തന്റെ കൈയിലിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ മുഖത്തേക്ക് അവൾ ഒന്ന് നോക്കി.

പിന്നെ പെട്ടെന്ന് തന്നെ മുഖം തിരിച്ചു. കഴിയില്ല…ഈ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയാൽ ഇതിനെ ഉപേക്ഷിക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല.

പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഇതിനെ സ്വന്തം എന്ന് കരുതി സ്നേഹിക്കാനും തന്നെ കൊണ്ടാവില്ല.. തന്റെ ജീവിതം തന്നെ പഠിപ്പിച്ചത് അതൊക്കെയാണ്..!

അവൾ ചിന്തിച്ചു കൊണ്ട് തിടുക്കപ്പെട്ട് മുന്നോട്ടു നടന്നു.ഇടയ്ക്ക് വെച്ച് കുഞ്ഞ് ഒന്നു ഞരങ്ങി കരയാൻ തുടങ്ങിയപ്പോൾ അവൾ അറിയാതെ തന്നെ അവളുടെ ഉള്ളിലെ മാതൃത്വം ഉണർന്നിരുന്നു.

” കരയല്ലേ വാവേ.. നിന്നെ സംരക്ഷിക്കാൻ ഈ അമ്മയ്ക്ക് കഴിയില്ല.. മോള് കരയല്ലേ.. “ഇടറുന്ന സ്വരത്തിൽ പതിയെ അവൾ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു.

അവൾ പറഞ്ഞത് മനസ്സിലായിട്ടാണെങ്കിലും അല്ലെങ്കിലും കുഞ്ഞു കരച്ചിൽ നിർത്തി അവളോട് ഒട്ടിച്ചേർന്നു. തന്നിലേക്ക് ചേർന്നു വരുന്ന കുഞ്ഞിന്റെ സാമീപ്യം അറിഞ്ഞപ്പോൾ അവളുടെ ഉള്ള് ഒന്ന് വിറച്ചു.

എന്തൊക്കെ പറഞ്ഞാലും നൊന്തു പ്രസവിച്ചതാണ്.. 9 മാസക്കാലം ഉള്ളിൽ ചുമന്നതാണ്..!

” ഇല്ല നിന്നെ ഞാൻ സ്നേഹിക്കില്ല.. നിന്നെ സ്നേഹിക്കുന്നത് എന്നെ കൊല്ലുന്നതിന് തുല്യമാണ്.. ”

കുഞ്ഞിൽ നിന്നും മുഖം തിരിച്ചു കൊണ്ട് അവൾ പിറുപിറുത്തു.ആ നിമിഷം അവളുടെ ഓർമ്മകളിലേക്ക് കടന്നു വന്നത് കഴിഞ്ഞു പോയ ആ രാത്രിയായിരുന്നു.

അവളുടെ പേര് മീര.. ബികോം കഴിഞ്ഞ് ടൗണിൽ ഒരു കമ്പനിയിൽ അക്കൗണ്ട് ആയി വർക്ക് ചെയ്യുകയായിരുന്നു അവൾ. വീട്ടിൽ അച്ഛനും അമ്മയും ഒരു സഹോദരിയും മാത്രമാണുള്ളത്.

സാധാരണ എല്ലാ ദിവസവും ജോലി കഴിഞ്ഞ് അവൾ 5 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുമായിരുന്നു. അങ്ങനെയുള്ള ദിവസങ്ങളിൽ ആറുമണിക്ക് മുൻപ് തന്നെ അവൾ വീട്ടിൽ എത്താറുണ്ട്.

പക്ഷേ അന്ന് അവൾക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ ഒരുപാട് സമയം വൈകി. ഓഡിറ്റ് നടക്കുന്ന സമയം ആയതു കൊണ്ട് തന്നെ കുറച്ച് അധികം ജോലികൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു.

അതൊക്കെ കഴിഞ്ഞ് അവൾ ഇറങ്ങിയത് ആറര മണിക്ക് ആയിരുന്നു. നാട്ടിലേക്കുള്ള അവസാന ബസ് പോയിട്ടുണ്ടാകരുത് എന്ന് മാത്രമായിരുന്നു അവളുടെ പ്രാർത്ഥന.

സാധാരണ അവസാന ബസ്സിൽ വരാറുള്ളത് ടൗണിലേക്ക് പണിക്ക് വരുന്ന നാട്ടിലുള്ള തന്നെ ആളുകൾ ആയിരിക്കും. പരിചയമുള്ള ആരെങ്കിലും ബസ്സിൽ ഉണ്ടായിരുന്നെങ്കിൽ എന്നൊരു പ്രാർത്ഥന കൂടി അവളുടെ ചുണ്ടുകൾ ഉരുവിടുന്നുണ്ടായിരുന്നു.

ആദ്യമായിട്ടായിരുന്നു അവൾ അത്രയും വൈകി ജോലി കഴിഞ്ഞ് ഇറങ്ങുന്നത്. അതിന്റേതായ ടെൻഷനുകൾ എല്ലാം തന്നെ അവൾക്കുണ്ടായിരുന്നു.

ബസ്റ്റോപ്പിലേക്ക് അവൾ ഓടുകയായിരുന്നു എന്ന് തന്നെ പറയാം.സ്റ്റോപ്പിലേക്ക് അവൾ ഓടിയെത്തിയതും ബസ് വന്നു നിന്നതും ഒരുമിച്ചായിരുന്നു. ചെറിയൊരു ഭയത്തോടെയാണ് അവൾ ബസ്സിലേക്ക് കയറിയത്. അവളെ കൂടാതെ സ്ത്രീ യാത്രക്കാരായി ആകെ രണ്ടുപേർ മാത്രമായിരുന്നു ആ ബസ്സിൽ ഉണ്ടായിരുന്നത്.

അവളെ ബസ്സിൽ കണ്ടപ്പോൾ പലരും അവളെ തുറിച്ചു നോക്കുന്നതു പോലെ അവൾക്ക് തോന്നി.തന്റെ ഉള്ളിലുള്ള ഭയത്തെ മറച്ചു വച്ചു കൊണ്ട് അവൾ സീറ്റിലേക്ക് ഇരുന്നു.

കുറച്ചു ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ ബസ്സിൽ ഉണ്ടായിരുന്ന സ്ത്രീകൾ രണ്ടാളും ഇറങ്ങി പോവുക കൂടി ചെയ്തു. അതോടെ അവൾക്ക് ഭയമായി.

ആരെങ്കിലും തന്നെ ഉപദ്രവിക്കുമോ എന്നൊരു ഭയം… പലരും അവളെ അശ്ലീല ചുവയോടെ നോക്കുന്നതു പോലെ അവൾക്ക് തോന്നി.

“മോള് എവിടേക്കാ..?”പെട്ടെന്ന് തൊട്ടു പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി. ബസ്സിലെ ഒരു യാത്രക്കാരൻ പല്ലു മുഴുവൻ കാണിച്ച് ചിരിച്ചു കൊണ്ട് പിന്നിലെ സീറ്റിൽ ഇരിപ്പുണ്ട്. അത് കണ്ടപ്പോൾ അവൾക്ക് ആകെ ഒരു വല്ലായ്മ തോന്നി.

മറുപടി പറയാതെ അവൾ തിരിഞ്ഞിരുന്നു.”നിനക്കെന്താ കൊച്ചേ മറുപടി പറയാൻ ഇത്ര മടി..? ഇവിടെ ടൗണിൽ ജോലിക്ക് വന്നതാണോ..? ഓഫീസ് ജോലിയാണോ അതോ..?”

മറ്റെന്തോ അർത്ഥത്തിൽ അയാൾ ചോദിച്ചു കൊണ്ട് കൂട്ടുകാരെ നോക്കി കണ്ണിറുക്കി. അതോടെ അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് തനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിൽ എത്തിയാൽ മതി എന്ന് അവൾ ആഗ്രഹിച്ചു.

പക്ഷേ പതിവിലും വേഗത കുറച്ചാണ് ബസ് പോകുന്നത് എന്ന് പോലും അവൾക്ക് തോന്നി.

അവൾ ബസ്റ്റോപ്പിൽ ഇറങ്ങുന്നത് വരെയും പിന്നിലിരിക്കുന്ന ആൾ പലതും പറയുന്നതും അവളെ തൊടാൻ ശ്രമിക്കുന്നതും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു.

ബസ് തന്റെ സ്റ്റോപ്പിൽ കൊണ്ടു വന്നു നിർത്തിയപ്പോൾ ജീവൻ തിരികെ കിട്ടിയതു പോലെയാണ് അവൾ ബസ്സിൽ നിന്നും ഓടിയിറങ്ങിയത്.

ഇനി തന്നെ ശല്യം ചെയ്യാൻ ആരും ഉണ്ടാകില്ല എന്ന് അവൾ ആശ്വസിച്ചു.. തിരിഞ്ഞു പോലും നോക്കാതെ അവൾ വേഗത്തിൽ വീട്ടിലേക്കുള്ള വഴിയെ നടന്നു.

അച്ഛന് അത്യാവശ്യമായി എവിടെയോ പോകാൻ ഉണ്ടായിരുന്നതു കൊണ്ട് തന്നെ അന്ന് അവളെ കൂട്ടാൻ വരാൻ അച്ഛൻ ഉണ്ടായിരുന്നില്ല. തന്റെ നാടല്ലേ തനിക്ക് പരിചയമുള്ള വഴിയല്ലേ എന്ന് കരുതിയായിരുന്നു ഒറ്റയ്ക്ക് നടന്നത്..

പക്ഷേ അവളുടെ ആശ്വാസം മുഴുവൻ കാറ്റിൽ പറന്നു പോയത് പെട്ടെന്നായിരുന്നു..

” ഇങ്ങനെ തിരക്കു പിടിച്ചു ഓടിയാൽ ഞങ്ങൾ എങ്ങനെ നിന്റെ കൂടെ എത്തും..? ”

തന്റെ തൊട്ടടുത്തു നിന്നു കൊണ്ട് ഒരു അടക്കിപ്പിടിച്ച ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി.

നേരത്തെ ബസ്സിൽ കണ്ട ആ മനുഷ്യനോടൊപ്പം മറ്റു രണ്ടു പേർ കൂടി ആ സമയത്ത് അവളുടെ പിന്നാലെ ഉണ്ടായിരുന്നു. അതോടെ അവളുടെ ഭയം വർദ്ധിച്ചു.

അവർ തന്നെ ഉപദ്രവിക്കുമോ എന്ന് അവൾ ഭയന്നു. ആ ഭയം കൊണ്ട് തന്നെ അവളുടെ ചുവടുകളുടെ വേഗത വർദ്ധിച്ചു.അക്ഷരാർത്ഥത്തിൽ അവൾ ഓടുകയായിരുന്നു എന്ന് തന്നെ പറയാം.

“നിന്നോട് ഓടരുതെന്ന് പറഞ്ഞതല്ലേ..?”

ഓടി വന്ന് അവളെ കടന്നു പിടിച്ചു കൊണ്ട് ആ മധ്യവയസ്‌കൻ ചോദിക്കുമ്പോൾ അവൾ കിലുകിലെ വിറയ്ക്കാൻ തുടങ്ങിയിരുന്നു.

” കൊച്ചു പേടിച്ചു പോയെന്ന് തോന്നുന്നല്ലോ.. പേടിക്കണ്ട കേട്ടോ ഞങ്ങൾ ആരും മോളെ ഉപദ്രവിക്കാൻ വന്നതല്ല.. മോളെ ഒന്ന് സ്നേഹിക്കാൻ വന്നതല്ലേ..? ”

വഷളൻ ചിരിയോടെ അയാൾ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു. അയാളിൽ നിന്നും മുഖം തിരിച്ചുകൊണ്ട് ഓടി രക്ഷപ്പെടാൻ അവൾ ശ്രമിച്ചെങ്കിലും മറ്റു രണ്ടു പേർ കൂടി അവളെ കടന്നു പിടിച്ചപ്പോൾ അവളുടെ ശ്രമങ്ങൾ മുഴുവൻ പാഴായിപ്പോയി.

അമാവാസി ദിവസം ആയതുകൊണ്ട് തന്നെ രാത്രി റോഡിൽ വെളിച്ചം പോലും ഉണ്ടായിരുന്നില്ല. ഇരുട്ടിന്റെ മറവിൽ മൂന്നു നാരാഥന്മാർ അവളെ കടിച്ചു കീറി.

അവൾക്ക് ബോധം വരുമ്പോൾ പുല്ലിൽ നഗ്നയായി കിടക്കുകയായിരുന്നു അവൾ. അവൾ മാത്രമേ അവിടെ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. തന്റെ വിധിയോർത്ത് അവൾ പൊട്ടി കരഞ്ഞു.

എങ്കിലും ആ നിമിഷത്തിൽ അവളുടെ ചിന്തകളിലൂടെ മറ്റൊരു കാര്യം കൂടി കടന്നുപോയി. തന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ ആരെങ്കിലും കണ്ടാൽ നാളെ നാട്ടിൽ താനൊരു പരിഹാസപാത്രമാകും.

ആ ചിന്ത ഉള്ളിൽ വന്നപ്പോൾ തന്നെ വേച്ചു വേച്ച് എഴുന്നേറ്റ് അവൾ വസ്ത്രം ധരിച്ചു. വീട്ടിലേക്ക് ചെന്നു കയറുമ്പോൾ തന്റെ രൂപഭാവങ്ങളിൽ നിന്നു തന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അമ്മ ഊഹിച്ചെടുത്തിരുന്നു.

അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ഓരോന്നായി പറഞ്ഞു കഴിയുമ്പോൾ തന്റെ ശ്വാസം പോലും വിലങ്ങിപ്പോകുന്നുണ്ടായിരുന്നു.

പിറ്റേന്ന് തന്നെ ഒരു ഡോക്ടറിനെ പോയി കണ്ടെങ്കിലും വേദന മാറാനുള്ള ഗുളികയൊക്കെ തന്നു ഡോക്ടർ വീട്ടിലേക്ക് വിട്ടു.

പക്ഷേ പിന്നീടാണ് അബദ്ധം മനസ്സിലായത്. താൻ പ്രഗ്നന്റ് ആണ് എന്നറിഞ്ഞപ്പോൾ ഒരു നിർവികാരത മാത്രമായിരുന്നു തോന്നിയത്.

ആരുടേതാണ് എന്നറിയാത്ത ഒരു കുഞ്ഞ് തന്റെ വയറ്റിൽ വളരുന്നു എന്നറിയുമ്പോൾ എങ്ങനെ സന്തോഷിക്കും.?

നാട്ടുകാർക്ക് മുന്നിൽ ഒരു പരിഹാസ കഥാപാത്രം ആകാതിരിക്കാൻ വേണ്ടി മാത്രം അമ്മ ടൗണിൽ നിന്ന് അകലെയുള്ള അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്ക് തന്നെ മാറ്റി പാർപ്പിച്ചു.

പ്രസവത്തിന് ശേഷം മാത്രം നാട്ടിലേക്ക് ചെന്നാൽ മതി എന്നായിരുന്നു അമ്മയുടെ നിർദ്ദേശം. ഇപ്പോൾ പ്രസവം കഴിഞ്ഞു..

പക്ഷേ ആ കുഞ്ഞിനെ സ്നേഹിക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല. നൊന്തു പെറ്റ കണക്ക് പറഞ്ഞാലും വയറ്റിൽ ചുമന്ന കണക്ക് പറഞ്ഞാലും ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ താൻ അനുഭവിച്ച വേദനകളും വിഷമങ്ങളും മാത്രമാണ് ഉള്ളിലേക്ക് വരുന്നത്..!

അതുകൊണ്ട് മാത്രമാണ് മനസ്സിനെ കല്ലാക്കിക്കൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തു.

ചിന്തിച്ച് കഴിയുമ്പോഴേക്കും, അനാഥ മന്ദിരത്തിന്റെ പടിക്കെട്ടിലേക്ക് അവൾ എത്തിക്കഴിഞ്ഞിരുന്നു.

അവിടെത്തന്നെയുള്ള അമ്മത്തൊട്ടിലിലേക്ക് കുഞ്ഞിനെ കിടത്തുമ്പോൾ അവൾ മനസ്സുകൊണ്ട് ആ കുഞ്ഞിനോട് മാപ്പ് പറഞ്ഞു.

” നിന്നോട് ഇപ്പോൾ ഇങ്ങനെ പെരുമാറാൻ മാത്രമേ എനിക്ക് കഴിയൂ.. നിന്നെ കാണുന്ന ഓരോ നിമിഷവും എന്റെ സമനില തെറ്റും..

എനിക്ക് ആയുസ്സുള്ള കാലം വരെയും നിന്നെ ഞാൻ ഓർക്കും..പക്ഷേ നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല.. മാപ്പ്.. ”

അത്രയും പറഞ്ഞുകൊണ്ട് തിടുക്കപ്പെട്ട് അവൾ നടന്നകലുമ്പോൾ അവൾ പറഞ്ഞതിന്റെ അർത്ഥം ഗ്രഹിച്ചതു പോലെ കുഞ്ഞ് തല ഒന്ന് അനക്കി.

Leave a Reply

Your email address will not be published. Required fields are marked *